

ലോകം അന്ത്യനാളിൻ്റെ പ്രവചനത്തിലേക്ക്.
2025-04-21
Web Design
15 Comments
ഇഅ്ജാസ്
ടി എച്ച് ദാരിമി
നാം ജീവിക്കുന്ന പ്രപഞ്ചം എങ്ങനെ രൂപപ്പെട്ടു എന്നതിനെക്കുറിച്ച് ശാസ്ത്രം ഒരു നിഗമനത്തിൽ എത്തിച്ചേർന്നിരിക്കുന്നു. അത് ബിഗ് ബാംഗ് തിയറി ആണ്. അതായത് മഹാവിസ്ഫോടന സിദ്ധാന്തം. ഈ സത്യത്തിലേക്ക് ശാസ്ത്രം വളരെ പിന്നീട് ഘട്ടംഘട്ടമായി എത്തിച്ചേരുകയായിരുന്നു. ആദ്യം ഉണ്ടായിരുന്നത് ടോളമിയുടെ പ്രപഞ്ചസങ്കല്പം ആയിരുന്നു. പ്രപഞ്ചത്തിന്റെ കേന്ദ്രം ഭൂമിയാണ് എന്നായിരുന്നു അദ്ദേഹത്തിൻ്റെ സിദ്ധാന്തം. അതിനുശേഷം ഈ സങ്കല്പം തെറ്റാണെന്ന് സ്ഥാപിച്ചുകൊണ്ടായിരുന്നു കോപ്പർ നിക്കസിന്റെ കടന്നുവരവ്. ഇപ്പോൾ വിശ്വസിക്കപ്പെടുന്ന പോലെ പ്രഞ്ചത്തിൻ്റെ കേന്ദ്രം സൂര്യനാണെന്ന് അദ്ദേഹം സ്ഥാപിച്ചു. ഈ ആശയത്തിൽ പിന്നീട് ഇതുവരെയും മാറ്റമൊന്നും വന്നിട്ടില്ലെങ്കിലും ഐസക്ക് ന്യൂട്ടന്റെയും ആൽബർട്ട് ഐൻസ്റ്റയിൻ്റെയും കാലത്തുണ്ടായിരുന്ന ചില ധാരണകൾ വീണ്ടും വിള്ളൽ ഉള്ളവ ആയിരുന്നു. അതായത് അവരുടെ ധാരണ പ്രപഞ്ചം മാറ്റമില്ലാതെ നിലകൊള്ളുകയാണെന്ന (static universe) തായിരുന്നു. പ്രാപഞ്ചിക ഗോളങ്ങൾക്ക് ചലനമുണ്ടെങ്കിലും പ്രാപഞ്ചിക ഘടനയിലോ വലിപ്പത്തിലോ മാറ്റമൊന്നും സംഭവിക്കുന്നില്ല എന്നതായിരുന്നു ഗലീലിയോയും ന്യൂട്ടനുമെല്ലാമുൾപ്പെടുന്ന ഭൗതികശാസ്ത്രത്തിലെ ഉന്നത വ്യക്തിത്വങ്ങളുടെ വിശ്വാസം. ന്യൂട്ടൻ തന്റെ ചലനനിയമങ്ങളാവിഷ്‌ക്കരിച്ചതും ആൽബർട്ട് ഐൻസ്റ്റീൻ തന്റെ ആപേക്ഷികതാസിദ്ധാന്തമാവിഷ്ക്കരിച്ചതുമെല്ലാം ഈ ധാരണയെ അടിസ്ഥാനമാക്കിയായിരുന്നു. ഈ ധാരണയിലേക്കാണ് 1929 ൽ എഡ്വിൻ ഹബ്ൾ എന്ന അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞൻ തൻെറ ചില കണ്ടുപിടിത്തങ്ങളുമായി കടന്നുവരുന്നത്. അത് സ്ഥിര പ്രപഞ്ചം എന്ന ആശയത്തെ ഇളക്കുന്നതും തകർക്കുന്നതും ആയിരുന്നു. കൂറ്റന്‍ ടെലസ്‌ക്കോപ്പ് ഉപയോഗിച്ച് നടത്തിയ നിരന്തര നിരീക്ഷണങ്ങളിലൂടെ നമ്മുടെ ഗാലക്സിയായ മിൽക്കി വേക്ക് അപ്പുറത്തുള്ള ഗാലക്സികളിലെ നക്ഷത്രങ്ങളില്‍ നിന്നുള്ള പ്രകാശം, അവസാനത്തിലെത്തുമ്പോള്‍ ചുവപ്പിലേക്ക് നീങ്ങുന്നുന്നതായി അദ്ദേഹം നിരീക്ഷിക്കുകയും സ്ഥാപിക്കുകയും ചെയ്തു. ഇത് സൂചിപ്പിക്കുന്നത് നക്ഷത്രങ്ങൾ പ്രപഞ്ചത്തിന്റെ കേന്ദ്രത്തിൽനിന്ന് അകന്നു കൊണ്ടേയിരിക്കുന്നു എന്നാണ് എന്ന് അദ്ദേഹം വാദിച്ചു. ഭൗതികശാസ്‌ത്രത്തിലെ സ്ഥാപിത നിയമങ്ങള്‍ പ്രകാരം ഒരു കേന്ദ്രത്തില്‍ നിന്ന് പ്രവഹിക്കുന്ന പ്രകാശം, പ്രകാശവലയത്തിന്റെ അന്ത്യത്തിലേക്ക് അടുക്കുന്തോറും വയലറ്റ് നിറത്തില്‍നിന്ന് ചുവപ്പിലേക്ക് മാറുന്നുവെങ്കില്‍, അതിനർത്ഥം ആ പ്രകാശകേന്ദ്രം നമ്മില്‍നിന്ന് ഓരോ നിമിഷവും അകന്നുപോയിക്കൊണ്ടിരിക്കുന്നു എന്നാണ്. വീര്‍ത്തുകൊണ്ടിരിക്കുന്ന ഒരു ബലൂണിനോടാണ് ഹബിള്‍ പ്രപഞ്ചത്തെ ഉപമിച്ചത്. ബലൂണ്‍ വീര്‍പ്പിക്കുമ്പോള്‍ അതിന്റെ വായ്‌വട്ടം മാത്രം ഒരു സ്ഥലത്ത് സ്ഥിരമായി നില്‍ക്കുകയും മറ്റെല്ലാ ഭാഗങ്ങളും വായ്‌വട്ടത്തില്‍ നിന്ന് അകന്നുപോയിക്കൊണ്ടിരിക്കുകയും ചെയ്യും. അതുപോലെ അതിന്റെ ഉപരിഭാഗത്തുള്ള ഓരോ പുള്ളിയും വിയർക്കും തോറും അകന്നു കൊണ്ടേയിരിക്കും. ഈ തിയറിയാണ് ബിഗ് ബാങ്കിലേക്ക് ലോകത്തെ നയിച്ചത്. (https://www.space.com/25179-hubble-constant.html). ഗലീലിയോയും ന്യൂട്ടനുമെല്ലാമുൾപ്പെടുന്ന, ആധുനികശാസ്ത്രത്തിന്റെ പിതാക്കൾക്കുവരെ പ്രപഞ്ചത്തെക്കുറിച്ച ധാരണയിൽ പിഴവ് പറ്റിയിരുന്നു എന്നു വെക്കുക. പ്രസ്തുത പിഴവുകൾ അവരുടെ സമർത്ഥനങ്ങളിൽ സ്ഥാനം പിടിക്കുകയും ചെയ്തു. മനുഷ്യരചനകളിൽ അബദ്ധങ്ങൾ സ്വാഭാവികമാണെന്നർത്ഥം. വിശുദ്ധ ഖുർആനും പ്രാപഞ്ചിക പ്രതിഭാസങ്ങളിലൂടെ കടന്നു പോകുന്നുണ്ട് ശാസ്ത്ര പുസ്തകത്തിലെതുപോലെ വിശദമായി ഒരു അധ്യായത്തിൽ നിന്നുകൊണ്ട് വിശുദ്ധ ഖുർആൻ സംസാരിക്കുകയല്ല ചെയ്യുന്നത്. എങ്കിലും പരമമായ സത്യം സ്ഥാപിക്കാൻ ആവശ്യമായ വസ്തുതകൾ വിശുദ്ധ ഖുർആൻ എല്ലാ കാര്യങ്ങളിലും പറഞ്ഞുവെക്കുന്നുണ്ട്. ഈ വിഷയത്തിൽ ഖുർആനിലെവിടെയും പ്രപഞ്ചം മാറ്റമില്ലാതെ നിലനിൽക്കുന്നതാണെന്ന് പറയുന്നില്ല. മറിച്ച്, ഖുർആനിൽ പറയുന്നതിങ്ങനെയാണ്. 'ആകാശമാകട്ടെ നാം(അല്ലാഹു) അതിനെ ശക്തി കൊണ്ട് നിര്‍മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു.' (51:47). ആയിരത്തി നാന്നൂറിലധികം വർഷങ്ങൾക്ക് മുമ്പ്, ശാസ്ത്ര സാങ്കേതികരംഗത്ത് ലോകം വട്ടപ്പൂജ്യത്തിലായിരുന്ന കാലത്താണ് ഖുർആൻ ഇത്ര കൃത്യമായ പ്രസ്താവന നടത്തുന്നതെന്ന് നാം മനസ്സിലാക്കണം!. അത് ശാസ്ത്രത്തിന് അതേപടി അംഗീകരിക്കേണ്ടി വന്നിരിക്കുകയാണ്.
പ്രപഞ്ചവികാസത്തിന്റെ ഫലമായി പ്രപഞ്ചത്തിലെ എല്ലാം പരസ്പരം അകന്നുകൊണ്ടിരിക്കുകയാണ് എന്ന് ഹബിൾ സ്ഥാപിച്ചു. അതുവഴി പ്രപഞ്ചത്തിലെ ഓരോ ഘടകങ്ങളും അകന്നു കൊണ്ടേയിരിക്കുകയാണ് എന്ന് ലോകത്തിന് അംഗീകരിക്കേണ്ടി വന്നു. അപ്പോൾ അത് നേരെ തിരിച്ചും ചിന്തിക്കുവാൻ വഴി തുറന്നു തരുന്നുണ്ട്. നിരന്തരമായ ഈ വികാസത്തിന്റെ നേരെ എതിർദശയിലേക്ക് നടക്കുമ്പോൾ പ്രപഞ്ചം ഒട്ടും വികാസം ഇല്ലാത്ത അതീവ സാന്ദ്രതയോടു കൂടെ തിങ്ങി കൂടി നിൽക്കുന്ന ഒരു പിണ്ഡം ആയിരുന്നു, ആ അവസ്ഥയിൽ നിന്നാണ് ഈ വളർച്ച ആരംഭിച്ചത് എന്ന് കണ്ടെത്തുക പ്രയാസമുള്ള കാര്യമല്ല. അങ്ങനെ ചിന്തിക്കുമ്പോൾ വികസിക്കാനുള്ള തുടക്കത്തിന് ഒരു കാരണം ഉണ്ടായിരിക്കണം എന്നത് ശാസ്ത്രത്തിൻ്റെ അടിസ്ഥാന ആമുഖങ്ങളിൽ പെട്ടതാണ്. ആ കാരണം മഹാവിസ്ഫോടനം ആയിരുന്നു. ഇതാണ് മഹാവിസ്ഫോടന സിദ്ധാന്തം (Big Bang theory). (https://en.wikipedia.org/wiki/Big_Bang). ഇതനുസരിച്ച് പ്രാപഞ്ചികവസ്തുക്കളെല്ലാം ഒരൊറ്റ പിണ്ഡമായിരുന്നു. പിന്നീടത് പൊട്ടിത്തെറിച്ചാണ് ഈ പ്രപഞ്ചം രൂപപ്പെട്ടത്. അതിശക്തമായ ഈ പൊട്ടിത്തെറിയുടെ ഫലമായാണ് പ്രപഞ്ചം ഇന്നും വികസിച്ചുകൊണ്ടേയിരിക്കുന്നത്. ഇതിന്റെ വിശദാംശങ്ങളെക്കുറിച്ച് ചർച്ചകളുണ്ടെങ്കിലും പൊട്ടിത്തെറിയിലൂടെയാണ് ഇതെല്ലാം ഉണ്ടായതെന്ന കാര്യത്തിൽ ഗോളശാസ്ത്രജ്ഞർക്ക് ഭിന്നാഭിപ്രായമില്ല. (Scientific American, March 1976). പ്രപഞ്ചത്തിന്റെ വികാസം പറഞ്ഞുവെച്ചത് പോലെ തന്നെ വിശുദ്ധ ഖുർആൻ ഈ കാര്യവും പറഞ്ഞുവെച്ചിട്ടുണ്ട്. വിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നു: 'ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നുവെന്നും, എന്നിട്ട് നാം അവയെ വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? വെള്ളത്തില്‍ നിന്ന് എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ?'(21:30).
പ്രപഞ്ചം പൊട്ടിത്തെറിച്ചു, വികസിച്ചു എന്നൊക്കെ ശാസ്ത്രീയമായി തന്നെ സ്ഥാപിക്കപ്പെട്ട ഒരു ലോകത്തിൻ്റെ മുൻപിൽ ഇനി അതിലെ ഒരേ ഒരു ഘട്ടം കൂടിയാണ് ബാക്കിയുള്ളത്. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഈ വികാസത്തിന്റെ അവസാനം എന്തായിരിക്കും എന്നത്. ഒരുപാട് ശാസ്ത്ര ബോധമോ അറിവോ ഒന്നുമില്ലാത്തവർക്ക് പോലും ഊഹിക്കാൻ കഴിയുന്ന ഒരു വിഷയമാണിത്. ഒരു സാധനം ചെറുതായിരുന്നു, പിന്നീട് വളർന്ന് വളർന്നുകൊണ്ടേയിരിക്കുന്നു, എന്നൊക്കെ പറയുമ്പോൾ അത് ഒരുനാൾ പൊട്ടി ആ വികാസം അവസാനിക്കും എന്ന് സങ്കൽപ്പിക്കുവാൻ ആർക്കും പ്രയാസമുണ്ടാവില്ല. പക്ഷേ, അത് ശാസ്ത്രലോകം സമ്മതിച്ചു തരില്ല. അതൊരു വാശി അല്ല. മറിച്ച് ശാസ്ത്രത്തിൻ്റെ പരിമിതിയാണ്. ശാസ്ത്രത്തിന് എന്ത് സമ്മതിച്ചു തരണമെങ്കിലും അത് ഭൗതികമായി നടത്തി നോക്കുകയും എങ്ങനെ നടന്നു എന്ന് കണ്ടുപിടിക്കുകയും അതിന് നിലവിലുള്ള ശാസ്ത്രീയ ആമുഖങ്ങൾ എല്ലാം പിന്തുണ നൽകിയിട്ടുണ്ട് എന്നെല്ലാം ഉറപ്പാക്കേണ്ടതുമുണ്ട്. അവിടേക്ക് ഇതുവരെ ശാസ്ത്രം വളർന്നിട്ടില്ല. അതിനാൽ തന്നെ പ്രപഞ്ചത്തിന്റെ വികാസം സ്ഥാപിക്കപ്പെടുന്നതിനു മുമ്പും മഹാവിസ്ഫോടനം സിദ്ധാന്തിക്കപ്പെടുന്നതിനു മുമ്പും ഉണ്ടായിരുന്നത് പോലെ ശാസ്ത്രലോകത്തിന് ഇക്കാര്യത്തിൽ ചില അനുമാനങ്ങൾ മാത്രമാണ് നിലവിൽ ഉള്ളത്. ആ അനുമാനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് ബിഗ് ഫ്രീസ് എന്ന തിയറിയാണ്. പ്രപഞ്ചം വികസിച്ച് ഏറ്റവും വേഗതയുള്ള പ്രകാശത്തിനുവരെ കടന്നുചെല്ലാനാവാത്ത അത്രയും അകലത്തേക്ക് ക്ഷീരപഥങ്ങൾ അതുവഴി അകന്നു പോയി പോയി സൗര താപത്തിൽ നിന്ന് അകന്ന് ക്രമേണ തണുത്തുറഞ്ഞു തീരുന്നതാണ് എന്ന ആശയമാണ് ബിഗ് ഫ്രീസ്. പ്രപഞ്ചത്തിന്റെ അന്ത്യവിധി ഇങ്ങനെ മരവിക്കുവാൻ ആയിരിക്കും എന്നാണ് ഒരു അനുമാനം. ഈ അനുമാനം അവതരിപ്പിക്കപ്പെട്ടപ്പോൾ ഒരുപാട് പേർ അതിനെ പിന്തുണക്കുവാൻ മുന്നോട്ടുവന്നിരുന്നു. പ്രപഞ്ചത്തിന്റെ വികാസം എന്നത് അവിതർക്കിതമായ ഒരു സത്യമായി അംഗീകരിക്കപ്പെട്ടതോടെ ഇതിനെ തുടർന്ന് ഇനി എന്തുണ്ടാകും എന്നതിൻ്റെ ഉത്തരമായി ഒരു കേവല അനുമാനത്തിലേക്ക് എത്തേണ്ടത് എല്ലാവരുടെയും അഭിമാന പ്രശ്നമായിരുന്നു. അതുകൊണ്ടുതന്നെ ആഴത്തിൽ ഒന്നും ആലോചിക്കാതെ പലരും ഈ മരവിപ്പിനെ വാരിപ്പുണരുകയായിരുന്നു. വിശുദ്ധ ഖുർആൻ പക്ഷേ ഇത്തരം ഒരു അവസാനത്തെ കുറിച്ച് വ്യക്തമായോ വ്യംഗ്യമായോ ഒന്നും പറഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഈ പ്രപഞ്ചം അവസാനം ഒരു മഞ്ഞുകട്ടയായി തീരുകയായിരിക്കും എന്നത് ഒരൽപത്വമാണ് എന്ന് ശാസ്ത്ര രംഗത്ത് തന്നെ പലരും അടക്കം പറഞ്ഞിരുന്നതാണ്.
അങ്ങനെയിരിക്കുന്ന സാഹചര്യത്തിലാണ് ഈ വിഷയം അടക്കമുള്ള വലിയ ശാസ്ത്രീയ തത്വങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഡാർക്ക് എനർജി കടന്നുവന്നത്. പ്രപഞ്ച വികാസത്തിന്റെ തോത് കാലക്രമത്തിൽ മാറുന്നുണ്ട് എന്ന കാഴ്ചയിൽ നിന്നാണ് പുതിയ കണ്ടുപിടുത്തങ്ങൾ വന്നത്. അത് എങ്ങനെ മാറിയെന്ന് അന്വേഷിച്ച ജ്യോതിശ്ശാസ്ത്രജ്ഞരാണ് 1990-കളുടെ അവസാനത്തിൽ ഡാർക് എനർജി കണ്ടെത്തിയത്. മഹാവിസ്ഫോടനത്തിനുശേഷം നടന്നുകൊണ്ടിരിക്കുന്ന പ്രപഞ്ചത്തിന്റെ വികാസത്തെ ഒരു അപകടാവസ്ഥയിലേക്ക് എത്തിച്ചേരാ തിരിക്കുവാനോ അപകടരഹിതമായ ഒരു അവസാനത്തിലേക്ക് എത്തിക്കുവാനോ ഭൂമിയുടെ ഗുരുത്വാകർഷണം പ്രതിരോധിക്കുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, വികാസത്തിന്റെ തോത് കൂടുകയാണെന്ന് മനസ്സിലായതോടെ വികാസത്തിന്റെ പിന്നിൽ മറ്റൊരു ശക്തിയുണ്ട് എന്ന് ശങ്കിക്കുവാൻ നിർബന്ധിതരായി ശാസ്ത്രലോകം. ആ അജ്ഞാത ശക്തിയെ ശാസ്ത്രജ്ഞർ 'ഡാർക്ക് എനർജി' എന്നുവിളിച്ചു. ഇത് ഒരു സ്ഥിരാങ്കമാണെന്ന് വിശ്വസിക്കുകയും ചെയ്തു. ഭൗതിക പ്രപഞ്ചശാസ്ത്രത്തിലും ജ്യോതിശാസ്ത്രത്തിലും പ്രപഞ്ചത്തെ ഏറ്റവും വലിയ തോതിൽ ബാധിക്കുന്ന ഒരു ഊർജ്ജ രൂപമാണ് ഈ ഇരുണ്ട ഊർജ്ജം. പ്രപഞ്ചത്തിന്റെ ത്വരിതഗതിയിലുള്ള വികാസം വർദ്ധിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രാഥമിക ഫലം. പഠനവിധേയമാക്കിയ ഓരോ നക്ഷത്ര സമൂഹത്തിന്റെയും ഭാരം അവയിലെ നക്ഷത്രങ്ങൾ ചേർന്നുള്ള ആകെ ഭാരത്തിലും എത്രയോ ഏറെയാണെന്ന് 1937-ൽ ഫ്രിറ്റ്സ് സ്വിക്കി എന്ന ശാസ്ത്രജ്ഞൻ കണ്ടെത്തിയിരുന്നു. പ്രപഞ്ചത്തിലെ ആകെ ദ്രവ്യത്തിന്റെ ഏതാണ്ട് 80 ശതമാനവും ആകെ ഊർജസാന്ദ്രതയുടെ 25 ശതമാനവും തമോദ്രവ്യം ആണെന്നു കണക്കാക്കപ്പെടുന്നു. (https://ml.wikipedia.org/wiki/തമോദ്രവ്യം). ആവശ്യത്തിന് തമോദ്രവ്യം ഇല്ലെങ്കിൽ അവയിലെ നക്ഷത്രങ്ങൾ കേന്ദ്രത്തെ ചുറ്റി സഞ്ചരിയ്ക്കാതെ അകന്നു പോയേനെ, പല താരാപഥങ്ങളും രൂപം കൊള്ളുകപോലും ഇല്ലായിരുന്നു എന്നൊക്കെയാണ് ശാസ്ത്രത്തിൻ്റെ നിഗമനങ്ങൾ. ഇതിനെ കണ്ടെത്താനുള്ള നിരവധി പരീക്ഷണങ്ങൾ നടത്തിയിട്ടും ഇതുവരെ ഇത്തരം കണങ്ങളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.
എന്നാൽ ഇപ്പോൾ ഞെട്ടിക്കുന്ന ഒരു കണ്ടുപിടുത്തം നടന്നിരിക്കുന്നു. അത് ഡാർക്ക് മാറ്റർ എന്ന് ഡാർക്ക് എനർജി കുറഞ്ഞുവരുന്നു എന്നതാണ് (മാതൃഭൂമി / (https://www.mathrubhumi.com/technology/) / 22 മാർച്ച് 2025). അരിസോണയിലുള്ള കിറ്റ് പീക് നാഷണൽ ഒബ്സർവേറ്ററിയിലെ ഡാർക് എനർജി സ്പെക്ട്രോസ്കോപ്പിക് ഇൻസ്ട്രുമെന്റ് (ഡിഇഎസ്ഐ) സംഘം ആണ് ഈ സത്യം കണ്ടെത്തിയത്. ഇത് ശാസ്ത്രീയമായി തെളിയിക്കുകയും സ്ഥാപിക്കുകയും ചെയ്താൽ പ്രപഞ്ചം ചുരുങ്ങി എല്ലാം അടുത്തടുത്ത് വന്ന് ഒരുമിച്ചുകൂടുകയും ഇടിച്ചിറങ്ങുകയും ചെയ്യുകയായിരിക്കും ഫലം. അപ്പോൾ അതുതന്നെയായിരിക്കും ബിഗ് ക്രഞ്ച്. നിലവിലെ എല്ലാ പ്രപഞ്ച സിദ്ധാന്തങ്ങളെയും അട്ടിമറിക്കാൻ കെൽപ്പുള്ള കണ്ടുപിടിത്തമാണിത്. ഒരർത്ഥത്തിൽ പറഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട കണ്ടുപിടുത്തങ്ങളായ പ്രപഞ്ചത്തിന്റെ വികാസവും മഹാവിസ്ഫോടനവും പോലെ ആ ശ്രേണിയെ പൂർത്തീകരിക്കുന്ന ഒരു സിദ്ധാന്തം. അപ്പോൾ തന്നെ അത് വിശുദ്ധ ഖുർആനിൻ്റെ നിലപാടിനോട് മറ്റുള്ളവ രണ്ടും യോജിച്ചത് പോലെ യോജിച്ചു വരും എന്നത് മറ്റൊരു വലിയ സത്യമാണ്. വിശുദ്ധ ഖുർആനിൽ ഖിയാമത്ത് നാളിനെ കുറിച്ച് വിവരിക്കുന്നിടത്തെല്ലാം വിവരിക്കുന്നത് അതൊരു ബിഗ് ക്രഞ്ച് ആയിരിക്കും എന്നാണ്. ഖുർആൻ വിവരിക്കുന്നു: 'ഭൂമി ഗുരുതരമാം വിധം പ്രകമ്പനം കൊള്ളുകയും അതിന്റെ ഭാരങ്ങള്‍ ബഹിര്‍ഗമിപ്പിക്കുകയും ഇതിന്ന് എന്തു സംഭവിച്ചു പോയി എന്ന് മനുഷ്യന്‍ ചോദിക്കുകയും ചെയ്താല്‍, അന്ന് -നിന്റെ രക്ഷിതാവ് ബോധനം നല്‍കിയതിനാല്‍-ഭൂമി അതിന്റെ വൃത്താന്തങ്ങള്‍ പറഞ്ഞറിയിക്കും' (99: 1-5). അന്ത്യനാളാണ് വിവക്ഷ. ചെറിയൊരു ഭൂചലനമുണ്ടാകുമ്പോഴേക്ക് തന്നെ മനുഷ്യര്‍ കെട്ടിടങ്ങളില്‍ നിന്നിറങ്ങി ചിന്നിച്ചിതറിയോടുന്നത് എല്ലാവര്‍ക്കുമറിയാം. പിന്നെ, ഖിയാമനാളിലെ സ്ഥിതി എന്തുപറയാന്‍?.
ലോകത്തിന് നാശമില്ലെന്നും എക്കാലവും നിലനില്‍ക്കുമെന്നാണ് നാസ്തികരുടെയം ഒരു പറ്റം ശാസ്ത്രജ്ഞരുടെയും മതം. മറിച്ചുള്ള വാദം ദൈവവിശ്വാസികളുടെ കെട്ടുകഥയും മിഥ്യാധാരണയുമാണെന്ന് അവര്‍ കരുതുന്നു. ഇതിനുള്ള ന്യായവും തെളിവുമായി അവർ നടക്കാതെ പോയ 2012 ലെ ലോകാവസാന പ്രവചനത്തെ എടുത്തു കാട്ടുന്നു. ലാറ്റിനമേരിക്കയിലെ പുരാതന സംസ്‌കാരത്തിന്റെ ഭാഗമായ മായന്‍ കലണ്ടറനുസരിച്ചാണ് 2012 ഡിസംബറില്‍ ലോകാവസാനം പ്രവചിക്കപ്പെട്ടിരുന്നത്. ബി സി 3,114ല്‍ ആരംഭിക്കുന്ന മായന്‍ കലണ്ടര്‍ 2012 ന് ശേഷം പ്രപഞ്ചത്തിന് കലണ്ടർ വേണ്ടി വരില്ല എന്ന് അനുമാനിക്കുന്നുണ്ട്. കലണ്ടറിലെ 13-ാം ഘട്ടത്തിന്റെ പൂര്‍ത്തീകരണം 2012 ഡിസമ്പര്‍ 12 നായിരുന്നു. അന്ന് ലോകാവസാനം ഉണ്ടാകുമെന്നുമായിരുന്നു പ്രവചനം. പക്ഷെ, ലോകത്ത് ഒന്നും സംഭവിക്കാതെ യാണ് ആ ദിനം കടന്നുപോയത്. എന്നാല്‍ അമേരിക്കയിലെ ബഹിരാകാശ പഠന പര്യവേക്ഷണ കേന്ദ്രമായ നാസ പറയുന്നത് അതങ്ങനെയങ്ങ് തള്ളിക്കളയാൻ പറ്റില്ല എന്നാണ്. വിദൂരമല്ലാത്ത ഭാവിയില്‍ ലോകം തകര്‍ന്നു തരിപ്പണമായേക്കുമെന്നാണ് നാസ നല്‍കിയ മുന്നറിയിപ്പ്. ഈ നൂറ്റാണ്ടില്‍ തന്നെ അത് സംഭവിക്കാമെന്നും അവർ പറയുന്നുണ്ട്. ഈ അനുമാനം ലോകത്തിൻ്റെ ധാർമ്മിക മൂല്യത്തകർച്ചയുടെ വെളിച്ചത്തിലാണ് നാസ നടത്തിയത്. അതിനു പുറമെ, അപകടകാരിയായ ഒരു ഗ്രഹം ഭൂമിയെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുന്നതായും അത് വന്നിടിച്ചാല്‍ ഭൂമിയുടെ തകര്‍ച്ച നിസ്സംശയമാണെന്നും കഴിഞ്ഞ സെപ്തംബറില്‍ നാസയിലെ ഒരു പറ്റം ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. '1950 ഡി' എന്ന് ശാസ്ത്രലോകം പേരിട്ട ഈ ഗ്രഹത്തിന്റെ ഇപ്പോഴത്തെ വേഗവും ദിശയും അനുസരിച്ച് 2880 മാര്‍ച്ച് 16ന് ഇത് ഭൂമിയില്‍ വന്നിടിക്കുമെന്നാണ് നാസ പ്രവചിക്കുന്നത്. ഇതോടെ ഭൂമുഖത്ത് നിന്ന് ജീവന്‍ തുടച്ചു നീക്കപ്പെടുമെന്നും അവര്‍ വിശദീകരിക്കുന്നു. ഇതെല്ലാം വിശ്വാസിയെ കൂട്ടിക്കൊണ്ടു പോകുന്നത് വിശുദ്ധഖുർആൻ ആണയിട്ടു പറഞ്ഞ അന്ത്യനാൾ എന്ന സുനിശ്ചിത ദിനത്തിലേക്കാണ്.
(https://www.space.com/25732-redshift-blueshift.html).
(https://en.wikipedia.org/wiki/Expansion_of_the_universe)
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso