Thoughts & Arts
Image

ഹജ്ജും ഒരുക്കങ്ങളും

2025-05-01

Web Design

15 Comments

വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി





റമദാൻ കഴിഞ്ഞാൽ ഉമ്മത്ത് വിശുദ്ധ ഹജ്ജിന്റെ ചിന്തകളിലേക്കും കർമ്മങ്ങളിലേക്കും കടക്കുകയായി. ഇസ്ലാം മനുഷ്യനെ അങ്ങനെയാണ് പിന്തുടരുന്നത്. അവനെ ഒപ്പത്തിനൊപ്പം പിന്തുടരുകയാണ്. ആത്മീയതയുടെ വിചാരങ്ങളിൽ നിന്ന് ഒട്ടും അകന്നു പോകാതെ ഇസ്ലാം അവനെ ചേർത്ത്പിടിക്കുന്നു. ഹജ്ജിന്റെ കാലയളവ് ശവ്വാൽ മാസത്തോടെ ആരംഭിക്കുന്നു എന്ന് പറയുമ്പോൾ അങ്ങനെയാണ് അത് മനസ്സിലാക്കേണ്ടത്. ഹജ്ജിന്റെ പ്രധാന കർമ്മങ്ങൾ ദുൽഹിജ്ജ ഒമ്പതാം തീയതിയാണ് നടക്കുന്നത് എങ്കിലും അതിനുവേണ്ടിയുള്ളതെല്ലാo ചെയ്യുവാൻ സമയം ആരംഭിച്ചിരിക്കുന്നു. ഇപ്പോൾ മുതൽ എപ്പോൾ വേണമെങ്കിലും ഹജ്ജിലേക്കുള്ള പ്രവേശനമായ ഇഹ്റാം ചെയ്യാം. ഇഹ്റാം ഹജ്ജിനുള്ള നിയ്യത്താണ്. അത് ചെയ്യുന്നതോടെ ജീവിത ചിട്ടകളിൽ സാരമായ നിയന്ത്രണങ്ങൾ വരും. അതിനാൽ രണ്ടുമാസത്തിലധികം കാലം അങ്ങനെ നിയന്ത്രണങ്ങൾക്ക് വിധേയമാകേണ്ടിവരും എന്നതുകൊണ്ടാണ് വിശ്വാസികൾ ഹജ്ജിനു വേണ്ടി ഇപ്പോൾ തന്നെ ഇഹ്റാം ചെയ്യാത്തത്. ഇഹ്റാം പക്ഷേ, കർമ്മങ്ങളുടെ മാത്രം തുടക്കമാണ്. സത്യത്തിൽ കർമ്മങ്ങളുടെ തുടക്കത്തോടെ മാത്രമല്ല എല്ലാം തുടങ്ങുക. മറിച്ച് അതിനു മുൻപേ മനസ്സിൽ അത് തുടങ്ങും. അതുകൊണ്ട് കൃത്യമായും ഇപ്പോൾ ആരംഭിച്ചിരിക്കുന്നത് മനസ്സിൽ അത് തുടങ്ങുവാനുള്ള സമയമാണ്. ഇസ്ലാമിൻ്റെ എല്ലാ ആരാധനകളും സമർപ്പണങ്ങളാണ്. സമർപ്പണങ്ങൾക്ക് സമ്പൂർണ്ണത അനിവാര്യമാണ്. സമർപ്പിക്കാൻ പോകുന്ന കർമ്മത്തെക്കുറിച്ച് നന്നായി ഗ്രഹിക്കുക, അതിൻ്റെ കർമ്മ ശാസ്ത്രം പഠിച്ചുവെക്കുക, അതിന്റേതായ പ്രതിഫലങ്ങളുടെ വലുപ്പം മനസ്സിലാക്കുക, ആ പ്രതിഫലങ്ങളെ ബാധിച്ചേക്കാവുന്ന പ്രതിബന്ധങ്ങളെ നേരത്തെ തന്നെ വകഞ്ഞുമാറ്റുക തുടങ്ങിയവയെല്ലാം ഈ സമർപ്പണത്തിന്റെ സമ്പൂർണ്ണതക്കു വേണ്ട ഒരുക്കങ്ങളിൽ പെട്ടതാണ്. ഇവയെല്ലാം ഒരളവോളം മാനസികമായ തയ്യാറെടുപ്പുകളാണ്.


അതുകഴിഞ്ഞാൽ പിന്നെ ഒരുക്കങ്ങൾ ചെയ്യേണ്ടത് ജീവിത പരിസരത്തിലാണ്. ജീവിത പരിസരത്തെ ആത്മീയമായി പരിവർത്തിപ്പിക്കുക എന്നതാണ് ഒറ്റവാക്കിൽ പറഞ്ഞാൽ അത്. സൃഷ്ടാവിനുള്ള സമർപ്പണം എന്ന അർത്ഥത്തെ നിരർത്ഥകമാക്കുകയോ നിഷ്പ്രഭമാക്കുകയോ ചെയ്യുന്ന എന്തെങ്കിലും ജീവിത പരിസരങ്ങളിൽ ഉണ്ടെങ്കിൽ അതിൽ നിന്ന് ഒഴിവാക്കുക എന്നതാണ് അതിലെ ഒന്നാമത്തെ ഘട്ടം. ആത്മീയ സമർപ്പണങ്ങളിൽ മനസ്സിൻ്റെ സാന്നിധ്യവും പശ്ചാത്തലത്തിന്റെ സ്വാധീനവും വളരെ പ്രധാനമാണ്. ഇസ്ലാമിക കർമശാസ്ത്രത്തിലെ നിയ്യത്ത് എന്ന നിർബന്ധം അതിനുവേണ്ടിയുള്ളതാണ്. നിയ്യത്ത് ചെയ്യുമ്പോൾ അത് ഒരു വിശ്വാസി തന്നോട് തന്നെ പറയുന്ന ഒരു പ്രസ്താവനയാണ്. അങ്ങനെ മനസ്സിൽ നിന്ന് പറയുമ്പോൾ അത് അവൻ്റെ കർമ്മത്തിൽ ഉടനീളം പരിപാലിക്കപ്പെടും. ഒരു ബോധ്യമായി അതിരൂപാന്തരപ്പെടുമ്പോൾ ആ കർമ്മം വളരെ അച്ചടക്കത്തോടെയും ഭക്തിയോടു കൂടെയും നിർവഹിക്കുവാൻ വേണ്ട മാനസികവും ശരീരവും ആയ സാഹചര്യം ഒരുങ്ങുന്നു. ഹജ്ജിലും മാനസികമായ ഈ ഒരുക്കം വളരെ പ്രധാനമാണ്. എന്നല്ല ഹജ്ജിൽ അത് കൂടുതൽ വേണ്ടതുണ്ട്. കാരണം, ഹജ്ജ് ദീർഘമായ നാളുകൾ നീണ്ടുനിൽക്കുന്ന കർമ്മങ്ങളുടെ ഒരു ശ്രേണിയാണ്. മാത്രമല്ല, വളരെ ദൂരം താണ്ടി ക്കടന്നു കൊണ്ടാണ് അത് ചെയ്യാനുള്ളത്. മാത്രവുമല്ല, വളരെ വിചിത്രം എന്ന് തോന്നിക്കുന്ന പല കർമ്മങ്ങളും അതിൻ്റെ ഉള്ളടക്കത്തിൽ ഉണ്ട്. അത്രയും ദീർഘ സമയം മനസ്സിൻ്റെ ഉള്ളിൽ നിയ്യത്താകുന്ന ആത്മീയ അവബോധം മങ്ങാതെ മായാതെ നിൽക്കണമെന്നുണ്ടെങ്കിൽ അതിന് നല്ല ബലമുള്ള ഉൾകരുത്ത് തന്നെ വേണം. അത്തരം ഒരു സാധ്യത ഉള്ളതുകൊണ്ടാണ് ഹജ്ജിനെ കുറിച്ചുള്ള വിവരണങ്ങൾ നൽകുന്ന അൽ ബഖറ അധ്യായത്തിലെ 167 -ാം സൂക്തത്തിൽ അല്ലാഹു, ഒരാൾ ഹജ്ജിന് ഇറങ്ങിയാൽ പിന്നെ തർക്കവിതർക്കങ്ങൾ, സ്ത്രീസംസർഗങ്ങൾ തുടങ്ങിയവയൊന്നും ഒരിക്കലും ഉണ്ടാവാൻ പാടില്ല എന്ന് തീർത്ത് പറയുന്നത്. ദീർഘമായ യാത്രയും വിവിധങ്ങളായ സംഗമങ്ങളും എല്ലാം ഹജ്ജിന്റെ ഭാഗമായി നടക്കുമ്പോൾ ഇത്തരം ചില സ്ഖലിതങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.


ഇതേ ഉദ്ദേശങ്ങളിലേക്കും ഒരുക്കങ്ങളിലേക്കും വിശ്വാസിയെ തിരിച്ചുവിടുന്ന ഒരു സൂക്തമാണ് 'നിങ്ങൾ ഹജ്ജിനു വേണ്ടി പാഥേയം കരുതുക. ഏറ്റവും ഉത്തമമായ പാഥേയം സൂക്ഷ്മതയുടെ വിചാരമാണ് എന്ന മേൽപ്പറഞ്ഞ സൂക്തത്തിന്റെ അവസാനഭാഗവും. ഈ സൂക്തത്തിൻ്റെ ആശയം ഹജ്ജിന്റെ ഒരുക്കത്തിനെ കുറിച്ചുള്ള സന്ദേശമാണ് നൽകുന്നത്. അത്, ഈ സൂക്തം അവതരിക്കാൻ ഉണ്ടായ കാരണം കൂടിയാണ്. യമനിലെ ദരിദ്രരായ ഹാജിമാർ പാഥേയം കരുതാതെ ഹജ്ജിന് ഇറങ്ങുകയും വഴിയിൽ കാണുന്നവരുടെ മുമ്പിലെല്ലാം സ്വയം അവതരിപ്പിച്ച് സഹായം തേടുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു. ക്രമേണ, അത് അവരുടെ വഴിയിൽ താമസിക്കുന്ന ജനങ്ങൾക്ക് പ്രയാസമുണ്ടാക്കാൻ തുടങ്ങി. അപ്പോൾ മറ്റുള്ളവരെ പ്രയാസപ്പെടുത്തുക, യാചിക്കുക തുടങ്ങിയ കാര്യങ്ങളെ തൊട്ടെല്ലാം സൂക്ഷ്മത പുലർത്തുക എന്നതാണ് ഹജ്ജിൻ്റെ ശരിയായ പാഥേയം എന്ന് ഈ സൂക്തം പഠിപ്പിക്കുന്നു. ഒരുക്കം വേണമെന്നും ഒരുക്കം തഖ്‌വാ ആയിരിക്കണമെന്നും ഈ സൂക്തം നമ്മെ പഠിപ്പിക്കുന്നു. ഹജ്ജിന്റെ മേൽപ്പറഞ്ഞതുപോലെയുള്ള ഒരുക്കങ്ങളിൽ ഒന്നായി കാണേണ്ടതും കരുതേണ്ടതുമാണ് ഹജ്ജിനെ കുറിച്ചുള്ള അറിവ് നേടുക എന്നത്. ഇതിൽ രണ്ടുതരം അറിവുകൾ ഉൾക്കൊള്ളുന്നു. ഒന്ന്, കർമശാസ്ത്രപരമായ അറിവുകളാണ്. രണ്ടാമത്തേതും വളരെ പ്രധാനപ്പെട്ടതുമായ ഒന്ന് ഹജ്ജിൻ്റെ ആത്മീയമായ വികാരങ്ങൾ ഗ്രഹിക്കുക എന്ന അറിവാണ്. ഈ വികാരങ്ങളെ കുറിച്ചുള്ള അറിവ് ഹജ്ജിന്റെ ചിത്രത്തിൽ നിന്നാണ് ആരംഭിക്കുന്നത്. മറ്റ് ആരാധനകളില്‍ നിന്ന് വ്യത്യസ്തമായി ദുല്‍ഹജ്ജ് എട്ടിന് തുടങ്ങി മിന, അറഫ, മുസ്ദലിഫ, ജംറ, കഅ്ബ, സ്വഫ, മര്‍വ എന്നിവയിലൂടെ വിവിധ കര്‍മങ്ങള്‍ നിര്‍വഹിച്ച് ദുല്‍ഹജ്ജ് 13 വരെ നീണ്ടുനില്‍ക്കുന്ന അധ്വാനനിര്‍ഭരമായ ഒരു ദൈവിക സമര്‍പ്പണ യജ്ഞമാണ് ഹജ്ജ്. ഇതിലെ ഓരോ സമയങ്ങളും ഓരോ സ്ഥാനങ്ങളും വലിയ അർത്ഥവും ആശയവും പകരുന്നുണ്ട്. അവ ഗ്രഹിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുമ്പോഴാണ് അക്ഷരാർത്ഥത്തിൽ ഹജ്ജ് എന്ന വികാരം ആസ്വദിക്കാൻ കഴിയുക. അതിനാല്‍ അല്ലാഹുവിലും റസൂലിലും പരലോകത്തിലും ദൃഢബോധ്യമുള്ളവര്‍ക്കേ ഹജ്ജ് ചെയ്യാന്‍ സാധിക്കുകയുള്ളൂ. അത്തരം സമര്‍പ്പണ മനസ്സോടെ നിര്‍വഹിക്കുന്ന ഹജ്ജിനാണ് മഹത്വം കൽപ്പിക്കപ്പെട്ടിരിക്കുന്നത്. നബി(സ്വ) പറഞ്ഞു: 'തെറ്റും തിന്മയും ഇല്ലാത്ത പുണ്യകരമായ ഹജ്ജ് നിര്‍വഹിക്കുന്ന വ്യക്തി ഉമ്മ പ്രസവിച്ച ദിവസത്തെ ശിശുവിന്റെ വിശുദ്ധി കൈവരിക്കും. ' മറ്റൊരിക്കൽ നബി(സ്വ): പറഞ്ഞു: 'പുണ്യകരമായ ഹജ്ജിന് സ്വര്‍ഗമല്ലാതെ മറ്റൊരു പ്രതിഫലവുമില്ല'.


സമർപ്പണം എന്ന ആശയത്തോടൊപ്പം ഹജ്ജ് ലോകത്തിന് വലിയ സന്ദേശങ്ങൾ നൽകുന്നുണ്ട്. അവയിൽ ഒന്ന് ഏകതയാണ്. 'റബ്ബ് ഒന്നാണ്, മാനവരൊന്നാണ്' എന്ന മഹിതമായ സന്ദേശമാണ് ഹജ്ജിലൂടെ വിളംബരം ചെയ്യപ്പെടുന്നത്. ഹജ്ജിന്റെ ആദ്യത്തെ ചടങ്ങായ ഇഹ്‌റാം മുതല്‍ ഇത് തുടങ്ങുന്നു. ആയിരക്കണക്കിന് മനുഷ്യരുടെ കണ്ഠങ്ങളില്‍ നിന്ന് അല്ലാഹുവിന്റെ ഏകത്വം വിളംബരം ചെയ്യുന്ന ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്’ എന്ന തല്‍ബിയത്ത് ഇഹ്‌റാം മുതല്‍ അന്തരീക്ഷത്തില്‍ മുഖരിതമാവുകയായി. തുടർന്ന് തവാഫിലും എത്തുമ്പോൾ ഇതേപോലുള്ള ആശയം പ്രകടമാകുന്നു.
ത്വവാഫും സഅ്‌യും അല്ലാഹുവിന്റെ കല്‍പന അനുസരിക്കാന്‍ മനസ്സിനെ പാകപ്പെടുത്തുന്ന ആരാധനകളാണ്. കഅ്ബയെ ഏഴു തവണ ചുറ്റുന്നതിന്റെയും സ്വഫാ-മര്‍വക്കിടയില്‍ ഏഴു തവണ നടക്കുന്നതിന്റെയും സാംഗത്യം തിരിച്ചറിയുവാൻ വിശ്വാസികളുടെ മനസ്സുകൾ ഏറെ സാഹസപ്പെടേണ്ടി വരും. എന്നിട്ടും ലക്ഷോപലക്ഷം വിശ്വാസികള്‍ മനഃസംതൃപ്തിയോടെ ത്വവാഫും സഅ്‌യും ചെയ്യുന്നു. അതിലൂടെ അവിടെ വിധേയത്വം എന്ന വലിയ അർത്ഥം പുറത്തുവരികയായി. ഹജ്ജിന്റെ സുപ്രധാന കടമയാണ് ദുല്‍ഹജ്ജ് ഒമ്പതിന് അറഫയില്‍ നിൽക്കുക എന്നത്. ഓരോ വര്‍ഷവും 30 ലക്ഷത്തോളം പേര്‍ ലോക ജനതയുടെ പ്രതിരൂപവും പ്രതിനിധികളുമായി അറഫയില്‍ സമ്മേളിക്കുമ്പോള്‍ മാനവരൊന്ന് എന്ന മഹാ ആശയം ഗംഭീരമായി പ്രഘോഷണം ചെയ്യപ്പെടുകയാണ്. അങ്ങനെ തല്‍ബിയത്തിലെ ഏകദൈവത്വ പ്രഘോഷണം കൊണ്ട് ആരംഭിക്കുന്ന കർമ്മങ്ങളുടെ ശ്രേണി അറഫയിലെ ഏകമാനവികതയിൽ എത്തുന്നതോടെ രണ്ടും പരസ്പരപൂരകങ്ങളാണ് എന്ന ആശയമാണ് സ്ഥാപിക്കപ്പെടുന്നത്.


അറഫയുടെയും മീനയുടെയും ഇടയിലെ മുസ്തലിഫ ഇടത്താവളം വലിയ അർത്ഥത്തിലേക്കാണ് ഹാജിയെ നയിക്കുന്നത്. മണ്ണില്‍ നിന്ന് ജനിച്ച മനുഷ്യന്‍ എത്ര ഉയര്‍ന്ന വിതാനത്തിലെത്തിയാലും ഒടുവില്‍ മണ്ണോട് ചേരേണ്ടവന്‍ തന്നെയാണ് എന്ന ആശയത്തോടൊപ്പം ദുനിയാവിനും ആഹിറത്തിലും ഇടയിലുള്ള ഖബറനുഭവം ഓർമിപ്പിക്കുകയും ചെയ്യുന്നു. ഏതാണ്ട് കർമ്മങ്ങളെല്ലാം അവസാനിച്ച് മിനായിൽ എത്തുമ്പോൾ അവിടെ ഏത് ചെറിയ സൗകര്യങ്ങളോടും സമരസപ്പെടാൻ മാത്രം ഹാജി ആത്മീയമായ ഉൽക്കർഷം നേടുകയാണ്. ഈ പ്രപഞ്ചം ഇത്രയേ ഉള്ളൂ എന്ന തിരിച്ചറിവിലേക്ക് ഹാജി എത്തുകയാണ്. മണിമാളികകളിലും കൊട്ടാരങ്ങളിലും സകല സുഖങ്ങളും അനുഭവിച്ചും ആസ്വദിച്ചും ഉള്ള ജീവിതം നിരർത്ഥകമാണ് എന്ന് ഹാജി തിരിച്ചറിയുന്നു. അതുകൊണ്ട് മനസ്സ് അല്ലാഹുവിനെ സമർപ്പിച്ചുകൊണ്ട് അവനിൽ വിലയം പ്രാപിച്ചുകൊണ്ട് ജീവിക്കാനുള്ള മനക്കരുത്ത് നേടിയാൽ പിന്നെ ഒന്നും പ്രശ്നമാവില്ല എന്ന ഉള്ളുറപ്പ് ഉണ്ടാകുന്നതോടുകൂടി അവിടെ പുതിയ ഒരു ജീവിതം ഉണ്ടാവുകയാണ്. സ്വീകാര്യയോഗ്യമായ ഹജ്ജ് ചെയ്തവൻ ഒരു നവജാത ശിശുവിൻ്റെ പരിശുദ്ധിയിലേക്ക് തിരിച്ചെത്തുമെന്നു നബി തങ്ങൾ.
0


0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso