

രക്ഷാകർത്താക്കളോട് സ്നേഹപൂർവം
2025-05-01
Web Design
15 Comments
വെള്ളിപ്രഭാതം
മുഹമ്മദ് തയ്യിൽ നിസാമി
പുതിയ ലോകത്ത് എല്ലാം താളം തെറ്റി വരികയാണ് എന്നു ഇവിടെയെങ്കിലും പറയാതെ വയ്യ. മൊത്തം മനുഷ്യരുടെ ജീവിത പരിസരം വിനോദങ്ങളാലും വികാരങ്ങളാലും നിറഞ്ഞിരിക്കുന്നു. ഓരോരുത്തരുടെയും ജീവിത ലക്ഷ്യം സ്വന്തം മനസ്സിൻ്റെ ഉന്മാദങ്ങളെ പരിപാലിക്കലും പരിപോഷിപ്പിക്കലുമായി മാറിയിരിക്കുന്നു, അല്ലെങ്കിൽ മാറിവരുന്നു. അവയിൽ ഏറ്റവും ഭീഷണവും അപകടകരവുമായി തോന്നുന്നത് രക്ഷാകർത്താക്കളിൽ വന്ന മാനസിക മാറ്റമാണ്. ലോകത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷിതവും സമീകൃതവുമായ നിലനിൽപ്പിനുവേണ്ടി അടുത്ത തലമുറയെ നിയന്ത്രിച്ചും നയിച്ചും വളർത്തിയെടുക്കേണ്ട അവരും ഇപ്രകാരം സ്വന്തം വികാരങ്ങളിൽ അഭിരമിക്കുന്നതോടൊപ്പം ഭാവി തലമുറയെ അവരവരുടെ വികാരങ്ങളിലേക്ക് തുറന്നു വിടുകയാണ്. അവർ എന്തു പഠിക്കണം എന്നതും എങ്ങനെ പഠിക്കണം എന്നതും എത്ര പഠിക്കണമെന്നതും എല്ലാം തീരുമാനിക്കപ്പെടുന്നത് പ്രധാനമായും ഇളംതലമുറ തന്നെയാണ് ഇപ്പോൾ. രക്ഷാകർത്താക്കൾ പുഞ്ചിരിച്ചും തലയാട്ടിയും പണം കൊടുക്കാൻ വേണ്ടി മാത്രമുള്ളവരായി മാറുകയാണ്. രക്ഷിതാക്കളെ കുറ്റപ്പെടുത്തിയിട്ടും കാര്യമില്ല. ഈ പുഞ്ചിരിയോ തലയാട്ടലോ കുറഞ്ഞാൽ കുട്ടി വിറളി പിടിച്ച് അസ്വസ്ഥനായി അബദ്ധങ്ങൾ കാണിച്ചേക്കും എന്ന പേടി ഓരോ കുടുംബത്തിനും മേൽ തൂങ്ങിക്കിടക്കുകയാണ്. നിലവിലുള്ള രംഗങ്ങളെ നിരൂപിച്ച് നേരം കളഞ്ഞിട്ട് കാര്യമൊന്നുമില്ല. എങ്ങനെ ഇത്രത്തോളം കാര്യങ്ങൾ പാളം തെറ്റി എന്ന് പറയുന്നതായിരിക്കും നല്ലത്. അത് കാണുകയോ കേൾക്കുകയോ മനസ്സിലാക്കുകയോ ചെയ്യുന്ന ഏതെങ്കിലും ഒരാൾ ചിന്തിച്ചാൽ അതായിരിക്കും സമൂഹത്തിന് ഗുണം. അതിൻ്റെ കാരണം ഒറ്റ വാചകത്തിൽ പറഞ്ഞാൽ പാരന്റിങ്ങിൽ വന്ന പിഴവാണ്. ബാഗും പുസ്തകവും പോക്കറ്റ് മണിയും നൽകി കഴിഞ്ഞാൽ പിന്നെ വേണമെങ്കിൽ കൈവീശി അനുഗ്രഹിക്കുക എന്നത് മാത്രമായി ചുരുങ്ങിയിരിക്കുന്നു പുതിയ കാലത്തിൻ്റെ പാരന്റിംഗ്. ഒപ്പം കുട്ടിയെ കുറിച്ച് മറ്റുള്ളവരുടെ മുമ്പിൽ പൊങ്ങച്ചത്തിന്റെ ധ്വനിയിൽ ഒരുപാട് സംസാരിക്കുവാനും പുതിയ രക്ഷിതാക്കൾ മറക്കുകയില്ല. പറയുന്നതെല്ലാം തൻ്റെ കുട്ടിയുടെ വസ്ത്രത്തിന്റെയോ ബാഗിന്റെയോ വിലയോ കഴിഞ്ഞ ദിവസം കച്ചവടക്കണ്ണുള്ള സ്ഥാപനത്തിലെ ടീച്ചർ നൽകിയ ചുവന്ന മഷിയിലുള്ള നക്ഷത്രത്തിന്റെ എണ്ണത്തിൻ്റെയോ വിവരവും വിവരണവും ആയിരിക്കും.
എന്നാൽ അതല്ല ശരിയായ പാരന്റിംഗ്. അതു മനസ്സിലാക്കാൻ പാരന്റിങ് എന്ന ആശയത്തെ ജൈവികമായി ആദ്യം മനസ്സിലാക്കണം. അത് തലമുറകൾ എന്ന ആശയത്തിൽ നിന്നാണ് തുടങ്ങുന്നത്. സൃഷ്ടാവ് ഒരു വ്യക്തിയെ ആദ്യം പറഞ്ഞയക്കുന്നു. അവന് വയസ്സും വിഭവവും നൽകുന്നു. അവൻ അവ രണ്ടും ഉപയോഗിച്ച് ഏതാണ് കൂടുതൽ ശരി, കൂടുതൽ ഫലപ്രദം, ഏതാണ് അപകടം എന്നൊക്കെ ജീവിതം കൊണ്ട് കണ്ടെത്തുന്നു. അവൻ അങ്ങനെയെല്ലാം കണ്ടെത്തുവാനും തിരിച്ചറിയുവാനും പ്രായമാകുമ്പോൾ അവൻ്റെ കയ്യിൽ അതേ സൃഷ്ടാവ് ഒരു കുട്ടിയെ നൽകുന്നു. താൻ തിരിച്ചറിഞ്ഞ സത്യങ്ങൾ വെച്ച് ഈ കുട്ടിയെ അടുത്ത തലമുറയിൽ ജീവിക്കുവാൻ വേണ്ടി പ്രാപ്തനാക്കുവാൻ അവനെ ചുമതലപ്പെടുത്തുന്നു. ഇതാണ് ജൈവികമായ തലമുറകൾ എന്ന ആശയം. ജനങ്ങളെ അല്ലാഹു പ്രായത്തിലും വിഭവത്തിലും വ്യത്യസ്ത തട്ടുകൾ ആക്കി വെച്ചിരിക്കുന്നത് തൊട്ടടുത്തുള്ള തട്ടുകളിൽ അതിൻ്റെ പ്രതിഫലനം ഉണ്ടാകുവാൻ വേണ്ടിയാണ്. അതിനാൽ പ്രായം കൊണ്ടും അനുഭവം കൊണ്ടും മുതിർന്നവരായ രക്ഷാകർത്താക്കൾ തങ്ങളുടെ മക്കളെ അവരുടെ ജീവിത സാഹചര്യങ്ങൾക്ക് ഏറ്റവും അനുഗുണമായ കാര്യങ്ങൾ പഠിപ്പിച്ചും പരിശീലിപ്പിച്ചും ആണ് വളർത്തേണ്ടത്. ഇത് സൃഷ്ടാവിനാൽ ഏൽപ്പിക്കപ്പെട്ട ഒരു ചുമതലയാണ്. അപ്പോൾ പിന്നെ കുട്ടിക്ക് വേണ്ടത് എന്താണെന്ന് കുട്ടി തന്നെ തെരഞ്ഞെടുക്കുക എന്നു പറയുന്നത് നിരർത്ഥകമാണ് എന്ന് വരും. കാരണം, അങ്ങനെ ശരി സ്വയം തെരഞ്ഞെടുക്കുവാൻ മുന്നിലും പിന്നിലും ഭൂതവും ഭാവിയുമായി നീണ്ടുകിടക്കുന്ന പ്രായവും അനുഭവവും അവനു ലഭിച്ചിട്ടില്ല. അത് സ്വയം ആർജിക്കുവാൻ ആവശ്യമായ ശേഷികൾ അവനു സ്വായത്തമായിട്ടില്ല. ഭൂതവും ഭാവിയും സമം ചേർത്ത് വച്ചുകൊണ്ടാണ് ജീവിതരേഖ വരക്കേണ്ടത്. അതു വരയ്ക്കുവാൻ രക്ഷിതാക്കൾ, അധ്യാപകർ, മുതിർന്നവർ തുടങ്ങിയവർക്കേ കഴിയൂ. കുട്ടി സ്വയം അതു വരക്കുകയാണെങ്കിൽ അത് വെറും വർത്തമാന കാലത്തെ നോക്കിയായിരിക്കും വരക്കുക. അപ്പോഴാണ് അതിൽ വിനോദങ്ങളും ഉന്മാദങ്ങളും വികാരങ്ങളും ഏറിയ അളവിൽ ഇടം പിടിക്കുന്നത്. അതിന് അങ്ങനെ വിട്ടു കൊടുത്തതാണ് ഈ ദുരന്തങ്ങളുടെയൊക്കെ കാരണം.
മക്കള്‍ ജീവിതത്തിന്റെ അഴകും അലങ്കാരവുമാണെന്ന് വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിക്കുന്നു. ‘സ്വത്തും സന്താനങ്ങളും ഐഹിക ജീവിതത്തിലെ അലങ്കാരമാകുന്നു’ (അല്‍കഹ്ഫ്: 46). ഭംഗിയും അലങ്കാരവും എന്ന പ്രയോഗം ഒരുപാട് ആശയങ്ങളിലേക്ക് നമ്മുടെ മനസ്സുകളെ കൊണ്ടുപോകുന്നുണ്ട്. ഒരു കാര്യത്തിന് നിലയും വിലയും നൽകുന്നതും അതിലേക്ക് ശ്രദ്ധ ആകർഷിക്കുന്നതും അതിനുള്ള അഴകാണ്. അഴകും അലങ്കാരവുമാവട്ടെ അത് പരിപാലിച്ചു കൊണ്ട് മാത്രം നിലനിർത്താവുന്ന കാര്യങ്ങളുമാണ്. ഏതൊരു വസ്തുവിന്റെയും ഭംഗിയും അലങ്കാരവും നിലനിര്‍ത്താന്‍ നിരന്തര ശ്രദ്ധയും കരുതലും വേണമെന്നതാണ് മറ്റൊന്. അതിനുള്ള ഉത്തരവാദിത്വം ജൈവികമായും സൃഷ്ടിപരമായും അർപ്പിതമായിരിക്കുന്നത് രക്ഷാകർത്താക്കളിലാണ്. നല്ല നിലയിൽ വളർത്തണം എന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് വേണ്ടി സൃഷ്ടാവായ അല്ലാഹു ഓരോ കുട്ടിയെയും ശുദ്ധമായ പ്രകൃതിയിലാണ് പടച്ചുവിടുന്നത്. ഇങ്ങനെ ശുദ്ധപ്രകൃതിയില്‍ പിറന്നുവീഴുന്ന കുട്ടിയെ നന്മയിലേക്കും തിന്മയിലേക്കും തിരിച്ചുവിടുന്നത് മാതാപിതാക്കളുടെ ശ്രദ്ധയാണ്. ഈ തത്വം നബി(സ) കൃത്യമായി പറഞ്ഞിട്ടുണ്ട്. ‘കുട്ടികള്‍ ശുദ്ധ പ്രകൃതിയിലാണ് ജനിക്കുന്നത്. അവരെ ജൂതരോ ക്രിസ്ത്യാനികളോ അഗ്നി ആരാധകരോ ആക്കുന്നത് അവരുടെ മാതാപിതാക്കളാണ്'(ബുഖാരി).
ഇന്നത്തെ സാഹചര്യത്തിൽ ഒരു രക്ഷാകർത്താവിന്റെ ഉത്തരവാദിത്വം നിർവഹിക്കുവാൻ വേണ്ടത് മേൽ സൂചിപ്പിച്ചതു പോലെ നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന പുതിയകാലം, വരാനിരിക്കുന്ന ഭാവി എന്നിവയെ വിശദമായി വിശകലനം ചെയ്യുകയാണ്. ആ വിശകലനത്തിൽ കുട്ടിയുടെ ശോഭനമായ ഭാവിക്ക് ഇന്നത്തെ കാലത്ത് എന്തെല്ലാം പഠിക്കണം, നേടണം എന്ന പരിശോധന വളരെ പ്രധാനമാണ്. ലോകം വലിയ കുതിച്ചു ചാട്ടത്തിന് ഒരുങ്ങി നിൽക്കുകയാണ്. മനുഷ്യ ജീവിതം മുച്ചൂടും പുതിയ സങ്കേതങ്ങളിലേക്ക് മാറ്റപ്പെടുകയാണ്. അവിടെ നമ്മുടെ മകനും മകൾക്കും പിടിച്ചുനിൽക്കുവാൻ പുതിയ ലോകത്തിൻ്റെ വിദ്യാഭ്യാസം തന്നെ വേണം. അതുകൊണ്ട് കീഴടക്കാവുന്ന അത്ര ഉന്നതങ്ങൾ കീഴടക്കുവാനുള്ള ചിന്ത ഉണ്ടാവണം. പക്ഷേ, അതോടൊപ്പം അതിനേക്കാൾ ഏറെ പ്രാധാന്യം അർഹിക്കുന്ന മറ്റൊരു കാര്യമുണ്ട്. ഈ ലക്ഷ്യത്തിലേക്കുള്ള സഞ്ചാരത്തിന് വിഘാതമായി അനുദിനം തലപൊക്കി കൊണ്ടിരിക്കുന്ന അപകടങ്ങളിൽ പെടാതെ മുന്നോട്ട് പോകാനും കൊണ്ടുപോകാനും കഴിയണം എന്നത്. മയക്കുമരുന്ന്, അശുഭകരമായ ത്വരകൾ, സമയത്തെക്കുറിച്ചും അതുവഴി ഭാവിയെക്കുറിച്ചുള്ള അശ്രദ്ധ ഇവ മൂന്നും ആണ് ഇന്നത്തെ കാലത്തെ ഏറ്റവും പ്രധാനപ്പെട്ട അപകടങ്ങൾ. ഇവ മൂന്നിലും പെടാതെ ഒരാൾക്ക് തൻ്റെ മകനെ, തൻ്റെ മകളെ മുന്നോട്ടുകൊണ്ടുപോകുവാൻ കഴിഞ്ഞാൽ അവർക്കു മാത്രമേ ഇനി മാന്യമായി പിടിച്ചുനിൽക്കാൻ കഴിയൂ. നമ്മുടെ കൺമുമ്പിൽ തിളക്കുന്ന ഒരു യൗവനം ഉണ്ട് എന്നത് ശരിയാണ്. പക്ഷേ, ആ യൗവനത്തിന്റെ മുന്നിൽ ഉള്ളത് ശൂന്യതയാണ്.
അത്രത്തോളം ഇന്നത്തെ കാലത്ത് സാധ്യമാണോ എന്ന് ചോദിക്കുന്ന നിഷ്കളങ്കർ ഉണ്ടായിരിക്കും. അവരോട് പറയുകയാണ്, തീർച്ചയായും ഉണ്ട് എന്ന്. അതിനുള്ള മാർഗ്ഗം വളരെ സരളമാണ്. ചെറിയ ഒരു വാചകത്തിൽ പറഞ്ഞാൽ, അതിനുള്ള മാർഗം മകൻ്റെ, മകളുടെ ജീവിതത്തിലൂടെ ഒരു ധാർമിക രേഖ കടന്നുപോകുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക എന്നതു മാത്രമാണ്. ധാർമിക വിദ്യാഭ്യാസത്തോട് ക്രമേണ പുതിയ ലോകം അനിഷ്ടവും അകലവും പുലർത്തുന്നത് ശ്രദ്ധയിലുണ്ട്. പക്ഷെ, ധാർമിക വിദ്യാഭ്യാസത്തിൻ്റെ അഭാവം വരുത്തിവെക്കുന്ന വിനകൾ സമൂഹം ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇതു നേരത്തെ വേണ്ടപ്പെട്ടവർ നിരീക്ഷിച്ചിട്ടുള്ളതും പ്രവചിച്ചിട്ടുള്ളതുമാണ്. 2013 ൽ ഡൽഹി കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജ് ജ. വിരേന്ദർ ഭട്ടാണ് വർദ്ധിച്ചുവരുന്ന പീഡനം, തട്ടിക്കൊണ്ട് പോക്ക്, ജാതിയും മതവും മാറിയുള്ള വിവാഹങ്ങൾ, തുടങ്ങിയവ വഴി ഉണ്ടാകുന്ന സാമൂഹ്യവും സാമുദായികവുമായ പ്രശ്നങ്ങളുടെ പരിഹാരം മക്കൾക്ക് ധാർമികമായ വിദ്യാഭ്യാസം നൽകുക എന്നതാണ് എന്ന് നിരീക്ഷിച്ചത് ഒരു ഉദാഹരണം. മറ്റൊരു ജാതിക്കാരനായ യുവാവിന്റെ കൂടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഒളിച്ചോടിയതിനെ തുടര്‍ന്ന്, യുവാവിനെതിരെ ബലാംത്സംഗത്തിന് കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ബാലികയുടെ മാതാവ് കോടതിയെ സമീപിച്ച സംഭവത്തിലായിരുന്നു കോടതിയുടെ ഈ നിരീക്ഷണം. ആയിരത്തിന് താഴെ സമാനമായ കേസുകൾ മാത്രം ഉണ്ടായിരുന്ന ഒരു കാലത്തായിരുന്നു കോടതി ഇങ്ങനെ നിരീക്ഷിച്ചത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇപ്പോൾ അത് ആയിരങ്ങളായി വളർന്നു കഴിഞ്ഞിരിക്കുന്നു. ധാർമിക വിദ്യാഭ്യാസത്തിൻ്റെൻ്റെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തന മേഖലയും ലക്ഷ്യവും ജീവിതമാണ്. അതായത് ജീവിതത്തിന് ഒരു നല്ല അച്ചടക്കം ഉണ്ടാക്കിക്കൊടുക്കുക എന്നതാണ്. ആ അച്ചടക്കം വിജയത്തിൻ്റെ ഔന്നത്യങ്ങൾ കീഴ്പ്പെടുത്തുവാൻ വിദ്യാർത്ഥിക്ക് വേണ്ട മനസ്സുറപ്പും പ്രതീക്ഷയും പ്രാർത്ഥനയും കരുത്തും എല്ലാം പകരും. എന്നാലും ആ മേഖല വലിയ ഉന്നതങ്ങളിൽ എത്തിച്ചേരുവാൻ മാത്രം പുഷ്കലമാണോ എന്ന് ചിന്തിക്കുന്നവരും ഉണ്ടാകും. തീർച്ചയായും ഉണ്ട്. ഒരു വിദ്യാർത്ഥിക്ക് ധാർമികതയുടെ തണലിൽ നിന്നുകൊണ്ട് തന്നെ ഏതറ്റം വരെ പഠിക്കുവാനും പഠിപ്പിക്കുവാനും ഇന്ന് നമ്മുടെ കൊച്ചു കേരളത്തിൽ സംവിധാനങ്ങൾ ഉണ്ട്. കേരളത്തിലെ ഏറ്റവും വലിയ മുസ്ലിം ധാർമിക വിദ്യാഭ്യാസ ഏജൻസിയായ സമസ്തക്ക് എല്ലാ പ്രായത്തിനും എല്ലാ അഭിരുചികൾക്കും പ്രാപ്യമായ സുരക്ഷിതമായ വിദ്യാഭ്യാസ പദ്ധതികൾ ഇന്ന് ഉണ്ട്. വിദ്യാർത്ഥിയുടെ ശേഷിയും കഴിവും അളന്നു തിട്ടപ്പെടുത്തിയാൽ ഈ പദ്ധതികളിൽ ഏതെങ്കിലും ഒന്നിൽ ചേർന്ന് ധാർമികതയുടെ ഓരം ചേരുവാൻ കഴിയുന്ന സാഹചര്യം ഉണ്ട് എന്ന് ഉറപ്പാണ്. ചിന്തിക്കേണ്ടത് പക്ഷേ രക്ഷിതാക്കളാണ്.
o
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso