Thoughts & Arts
Image

ചിന്തകൾ കിനിയുന്ന തേൻ മധുരം

2025-05-30

Web Design

15 Comments

ഇഅ്ജാസ്
ടി എച്ച് ദാരിമി





അബൂ സഈദ് അൽ ഖുദരി(റ) പറയുന്നു: ഒരിക്കൽ ഒരാൾ നബി തിരുമേനി(സ്വ)യുടെ മുമ്പിൽ വന്നു. തൻ്റെ സഹോദരന് വയറിന് നല്ല സുഖമില്ല എന്നു പറഞ്ഞു കൊണ്ടായിരുന്നു അദ്ദേഹം വന്നത്. നബി(സ്വ) ദീർഘമായി ഒന്നും ആലോചിക്കാതെ 'അവന് തേൻ കൊടുക്കുക' എന്ന് നിർദ്ദേശിച്ചു. അവിടെ നബിക്ക് അല്ലെങ്കിൽ മറ്റേതെങ്കിലും ഒരു ഭിഷഗ്വരന് കൂടുതൽ ചിന്തിക്കേണ്ട ആവശ്യം വരുന്നില്ല. കാരണം ലോകം അത്രമാത്രം ഉപയോഗിച്ചും പരീക്ഷിച്ചും ഉറപ്പുവരുത്തിയ ഒരു കാര്യമാണ് തേനിന്റെ ഔഷധ വീര്യം. മടങ്ങിപ്പോവുകയും സഹോദരന് തേൻ ഔഷധമായി നൽകുകയും ചെയ്ത സ്വഹാബീവര്യൻ വീണ്ടും നബിയുടെ മുമ്പിൽ എത്തി. അപ്പോൾ അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത് തേൻ കൊടുത്തിട്ടും സഹോദരൻ്റെ വയറിൻ്റെ അസുഖത്തിന് ശമനം ഉണ്ടായില്ല എന്നതായിരുന്നു. നബി(സ്വ) തങ്ങൾ വീണ്ടും അദ്ദേഹത്തോട് പറഞ്ഞു: 'അവന് തേൻ കൊടുക്കുക' എന്ന്. നിലവിൽ നിർദ്ദേശിച്ച ചികിത്സയുടെ പരാജയം നബിയുടെ മനോമുകരത്തിൽ ഒട്ടും വരുന്നേയുണ്ടായിരുന്നില്ല. കാരണം തേനിൻ്റെ ഔഷധ ഗുണം അത്രമേൽ വലിയ ഒരു സ്ഥാപിത സത്യമാണ്. മാത്രമല്ല, നബി(സ്വ) തങ്ങൾ ഒരു കാര്യം പറയുമ്പോൾ അത് അല്ലാഹുവിൽ നിന്ന് ലഭിച്ച ബോധനത്തിന്റെ അടിസ്ഥാനത്തിൽ പറയുന്നതാണ്. അതുകൊണ്ട് അതിൽ പിന്നോട്ട് പോവുകയോ വീണ്ടുവിചാരം നടത്തുകയോ ചെയ്യേണ്ടതില്ല. സ്വഹാബി വീണ്ടും പോയി തൻ്റെ സഹോദരന് തേൻ കൊടുത്തു. പക്ഷേ, രോഗം മാറിയില്ല എന്നു മാത്രമല്ല അത് അധികരിക്കുകയും ചെയ്തു. മൂന്നാമതും നബിയുടെ മുമ്പിൽ എത്തിയ സ്വഹാബിയോട് നബി പറഞ്ഞു: 'അല്ലാഹു പറയുന്നത് സത്യമാണ്, പക്ഷേ നിൻ്റെ സഹോദരൻ്റെ വയറ് അത് അംഗീകരിക്കുന്നില്ല, അതുകൊണ്ട് പോയി വീണ്ടും തേൻ കൊടുക്കുക'. ഈ പ്രാവശ്യം നബി പകർന്ന ആ പ്രത്യേക വികാരവുമായി സഹോദരൻ സഹോദരന് തേൻ കൊടുക്കുകയും അസുഖം ഭേദമാവുകയും ചെയ്തു (മുസ്ലിം). തേനിലെ ഔഷധ വീര്യം കുറിക്കുന്നതോടൊപ്പം ആ വീര്യം ഒരുതരം ശങ്കക്കും ഇടയില്ലാത്തതാണ് എന്ന് ഈ സംഭവം തെളിയിക്കുകൈയും ചെയ്യുന്നു. മധുരവും രോഗശാന്തിയും ചിന്തയും സമം നിറച്ച അല്ലാഹുവിൻ്റെ ഒരു സൃഷ്ടിപ്പാണ് തേൻ. അല്ലാഹു അതിനെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്: "നിന്റെ നാഥൻ തേനീച്ചയ്ക്ക് ബോധനം നൽകി: 'മലകൾക്കിടയിലും, വീടുകൾക്കിടയിലും, മരങ്ങൾക്കിടയിലും, അവർ കെട്ടിപ്പൊക്കുന്നവയിലും നീ ഒരുക്കിവെക്കുക. പിന്നെ എല്ലാത്തരം ഫലങ്ങളിൽ നിന്നും നീ ഭക്ഷിക്കുകയും, നിന്റെ നാഥൻ [നിനക്കായി] ഒരുക്കിവെച്ചിരിക്കുന്ന വഴികൾ പിന്തുടരുകയും ചെയ്യുക.' അവയുടെ ഉദരങ്ങളിൽ നിന്ന് വ്യത്യസ്ത നിറങ്ങളിലുള്ള ഒരു പാനീയം പുറപ്പെടുന്നു, അതിൽ മനുഷ്യർക്ക് രോഗശമനമുണ്ട്. തീർച്ചയായും അതിൽ ചിന്തിക്കുന്ന ആളുകൾക്ക് ഒരു ദൃഷ്ടാന്തമുണ്ട്.'' (16: 68-69)


ഈ സൂക്തത്തിൽ തേൻ ഉൽപാദനത്തിന്റെ എല്ലാ ഘട്ടങ്ങളും വളരെ മനോഹരമായി സംഗ്രഹിച്ചിരിക്കുന്നു എന്നതാണ് കൂട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ചിന്ത. അത് ഏത് വിധത്തിലാണ് സംഗ്രഹിച്ചിരിക്കുന്നത് എന്ന അന്വേഷണം തുടങ്ങേണ്ടത് പ്രാണി-പറവകളുടെ കൂട്ടത്തിൽ പലതുകൊണ്ടും വേറിട്ട് നിൽക്കുന്ന ഒരു ജീവിയാണ് തേനീച്ച എന്ന സത്യത്തിൽ നിന്നാണ്. പൊതുവേ, വൃത്തിഹീനമായ സ്ഥലങ്ങളിലും ഇടങ്ങളിലും പാറിപ്പറന്ന് നടക്കുന്ന ഒരു പ്രാണിയുടെ ചിത്രമാണ് ഈച്ച വർഗ്ഗത്തെ കുറിച്ച് പറയുമ്പോൾ തന്നെ നമ്മുടെ മനസ്സുകളിൽ വരുന്നത്. പക്ഷേ, ആ വർഗ്ഗത്തിൽ തേനീച്ച വേറിട്ട് നിൽക്കുന്നു. ശുദ്ധിയും വെടുംപ്പും ഉള്ള സ്ഥലങ്ങളിൽ മാത്രം താമസിക്കുകയും ആഹാരം അന്വേഷിച്ചു ചൊല്ലുകയും ആഹരിക്കുകയും ചെയ്യുന്ന ശുചിത്വ ബോധമുള്ള ഒരു പ്രാണിയാണ് തേനീച്ച. അതുകൊണ്ടെല്ലാം തന്നെ അതിൻ്റെ ആവാസ വ്യവസ്ഥിതി, അതിൻ്റെ അന്ന ശൃംഖല എന്നിവയെല്ലാം വളരെ പ്രധാനമാണ്. ശുദ്ധമായ ഒരു ആവാസ വ്യവസ്ഥിതിയുടെ സ്വാധീനത്താൽ അത് കഴിക്കുന്ന ഭക്ഷണത്തിൻ്റെ ഫലം ഏറെ വീര്യം ഉള്ളതും വിശുദ്ധിയുള്ളതും ആയിത്തീരുന്നു. തേനിൽ വലിയ ഔഷധ വീര്യവും ശക്തിയും കുടികൊള്ളുന്നത് ഈ ശുദ്ധികൾ കാരണമാണ്. പർവത നിരകൾ, വൃക്ഷങ്ങൾ, മനുഷ്യർ കെട്ടി ഉയർത്തുന്ന സ്ഥലങ്ങൾ എന്നിവയാണ് ആവാസത്തിനായി തേനീച്ച അല്ലാഹു നൽകുന്നത്. ഇവ മൂന്നിലൂടെയും ചിന്തയുമായി കടന്നുപോകുമ്പോൾ നാം പറഞ്ഞ വസ്തുത നമുക്ക് തന്നെ ബോധ്യമാകും. സാധാരണഗതിയിൽ മാലിന്യങ്ങൾ വരാനോ അടിഞ്ഞു കൂടാനോ കെട്ടി നിന്ന് അസ്വസ്ഥതയുണ്ടാക്കുവാനോ ഒന്നും ഇടയില്ലാത്ത സ്ഥലങ്ങളാണ് ഇവ. ആദ്യം പറയുന്ന രണ്ടെണ്ണം ഭൂനിരപ്പിൽ നിന്ന് ഉയർന്നു നിൽക്കുന്നതാണ്. അതുകൊണ്ട് സ്വാഭാവിക മാലിന്യങ്ങൾ അവിടെ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. മൂന്നാമത്തേത് മനുഷ്യർ കെട്ടി ഉണ്ടാക്കുന്നതാണ്. മനുഷ്യർ കെട്ടി ഉണ്ടാക്കുന്നത് എന്ന് പറയുമ്പോൾ അതുണ്ടാക്കുന്ന സമയത്ത് നിർമ്മാതാവ് തീർച്ചയായും ശ്രദ്ധ പുലർത്തുമല്ലോ. വൃത്തിഹീനമായ സ്ഥലങ്ങളിലോ വെള്ളത്തിൻ്റെ സാന്നിധ്യമുള്ള സ്ഥലങ്ങളിലോ മറ്റോ തേനീച്ചകൾക്ക് വേണ്ടിയുള്ള പെട്ടിയോ കൂടോ ഒന്നും ഉണ്ടാക്കുകയില്ല. ഈ വിധത്തിലാണ് അതിന്റെ ആവാസ വ്യവസ്ഥയെ അള്ളാഹു വിശുദ്ധ വൽക്കരിച്ചിരിക്കുന്നത്. മാത്രമല്ല ഇത് ഒരു നിർദ്ദേശമായി അവയ്ക്ക് നൽകപ്പെടുകയല്ല, മറിച്ച് ഒരു അവബോധം ആക്കി അവരുടെ മനസ്സിൽ അല്ലാഹു അത് നിക്ഷേപിച്ചു വച്ചിരിക്കുകയാണ്. 'ഔഹാ' എന്ന പ്രയോഗത്തിൽ നിന്ന് അതാണ് മനസ്സിലാക്കാനുള്ളത്. ഇത്രയും ശുദ്ധമായ പരിസരത്ത് താമസിക്കുന്നവയിൽ നിന്ന് ഉണ്ടാകുന്ന എന്തിനും അതിൻ്റേതായ വീര്യം ഉണ്ടാകും എന്നത് ഉറപ്പാണ്.


തുടർന്ന് വിവരിക്കുന്നത് അവയുടെ ആഹാരത്തെ കുറിച്ചാണ്. അതിന് അല്ലാഹു നൽകുന്ന നിർദ്ദേശം എല്ലാ ഫലവർഗങ്ങളിൽ നിന്നും ആഹരിക്കുക എന്നതാണ്. പൂക്കളിലെ മധുവാണ് പ്രധാനമായും അവ ഭക്ഷിക്കുന്നത്. പൂമ്പൊടിയും മധുവും നുകർന്ന് അത് തേനായി മാറുകയാണ് ചെയ്യുന്നത്. ഇവിടെയും ഒരു ചെടിയുടെയോ വൃക്ഷത്തിന്റെയോ ഏറ്റവും സരളവും തരളിതവുമായ ഭാഗം അതിൻ്റെ പൂവാണ് എന്ന് നമുക്കറിയാം. പൂവ് വിശുദ്ധിയുടേതെ ന്നത് പോലെ നിഷ്കളങ്കതയുടെയും മധുരത്തിന്റെയും മനോഹാരിതയുടെയും എല്ലാം പ്രതീകമാണ്. അതോടെ വിശുദ്ധ ആവാസ വ്യവസ്ഥിതിയിൽ കഴിയുന്ന തേനീച്ച വിശുദ്ധമായ ഭക്ഷണം കഴിക്കുന്നു എന്ന് നമുക്ക് പറയാനാകുന്നു. അതിൽ നിന്നാണ് തേൻ ഉണ്ടാകുന്നത്. തേൻ പക്ഷേ ഈ മധുവും പൂമ്പൊടിയുമെല്ലാം മിശ്രിതമായി മാറി ഉണ്ടാവുകയില്ല. മറിച്ച്, തേനീച്ചയുടെ ഉള്ളിൽ നിന്ന് ഏതൊക്കെയോ ഘടകങ്ങൾ ഇതിൽ ചേരുന്നുണ്ട്. പൂവുകളിൽ നിന്ന് പൂന്തേൻ സംഘടിപ്പിച്ച് കൃത്രിമമായി മനുഷ്യന് തേൻ നിർമ്മിക്കാൻ സാധിക്കുകയില്ല. അതിൻ്റെ വയറ്റിൽ നിന്ന് പുറത്തുനിന്ന് ശേഖരിച്ച് മധുവിൽ കലരുന്ന ഘടകങ്ങളാണ് അതിന് ഔഷധ വീര്യം നൽകുന്നത്. അതായത് തേനീച്ച ഇല്ലാതെ തേൻ ഉണ്ടാവുകയോ അതിന് ഔഷധ വീര്യം നൽകുകയോ ചെയ്യാൻ കഴിയില്ല എന്നർത്ഥം. ഈ ചെറിയ പ്രാണിയോട് ഉള്ള ആശ്രിതത്വം അരക്കിട്ടുറപ്പിക്കുകയാണ് അല്ലാഹു ഇവിടെ ചെയ്യുന്നത്. മറ്റൊരത്ഭുതം കൂടി ഈ പ്രയോഗത്തിന്റെ ഉള്ളിൽ ഉണ്ട് അത് 'അവളുടെ ഉദരങ്ങളില്‍ നിന്ന്‌ വ്യത്യസ്ത വര്‍ണങ്ങളുള്ള പാനീയം (തേൻ) പുറത്ത്‌ വരുന്നു' എന്ന പ്രയോഗത്തിലാണ് കുടികൊള്ളുന്നത്. ഇവിടെ ഖുർആൻ ഉപയോഗിച്ചത് ഉദരങ്ങളിൽ നിന്ന് എന്ന് ബഹുവചനം ആയി ആണ് പ്രയോഗിച്ചിരിക്കുന്നത്. അല്ലാതെ ഉദരത്തിൽ നിന്ന് എന്നല്ല. തേനീച്ചകൾക്ക് രണ്ട് ആമാശയങ്ങൾ ഉണ്ട് എന്നത് ഈ അടുത്തായി ശാസ്ത്രീയമായി കണ്ടെത്തുകയും സ്ഥാപിക്കപ്പെടുകയും ചെയ്തത് ചേർത്ത് വായിക്കുമ്പോഴാണ് നമുക്ക് വിശുദ്ധ ഖുർആനിൻ്റെ പ്രയോഗത്തിലെ അമാനുഷികത മനസ്സിലാവുക. തേനീച്ചയുടെ ദഹന വ്യവസ്ഥയുടെ ഭൂരിഭാഗവും നടക്കുന്നത് തേൻ ആമാശയത്തിലും യഥാർത്ഥ ആമാശയത്തിലും രണ്ടിലുമായിട്ടാണ്. ഒന്നാമത്തേതിന് നോർമൽ സ്റ്റോമക് എന്ന് പറയുമ്പോൾ രണ്ടാമത്തേതിന് ഹണി സ്റ്റോമക് അതായത് വെൻട്രിക്യുലസ് എന്നു പറയുന്നു. തേനീച്ചകളുടെ ജീവിതത്തിൽ ഇത്രമാത്രം അത്ഭുതങ്ങളും ചിന്താവിഷയങ്ങളും അല്ലാഹു നിറച്ചു വെച്ചിരിക്കുന്നു കാലം പുരോഗതിപ്പെടുമ്പോൾ അതിലേക്ക് മനുഷ്യന്മാർ തങ്ങളുടെ ചിന്തകളും നിരീക്ഷണങ്ങളും പഠനങ്ങളുമായി എത്തിച്ചേരുകയും അങ്ങനെ ഓരോ കാലത്തെയും വിശുദ്ധ ഖുർആൻ അത്ഭുതപ്പെടുത്തുകയും ചെയ്യുന്നു. 1973 ൽ Karl von frisch എന്ന ശാസ്ത്രജ്ഞൻ നോവൽ നോബൽ സമ്മാനം നേടിയത് അത്ഭുതപ്പെടുത്തുന്ന ഈ പഠനങ്ങൾക്കായിരുന്നു. അതിലേറെ കൗതുകം അദ്ദേഹം കണ്ടെത്തുകയും സ്ഥാപിക്കുകയും ചെയ്ത ഈ അത്ഭുതങ്ങൾ ഓരോന്നും വിശുദ്ധ ഖുർആനിൽ നിന്ന് പെറുക്കി എടുക്കാവുന്ന വിധത്തിലുള്ളതായിരുന്നു എന്നതാണ്.


തേനിനെ കുറിച്ച് അതിൽ ഔഷധം ഉണ്ട് എന്നാണ് വിശുദ്ധ ഖുർആനിൻ്റെ പ്രസ്താവം. ആ ഔഷധ വീര്യത്തിന്റെ പശ്ചാത്തല കാര്യകാരണങ്ങളാണ് മേൽ നാം പറഞ്ഞത്. ഒരു കണിക തേനിലേക്ക് ഇറങ്ങിയാൽ ഇനിയും ഒരുപാട് അത്ഭുതങ്ങൾ നമുക്ക് കാണാനാകും. തേനിന്റെ അത്ഭുതകരമായ ഗുണത്തെ സംബന്ധിച്ച അറിവ് നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ജനങ്ങൾക്കുണ്ടായിരുന്നുവെങ്കിലും അവയെ സംബന്ധിച്ച പഠനങ്ങൾ ആരംഭിച്ചത് പതിനേഴാം നൂറ്റാണ്ടിലാണ്. മനുഷ്യർക്കിടയിൽ അന്വേഷണ ത്വര വികാസം പ്രാപിക്കുന്നതും കൃത്യമായി പറഞ്ഞാൽ ഈ കാലത്ത് തന്നെയാണ്. തേൻ സ്വയം തന്നെ ഒരു ഔഷധമാണ്. ഫലങ്ങളിലെയും പൂക്കളിലെയും ഔഷധ ഗുണങ്ങളെല്ലാം തേനിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് എല്ലാ കാലത്തും മനുഷ്യൻ്റെ ആദ്യത്തെ ഔഷധ ചിന്ത കടന്നു ചെല്ലുമായിരുന്നത് തേനിലേക്കായിരുന്നു. ഈജിപ്ഷൻ സംസ്കാരത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ഔഷധമായിരുന്നു തേൻ. തേൻ എന്ന ഒറ്റമൂലിയിൽ ഏറെ പ്രാധാന്യമുള്ള അൻപതോളം രാസപദാർത്ഥങ്ങളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട് എന്നാണ് ശാസ്ത്രം. മനുഷ്യൻ്റെ ആന്തരികമായ രോഗശമനം മാത്രമല്ല അവൻ്റെ തൊലിപ്പുറത്ത് ഉണ്ടാകുന്ന രോഗങ്ങൾക്ക് വരെ തേൻ ശമനമാണ്. ഉദാഹരണമായി, മുറിവ് ഉണക്കാൻ ആവശ്യമായ ഹൈഡ്രജൻ ഫെറോക്സൈഡ് തേനിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. തേനീച്ചയുടെ ശരീരത്തിലെ പ്രത്യേക ജീനുകളാണ് അവയെ തേൻ സമ്പാദിക്കാൻ പ്രചോദിപ്പിക്കുന്നത്. ഏതു മേഖലയിലാണ്, ഏത് തരം ചെടികളാണ് പുഷ്പിക്കുന്നത് എന്ന് ഈ ജീനുകളുടെ സഹായത്താൽ തേനീച്ചകൾ മനസ്സിലാക്കുന്നു. അതിനു സമാനമായ ചില ജീനുകളുടെ സഹായത്തോടെ ആ പൂക്കളുടെ ഗന്ധം പിടിച്ചെടുത്തു ഗന്ധത്തെ പിന്തുടർ പൂവിൻ്റെ അടുത്തേക്ക് എത്തിച്ചേരുന്നു. അല്ലാഹു അവയ്ക്ക് നൽകിയ ബോധനമാണ് ഇതെല്ലാം. തേനിൽ 38 ശതമാനം ഫ്രക്ടോസ്, 31 ശതമാനം ഗ്ലൂക്കോസ്, 17 ശതമാനം ജലാംശം, രണ്ട് ശതമാനം സാക്രോസ് എന്നിങ്ങനെയാണ് അതിന്റെ ഘടന. ഇതിലെ ഫ്രക്ടോസും ഗ്ലൂക്കോസും ഊർജ്ജദായനികളാണ് എന്ന് നമുക്കറിയാം. അതിനാൽ തേൻ ഒരു ഊർജ്ജ ലായനി കൂടിയായി മാറുന്നു. രോഗത്തിന് വേണ്ടി അല്ലാതെയും കഴിക്കാവുന്ന ഒന്നാണ് തേൻ എന്നർത്ഥം.


ഒരു തുള്ളി തേൻ ഉത്പാദിപ്പിക്കുവാൻ നൂറുകണക്കിന് പൂക്കളിൽ അത് കയറിയിറങ്ങുന്നുണ്ട് എന്ന് പറയുമ്പോൾ തേനീച്ചയുടെ തേൻ ഉൽപാദിപ്പിക്കാനുള്ള അത്ഭുതകരമായ പരിശ്രമം നമ്മെ അത്ഭുതപ്പെടുത്തും. പൂക്കളിൽ നിന്ന് വലിച്ചെടുക്കുന്ന തേൻ തന്റെ ഉമിനീരുമായി കൂട്ടിക്കലർത്തിയാണ് തേനീച്ച വയറ്റിലേക്ക് ഇറക്കുന്നത്. അത് കലർത്തുന്നത് വെറും ഉമിനീർ അല്ല. മറിച്ച്, പൂക്കളിൽ നിന്ന് ശേഖരിച്ച മധുവിനെ ഗ്ലൂക്കോസും പ്രാക്ടോസും ആക്കി മാറ്റുവാൻ കഴിയുന്ന ഒരു ഘടകം അതിൽ അടങ്ങിയിട്ടുണ്ട്. ആന്തരികമായ ഈ പ്രവർത്തനങ്ങൾക്ക് പൂക്കളിൽ നിന്ന് ശേഖരിച്ച് മധുവിനെ വിധേയമാക്കിയതിനുശേഷം അവയുടെ കൂട്ടിൽ ഒരുക്കിവെച്ച തേനറകളിലേക്ക് തികട്ടുകയാണ് ചെയ്യുന്നത്. തുടർന്ന് അതിൻ്റെ സമീപത്തു തന്നെ ഇരുന്ന് ചിറകടിച്ച് തികട്ടിയ തേനിൽ ചേർന്ന ജലാംശത്തെ ബാഷ്പീകരിക്കുന്നു. ഇങ്ങനെ ബാഷ്പീകരിച്ചു കിട്ടുന്നതാണ് ഔഷധ വീര്യമുള്ള തേൻ.


ഉദരസംബന്ധമായ അസുഖങ്ങൾ, മലബന്ധം, നേത്രരോഗങ്ങൾ, മുറിവുകൾ, തീ പൊള്ളൽ, ചുമ, ജലദോഷം തുടങ്ങിയവക്ക് ഉത്തമ ഔഷധമാണ് തേൻ. അമിതവണ്ണം കുറക്കുന്നതിന് വെള്ളത്തിൽ കലർത്തി തേൻ കുടിക്കുന്നത് ഏറെ ഗുണകരമാണ്. ഭക്ഷണത്തിലൂടെയും മറ്റുമായി ഉദരത്തിൽ എത്തുന്ന വിഷാംശങ്ങളെ നശിപ്പിക്കുവാനും തേനിന് ശക്തിയുണ്ട്. ഓർമ്മശക്തി വർദ്ധിപ്പിക്കുവാനും ചില ചർമ്മ രോഗങ്ങൾക്ക് ശമനം നേടുവാനും ഉറക്കം വേണ്ടവിധം ലഭിക്കുന്നതിനും തേൻ നല്ലതാണ് എന്ന് അനുഭവസ്ഥർ പറയുന്നു. തേനിന്റെ ഔഷധവീര്യം ലോകം അറിയുന്നതുതന്നെ വിശുദ്ധ ഖുർആൻ അതിനെക്കുറിച്ച് രോഗശാന്തി അതിലുണ്ട് എന്ന് പ്രഖ്യാപിച്ചതിലൂടെയാണ്. നബി തിരുമേനിയുടെ ചികിത്സകളിൽ നല്ലൊരു ഭാഗവും തേൻ എന്ന ഔഷധം കൊണ്ടുള്ളതായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിൽ മുറിവേറ്റവരെ ഏറ്റവും ഫലപ്രദമായി ചികിത്സിച്ചത് തേൻ കൊണ്ടായിരുന്നു. ഗുണനിലവാരത്തിൽ വ്യത്യസ്തത പുലർത്തുന്ന തേനുകളുണ്ട്. ഇതിലേക്കും വിശുദ്ധ ഖുർആൻ വിരൽ ചൂണ്ടുന്നുണ്ട് എന്നത് മറ്റൊരു കൗതുകം. കാരണം അല്ലാഹു ഇടക്ക് തേനിനെ വിശേഷിപ്പിക്കുന്നത് 'വ്യത്യസ്തമായ നിറങ്ങൾ ഉള്ള' എന്നാണ്. ആ വൈവിധ്യം പ്രകടമാകുന്നത് അതിൻറെ നിറങ്ങളിലാണ്. നിറങ്ങളെ ആശ്രയിച്ചു തന്നെ തേനിലെ വ്യത്യസ്ത നിലകളിലുള്ള ഔഷധ വീര്യത്തെ തരം തിരിക്കാം എന്ന് ഈ മേഖലയിലുള്ള പഠനങ്ങൾ പറയുന്നു. ചെടികളും പൂക്കളും നിറഞ്ഞ പ്രദേശങ്ങളിൽ നിന്ന് ലഭിക്കുന്ന തേനിന് ഏറെ ഔഷധഗുണം ഉണ്ടായിരിക്കും. വസന്തകാലത്ത് ഉണ്ടാകുന്ന തേനിനാണ് ഔഷധഗുണം കൂടുതലുള്ളത് എന്ന് ഈ മേഖലയിലുള്ളവർ പറയുന്നു. ഒരു കിലോ തേൻ 5 ലിറ്റർ പാൽ, 26 ഏത്തപ്പഴം, 60 ഓറഞ്ച്, 50 മുട്ട എന്നിവയുടെ മൊത്തത്തിലുള്ള ഔഷധ മൂല്യത്തിന് തുല്യമാണ്.


പഞ്ചസാരക്ക് ബദലായി ഉപയോഗിക്കാവുന്ന പ്രകൃതിദത്ത ബദലാണ് തേൻ. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ, ഫൈബർ എന്നിവയുടെ മികച്ച സ്രോതസാണ് തേൻ. അതിനാൽ തന്നെ മിതമായ അളവിൽ കഴിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യും. തേനിന് പഞ്ചസാരയെ അപേക്ഷിച്ച് താഴ്ന്ന ഗ്ലൈസമിക് സൂചികയുണ്ട്. ചൂടുകാലരോഗങ്ങളിൽ നിന്നും ശരീരത്തെ സംരംക്ഷിക്കാനും പ്രതിരോധശേഷി കൂട്ടാനും തേനിന് കഴിയും. ആന്റിമൈക്രോബയൽ, ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയ തേനിന് തൊണ്ടവേദന, ജലദോഷം എന്നിവയെ ശമിപ്പിക്കാനുള്ള കഴിവുണ്ട്. പ്രകൃതിദത്തമായ ഒരു ആന്റിബയോട്ടിക് കൂടിയാണ് തേൻ. പൊള്ളലേറ്റ മുറിവുകളെ അണുവിമുക്തമാക്കാനും ഇവ നല്ലതാണ്. തേനില്‍ അടങ്ങിയ ഉയര്‍ന്ന അമ്ലത ബാക്ടീരിയയുടെ പ്രത്യുല്‍പാദനത്തിനാവശ്യമായ നൈട്രജനെ സ്വയം ആഗിരണം ചെയ്‌തെടുക്കുന്നു. ഈ വിശിഷ്ടഗുണം കാരണമാണ് ശുദ്ധ തേന്‍ ദീര്‍ഘകാലം കേടുവരാതെ സൂക്ഷിക്കാന്‍ സാധിക്കുന്നത്. ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും മഹോദരത്തിനും അള്‍സറിനും തേന്‍ പ്രതിവിധിയാണ്. ഭക്ഷണത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് തേന്‍ വെള്ളം ചേര്‍ത്ത് കഴിക്കുന്നത് നെഞ്ചെരിച്ചലിനും ഉദരവേദനക്കും സിദ്ധൗഷമാണ്. ആമാശയത്തിലെ അമിത അമ്ലസ്രവത്തെ തേന്‍ പ്രതിരോധിക്കുന്നു.


തേനിന്റെ ഗുണങ്ങളെ നബി(സ) പലപ്പോഴും പ്രകീർത്തിച്ചിട്ടുണ്ട്. ഒരു ഹദീസിൽ ഇങ്ങനെ പറയുന്നു, 'രണ്ട് പ്രതിവിധികൾ ഉപയോഗിക്കുക: തേനും ഖുർആനും.' [തിർമിദി].
0

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso