

ആത്മനിർവൃതിയുടെ പത്തുനാൾ
2025-05-30
Web Design
15 Comments
മുഹമ്മദ് നിസാമി തയ്യിൽ
വെള്ളിപ്രഭാതം
ഇസ്ലാം മത വിശ്വാസികളുടെ ആത്മീയത നിലനിർത്തുവാനും വളർത്തുവാനും സൃഷ്ടാവായ അല്ലാഹു ചെയ്തു വച്ചിരിക്കുന്ന ചില കാര്യങ്ങളുണ്ട്. അവയിൽ ഒന്നാണ്, മനുഷ്യൻ്റെ ജീവിതയാത്രയിൽ ഇടയ്ക്കിടെ സവിശേഷതയുള്ള അവസരങ്ങൾ നൽകുകയും ആ അവസരങ്ങൾ ഉപയോഗപ്പെടുത്തുന്നതിന് വലിയ പ്രതിഫലം നൽകുകയും ചെയ്യുക എന്നത്. അകത്തെ ആത്മീയതയ്ക്ക് കാലത്തിൻ്റെ ഗമനത്തിനിടയിൽപ്പെട്ട് എന്തെങ്കിലും പരിക്കുകളോ ന്യൂനതകളോ പറ്റിയിട്ടുണ്ടെങ്കിൽ അവയെ പരിഹരിക്കുക കൂടി ഈ അവസങ്ങളുടെ ലക്ഷ്യമാണ്. വർഷത്തിലെ ഒരു റമദാൻ മാസം, ആഴ്ചയിലെ ഒരു വെള്ളിയാഴ്ച ദിവസം, ഓരോ ദിവസത്തെയും രാത്രിയുടെ അവസാന യാമങ്ങൾ, ഓരോ നിസ്കാരത്തിന്റെയും ശേഷമുള്ള സമയങ്ങൾ തുടങ്ങിയവ ഈ അവസരങ്ങൾക്ക് ഉദാഹരണമാണ്. ഈ പട്ടികയിൽ പെട്ട മറ്റൊന്നാണ് സവിശേഷമായ മൂന്ന് പത്തുകൾ. കർമ്മങ്ങൾക്ക് അനന്യമായ സ്വീകാര്യതയും പ്രതിഫലവും ഉള്ള പത്തുകളിൽ ഒന്നിലാണ് നാം ഒരിക്കൽ കൂടി എത്തിച്ചേർന്നിരിക്കുന്നത്. കാരണം ദുൽഹിജ്ജ മാസത്തിലെ ആദ്യത്തെ പത്തു നാളുകൾ, റമദാൻ മാസത്തിലെ അവസാനത്തെ 10 നാളുകൾ, മുഹറം മാസത്തിലെ ആദ്യത്തെ പത്തു നാളുകൾ എന്നിവയാണ് അവ. സൂറത്തുൽ ഫജ്റിലെ 'പത്തു രാവുകൾ തന്നെയാണ് സത്യം' എന്ന സൂക്തത്തിൽ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് ദുൽഹിജ്ജ ആദ്യത്തിലെ പത്തു ദിനങ്ങളാണ് എന്നാണ് മിക്ക മുഫസ്സിറുകളുടെയും പക്ഷം. അങ്ങനെയാണെങ്കിൽ ഈ ദിനങ്ങളെ അല്ലാഹു പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്നു. എല്ലാ ദിനങ്ങളുടെയും ഉടമ ചില ദിനങ്ങളെ അടിവരയിട്ട് പറയുമ്പോൾ അത് അതിൻ്റെ സവിശേഷത കൊണ്ട് തന്നെയാണ് എന്നത് ആർക്കും മനസ്സിലാക്കാവുന്നതാണ്. ഈ സവിശേഷതയെ ഉപയോഗപ്പെടുത്തുവാൻ വിശ്വാസികൾ എന്തെല്ലാം ചെയ്യണം എന്ന് നബി തിരുമേനി(സ്വ) പറഞ്ഞുതന്നിട്ടുണ്ട്. അത് പ്രധാനമായും മൂന്നു കാര്യങ്ങളാണ്. പ്രസ്തുത മൂന്നു കാര്യങ്ങൾ പരിപൂർണ്ണമായ പ്രതിഫലേച്ചയോടു കൂടെയും സമർപ്പണ മനസ്സോടെ കൂടെയും നിർവഹിക്കുമ്പോൾ അത് വിശ്വാസിക്ക് വലിയ ഒരു നീക്കിയിരിപ്പായി മാറുന്നു.
അവയിൽ ഒന്നാമത്തേതും അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ളതുമായ കർമ്മം ഉളുഹിയ്യത്താണ്. കാരണം, നബി തിരുമേനി(സ്വ) പറഞ്ഞു: 'പെരുന്നാൾ ദിനത്തിൽ ബലിദാനത്തേക്കാൾ ശ്രേഷ്ഠമായ മറ്റൊരു കർമ്മവും ഒരു വിശ്വാസിക്ക് ചെയ്യുവാനില്ല. തീർച്ചയായും ആ ബലി മൃഗം അതിൻ്റെ കൊമ്പുകളും രോമങ്ങളും കുളമ്പുകളും സഹിതം അന്ത്യനാളിൽ ഹാജരാവുക തന്നെ ചെയ്യും. തീർച്ചയായും ബലി മൃഗത്തിൻ്റെ രക്തം നിലത്ത് വീഴുന്നതിനു മുമ്പ് അല്ലാഹുവിൻ്റെ അടുക്കൽ അത് ഒരു വലിയ സ്ഥാനത്ത് വീഴും. അതിനാൽ നിങ്ങൾ സന്മനസ്സോടെ അത് നിർവഹിക്കുക' (മുസ്ലിം). ഹജ്ജും ബലിപെരുന്നാളും എല്ലാം ഒരേപോലെ ഉൾക്കൊള്ളുന്നതും ഓർമിപ്പിക്കുന്നതും മഹാനായ ഇബ്രാഹിം നബിയുടെ ത്യാഗത്തെയാണ്. ഇബ്രാഹിം നബിയുടെ ത്യാഗ ബോധം വിശ്വാസികളുടെ ലോകത്തിൽ എക്കാലവും നിലനിൽക്കേണ്ട ഒന്നാണ്. അതു നിലനിൽക്കുവാൻ അല്ലാഹു രണ്ടു കാര്യങ്ങൾ ചെയ്തു വെച്ചതായി കാണാം. ഒന്നാമതായി, അദ്ദേഹത്തെ ജനങ്ങൾക്ക് മുഴുവനും ഉള്ള ഇമാമായി പ്രതിഷ്ഠിച്ചു. (അൽ ബഖറ: 124). രണ്ടാമതായി അദ്ദേഹത്തിൻ്റെ ത്യാഗത്തെ അനുസ്മരിക്കും വിധമുള്ള ആരാധനയായി വിശ്വാസികൾക്ക് ഹജ്ജ് നിർബന്ധമാക്കുകയും ചെയ്തു. ഇക്കാരണത്താലെല്ലാം ഇബ്രാഹിം നബിയുടെ ത്യാഗം മനസ്സാ വരിക്കുകയും ആ ഓർമ്മകൾ എപ്പോഴും പുതുക്കി കൊണ്ടിരിക്കുകയും ചെയ്യുകയാണ് ബലിപെരുന്നാളിന്റെ ആശയം. ആ ഓർമ്മകളിലാവട്ടെ മഹാനവർകളുടെ ജീവിതം നേരിട്ട പ്രതിസന്ധികളെ അതിജയിച്ച ഒരുപാട് സംഭവങ്ങൾ ഉണ്ട്. ആ കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ടത്, തന്റെ സ്വന്തം മകനെ ബലി നൽകാനുള്ള അല്ലാഹുവിൻ്റെ നിർദ്ദേശമായിരുന്നു. കാരണം, അത് ഏറെ മാനസികമായ വേദനക്ക് വഴിവെച്ച സംഭവമായിരുന്നു. പ്രായാധിക്യത്തിൽ തനിക്ക് കിട്ടിയ മകനെയായിരുന്നു ബലി നൽകാൻ അല്ലാഹു നിശ്ചയിച്ചത്. അതോടൊപ്പം ഈ മകനെ മറ്റു മക്കളെ പോലെ ഓമനിക്കുവാനോ ലാളിക്കുവാനോ ഒന്നും അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല എന്നതിൻ്റെ കുറ്റബോധം മനസ്സിൽ ഒരു വിങ്ങലായി കിടക്കുന്നുണ്ടായിരുന്നു. മറ്റൊരു വശത്ത് ഈ മകൻ മാത്രമാണ് അവൻ്റെ ഉമ്മയുടെ പ്രധാന ആശ്രയമായി തീരാനുള്ളത് എന്ന വസ്തുത സജീവമായിരുന്നു. ഇത്തരത്തിലുള്ള വികാരങ്ങളെയെല്ലാം മറികടന്ന് വേണ്ടിയിരുന്നു അദ്ദേഹത്തിന് സ്വന്തം മകനെ ബലി നൽകുവാൻ. ഏതു പിതാവിൻറെയും മനസ്സിനെ മരവിപ്പിച്ചു നിർത്തുന്ന ഇത്തരം വികാരങ്ങളെ വകഞ്ഞു മാറ്റിക്കൊണ്ട് അദ്ദേഹം അതിനെ തയ്യാറാവുക തന്നെ ചെയ്തു എന്നതുകൊണ്ടു തന്നെയാണ് ഈ പെരുന്നാളിന്റെയും പെരുന്നാൾ ദിനത്തിന്റെയും ഏറ്റവും വലിയ വികാരവും കർമ്മവും ആയി ബലി മാറുന്നത്.
ഈ ആശയങ്ങളോട് എല്ലാം നീതി പുലർത്തുവാൻ ഏറ്റവും നല്ല ബലി മൃഗത്തെ ഏറ്റവും ഉന്നതമായ വികാരത്തോടു കൂടെ ബലി നൽകുവാൻ തന്നെ വിശ്വാസികൾ തയ്യാറാകേണ്ടതുണ്ട്. അതുകൊണ്ടാണ് പ്രമാണങ്ങളെ വ്യാഖ്യാനിച്ച് നമ്മെ പഠിപ്പിച്ച നബി തിരുമേനി(സ്വ)യും പിന്നീട് വന്ന ഉലമാക്കളും ഉളുഹിയ്യത്തിൻ്റെ കാര്യത്തിൽ വലിയ ഇടപെടലുകൾ നടത്തിയത്. ഏതെങ്കിലും ഒരു മൃഗത്തെ എങ്ങനെയെങ്കിലും ബലി നൽകിയാൽ പോരാ. മറിച്ച് മനുഷ്യൻ്റെ അന്ന ശൃംഖലയിൽ പ്രധാന സ്ഥാനം വഹിക്കുന്ന ആട്, മാട്, ഒട്ടകം എന്നിവകളിൽ ഏതെങ്കിലും ഒന്നിനെ തന്നെയാണ് ബലി നൽകേണ്ടത്. അത് തന്നെ ഏറെ ചെറിയതോ പ്രായം ചെന്ന് ക്ഷീണിച്ചതോ അംഗവൈകല്യങ്ങൾ ഉള്ളതോ വിലയെ ബാധിക്കുന്ന മറ്റു ന്യൂനതകൾ ഉള്ളതോ ഒന്നും ആവാൻ പാടില്ല എന്നും രണ്ട് വയസ്സ് എന്ന മിത പ്രായം തികഞ്ഞതായിരിക്കണം എന്നും പണ്ഡിതന്മാർ പറഞ്ഞത്. ഒട്ടകത്തിന് ആയുഷ് ദൈർഘ്യം കൂടുതലായതിനാൽ ഈ പ്രായം അഞ്ചുവയസ്സാണ്. പെണ്ണിനെ പറ്റില്ല എന്നൊന്നുമില്ല എങ്കിലും അതിന് ഈ പ്രായത്തിൽ ഗർഭം ഉണ്ടാവാനുള്ള സാധ്യതയെ പരിഗണിച്ചുകൊണ്ട് ആണാണ് നല്ലത് എന്നും അവർ പറഞ്ഞിട്ടുണ്ട്. ഈ പറഞ്ഞ കർമ്മ ശാസ്ത്ര ഉപാധികൾ സങ്കൽപ്പിക്കുമ്പോൾ നമ്മുടെ മുമ്പിൽ നല്ല ഓജസ്സും ഉന്മേഷവും ഉള്ള ഒരു മൃഗമാണ് തെളിയുക. ഈ ഉന്മേഷവും ശൂരത്വവും പ്രധാനമാണ്. കാരണം ഈ മൃഗം സ്വർഗ്ഗത്തിലേക്കുള്ള തൻ്റെ വാഹനമായിരിക്കും എന്നു വരെ തിരുവചനങ്ങളിൽ വന്നിട്ടുണ്ട്. പിന്നെ ഈ പ്രായത്തിലും വിധത്തിലുമുള്ള മൃഗം സാധാരണ നിലയിൽ കൂട്ടത്തിൽ ഏറ്റവും വിലയുള്ളതായിരിക്കും. അല്ലാഹുവിന് സമർപ്പിക്കുന്നത് ഏറ്റവും വിലപ്പെട്ടതായിരിക്കണമല്ലോ. മാടുകളോ ഒട്ടകമോ ആണെങ്കിൽ അതിന് വരുന്ന സാമ്പത്തിക ബാധ്യതയെ മാനിച്ചുകൊണ്ട് പണ്ഡിതന്മാർ അതിനെ എഴ് ആടുകളായി വിഭജിച്ചിട്ടുണ്ട്. അഥവാ അതിൽ ആ വിധത്തിൽ ഏഴുപേർക്ക് വരെ പങ്കാളികളാകാം. ബലിയുടെ സമർപ്പണ മനസ്സ് ഏറെ പ്രധാനമാണ്. അത് തീരുമാനമെടുക്കുന്നത് മുതൽ അറവ് വരെ നീണ്ടുനിൽക്കുന്നതായിരിക്കണം. അതുകൊണ്ട് മൃഗത്തെ കണ്ടെത്തി നിശ്ചയിക്കുന്ന സമയത്ത് തന്നെ ഉളുഹിയ്യത്ത് കരുതേണ്ടതുണ്ട്. ഉളുഹിയ്യത്ത് പൊതുവേ സുന്നത്ത് ആണല്ലോ. അതുകൊണ്ട് 'സുന്നത്തായ' എന്നുതന്നെ വേർതിരിച്ച് കരുതണം. അല്ലെങ്കിൽ അത് നിർബന്ധമായി പോകും. നിർബന്ധമാകുന്നതിൽ കുഴപ്പമൊന്നുമില്ല. പക്ഷേ അതിൻ്റെ മാംസം വിതരണം ചെയ്യുന്നിടത്ത് ചില പ്രത്യേക നിയമങ്ങൾ പാലിക്കേണ്ടിവരും എന്നു മാത്രം.
പെരുന്നാളിന്റെ അന്നുതന്നെ പെരുന്നാൾ നിസ്കാരവും ഖുതുബയും കഴിഞ്ഞിട്ട് പകൽ തന്നെ അറുക്കുന്നതാണ് ഏറ്റവും ഉത്തമം. അയ്യാമുത്തശ്‌രീഖിൻ്റെ മൂന്ന് ദിവസങ്ങളിലും അറുക്കാവുന്നതാണ്. പരിഗണിക്കേണ്ട പ്രത്യേക കാരണം ഒന്നുമില്ലെങ്കിൽ രാത്രി അറുക്കുന്നത് നല്ലതല്ല. സാധാരണഗതിയിലുള്ള സുന്നത്തായ ഉള്ഹിയ്യത്ത് ആണെങ്കിൽ ഉടമ അല്പം ഭക്ഷിക്കുകയും ബാക്കിയുള്ളത് കുബേര-കുചേല വ്യത്യാസമില്ലാതെ എല്ലാ മുസ്ലിംകൾക്കും വിതരണം ചെയ്യുകയുമാണ് വേണ്ടത്. മൂന്നിൽ രണ്ടെങ്കിലും ദാനം ചെയ്യുന്നത് അഭികാമ്യമാണ് എന്ന് പല പണ്ഡിതരും പറഞ്ഞിട്ടുണ്ട്. ഇത് മതപരമായ ഒരു ആരാധനയും വൈകാരിക സ്വാംശീകരണവും ആണ്. അതിനാൽ അതിൽ നിന്ന് അവിശ്വാസികൾക്ക് നൽകുന്നതോ അവരെ അത് ഉപയോഗിച്ച് സൽക്കരിക്കുന്നതോ അനുവദനീയമാവില്ല. ബലി മൃഗത്തിൻ്റെ തോൽ സ്വന്തം ആവശ്യത്തിന് വേണ്ടി ഉപയോഗിക്കുകയോ ആർക്കെങ്കിലും ദാനം ചെയ്യുകയോ മാത്രമേ പാടുള്ളൂ. നിയ്യത്തിന്റെയും മാനസിക സമർപ്പണ മനോഭാവത്തിന്റെയും ഭാഗമാണ് ബലി ഉദ്ദേശിക്കുന്നവർ ഹജ്ജ് മാസം ഒന്നു മുതൽ ബലി അറക്കുന്നത് വരെ ശരീരത്തിലെ സ്വാഭാവിക രോമങ്ങളും നഖങ്ങളും നീക്കം ചെയ്യരുത് എന്നത്. അതൊക്കെ കൂടി ഈ പ്രതിഫലം ലഭിക്കുവാൻ വേണ്ടിയാണ് ഇങ്ങനെ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. പണം നൽകിയത് അറുക്കുവാൻ ആരെയെങ്കിലും ചുമതലപ്പെടുത്തുന്ന പ്രവാസികൾ പ്രസ്തുത കർമ്മത്തിന്റെ ഓരോ ഘട്ടത്തിലും വക്കാലത്ത് നൽകുന്നത് മറക്കാൻ പാടില്ല.
രണ്ടാമത്തെ കാര്യം അറഫാ ദിനമാണ്. ഹജ്ജ് ചെയ്തുകൊണ്ടിരിക്കുന്നവർക്ക് അറഫാ ദിനം തന്നെയാണ് ഹജ്ജ്. അന്നവർക്ക് അറഫയിൽ കൃത്യമായി എത്തിച്ചേരുക എന്നതല്ലാത്ത പ്രത്യേകമായ കർമ്മങ്ങൾ ഒന്നും നിഷ്കർഷിക്കപ്പെട്ടിട്ടില്ല. അതിനാൽ അറഫയിലെ നിൽക്കൽ പ്രാർത്ഥനക്ക് വേണ്ടി മാത്രമുള്ളതാണ്. അറഫാ ദിനത്തിൽ അറഫയിൽ വെച്ച് ചെയ്യുന്ന ഏതു പ്രാർത്ഥനയും സ്വീകാര്യ യോഗ്യമാണ് എന്ന് നബി തിരുമേനി(സ്വ) പറഞ്ഞിട്ടുണ്ട്. ഈ ആശയം ലോകത്തിൻ്റെ ഏറ്റവും വലിയ ആത്മീയ ആശയമായി മാറുവാൻ ഇസ്ലാം ഈ ദിനത്തിൽ അറഫായിൽ ഉള്ളവരല്ലാത്തവർക്കെല്ലാം നോമ്പ് സുന്നത്താക്കിയിരിക്കുന്നു. അതോടെ അറഫാ ദിനം ആകാശ ചുവട്ടിലെ ഏറ്റവും വലിയ ആത്മീയ ഹർഷമായി മാറുന്നു. മുന്നിലും പിന്നിലും ഉള്ള ഓരോ വർഷങ്ങളുടെ പാപങ്ങൾ പൊറുപ്പിക്കാൻ അതുമതിയാകും എന്ന് നബി(സ്വ) പഠിപ്പിച്ചിരിക്കുന്നു. മൂന്നാമത്തേത്, അല്ലാഹു അക്ബർ എന്ന സന്ദേശമാണ്. വഹിയിന്റെ ആദ്യാനുഭവത്തിൽ ക്ഷീണിച്ചു കിടക്കുന്ന നബി(സ്വ)യെ വിളിച്ച് അല്ലാഹു ഉൽഘോഷിക്കുവാൻ ആവശ്യപ്പെട്ട, ഈ പ്രപഞ്ചത്തിൽ ഉടനീളം ഇട വീഴാതെ മുഴങ്ങിക്കൊണ്ടിരിക്കുന്ന, വിശ്വാസികളുടെ മനസ്സിന്റെയും ശരീരത്തിന്റെയും കർമ്മങ്ങളെ ശരിയായ ബോധ്യത്തിലേക്ക് തിരിച്ചുവിടുന്ന സന്ദേശമാണ് അല്ലാഹു അക്ബർ.
0
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso