

ത്യാഗത്തിൽ നമുക്കും കൂട്ടുകൂടാം..
2025-05-30
Web Design
15 Comments
വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി
ഹജ്ജ് ത്യാഗത്തിന്റെ ഓർമ്മയാണ്. ഹജ്ജ് വഴി ഓർമ്മിക്കപ്പെടുന്നതെല്ലാം ഏറ്റവും വലിയ ത്യാഗങ്ങളാണ്. ഇബ്രാഹിം നബി തൻ്റെ ദൗത്യ നിർവഹണത്തിൽ സ്വന്തം നാട്ടിൽ നിന്ന് നേരിട്ട വെല്ലുവിളികളെ അതിജീവിക്കാൻ വേണ്ടി വഹിച്ചിട്ടുള്ള ത്യാഗങ്ങൾ, ഇറാഖിൽ നിന്ന് പലസ്തീനിലേക്കും പലസ്തീനിൽ നിന്ന് ഈജിപ്തിലേക്കും ഈജിപ്തിൽ നിന്ന് പരിശുദ്ധ മക്കയിലേക്കും വിവിധ വികാരങ്ങളും പേറി ചെയ്യേണ്ടിവന്ന പലായനങ്ങളുടെ ത്യാഗങ്ങൾ, ഇണയെയും മകനെയും വിജനതയിൽ വിട്ടേച്ചു പോരുമ്പോഴും ഏകാന്തതയിലും ദാരിദ്ര്യത്തിലും പിച്ചവെച്ച് വളർന്നുവന്ന മകനെ അറക്കുവാൻ കത്തിയെടുക്കുമ്പോഴും ഭൂമധ്യത്തെ അടയാളപ്പെടുത്തുന്ന വിശുദ്ധ കഅ്ബാലയം ഇനി ലോകാവസാനം വരേയ്ക്കും വേണ്ടി പടുത്തുയർത്തുമ്പോഴും എല്ലാം അനുഭവിച്ച നിരന്തരമായ ത്യാഗങ്ങൾ. ഇതെല്ലാം ലോകത്തിൻ്റെ മനസ്സിൽ മായാതെ മങ്ങാതെ എന്നെന്നും ഉണ്ടായിരിക്കാൻ വേണ്ടി അല്ലാഹു നിർബന്ധമാക്കിയതാണ് ഹജ്ജ്. ത്യാഗം എന്ന മഹത്തായ അർത്ഥത്തെ ഓർമ്മപ്പെടുത്തുന്ന ഏറ്റവും വലിയ ആരാധനകളിൽ ഒന്ന്. ലോക മുസ്ലിംകളുടെ പ്രതിനിധികളായി 30 ലക്ഷം തീർത്ഥാടകർ പരിശുദ്ധ ഹജ്ജ് കർമ്മങ്ങളുടെ ഭൂമികയിൽ ആ ത്യാഗത്തെ വീണ്ടും തെളിയിക്കുമ്പോൾ അവർ പ്രതിനിധീകരിക്കുന്ന ലോക മുസ്ലിംകൾക്കും യാത്രയയപ്പിനപ്പുറം ചിലത് ചെയ്യാൻ ഉണ്ട്. പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ത്യാഗത്തോടുള്ള ഐക്യദാർഢ്യം എന്നോണം ഈ ദിനങ്ങളിൽ മുസ്ലിം ലോകത്തിന് ചെയ്യാനുള്ളത്. ഒന്ന്, ഉളുഹിയത്ത്, രണ്ട്, അറഫാ വ്രതം, മൂന്ന്, അള്ളാഹു അക്ബർ എന്ന തക്ബീർ പ്രഘോഷണം.
അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് ഉളുഹിയ്യത്ത് എന്ന ബലിദാനം തന്നെയാണ്. കാരണം, നബി തിരുമേനി(സ്വ) പറഞ്ഞു: 'പെരുന്നാൾ ദിനത്തിൽ ബലിദാനത്തേക്കാൾ ശ്രേഷ്ഠമായ മറ്റൊരു കർമ്മവും ഒരു വിശ്വാസിക്ക് ചെയ്യുവാനില്ല. തീർച്ചയായും ആ ബലി മൃഗം അതിൻ്റെ കൊമ്പുകളും രോമങ്ങളും കുളമ്പുകളും സഹിതം അന്ത്യനാളിൽ ഹാജരാവുക തന്നെ ചെയ്യും. തീർച്ചയായും ബലി മൃഗത്തിൻ്റെ രക്തം നിലത്ത് വീഴുന്നതിനു മുമ്പ് അല്ലാഹുവിൻ്റെ അടുക്കൽ അത് ഒരു വലിയ സ്ഥാനത്ത് വീഴും. അതിനാൽ നിങ്ങൾ സന്മനസ്സോടെ അത് നിർവഹിക്കുക' (മുസ്ലിം). ഇതിന് ഇത്രമേൽ പ്രാധാന്യവും പ്രതിഫലവും കൈവരാൻ ഒരു ന്യായമുണ്ട്. അത് മറ്റൊന്നുമല്ല, ഇബ്രാഹിം നബി സ്വന്തം മകനെ ബലി നൽകുവാൻ ഉദ്യമിക്കുമ്പോൾ 'അത്രമതി, ഇനി ഇതിനെ ബലി നൽകിയാൽ മതി' എന്നു പറഞ്ഞുകൊണ്ട് ബലി മൃഗത്തെ കൊടുത്തയച്ചത് അല്ലാഹുവാണ്. അല്ലാഹു കൊടുത്തയച്ച ആ ബലി മൃഗത്തെ അറുത്ത് ദാനം ചെയ്തു കൊണ്ടായിരുന്നു ഇതിന്റെ തുടക്കം. അതിനാൽ ഇത് അല്ലാഹു നേരിട്ട് നടത്തിക്കുന്ന ഒരു കർമ്മമായിയിട്ടാണ് തുടങ്ങിയത്. അത് നാമായിട്ട് മുടക്കം വരുത്തിക്കൂടാ എന്നത് ഒരു കാര്യം. അതിനേക്കാൾ വലിയ കാര്യം, അടിമകൾ ഇങ്ങനെ ചെയ്താൽ അതിനെ വലിയൊരു ത്യാഗമായി അല്ലാഹു അംഗീകരിക്കും എന്ന് നേരിട്ട് പഠിപ്പിക്കുകയായിരുന്നു ഇതിലൂടെ എന്നതാണ്. അതിനാൽ ഇസ്ലാം താല്പര്യപ്പെടുന്നത് ബലി സമ്പൂർണ്ണമായ ഒരു സമർപ്പണ മനോഭാവത്തോടു കൂടെ ആയിരിക്കണമെന്നും അക്കാര്യത്തിൽ ഉദാസീനതയോ പരിഗണക്കുറവോ സംഭവിക്കാതിരിക്കാൻ കണിശമായ ജാഗ്രത വേണ്ടതുണ്ട് എന്നുമാണ്. ഉളുഹിയ്യത്തുമായി ബന്ധപ്പെട്ട കർമ്മ ശാസ്ത്ര നിയമങ്ങളും നിലപാടുകളും ചേർത്തുവെച്ചു നോക്കിയാൽ അത് വളരെ വ്യക്തമായി മനസ്സിലാകും. ഇസ്ലാമിലെ ഉളുഹിയ്യത്തില്‍ ബലിയറുക്കുന്ന മൃഗം കേവലം പ്രതീകാത്മകമാണ്. അത് നിർവ്വഹിക്കുമ്പോൾ മനസ്സില്‍ ഉണ്ടാകുന്ന ഭക്തിയാണ് പ്രധാനം. അതിനാണ് മൂല്യം. അല്ലാഹു പറയുന്നു: 'അവയുടെ (ബലിമൃഗങ്ങളുടെ) മാംസമോ രക്തമോ അല്ലാഹുവിങ്കല്‍ എത്തുന്നതേയല്ല. എന്നാല്‍ നിങ്ങളുടെ ധര്‍മ്മനിഷ്ഠയാണ് അവനിങ്കല്‍ എത്തുന്നത്. അല്ലാഹു നിങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കിയതിന്റെ പേരില്‍ നിങ്ങള്‍ അവന്റെ മഹത്വം പ്രകീര്‍ത്തിക്കേണ്ടതിനായി അപ്രകാരം അവന്‍ അവയെ നിങ്ങള്‍ക്ക് കീഴ്പെടുത്തി തന്നിരിക്കുന്നു. (നബിയേ,) സദ്‌വൃത്തര്‍ക്ക് താങ്കൾ സന്തോഷവാര്‍ത്ത അറിയിക്കുക' (ഖു൪ആന്‍: 22:37). അതായത്; ബലികർമ്മത്തിന്റെ ലക്ഷ്യം കേവലം അറുക്കുക എന്നത് മാത്രമല്ല. ആ മൃഗത്തിന്റെ മാംസത്തിൽ നിന്നോ, രക്തത്തിൽ നിന്നോ ഒന്നും തന്നെ അല്ലാഹുവിലേക്ക് എത്തുകയുമില്ല. മറിച്ച്, ആ കാര്യത്തിലുണ്ടാവുന്ന ഇഖ്‌ലാസും, പ്രതിഫലേച്ഛയും നല്ല നിയ്യത്തും മാത്രമേ അവനിലേക്ക് എത്തുകയുള്ളൂ.
മനോനിലയാണ് അല്ലാഹു പരിഗണിക്കുന്നത് എന്ന് വരുമ്പോൾ രണ്ട് കാര്യങ്ങൾ കർമ്മശാസ്ത്രപരമായി പരിഗണിക്കുവാൻ വിശ്വാസി ബാധ്യസ്ഥനാകുന്നു. അത് രണ്ടുമാണ് അല്ലാഹു സ്വീകരിക്കുവാൻ ആവശ്യമായ മനോനിലയെ രൂപപ്പെടുത്തുന്നത്. ഒന്നാമത്തേത് നിയ്യത്ത് എന്ന ഉദ്ദേശ്യം തന്നെ. ബലിമൃഗത്തെ തെരഞ്ഞെടുക്കുമ്പോഴോ അറുക്കുമ്പോഴോ ഇത് തന്റെ സുന്നത്തായ ഉള്ഹിയ്യത്താണ് എന്നു കരുതണമെന്നാണ് നിയമം. സുന്നത്ത് എന്ന് പ്രത്യേകം പറയാതിരുന്നാൽ അത് നിർബന്ധമായി പോകും എന്നാണ് പണ്ഡിതന്മാരുടെ പക്ഷം. അങ്ങനെ വരുന്നതിൽ കുഴപ്പമൊന്നുമില്ല പക്ഷേ വിതരണത്തിന്റെ സമയത്ത് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടിവരും എന്നുമാത്രം. അറവല്ല, അറവിന്റെ മനസ്സാണ് അറവിനെ കർമ്മമാക്കുന്നത്. അതുകൊണ്ടാണ് ഒരാൾ അറിയാതെ അയാൾക്കു വേണ്ടി മറ്റൊരാൾക്ക് ഉദുഹിയ്യത്ത് അറുക്കാൻ കഴിയില്ല എന്ന് പറയുന്നത്. പ്രവാസികൾക്കോ മറ്റോ വേണ്ടി നാട്ടിൽ ആരെങ്കിലും ഉളുഹിയ്യത്ത് അറുക്കുകയാണ് എങ്കിൽ അവിടെ വ്യക്തമായ വക്കാലത്ത് വേണമെന്ന് പറയുന്നതും ഇതുകൊണ്ടാണ്. രണ്ടാമത്തെ കാര്യം താൻ സമർപ്പിക്കുന്നത് ഏറ്റവും വിലപ്പെട്ടതു തന്നെയാണ് എന്ന ബോദ്ധ്യം ഉണ്ടാകുവാൻ ബലിമൃഗം ആരോഗ്യം, അഴക്, രൂപം, വിലമതിപ്പ് എന്നിവയെല്ലാം ഉള്ളതായിരിക്കണം. രണ്ട് വയസ്സ് തികഞ്ഞ് മൂന്നിലേക്ക് പാദമൂന്നുന്ന ആടുകളെയോ മാടുകളെയോ ആണ് ബലിക്കായി തെരഞ്ഞെടുക്കേണ്ടത്. ഒട്ടകങ്ങളുടെ ആയുർ ദൈർഘ്യം കൂടുതലാണ് എന്നതിനാൽ അവയ്ക്ക് അഞ്ചു വയസ്സ് പ്രായമായിരിക്കണം എന്നാണ്. ഈ പ്രായത്തിന്റെ സവിശേഷത അത് ശൈശവം കടന്നതും എന്നാൽ വാർദ്ധക്യത്തിന്റെ ഒരു നിലക്കുള്ള അസ്കിതകളും ഇല്ലാത്തതുമായ ഒത്തതും ആകർഷകവുമായിരിക്കും എന്നതാണ്. അതോടെപ്പം രോഗം, ഗർഭം, വ്യക്തമായ വൈകല്യം തുടങ്ങിയവയൊന്നുമില്ലാത്തതാണ് എന്ന് ഉറപ്പ് വരുത്തുകയും വേണം. ചെവി മുറിഞ്ഞത്, വാല് മുറിഞ്ഞത് തുടങ്ങിയവയൊക്കെ ന്യൂനതകളാണ്. കേവലം ഇറച്ചിക്കു വേണ്ടിയുള്ളതല്ല ഈ അറവ് എന്നു പറയുന്നത് ഇതുകൊണ്ടാണ്. എന്നാൽ ചെവിയിൽ ദ്വാരമോ അഗ്രത്തിൽ കീറലോ ഉണ്ടെങ്കിൽ അതു വിഷയമാക്കേണ്ടതില്ല.
ആരാധാനാത്മക മനോനിലയിലേക്ക് നയിക്കുന്ന ഘടകമാണ് നിശ്ചിത സമയത്ത് തന്നെ അറക്കുക എന്നത്. പെരുന്നാൾ നിസ്കാരം, ഖുതുബ എന്നിവ കഴിഞ്ഞതു മുതൽ ദുൽ ഹജ്ജ് 13 ന് സന്ധ്യ വരെ ഇതിന് സമയമുണ്ട്. ശറഇൽ പരിഗണിക്കപ്പെടുന്ന കാര്യകാരണങ്ങൾ ഇല്ലെങ്കിൽ പകലിൽ തന്നെയാണ് അറുക്കേണ്ടത്. ഒരാൾ ഒന്ന് എന്ന അർഥത്തിൽ ചെയ്യുമ്പോഴാണ് അത് പൂർണ്ണാർഥത്തിലെത്തുന്നത്. എന്നാൽ വലിയ മാടുകളെ ഓരോരുത്തർക്കും സ്വന്തമായി വാങ്ങാനും വഹിക്കാനും കഴിഞ്ഞെന്നുവരില്ല. സമ്പന്നൻമാരെ പോലെ ദരിദ്രരായവരെയും ഇസ്ലാം ഇത്തരം കാര്യങ്ങളിൽ പരമാവധി പരിഗണിക്കുന്നുണ്ട്. അതിനാൽ മാടുകളിൽ പരമാവധി ഏഴാൾക്കു വരെ പങ്കാളികളാകാം. ഈ പങ്കാളിത്തം ഏഴ് ആടിനു കൃത്യം സമം എന്ന കണക്കിൽ ആയിരിക്കണമെന്ന് പണ്ഡിതന്മാർ നിഷ്കർഷിക്കുന്നുണ്ട്. ആട് ഏറ്റവും ചുരുങ്ങിയ സ്വതന്ത്ര ഏകകമാണ്. അതിൽ പങ്കാളിത്തമില്ല. ഇതേ ആരാധനാത്മകത ഉണ്ടായിരിക്കുവാൻ വേണ്ടി അത് ചെയ്യുവാൻ ഉദ്ദേശിക്കുന്നവൻ ആ മാസം തുടക്കം മുതൽ ആ ചിന്തയിൽ കഴിഞ്ഞു കൂടണം എന്നാണ്. അവന്റെ ശരീരത്തിലെ താടിരോമങ്ങൾ, നഖം തുടങ്ങിയവകൾ ഒന്നും നീക്കം ചെയ്യരുത് എന്ന് പറയുമ്പോൾ ഇതാണ് ഉദ്ദേശിക്കുന്നത്. അവന്റെ ഇക്കാലത്തുണ്ടാകുന്ന ശരീര ഭാഗങ്ങൾക്കെല്ലാം ഈ പ്രതിഫലം ലഭിക്കണം. ഇത് ഒരു ഐച്ഛിക നിർദ്ദേശം മാത്രമാണ്. നിർബന്ധമായി വരുന്നതോ നിർബന്ധിതമായ തോ ആയ സാഹചര്യങ്ങളിൽ അതാകാവുന്നതുമാണ്. ഉദാഹരണമായി പല്ല് എടുക്കേണ്ടി വന്നാൽ അതെടുത്ത് കളയാം. സുന്നത്തായ ഉള്ഹിയ്യത്തിൻ്റെ മാംസത്തിൽ നിന്ന് ഉടമ അല്പം ഭക്ഷിക്കുകയും ബാക്കിയുള്ളത് പണക്കാരൻ-പാവപ്പെട്ടവൻ വ്യത്യാസമില്ലാതെ എല്ലാ മുസ്ലിംകൾക്കും വിതരണം ചെയ്യുകയുമാണ് വേണ്ടത്. മൂന്നിൽ രണ്ടെങ്കിലും ദാനം ചെയ്യുന്നത് അഭികാമ്യമാണ് എന്ന് പല പണ്ഡിതരും പറഞ്ഞിട്ടുണ്ട്. ഇത് മതപരമായ ഒരു ആരാധനയും വൈകാരിക സ്വാംശീകരണവും ആണ്. അതിനാൽ അതിൽ നിന്ന് അവിശ്വാസികൾക്ക് നൽകുന്നതോ അവരെ അത് ഉപയോഗിച്ച് സൽക്കരിക്കുന്നതോ അനുവദനീയമാവില്ല. ബലി മൃഗത്തിൻ്റെ തോൽ സ്വന്തം ആവശ്യത്തിന് വേണ്ടി ഉപയോഗിക്കുകയോ ആർക്കെങ്കിലും ദാനം ചെയ്യുകയോ മാത്രമേ പാടുള്ളൂ.
രണ്ടാമത്തേത് അറഫാ ദിനത്തിലെ വ്രതമാണ്. ഹജ്ജ് നിർവഹിച്ചുകൊണ്ടിരിക്കുന്നവർ ഈ ദിവസത്തിൽ അറഫായിൽ സംഗമിക്കുകയാണ്. അന്ന് അവിടെ അവർക്ക് ചെയ്യാനുള്ളത് പ്രാർത്ഥിച്ചു കൊണ്ടേയിരിക്കുക എന്നതാണ്. അറഫായിൽ വെച്ച് അറഫാ ദിവസത്തിൽ ചെയ്യുന്ന പ്രാർത്ഥന തീർച്ചയായും ഉത്തരമുള്ളതാണ് എന്ന് നബി തിരുമേനി (സ്വ) പറഞ്ഞിട്ടുണ്ട്. ഭൂമിയിലെ ഏറ്റവും ശ്രേഷ്ഠമായ ദിവസം അറഫാ ദിനമാണ്. അതിനാൽ അതിൻ്റെ ആത്മീയത ഹജ്ജ് ചെയ്യുന്നവരിൽ മാത്രം ഒതുങ്ങുന്നത് ശരിയല്ല. അതിനാൽ ഇസ്ലാം ആ ദിവസത്തിൽ ഹജ്ജ് ചെയ്യുന്നവരല്ലാത്ത എല്ലാ മുസ്ലിമീങ്ങൾക്കും നോമ്പ് ഐച്ഛികമായി നിർദ്ദേശിച്ചിരിക്കുന്നു. മുന്നിലുള്ളതും പിന്നിലുള്ളതുമായ ഓരോ വർഷത്തെ പാപങ്ങൾ ഈ നോമ്പു കാരണം പൊറുപ്പിക്കപ്പെടും എന്ന് സ്വഹീഹായ ഹദീസിൽ വന്നിരിക്കുന്നു. മൂന്നാമത്തേത് അല്ലാഹു അക്ബർ എന്ന സന്ദേശമാണ്. അതാവട്ടെ പെരുന്നാളിൻ്റെ മാത്രമല്ല, വിശ്വാസികളുടെ ലോകത്തിൻ്റെ തന്നെ അടിസ്ഥാനമാണ്. വലിയ ആശയങ്ങള്‍ ഒളിപ്പിച്ചു വെച്ചിട്ടുള്ളട്ടുള്ള രണ്ട് ചെറിയ പദങ്ങളാണ് അല്ലാഹു അക്ബര്‍. അതിനാൽ ഇത് തന്റെ പ്രപഞ്ചത്തിൽ എപ്പോഴും പ്രതിധ്വനിച്ചു കൊണ്ടേയിരിക്കണമെന്ന് ആണ് അല്ലാഹുവിൻ്റെ താല്പര്യം. ഈ പ്രപഞ്ചത്തിൽ ഏറ്റവും അധികം മുഴങ്ങുന്ന, മുടങ്ങാതെ ആവര്‍ത്തിക്കപ്പെടുന്ന ഒരു വാചകമാണ് അല്ലാഹു അക്ബര്‍. ഭൂമധ്യരേഖയുടെ ഏറ്റവും കിഴക്കേ അറ്റത്തുള്ള ഇന്തോനേഷ്യയുടെ ഏറ്റവും കിഴക്കേ അറ്റത്തുള്ള സൈബില്‍ എന്ന് പേരുള്ള ഒരു പ്രദേശത്ത് സുബ്ഹിക്ക് അല്ലാഹു അക്ബര്‍ എന്ന് പറഞ്ഞുകൊണ്ട് വാങ്ക് വിളിക്കുമ്പോൾ ആ ശബ്ദ വീചിയോടൊപ്പം പിറ്റേന്ന് സുബഹി ബാങ്ക് കൊടുക്കുന്നത് വരേയ്ക്കും നാം നടന്നു നീങ്ങിയാൽ ഇട വീഴാത്ത അല്ലാഹു അക്ബറിന്റെ മുഴക്കം കേൾക്കാം. അതിനുവേണ്ടി കൂടിയാണ് നമ്മുടെ ഭൂമി അവൻ ഉരുണ്ടതാക്കിയിരിക്കുന്നത് എന്ന് തോന്നിപ്പോകും. ആ അള്ളാഹു അക്ബർ എടുത്ത് പറയുന്ന ദിനങ്ങളാണ് ബലിപെരുന്നാളിൻ്റേത്.
0
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso