Thoughts & Arts
Image

അവളെ വേദനിപ്പിക്കരുത്, അപ്പോൾ പോലും !

2025-05-30

Web Design

15 Comments

ഖുർആൻ പഠനം
സൂറത്തുത്വലാഖ് 1-3
ടി എച്ച് ദാരിമി





1 നബിയേ, നിങ്ങള്‍ വിശ്വാസികള്‍ സഹധര്‍മിണിമാരെ വിവാഹമോചനം നടത്തുകയാണെങ്കില്‍ ദീക്ഷാവേളക്ക് പാകമാക്കി അത് ചെയ്യുകയും ദീക്ഷാകാലം തിട്ടപ്പെടുത്തുകയും നിങ്ങളുടെ നാഥനായ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക. സ്വഗൃഹങ്ങളില്‍ നിന്ന് നിങ്ങളവരെ ബഹിഷ്‌കരിക്കുകയോ അവര്‍ പുറത്തുപോവുകയോ ചെയ്യരുത് - വല്ല പ്രത്യക്ഷ ഹീനവൃത്തിയും അവരനുവര്‍ത്തിച്ചാലൊഴികെ. അല്ലാഹുവിന്റെ ശാസനാതിര്‍ത്തികളാണിവ. ആരെങ്കിലും അവന്റെ നിയമപരിധികള്‍ മറികടക്കുന്നുവെങ്കില്‍ അവന്‍ സ്വന്തത്തോടു തന്നെ അതിക്രമം കാട്ടി. വിവാഹമോചനം ചെയ്യുന്നവനേ, നിനക്കറിയില്ല, ഇനി വല്ല അനുരഞ്ജനമാര്‍ഗവും അല്ലാഹു ഉണ്ടാക്കിയേക്കാം.


ഈ സൂറത്തിന്റെ ആദ്യ ഭാഗത്തെ സൂക്തങ്ങൾ ത്വലാഖ്, ഇദ്ദ തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ള വിധി വിലക്കുകളുടെ പരാമർശമാണ്. വ്യത്യസ്ത സാഹചര്യങ്ങളിൽ വളർന്നുവന്ന രണ്ടു ജീവിതങ്ങൾ പരസ്പരം ചേർത്തു കെട്ടുകയാണ് വിവാഹത്തിലൂടെ നടക്കുന്നത്. ആ ബന്ധം ജീവിതകാലം മുഴുവനും നിലനിൽക്കണം എന്നാണ് എല്ലാവരും സ്വാഭാവികമായും ആഗ്രഹിക്കുക. ഇസ്ലാമും അതുതന്നെയാണ് ആഗ്രഹിക്കുന്നത്. ഭൗതിക ലോകത്തിന് ഇക്കാര്യത്തിൽ കാര്യമായി ഒന്നും പറയാനില്ല. എന്ത് സംഭവിച്ചാലും സംഭവിക്കാതിരുന്നാലും വിധി എന്നു പറഞ്ഞു കൈകഴുകുക മാത്രമേ ഭൗതിക ലോകം ചെയ്യൂ. വിവാഹബന്ധം തകരാതിരിക്കുവാൻ ഇസ്ലാം വിവിധ കടമകൾ, കടപ്പാടുകൾ, ബാദ്ധ്യതകൾ തുടങ്ങിയ ദമ്പതികൾക്കിടയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം സ്നേഹം, കാരുണ്യം എന്നിവയെ കാത്തുസൂക്ഷിക്കുവാൻ ഉപദേശമായും നൽകിയിട്ടുണ്ട്. വേണ്ടവിധം അന്വേഷണം നടത്തുവാനും തമ്മിൽ പൊരുത്തങ്ങൾ ഉണ്ടോ എന്ന് ഉറപ്പുവരുത്തുവാനും വിവാഹത്തിന് മുമ്പ് തമ്മിൽ കാണുവാനും എല്ലാം ഇസ്ലാം അനുവദിക്കുന്നത് ബന്ധം നീണ്ടുനിൽക്കണം എന്ന താൽപര്യം കൊണ്ടാണ്. ഇവയെല്ലാം എത്ര വിപുലമായി നടത്തിയിരുന്നുവെങ്കില്‍ തന്നെയും ഒന്നിച്ചു മുന്നോട്ടു പോകാനാകാത്ത പ്രതിസന്ധികള്‍ ചിലപ്പോള്‍ കുടുംബ ജീവിതത്തിൽ ഉണ്ടാകാം. ആ പ്രതിസന്ധികളെ മറികടക്കുവാൻ വളരെ മാന്യമായ പല മാർഗങ്ങളും ഇസ്ലാം നിർദ്ദേശിക്കുന്നുണ്ട്. അവയെല്ലാം പരാജയപ്പെടുന്ന പക്ഷം മാന്യമായി വേർപിരിയുവാനും ഇസ്ലാം അനുവദിക്കുന്നു. ഈ വേർപിരിയലിനെ ആണ് ത്വലാഖ് എന്ന് പറയുക. ത്വലാഖ് പൊതുവേ ഇഷ്ടമില്ലാത്ത കാര്യമാണെങ്കിലും അത്തരമൊരു സാഹചര്യം വന്നാൽ പാലിക്കുവാൻ കുറെ നിയമങ്ങൾ ഇസ്ലാം മനുഷ്യനു മുമ്പിൽ നിരത്തുന്നുണ്ട്.


ഇങ്ങനെ വേർപെരിയുന്ന ദമ്പതികളിൽ ഭാര്യ മൂന്ന് ദീക്ഷ ഇരിക്കണം എന്നതാണ് ഒന്നാമത്തെ നിയമം. അതിനെക്കുറിച്ചാണ് ഈ സൂക്തത്തിന്റെ ആദ്യഭാഗം പറയുന്നത്. മരണമോ വിവാഹമോചനമോ മൂലം ഭര്‍ത്താവുമായി പിരിയേണ്ടിവരുമ്പോള്‍ പുനര്‍വിവാഹം നടത്താതെ ഒരു സ്ത്രീ കാത്തിരിക്കേണ്ട നിശ്ചിത കാലമാണ് ദീക്ഷാകാലം (ഇദ്ദ) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇദ്ദ അനുഷ്ഠിക്കൽ നിർബന്ധമാണെന്ന് വിശുദ്ധ ഖുര്‍ആനും നബിചര്യയും പഠിപ്പിക്കുന്നുണ്ട്.
മതപരമായ ഒരു നിഷ്കർഷ എന്നതിനപ്പുറം ഇദ്ദക്ക് പിന്നിൽ ചില യുക്തികളുണ്ട്. അവയിൽ പ്രധാനപ്പെട്ട ഒന്ന് അല്ലാഹുവിൻ്റെ നിയമങ്ങളോടുള്ള വിധേയത്വം തന്നെയാണ്. അള്ളാഹു നയിക്കുന്ന വഴിയിലൂടെ മാത്രം നല്ല ഒരു ദാസിയായി ജീവിതവുമായി സഞ്ചരിച്ചു മുന്നേറുവാൻ താൻ തയ്യാറാണ് എന്ന് സ്ത്രീ പ്രഖ്യാപിക്കുകയാണ് ഇദ്ദ ഇരിക്കാൻ തയ്യാറാകുന്നതിലൂടെ. മരണമോ വിവാഹ മോചനമോ മൂലം ഭര്‍ത്താവുമായി പിരിയേണ്ടി വരുമ്പോള്‍ അദ്ദേഹത്തില്‍ നിന്നും താന്‍ ഗര്‍ഭിണിയാണോ എന്ന് തിരിച്ചറിയുവാനുള്ള ഒരു കാല താമസം എന്നതാണ് മറ്റൊന്ന്. ഇതുവഴി തനിക്ക് ജനിക്കുന്ന കുഞ്ഞിൻ്റെ പിതൃത്വം, സംരക്ഷണ ബാധ്യതകൾ തുടങ്ങിയവയെല്ലാം ഉറപ്പുവരുത്തുവാൻ സ്ത്രീക്ക് കഴിയുന്നു. ഒന്നും രണ്ടും ത്വലാഖുകളുടെ ഭാഗമായാണ് ഇദ്ദ അനുഷ്ഠിക്കുന്നതെങ്കില്‍ ദമ്പതികള്‍ക്ക് തങ്ങളില്‍ നിന്നും സംഭവിച്ച വീഴ്ചകള്‍ തിരിച്ചറിഞ്ഞ് പരസ്പരം തിരുത്തുവാനും വിഛേദിക്കപ്പെട്ട ബന്ധം ഒന്നിപ്പിക്കുവാനുമുള്ള ഒരു അവസരം ഉണ്ടാക്കുക എന്നതും ഇദ്ദയുടെ യുക്തികളിൽ പെട്ടതാണ്. മറ്റൊന്ന് വിവാഹബന്ധത്തിന്റെ ഗൗരവം കാത്തുസൂക്ഷിക്കുക എന്നതാണ്. ഇത്തരം കർക്കശമായ നിയമങ്ങൾ ഉണ്ടായാൽ ബന്ധങ്ങള്‍ പവിത്രമാണെന്നും വിവാഹവും വിവാഹമോചനവും കളിതമാശയല്ലെന്നും ഏറ്റവും കുറഞ്ഞത് ദമ്പതികൾക്കെങ്കിലും ബോധ്യമാകും. എന്തു കാരണത്തിന്റെ പേരിലാണെങ്കിലും ദാമ്പത്യ ബന്ധം മുറിയുക എന്നത് വേദനയുള്ള കാര്യമാണ്. അതിൻ്റെ പേരിലുള്ള ദുഃഖം ഏറ്റവും മാന്യമായി ആചരിക്കാനുള്ള അവസരം ഒരുക്കുക എന്നതും ഇദ്ദയുടെ ലക്ഷ്യങ്ങളില്‍ പെട്ടതാണ്.


ഭർത്താവിൻ്റെ മരണം കാരണമാണ് ബന്ധം വേർപ്പെട്ടത് എങ്കിൽ നാലുമാസവും പത്തുദിവസവും ആണ് ഇദ്ദ അനുഷ്ഠിക്കേണ്ടത്. അല്ലാഹു പറയുന്നു:
'നിങ്ങളില്‍ ആരെങ്കിലും തങ്ങളുടെ ഭാര്യമാരെ വിട്ടേച്ചുകൊണ്ട് മരണപ്പെടുകയാണെങ്കില്‍ അവര്‍ (ഭാര്യമാര്‍) തങ്ങളുടെ കാര്യത്തില്‍ നാലു മാസവും പത്തു ദിവസവും കാത്തിരിക്കേണ്ടതാണ്' (2:234). ഭർത്താവുമായി നീണ്ട കാലം ലൈംഗിക ബന്ധം പുലർത്തിയിട്ടില്ലെങ്കിലും ലൈംഗികത, ഗർഭധാരണം തുടങ്ങിയ സാധ്യതകൾ ഇല്ലാത്ത സ്ത്രീയാണെങ്കിലുമെ ല്ലാം ഈ നാല് മാസവും പത്തു ദിവസവും ഇദ്ദ അനുഷ്ഠിക്കണം. അതേസമയം ഭർത്താവ് മരണപ്പെടുമ്പോൾ ഗർഭിണിയായിരുന്നു എങ്കിൽ ആ ഗർഭം പ്രസവിക്കുന്നത് വരെയാണ് ഇദ്ദകാലം. സഅദുബ്നു ഖൗല(റ)യുടെ ഭാര്യയായിരുന്ന സുബൈഅത്തുല്‍ അസ്ലമിയ്യയുടെ സംഭവത്തില്‍നിന്ന് ഇത് വ്യക്തമാണ്. സഅദ്(റ) മരണപ്പെട്ട് കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തിന്റെ ഭാര്യയായിരുന്ന സുബൈഅ(റ) പ്രസവിച്ചു. അതിനുശേഷം സുബൈഅ(റ) പുനര്‍വിവാഹത്തിന് തയാറായപ്പോൾ അവരുടെ ഇദ്ദ കഴിഞ്ഞിട്ടില്ല എന്നു പറഞ്ഞ് ചില അഭിപ്രായ വ്യത്യാസങ്ങൾ തലപൊക്കുകയുണ്ടായി. അപ്പോൾ സുബൈഅ(റ) നബി(സ) യുടെ അടുക്കല്‍ ചെല്ലുകയും പ്രസ്തുത വിഷയത്തിലുള്ള മതവിധി തേടുകയും ചെയ്തു. അപ്പോള്‍ നബി(സ) തന്നോട് പറഞ്ഞത് തന്റെ വാക്കിലൂടെ സുബൈഅ(റ) പറയുന്നു: 'ഞാന്‍ പ്രസവിച്ചതോടെ എന്റെ ഇദ്ദ അവസാനിച്ചു. എന്നോട് നബി(സ) വിവാഹം ചെയ്യാന്‍ കല്‍പിക്കുകയും ചെയ്തു' (ബുഖാരി).


വിവാഹമോചനമാണ് ഭർത്താവുമായുള്ള ബന്ധം മുറിയുവാൻ കാരണം എങ്കിൽ മൂന്ന് ശുദ്ധിയാണ് അവരുടെ ഇദ്ദ. ഇതിൽ ആർത്തവം ഉണ്ടാകാറുള്ള പ്രായത്തിലും ശാരീരികാവസ്ഥയിലും ഉള്ള വിവാഹമോചിതയാണ് മൂന്ന് ശുദ്ധി കാലയളവ് ഇദ്ദ ആചരിക്കേണ്ടത്. അല്ലാത്തവളുടെ ഇദ്ദ മൂന്ന് മാസക്കാലമാണ്. ഇവിടെയും വിവാഹമോചിത ഗർഭിണിയാണെങ്കിൽ പ്രസവം കൊണ്ട് ഇദ്ദ അവസാനിക്കും. ഈ വിഷയത്തിൽ മേൽ സൂക്തം ആദ്യം പറയുന്നത് ഇദ്ദ ഇരിക്കാനുള്ള സൗകര്യം പരിഗണിച്ചുകൊണ്ടാണ് ത്വലാഖ് ചൊല്ലേണ്ടത് എന്നാണ്. അതായത് കൃത്യമായി ശുദ്ധി കണക്ക് കൂട്ടുവാൻ വേണ്ട സൗകര്യത്തിനായി ത്വലാഖ് നടക്കുന്നത് ശുദ്ധി സമയത്തായിരിക്കേണ്ടതുണ്ട്. അപ്പോൾ ത്വലാഖ് നടക്കുന്നതോടെ ഇദ്ദ ആരംഭിക്കുകയും തുടർന്ന് ആദ്യം ഉണ്ടാകുന്ന ഒന്നും രണ്ടും ആർത്തവങ്ങൾ പിന്നിടുന്നതോടെ ഇദ്ദ അവസാനിക്കുന്നതും ആണ്. ആർത്തവകാലത്ത് ഭാര്യയെ ത്വലാഖ് ചെല്ലാൻ പാടില്ല എന്നു പറയുന്നത് ഒരു മര്യാദ എന്ന അർത്ഥത്തിലാണ്. അതായത് ഈ സമയത്ത് ത്വലാഖ് ചൊല്ലിയാൽ ത്വലാഖ് സംഭവിക്കുക തന്നെ ചെയ്യും എന്നാണ് മഹാ ഭൂരിഭാഗം പണ്ഡിതന്മാരുടെയും പക്ഷം. പക്ഷേ, ഇങ്ങനെ ചെയ്യുന്നത് തെറ്റാണ് എന്ന് അവരെല്ലാവരും പറയുന്നു. ആയത്തിൽ സൂചിപ്പിക്കുന്ന രണ്ടാമത്തെ കാര്യം ഇദ്ദ കാലത്ത് സ്ത്രീക്ക് ആവശ്യമായ ഭക്ഷണവും വസ്ത്രവും പാർപ്പിടവും തരപ്പെടുത്തി കൊടുക്കാൻ ഭർത്താവ് ബാധ്യസ്ഥനാണ് എന്നാണ്. തിരിച്ചെടുക്കാവുന്ന പ്രകാരം ഒന്നോ രണ്ടോ ത്വലാഖ് മാത്രം ചൊല്ലി വിവാഹബന്ധം വേർപെടുത്തപ്പെട്ട വിവാഹമോചിതക്കും ഈ ചെലവുകൾ നൽകേണ്ടതാണ്. മൂന്ന് ത്വലാഖ് ചൊല്ലപ്പെട്ട വിവാഹമോചിത ഗർഭിണിയാണെങ്കിൽ അവൾക്കും അവളുടെ ഇദ്ദ കാലം കഴിയുന്ന സമയമായ പ്രസവം വരെ ഭർത്താവ് ചെലവ് നൽകൽ നിർബന്ധമാണ്. ഇദ്ദ കാലത്ത് ഭർത്താവിൻ്റെ ശ്രദ്ധയിൽ തന്നെയായിരിക്കണം ഭാര്യ ജീവിക്കേണ്ടത് എന്നു പറയുമ്പോൾ അതിനുള്ളിൽ തെറ്റായ വാദങ്ങളിലേക്ക് രണ്ടു ഭാഗവും കടക്കാതിരിക്കാൻ ഉള്ള ഒരു കരുതൽ അതിലുണ്ട്. ഫരീഅ ബിന്‍ത് മാലിക്(റ)യുടെ ഭര്‍ത്താവ് നബി(സ്വ)യുടെ കാലത്ത് കൊല്ലപ്പെടുകയുണ്ടായി. തന്റെ സഹോദരന്മാരുടെ വീട്ടില്‍ ഇദ്ദ അനുഷ്ഠിക്കാനുള്ള അനുവാദം നബിയോട് മഹതി ചോദിച്ചു. ആദ്യം നബി(സ്വ) അനുവാദം നല്‍കി. മഹതി തിരിച്ചുപോകുമ്പോള്‍ നബി(സ്വ) അവരെ വിളിക്കുകയും ഇദ്ദയുടെ കാലം അവസാനിക്കുന്നതുവരെ ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെ താമസിക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. അതുപ്രകാരം നാലുമാസവും പത്തുദിവസവും മഹതി അവരുടെ ഭര്‍ത്താവിന്റ വീട്ടില്‍ തന്നെ ഇദ്ദയനുഷ്ഠിക്കുകയുണ്ടായി.


ദീക്ഷ ഇരിക്കുന്ന പെണ്ണിനെ ഒരിക്കലും വീട്ടിൽ നിന്ന് ഇറക്കി വിടരുത് എന്ന് ഈ ആയത്തിൽ പറയുന്നു. അതേസമയം ഇറക്കി വിടേണ്ട വിധം വളരെ ഗുരുതരമായ സ്വഭാവ ദൂഷ്യങ്ങൾ ഉള്ള സ്ത്രീയാണെങ്കിൽ അത് പാടില്ലെന്ന് ഖുർആൻ പറയുന്നുമില്ല. ഈ ആയത്തിന്റെ അവസാന ഭാഗത്ത് വിവാഹമോചനം ചെയ്യുന്ന പുരുഷനോട് അല്ലാഹു പറയുന്നത്, ഭാവിയിൽ എന്തൊക്കെ വന്നേക്കാം എന്നത് താങ്കൾക്ക് അറിയില്ല, അതിനാൽ അതിനെയെല്ലാം ഉൾക്കൊള്ളാൻ പറ്റുന്ന വിധത്തിലുള്ള സമീപനങ്ങൾ മാത്രമേ അവളോട് പുലർത്താവു എന്നാണ്. ഇങ്ങനെ ഓർമ്മപ്പെടുത്തി ഉപദേശിക്കേണ്ടിവരുന്നത് ഭാവിയിൽ അവരുടെ ബന്ധം ഊഷ്മളമാകാനുള്ള സാധ്യതയെ പരിഗണിക്കാൻ വേണ്ടിയാണ്. നിലവിൽ രണ്ടുപേരും ഗുരുതരമായ തരത്തിലുള്ള സമീപനങ്ങൾ സ്വീകരിക്കേണ്ട വിധത്തിൽ വേർപിരിയുന്ന സാഹചര്യമായിരിക്കാം. പക്ഷേ ഭാവിയിൽ ഒരുപക്ഷേ കാര്യങ്ങൾ മാറി മറിഞ്ഞേക്കാം. അങ്ങനെ വരുമ്പോൾ രഞ്ജിത്തിന് ഇപ്പോൾ സ്വീകരിക്കുന്ന സമീപനങ്ങൾ ഒരു വിഘാതം ആവരുത് എന്നാണ് അള്ളാഹു പറയുന്നത്.


2 അങ്ങനെ ആ വിവാഹമോചിതകള്‍ ഇദ്ദ പൂര്‍ത്തീകരിക്കാനായാല്‍ നീതിപൂര്‍വം അവരെ പിടിച്ചുനിര്‍ത്തുകയോ വേര്‍പിരിയുകയോ ചെയ്യുകയും നിങ്ങളില്‍ നിന്ന് രണ്ട് നീതിമാന്മാരെ സാക്ഷികളാക്കുകയും അത് അല്ലാഹുവിനു വേണ്ടി നേരാംവണ്ണം നിലനിര്‍ത്തുകയും ചെയ്യുക. അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവര്‍ക്ക് ഉപദേശം നല്‍കപ്പെടുകയാണിത്. അല്ലാഹുവിനെ ആരെങ്കിലും സൂക്ഷിക്കുന്നുവെങ്കില്‍ അവന്‍ അയാള്‍ക്കൊരു മോചനമാര്‍ഗം സജ്ജീകരിച്ചു കൊടുക്കുന്നതും നിനച്ചിരിക്കാത്ത വിധം ഉപജീവനം നല്‍കുന്നതുമാണ്.


ഇദ്ദ പൂർത്തിയാക്കി കഴിഞ്ഞതിനു ശേഷം വിവാഹമോചിതയായ ഭാര്യയോട് ഒരു അനീതിയും ഒരു അമാന്യതയും ചെയ്യരുത് എന്ന് അല്ലാഹു ശഠിക്കുകയാണ് ഇവിടെ. വിവാഹമോചനത്തിലേക്ക് നയിച്ച കാര്യകാരണങ്ങളിൽ തൂങ്ങിപ്പിടിച്ച് അവളെ ന്യായമുണ്ടായിട്ടും തിരിച്ചെടുക്കാതെയോ അവളെ അവളുടെ പാട്ടിന് വിടാതെയോ പീഡിപ്പിക്കരുത് എന്നാണ് അല്ലാഹു പറയുന്നത്. സ്ത്രീകളെ സംരക്ഷിക്കുവാൻ വേണ്ടിയുള്ള ഇത്തരം നിയമങ്ങൾ പ്രഖ്യാപിക്കുമ്പോൾ ഒപ്പം തന്നെ അള്ളാഹു അത് പാലിക്കുവാനുള്ള ആത്മീയമായ പ്രചോദനം ഒപ്പം നൽകുന്നത് കാണാം. ഇവിടെ ആ പ്രചോദനം, നിങ്ങൾ ഞാൻ പറയുന്ന മാന്യതകൾ പുലർത്തുകയാണ് എങ്കിൽ അറിയപ്പെടാത്ത മാർഗേണ നിങ്ങൾക്ക് ഐശ്വര്യം വന്നുചേരും എന്ന അല്ലാഹുവിൻ്റെ വാക്കാണ്. ഈ വിധം മാന്യതകൾ പുലർത്തുന്നതിന് അല്ലാഹുവിനോട് തഖ്‌വാ ചെയ്യുക എന്ന ആശയമാണ് ഉള്ളത് എന്നത് സൂചിപ്പിക്കാൻ വേണ്ടിയാണ്, ആരെങ്കിലും തഖ്‌വാ ചെയ്താൽ അവന് മോചനമാർഗവും നിനച്ചിരിക്കാത്ത മാർഗത്തിൽ അന്നവും വന്നുചേരും എന്ന് പറയുന്നത്.


3 അവന്റെമേല്‍ ആരെങ്കിലും കാര്യങ്ങള്‍ ഭരമേല്‍പിക്കുന്നുവെങ്കില്‍ അയാള്‍ക്ക് അവന്‍ തന്നെ മതി. തന്റെ കാര്യം അല്ലാഹു നേടുക തന്നെചെയ്യും; ഓരോ വിഷയത്തിനും അവനൊരു നിര്‍ണയമേര്‍പ്പെടുത്തിയിട്ടുണ്ട്.


ഇത്തരം നിയമങ്ങൾ പാലിക്കുന്നത് ചിലപ്പോൾ പ്രത്യക്ഷത്തിൽ മാനസികമോ ശാരീരികമോ സാമ്പത്തികമോ സാമൂഹികമോ ആയ കഷ്ടനഷ്ടങ്ങളോ പരാജയങ്ങളോ വരുത്തി വെച്ചേക്കാം. പക്ഷേ, അതെല്ലാം അല്ലാഹുവിൻ്റെ മേൽ ഭരമേല്പിക്കുകയാണ് എങ്കിൽ പിന്നെ ആശങ്കപ്പെടേണ്ട ആവശ്യമില്ല, എല്ലാം അല്ലാഹു നോക്കിക്കൊള്ളും, എന്നും അല്ലാഹു പറയുന്നു.


0



0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso