Thoughts & Arts
Image

പ്രാർത്ഥനയാണ് തീർഥാടനത്തിൻ്റെ ആശയം

2025-05-30

Web Design

15 Comments

വെള്ളിവെളിച്ചം
ടി എച്ച് ദാരിമി





ഹജ്ജ് വിശ്വാസികളുടെ സമ്പൂർണ്ണമായ ഒരു സമർപ്പണമാണ്. ആ സമർപ്പണത്തിനു വേണ്ടി കർമ്മങ്ങളുടെ ഒരു സരണി തന്നെ ശറഇൽ നിഷ്കർശിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ അവ ഓരോന്നും ക്രമണികയനുസരിച്ച് ചെയ്തു തീർക്കുക മാത്രം ചെയ്യുന്നത് ഹജ്ജിന്റെ ആശയത്തോട് നീതി പുലർത്തലാവില്ല എന്നതാണ് സത്യം. മറിച്ച് സമർപ്പണം എന്ന വികാരവും അത് സ്വീകരിക്കപ്പെടണമേ എന്ന് പ്രാർത്ഥനയും സദാ ഹാജിമാരിൽ ഉണ്ടായിരിക്കേണ്ടതുണ്ട്. കർമ്മങ്ങളുടെ ഉള്ളടക്കമായ പ്രാർത്ഥനകൾക്ക് പുറമേ സദാ പ്രാർത്ഥനാർദ്രമായിരിക്കണം ഓരോ ഹാജിയുടെയും മനസ്സകം. ആ പ്രാർത്ഥനക്ക് വേണ്ടി മനസ്സുകളെ സദാ ഉണർത്തി കൊണ്ടിരിക്കുന്ന സ്ഥാനങ്ങളും കർമ്മങ്ങളുമാണ് ഹജ്ജിലുടനീളം ഉള്ളത്. ഹജ്ജിൽ ഓരോ തീർത്ഥാടകനും പോകാനും ചിലവഴിക്കാനുമുള്ള സ്ഥലങ്ങളും സമയങ്ങളും ഏറെ പരിപാവനങ്ങളാണ്. പരിപാവനത്വം എന്നത് പ്രാർത്ഥനയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രതീക്ഷയാണ്. പരിപാവനമായ സ്ഥലങ്ങൾ, സമയങ്ങൾ എന്നിവയിൽ എത്തിച്ചേരുമ്പോൾ വിശ്വാസിയുടെ മനസ്സിൽ ഒരു ആത്മീയ വികാരം ഉടലെടുക്കുന്നു. ആ വികാരമാണ്, ആയിരിക്കേണ്ടതാണ് പ്രാർത്ഥനകളുടെ പശ്ചാത്തലം. അതുകൊണ്ടുതന്നെ ഹാജിയെ കാത്തിരിക്കുന്ന ശ്രേഷ്ടമായ ഓരോ സ്ഥലങ്ങളിലും സമയങ്ങളിലും പ്രാർത്ഥനകൾക്ക് ഏറെ പ്രാധാന്യമുണ്ട്. ഹാജി ആദ്യം എത്തിച്ചേരുന്നത് പരിശുദ്ധ മസ്ജിദുൽ ഹറാമിലാണ്. ഈ പുണ്യ പള്ളിയുടെ അകത്തേക്ക് കടക്കുന്നതോടെ കൂടെ ആദ്യം ദൃഷ്ടിയിൽ പതിയുക പരിശുദ്ധ കഅ്ബാലയമാണ്. ആ ദൃഷ്ടി പതിയുന്ന സമയവും അപ്പോൾ നിൽക്കുന്ന സ്ഥലവും തന്നെയാണ് പ്രാർത്ഥനക്ക് ഏറ്റവും ഉത്തമമായ അവസരങ്ങളിൽ ഒന്ന്. അബൂ ഉമാമ(റ)യെ തൊട്ട് ബൈഹഖി, ത്വബറാനി എന്നിവർ ഉദ്ധരിക്കുന്ന ഹദീസിൽ പറയുന്നത് ഇങ്ങനെയാണ്: 'നാലു സ്ഥാനങ്ങളിൽ ആകാശത്തിന്റെ കവാടങ്ങൾ തുറക്കപ്പെടുകയും പ്രാർത്ഥനകൾ സ്വീകരിക്കപ്പെടുകയും ചെയ്യും. യുദ്ധമുന്നണിയിൽ ചേർന്നു നിൽക്കുമ്പോഴും മഴ വർഷിക്കുമ്പോഴും നിസ്കാരത്തിനു വേണ്ടി ഇഖാമത്ത് കൊടുക്കപ്പെടുമ്പോഴും കഅ്ബയെ കാണുമ്പോഴും എന്ന് നബി തിരുമേനി(സ്വ) പറഞ്ഞിട്ടുണ്ട്' കഅ്ബാലയത്തെ ആത്മവികാരത്തോടെ നോക്കി നിൽക്കുന്നതിന് ഒരു ആരാധനയായി പല മഹാത്മാക്കളും വിവരിക്കുന്നുണ്ട്. അത് കഴിഞ്ഞാൽ മസ്ജിദുൽ ഹറാമിൽ പ്രാർത്ഥനയ്ക്ക് ഉത്തരം പ്രതീക്ഷിക്കുന്ന 15 സ്ഥലങ്ങൾ ഇമാം ഹസനുൽ ബസ്വരി(റ) എണ്ണിപ്പറയുന്നുണ്ട് തന്റെ 'രിസാല'യിൽ. എണ്ണത്തിലും എണ്ണിയതിലും ചില മാറ്റങ്ങളൊക്കെ ഉണ്ടെങ്കിലും മറ്റുപല ആത്മീയ പണ്ഡിതന്മാരും ഇക്കാര്യം പറയുന്നുണ്ട്. എല്ലാവരും പറയുന്നതിൽ ഏറ്റവും പ്രധാനപ്പെട്ടത് മുൽതസം എന്ന സ്ഥലമാണ് വിശുദ്ധ കഅ്ബയുടെ കിഴക്കുഭാഗത്ത് വാതിലിന്റെയും ഹാജറുൽ അസ്വദിന്റെയും ഇടയിലുള്ള ചെറിയ ഒരു സ്ഥലമാണ് ഇത്. ഇപ്പോഴത്തെ കാലത്തെ തിരക്കിനിടയിൽ ആത്മീയ ഭാവത്തോടെ ഈ സ്ഥലം പ്രാർത്ഥനക്കായി എത്രകണ്ട് ഉപയോഗിക്കാൻ കഴിയും എന്നതിനൊക്കെ ആശങ്കയുണ്ട് എങ്കിലും നബി(സ്വ)യും സ്വഹാബികളും അടക്കം സച്ചരിതർ ഈ സ്ഥാനത്തിന് അതീവ പ്രാധാന്യം കൽപ്പിച്ചിരുന്നതായി കാണാം.


റുക്നുല്‍ യമാനി, കഅ്ബയുടെ മുകളിൽ നിന്ന് വെള്ളം വീഴുന്ന വെള്ളപ്പാത്തി, മഖാം ഇബ്രാഹിം, കഅ്ബാലയത്തിന്റെ അകം തുടങ്ങിയ സ്ഥാനങ്ങളൊക്കെ പ്രാർത്ഥനയ്ക്ക് ഉത്തരമുള്ള സ്ഥലങ്ങളാണ് എന്ന് പല മഹാന്മാരും പറഞ്ഞിട്ടുണ്ട്. വിശുദ്ധ കഅ്ബാലയത്തിന്റെ തെക്കേ മൂലയാണ് റുക്നുൽ യമാനി. യമനിന്റെ നേരെയുള്ള ദിശയിൽ ആയതിനാലാണ് ഈ പേര് വന്നത് എന്നതാണ് പ്രാഥമിക വ്യാഖ്യാനം. തവാഫ് ചെയ്യുന്നവർ ഈ മൂലയെ തൊട്ട് മുത്തുന്നത് സുന്നത്താണ്. നബി തിരുമേനി(സ്വ) അങ്ങനെ ചെയ്യുമായിരുന്നു എന്ന് ഇബ്നു ഉമർ (റ) ഉദ്ധരിക്കുന്ന ഹദീസിൽ ഉണ്ട് (ഹാകിം). ഹജറുൽ അസ് വദിനെയും റുക്നൽ യമാനിയെയും തൊട്ടുമുത്തുക വഴി പാപങ്ങൾ പൊളിച്ചിടപ്പെടും എന്ന് ഹദീസിൽ വന്നിരിക്കുന്നു (അഹ്മദ്). കഅ്ബയുടെ മുകളിൽ നിന്ന് വെള്ളം താഴേക്ക് വീഴുന്ന പാത്തിയാണ് മീസാബ്. വടക്കേ ചുമരിന് മുകളിലുള്ള ഈ പാത്തിയിലൂടെ വെള്ളം വീഴുന്നത് ഹിജർ ഇസ്മായീലിലേക്കാണ്. അതുകൊണ്ടായിരിക്കണം ഇതൊരു പ്രത്യേക സ്ഥാനമാണ് എന്ന് പറയപ്പെട്ടത്. കഅ്ബാലയത്തിന്റെ നിർമ്മാണത്തിൽ ഭിത്തി കെട്ടുവാനായി ഇബ്രാഹിം നബി(അ) കയറിനിന്ന കല്ലാണ് മഖാമു ഇബ്രാഹിം. അത് കഅ്ബയുള്ള കാലം നിലനിൽക്കുകയും ഒരു ചരിത്ര അവബോധം പകരുകയും ചെയ്യണം എന്ന താല്പര്യത്തിലായിരിക്കണം, ആ കല്ലിൽ അല്ലാഹു അദ്ദേഹത്തിൻ്റെ കാലുകൾ പതിപ്പിക്കുകയായിരുന്നു. കഅ്ബാലയത്തോട് ചേർന്ന് തന്നെയായിരുന്നു ആദ്യം അതിൻ്റെ സ്ഥാനം. പിന്നെ രണ്ടാം ഖലീഫ ഉമർ(റ)വിൻ്റെ കാലത്ത് അതിനെ ചില സൗകര്യങ്ങൾക്ക് വേണ്ടി ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. പ്രാർത്ഥനയ്ക്ക് ഏറ്റവും നല്ല ദിക്കും ദിശയും പരിഗണിക്കുന്നത് ഇസ്ലാമികമായി പ്രോത്സാഹിപ്പിക്കപ്പെട്ട കാര്യമാണ്. അങ്ങനെ വരുമ്പോൾ ഏറ്റവും ശ്രേഷ്ഠമായ ഭാഗം കിഴക്കുവശമാണ്. വാതിൽ, ഹജറുൽ അസ് വദ്, മുൽതസം, സംസം കിണർ തുടങ്ങിയവയെല്ലാം ആ ഭാഗത്താണല്ലോ.


പിന്നെ പ്രാർത്ഥനക്ക് ഏറ്റവും പ്രതീക്ഷയുള്ള സ്ഥലം സ്വഫ, മർവ്വ എന്നീ കുന്നുകളും അവയ്ക്കിടയിലുള്ള നടപ്പാതയുമാണ്. ഈ പാത മസ്ആ എന്ന് അറിയപ്പെടുന്നു. ഇവ ഒന്നും സാങ്കേതികമായി മസ്ജിദുൽ ഹറാമിന്റെ പരിധിക്കുള്ളിൽ അല്ലെങ്കിലും ഏറെ ശ്രേഷ്ഠതയുള്ള സ്ഥലങ്ങളാണ്. മേൽ സൂചിപ്പിച്ചതുപോലെ ഈ സ്ഥലങ്ങൾക്കെല്ലാം പരിശുദ്ധി കൽപ്പിക്കപ്പെടുന്നത് അവിടങ്ങൾ ഉൾക്കൊള്ളുന്ന ചരിത്രങ്ങൾ വിശ്വാസികളുടെ മനസ്സിലേക്ക് പകരുന്ന അനുഭവങ്ങളാണ്. ഏകാകിനിയായിരുന്ന ഹാജർ(റ) തന്റെ കുരുന്നു മകന് ഒരല്പം വെള്ളം നൽകുവാൻ വേണ്ടി ആധിയോടെ അങ്ങോട്ടുമിങ്ങോട്ടും ഓടിക്കയറിയ കുന്നുകളാണ് ഇവ രണ്ടും. ആ ഓട്ടം ചെന്നുനിന്നത് അല്ലാഹുവിൻ്റെ ഏറ്റവും വലിയ കടാക്ഷമായ സംസം എന്ന ഈ ഭൂമിയിലെ ഏറ്റവും അത്ഭുതകരമായ ജലസ്രോതസ്സിൽ ആയിരുന്നു. അതോടുകൂടെ ഈ ചരിത്ര സ്ഥാനം പ്രാർത്ഥനയുടെയും ഉത്തരത്തിന്റെയും സ്ഥാനമായി മാറി. അതുതന്നെയാണ് തീർത്ഥാടകരുടെ പ്രാർത്ഥനയ്ക്ക് സവിശേഷമായ ഒരു സ്ഥാനമായി ഇവയെ കാണുന്നതും. ഇതേ ചരിത്രം തന്നെയാണ് സംസം കിണറിന്റെ അടുത്തേക്കും ശ്രേഷ്ഠതയെ എത്തിക്കുന്നത്. സംസം കിണറിന്റെ സമീപവും സംസം വെള്ളം കുടിച്ച ഉടനെയും പ്രാർത്ഥനക്ക് ഉത്തരം ഉണ്ട് എന്നും മഹാന്മാരുടെ വാക്കുകളിൽ കാണാം. ഈ ലോകത്ത് ഇന്നും അമാനുഷികത വിളംബരം ചെയ്തുകൊണ്ടേയിരിക്കുന്ന ജലധാരയാണ് സംസം കിണർ. അല്ലാഹുവിൻ്റെ തൃപ്തിയും സ്പർശനവും അല്ലാതെ മറ്റൊന്നുമല്ല ഈ പ്രത്യേകതക്കു പിന്നിൽ. അതിനാൽ സജീവമായ ഈ അനുഗ്രഹത്തിന് മുമ്പിൽ ആത്മാർത്ഥമായി ചോദിക്കുന്നവർക്ക് ഉത്തരമുണ്ടാകും എന്ന് ഉറപ്പാണ്.


പ്രത്യേക സ്ഥലങ്ങളെയും സമയങ്ങളെയും പ്രാർത്ഥന കൊണ്ട് ഉപയോഗപ്പെടുത്തുക എന്നത് തൽപരനായ ഒരു വിശ്വാസി ശ്രദ്ധിക്കേണ്ട കാര്യമാണ്. അതേസമയം മസ്ജിദുൽ ഹറാമിന്റെ ഏതു ഭാഗവും അതീവ ശ്രേഷ്ഠതയുള്ള സ്ഥലം തന്നെയാണ്. അല്ലാഹുവിനെ ആരാധിക്കാൻ വേണ്ടി ഏറ്റവും ആദ്യമായി ഭൂമുഖത്ത് ഉയർന്ന ആലയം വിശുദ്ധ കഅ്ബ ആണ് എങ്കിൽ ആദ്യമായി ഉയർന്ന പള്ളി മസ്ജിദുൽ ഹറാം ആണ്. കഅ്ബയെ ചുറ്റി നിന്ന് സംരക്ഷിക്കുന്ന തരത്തിലാണ് ഇതിന്റെ നിർമ്മാണം. അതുകൊണ്ടുതന്നെ ആരാധനകൾക്ക് ഭൂമിയിൽ ഏറ്റവും ശ്രേഷ്ഠതയുള്ള പള്ളി ഇതാണ്. ഇത് കഴിഞ്ഞു മാത്രമേയുള്ളൂ ലോകത്തെ മറ്റെല്ലാ പള്ളികളും. ഇവിടെ വെച്ചുള്ള നിസ്‌കാരത്തിന് മറ്റു പള്ളികളിലുള്ള നിസ്‌കാരത്തെക്കാള്‍ ഒരുലക്ഷം ഇരട്ടി പ്രതിഫലമുണ്ട് എന്ന് സ്വഹീഹായ ഹദീസുകളിൽ വന്നിട്ടുണ്ട്. യാത്രക്ക് തന്നെ ആരാധനയുടെ പരിഗണനയുള്ള മൂന്ന് ആരാധനാലയങ്ങളാണ് ഭൂമിയിൽ ആകെയുള്ളത്. അവയിൽ ഒന്നാമത്തേത് മക്കയിലെ മസ്ജിദുൽ ഹറാമും രണ്ടാമത്തേത് മദീനയിലെ മസ്ജിദുന്നബവിയും മൂന്നാമത്തേത് പലസ്തീനിലെ മസ്ജിദുൽ അഖ്സായുമാണ്. പ്രതിഫലവും പുണ്യവും പ്രതീക്ഷിച്ചു എപ്പോഴും വിശ്വാസികൾക്ക് വന്നുചേരാനുള്ള സ്ഥലമായതിനാൽ അവിടെ ഏതു വിധത്തിലുള്ള അക്രമവും അല്ലാഹു നിരോധിക്കുകയും അങ്ങനെ ചെയ്യുന്നവരെ ശക്തമായി താക്കീത് ചെയ്യുകയും ചെയ്തിട്ടുള്ളതാണ്. അല്ലാഹു പറയുന്നു: 'തീര്‍ച്ചയായും സത്യത്തെ നിഷേധിക്കുകയും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്നും മനുഷ്യര്‍ക്ക്-സ്ഥിരവാസിക്കും പരദേശിക്കും- സമാവകാശമുള്ളതായി നാം നിശ്ചയിച്ചിട്ടുള്ള മസ്ജിദുല്‍ ഹറാമില്‍ നിന്നും ജനങ്ങളെ തടഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ (കരുതിയിരിക്കട്ടെ). അവിടെ വെച്ച് വല്ലവനും അന്യായമായി ധര്‍മവിരുദ്ധമായ വല്ലതും ചെയ്യാന്‍ ഉദ്ദേശിക്കുന്നപക്ഷം അവന്ന് വേദനയേറിയ ശിക്ഷയില്‍ നിന്നും നാം അനുഭവിപ്പിക്കുന്നതാണ്' (22:25). ഇതേ ലക്ഷത്തിന് വേണ്ടി തന്നെയാണ് മസ്ജിദുല്‍ ഹറാമിലേക്കുള്ള പ്രവേശനം ബഹുദൈവവിശ്വാസികള്‍ക്ക് നിഷിദ്ധമാക്കിയിരിക്കുന്നതും. അല്ലാഹു പറയുന്നു: 'സത്യവിശ്വാസികളേ, ബഹുദൈവവിശ്വാസികള്‍ നജസ് തന്നെയാകുന്നു. അതിനാല്‍ അവര്‍ ഈ കൊല്ലത്തിന് ശേഷം മസ്ജിദുല്‍ ഹറാമിനെ സമീപിക്കരുത്...' (9:28). മക്കാ വിജയത്തിനുശേഷം ആണ് ഇത് നിരോധിക്കപ്പെട്ടത്. ആ സംഭവമാണ് ആയത്തിൽ പരാമർശിക്കുന്നത്.


തീർത്ഥാടകർ ചെയ്യുന്ന പ്രാർത്ഥനകൾ പൊതുവേ പ്രതീക്ഷയുള്ളതാണ്. കാരണം ഹജ്ജിന് ഇഹ്റാം ചെയ്യുന്നതോടുകൂടി അവർ ഒരു പ്രത്യേക വേഷത്തിൽ മാത്രമല്ല ഒരു മാനസികാവസ്ഥയിൽ കൂടി എത്തിച്ചേരുകയാണ്. ആ മാനസികാവസ്ഥയാവട്ടെ പ്രാർത്ഥനക്ക് ഏറെ പ്രചോദനം നൽകുന്നതുമാണ്. അതുകൊണ്ടുതന്നെ ഹജ്ജിനോ ഉംറക്കോ പുറപ്പെടുന്ന തീർത്ഥാടകരോട് തങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം എന്ന് ആവശ്യപ്പെടുന്നതും പ്രധാനമാണ്. ഉമർ(റ) ഉംറ തീർത്ഥാടനത്തിനുവേണ്ടി പോകുവാൻ തീരുമാനിക്കുകയും നബി തിരുമേനി(സ)യോട് അതിന് അനുമതിക്കായി സമീപിക്കുകയും ചെയ്ത ഒരു സംഭവം ഇമാം അബു ദാവൂദ്, തിർമുദി എന്നിവർ നീയും നിവേദനം ചെയ്തിട്ടുണ്ട്. അതിന് അനുമതി നൽകിയ നബി(സ്വ) അദ്ദേഹത്തോട് പറഞ്ഞു: 'എൻ്റെ സഹോദരാ, താങ്കളുടെ പ്രാർത്ഥനകളിൽ ഞങ്ങളെ മറക്കരുത്' എന്ന്. 'താങ്കളുടെ പ്രാർത്ഥനയിൽ ഞങ്ങളെയും കൂട്ടണേ..' എന്നായിരുന്നു നബി തങ്ങൾ പറഞ്ഞത് എന്ന് മറ്റൊരു രിവായത്തിൽ വന്നിട്ടുണ്ട്. ഉമർ(റ)വിന് വലിയ സന്തോഷം പകർന്ന ഒരു സന്ദർഭമായിരുന്നു ഇത്. ഈ പ്രപഞ്ചത്തിലുള്ള എന്ത് കിട്ടിയാലും ഉണ്ടാകുന്നതിനേക്കാൾ എന്നെ സന്തോഷിപ്പിക്കുന്ന ഒരു വാചകമായിരുന്നു ഇത് എന്ന് അദ്ദേഹം പറഞ്ഞതായി കാണാം.
0










0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso