

യൂസുഫ് ഖിസ്സയിലെ കൗതുകങ്ങൾ
2025-05-30
Web Design
15 Comments
ഇഅ്ജാസ്
ടി എച്ച് ദാരിമി
വിശുദ്ധ ഖുർആനിലെ പന്ത്രണ്ടാമത്തെ അധ്യായമായ യൂസഫ് സൂറത്ത് പഠിക്കുമ്പോൾ പ്രത്യക്ഷത്തിൽ ആകർഷകമായ ഒരു കഥ പറയാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഇത് എന്ന് തോന്നിപ്പോകും. പക്ഷേ, ഏറ്റവും മനോഹരമായ ഒരു കഥയാണ് ഈ സൂറത്ത് പറയുന്നത് എങ്കിലും അതിൻ്റെ അകത്ത് ഒരുപാട് പാഠങ്ങൾ അല്ലാഹു ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. പ്രത്യേകിച്ചും ഈ സൂറത്തിന്റെ അവതരണത്തിൽ അതിൽ ഉപയോഗിച്ചിരിക്കുന്ന വാക്കുകളിൽ പോലും പാരമായ അമാനുഷികതകൾ ഒളിഞ്ഞിരിപ്പുണ്ട് എന്നതാണ് സത്യം. ഇതിനെക്കുറിച്ച് നിരവധി സാമൂഹ്യവും സാമ്പത്തികവും സാംസ്കാരികവും ആയ പഠനങ്ങൾ പലരും നടത്തിയിട്ടുണ്ട്. അതിലെ ചില കൗതുകങ്ങൾ കാണുമ്പോൾ വിശുദ്ധ ഖുർആനിന്റെ അമാനുഷികതയും അത് മുന്നോട്ടുവെക്കുന്ന ആശയങ്ങളുടെ സമ്പന്നതയും വിശ്വാസികൾക്ക് ഒരേസമയം മനസ്സിലാക്കി എടുക്കാൻ കഴിയും. അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് യൂസുഫിനെ നഷ്ടപ്പെടുത്തി സഹോദരന്മാർ പിതാവിൻ്റെ മുമ്പിൽ വരികയും പിതാവിനോട് അവനെ ചെന്നായ തിന്നു പോയി എന്ന് പരിതപിക്കുകയും ചെയ്ത രംഗം. പിതാവായ യഅ്ക്കൂബ് നബിക്ക് യൂസുഫിനോട് ഉണ്ടായിരുന്ന അധമ്യമായ സ്നേഹത്തിന്റെ കാര്യത്തിൽ ഉണ്ടായ അവരുടെ അസൂയയാണല്ലോ കഥയുടെ തുടക്കം. അതിന് അവർ കണ്ട മാർഗ്ഗം യൂസുഫിനെയും പിതാവിനെയും എന്നെന്നേക്കുമായി തമ്മിൽ അകറ്റുക എന്നതായിരുന്നു. അതിനായി അവർ കണ്ടെത്തിയ മാർഗം, എന്തെങ്കിലും പറഞ്ഞ് അവനെ ആടുമേക്കാൻ പോകുമ്പോൾ കൂടെ കൊണ്ടുപോവുകയും അവന് ജീവഹാനി വരുത്തുകയും ചെയ്യുക എന്നതായിരുന്നു. അത് പിന്നെ കിണറ്റിൽ എറിയൽ ആക്കി അവർ ചുരുക്കി. എന്നിട്ട് വൈകുന്നേരം വേദന അഭിനയിച്ചുകൊണ്ട് അവർ പിതാവിൻ്റെ അടുക്കൽ എത്തി. എന്നിട്ട്, അവർ പിതാവിനോട് 'ഞങ്ങൾ യൂസഫിനെ ഞങ്ങളുടെ സാധനസാമഗ്രികളുടെ അടുത്തായി നിർത്തുകയും ഞങ്ങൾ കളിക്കാൻ പോവുകയും ചെയ്തു, ആ തക്കത്തിൽ ചെന്നായ അവനെ തിന്നു' എന്നു പറഞ്ഞായിരുന്നു അവർ വിലപിച്ചത്. ഇവിടെ ഈ സംഭവത്തിൽ അവരുടെ വർത്തമാനം ഉദ്ധരിക്കുമ്പോൾ അതിനുള്ളിൽ തന്നെ അവർ പറയുന്നത് കള്ളമാണ് എന്നതിലേക്കുള്ള സൂചന അല്ലാഹു ഒളിപ്പിച്ചുവെച്ചതായി നമുക്ക് കാണാം. കാരണം, അവർ പറഞ്ഞത് 'അകല' എന്നാണ്. 'അകല' എന്ന് പറഞ്ഞാൽ തിന്നു എന്നാണ് അർത്ഥമെങ്കിലും ആ തിന്നൽ പ്രത്യക്ഷമായിരിക്കും. എല്ലാവരുടെയും ശ്രദ്ധയിൽ അല്ലെങ്കിൽ പൊതു ശ്രദ്ധയിൽ വെച്ചു കൊണ്ടുള്ള തീറ്റയാണ് ഈ വാക്കുകൊണ്ട് പൊതുവേ ഉദ്ദേശിക്കപ്പെടുക. അവർ മെനഞ്ഞുണ്ടാക്കിയ കഥ അനുസരിച്ച് അവർ പറയേണ്ടിയിരുന്നത് 'ഇഫ്തറസ' എന്നായിരുന്നു. അങ്ങനെയാണെങ്കിൽ അതിന്, ഞങ്ങൾ ആരും ഇല്ലാത്ത സമയത്ത് ചെന്നായ അവനു മേൽ ചാടി വീഴുകയും വന്യമായി ആക്രമിക്കുകയും ചെയ്തു എന്നായിരിക്കും അർത്ഥം. ഉദ്ദേശിച്ചത് അങ്ങനെയായിരുന്നു എങ്കിലും അവർ പറഞ്ഞത് ചെന്നായ പരസ്യമായി അവനെ തിന്നു എന്നായിരുന്നു ( ). അതായത് യൂസഫിന് എന്ത് സംഭവിച്ചാലും അത് അവരുടെ ദൃഷ്ടിയിൽ സംഭവിച്ചതായിരുന്നു എന്നത് അവരുടെ വാക്കുകളിൽ തന്നെ ഉണ്ട് എന്ന് ചുരുക്കം.
ഇതേ വിഷയത്തോട് ചേർത്തു തന്നെ പറയാനും പഠിക്കാനും മറ്റൊരു തത്വം കൂടിയുണ്ട്. അത് മക്കൾക്കോ ശിഷ്യഗണങ്ങൾക്കോ സമാനരായ മറ്റുള്ളവർക്കോ എന്ത് ഉപദേശമോ നിർദ്ദേശമോ നൽകുകയാണ് എങ്കിൽ അതിൽ പിന്നീട് ദുരുപയോഗം ചെയ്യാൻ സഹായകമാകുന്ന ഒരു സൂചനയും ഉണ്ടാകരുത്, നൽകരുത് എന്നതാണ്. പിതാവും പ്രവാചകനുമായ യഅ്ക്കൂബ് നബി മകൻ യൂസഫിനെ സഹോദരങ്ങളോടൊപ്പം അവർ ആവശ്യപ്പെട്ടതനുസരിച്ച് പറഞ്ഞയക്കാൻ വിസമ്മതിക്കുന്നതിലെ തടസ്സം അവനെ ചെന്നായ എങ്ങാനും തിന്ന് പോയേക്കുമോ എന്നതാണ് എന്ന് പറയുന്നുണ്ട് (12:13). പിതാവിൻ്റെ ഈ പ്രയോഗത്തിൽ നിന്ന് തന്നെയായിരിക്കണം അവർ ചെന്നായക്കഥ മെനഞ്ഞുണ്ടാക്കിയത്. അവർ ഗൂഢാലോചന നടത്തുമ്പോൾ ചെന്നായ എന്ന ആശയം വന്നിട്ടില്ലായിരുന്നു. കൊന്നുകളയുകയോ പിതാവിൽ നിന്ന് അകറ്റുകയോ ചെയ്യുക എന്ന മാത്രമായിരുന്നു അവരുടെ ചർച്ചയുടെ പരിധിയിൽ വന്നത് (12:10). ശിക്ഷണ ശാസ്ത്രത്തിലെ ഒരു പ്രധാന ആശയവുമായി ലോകം അത് പിന്നീട് പറഞ്ഞു തുടങ്ങിയിട്ടുണ്ട്. കുട്ടികൾക്ക് ഉപദേശമോ നിർദ്ദേശമോ നൽകുമ്പോൾ അവർ ചിന്തിച്ചിട്ട് പോലുമില്ലാത്ത കാര്യങ്ങൾ ഒരിക്കലും വാക്കുകളിൽ പ്രയോഗിക്കുക പോലും ചെയ്യരുത്. അങ്ങനെ ചെയ്താൽ അതിനെ ഒരു മാർഗ്ഗമായി കാണാനുള്ള ഒരുതരം ത്വര അവരുടെ മനസ്സുകളിൽ ഉണ്ടാകും. അത് അവർക്ക് തന്നെ വടിവെച്ചു കൊടുക്കുന്നതിന് തുല്യമായിരിക്കും.
അപ്രകാരം തന്നെ ഈ സൂറത്തിൻ്റെ ചരിത്ര ക്രമണികയിൽ നിന്ന് പഠിച്ചെടുക്കാനുള്ള മറ്റൊരു തത്വം, മനുഷ്യൻ്റെ സമീപനത്തിന്റെ ഒരു സവിശേഷതയാണ്. അത് തനിക്ക് അല്ലെങ്കിൽ തങ്ങൾക്ക് വല്ല നേട്ടമോ ഗുണമോ കിട്ടാനുണ്ടെങ്കിൽ പ്രശംസിക്കുകയും പ്രകീർത്തിക്കുകയും നല്ല വാക്ക് പറയുകയും ഒക്കെ ചെയ്യും, അതേസമയം അങ്ങനെയൊന്നുമില്ലെങ്കിൽ അത്തരം നല്ല വാക്കുകളും പ്രയോഗങ്ങളും എല്ലാം കൈവിട്ടു പോവുകയും കൈവിടുകയും ചെയ്യും എന്നതാണ്ടത്. ഈജിപ്തിലെ രാജാവ്, 'നിങ്ങൾ ഇനി വരുമ്പോൾ നിങ്ങളുടെ അനുജ സഹോദരനെ കൂടി കൊണ്ടുവരണം, അല്ലെങ്കിൽ നിങ്ങൾക്ക് ഇനി റേഷൻ ലഭിക്കുകയില്ല' എന്ന് പറയുന്ന ഒരു രംഗമുണ്ട്. അതിനുവേണ്ടി അദ്ദേഹം അളവു പാത്രം അവരുടെ ചാക്കിൽ നിക്ഷേപിക്കുക തുടങ്ങിയ ചെറിയ വേലകളൊക്കെ ഒപ്പിക്കുന്നുമുണ്ട്. അടുത്ത പ്രാവശ്യം റേഷൻ ലഭിക്കണമെന്നുണ്ടെങ്കിൽ ബിൻയാമീൻ എന്ന തങ്ങളുടെ സഹോദരനെ കിട്ടേണ്ടത് അവർക്ക് അനുപേക്ഷണീയമായിരുന്നു. അതിനുവേണ്ടി അവർ പിതാവിനെ സമീപിക്കുമ്പോൾ കാര്യലാഭത്തിന് വേണ്ടി ആയതുകൊണ്ട് അവർ 'ഞങ്ങളുടെ സഹോദരനെ ഞങ്ങളോടൊപ്പം അയച്ചുതരണം' എന്നാണ് പറയുന്നത് (12:63). അങ്ങനെ ബിൻയാമിനെ അയക്കുകയും തുടർന്ന് അവിടെ ചില നാടകങ്ങൾ അരങ്ങേറുകയും ചെയ്യുന്നുണ്ട്. അതിനൊടുവിൽ രാജാവിൻ്റെ അളവ് പാത്രം മോഷ്ടിച്ചതിന്റെ പേരിൽ എന്ന നിലക്ക് ബിന്യാമിൻ തടവിലാക്കപ്പെടുന്നുമുണ്ട്. രണ്ടാമത്തെ സഹോദരനെയും നഷ്ടപ്പെട്ട വ്യഥയുമായി മക്കൾ പിതാവിൻ്റെ അടുത്തെത്തുമ്പോൾ അവർ അതേ ബിൻയാമിനെ 'സഹോദരൻ' എന്നല്ല അഭിസംബോധന ചെയ്യുന്നത്, മറിച്ച്, 'നിങ്ങളുടെ മകൻ മോഷ്ടിച്ചു' എന്നാണ് (12:81). കാര്യമുണ്ടാകുമ്പോൾ പൊക്കി പറയുകയും അല്ലാത്തപ്പോൾ നിലത്തിടുകയും ചെയ്യുക എന്നത് കപടന്മാരായ മനുഷ്യന്മാരുടെ പതിവാണ് എന്ന് ഈ സംഭവം പറയുന്നു.
അളവ് പാത്രം നഷ്ടപ്പെട്ട കേസിൽ ബിൻയാമിൻ പിടിക്കപ്പെടുമ്പോൾ ആ സഹോദരങ്ങൾ ആദ്യമേ നടത്തുന്ന ഒരു പ്രതികരണമുണ്ട്. 'ഇവൻ മോഷ്ടിച്ചിട്ടുണ്ടെങ്കിൽ, മുമ്പ് ഇവന്റെ സഹോദരനും മോഷ്ടിച്ചിട്ടുണ്ട്' എന്നായിരുന്നു അത് (12: 77). ഇതു പറയുന്നത് യഥാർത്ഥത്തിൽ അവർ പറയുന്ന മുമ്പ് മോഷ്ടിച്ച ആ സഹോദരനോട് തന്നെയാണ് എന്ന് അപ്പോൾ അവർക്ക് അറിയാമായിരുന്നില്ല. അതുകൊണ്ട് അവരെക്കുറിച്ച് നമുക്കൊന്നും ഇപ്പോൾ പറയാൻ വയ്യ. അതേസമയം, തന്നെക്കുറിച്ചാണ് ഈ പറയുന്നത് എന്നത് നുറു ശതമാനവും യൂസഫ് നബിക്ക് അറിയാമായിരുന്നു. അതിന് മറുപടി പറയാനോ അവിടെ പൊട്ടിത്തെറിക്കാനോ എല്ലാമുള്ള അർഹതയും അധികാരവും അദ്ദേഹത്തിൻ്റെ കയ്യിൽ ഈ രംഗത്ത് ഉണ്ടായിരുന്നു. പക്ഷേ, അപ്പോൾ യൂസുഫ് നബി അത് മനസ്സിൽ ഒളിപ്പിച്ചുവെക്കുകയും വെളിപ്പെടുത്താതിരിക്കുകയും തൻ്റെ പ്രതികരണം മനസ്സിൻ്റെ ഉള്ളിൽ മാത്രം ഒതുക്കുകയും ചെയ്യുകയായിരുന്നു (12:77). ചില സന്ദർഭങ്ങൾ ആവശ്യപ്പെടുന്ന ഏറ്റവും വലിയ ശരി ഈ മൗനമായിരിക്കും. ഇപ്പോൾ തന്നെ യൂസഫ് നബി പ്രതികരിക്കുകയോ പൊട്ടിത്തെറിക്കുകയോ ചെയ്യുന്ന പക്ഷം കഥ അവിടെത്തന്നെ അവസാനിക്കുകയായിരിക്കും ഫലം. അതേസമയം, അങ്ങനെ അവസാനിച്ചാൽ ഈ കഥയും അതിലെ പാഠങ്ങളും അപൂർണ്ണമായിത്തീരും. അതുകൊണ്ട് എല്ലാ വഴിയും അടച്ച്, എല്ലാ ചുവടും പൂർത്തീകരിച്ച് ഏറ്റവും വ്യക്തമായ വിജയം നേടുവാൻ വേണ്ടി യൂസഫ് നബി ക്ഷമിക്കുകയാണ്. ചില കാര്യങ്ങൾ അവധാനതയോടെ മറച്ചുപിടിക്കുന്നതിൽ ഖൈറ് ഉണ്ടാകും എന്ന് സൂക്തങ്ങളും സാഹചര്യവും വിശ്വാസികളെ പഠിപ്പിക്കുന്നു.
ഈ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് കുപ്പായം. ഈ ചരിത്രത്തിലെ കുപ്പായം വിശ്വാസിയുടെ മുമ്പിൽ പ്രത്യക്ഷപ്പെടുന്നത് മൂന്നുപ്രാവശ്യമാണ്. പക്ഷേ മൂന്നും മൂന്നു അർത്ഥത്തിലാണ് വരുന്നത്. ഒരേ കാര്യത്തെ വിവിധ സാഹചര്യങ്ങളിൽ വിവിധ വൈപുല്യങ്ങൾക്ക് വേണ്ടി പ്രയോഗിക്കുക എന്നത് വിശുദ്ധ ഖുർആനിൻ്റെ ഒരു മനോഹാരിതയാണ്. ആദ്യമായി കുപ്പായം രംഗത്തുവരുന്നത് സങ്കടത്തിന്റെ സാക്ഷിയായി കൊണ്ടാണ്. പിതാവിനെ തെറ്റിദ്ധരിപ്പിക്കുവാൻ വേണ്ടി മക്കൾ കൊണ്ടുവന്നത് യൂസഫിന്റെ കുപ്പായമായിരുന്നു. അതിന്മേൽ അവർ രക്തം പുരട്ടുകയും ചെയ്തിരുന്നു (12:18). രണ്ടാമതായി കുപ്പായം പ്രത്യക്ഷപ്പെടുന്നത് നിരപരാധിത്വത്തിന്‍റെ തെളിവായിക്കൊണ്ട്. യൂസഫ് നബിയോടുള്ള അനുരാഗത്തിൽ വിവശയായിക്കഴിഞ്ഞ സുലൈഖ യൂസഫ് നബിയെ പിടിക്കാൻ ഉദ്യമിക്കുകയും യൂസഫ് നബി അതിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കവേ അസീസിന്റെ മുന്നിൽ പിടിക്കപ്പെട്ട നിലയിൽ നിൽക്കേണ്ടി വരികയും ചെയ്തു. സ്വന്തം ഭാര്യയുടെയും അതുവരെയും താൻ സത്യസന്ധനാണ് എന്ന് വിശ്വസിച്ചിരുന്ന അടിമയുടെയും ചാരിത്ര്യം ഒരേസമയം രണ്ടു വശങ്ങളിൽ ചോദ്യചിഹ്നമായി വന്നപ്പോൾ അടിമയുടെ നിരപരാധിത്വം തെളിയിക്കാനുള്ള ഏറ്റവും വലിയ തെളിവായി മാറിയത് ഈ കുപ്പായമാണ്. കുപ്പായത്തിന്റെ പുറകുവശമാണ് കീറിയിരിക്കുന്നത് എന്നത് പിന്നിൽ നിന്ന് പിടിച്ചു വലിക്കപ്പെടുകയായിരുന്നു എന്നത് അനായാസം തെളിയിക്കുകയും ചെയ്തു (12:26). മൂന്നാമതായി കുപ്പായം രംഗത്ത് വരുന്നത് സന്തോഷ വാർത്തയും വഹിച്ചു കൊണ്ടാണ്. ചരിത്രം അതിൻ്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ യൂസഫ് നബി പിതാവിലേക്കുള്ള സുവിശേഷം അയക്കുന്നതിൽ തെളിവിനായി കൊടുത്തയക്കുന്നത് തൻ്റെ കുപ്പായമാണ് (12:93). മുന്നു ഇടങ്ങളിൽ മൂന്നു തരങ്ങളിലായി വരുന്ന കുപ്പായം മനുഷ്യനെ പഠിപ്പിക്കുന്നത് ഒരിക്കൽ നമ്മെ വിഷമിപ്പിച്ചത് മറ്റൊരിക്കൽ നമ്മുടെ തെളിവും സന്തോഷവും ആയി പരിണമിച്ചേക്കാം എന്ന മഹത്തായ ഒരു തത്വമാണ്.
ചാരിത്ര്യം എന്നത് സ്ത്രീകളുടെ മാത്രം വിഷയവും വിലയിരുത്തലിൻ്റെ മാനദണ്ഡവും അല്ല എന്ന വസ്തുതയും ഈ സൂറത്തിൻ്റെ അകത്തളത്തിൽ ഉണ്ട്. യൂസഫ് നബിയിൽ അനുരക്തയായ സുലൈഖ അദ്ദേഹത്തെ തന്റെ മുറിയിലിട്ട് പിടിക്കാനും വലിച്ചടുപ്പിക്കാനും ശ്രമിക്കുമ്പോൾ യൂസഫ് നബി അതിനു നൽകുന്ന പ്രതികരണത്തിൽ അത് വ്യക്തമാണ്. അദ്ദേഹം പറഞ്ഞു: 'അല്ലാഹുവിൽ ഞാൻ ശരണം തേടുന്നു, എൻ്റെ യജമാനനായ അദ്ദേഹം എന്നോട് ഏറ്റവും ഉദാത്തമായി പെരുമാറുന്ന ആളാണ്' (അദ്ദേഹത്തെ ഞാൻ വഞ്ചിക്കുകയില്ല) എന്നായിരുന്നു (12:23). മറ്റൊരു തത്വം സ്നേഹത്തിൻ്റെ മൂല്യമാണ്. ശരീരം, സമ്പത്ത്, സമ്പാദ്യങ്ങൾ തുടങ്ങിയവ പോലെ അമൂല്യമായ ഒന്നാണ് സ്നേഹം എന്നത്. യൂസുഫ് നബിയുടെ ചരിത്രത്തിൽ ഉയർന്നു കാണുന്നത് അദ്ദേഹത്തിന് എതിരെയുള്ള സഹോദരങ്ങളുടെ ചെയ്തികളാണ്. ആ ചെയ്തികളുടെയെല്ലാം അടിസ്ഥാനമാകട്ടെ അസൂയ ആയിരുന്നു. അസൂയയുടെ കാരണമാകട്ടെ ഇഷ്ടമായിരുന്നു. പിതാവായ യഅ്കൂബ് നബിക്ക് യൂസുഫ് നബിയോടുള്ള ഇഷ്ടത്തിന്റെ പേരിലാണ് അസൂയ ഉണ്ടായത്. അസൂയക്ക് വിഷയീഭവിക്കാൻ മാത്രം വലിയ സംഭവമാണ് സ്നേഹം എന്നർത്ഥം. ഈ സൂറത്ത് പഠിപ്പിക്കുന്ന മറ്റൊരു തത്വം വ്യക്തിത്വ വിശുദ്ധി ഏറ്റവും വലിയ പിൻബലമാണ് എന്നതാണ്. സ്വപ്നത്തിന്റെ വ്യാഖ്യാനം അറിയുവാൻ വേണ്ടി യൂസഫ് നബിയെ ജയിലിൽ നിന്ന് കൊണ്ടുവരാൻ രാജാവ് ഒരുങ്ങുമ്പോൾ തന്നെക്കുറിച്ച് പറയപ്പെട്ട അപവാദങ്ങളുടെ അവസ്ഥയെന്താണ് എന്ന് പരിശോധിച്ചു അവയെല്ലാം തെറ്റായിരുന്നു എന്ന് ബോധ്യപ്പെടണം എന്ന് ആവശ്യപ്പെടുകയുണ്ടായി. അതനുസരിച്ച് ആ സ്ത്രീകളെ വിളിച്ചുവരുത്തി രാജാവ് കാര്യം ആരായുമ്പോൾ അവർ യൂസഫ് നബിയുടെ വ്യക്തിത്വത്തിന്റെ ഏറ്റവും പ്രധാന തെളിവായി ഉന്നയിക്കുന്നതും ഉദ്ധരിക്കുന്നതും 'അദ്ദേഹം ഇതുവരെ ഒരു തിന്മയും ചെയ്തതായി ഞങ്ങൾക്കറിയില്ല' എന്നായിരുന്നു (12:51). ഓരോ മനുഷ്യനും പടുത്തുണ്ടാക്കിയതും വരച്ചെടുത്തതുമായ ഗതകാലമാണ് അവൻ്റെ ഏറ്റവും വലിയ കരുത്തും പിൻബലവും എന്ന് ചുരുക്കം.
ഈ സൂറത്തിലെ ആയത്തുകൾക്കിടയിൽ നിന്ന് നമുക്ക് പഠിക്കാനുള്ള മറ്റൊരു കാര്യം ഉന്നതമായ വ്യക്തിത്വത്തിന്റെ ഉടമകൾ തങ്ങളിലേക്ക് വന്നുചേർന്ന പദവികളേയും മറ്റുമൊന്നും വലിയ അഭിമാനമായി പരിഗണിക്കുകയില്ല എന്നതാണ്. എല്ലാ രംഗങ്ങളും പിന്നിട്ട് രഹസ്യങ്ങൾ എല്ലാം മറനീക്കി പുറത്തുവരുന്ന രംഗമാകുമ്പോൾ അതിൽ യൂസഫ് നബി പറയുന്നത്, 'ഞാൻ യൂസഫാണ്, ഇത് എൻ്റെ സഹോദരനാണ്' എന്നാണ് (12:90). ഇത് പറയുമ്പോൾ ഈജിപ്തിലെ ഭരണാധികാരിയായിരുന്നു യൂസഫ് നബി. പക്ഷെ, അതൊന്നും അദ്ദേഹം അഭിമാനത്തോടെ എടുത്ത് പറയുന്നില്ല. സ്ഥാനമാനങ്ങൾ താൻ താനായതുകൊണ്ട് ഉണ്ടായതാണ് എന്ന തിരിച്ചറിവാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഞാൻ യൂസുഫ് ആണ് എന്ന് പറയുമ്പോൾ ഞാൻ യൂസഫ് ആയതുകൊണ്ടാണ് ഈജിപ്തിലെ ഭരണാധികാരി ആയത് എന്നുകൂടി അദ്ദേഹം പറയാതെ പറയുകയാണ്. അഹ്സനുൽ ഖസസ് ഏറ്റവും ഉത്തമമായ ചരിത്രം എന്നാണ് ഈ ചരിത്രത്തെ വിശുദ്ധ ഖുർആൻ തന്നെ വിവരിക്കുന്നത്. വിശുദ്ധ ഖുർആനിന്റെ മറ്റു ഭാഗങ്ങളിൽ വിവിധ ചരിത്രങ്ങൾ വരുന്നുണ്ട്. അവയൊക്കെയും നന്മ പകരാൻ വേണ്ടി ഉള്ളവ തന്നെയാണ്. എന്നിട്ടും ഈ സൂറത്തിനെ മാത്രം ഏറ്റവും ഉത്തമമായ ചരിത്രം എന്നു വിളിക്കുന്നത് അതിൻ്റെ സമ്പൂർണ്ണത കൊണ്ടാണ്. ഈ സൂറത്ത് ആരംഭിക്കുന്നത് ഒരു സ്വപ്നം കൊണ്ടാണ്. ആ സ്വപ്നം യാഥാർത്ഥ്യമാകുന്നതോടെ കൂടെയാണ് സൂറത്ത് അവസാനിക്കുന്നത്. ഇത് ഒരു നിറവും സമ്പൂർണ്ണതയുമാണ്. അതോടൊപ്പം ഈ ചരിത്രത്തിൻ്റെ മൊത്തം ആശയം, ഏത് സ്വപ്നവും പുലരും എന്നും ഏത് വിഷമവും മാറും എന്നും ഏത് വ്യഥയും തീരും എന്നും ഏത് രോഗിയും സുഖം പ്രാപിക്കും എന്നുമെല്ലാമാണ്. അതും നിറവും തികവും തന്നെയാണ്.
o
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso