

ആതിഥേയൻ്റെ കരുതലും കാവലും
2025-05-30
Web Design
15 Comments
വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി
ഹാജിമാർ വിശുദ്ധ മക്കയിലേക്കും മശാഇറുകളിലേക്കും വെറുതെ വലിഞ്ഞുകയറിച്ചെല്ലുകയല്ല. അവർ അല്ലാഹു ക്ഷണിച്ചിട്ട് ചെല്ലുകയാണ്. അവർക്ക് വേണ്ടിയുള്ള അല്ലാഹുവിൻ്റെ ക്ഷണം നടത്തിയത് ഇബ്രാഹിം നബി ആയിരുന്നു. കഅ്ബാലയത്തിൻ്റെ നിർമ്മാണം പൂർത്തീകരിക്കുകയും അത് സമർപ്പിക്കുകയും ചെയ്തതിനു ശേഷം അല്ലാഹു അദ്ദേഹത്തോട് മനുഷ്യരെ ഈ ആലയത്തിലേക്ക് ക്ഷണിക്കുവാൻ ആവശ്യപ്പെട്ടു (അൽ ഹജ്ജ്: 27). അദ്ദേഹം ആ ക്ഷണം ഔദ്യോഗികമായി ലോകത്തിന് കൈമാറുകയും ചെയ്തു. അതുകൊണ്ടുതന്നെ ഹാജിമാർ അല്ലാഹുവിൻ്റെ അതിഥികളും അല്ലാഹു അവരുടെ ആതിഥേയനുമാണ്. അതിഥികൾക്കു വേണ്ട എല്ലാ സുഖവും സൗകര്യവും സുരക്ഷിതത്വവും ഏർപ്പെടുത്തുക എന്നത് ആതിഥേയന്റെ ബാധ്യതയും മാന്യതയും ആണ്. ഏറ്റവും മാന്യനായ, ഹാജിമാരുടെ ആതിഥേയനായ അല്ലാഹു അവർക്കുവേണ്ട എന്തെല്ലാം സൗകര്യങ്ങളാണ് ചെയ്തു വച്ചിരിക്കുന്നത് എന്നതാണ് ഹജ്ജിന്റെ നാളുകളിലേക്ക് കടക്കുന്ന ഈ സമയത്ത് നമ്മുടെ മനസ്സുകൾ പരിശോധിക്കുന്നതും കാണുന്നതും. അവ, ഹാജിമാർക്ക് ഹജ്ജ് കർമ്മം നിർവഹിക്കാനുള്ള ഭൂമിക അവൻ അതീവ സുരക്ഷിതമാക്കി വെച്ചിരിക്കുന്നു എന്നിടത്ത് നിന്നാണ് തുടങ്ങുന്നത്. ഈ പ്രദേശത്തെ ഹറം എന്നു പറയുന്നു. ഹറം എന്ന ഈ വാക്ക് കേൾക്കുമ്പോൾ വിശ്വാസികളുടെ പോലും ഉള്ളിൽ തെളിയുന്ന ചിത്രം മക്കത്തെ വലിയ പള്ളിയുടേതാണ്. ഈ പള്ളി മസ്ജിദുൽ ഹറാം എന്ന പേരിൽ അറിയപ്പെടുന്ന പള്ളിയാണ്. ഇതിനെ വലയം ചെയ്ത് നിൽക്കുന്ന ഏതാണ്ട് 30 ചതുരശ്ര മൈലിലായി നീണ്ടു കിടക്കുന്ന ഭൂമിയാണ് ഹറം. ഈ ഹറമിന് ഏതാണ്ട് നടുവിലാണ് മസ്ജിദുൽ ഹറാം എന്ന പളളി സ്ഥിതിചെയ്യുന്നത്. അതിൻ്റെ ഏതാണ്ട് മധ്യത്തിലാണ് വിശുദ്ധ കഅ്ബാലയം എന്ന അല്ലാഹുവിൻ്റെ ശ്രേഷ്ഠഭവനം കുടികൊള്ളുന്നത്. ആ ഭവനം അവൻ വസിക്കുന്ന സ്ഥലമൊന്നുമല്ല. മറിച്ച്, പരമമായ ആവശ്യവുമായി തന്റെ അടിമകൾ പരമമായി തന്റെ അടുത്തേക്ക് വരേണ്ട സ്ഥാനം അതാണ് എന്ന് അവൻ നിശ്ചയിച്ചു വെച്ചിരിക്കുകയാണ്. അങ്ങനെയാണ്, ആലങ്കാരികമായി കഅ്ബാലയം അവൻ്റെ ഭവനമാകുന്നത്. ഹാജിമാർ മക്കയിലും മശാഇറുകളിലും എത്തുന്നതിനു മുമ്പ് തന്നെ അവരെ സുരക്ഷിതത്വം വലയം പ്രാപിക്കുന്ന കാഴ്ചയാണ് ഇതുവഴി കാണുന്നത്. ഹറം കേവല അതിരുകളുടെ ഉള്ളിൽ കിടക്കുന്ന ഭൂമി മാത്രമല്ല, മറിച്ച് അത് വലിയ ഒരു ആശയം കൂടിയാണ്. ഈ പ്രത്യേക സുരക്ഷിത - സംരക്ഷിത മേഖലക്ക് അതിൻ്റെതായ കൃത്യമായ അതിരുകളും ചരിത്രങ്ങളും ഉള്ളതുപോലെ അവിടെ കഴിയുകയോ അതുവഴി കടന്നുപോവുകയോ ചെയ്യുന്ന ഓരോരുത്തർക്കും പാലിക്കുവാൻ കർശനമായ നിയമങ്ങൾ കൂടി ഉണ്ട്. പ്രത്യേക നിയമങ്ങൾ ഉള്ളതുകൊണ്ട് കൃത്യമായ അതിരുകൾ ആദ്യം നാം ഗ്രഹിച്ചിരിക്കേണ്ടതുണ്ട്.
ഹറമിന്റെ അതിരുകൾ പറയാൻ ഏറ്റവും എളുപ്പം നിലവിൽ പ്രധാന റൂട്ടുകൾ കടന്നുപോകുന്ന സ്ഥലങ്ങൾ പറഞ്ഞുകൊണ്ടായിരിക്കും. റോഡുകൾ കഴിഞ്ഞാൽ പിന്നെ ബാക്കി സ്ഥലം എല്ലാം അനന്തമായ മരുഭൂമികളായി കിടക്കുകയാണല്ലോ. ഹറമിന്റെ അതിരുകളിൽ പ്രധാനപ്പെട്ട ഒന്ന് തൻഈം എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. മസ്ജിദുൽ ഹറാമിൽ നിന്നും ഏതാണ്ട് അഞ്ച് മൈൽ അഥവാ എട്ടു കിലോമീറ്റർ അകലെയാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ഇവിടെ മസ്ജിദു ആയിഷ എന്ന ഒരു ചരിത്ര പള്ളിയുണ്ട്. അതാണ് ഹറമിന്റെ അതിര്. നബി തിരുമേനി(സ്വ)യോടൊത്തുള്ള തീർത്ഥാടന യാത്രയിൽ ഇഹ്റാം ചെയ്യേണ്ട സാഹചര്യം സംജാതമായപ്പോൾ അവരെ സഹോദരനോടൊപ്പം ഇവിടേക്കാണ് നബി(സ്വ) തങ്ങൾ പറഞ്ഞയച്ചത്. ആ ഓർമ്മ നിലനിൽക്കുവാൻ നിർമ്മിക്കപ്പെട്ടതാണ് ഈ പള്ളി. മക്കയുടെ വടക്ക് പടിഞ്ഞാറ് ദിശയിലാണ് തൻഈം. പടിഞ്ഞാറ് ഹറമിന്റെ അതിര് അളാത്ത് ലബൻ എന്ന സ്ഥലത്താണ്. യമനിലേക്കുള്ള റൂട്ടിൽ സ്ഥിതിചെയ്യുന്ന ഈ സ്ഥലത്തേക്ക് മക്കയിൽ നിന്ന് 11 കിലോമീറ്റർ ദൂരമുണ്ട്. തെക്കോട്ട് പോകുന്ന റൂട്ടിൽ ഇപ്പോൾ സൈൽ കബീർ എന്ന് പറയുന്ന വാദി നഖ്ല ആണ് ഹറമിൻ്റെ മറ്റൊരു അതിര്. ഇറാഖിൽ നിന്നുള്ള തീർഥാടകർ ഇതുവഴിയാണ് വരുന്നത്. മക്കയിൽ നിന്ന് 11 കിലോമീറ്റർ ദൂരമുണ്ട് ഇങ്ങോട്ട്. തായിഫിലേക്ക് തന്നെ പോകുന്ന വഴിയിൽ അറഫയിൽ മസ്ജിദ് നമിറക്ക് സമീപമാണ് ഹറമിന്റെ മറ്റൊരു അതിര്. മക്കയിൽ നിന്ന് 11 കിലോമീറ്റർ ദൂരമാണ് ഇങ്ങോട്ടുമുള്ളത്. കിഴക്ക് ഹറമിന്റെ അതിര് ജിഇർറാനയിലാണ് മക്കയിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. മസ്ജിദുൽ ഹറാമിലേക്കുള്ള പ്രവേശന കവാടമായ ജിദ്ദ നഗരത്തിൽ നിന്ന് മക്കയിലേക്ക് കടന്നുവരുമ്പോൾ ലഭിക്കുന്ന ഹറമിന്റെ അതിരുകൾ രണ്ടെണ്ണമാണ്. ഒന്ന് പഴയ ഹൈവേയിലെ ഹുദൈബിയയും മറ്റൊന്ന് പുതിയ ഹൈവേയിലെ ശുമൈസിയും. രണ്ടിടത്തേക്കും മക്കയിൽ നിന്ന് ഏതാണ്ട് 20 കിലോമീറ്റർ ദൂരമുണ്ട്. ഈ അതിരുകൾക്കുള്ളിൽ സുരക്ഷിതവും സംരക്ഷിതവുമായ 30 ചരുചതുരശ്ര മൈൽ വിസ്തൃതിയിൽ കിടക്കുന്ന സ്ഥലമാണ് ഹറം. ഇത്രയും സ്ഥലം ഹജ്ജ് കാലത്തും അല്ലാത്ത കാലത്തും പ്രത്യേക നിയമങ്ങൾ മൂലം സംരക്ഷിതമാണ്. ഇനി ആ സുരക്ഷയുടെ ഗൗരവം മനസ്സിലാക്കാം.
ഈ സ്ഥലത്തിന് അല്ലാഹു ഏറ്റവും വലിയ സുരക്ഷ ഒരുക്കിയിരിക്കുന്നത് ഇത്രയും പ്രദേശത്ത് ഒരു തരത്തിലുള്ള അക്രമമോ അതിക്രമമോ ചെയ്യാൻ പാടില്ല എന്ന് ആജ്ഞാപിച്ചു കൊണ്ടാണ്. അക്കാര്യം അല്ലാഹു വിശുദ്ധ ഖുർആനിൽ ഇങ്ങനെ വിളംബരം ചെയ്യുന്നു: 'അക്രമമായി എന്തെങ്കിലും അധര്‍മപ്രവര്‍ത്തനം അവിടെ വെച്ച് ഒരാള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ വേദനയുറ്റ ശിക്ഷ അവനു നാം രുചിപ്പിക്കുന്നതാണ്. (അൽ ഹജ്ജ്: 25). ഈ പ്രയോഗം ഈ വിഷയത്തിലെ ഗൗരവത്തിലേക്ക് വിരൽചൂണ്ടുന്നുണ്ട്. അവയിലൊന്ന് ഹറമിൽ അധർമ്മ പ്രവർത്തനം നടത്തുന്നതു മാത്രമല്ല, അതിന് ഉദ്ദേശിക്കുന്നതു പോലും വലിയ കുറ്റകരമായാണ് അല്ലാഹു കാണുന്നത് എന്നതാണ്. മാത്രമല്ല, പൊതുവിൽ അതിക്രമമായി തോന്നാവുന്ന കാര്യങ്ങൾ പോലും ഇവിടെ വെച്ച് നടത്താൻ പാടില്ല എന്നാണ്. ഉദാഹരണമായി ഹറമിന് പുറത്ത് വെച്ച് ചെയ്ത ഒരു പ്രവൃത്തിയിൽ കുറ്റക്കാരനായ ഒരാൾ അവിടെ അഭയം പ്രാപിച്ചിട്ടുണ്ടെങ്കിൽ, അവിടെ വെച്ച് അയാൾക്ക് നൽകുന്ന മതപരമായ ശിക്ഷ നടപ്പിലാക്കാൻ അനുവാദമില്ല. എന്നിരുന്നാലും, അത്തരമൊരു വ്യക്തിയോടുള്ള അനിഷ്ടം പ്രകടിപ്പിക്കേണ്ടത് വിശ്വാസികളുടെ ബാധ്യതയാണ്. അയാൾ ഹറം പരിധിയിൽ നിന്ന് പുറത്ത് കടക്കുമ്പോഴാണ് ശിക്ഷിക്കപ്പെടേണ്ടത്. പണ്ടുകാലത്ത് സ്വന്തം പിതാവിൻ്റെ ഘാതകനെ കണ്ടാൽ പോലും അതീവ വാശിക്കാരായിരുന്ന അറബികൾ അവിടെ വെച്ച് പ്രതിക്രിയക്ക് മുതിരുമായിരുന്നില്ല എന്നാണ് ചരിത്രം. മനുഷ്യൻ മനുഷ്യനോട് ചെയ്യുന്ന അതിക്രമം പോലെ തന്നെയാണ് ഈ പ്രദേശത്തിനുള്ളിൽ മനുഷ്യൻ വേട്ട മൃഗങ്ങളോട് ചെയ്യുന്നതും. ഹറമിൽ വേട്ടയാടുന്നത് തീർത്ഥാടകനും സ്വദേശിക്കും നിഷിദ്ധമാണ്. വിശുദ്ധമായ ഈ ഭൂമിയിലെ പുല്ല് പിഴുത് കളയുകയോ മരങ്ങൾ മുറിക്കുകയോ ചെയ്യുന്നതും നിഷിദ്ധമാണ്. മനുഷ്യ ജീവിതത്തിന് അനിവാര്യമായ ചില കാര്യങ്ങൾ ഈ പരിധിയിൽ വരുന്നില്ല. ഉദാഹരണമായി നബി തിരുമേനി(സ്വ)യുടെ കാലത്ത് അവിടെ യഥേഷ്ടം വിളഞ്ഞിരുന്ന ഒരുതരം ചെങ്ങണ പുല്ല് (ഇദ്ഖർ) പറിക്കുന്നത് നിഷിദ്ധമല്ലായിരുന്നു. പുരകെട്ടി മേയാനും കൊല്ലപ്പണിക്കും അവർ ഉപയോഗിച്ചിരുന്ന പുല്ലായിരുന്നു അത്. നടത്തത്തിനിടയിൽ പെട്ടോ മൃഗങ്ങൾക്ക് തിന്നാൻ വേണ്ടിയോ തുടങ്ങി സ്വാഭാവിക കാര്യ കാരണങ്ങളിൽ പുല്ലോ മറ്റോ എടുക്കുന്നതോ പറിക്കുന്നതോ നിരോധനത്തിന്റെ പശ്ചാത്തലത്തിൽ വരില്ല. അപ്രകാരം തന്നെ നട്ടുണ്ടാക്കിയതോ വൃക്ഷങ്ങളിലെ ഫലമോ ഒന്നും നിരോധനത്തിൻ്റെ പരിധിയിൽ വരില്ല. മേൽപ്പറഞ്ഞവയോ ശറഇൽ ഇളവ് കൽപ്പിക്കപ്പെട്ടിട്ടുള്ളവയോ അല്ലാത്ത എന്തെങ്കിലും സസ്യങ്ങൾ മുറിക്കുകയോ പറിക്കുകയോ ചെയ്താൽ അതിന് നശിപ്പിക്കപ്പെട്ടതിൻ്റെ തുല്യ മൂല്യമാണ് കഫ്ഫാറത്തായി നൽകേണ്ടത്. നഷ്ടപ്പെട്ട വസ്തു തിരിച്ചെടുക്കുന്നത് പോലും ഈ പ്രദേശത്ത് നിരുത്സാഹപ്പെടുത്തപ്പെട്ടിട്ടുണ്ട് എന്ന് പറയുമ്പോൾ ഈ പ്രദേശത്തിന്റെ പരിശുദ്ധി യും സുരക്ഷിതത്വവും എത്രമാത്രം സംരക്ഷിതങ്ങളാണ് എന്ന് മനസ്സിലാക്കാം. ഇതെല്ലാം ആതിഥേയനായ അള്ളാഹു തൻ്റെ അതിഥികളായ ഹാജിമാർക്ക് ഒരുക്കിവെച്ച സുരക്ഷാസംവിധാനങ്ങളാണ്.
ഹറം എന്ന പവിത്രമായ പ്രദേശത്തിൻ്റെ അതിരുകൾ അല്ലാഹുവിന്റെ താൽപര്യപ്രകാരം ഇബ്രാഹിം നബി അടയാളപ്പെടുത്തിയതാണ്. അത് തെളിയിക്കുന്ന ചില സംഭവകഥകൾ ചരിത്ര വായനകളിൽ കാണാം. ഇബ്രാഹിം നബി സ്ഥാപിച്ചതെല്ലാം അറബികൾ എക്കാലവും ബഹുമാനത്തോടെ പാലിച്ച് വന്നിരുന്നു. അതിൻ്റെ ഭാഗമായി മക്കയിൽ ഖുറൈശികളുടെ ആദ്യ ഭരണം ആരംഭിക്കുമ്പോൾ അവർ താരതമ്യേന മാഞ്ഞുപോയ ആ അതിരുകൾ പുനഃസ്ഥാപിച്ചതായി അറബികളുടെ ചരിത്രം പറയുന്നുണ്ട്. ഖുസ്വയ്യ് ബിൻ കിലാബായിരുന്നു ആദ്യത്തെ ഭരണാധികാരി. പിന്നീട് ഹിജ്റ എട്ടിൽ പരിശുദ്ധ മക്ക ഇസ്ലാമിന്റെ കീഴിൽ എത്തിയതോടെ ഹറമിന്റെ അതിരുകൾ വീണ്ടും അടയാളപ്പെടുത്തുവാൻ തമീം ബിൻ ഉസൈദ് (റ) എന്ന സ്വഹാബിയെ നബി തങ്ങൾ ചുമതലപ്പെടുത്തിയതായി ഹദീസുകളിൽ ഉണ്ട്. പരന്നു കിടക്കുന്ന മരുഭൂമിയിൽ സ്ഥാപിക്കപ്പെടുന്ന ഇത്തരം അടയാളങ്ങൾ മാഞ്ഞുപോകുന്നത് സ്വാഭാവികമാണ്. അതിനാൽ പല ഭരണാധികാരികളും ഈ അതിരുകൾ പുനസ്ഥാപിച്ചിട്ടുണ്ട്. രണ്ടാം ഖലീഫ ഉമർ(റ), മുആവിയ(റ), അബ്ദുൽ മലിക് ബിൻ മർവാൻ എന്നിവരൊക്കെ അങ്ങനെ ചെയ്തതായി ചരിത്രത്തിൽ ഉണ്ട്. ഇപ്പോഴത്തെ അതിരുകൾ ഫഹദ് രാജാവിൻ്റെ കാലത്ത് സ്ഥാപിക്കപ്പെട്ടവയാണ്. വളരെ ഗൗരവപൂർവ്വം ഈ അതിരുകൾ പരിപാലിക്കപ്പെട്ടു എങ്കിലും അവയിൽ ചിലതിൻ്റെയെല്ലാം കാര്യത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്. അതിൻ്റെ പ്രധാന കാരണം കാലാകാലങ്ങളിൽ വന്ന അളവുകളുടെ മാറ്റമാണ്. ചാൺ, മുഴം, അടി തുടങ്ങിയവയിൽ നിന്ന് മൈൽ, കിലോമീറ്റർ തുടങ്ങിയവയിലേക്ക് മാറുമ്പോൾ ഉണ്ടാക്കുന്ന സ്വാഭാവികതയായി വിശ്വാസികൾ കണ്ടാൽ മതിയാകും. നിലവിലുള്ള ഭരണകൂടത്തിൻ്റെ നയം ഇത്തരം വിഷയങ്ങളിൽ വിശ്വാസികൾ പൊതു മാനദണമായി കരുതുന്നതാണ് സാമൂഹ്യ അച്ചടക്കത്തിന് നല്ലത്.
ഹറം എന്ന സംരക്ഷിത സ്ഥലം ഒരുക്കി എന്നിടത്ത് ആ ആതിഥേയൻ്റെ കരുതലും കാവലും അവസാനിക്കുന്നില്ല. അവയിൽ പെട്ട മറ്റൊന്നാണ് പൊതു തിരിച്ചറിവിന് മാനദണ്ഡമാക്കുവാനാവും വിധം ഹാജിമാരിലെ പുരുഷൻമാർക്ക് പ്രത്യേക വേഷം നൽകിയത്. അതു പുരുഷൻമാർക്ക് മാത്രമാണ് എന്നതു ശരിയാണ്. സ്ത്രീകളും ഉണ്ടാകുമെങ്കിലും അവർ പലപ്പോഴും പുരുഷൻമാരുടെ നിയന്ത്രണത്തിലായിരിക്കാം. അങ്ങനെയല്ലാത്തവർ ഒരു കൂട്ടത്തിൻ്റെ ഭാഗമായിരിക്കാം. ഏതായാലും ആ വേഷം സമർപ്പണത്തെ എന്ന പോലെ സുരക്ഷിതമായ ഒരു വൃതിരിക്തത കൂടി കുറിക്കുന്നുണ്ട്. ഹജ്ജിൽ ബലിയർപ്പിക്കാൻ കൂടെ കൊണ്ടുവരുന്ന ബലി മൃഗങ്ങൾക്കും ഇത്തരം വ്യതിരിക്തത ഉണ്ടായിരിക്കണമെന്നാണ്. ആ അടയാളം ആ മൃഗത്തിനും ഒരു സുരക്ഷയാണ്.
o
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso