Thoughts & Arts
Image

മനസ്സുകൾ മശാഇറുകളിലേക്ക്

2025-05-30

Web Design

15 Comments

വെള്ളി പ്രഭാതം
മുഹമ്മദ് നിസാമി തയ്യിൽ





വീണ്ടും നാം ഹജ്ജ് കാലത്തെത്തിയിരിക്കുകയാണ്. ശുഭ്ര മനസ്സും വേഷവുമായി വിശ്വാസികൾ അഷ്ടദിക്കുകളിൽ നിന്നും പരിശുദ്ധ മക്കയിലേക്ക് പുറപ്പെട്ടു തുടങ്ങി. അവരുടെ ചുണ്ടിലും മനസ്സിലും തൽബിയ്യത്താണ്. നാലായിരം വർഷങ്ങൾക്ക് മുമ്പ് ഇബ്രാഹിം നബി(അ) അല്ലാഹുവിനു വേണ്ടി നടത്തിയ ക്ഷണത്തിനുള്ള വാചികമായ ഉത്തരമാണ് തൽബിയ്യത്ത്. നൂഹ് നബിയുടെ കാലത്തുണ്ടായ മഹാപ്രളയത്തിൽ മണ്ണിനടിയിൽ പെട്ടുപോയ കഅ്ബാലയം കണ്ടെത്തുകയും പടുത്തുയർത്തുകയും ചെയ്തതിനുശേഷം ലോകത്തെ വിശ്വാസികളെ മുഴുവനും അങ്ങോട്ട് ക്ഷണിക്കാൻ അദ്ദേഹത്തോട് അല്ലാഹു ആവശ്യപ്പെടുകയായിരുന്നു (അൽ ഹജ്ജ്: 27). ഈ ഒരു ക്ഷണമാണ് ഹജ്ജ് എന്ന തീർത്ഥാടനത്തെ വലിയ അർത്ഥങ്ങളിലേക്ക് തിരിച്ചുവിടുന്നത്. കാരണം, ഹാജിമാർ ചെല്ലുന്നത് ക്ഷണിച്ചിട്ട് വരുന്ന അതിഥികളായിക്കൊണ്ടാണ്. അതിഥികളാവുമ്പോൾ അവരെ വേണ്ടവിധം സ്വീകരിക്കേണ്ടതും സന്തോഷിപ്പിക്കേണ്ടതും ആതിഥേയൻ്റെ മാന്യതയും കടമയുമാണ്. ഇവിടെ ആതിഥേയൻ സർവ്വലോക രക്ഷിതാവായ അല്ലാഹുവാണ്. അവൻ അവൻ്റെ ക്ഷണം സ്വീകരിച്ചു വരുന്നവരെ വെറുതെയാക്കില്ല. അവരെ അവൻ വിളിക്കുന്നത് തന്നെ അല്ലാഹുവിലേക്കുള്ള സാർഥവാഹക സംഘം എന്നാണ്. അതിനാൽ അവൻറെ കാവൽ അവരോടൊപ്പം തീർത്ഥാടനത്തിൽ ഉടനീളം ഉണ്ടായിരിക്കും. അവർക്ക് ഒരുതരം ഭീഷണിയും ഉണ്ടാവാതിരിക്കുവാൻ മക്കയെയും മശാഇറുകളെയും അവൻ ഒരു അക്രമവും പാടില്ലാത്ത ഹറമായി പ്രഖ്യാപിച്ചിരിക്കുന്നു. അവിടെ വല്ല അതിക്രമവും കാണിച്ചാൽ അവനെ വെറുതെ വിടുകയില്ല എന്ന് അവൻ നേരത്തെ പറഞ്ഞു വെച്ചിരിക്കുന്നു (അൽ ഹജ്ജ്: 25). എല്ലാം കഴിഞ്ഞ് അവസാനം പോരുമ്പോൾ അവരെ അവൻ പരിപൂർണ്ണമായും കഴുകി എടുക്കുകയും തന്റെ സ്വന്തമായി പരിഗണിക്കുകയും ചെയ്യുന്നു. ക്ഷണിക്കാതെ വന്നവർക്കും വലിഞ്ഞു കേറി എത്തിയവർക്കും ഇത്തരം സവിശേഷമായ പരിഗണനകൾ ഒന്നും പ്രതീക്ഷിക്കാൻ ന്യായമില്ല.


അല്ലാഹുവിൻ്റെ ക്ഷണം സ്വീകരിച്ച് അവൻ്റെ ആലയത്തിലേക്ക് പോകുന്നത് സാമ്പത്തിക ശാരീരിക സാമൂഹിക ശേഷികൾ ഒത്തു വന്നവരും അവരിൽ തന്നെ ഈ മഹാ തീർത്ഥാടനത്തിന് തൗഫീഖ് ലഭിച്ചവരും മാത്രമാണ്. ഇറങ്ങിയവർക്കൊക്കെ അവിടെയെത്തുവാനോ എത്തിയവർക്കൊക്കെ തീർത്ഥാടനം പൂർത്തിയാക്കുവാനോ കഴിഞ്ഞു കൊള്ളണമെന്നില്ല. തൗഫീഖ് എത്തുമ്പോഴാണ് അവർ പുറപ്പെടുന്നതും പോകുന്നതും ഹജ്ജ് ചെയ്യുന്നതും. തൗഫീഖ് ലഭിക്കുന്നവരും ലഭിക്കാത്തവരും ഉണ്ടാകാം എന്ന് ഇങ്ങനെ മനസ്സിലാക്കുമ്പോൾ തൗഫീഖ് ലഭിച്ചവർ തൗഫീഖ് ലഭിക്കാത്തവരുടെ പ്രതിനിധികൾ കൂടിയാണ് എന്ന് കരുതാം. സ്വയം പോകാൻ കഴിയാത്തവർ പോകാൻ ഭാഗ്യം ലഭിച്ചവരെ യാത്രയാക്കുന്ന സമയം കൂടിയാണ് ഇത്. ക്ഷണം കിട്ടി പോകുന്നവരാണ് എന്ന് തിരിച്ചറിവ് കാരണമാണ് പോകാത്തവർ ഇവരെ മനസ്സ് നിറയെ പ്രാർത്ഥനയോടെ യാത്ര അയക്കുന്നത്. അതോടു കൂടി അവിടെ എത്തിച്ചേരുന്നവർക്ക് മറ്റൊരു ബാധ്യത കൂടി വന്നുചേരുന്നുണ്ട്. ലോക മുസ്ലിംകളുടെ പ്രാധിനിത്യം കൂടി വഹിക്കുകയും അവർക്കുവേണ്ടി കൂടി തനിക്കു ലഭിക്കുന്ന സവിശേഷമായ അവസരം ഉപയോഗപ്പെടുത്തുകയും ചെയ്യണം എന്നതാണത്. ലോകത്തിൻ്റെ എട്ട് ദിക്കിലുമായി കഴിയുന്ന വിശ്വാസികളുടെ ലോകം വലിയ ചങ്കിടിപ്പുമായാണ് കഴിയുന്നത്. ഒരു ഭാഗത്ത്, കുറച്ചു കാലമായി സദാ അവർ ശത്രുവിന്റെ മുമ്പിലാണ്. വിശ്വാസികൾ അല്ലാത്ത ഏതാണ്ട് എല്ലാവരും ശത്രുവിനെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതിനാൽ ശത്രുത വെറും ശാരീരികമല്ല, മാനസികം കൂടിയായി മാറിയിരിക്കുന്നു.


മറുഭാഗത്ത് അവർ ദാരിദ്ര്യത്തിന്റെ കരിമ്പയുടെ ഉള്ളിലാണ്. രണ്ടര ബില്യൺ വിശ്വാസികളിൽ താരതമ്യേന മെച്ചപ്പെട്ട നിലയുള്ള കുറേ ആൾക്കാർ ഉണ്ട് എന്നത് ശരിയാണ്. പെട്രോളും പെട്രോഡോളറും ഉള്ളവർ. പക്ഷേ അവരൊക്കെ അവരുടെ സ്വന്തം സുരക്ഷിതത്വം ഉറപ്പിക്കുന്ന തിരക്കിലാണ്. രാഷ്ട്രീയപരമായി അവർ അസ്ഥിരരാണ്. താരതമ്യേന സ്വന്തമോ പങ്കാളിത്തമോ ഉള്ള രാഷ്ട്രീയ സാഹചര്യങ്ങൾ ഉള്ളവർ പോലും കടുത്ത ആഭ്യന്തര കലഹത്തിലാണ്. ഭേദപ്പെട്ട എല്ലാ അവരുടെ രാജ്യങ്ങളും ശക്തമായ രാഷ്ട്രീയ അരക്ഷിതാവസ്ഥയിലാണ്. ശത്രുവിനോടും ശത്രുതയോടും രാജിയായാൽ മാത്രം മാത്രമേ പിടിച്ചുനിൽക്കാൻ കഴിയുമോ എന്ന് അവർ തന്നെ ഇപ്പോൾ വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു. സാമുദായികമായിട്ടാണെങ്കിൽ ഭിന്നത അതിൻ്റെ എല്ലാ അതിരും ലംഘിക്കുകയും ശാന്തതയും ഭജ്ഞിക്കുകയും ചെയ്തിരിക്കുന്നു. അടുത്ത തലമുറയുടെ കാര്യം നോക്കുമ്പോൾ നിശ്വാസങ്ങൾക്ക് പിന്നെയും ചൂട് കൂടുകയാണ്. അദബും അച്ചടക്കവും ഇല്ലാതെ കുടഞ്ഞും കുതറിയും വളരുന്ന ഒരു തലമുറ ഭൂരിപക്ഷം നേടി വരികയാണ്. ഈ നിരീക്ഷണങ്ങൾ വഴി പ്രതീക്ഷയോടെ എല്ലാ വാതിലുകളും കൊട്ടിയടക്കപ്പെട്ടിരിക്കുന്നു എന്ന് വാദിക്കുകയല്ല. മറിച്ച്, പ്രതീക്ഷയുടെ നാമ്പുകൾ ഇപ്പോഴും മുനിഞ്ഞു കത്തുന്നുണ്ട്. അവിടേക്ക് ഊർജ്ജം പ്രവഹിച്ചാൽ അത് കത്തിപ്പടരുക തന്നെ ചെയ്യും. പക്ഷേ, ആ ഊർജ്ജം അല്ലാഹുവിൽ നിന്ന് തന്നെ വരണം. സച്ചരിത ഇസ്ലാമിക സമൂഹത്തിന് അവൻ നൽകുന്ന ശക്തിയാണ് ആ ഊർജ്ജത്തിന്റെ സ്രോതസ്സ്. മുസ്ലിം ലോകത്തിൻ്റെ ഈ ഗദ്ഗതങ്ങളെല്ലാം നെഞ്ചേറ്റി കൊണ്ടാണ് ശുഭ്ര വസ്ത്രമണിഞ്ഞ ഹാജിമാർ തൽബിയ്യത്ത് ചൊല്ലി ഇറങ്ങുന്നത്.


ഒരുപാട് സന്ദേശങ്ങൾ കൈമാറുന്ന ഒരു ആരാധനയാണ് ഹജ്ജ്. ഉടമയായ അല്ലാഹുവിലേക്ക് മുമ്പിൽ അടിമ കൈമാറുന്ന വിധേയത്വത്തിന്റെയും വിനയത്തിന്റെയും സന്ദേശമാണ് അവയിൽ ഒന്ന്. വിശ്വാസത്തിൻ്റെ എല്ലാ കടമ്പകളും കടന്ന് ആരാധനയുടെ പൂർണ്ണത നേടിക്കഴിഞ്ഞ് അവ വഴി മനസ്സും ശരീരവും സ്ഫുടം ചെയ്തെടുത്ത് ഒരു വിശ്വാസി ജീവിതത്തിൻ്റെ അവസാനമായിട്ടെന്നോണം നടത്തുന്ന സമർപ്പണമാണ് ഹജ്ജ്. ഹജ്ജിന് അത് ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ തന്നെയായിരിക്കണം എന്ന ഉപാധി ഒന്നുമില്ല എങ്കിലും അങ്ങനെ ചെയ്യുന്നതാണ് പലപ്പോഴും കീഴ് വഴക്കം. നബി തിരുമേനി(സ) തങ്ങൾ തന്നെ തന്റെ ഹജ്ജ് നിർവഹിച്ചത് ജീവിതത്തിലെ അവസാന വർഷത്തിന്റെ തൊട്ടുമുമ്പ് ലഭിച്ച ഹജ്ജ് കാലത്തായിരുന്നുവല്ലോ. വിശ്വാസങ്ങളുടെയും ആരാധനകളുടെയും ഘട്ടങ്ങൾ ആവർത്തിച്ച് ആവർത്തിച്ച് പിന്നിടുമ്പോൾ വിശ്വാസിയുടെ മനസ്സ് സൃഷ്ടാവായ അല്ലാഹുവിനോട് ഏറെ അടുത്തുനിൽക്കുന്നു. അവൻ്റെ ഉള്ളം അറിവുകൾ കൊണ്ടും തിരിച്ചറിവുകൾ കൊണ്ടും പുഷ്കലമാകുന്നു. ഇത്തരം ഒരു സാഹചര്യത്തിൽ നിർവഹിക്കപ്പെടുന്ന ഹജ്ജ് അതുകൊണ്ടുതന്നെ ജീവിതത്തിൻ്റെ മൊത്തത്തിലുള്ള ഒരു സമർപ്പണമായി മാറുക സ്വാഭാവികമാണ്. വിശ്വാസിയായ അടിമ തനിക്കു തന്നെ നൽകുന്ന സന്ദേശമാണ് മറ്റൊന്ന്. ലക്ഷക്കണക്കിനായ തീർത്ഥാടകരോടൊപ്പം ചേരുമ്പോൾ ഓരോ ഹാജിയും തൻ്റെ വിശ്വാസത്തിന്റെയും മതത്തിന്റെയും വലുപ്പവും നിറവും ഗുണവും എല്ലാം അറിയുന്നു. തൻ്റെ ലോകത്തിൻ്റെ അഥവാ ഇസ്ലാമിക ലോകത്തിൻ്റെ വ്യാപ്തി അവൻ അഭിമാനത്തോടെ തിരിച്ചറിയുന്നു. താൻ ഈ വഴിയിൽ യാദൃശ്ചികമായി എത്തിപ്പെട്ട ഏതാനും പേരുടെ പ്രതിനിധി മാത്രമല്ല, ലോകത്തെ രണ്ടു ബില്യൺ വിശ്വാസികളുടെ പ്രതിനിധിയാണ് എന്ന് തിരിച്ചറിയുമ്പോൾ അവനിൽ ഉടലെടുക്കുന്ന സാമൂഹ്യ വികാരം കൂടിയാണത്.


നിറത്തിന്റെയും ഭാഷയുടെയും സംസ്കാരത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ താനും തൻ്റെ ഭൗതിക ലോകവും കാണിക്കുന്ന കാപട്യങ്ങൾ അവൻ തിരിച്ചറിയുന്നു എന്നത് മറ്റൊന്ന്. ഹജ്ജിൻ്റെ വേഷം, വ്യത്യസ്തമായ ഹജ്ജിന്റെ കർമ്മങ്ങൾ ഉദ്ഘോഷിക്കുന്ന ചരിത്ര അവബോധങ്ങൾ, മശാഇറുകളിലെ ഏതാനും ദിവസം നീണ്ടുനിൽക്കുന്ന ജീവിതം പകരുന്ന മാറ്റം തുടങ്ങി എല്ലാം കൂടി ഒറ്റ അർത്ഥമായി പരിണമിക്കുമ്പോൾ അത് അവൻ അവന് തന്നെ കൈമാറുന്ന ഒരു മഹാ സന്ദേശമായി മാറുന്നു. കാപട്യത്തിന്റെ കൊടിപിടിച്ച പുതിയ ലോകത്തോട് ഹജ്ജ് നൽകുന്ന സന്ദേശം കൂട്ടത്തിൽ ഏറെ പ്രസക്തമാണ്. ആഗോള സമാധാനം, മാനവിക സൗഹൃദം, ആഗോളവൽക്കരണം, ഉദ്ഗ്രഥനം തുടങ്ങി പല പേരുകൾ ഇട്ട് വിളിച്ചിട്ടും വിജയത്തിൻ്റെ നാലയലത്ത് പോലും എത്താൻ കഴിയാത്ത വിഷണ്ണത ലോകം ഒട്ടൊന്നുമല്ല സഹിക്കുന്നത്. അവിടെ അതു മാത്രമല്ല, അതിലും വലുതും സാധ്യമാണ്, വിശ്വാസം കൊണ്ട് എല്ലാ മനസ്സുകളെയും ചേർത്തുകെട്ടിയാൽ എന്ന ഗൗരവതരമായ സ്വകാര്യം കൂടി പങ്കുവെക്കുകയാണ് ഹജ്ജ്.
0



0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso