

സയ്യിദ് ഫത്ഹുല്ലാ തങ്ങൾ ജീലാനി: പുഞ്ചിരിയുടെ നിറവും നിലാവും
2025-05-30
Web Design
15 Comments
മുഹമ്മദ് തയ്യിൽ നിസാമി
ആ ചിത്രം പകർത്തുന്നതിനോടും പങ്കു വെക്കുന്നതിനോടും യോചിപ്പില്ല എങ്കിലും ആ ചിത്രം മനസ്സിൽനിന്ന് പോകുന്നില്ല. ആ തേജോമയമായ മുഖത്ത് വിരിഞ്ഞു നിൽക്കുന്ന ഇളം പുഞ്ചിരി. ആ പുഞ്ചിരിക്കുന്ന ചിത്രം ഏറെ കൗതുകം പകരുന്നുണ്ട് എന്നതോടൊപ്പം ചിന്ത നീണ്ടു പോകുന്നത്, ജീവിതത്തിലെ ഏറ്റവും അവസാന നിമിഷത്തിൽ ആ മുഖത്ത് വിരിഞ്ഞ പുഞ്ചിരി എന്തു കണ്ടപ്പോൾ ആയിരിക്കാം?, എന്തു കേട്ടപ്പോൾ ആയിരിക്കാം?, എന്ത് അനുഭവിച്ചപ്പോൾ ആയിരിക്കാം എന്ന ചിന്തയിലേക്കാണ്. ശ്വാസം നിലയ്ക്കുകയും ചലനം അറ്റു പോവുകയും ചെയ്തതിനു ശേഷം വിരിഞ്ഞതല്ല ആ പുഞ്ചിരി എന്നത് ശാരീരികമായി ഉറപ്പാണ്. മരണത്തിൻ്റെ മുമ്പുള്ള രണ്ടാഴ്ചകളിലെ ശാരീരികവും മാനസികവുമായ അവസ്ഥകളും നമുക്കറിയാവുന്നതാണ്. അവയൊന്നും കാര്യമായി പുഞ്ചിരിക്കുവാൻ വക നൽകുന്നതായിരുന്നില്ല. ലക്ഷദ്വീപിൽ ജനിക്കുകയും വളരുകയും ദീർഘകാലം അവിടെ ഉമ്മത്തിനെ നയിക്കുകയും ചെയ്ത വലിയ ഒരു കുടുംബത്തിലെ അംഗമായിരുന്ന മഹാനവർകൾ ചികിത്സാർത്ഥമാണ് കോഴിക്കോട്ട് എത്തിയത്. ആരോഗ്യ അവസ്ഥ ഏറെ ദയനീയമാണ് എന്ന് ആധികാരികമായി തന്നെ ആശുപത്രി അധികൃതർ കൂടെക്കൂടെ പറഞ്ഞിരുന്നതുമാണ്. ഏറ്റവും അടുത്ത ബന്ധുക്കൾ പോലും കടലിനു നടുവിലെ തുരുത്തുകളിലാണ്. പഠിച്ചതും ബിരുദം നേടിയതും സംഘാടനത്തിൽ കൂടിയതും എല്ലാം കേരളത്തിൽ തന്നെയായിരുന്നു എങ്കിലും ജീവിതത്തിൻറെ അന്ത്യം കുറിക്കപ്പെടുമ്പോൾ വേണ്ടപ്പെട്ടവരെല്ലാം അടുത്തില്ലാതിരിക്കുക എന്നത് സാധാരണഗതിയിൽപുഞ്ചിരിക്ക് വിഘാതം തന്നെയാണ്. എന്നിട്ടും ആ ജീവിതം എങ്ങനെയാണ് പുഞ്ചിരി കൊണ്ട് അവസാനം കുറിക്കപ്പെട്ടത് എന്നത് ഓരോ സത്യവിശ്വാസിക്കും പ്രത്യേകിച്ച് മഹാനവർകളുടെ അതേ ശ്രേണിയിലൂടെ സഞ്ചരിക്കുന്ന അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിൻ്റെ ആദർശലോകത്ത് സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ പ്രാസ്ഥാനിക വികാരത്തിൽ കഴിയുന്ന ഓരോരുത്തർക്കും ഒരു ചിന്താവിഷയമാണ്. അല്ലാഹുവിൻ്റെ മലക്കുകൾ വന്ന് അടുത്തിരിക്കുകയും തഴുകുകയും തലോടുകയും ആശ്വസിപ്പിക്കുകയും ദുനിയാവിലും ആഖിറത്തിലും സന്തോഷം എന്ന് ആശംസിക്കുകയും ചെയ്യുന്ന അനുഭവത്തിന് വിധേയനാവുന്ന സത്യവിശ്വാസികൾക്കാണ് അങ്ങനെ പുഞ്ചിരിക്കാൻ ഉള്ള സാഹചര്യം ഉണ്ടാവുക എന്നത് നമ്മുടെ പ്രമാണങ്ങൾ നമ്മെ പഠിപ്പിക്കുന്ന ഒരു സത്യമാണ്. അങ്ങനെയല്ലാതെ ആ പുഞ്ചിരിയെ വ്യാഖ്യാനിക്കാൻ മറ്റൊന്നു കൊണ്ടും കഴിയില്ല. കഴിഞ്ഞ ദിവസം നമ്മോട് വിട പറഞ്ഞ കേരളത്തിലും ലക്ഷദ്വീപിലും ശ്രീലങ്കയിലും മലേഷ്യയിലുമായി പരന്നുകിടക്കുന്ന ആയിരക്കണക്കിന് ആത്മീയ ശിഷ്യർക്ക് ഖാദിരീ, രിഫാഈ ത്വരീഖത്തുകളുടെ ശൈഖും സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ കേന്ദ്ര മുശാവറ അംഗവും സംശുദ്ധവും മാതൃക യോഗ്യവുമായ ജീവിതത്തിൻ്റെ ഉടമയുമായിരുന്ന സയ്യിദ് ഫത്ഹുല്ലാ തങ്ങൾ ജീലാനി(ഖു.സി.) എന്നവരെ കുറിച്ചാണ് പറഞ്ഞുവരുന്നത്.
പുതിയ തലമുറക്ക് വേണ്ടത്ര അടുത്തറിയുവാൻ അവസരം ലഭിച്ചിട്ടില്ലാത്ത ഒരു മഹാവ്യക്തിത്വമായിരുന്നു, ജീവിത ദൗത്യം ഭംഗിയായി നിർവഹിച്ച് മുസ്ലിം ഉമ്മത്തിനോട് കഴിഞ്ഞ ദിവസം വിട ചോദിച്ച സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ അംഗവും ലക്ഷദ്വീപ് മുസ്ലിംകളുടെ ആത്മീയ നായകനുമായിരുന്ന സയ്യിദ് ഫത്ഹുല്ലാ മുത്തുകോയ തങ്ങൾ ജീലാനി(ഖു.സി.). അതിനു പല കാരണങ്ങളുമുണ്ട്. ആത്മീയതയുടെ ഔന്നത്യങ്ങളിൽ വിലയം പ്രാപിച്ച അദ്ദേഹത്തെപ്പോലുള്ളവർ പൊതുവേ സ്വയം പ്രദർശിപ്പിക്കുവാൻ താല്പര്യമില്ലാത്തവരായിരിക്കും. മറ്റൊന്ന്, പഠനം കേരളത്തിൽ തന്നെയായിരുന്നു എങ്കിലും പ്രധാന സേവനവും ജീവിതവും എല്ലാം ദ്വീപുകളിലായിരുന്നു. പക്ഷെ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ എന്ന ആത്മീയ ആദർശ പ്രസ്ഥാനം അദ്ദേഹത്തെ കരയുമായി എപ്പോഴും അടുപ്പിച്ചു നിറുത്തി. അവസാനം പവിത്രമായ ആ ബന്ധം ഇനിയും എന്നും നിൽക്കണമെന്ന് അല്ലാഹു താൽപര്യപ്പെടുന്നു എന്ന് വ്യാഖ്യാനിക്കാവുന്ന വിധം മഹാനവർകളുടെ അന്ത്യവും അന്ത്യ വിശ്രമവും കേരളത്തിലാവുക കൂടി ചെയ്തതോടെ മഹാനവർകളെ ഒന്നുകൂടി പരിജയപ്പെടുത്തേണ്ടത് അനിവാര്യമായിരിക്കുകയാണ്. അല്ലെങ്കിലും മരിച്ചാലും മുറിയാത്തതാണല്ലോ ആത്മീയ താരകങ്ങളുമായി അഹ്ലുസ്സുന്നത്തിന് ഉള്ള ബന്ധം. അതിനാൽ മഹാനവർകളെ പോലുള്ളവരുടെ ജീവിതം സമൂഹത്തിൽ ഒരു പാഠമായി പാഠപുസ്തകമായും അവശേഷിക്കേണ്ടത് അനിവാര്യമാണ്.
1942 ൽ ഏറെ സവിഷേശതകളുമായിട്ടായിരുന്നു ലക്ഷദ്വീപിലെ അമിനിയിൽ ജനനം. മഹാനായ നബി തിരുമേനി(സ്വ)യുടെ അഹ്ലുബൈത്തിൻ്റെ ഏറ്റവും കരുത്തുറ്റ ഒരു ശാഖയിൽ 36-ാം പേരമകനായിട്ടായിരുന്നു അത് എന്നതാണ് അവയിൽ ഒന്ന്. ആ ശ്രേണിയെ ഇത്ര ഉന്നതവും സ്വീകാര്യവുമാക്കുന്നത് അതിൽ ആത്മീയ ലോകത്തിൻ്റെ നായകരിൽ ഒരാളായ ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(റ) അതിലെ 22-മത്തെ കണ്ണിയാണ് എന്നതും മഹാനവർകളിൽ നിന്ന് പുറപ്പെടുന്ന ആത്മീയ ശ്രേണികളിൽ ഏറ്റവും ബലപ്പെട്ട സ്വന്തം മകൻ അബ്ദുൽ റസാഖ് ജീലാനി(റ)യിലൂടെ വരുന്ന സരണിയിലായിരുന്നു എന്നതുമാണ്. ദ്വീപ് സമൂഹത്തിന് കടാക്ഷമായി വന്നു ചേർന്ന അതേ ശ്രേണിയിൽ പെട്ട ആത്മീയ വെളിച്ചം സയ്യിദ് മുഹമ്മദ് ഖാസിം തങ്ങളുടെ ഏഴാമത്തെ പൗത്രനായിട്ടായിരുന്നു ആ ജനനം എന്നത് മറ്റൊന്ന്. ഖാസിം വലിയ്യുല്ലാഹി മുതൽ ആത്മീയമായും സാമൂഹികമായും മൊത്തം ദ്വീപ് സമൂഹത്തെ നയിച്ചിരുന്ന കുടുംബത്തിൻ്റെ കാരണവരായിരുന്ന സയ്യിദ് അബൂ സ്വാലിഹ് തങ്ങളാണ് അവരുടെ പിതാവ്. ശ്രേഷ്ടതകളുടെ മടിത്തട്ടിലേക്ക് പിറന്നു വീണ ഫത്ഹുല്ലാ തങ്ങൾ 1956 വരെയുള്ള കാലത്തിനുള്ളിൽ അക്കാലത്ത് ദ്വീപിൽ ലഭ്യമായിരുന്ന മത ഭൗതിക പ്രാഥമിക വിദ്യാഭ്യാസങ്ങൾ നേടി. തുടർന്നുള്ള പഠനങ്ങൾ എല്ലാം കേരള കരയിലായിരുന്നു. വടക്കൻ കേരളത്തിലൂടെയായിരുന്നു പഠന സഞ്ചാരത്തിന്റെ തുടക്കം. കാസര്‍ഗോഡ് ജില്ലയിലെ പൈവളിക ദർസ്,
മംഗലാപുരത്തെ അസ്ഹരിയ്യ ദർസ്, കാസർക്കോഡ് എന്നിവിടങ്ങളിലെ ദർസ് പഠനത്തിന് ശേഷം 1960 ല്‍ സമസ്ത മുശാവറ അംഗവും പ്രമുഖ സൂഫിവര്യനുമായിരുന്ന കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുടെ പരപ്പനങ്ങാടിയിലെ പനയത്ത് പള്ളിയിലെ പ്രസിദ്ധമായ ദര്‍സില്‍ എത്തിച്ചേര്‍ന്നു. ഉപരിപഠനത്തിനായി ജാമിഅയിൽ ചേരുന്നതിന് മുമ്പ് തന്നെ പനയത്തിൽ പള്ളിയിലെ മുദരിസായി അദ്ദേഹത്തെ കോട്ടുമല ഉസ്താദ് തന്നെ നിശ്ചയിച്ചു എന്നത് പഠനകാലത്തിന്റെ തന്നെ തികവും മികവും കാണിക്കുന്നു.
1963 ൽ രണ്ടാം ബാച്ചിലായിരുന്നു ജാമിഅയിൽ ചേർന്നത്. പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ, കുമരംപുത്തൂര്‍ എ.പി. മുഹമ്മദ് മുസ്‌ലിയാര്‍, കോട്ടുമല മൊയ്തീൻകുട്ടി മുസ്‌ലിയാർ, എ.ഐ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, എരമംഗലം മുഹമ്മദ് മുസ്‌ലിയാര്‍, വെന്‍മേനാട് എന്‍.കെ. അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍, പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ മുതലായ പിൽക്കാലം കണ്ട ഏറ്റവും പ്രധാനപ്പെട്ട വ്യക്തിത്വങ്ങളെല്ലാം അക്കാലത്ത് അവിടെയുണ്ടായിരുന്നു. അദ്ദേഹത്തെയും സഹപാഠികളെയും ഊതിക്കാച്ചിയെടുത്ത രണ്ടു മഹാ പണ്ഡിത പ്രതിഭകളായിരുന്നു ശംസുൽ ഉലമ ഇ കെ അബൂബക്കർ മുസ്ലിയാരും കൂട്ടുമല അബൂബക്കർ മുസ്ലിയാരും. ആ രണ്ടു ശ്രേഷ്ഠരുടെയും തർബിയത്തും സ്നേഹവും മഹാനായ ഫത് ഹുല്ലാ തങ്ങളോടൊപ്പം ജീവിതകാലം മുഴുവനും ഉണ്ടായിരുന്നു എന്നതാണ് ഏറെ കൗതുകകരവും ശ്രദ്ധേയവുമായ കാര്യം. പ്രഥമ ബാച്ചിനോടൊപ്പം മൂന്നാം റാങ്ക് നേടി കർമ്മപഥത്തിലേക്ക് ഇറങ്ങിയ മഹാനായ തങ്ങളവർകളെ പ്രഥമ ബാച്ചിൽ നിന്നു തന്നെ ആദ്യമായി പെരിന്തൽമണ്ണ കക്കൂത്ത് ജുമാമസ്ജിദിൽ മുദരിസായി നിയമിക്കുന്നത് ഈ രണ്ടു മഹത്തുക്കളുമായിരുന്നു. മഹല്ല് സേവനത്തിന്റെ സവിശേഷതയും അവിടെ വച്ച് തന്നെ ചരിത്രത്തിൽ കുറിക്കപ്പെട്ടു. മഹല്ലിലെ രണ്ട് പ്രായവിഭാഗങ്ങൾ തമ്മിൽ നിലനിന്നിരുന്ന ശീത സമരത്തെ വളരെ ബുദ്ധിപരമായി അവസാനിപ്പിക്കുകയും മഹല്ലിനെ ഏകീകരിച്ച് ഒരു മാതൃകാ മഹല്ല് ആക്കി മാറ്റുകയും ചെയ്തത് ആ കാലം ഏറെ കൗതുകത്തോടെ ശ്രദ്ധിച്ച കാര്യമായിരുന്നു.
പിന്നെ ആ ജീവിതവും സേവനവും സ്വന്തം നാടായ അമിനി ദ്വീപിലേക്ക് തന്നെ പറിച്ച് നട്ടു. അതും സവിശേഷമായ ഒരു മടക്കമായിരുന്നു. 1958 ല്‍ അമിനി ദ്വീപിലെ നിലവിലുണ്ടായിരുന്ന ഖാളി മരണപ്പെട്ടതിനെ തുടര്‍ന്ന് പുതിയ ഖാളിയെ നിയമിക്കുന്നതിനായി സെലക്ഷൻ പരീക്ഷ നടത്തുവാൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ആവശ്യപ്പെട്ടു. പരീക്ഷയുടെ ചുമതല സമസ്ത കേരള ജംഇയ്യത്തുൽ ഉലമാക്കായിരുന്നു. ഖാളി ആകുവാൻ യോഗ്യതയുള്ള പണ്ഡിതരെ കണ്ടെത്തുകയായിരുന്നു പരീക്ഷയുടെ ലക്ഷ്യം. തലശ്ശേരി വെച്ച് നടന്ന ആ പരീക്ഷയിൽ പങ്കെടുത്ത നിരവധി പേർക്കിടയിൽ നിന്ന് ഒന്നാം സ്ഥാനം നേടി വിജയിച്ചത് മഹാനവർകൾ ആയിരുന്നു. തുടർന്ന് 1970 ൽ ഫെബ്രുവരിയിൽ അദ്ദേഹം അമിനി ദ്വീപിന്റെ ഖാളിയായി അവരോധിതനായി. അമിനി ദ്വീപിന്റെ ഖാളി ദ്വീപ് സമൂഹത്തിന്റെ മൊത്തം ഖാളിയായിട്ടാണ് അംഗീകരിക്കപ്പെട്ടു വന്നിരുന്നത്. മരണം വരെയും ആസ്ഥാനത്ത് മഹാനവർകൾ തുടർന്നു. ലക്ഷദ്വീപിന്റെ സാമൂഹ്യ പരിസരത്ത് ഏറ്റവും അംഗീകാരമുള്ളവരായിരുന്നു സാദാത്തുക്കളുടെ ഈ കുടുംബം. അതുകൊണ്ടുതന്നെ അവിടെയുള്ള രാഷ്ട്രീയം വരെയുള്ള മേഖലകളിൽ ജനങ്ങളുടെ അംഗീകാരം ഈ കുടുംബത്തിന് ഉണ്ടായിരുന്നു. അതിൻ്റെ ഒരു നിദർശനമാണ് ഇന്ത്യൻ പാർലമെൻ്റിൽ വെറും 26-ാം വയസ്സിൽ അംഗമാകുകയും തുടർന്ന് ആഭ്യന്തരം, ഊർജ്ജം, ബ്രോഡ്കാസ്റ്റിംഗ് തുടങ്ങിയ മന്ത്രിസ്ഥാനങ്ങളും പാർലമെന്റിന്റെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം വരെ പദവികളും വഹിക്കുകയും ചെയ്ത് ഇന്ത്യൻ രാഷ്ട്രീയത്തിലും ദ്വീപ് സമൂഹത്തിലും സമസ്തയുടെ കർമ്മമണ്ഡലത്തിലും ഒരേ പോലെ നിറഞ്ഞുനിന്ന പി എം സഈദ് സാഹിബ്. ആത്മീയ ശ്രദ്ധ പുലർത്തുന്ന നിഷ്കളങ്കനായ ആ വ്യക്തിത്വത്തിന് ഈ കുടുംബം പ്രത്യേകിച്ചും സയ്യിദ് ഫത്ഹുല്ല തങ്ങൾ നൽകിയ പിന്തുണയുടെ പ്രതിഫലനം ഈ ഗ്രാഫിൽ എല്ലായിടത്തും കാണാം.
അറിവ് നേടി മാനസികമായ വളർച്ച എത്തിയതോടെ മഹാനവർകൾ ആത്മീയതയുടെ വഴിയിൽ സജീവമായി. അറിവാണ് ആത്മീയതയുടെ അടിസ്ഥാനമാനദണ്ഡം എന്നത് ജീവിതം കൊണ്ട് കാണിച്ചുകൊടുത്ത വലിയ സൂഫിവര്യൻ ആയിരുന്നു മഹാനവർകൾ. അപ്പോഴേക്കും പിതാവ് അബൂ സ്വാലിഹ് കുഞ്ഞിക്കോയ തങ്ങൾ ലക്ഷദ്വീപിൽ ഒരു ആത്മീയ സാമ്രാജ്യം സ്ഥാപിച്ചു കഴിഞ്ഞിരുന്നു. പിതാവിൻ്റെ ലക്ഷണമൊത്ത മകൻ ആ സാമ്രാജ്യത്തിലേക്ക് മെല്ലെ മെല്ലെ കടന്നു വരികയും നിറയുകയും ചെയ്തു. പിതാവിൻ്റെ മറ്റൊരു ആത്മീയ ഭൂമിക ശ്രീലങ്ക ആയിരുന്നു. അവിടെ പള്ളികൾ സ്ഥാപിച്ചും വിശ്വാസികളെ ആത്മീയ തലങ്ങളിലേക്ക് തർബിയത്ത് ചെയ്തെടുത്തും മഹാനവർകൾ സ്വന്തമായ മറ്റൊരു സാമ്രാജ്യവും സ്ഥാപിച്ചിരുന്നു. അവിടേക്കും ക്രമപ്രവർത്തമായി മകൻ മുത്തുക്കോയ തങ്ങൾ എത്തിച്ചേർന്നു. പിന്നെ അവിടെയെല്ലാം പിതാവിൻ്റെ പ്രതിനിധിയായും തനി സ്വരൂപമായും ആ മകൻ മരണം വരെയും ഉണ്ടായിരുന്നു. പഠിച്ച സ്ഥാപനങ്ങൾ, പഠിപ്പിച്ച ഉസ്താദുമാർ, സേവനം ചെയ്ത പ്രസ്ഥാനം തുടങ്ങിയ എല്ലാ ബന്ധങ്ങളും കേരളത്തിലും സമസ്തയുടെ ആത്മീയ മേഖലയിലും ആയിരുന്നു. അതാകട്ടെ ഒന്നാമതായും രണ്ടാമതായും ആത്മീയതയുമാണ്. ഉസ്താദുമാരോടുള്ള ആത്മബന്ധം, ഖാദിരിയ്യ, രിഫാഇയ്യ സരണികളിലെ നേതൃത്വം, സമസ്തയുടെ മുശാവറാംഗത്വം തുടങ്ങിയവയെല്ലാം കൊണ്ട് മഹാനവർകൾ ആത്മീയ കേരളത്തിൻ്റെയും കറകളഞ്ഞ ആത്മീയത കൊണ്ട് ലക്ഷദ്വീപ്, ശ്രീലങ്ക, മലേഷ്യ തുടങ്ങിയ പ്രദേശങ്ങളുടെയും ആത്മീയ വിഹായസ്സുകളിൽ മഹാനവർകൾ ജീവിത കാലം മുഴുവനും നിറഞ്ഞുനിന്നു.
അതിൽ കൂടുതൽ ഹൃദയ ബന്ധം ഉണ്ടായത് കേരളവുമായിട്ടായിരുന്നു. അതിനു പല കാരണവുമുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് സമസ്തയുമായും ആത്മീയതയുമായും മഹാനവർക്കുണ്ടായിരുന്ന ഹൃദയ ബന്ധമായിരുന്നു. അത്തരമൊരു വികാരം പഠിപ്പിച്ചതും പകർന്നതും പ്രധാനമായും ശംസുൽ ഉലമ, കോട്ടുമല ഉസ്താദ് എന്നീ രണ്ട് അതികായൻമാരായിരുന്നു. കൂട്ടത്തിൽ ശംസുൽ ഉലമയുമായുള്ള ബന്ധം ഏറെ ആഴമുള്ളതായിരുന്നു. ആ ബന്ധത്തിന്റെ തുടക്കം ജാമിഅ നൂരിയ്യയിൽ വച്ചാണ്. തുടക്കത്തിൽ ഒരുപാട് തങ്ങൾ കുട്ടികൾക്കിടയിൽ ഒരു തങ്ങൾ കുട്ടി എന്ന ഒരു തിരിച്ചറിവ് മാത്രമായിരുന്നു ശംസുൽ ഉലമാക്ക് ഉണ്ടായിരുന്നത് എന്ന് മഹാനവർകൾ തന്നെ പറഞ്ഞതായി രേഖകളിൽ കാണാം. പക്ഷേ പിന്നെ അദ്ദേഹത്തെ കുറിച്ചും അദ്ദേഹത്തിൻ്റെ ഖബീലയെ കുറിച്ചും ആത്മീയമായ സരണിയെക്കുറിച്ചും ബുദ്ധി സാമർത്ഥ്യത്തെക്കുറിച്ചും ആത്മീയ നിബദ്ധതയെക്കുറിച്ചും എല്ലാം ശംസുൽ ഉലമ ആഴത്തിൽ മനസ്സിലാക്കുകയായിരുന്നു. അതോടെ മുറുകിയ ആ ബന്ധം പിന്നെ ഒരിക്കലും അയഞ്ഞിട്ടില്ല എന്നത് അനുഭവങ്ങൾ തെളിയിക്കുന്നു. അതു തെളിയിക്കുന്ന നിരവധി രംഗങ്ങൾ ഉണ്ടായിട്ടുണ്ട്. അതെല്ലാം ശരിയായിരുന്നു എന്നാണ്, ശംസുൽ ഉലമയുടെ പേരിൽ മർഹും വലിയുല്ലാഹി തൃപ്പനച്ചി ഉസ്താദ് സ്ഥാപിച്ചതും ശംസുൽ ഉലമയുടെ ശിഷ്യൻ സയ്യിദുൽ ഉലമാ നയിക്കുന്നതുമായ ജാമിഅ ജലാലിയ്യ ക്യാമ്പസിൽ അന്തിയുറങ്ങണമെന്ന് മരിക്കും മുൻപേ ആഗ്രഹം പ്രകടിപ്പിച്ചത്. അത് തികച്ചും അവിചാരിതമായ ഒരു കാര്യമായിരുന്നു. അതിനാലാണ് ആരും വിചാരിക്കാത്ത വിധത്തിൽ കാര്യങ്ങളെ അല്ലാഹു ഇവിടെയൊക്കെ എത്തിച്ചു എന്ന് എല്ലാവരുടെ മനസ്സുകളും പറയുന്നത്. അമിനി ദ്വീപിൽ 50 കൊല്ലമായി ഖാളിയും സർവാംഗീകൃതനുമായ അദ്ദേഹം മരണപ്പെട്ടാൽ സ്വാഭാവികമായും അദ്ദേഹത്തിൻ്റെ പിതാമഹൻ ലോകശ്രദ്ധ നേടിയ വലിയുള്ളാഹി ഖാസിം തങ്ങളുടെ ചാരത്ത് ആയിരിക്കും അദ്ദേഹത്തിന് അന്ത്യ വീട് ഒരുങ്ങുക. പക്ഷേ രണ്ടാഴ്ച മുമ്പ് തന്നെ ചികിത്സയ്ക്കുവേണ്ടി അല്ലാഹു അദ്ദേഹത്തെ കടല് കടത്തി കേരളത്തിൽ എത്തിച്ചു. ചികിത്സാർത്ഥം കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. മരണം ആർക്കാണെങ്കിലും എവിടെവച്ച് ആണെങ്കിലും അനിവാര്യമാണ്. ആ അർത്ഥത്തിൽ മഹാനവർകൾ കോഴിക്കോട്ട് വഫാത്തായി. പിന്നെ കർമ്മങ്ങളെല്ലാം സ്വാഭാവികമായും ചെയ്യുക സമസ്ത കേരള ജംഇയ്യത്തുൽ ഉലമ തന്നെയാണ്. പക്ഷേ അപ്പോഴൊന്നും അദ്ദേഹം കേരളത്തിൽ അന്തിയുറങ്ങും എന്ന് ആരും വിചാരിച്ചിരുന്നില്ല. മയ്യത്ത് നിസ്കാരവും മറ്റുമെല്ലാം കഴിഞ്ഞാൽ എല്ലാ സൗകര്യങ്ങളോടും കൂടെ ലക്ഷദ്വീപിലേക്ക് കൊണ്ടുപോകുവാൻ സാമ്പത്തികമായും രാഷ്ട്രീയപരമായും എല്ലാ കഴിവും ഉണ്ടായിരുന്നു. ലക്ഷദ്വീപ് എം പി മുഹമ്മദ് ഹംദുല്ലാ സഈദ് തന്റെ പിതാവിനെ പോലെ എന്ത് സൗകര്യങ്ങളും ചെയ്യാൻ കഴിയുന്ന ആളായിരുന്നു. അത് ചെയ്യുവാനും അത് ചെയ്യിക്കുവാനും അദ്ദേഹം സന്നദ്ധനും ആയിരുന്നു. ഇനി ലക്ഷദ്വീപിലേക്ക് മയ്യത്ത് കൊണ്ടുപോകുന്നില്ല എന്ന് സങ്കൽപ്പിക്കാം അപ്പോൾ അവിടെ ഉയരുന്ന രണ്ട് സാധ്യതകളിൽ ഒന്ന് ശംസുൽ ഉലമായുടെ ചാരത്ത് വരക്കൽ മഖാമിൽ അന്തിയുറങ്ങുക എന്നതാണ്. അങ്ങനെയുണ്ടായിരുന്നുവെങ്കിൽ അത് മഹാഭാഗ്യം ആകുമായിരുന്നു. രണ്ടാമത്തെ സാധ്യത ഇപ്പോൾ വള്ളിക്കാപ്പറ്റയിൽ താമസിക്കുന്ന പിതൃ സഹോദര പുത്രൻ ആവശ്യപ്പെട്ടതനുസരിച്ച് വള്ളിക്കാപറ്റയിൽ മറവ് ചെയ്യാനായിരുന്നു. അപ്പോഴായിരുന്നു മഹാനവർകളുടെ വസിയ്യത്തിന് സമാനമായ താല്പര്യം ആവർത്തിച്ചു പ്രകടിപ്പിച്ച താൽപര്യത്തെ കുറിച്ചുള്ള വിവരം മക്കളും ഏറ്റവും അടുത്തവരും പങ്കുവെച്ചത്. അത് മഹാനവർകൾക്ക് ഹൃദയബന്ധം കൂടിയുണ്ടായിരുന്ന ജാമിഅ ജലാലിയ ക്യാമ്പസിൽ ആയിരുന്നു. അങ്ങനെയാണ് മഹാനവർകൾ നമ്മുടെ ഇത്ര ചാരത്ത് എത്തിയത്.
അല്ലാഹു ആ മഹൽ സാന്നിധ്യം കൊണ്ട് നമ്മെ കടാക്ഷിക്കുമാറാവട്ടെ, ആമീൻ.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso