

പരീക്ഷണമാണ് സമ്പത്തും സന്താനവും
2025-05-30
Web Design
15 Comments
ഖുർആൻ പഠനം
അത്തഗാബുൻ 14-18
14 സത്യവിശ്വാസികളേ, നിങ്ങളുടെ ഇണകളിലും മക്കളിലും നിങ്ങള്‍ക്ക് പ്രതിയോഗികളുണ്ടെന്ന കാര്യം തീര്‍ച്ച! അതുകൊണ്ട് ജാഗ്രത പുലര്‍ത്തുക. നിങ്ങള്‍ മാപ്പരുളുകയും വിട്ടുവീഴ്ച ചെയ്യുകയും പൊറുത്തു കൊടുക്കുകയും ചെയ്യുന്നുവെങ്കില്‍ അവന്‍ ഏറെ പൊറുക്കുന്നവനും കരുണാമയനുമാകുന്നു.
ഈ സൂക്തത്തിന്റെ അർത്ഥവും ആശയവും ഗ്രഹിക്കുവാൻ ഇത് അവതരിച്ച സാഹചര്യവും കാരണവും മനസ്സിലാക്കിയാൽ മാത്രം മതിയാകും. അത് അങ്ങനെ തന്നെ ഗ്രഹിക്കേണ്ടതുണ്ട്. കാരണം, ഈ ആയത്തിന്റെ ആദ്യ ഭാഗം പറയുന്നത് ഇണകളിലും മക്കളിലും ശത്രുക്കൾ ഉണ്ട് എന്നാണ്. അത് ഒരു പൊതുവായ കാര്യമായിരിക്കുവാൻ സാധ്യതയില്ല. കാരണം ഒരു വ്യക്തിയുടെ ജീവിതവുമായി ഒട്ടി നിൽക്കുന്ന ഘടകങ്ങളാണ് ഇണകളും സന്തതികളും. അവർ സ്നേഹപൂർവ്വം ചേർന്ന് നിൽക്കുകയായിരിക്കും സ്വാഭാവികമായും ചെയ്യുക. അപൂർവ്വം ചില ഇണകളും മക്കളും ശത്രുതാ മനോഭാവത്തോടെ ചിലരോട് പെരുമാറിയേക്കാം. അതിന് അതിന്റേതായ ചില പ്രത്യേക കാരണങ്ങൾ ഉണ്ടാകു അതിനാൽ ഈ ആയത്തിൽ പറയുന്ന വിഷയം ഏതോ ഒരു പ്രത്യേക സാഹചര്യത്തെ ആധാരമാക്കി കൊണ്ടാണ് പറയുന്നത് എന്ന് മനസ്സിലാക്കാവുന്നതാണ്. അതേസമയം സമാനമായ സാഹചര്യങ്ങളിലേക്ക് ഈ സൂക്തങ്ങളുടെ ആശയത്തെ ചേർത്തുവെക്കുന്നതിൽ പ്രയാസവുമില്ല. ഈ സൂറത്ത് അവതരിച്ച പശ്ചാത്തലത്തെ കുറിച്ച് രണ്ട് രിവായത്തുകൾ വന്നിട്ടുണ്ട്. ആത്യന്തികമായ ആശയത്തിൽ രണ്ട് രിവായത്തുകൾക്കും ഇടയിൽ കാര്യമായ വ്യത്യാസമൊന്നുമില്ല. എന്നാലും രണ്ടും രണ്ടായി എണ്ണുന്നത് പശ്ചാത്തലം വ്യത്യാസമായതുകൊണ്ടാണ്. അതായത് ഒരു രിവായത്തിന്റെ പശ്ചാത്തലം മദീനയും മറ്റൊന്നിന്റേത് മക്കയുമാണ്. ഈ സൂറത്തിലെ ഈ അവസാന ആയത്തുകൾ മദനിയാണ് എന്ന പക്ഷക്കാരനായ ഇമാം ത്വബരി അത്വാഅ് ബിൻ യസാർ എന്നവരെ തൊട്ട് ഉദ്ധരിക്കുന്ന രിവായത്തിൽ ഈ സൂക്തം മദീനയിൽ ഔഫ് ബിൻ മാലിക് അശ്ജഈ(റ) എന്നവരുടെ കാര്യത്തിൽ അവതരിച്ചതാണ്. അദ്ദേഹം കുറേ ഭാര്യമാരും മക്കളും ഒക്കെ ഉള്ള ഒരു നല്ല വിശ്വാസിയായിരുന്നു. ഇസ്ലാമിന് വേണ്ടി യുദ്ധം ചെയ്യാൻ തല്പരനുമായിരുന്നു. പക്ഷേ അദ്ദേഹത്തിൻ്റെ മക്കളും ഭാര്യമാരും അങ്ങനെ ഒരു മനസ്ഥിതി ഉള്ളവരായിരുന്നില്ല. അദ്ദേഹം യുദ്ധത്തിന് പോകുന്നതിനോട് അവർക്ക് യോജിപ്പുണ്ടായിരുന്നില്ല. അവർ അദ്ദേഹത്തെ പിന്തിരിപ്പിക്കുവാൻ വേണ്ടി അലമുറയിട്ട് കരയുകയും മറ്റും ചെയ്യുമായിരുന്നു. 'താങ്കൾ പോയാൽ ഞങ്ങൾക്ക് ഇനി ആരാണ് ?' എന്നൊക്കെ ചോദിച്ചു അദ്ദേഹത്തെ പരമാവധി വിഷമിപ്പിച്ച് പിൻവലിക്കുവാൻ ശ്രമിക്കുമായിരുന്നു. സ്വന്തം ഭാര്യയും മക്കളും മുമ്പിൽ നിന്ന് ഈ വിധം പറയുമ്പോൾ അവസാന നിമിഷത്തിൽ അദ്ദേഹത്തിൻ്റെ മനസ്സിന് ഇളക്കം സംഭവിക്കുകയും കാൽ പിന്നോട്ട് വലിക്കുകയും ചെയ്യുമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഈ ആയത്ത് ഇറങ്ങിയത് എന്നതാണ് ആദ്യത്തെ അഭിപ്രായം. അങ്ങനെ വരുമ്പോൾ ഈ ആയത്ത് മദനി ആണ് എന്ന് മാത്രമല്ല ഇതിൻ്റെ അനുബന്ധം എന്നോണം വരുന്ന ശേഷം വരുന്ന ആയത്തുകളും മദനി ആയത്തുകളിൽ പെട്ടതാണ്.
രണ്ടാമത്തെ അഭിപ്രായം, ഇബ്നു അബ്ബാസ് എന്നവരെ തൊട്ട് ഇമാം തിർമുദി നിവേദനം ചെയ്യുന്നതാണ്. ആ രിവായത്തിൽ പറയുന്നത്, ഈ ആയത്ത് മക്കയിൽ തന്നെ അവതരിച്ചതാണ് എന്നാണ്. അവിടെയുണ്ടായിരുന്ന ചില വിശ്വാസികൾ മദീനയിലേക്ക് ഹിജ്റ പോകുവാൻ ഒരുങ്ങുമ്പോൾ അവരുടെ മക്കളും ഭാര്യമാരും അവരെ തടയുമായിരുന്നു. ഇതെല്ലാം അതിജയിച്ചുകൊണ്ട് അവർ മദീനയിൽ എത്തുമ്പോൾ അവിടെയുള്ള തങ്ങളുടെ നാട്ടുകാരായ നേരത്തെ ഹിജ്റ വന്ന ആൾക്കാർ നേടിയ അറിവും ഔന്നത്യവും എല്ലാം കാണുമ്പോൾ അവർക്ക് വലിയ നിരാശ ഉണ്ടാകുമായിരുന്നു. ആ നിരാശയെ ആശ്വസിപ്പിക്കാൻ വേണ്ടി ഇറങ്ങിയതാണ് ഈ ആയത്ത് അതുകൊണ്ടുതന്നെയാണ് ഈ ആയത്തിന്റെ അവസാന ഭാഗത്ത് 'നിങ്ങള്‍ മാപ്പരുളുകയും വിട്ടുവീഴ്ച ചെയ്യുകയും പൊറുത്തു കൊടുക്കുകയും ചെയ്യുന്നുവെങ്കില്‍ അവന്‍ ഏറെ പൊറുക്കുന്നവനും കരുണാമയനുമാകുന്നു' എന്നു പറയുന്നത്. സ്വന്തം മക്കളോടും ഭാര്യമാരോടും ചെയ്യുന്ന ഒരു വിട്ടുവീഴ്ചയാണ് അത്.
15 നിങ്ങളുടെ സ്വത്തുകളും മക്കളും ഒരു പരീക്ഷണമല്ലാതെ മറ്റൊന്നുമല്ല. അല്ലാഹുവിങ്കല്‍ അതിമഹത്തായ പ്രതിഫലമുണ്ട്.
ഇത് മേൽപ്പറഞ്ഞ സൂക്തത്തിന്റെ അതേ ആശയത്തിലുള്ളതാണ് എന്ന് പ്രത്യക്ഷത്തിൽ തോന്നിപ്പോകും. സത്യത്തിൽ അങ്ങനെയല്ല. മേൽപ്പറഞ്ഞ ആയത്തിൽ ഭാര്യമാരെയും മക്കളെയും ആണ് ചേർത്തു പറഞ്ഞിരിക്കുന്നത്. മാത്രമല്ല, നിങ്ങളുടെ ഭാര്യമാരിലും മക്കളിലും നിങ്ങളുടെ ശത്രുക്കൾ ഉണ്ട് എന്നാണ് പറഞ്ഞിരിക്കുന്നത്. അതിൽ നിന്ന് അതിന് എല്ലാ ഭാര്യമാരും എല്ലാ മക്കളും ശത്രുക്കളാണ് എന്ന് ഒരു അർത്ഥം കൽപ്പിക്കുവാൻ കഴിയുകയില്ല. അവരിൽ അങ്ങനെയുള്ളവർ ഉണ്ട് എന്നു വരെ അർത്ഥം മാത്രമേ അതിന് ലഭിക്കുകയുള്ളൂ. ഈ ആയത്തിൽ പക്ഷേ അങ്ങനെയല്ല. അതിൽ ചേർത്തു പറഞ്ഞിരിക്കുന്നത് സന്താനങ്ങളെയും സമ്പത്തിനെയും ആണ്. മാത്രമല്ല, സന്താനങ്ങളിൽ നിന്ന് ചിലരും സമ്പത്തിൽ നിന്ന് ചിലതും നിങ്ങൾക്ക് പരീക്ഷണമാണ് എന്ന ധ്വനിയിൽ അല്ല പറഞ്ഞിരിക്കുന്നത്. (മിൻ എന്ന അറബി അവ്യയം ഇല്ല എന്നർഥം). അപ്പോൾ പരീക്ഷണം അടങ്ങിയിരിക്കുന്നത് അവരിലോ അവയിലോ ചിലരിലോ ചിലതിലോ മാത്രമല്ല മറിച്ച് എല്ലാ സമ്പത്തിലും എല്ലാ സന്താനങ്ങളിലും പരീക്ഷണം ഉള്ളടങ്ങിയിട്ടുണ്ട് എന്നാണ് വരിക. പരീക്ഷണം ഉള്ളടങ്ങിയിട്ടുണ്ട് എന്നതിനെ ഒരിക്കലും ഒരാക്ഷേപമായി കരുതാൻ ന്യായമില്ല. കാരണം പരീക്ഷണം എന്നതിൻ്റെ അർത്ഥം ശിക്ഷ എന്നല്ല. അത് ഒരു വ്യക്തിയെ ഊതിക്കാച്ചി എടുക്കാൻ ഉള്ള മറ്റൊരു മാർഗമാണ്. മനുഷ്യന് ക്ഷമയിലേക്ക് എത്തിച്ചേരാനും തൻ്റെ വ്യക്തിത്വത്തെ പ്രോജ്ജ്വലമായി അവതരിപ്പിക്കുവാനും ഉള്ള ഒരു അവസരമാണ് പരീക്ഷണം. അതുകൊണ്ട് വിശ്വാസി ഈ പരീക്ഷണത്തെ പരീക്ഷണമായി ഗ്രഹിക്കുകയും അതിനുവേണ്ടി തയ്യാറാവുകയും ചെയ്യുകയാണ് വേണ്ടത്. അപ്പോൾ അത് രണ്ട് നേട്ടങ്ങൾ നേടിത്തരുന്നു. ഒന്ന്, ആ പരീക്ഷണം രക്ഷിതാവിനും ഉടമസ്ഥനും ശരി തിരിച്ചറിയാനുള്ള അവസരമായി തീരുന്നു. രണ്ട്, അത്തരം ഘട്ടങ്ങളിൽ ശരിയായി പ്രതികരിക്കുമ്പോൾ അതൊരു സന്ദേശമായി മറ്റുള്ളവരിൽ എത്തിച്ചേരുന്നു.
ദുനിയാവിലെ പരീക്ഷണങ്ങൾ എന്നത് ഈ രണ്ടു കാര്യങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല. ഈ ആയത്തിൽ പറഞ്ഞിരിക്കുന്നത് ഈ രണ്ടു കാര്യങ്ങളാണ് എന്നുമാത്രം. കാരണം അതിൻ്റെ തൊട്ടുമുകളിലുള്ള ആയത്തിന്റെ ആശയത്തിൽ ഈ രണ്ടു വിഷയങ്ങൾ വരുന്നുണ്ട്. അതേസമയം അല്ലാഹുവിൻ്റെ പരീക്ഷണങ്ങൾ മനുഷ്യജീവിതത്തിന്റെ എല്ലാ വശങ്ങളിലും ഉണ്ട്.
പ്രപഞ്ച സ്രഷ്ടാവിന്റെ അത്ഭുതസൃഷ്ടികളില്‍ ഒന്നാണ് മനുഷ്യന്‍. ഇതിന് ചെറിയ ഒരു ആമുഖം മനസ്സിലാക്കിയാൽ മതി. ഭൂമിയിലെ ജീവജാലങ്ങളില്‍ ഏറെ വ്യതിരിക്തനാണ് മനുഷ്യൻ. അതുപോലെത്തന്നെയാണ് അവന്റെ ജീവിതവും. അത് മരണമെന്ന സ്വാഭാവിക സംഭവത്തിനും അപ്പുറത്തേക്ക് നീളുന്നതാണ്. അഥവാ പരലോക ജീവിതം കൂടി ചേരുമ്പോഴാണ് മനുഷ്യന്റെ ജന്മം സമ്പൂര്‍ണമാകുന്നത്. മരണാനന്തര ജീവിതം ഐഹിക ജീവിതത്തിൻ്റെ കർമ്മങ്ങൾ അനുഭവിക്കാനുള്ള കാലമായാണ് സ്രഷ്ടാവ് സംവിധാനിച്ചിരിക്കുന്നത്. ഈ പാരത്രിക ജീവിതവിജയത്തിനായി പഠിച്ചും പരിശീലിച്ചും പരീക്ഷ പൂര്‍ത്തിയാക്കുകയാണ് മനുഷ്യൻ്റെ ജന്മലക്ഷ്യം. അല്ലാഹു പറയുന്നു: 'നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്നു പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു' (67:2). മറ്റൊരായത്തിൽ ഇതേ ആശയം ഇങ്ങനെ പറയുന്നു: 'തീര്‍ച്ചയായും ഭൂമുഖത്തുള്ളതിനെ നാം അതിന് ഒരു അലങ്കാരമാക്കിയിരിക്കുന്നു. മനുഷ്യരില്‍ ആരാണ് ഏറ്റവും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നത് എന്നു നാം പരീക്ഷിക്കാന്‍ വേണ്ടി' (18:7). ഈ ഗണത്തിൽ എടുത്തു പറയേണ്ട ചില വിഷയങ്ങൾ പലയിടങ്ങളിൽ പലപ്പോഴായി എടുത്തു പറഞ്ഞിട്ടുണ്ട് എന്നുമാത്രം. അതിൽ ഈ സൂറത്തിൽ എടുത്തു പറഞ്ഞിരിക്കുന്ന രണ്ട് പരീക്ഷണ വിഷയങ്ങളാണ് സമ്പത്തും സന്താനങ്ങളും എന്നുമാത്രം.
പരീക്ഷണം എന്നത് അനിവാര്യമായ ഒരു ദൈവിക ന്യായമാണ് എന്ന് ഈ വിധത്തിൽ നാം മനസ്സിലാക്കുമ്പോൾ പിന്നെ ആലോചിക്കാനുള്ളത് അതിലെങ്ങനെ വിജയിക്കാം എന്നതാണ്.
എല്ലാം പരമമായ ലക്ഷ്യങ്ങൾക്ക് വേണ്ടിയുള്ള അല്ലാഹുവിൻറെ പരീക്ഷണങ്ങളാണ് എന്ന് തിരിച്ചറിയുകയും ക്ഷമയും സഹനവും നന്ദിയുമായി അതിനോട് പ്രതികരിക്കുകയും ചെയ്യുക എന്നതാണ് ആ പരീക്ഷണം വിജയിക്കുവാൻ വിശ്വാസി ചെയ്യേണ്ടത്. അതോടൊപ്പം താങ്ങാൻ ആവാത്ത പരീക്ഷണങ്ങൾ തന്നു എന്നെ വലക്കരുതേ എന്ന് എപ്പോഴും പ്രാർത്ഥിക്കുകയും വേണം. ഖുർആൻ ആ പ്രാർത്ഥന തന്നെ വിശ്വാസിയെ ഇങ്ങനെ പഠിപ്പിക്കുന്നുണ്ട്:
‘ഞങ്ങളുടെ നാഥാ, ഞങ്ങള്‍ മറന്നുപോവുകയോ ഞങ്ങള്‍ക്ക് തെറ്റു പറ്റുകയോ ചെയ്തുവെങ്കില്‍ ഞങ്ങളെ നീ ശിക്ഷിക്കരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങളുടെ മുന്‍ഗാമികളുടെ മേല്‍ നീ ചുമത്തിയതുപോലുള്ള ഭാരം ഞങ്ങളുടെ മേല്‍ നീ ചുമത്തരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക് കഴിവില്ലാത്തത് ഞങ്ങളെ നീ വഹിപ്പിക്കരുതേ. ഞങ്ങള്‍ക്ക് നീ മാപ്പു നല്‍കുകയും ഞങ്ങളോട് പൊറുക്കുകയും കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അതുകൊണ്ട് സത്യനിഷേധികളായ ജനതയ്‌ക്കെതിരായി നീ ഞങ്ങളെ സഹായിക്കേണമേ' (2:286).
16 അതുകൊണ്ട് ആവുംവിധം നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും അവന്റെ ശാസനകള്‍ കേള്‍ക്കുകയും അനുസരിക്കുകയും സ്വന്തത്തിനു ഗുണകരമാകും വിധം ധനം ചെലവഴിക്കുകയും ചെയ്യുക. സ്വന്തം പിശുക്കില്‍ നിന്ന് ആര്‍ക്ക് സുരക്ഷനല്‍കപ്പെട്ടുവോ, അവര്‍ തന്നെയാണ് ജേതാക്കള്‍.
എല്ലാവിധ പരീക്ഷണങ്ങളിൽ നിന്നും ശത്രുതകളിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗം പറഞ്ഞുതരികയാണ് ഈ സൂക്തം. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് തഖ്‌വ എന്ന ജീവിത സൂക്ഷ്മത പാലിച്ചു ജീവിക്കുക എന്നതുതന്നെയാണ്. അതിൻ്റെ ഭാഗം തന്നെയാണ് അവന്റെ ശാസനകൾ മാനിക്കുക എന്നതും. അതുകഴിഞ്ഞ് അല്ലാഹു ഏറെ സവിശേഷമായ, ഒപ്പം എടുത്തു പറയേണ്ടതുമായ ഒരു കാര്യം കൂടി ഈ ആയത്തിൽ ചേർത്തുപറയുന്നുണ്ട്. അത് നന്മയുടെ മാർഗങ്ങളിൽ പണം ചെലവഴിക്കുക എന്നതാണ്. നന്മയ്ക്ക് ഇസ്ലാം ഒരു അളവും നിശ്ചയിക്കുന്നില്ല. ഒരു അണുവോളം നന്മ ചെയ്താൽ അതിനുള്ളത് അല്ലാഹു തരും എന്ന് പലയിടത്തായി പറഞ്ഞിട്ടുള്ളതാണ്. ദാനധർമ്മത്തിന്റെ ശക്തിയിലേക്ക് ഈ സൂക്തം വിരൽ ചൂണ്ടുന്നുണ്ട്. ദാനധർമ്മം അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള കാര്യമാണ്. ദാനധർമ്മങ്ങൾ വിപത്തുകളെ തടയും എന്ന് ഒരു ഹദീസിലും അല്ലാഹുവിൻ്റെ കോപത്തെ അതു തണുപ്പിക്കും എന്ന് മറ്റൊരു ഹദീസിലും കാണാം. ഇതിൻ്റെ കാരണം അതിലടങ്ങിയിരിക്കുന്ന മഹത്തായ സ്വഭാവങ്ങളാണ്. ഒരാൾ ദാനധർമ്മം ചെയ്യാൻ തയ്യാറാകുമ്പോൾ അയാളുടെ മനസ്സിൽ പാവപ്പെട്ടവരോടും നല്ല മാർഗ്ഗത്തോടും ഉള്ള ഇഷ്ടവും സ്നേഹവും അനുഭൂതിയും എല്ലാം ഉണരുന്നു. ഏറെ അധ്വാനിച്ച് താൻ സ്വരൂപിച്ച സ്വത്തിനേക്കാൾ അയാൾ ആ നന്മയുടെ മാർഗങ്ങൾക്ക് വിലകൽപ്പിക്കുന്നു. താൻ അനുഭവിക്കുന്നത് പോലെയുള്ള സുഖവും സംതൃപ്തിയും മറ്റുള്ളവർക്കും അനുഭവപ്പെടണം എന്നയാൾ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. പതിതരായവർ അനുഭവിക്കുന്ന വേദന സ്വന്തം സ്വത്ത് വ്യയം ചെയ്യലിലൂടെ താനും അനുഭവിക്കുവാൻ അല്ലെങ്കിൽ പങ്കിടുവാൻ തയ്യാറാണ് എന്ന് പ്രഖ്യാപിക്കുന്നു. ഇങ്ങനെ കുറെ ഏറെ മൂല്യവത്തായ മാനുഷിക സ്വഭാവങ്ങൾ ഉള്ളടങ്ങിയ കാരണത്താലാണ് ദാനധർമ്മത്തിന് അല്ലാഹു ഏറെ സ്വീകാര്യത കൽപ്പിച്ചിരിക്കുന്നത്. ഇത്തരം നന്മയുടെ പ്രതിരൂപം ആകാനുള്ള ദാന മനസ്ഥിതിയെ പലപ്പോഴും ഉറക്കിക്കിടത്തുന്നത് ഒരാളിലെ ലുബ്ധതയാണ്. അതിനാലാണ് ലുബ്ധത എന്ന വൈതരണയെ മറികടക്കുന്നവർ ധർമ്മം ചെയ്തവരെ പോലെ തന്നെ ഉത്തമരാണ് എന്ന ആശയം കൊണ്ട് ഈ സൂക്തം അവസാനിക്കുന്നത്.
17 നിങ്ങള്‍ അല്ലാഹുവിന് ഉദാത്തമായ കടം നല്‍കുന്നുവെങ്കില്‍ അതവന്‍ ഇരട്ടിയാക്കുകയും പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അവന്‍ പുണ്യകര്‍മങ്ങള്‍ സ്വീകരിക്കുന്നവനും സഹിഷ്ണുവുമാകുന്നു.
ദാനത്തിനും ധർമ്മത്തിനും അല്ലാഹു കൽപ്പിക്കുന്ന വില മറ്റൊരു ഭാഷ്യത്തിൽ പറയുകയാണ് ഈ സൂക്തം. അതായത് ഒരാൾ ധർമ്മം ചെയ്യുമ്പോൾ അയാൾ തന്റെ പണം ചിലവഴിക്കുകയല്ല, മറിച്ച് അത് പരലോകത്തെ ജീവിതത്തിന് വേണ്ടി സമ്പാദിച്ചു വെക്കുകയാണ് എന്ന ആശയമാണ് അല്ലാഹു മുന്നോട്ടുവെക്കുന്നത്. ധർമ്മം അല്ലാഹുവിനുള്ള കടമാണ് അല്ലെങ്കിൽ പാരത്രിക ജീവിതത്തിനു വേണ്ടിയുള്ള നീക്കിയിരിപ്പാണ് എന്നൊക്കെ പറയുന്നതോടുകൂടി വിശ്വാസികളിൽ അതു ദാനധർമ്മത്തിനുള്ള വലിയ പ്രോത്സാഹനമായി മാറുന്നു.
18 അപ്രത്യക്ഷമായതും സന്നിഹിതമായതും അറിയുന്നവനും അജയ്യനും യുക്തിമാനുമാണവന്‍.
ഈ അവസാനത്തെ ആയത്ത് കൊണ്ട് ആശയവും സൂറത്തും ഉപസംഹരിക്കുമ്പോൾ അത് ദാനധർമ്മങ്ങൾ ചെയ്യുന്നത് ശരിക്കും അല്ലാഹുവിന് വേണ്ടി എന്ന ഉദ്ദേശത്തോടുകൂടി തന്നെയാണോ അല്ലയോ എന്നൊക്കെ അവനറിയാം, നിങ്ങൾ അത് പറഞ്ഞു വിശദീകരിക്കേണ്ട ആവശ്യമില്ല എന്ന ആശയമാണ് നാമുമായി പങ്കുവെക്കുന്നത്. ഒന്നുകൂടി ലളിതമായി പറഞ്ഞാൽ ദാനധർമ്മങ്ങൾ ചെയ്യുന്നത് ആത്മാർത്ഥമായും നിഷ്കളങ്കമായും ആയിട്ടായിരിക്കണം എന്നാണത്.
(അവസാനിച്ചു. അടുത്ത ലക്കം സൂറത്തുഥ്ഥലാഖ്)
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso