

ഖുർആൻ പഠനം സൂറത്തുത്വലാഖ് 4-9 /അവൾക്ക് അവിടെയാണ് സുരക്ഷിതത്വം /
2025-06-27
Web Design
15 Comments
ടി എച്ച് ദാരിമി
4 നിങ്ങളുടെ സ്ത്രീകളില്‍ ആര്‍ത്തവമവസാനിച്ചവരുടെ ഇദ്ദാകാര്യത്തില്‍ എന്തെങ്കിലും സന്ദേഹമുണ്ടെങ്കില്‍, അറിയുക, അതും ആര്‍ത്തവം ഉണ്ടായിട്ടില്ലാത്ത ബാലികമാരുടേതും മൂന്നു മാസമാകുന്നു; ഗര്‍ഭിണികളുടെ ഇദ്ദ അവള്‍ പ്രസവിക്കലാണ്. അല്ലാഹുവിനെ ഒരാള്‍ സൂക്ഷിക്കുന്നുവെങ്കില്‍ അയാളുടെ കാര്യങ്ങള്‍ അവന്‍ സുഗമമാക്കിക്കൊടുക്കുന്നതാകുന്നു.
മേൽ സൂക്തത്തിൽ ഇദ്ദ കാലത്തിൻ്റെ കണക്ക് ആർത്തവവുമായിട്ടാണ് ബന്ധിപ്പിച്ചിട്ടുള്ളത്. മൂന്ന് ആർത്തവം അല്ലെങ്കിൽ മൂന്ന് ആർത്തവ വിരാമവിശുദ്ധി എന്നിങ്ങനെ. അതേസമയം ആർത്തവത്തെ അടിസ്ഥാനമാക്കി ഇദ്ദയിരിക്കാൻ കഴിയാത്ത സാഹചര്യമുള്ള രണ്ടുതരം സ്ത്രീകളുണ്ട്. ഒന്നാമത്തേത്, ആർത്തവ വിരാമത്തിൽ എത്തിയ സ്ത്രീകൾ. സ്ത്രീകളിലെ പ്രത്യുൽപാദന സംവിധാനത്തിന്‍റെ ഭാഗമായുള്ള ആര്‍ത്തവപ്രക്രിയ നിലക്കുന്ന അവസ്ഥയാണ് ആര്‍ത്തവ വിരാമം അഥവാ മെനോപോസ്. വളരെ സാവധാനം ക്രമാനുഗതമായി ശരീരത്തില്‍ സംഭവിക്കുന്ന ഒരു പ്രക്രിയയാണിത്. സാധാരണ 45നും 51നും ഇടയില്‍ പ്രായമുള്ള സ്ത്രീകളിലാണ് ആര്‍ത്തവ വിരാമം സംഭവിക്കുന്നത്. 95 ശതമാനം സ്ത്രീകളിലും 50-51 പ്രായത്തിനുള്ളില്‍ ആര്‍ത്തവ വിരാമം സംഭവിക്കാം എന്നാണ് ആരോഗ്യ രംഗത്തുള്ളവർ പറയുന്നത്. പ്രായപരിധി കഴിഞ്ഞിട്ടും ആര്‍ത്തവ വിരാമം സംഭവിച്ചില്ലെങ്കില്‍ തീര്‍ച്ചയായും വിദഗ്ധ നിർദേശം തേടേണ്ടതും ആവശ്യമായ പരിശോധനകള്‍ നടത്തേണ്ടതും അനിവാര്യമാണ് എന്നുവരെ ആരോഗ്യരംഗത്തുള്ളവർ അഭിപ്രായപ്പെടുമ്പോൾ ഇത് അല്ലാഹു സ്ത്രീകളിൽ കണക്കാക്കിയിട്ടുള്ളതും അനിവാര്യമായതും ആയ ഒരു കാര്യം തന്നെയാണ് എന്ന് മനസ്സിലാക്കാം. ഇങ്ങനെ ആർത്തവം അവസാനിച്ചവർ മൂന്നു മാസക്കാലമാണ് ഇദ്ദ ഇരിക്കേണ്ടത്. രണ്ടാമത്തേത്, ആർത്തവം ഉണ്ടായിട്ടില്ലാത്ത സ്ത്രീകൾ ആണ്. ഇവർ ഒന്നുകിൽ തീരെ ആർത്തവം ഉണ്ടായിട്ടില്ലാത്തവരോ ആർത്തവം ഉണ്ടായി നിലക്കേണ്ട കാലത്തിനു മുൻപേ നിലച്ചുപോയവരോ ഒക്കെ ആയിരിക്കാം. അതായത് കൃത്യമായ മാസമുറ കണക്കായി സ്വീകരിച്ച് ഇദ്ദ ഇരിക്കുവാൻ കഴിയാത്തവർ. അത്തരക്കാരും മൂന്നുമാസമാണ് ഇദ്ദ ആചരിക്കേണ്ടത്. ഇത്തരക്കാരുടെ ഇദ്ദയെക്കുറിച്ച് ചിലർ ചോദിച്ചപ്പോഴായിരുന്നു ഈ സൂക്തം അവതരിച്ചത്. എന്നാൽ ഭർത്താവ് മരണപ്പെട്ടാലുള്ള ഇദ്ദ ഇവർക്കും നാലു മാസവും പത്ത് ദിവസവും തന്നെയാണ്.
ഈ ആയത്തിൽ പിന്നെ പറയുന്ന വിധി ഗർഭിണിയുടെ ഇദ്ദയാണ്. ഗർഭിണികളുടെ ഇദ്ദ ക്കാലം പ്രസവമാണ്. ഗർഭിണികളുടെ വിവാഹ മോചന ഇദ്ദയും ഭർത്താവ് മരണപ്പെട്ടാലുള്ള ഇദ്ദയും രണ്ടും ഒരുപോലെ പ്രസവിക്കും വരെയാണ്. പ്രസവം ഉടൻ നടന്നാലും കുറേ താമസമുണ്ടായാലും ഇതിൽ മാറ്റമില്ല. ഇദ്ദയുടെ ലക്ഷ്യങ്ങളിൽ ഒന്ന് സ്ത്രീയുടെ ഗർഭാശയത്തിന്റെ അവസ്ഥ അറിയുക എന്നത് കൂടിയാണല്ലോ. പ്രസവത്തോടുകൂടി ആ അറിവ് സമ്പൂർണ്ണമായി ലഭ്യമാകുന്നു. ഇതിലെല്ലാം അള്ളാഹുവിനെ സൂക്ഷിക്കേണ്ടതുണ്ടെന്നുണർത്തിക്കൊണ്ടാണ് ഈ സൂക്തം അവസാനിക്കുന്നത്. അല്ലാഹുവിൻ്റെ നിയമങ്ങളോടുള്ള വിധേയത്വം എന്ന പരമമായ ലക്ഷ്യത്തിനു പുറമേ വംശ വിശുദ്ധി, സാംസ്കാരിക ബഹുമാനം, സ്ത്രീയുടെ മൂല്യം മാനിക്കൽ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ മേൽപ്പറഞ്ഞ വിധത്തിൽ ഉള്ള നിയമങ്ങൾ പാലിക്കുന്നതിൽ ഉണ്ട്. ഇതൊന്നും പാലിക്കാതെ ജീവിക്കുന്നവരാണ് അധികപേരും. പക്ഷേ അവരെല്ലാം അത്തരം കാര്യങ്ങളുടെ പേരിൽ വലിയ വില അറിയാതെ ഒടുക്കി കൊണ്ടിരിക്കുന്നുണ്ട് എന്നത് ഒരു സത്യമാണ്. അതിനാൽ ഇത്തരം കാര്യങ്ങളിൽ ഗൗരവമായ സൂക്ഷ്മത പുലർത്തണമെന്നാണ് വിശുദ്ധ ഖുർആനിൻ്റെ നിലപാട്. അല്ലാഹുവിനോട് ഈ വിധത്തിൽ അഗാധമായ വിധേയത്വം പുലർത്തുമ്പോൾ അവൻ തന്റെ കാരുണ്യം കൊണ്ട് തിരിച്ച് കടാക്ഷിക്കും. ഈ ആയത്ത് അവസാനിക്കുമ്പോൾ അല്ലാഹു പറഞ്ഞു വെക്കുന്ന ആശയം തന്നെയാണ് അടുത്ത ആയത്തിന്റെ പ്രധാന പ്രമേയം.
5 നിങ്ങളിലേക്കവന്‍ അവതരിപ്പിച്ചുതന്ന തന്റെ ശാസനയാണിത്. ആരെങ്കിലും അവനെ സൂക്ഷിച്ചു ജീവിക്കുന്നുവെങ്കില്‍ അയാളുടെ തിന്മകളവന്‍ മായ്ച്ചു കളയുന്നതും അവനു മഹത്തായ പ്രതിഫലം നല്‍കുന്നതുമാണ്.
അല്ലാഹുവിനെ റബ്ബായി അംഗീകരിക്കുന്ന ജന്മ ബോധമാണ് മനുഷ്യന്റെ ശുദ്ധ പ്രകൃതത്തിന്റെ അടിസ്ഥാനം. അതനുസരിച്ച് അവൻ്റെ കൽപ്പനകളെയും ശ്വാസനകളെയും മാനിച്ചു ജീവിക്കുവാൻ അവന്റെ അടിമകൾ ബാധ്യസ്ഥരാണ്. അങ്ങനെയൊക്കെയാണെങ്കിലും ജീവിതവുമായി മുന്നോട്ടു പോകുമ്പോൾ പിഴവുകൾ മനുഷ്യസഹജമാണ്. അടിസ്ഥാനപരമായ ദൈവ ബോധം ഉണ്ടെങ്കിൽ അതിൻ്റെ പേരിൽ അവൻ അത്തരം ചെറിയ ചെറിയ പിഴവുകളെയെല്ലാം പൊറുത്തു നൽകുകയും ഇഹത്തിലും പരത്തിലും മഹത്തായ പ്രതിഫലങ്ങൾ നൽകുന്നതുമാണ്.
6 ഇദ്ദ തീരുംവരെ കഴിവനുസരിച്ച് നിങ്ങളുടെ വാസസ്ഥലത്തു തന്നെ അവരെ അധിവസിപ്പിക്കുക. ആയാസമുണ്ടാക്കാനായി അവരെ ദ്രോഹിക്കരുത്; ഗര്‍ഭവതികളാണെങ്കില്‍ പ്രസവം വരെ ചെലവിന് നല്‍കുക. ഇനി നിങ്ങള്‍ക്കുവേണ്ടി അവര്‍ ശിശുവിനു മുലയൂട്ടുന്നുവെങ്കില്‍ അതിനുള്ള പ്രതിഫലം നല്‍കുകയും നീതിപൂര്‍വം പരസ്പരം കൂടിയാലോചന നടത്തുകയും ചെയ്യുക. ഇതിന് ഇരുവിഭാഗത്തിനും പ്രയാസകരമാവുകയാണെങ്കില്‍ മറ്റൊരു സ്ത്രീ മുലയൂട്ടിക്കൊള്ളട്ടെ.
വിവാഹമോചനം ചെയ്യപ്പെട്ട ഭാര്യയുടെ താമസവും ചെലവും സംബന്ധിച്ചാണിവിടെ പ്രതിപാദിക്കുന്നത്. മരണം വഴി അല്ലാത്ത വിവാഹമോചനങ്ങൾ നടക്കുന്നത് പലപ്പോഴും ദമ്പതികൾ തമ്മിൽ മാനസികമായി അകന്നു കൊണ്ടായിരിക്കും. ദമ്പതികൾക്കിടയിൽ ഉടലെടുക്കുന്ന അസ്വാരസ്യങ്ങൾ വളർന്ന് വളർന്നാണല്ലോ വേർപിരിയാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചേരുന്നത്. അപ്പോൾ രണ്ടു പേർക്കും ഇടയിൽ ഒരു ശത്രുത മനോഭാവം പ്രതീക്ഷിക്കാവുന്ന തന്നെയാണ്. അതിൻ്റെ പേരിൽ പക്ഷേ ഒരാളും ഒരാളോടും അക്രമം കാണിക്കരുത് എന്നതാണ് ഇസ്ലാമിൻ്റെ താല്പര്യം. അവരെ ഒരു തരത്തിലും പീഡിപ്പിക്കുകയും ക്ലേശിപ്പിക്കുകയും ചെയ്യരുത് എന്ന് ഇസ്ലാം താൽപര്യപ്പെടുന്നു. അതിൻ്റെ ഭാഗമായി രണ്ടു കാര്യങ്ങൾ ആണ് ഈ സൂറത്തിൽ വന്നിരിക്കുന്നത്. ഒന്ന്, വിവാഹബന്ധം വേർപെടുന്നതോടെ അവർ താമസിക്കുന്ന വീടുകളിൽ നിന്ന് ഇറക്കി വിടരുത് എന്ന് ആദ്യം പറഞ്ഞ നിയമം. രണ്ട്, അവരെ എവിടെ എങ്ങനെ താമസിപ്പിക്കണം എന്നതിനെക്കുറിച്ച് ഉള്ള നിയമം. അവരെ അവർ വിവാഹമോചന സമയത്ത് കഴിഞ്ഞിരുന്ന അതേ വീട്ടിൽ അതായത് ഭർത്താവിൻ്റെ വീട്ടിൽ തന്നെ ഭർത്താവിന്റെ ചിലവിൽ തന്നെ താമസിപ്പിക്കണം എന്നതാണ് ഇസ്ലാമിൻ്റെ നിയമം. വിവാഹമോചിത ഗര്‍ഭിണിയാണെങ്കില്‍ ഗര്‍ഭം പ്രസവിക്കുന്നത് വരെ താമസവും ചിലവും കൊടുക്കണമെന്നാണ്. താമസം മാന്യമായ നിലയിലായിരിക്കണമെന്നും ഇസ്ലാം പറയുന്നു. അവന്‍ താമസിക്കുന്ന വീടു പോലുള്ള വീടായിരിക്കണം. താമസസ്ഥലത്ത് അവർക്ക് മാനസികമോ ശാരീരികമോ ആയ ഒരു ബുദ്ധിമുട്ടും ഉണ്ടാവാൻ പാടില്ല. മാനസികമായോ ശാരീരികമായോ പ്രയാസങ്ങൾ ഉണ്ടാവുകയും അത് മൂലം അവൾ സ്വയം ഒഴിഞ്ഞു പോകുവാൻ നിർബന്ധിതയാവുകയും ചെയ്യുന്ന സാഹചര്യം പോലും ഉണ്ടാവരുത് എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇസ്ലാമിക നിയമങ്ങളുടെ സന്മനസ്സ് ഏറെ പ്രകടമാകുന്ന ഒന്നാണ് ഇത്. വിവാഹബന്ധം വേർപ്പെടുത്തപ്പെട്ടിട്ടും ആ സ്ത്രീയോട് കാരുണ്യം കാണിക്കാൻ പുരുഷനോട് പറയുകയാണ് ഇസ്ലാം ചെയ്യുന്നത്.
ഇസ്ലാമിൻ്റെ ഏതു നിലപാടിനെയും പോലെ ഈ നിലപാടിന്റെ കാര്യത്തിലും ചില യുക്തികൾ കൂടി പ്രസക്തമാണ്. അഥവാ, വിവാഹമോചനാനന്തരം ഭർത്താവിന്റെ വീട്ടിൽ തന്നെ താമസിക്കുക എന്നത് സ്ത്രീയെ സംബന്ധിച്ചിടത്തോളം ഏറ്റവും സുരക്ഷിതമാണ്. മരണമല്ലാത്ത വിവാഹമോചനമാണ് നടന്നത് എങ്കിൽ അവൾക്ക് ഈ ബന്ധത്തിൽ ഗർഭം ഉണ്ടോ ഇല്ലയോ എന്നത് പിന്നീടായിരിക്കുമല്ലോ അറിയുക. അത് അറിയുമ്പോൾ അവൾ അവളുടെ വീട്ടിലോ മറ്റോ ആണെങ്കിൽ ചില സംശയങ്ങൾക്ക് അതു വഴിവെച്ചേക്കാം. മറ്റൊന്ന് തിരിച്ചെടുക്കാവുന്ന വിവാഹമോചനമാണ് എങ്കിൽ വീണ്ടും ഒന്നിക്കുവാൻ സഹായകമാകുന്ന ചില ചിന്തകൾക്ക് അതുവഴി തുറന്നേക്കാം. മാത്രമല്ല, അതുവരെ മറ്റൊരാളുടെ ആശ്രിതത്തിൽ ജീവിച്ചുവന്നിരുന്ന ഒരു സ്ത്രീ പെട്ടെന്ന് ഒരു നാൾ സ്വന്തം വീട്ടിലേക്കോ സ്വന്തം രക്ഷാകർത്താക്കളുടെ രക്ഷാ വലയത്തിലേക്കോ എത്തുമ്പോൾ ഉണ്ടാകുന്ന ചെറിയതെങ്കിലുമായ സാമ്പത്തിക ആഘാതങ്ങൾ ലഘൂകരിക്കുവാനും ഇതു വഴിയാകും. അതിനാലെല്ലാം തന്നെയാകണം സാമ്പത്തികമായ അനുകൂല ചുറ്റുപാടുകൾ ഇല്ലായെങ്കിൽ പോലും ഭർത്താവിൻ്റെ വീട്ടിൽ തന്നെ കഴിയുവാൻ നബി തിരുമേനി(സ്വ) പറയുമായിരുന്നു. അബൂ സഈദ് അൽ ഖുദ് രീ(റ)യുടെ സഹോദരി ഫാരിഅയോട് നബി തങ്ങൾ അവരുടെ ഭർത്താവ് ആകസ്മികമായി മരണപ്പെട്ടപ്പോൾ തനിക്ക് ജീവിക്കുവാൻ ആവശ്യമായ ഒരു വകയും അവിടെയില്ല എന്നറിഞ്ഞിട്ടും ഇദ്ദ കഴിയും വരെ അവിടെത്തന്നെ താമസിക്കുവാൻ ആവശ്യപ്പെട്ടത് ഒരു ഉദാഹരണമാണ്. ഇനി മരണം മൂലം ഉണ്ടായ ഇദ്ദയാണ് എങ്കിൽ വേണ്ട വിധത്തിൽ അവൾക്ക് ആശ്വാസം ലഭിക്കുവാനും മറ്റുള്ളവരുടെ അനുശോചനം സ്വീകരിക്കുവാനും എല്ലാം ഏറ്റവും നല്ലത് ഭർത്താവിൻ്റെ വീട്ടിൽ തന്നെ ഇദ്ദയിരിക്കുന്നത് ആയിരിക്കും.
7 ധനികന്‍ തന്റെ സാമ്പത്തിക നിലയനുസരിച്ചും ദരിദ്രന്‍ തനിക്കല്ലാഹു നല്‍കിയതനുസരിച്ചും ചെലവിനു കൊടുക്കണം. തനിക്ക് അല്ലാഹു നല്‍കിയതല്ലാതെ ചെലവു ചെയ്യാന്‍ ഒരാളെയും അവന്‍ നിര്‍ബന്ധിക്കുകയില്ല. പ്രയാസത്തിനു ശേഷം അവന്‍ ആയാസരാഹിത്യം ഉണ്ടാക്കിക്കൊടുക്കുന്നതാണ്.
മനുഷ്യർക്കിടയിൽ ഉള്ള സാമ്പത്തികമായ ഏറ്റ വ്യത്യാസം അല്ലാഹുവിൻ്റെ വിധിയും തീരുമാനവുമാണ്. അങ്ങനെ ജനങ്ങളെ സാമ്പത്തികമായി പല തട്ടുകളാക്കിയതിനു പിന്നിൽ പല മഹത്തായ ലക്ഷ്യങ്ങളും ഉണ്ട്. ഒരു വേള, സമൂഹത്തിൻ്റെ സമീകൃതമായ നിലനിൽപ്പ് തന്നെ അങ്ങനെ ഉണ്ടാകുന്നതാണ്. അതിനാൽ അള്ളാഹു ഓരോരുത്തരോടും അവനു ലഭിച്ച സാമ്പത്തിക അവസ്ഥകനുസരിച്ച് ചെലവഴിക്കുവാനും ജീവിക്കുവാനും എല്ലാം ആണ് താൽപര്യപ്പെടുന്നത്. ആരെയും പ്രയാസപ്പെടുത്തുക അല്ലാഹുവിൻ്റെ ലക്ഷ്യമല്ല. ഈ തത്വം ഉൾക്കൊണ്ട് തന്റെ ബാധ്യതകൾ നിറവേറ്റുമ്പോൾ അവർക്ക് അല്ലാഹു സഹായത്തിന്റെ അറിയപ്പെടാത്ത വാതിലുകൾ തുറന്നു കൊടുക്കുകയും ചെയ്യും.
8 എത്രയെത്ര നാട്ടുകാര്‍ തങ്ങളുടെ നാഥന്റെയും അവന്റെ ദൂതന്മാരുടെയും ശാസനയവഗണിച്ച് ധിക്കാരം പ്രവര്‍ത്തിച്ചു! തന്മൂലം നാമവരെ കര്‍ക്കശവിചാരണക്ക് വിധേയരാക്കുകയും കഠിനശിക്ഷക്ക് ഇരയാക്കുകയും ചെയ്തു.
അല്ലാഹുവിൻ്റെ നിയമങ്ങൾ കർശനമാണ് എന്നത് മറ്റൊരു ഭാഷ്യത്തിൽ പറയുകയാണ് ഇവിടെ. അല്ലാഹുവിന്റെ ശാസനകൾ അവഗണിച്ച തലമുറകൾ കഠിനമായ വിചാരണക്ക് വിധേയരായതാണ് അല്ലാഹു എടുത്തു പറയുന്നത്. പലപ്പോഴും ജനങ്ങൾ ഇത്തരം ശാസനകളെ അവഗണിക്കുന്നത് അതൊന്നും അത്ര വലിയ ഒന്നല്ല എന്ന് തോന്നലിനെ തുടർന്നാണ്. അതൊരു തെറ്റാണെങ്കിൽ തന്നെയും എത്രയോ ചെറുതായിരിക്കും എന്നും അതൊന്നും അത്ര ശ്രദ്ധിക്കപ്പെടുകയില്ല എന്നുമൊക്കെയുള്ള തോന്നൽ ആയിരിക്കും ഉണ്ടാവുക. എന്നാൽ അല്ലാഹുവിൻ്റെ വിചാരണ തികച്ചും മനുഷ്യ സങ്കൽപത്തിന്റെ എത്രയോ അപ്പുറത്താണ്. അവൻ ചെയ്യുന്ന വിചാരണ തന്നെ തികച്ചും വ്യത്യസ്തമാണ്. മനുഷ്യൻ്റെ ഓരോ ഇന്ദ്രിയത്തോടും ഓരോ അവയവത്തോടും നേരിട്ട് ചോദിക്കുന്നതാണ് അവൻറെ രീതി. ഉദാഹരണമായി ഐഹിക ജീവിതത്തിൽ കയ്യോ കാലോ ചെയ്ത ഒരു പ്രവർത്തനത്തെ ശരിയുടെയോ തെറ്റിന്റെയോ പള്ളിയിലേക്ക് എഴുതുന്നത് മനുഷ്യൻ്റെ ബുദ്ധിയും ആവിഷ്കാര സ്വാതന്ത്ര്യവും ആണ്. അതിനാൽ ന്യായീകരിച്ചും വ്യാഖ്യാനിച്ചും എന്തിനെയും എന്തുമാക്കുവാൻ ഈ ജീവിതത്തിൽ മനുഷ്യന് കഴിയും. ആ കഴിവ് കൊണ്ട് തന്നെ ഈ ജീവിതത്തിലെ വിചാരണകളെ മറികടക്കുവാനും കഴിയും. എന്നാൽ പാരത്രികമായ വിചാരണ അങ്ങനെയല്ല. കയ്യും കാലും ചെയ്തതിനെ ന്യായീകരിക്കാനോ വിശദീകരിക്കാനോ വ്യാഖ്യാനിക്കാനോ മനുഷ്യൻ്റെ ബുദ്ധിയെ പോലും അല്ലാഹു അനുവദിക്കുന്നില്ല. മറിച്ച് അതാത് അവയവങ്ങളും ഇന്ദ്രിയങ്ങളും ഉണ്ടായത് നേരെ ചൊവ്വേ തുറന്നു പറയുകയാണ്. ഇതാണ് കഠിനമായ വിചാരണ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത്തരത്തിലുള്ള വിചാരണയായതിനാൽ തന്നെ അത് കൃത്യമായ ഫലം പുറത്തുകൊണ്ടുവരും എന്നത് ഉറപ്പാണ്. ഫലം കൃത്യമായതിനാൽ തന്നെ അതിൽ ഇളവ് പ്രതീക്ഷിക്കേണ്ടതും ഉണ്ടാവേണ്ടതുമില്ല.
9 അങ്ങനെ തങ്ങളുടെ ജീവിത രീതിയുടെ ദുഷ്ഫലം അവര്‍ രുചിച്ചറിഞ്ഞു. അതിന്റെ പരിണതി വന്‍നഷ്ടം തന്നെയായിരുന്നു.
അല്ലാഹു മനുഷ്യന് ഒരു ജീവിത രീതി നൽകിയിട്ടുണ്ട്. സഹജാവബോധം, വിവേക ബുദ്ധി എന്നിവക്ക് പുറമേ ദൂതന്മാരെയും ഗ്രന്ഥങ്ങളെയും നിയോഗിച്ചുകൊണ്ടാണ് ആ രീതിയിൽ അവൻ മനുഷ്യന് നൽകിയത്. അതാണ് ശരി എന്നത് തിരിച്ചറിയുവാൻ അവന് കഴിവും നൽകി. അതേസമയം ഒരു പരീക്ഷണം എന്ന നിലക്ക് ആ രീതി വിടുന്നുണ്ടെങ്കിൽ വിടാനുള്ള കഴിവും അല്ലാഹു നൽകിയിട്ടുണ്ട്. ശരി ഇന്നതാണ് എന്ന് തിരിച്ചറിയാനുള്ള എല്ലാ ന്യായങ്ങളെയും മറന്നും തിരസ്കരിച്ചും ഒരാള് ജീവിക്കുകയാണ് എങ്കിൽ അയാൾ ധിക്കാരി തന്നെയാണ്. ധിക്കാരിക്ക് ധിക്കാരത്തിനുള്ള പ്രതിഫലം നൽകുക എന്നത് സൃഷ്ടാവും സർവ്വാധിപതിയുമായ അല്ലാഹുവിൻ്റെ നീതി തന്നെയാണ്. അത് അവൻ ഇഹത്തിലും പരത്തിലും നൽകും എന്നത് ഒരിക്കൽ കൂടി ആവർത്തിക്കുകയാണ് ഈ സൂക്തത്തിലൂടെ.
o
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso