

ബുദ്ധിയില്ലാത്തവരുടെ യുദ്ധങ്ങൾ
2025-06-27
Web Design
15 Comments
വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി
രാജ്യത്തെ ഏറ്റവും വലിയ നാല് വിഢികളെ ആദരിക്കാൻ തീരുമാനിച്ച അക്ബർ ചക്രവർത്തി അങ്ങനെ നാലു പേരെ കണ്ടെത്താൻ മന്ത്രി ബീർബലിനെ പറഞ്ഞയച്ച ഒരു കഥയുണ്ട്. കഴുതപ്പുറത്ത് തലയിൽ ചുമട് വെച്ച് ഇരുന്ന് നടന്നുപോകുന്ന ഒരാളെയാണ് ഒന്നാമതായി ബീർബലിന് കിട്ടിയത്. അയാൾ ചുമട് കഴുതപ്പുറത്ത് വെക്കാത്തത് പാവം കഴുതക്ക് അതൊരു ഭാരമാകും എന്ന് കരുതിയായിരുന്നു എന്നു പറഞ്ഞതോടുകൂടിയാണ് വിഡ്ഢികളുടെ ഒന്നാം നറുക്ക് അയാൾക്ക് വീണത്. രണ്ടാം നറുക്ക് വീണത് കളഞ്ഞുപോയ മോതിരം വിളക്കുകാലിന്റെ ചുവട്ടിൽ തിരയുന്ന ഒരാൾക്കായിരുന്നു. വീട്ടിൽ എവിടെയോ കളഞ്ഞുപോയ മോതിരം ഇവിടെ തിരയുന്നത് ഇവിടെ വെളിച്ചം ഉള്ളതുകൊണ്ടാണ് എന്നുപറഞ്ഞതു കൊണ്ടായിരുന്നു അയാൾക്ക് ആ ഭാഗ്യം കൈവന്നത്. കിട്ടിയ രണ്ടാളുമായി ചക്രവർത്തിയുടെ മുമ്പിൽ എത്തിയപ്പോൾ 'ബാക്കി രണ്ടാൾ എവിടെ?' എന്ന് സ്വാഭാവികമായും ചക്രവർത്തി ചോദിച്ചു. അത് ഞാനും അങ്ങുമാണ് എന്നായിരുന്നു ബീർബലിന്റെ മറുപടി. ആ മറുപടിയിൽ ഒന്നു പുളഞ്ഞ് തല ഉയർത്തുമ്പോൾ ബീർബൽ വ്യാഖ്യാനിച്ചു: 'അതേ മഹാരാജൻ! രാജ്യത്തിനുവേണ്ടിയും പ്രജകൾക്ക് വേണ്ടിയും എന്തൊക്കെയോ ചെയ്യാനുള്ള ഞാനും നിങ്ങളും വിഡ്ഢികളെ തേടി നടക്കുകയാണല്ലോ, അപ്പോൾ പിന്നെ, നമ്മൾ രണ്ടുപേരും തന്നെയല്ലേ മൂന്നാമനും നാലാമനും!' പറഞ്ഞു പഴകിയ ഈ ബീർബൽ കഥ വീണ്ടും കുടഞ്ഞടുക്കുന്നത് ആധുനിക ചക്രവർത്തിമാരും മന്ത്രിമാരും വീണ്ടും വീണ്ടും വിഡ്ഢിത്തം വാരിപ്പുണരുന്നത് കാണുമ്പോഴാണ്. മനുഷ്യൻ്റെ സാംസ്കാരിക പരിധി ഇത്രമേൽ വികസിച്ച ഈ കാലത്തും വീണ്ടും വീണ്ടും യുദ്ധം ഒരു പരിഹാരമാണ് എന്ന് കരുതുകയും നാണമില്ലാതെ സഹജീവികളെ കൊല്ലുകയും ചെയ്യുന്നവരോളം വിഡ്ഢികൾ മറ്റാരുമില്ല എന്ന് പറയുവാൻ. ഈ ലോകത്തെ യുദ്ധത്തോളം മറ്റൊന്നും വേദനിപ്പിച്ചിട്ടില്ല. ഈ ലോകത്ത് യുദ്ധത്തോളം മറ്റൊന്നും നാശം വരുത്തി വെച്ചിട്ടില്ല. യുദ്ധത്തിലൂടെ ഒരു രാജ്യവും ഒരു ജനതയും ആത്യന്തികമായ വിജയം നേടിയിട്ടില്ല. യുദ്ധത്തിലൂടെ എന്തെങ്കിലും നേടിയെന്ന് ആർക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ അതൊന്നും ഒട്ടും നിലനിന്നിട്ടില്ല. ലോകത്തിൻ്റെ അഞ്ചിലൊന്നും കീഴ്പ്പെടുത്തിയ ചെങ്കിസ്ഖാന്റെ താർത്താരിപ്പടക്ക് പിടിച്ചടക്കിയതൊന്നും ഒട്ടും നിലനിർത്താനായില്ല. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ അധിനിവേശശക്തിയായിരുന്ന ബ്രിട്ടണ് സ്വന്തം മണ്ണല്ലാത്ത മറ്റൊന്നും നിലനിർത്താൻ കഴിഞ്ഞില്ല. മാസിഡോണിയന്‍ രാജാവ് അലക്‌സാണ്ടര്‍ ചക്രവര്‍ത്തി (ബിസി 356-323), വടക്കനാഫ്രിക്കന്‍ പടത്തലവന്‍ ഹാനീബാല്‍ (ബിസി 247), പേര്‍ഷ്യന്‍ രാജാവ് കാമ്പിസെസ് രണ്ടാമന്‍ (ബിസി 522).. കൈക്കരുത്തുകൊണ്ട് എല്ലാം കീഴ്പ്പെടുത്താമെന്ന് കരുതിയ എങ്ങനെ എത്രയെത്ര പേരുകൾക്കാണ് ലോകത്ത് പരാജയപ്പെട്ട് പിന്മാറേണ്ടി വന്നത്. ഇത്രയും വലിയ ഒരു പാഠം മുമ്പിൽ ഉണ്ടായിട്ടും ഒന്നും രണ്ടും ലോക യുദ്ധങ്ങൾ ഇപ്പോഴും മനസ്സിൽ നിരാശയുടെ പെരുമ്പറ മുഴക്കുമ്പോഴും, സിറിയ മുതൽ യുക്രൈൻ വരെ അനുഭവങ്ങളും പാഠവുമായി ഒരു പുസ്തകലായി മുമ്പിൽ തുറന്നുകിടക്കുമ്പോഴും വലിയവരെന്ന് അവകാശപ്പെടുന്ന ചിലർ തീരാത്ത യുദ്ധക്കൊതിയുമായി നടക്കുന്നത് കാണുമ്പോൾ സങ്കടവും നിരാശയും അല്ല അറപ്പാണ് തോന്നുന്നത്.
കുറെ മനുഷ്യന്മാരെ കൊന്നു പ്രതികാരം തീർക്കുക എന്ന ഒറ്റ വാചകത്തിലേക്ക് പുതിയ കാലത്തെ യുദ്ധങ്ങളുടെ അർത്ഥം ചുരുങ്ങിയിരിക്കുന്നു. അതിൽ എല്ലാവരും ഒരുപോലെയാണ്. കൂട്ടത്തിൽ ഒട്ടും ബുദ്ധിയില്ലാത്തത് ജൂത മുഷ്കന്മാർക്ക് തന്നെയായിരിക്കും. കാരണം അവരാണ് നിരായുധരായ പലസ്തീനികളെ ഒരുപാട് കാലങ്ങളായി നിരന്തരം കൊന്നുതള്ളി കൊണ്ടിരിക്കുന്നത്. അവരുടെ യുദ്ധങ്ങൾ അവസാനിക്കുന്നേയില്ല. അവരെ അതിനു പ്രേരിപ്പിക്കുന്നതാകട്ടെ അവരുടെ ഇസ്ലാം വിരോധവും വിദ്വേഷവും മാത്രമാണ്. വിരോധവും വിദ്വേഷവും വെറും വികാരങ്ങളാണ്. അവയ്ക്ക് അടിമപ്പെടുമ്പോൾ ബുദ്ധി പ്രവർത്തിക്കുകയേയില്ല. ബുദ്ധി പ്രവർത്തിക്കുന്നുണ്ട് എങ്കിൽ ഒരിക്കലും യുദ്ധത്തിലേക്ക് പോകാതിരിക്കേണ്ടത് ജൂതന്മാരാണ്. കാരണം അവർ ചരിത്രത്തിൽ ഇന്നോളം ഒരു യുദ്ധവും വിജയിച്ചിട്ടില്ല. അവർ തോറ്റ അത്ര ആരും തോറ്റിട്ടില്ല. അവർ ആകെ വിജയിച്ചത് പലസ്തീനികളോട് മാത്രമാണ്. അതാകട്ടെ ഒരു അർത്ഥവുമില്ലാത്ത വിജയമായിരുന്നു. നിരായുധരെ കൊന്നു തള്ളുന്ന ഒരു ക്രൂരമായ കോപ്രായം. പലസ്തീനികൾക്ക് ആയുധമോ സ്ഥിരതയുള്ള ഭരണമോ വാക്കിനപ്പുറത്തെ ലോക പിന്തുണയോ ഒന്നും ഒട്ടും ഇല്ല എന്നത് ഒരു വസ്തുതയാണ്. ഒന്നിനും കഴിയാത്ത നിരായുധരായ കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊന്നൊടുക്കി അവർ വിജയം ആസ്വദിക്കുകകയായിരുന്നു. ഒരു ശക്തിയുള്ള ശക്തിയോട് ഏറ്റുമുട്ടുമ്പോൾ പക്ഷേ അവരുടെ ഉള്ളം വിറച്ചു പോകും. ഇപ്പോൾ ഇറാനിൽ നിന്ന് ചെറിയ ഒരു തിരിച്ചടി വന്നപ്പോൾ അവർ ലോക നേതാക്കളെ ഇറക്കി വെടിനിർത്താൻ വെമ്പിയത് ലോകം കണ്ടതാണല്ലോ. അത് അവരുടെ അനുഭവത്തിന്റെ ഒരു ആവർത്തനമാണ്. എന്നിട്ടും അവർ യുദ്ധത്തെ ഒരു മാർഗ്ഗമായി കാണുന്നു എങ്കിൽ അവരെ ബുദ്ധിയില്ലാത്തവർ എന്ന് വിളിക്കാൻ ബുദ്ധിയുള്ളവർ നിർബന്ധിതരാകും. ഏറ്റവും അവസാനത്തെ സംഭവ വികാസങ്ങൾക്കും ഹമാസമാണ് ഉത്തരവാദി എന്ന വാദം ആരെങ്കിലും സമർത്ഥിച്ചാൽ അപ്പോഴും പറയാനുള്ളത് അതുതന്നെയാണ്. ആയുധപ്രയോഗം വഴി സമാധാനവും നേട്ടവും ഉണ്ടാക്കിയെടുക്കാം എന്ന് വിചാരിച്ചത് ഹമാസ് ആണെങ്കിൽ അവരും കാണിക്കുന്നത് ബുദ്ധിയില്ലായ്മ തന്നെയാണ്. ഇറാനെ വിറപ്പിച്ച് തങ്ങളുടെ ന്യൂക്ലിയർ താൽപര്യങ്ങൾക്ക് ഒപ്പം നിർത്താൻ നിർബന്ധിക്കുവാൻ വേണ്ടി ആ രാജ്യത്തെ ജൂതന്മാർ അക്രമിച്ചതാണല്ലോ അവസാനം ഉണ്ടായ സംഭവവികാസങ്ങളുടെ തുടക്കം. അതും ജൂതന്മാരുടെ മറ്റൊരു മണ്ടത്തരം. ചുരുക്കത്തിൽ യുദ്ധം ഒരു മാർഗമോ പരിഹാരമോ ആയി കാണുന്നവരെല്ലാം ഏറ്റവും കുറഞ്ഞത് ഇന്നത്തെ കാലത്തെ ഏറ്റവും വലിയ ബുദ്ധിശൂന്യരാണ്.
യുദ്ധങ്ങൾ വഴി ഒരു രാജ്യവും ഒന്നും നേടുന്നില്ല. കാരണം വിജയിച്ചാലും പരാജയപ്പെട്ടാലും ഒരു യുദ്ധം കഴിയുമ്പോഴേക്കും സാമൂഹ്യമായും സാമ്പത്തികമായും ഓരോ രാജ്യവും തകർന്നിരിക്കും. അതിൽ നിന്ന് കരകയറാൻ അന്താരാഷ്ട്ര ഫണ്ടുകളിൽ നിന്നുള്ള കടം മാത്രം മതിയാവില്ല. അതേസമയം ഈ യുദ്ധകൊതിയന്മാരായ രാഷ്ട്ര തലവന്മാർ ശരിയായ ബുദ്ധിയുള്ളവർ ആയിരുന്നുവെങ്കിൽ അവർ അയൽവക്കത്തുള്ളവരോടുള്ള വെറുപ്പും വിദ്വേഷവും ഇങ്ങനെ തീർക്കുകയല്ല സ്വന്തം പ്രജകളെ ക്ഷേമങ്ങളിലേക്ക് നയിക്കുകയായിരുന്നു വേണ്ടിയിരുന്നത്. ഓരോ രാജ്യത്തെയും ജനങ്ങളും തങ്ങളുടെ രാജ്യം നിരപരാധരുടെ ചോരയിൽ നിന്ന് വാരിയെടുക്കുന്ന ഈ വിജയങ്ങളിൽ ഒട്ടും അഭിമാനിക്കുന്നില്ല. അത്ര സജീവമായ രാഷ്ട്രീയം പൊതുവേ മനുഷ്യക്കുലത്തിൽ നിന്നുതന്നെ അകന്നു കൊണ്ടേയിരിക്കുകയാണ്. വികസിച്ചുവരുന്ന ലോകം സ്വാഭാവികമായും പുറത്തെടുക്കുന്ന വെല്ലുവിളികളാണ് എല്ലാ ജനതകളുടെയും ചങ്കിടിപ്പ് കൂട്ടുന്നത്. ജനസംഖ്യ ആനുപാതികമായി എല്ലായിടത്തും വളരുന്നുണ്ട്. ജീവിതത്തിന് ആശ്രയിക്കാനുള്ള വിഭവങ്ങൾ കുറഞ്ഞു കൊണ്ടേയിരിക്കുന്നു. സാമ്പത്തിക മേഖലയിൽ സാധാരണക്കാരുടെ തട്ടിൽ മാന്ദ്യം മായാതെ നിൽക്കുകയാണ്. സാമ്പത്തികമായ നേട്ടവും വിജയവും എല്ലാം ഒരു അവകാശവാദം എന്നതിനപ്പുറത്ത് ഒരു സത്യമല്ലാതെ മാറിക്കൊണ്ടിരിക്കുന്നു. ജീവിതസാഹചര്യങ്ങൾ പരിഷ്കരിക്കപ്പെട്ടതോടെ ചെലവുകൾ വർദ്ധിച്ചിരിക്കുന്നു. സ്വന്തം സുഖത്തോടുള്ള വൈകാരിക അടുപ്പം വർദ്ധിച്ചതോടെ പണ്ട് അനാവശ്യമായി കരുതിയിരുന്ന പലതും ഇപ്പോൾ അത്യാവശ്യമായി മാറിയിരിക്കുന്നു. ഇതെല്ലാം എല്ലാ നാട്ടിലുമുള്ള പ്രശ്നങ്ങളാണ്. എല്ലാ ജനങ്ങളും നേരിടുന്ന പ്രശ്നങ്ങൾ. ഇതെല്ലാം പരിഹരിക്കുവാൻ ചില രാജ്യങ്ങൾക്ക് പ്രകൃതി നിക്ഷേപങ്ങൾ എന്ന മാർഗമുണ്ട് എന്നതൊഴിച്ചു നിർത്തിയാൽ ബാക്കി എല്ലാ രാജ്യങ്ങളും വെല്ലുവിളികൾക്കു മുമ്പിൽ തന്നെയാണ്. എല്ലാ ജനതയും വിശപ്പിലാണ്. ഇറാൻ അവരുടെ യുറേനിയം കുറെയധികം സമ്പുഷ്ടീകരിച്ചാൽ അവർ ക്രമേണ ആറ്റം ബോംബുകൾ ഉണ്ടാക്കിയേക്കും എന്ന് ആഴത്തിൽ ഇറങ്ങി ചിന്തിച്ച് അസ്വസ്ഥരാകാൻ മാത്രം ഒരു ജനതക്കും ഈ വിശപ്പിന് മുന്നിൽ താല്പര്യമുണ്ടാവില്ല. എന്നിട്ടും ഏതാനും ഭരണാധികാരികൾ ഇപ്പോഴും യുദ്ധങ്ങളോടുയുദ്ധം ചെയ്തു ഒരർത്ഥവും ഇല്ലാതെ എല്ലാവരെയും വിറപ്പിച്ചു നടക്കുകയാണ്.
രാജ്യങ്ങൾക്ക് മാന്യമായി നിലനിൽക്കുവാൻ ഇനി മാനുഷിക വിഭവത്തെ തന്നെ ഉപയോഗപ്പെടുത്തേണ്ടി വരും. പ്രകൃതി സ്രോതസ്സുകൾ കുറഞ്ഞുവരുന്നത് ഇതിനകം എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ട്. ഈ മാനുഷിക വിഭവം തയ്യാറാക്കുവാൻ ശാസ്ത്രവും സാങ്കേതികതയും വികസിപ്പിക്കേണ്ടി വരും. അവ വികസിപ്പിക്കുമ്പോൾ ആക്രമണോത്സുകത, അഹങ്കാരം എന്നിവയൊന്നും ഉള്ളിൽ പെടാതിരിക്കുവാൻ ഭരണീയരെ സാംസ്കാരികമായും സാമൂഹികമായും ഒപ്പം ഉദ്ധരിക്കേണ്ടിവരും. സ്വന്തം കാര്യങ്ങളിൽ ശ്രദ്ധയൂന്നാനുള്ള അവബോധം പകർന്നു നൽകി അവരെ പ്രത്യുൽപ്പന്നമതികളാക്കേണ്ടിവരും. അപ്പോഴാണ് ഓരോ ജനതയിലും മൂല്യമുള്ള മാനുഷിക വിഭവം ഉണ്ടാക്കിയെടുക്കാൻ കഴിയുക. കൂട്ടത്തിൽ ഇങ്ങനെയൊക്കെ ചിന്തിക്കുന്നവരും ഉണ്ട് എന്ന് പറയാതിരിക്കാൻ വയ്യ. ജപ്പാൻ ഒരുദാഹരണമാണ്. 1945 ഓഗസ്റ്റ് ആറിന് ആറ്റം ബോംബിട്ട് എന്നെന്നേക്കുമായി ഭൂമുഖത്തുനിന്ന് തുടച്ചുനീക്കപ്പെട്ടു എന്നു കരുതിയ രാജ്യം. ഇപ്പോൾ അവർ ലോകത്തെ ഏറ്റവും വലിയ വികസിത രാജ്യങ്ങളിൽ ഒന്നായി ഉയർത്തെഴുന്നേറ്റ് കഴിഞ്ഞിരിക്കുന്നു. ആ ഉയർത്തെഴുന്നേൽപ്പിന്റെ രഹസ്യം ഇതുതന്നെയാണ്. അതേസമയം അവരെ നശിപ്പിക്കുവാൻ ശ്രമിച്ച ശക്തികൾ ഒട്ടും വളരാതെ നിന്നിടത്തു തന്നെ നിൽക്കുകയാണ് ഇപ്പോഴും. ടെക്നോളജി വഴിയാണ് അവർ കുതിച്ചു കയറിയത്. അത് വൈജ്ഞാനിക മുന്നേറ്റത്തെ അവർ സ്വന്തം വികസനത്തിനുവേണ്ടി ഉപയോഗപ്പെടുത്തിയതിന് തെളിവാണ്. അതേസമയം അവരുടെ മേൽക്കൈ ഒളിമ്പിക്സിൽ വരെ എത്തിനിൽക്കുന്നു. സ്വന്തം രാജ്യത്തോട് അവർക്ക് എത്രമാത്രം കൂറും അഭിമാനബോധവും ഉണ്ട് എന്ന് ഇത് കുറിക്കുന്നു. ചുരുക്കത്തിൽ സ്വന്തം പ്രജകളെ കുറിച്ചോ അവരുടെ ഭാവിയെ കുറിച്ചോ കാര്യമായി ചിന്തിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യാതെ അയൽവക്കക്കാരെ പാഠം പഠിപ്പിക്കാൻ നടക്കുകയാണ് ഇപ്പോഴും ചില ബുദ്ധിയില്ലാത്ത ഭരണാധികാരികൾ. ഇത്തരം അനർത്ഥങ്ങളും അപകടങ്ങളും പതിയിരിക്കുന്നത് കൊണ്ടാണ് ഇസ്ലാം യുദ്ധത്തോട് വെറുപ്പും വിരക്തിയും അകലവും പാലിച്ചത്.
അതു പറയുമ്പോഴേക്കും ഈ പറഞ്ഞ കക്ഷികളെല്ലാം ചാടിവീണേക്കും. ഇസ്ലാം എന്നിട്ട് ഒരുപാട് യുദ്ധങ്ങൾ ചെയ്തില്ലേ എന്നായിരിക്കും അവർക്ക് വിളിച്ചു പറയാൻ ഉണ്ടാവുക. യുദ്ധങ്ങളെക്കുറിച്ചല്ല യുദ്ധം ഒരു മാർഗ്ഗമായി കാണുന്നതിനെ കുറിച്ചാണ് നാം ഇതുവരെ പറഞ്ഞത് എന്നതാണ് അതിനുള്ള മറുപടി. ഇസ്ലാം ചെയ്തതെല്ലാം പ്രതിരോധ യുദ്ധങ്ങൾ ആയിരുന്നു. പ്രതിരോധിക്കുന്നത് സ്വന്തം പ്രജകളെ രക്ഷിക്കാൻ വേണ്ടിയാണ്. അതിനെ എതിരാളിക്കുള്ള മറുപടി ആയി കാണുന്നതിന് പകരം ഇസ്ലാം താൽപര്യപ്പെടുന്നത് സ്വന്തം ജനതയുടെ സുരക്ഷയായി കാണുവാനാണ്. സത്യത്തിൽ ഇസ്‌ലാം യുദ്ധം നിരോധിച്ച മതമാണ്. സമാധാനവും ശാന്തിയും സ്വാസ്ഥ്യജീവിതവും പുനഃസ്ഥാപിക്കാന്‍ സാധ്യമല്ലാത്ത അനിവാര്യമായ പരിതസ്ഥിതിയില്‍ ഒരു അറ്റകൈ പ്രയോഗമായി ഒരു ഇസ്‌ലാമിക ഭരണകൂടത്തിന് യുദ്ധത്തിനനുവാദം നല്‍കുന്നുണ്ട്. അന്യായമായി യുദ്ധം അടിച്ചേല്‍പിക്കുമ്പോള്‍ പ്രതിരോധിക്കാനുള്ള അനുവാദം മാത്രമാണത്. ‘കരാര്‍ ലംഘിക്കുകയും പ്രവാചകനെ പുറത്താക്കാന്‍ മുതിരുകയും ചെയ്ത ജനവിഭാഗമാണല്ലോ നിങ്ങളോട് ആദ്യ തവണ യുദ്ധമാരംഭിച്ചത്’ (9:13) എന്ന് വിശുദ്ധ ഖുർആൻ ഓർമ്മിപ്പിക്കുന്നതിൽ നിന്നും നബി തങ്ങളുടെ കാലത്തുണ്ടായ യുദ്ധങ്ങളുടെ കാരണം ഗ്രഹിക്കാം. ‘നിങ്ങളോട് യുദ്ധം ചെയ്യുന്നവര്‍ക്കെതിരെ യുദ്ധം ചെയ്യാനുള്ള അനുവാദം നിങ്ങള്‍ക്കുമുണ്ട്’ (2:190) എന്നാണ് യുദ്ധത്തിനുള്ള അനുമതിയിൽ തന്നെ പറയുന്നത്. ‘പോരാടാതെ തന്നെ ശത്രുമനസ്സിനെ കീഴടക്കുന്നതാണ് പരമമായ യുദ്ധതന്ത്രം’ എന്ന ചൈനീസ് യുദ്ധതന്ത്ര തത്വശാസ്ത്ര വിദഗ്ധനായ സണ്‍സൂ (ബിസി 544-496)വിന്റെ മൊഴി ഒന്നുകൂടെ ഓർക്കാം.
0
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso