Thoughts & Arts
Image

'മവാഖിഉന്നുജൂം' എന്ന സെലസ്ട്രിയൽ വിസ്മയം

2025-06-27

Web Design

15 Comments

ഇഅ്ജാസ്
ടി എച്ച് ദാരിമി





സൃഷ്ടികൾക്കെല്ലാം അതിൻ്റെ ആയുസ് കാലം അല്ലാഹു സൃഷ്ടാവ് നിശ്ചയിച്ച് വെച്ചിട്ടുണ്ട്. ഓരോ വസ്തുക്കൾക്കും ഓരോ ജീവികൾക്കും അതിന്റേതായ പ്രായാന്ത്യമുണ്ട്. അതെത്തുമ്പോൾ അവ നശിക്കുക തന്നെ ചെയ്യും. നശിക്കുന്നിടത്ത് വീണ്ടും വീണ്ടും വേറെ ജനിക്കുന്ന ചാക്രികമായ ഒരു പ്രവർത്തനം ഏറെക്കുറെ ജീവികൾക്കെല്ലാം ഉണ്ട്. അജീവിയ വസ്തുക്കൾക്ക് ഇങ്ങനെ പുനർ ജനനം അല്ല പുനർ രൂപീകരണമാണ് ഉള്ളത്. അതായത് ഒരു മനുഷ്യനോ ജീവിയോ മരണപ്പെട്ടു പോകുമ്പോൾ ആസ്ഥാനത്ത് വേറെ ജീവിയോ മനുഷ്യനോ ഉണ്ടായിക്കൊണ്ടേ ഇരിക്കുന്നുണ്ട്. എന്നാൽ പ്രാപഞ്ചിക ഘടകങ്ങളായ അജീവീയ വസ്തുക്കൾ ഈ വിധത്തിൽ ഉണ്ടാകുന്നു എന്നു പറയുന്നതിനു പകരം ഒന്ന് പോയി മറ്റൊന്നായി രൂപാന്തരപ്പെടുന്നു എന്ന് പറയുന്നതായിരിക്കും ശരി. ഒരു കുന്ന് പിന്നീട് താഴ്വരയായി മാറുന്നു. ഒരു കൃഷിസ്ഥലം പിന്നീട് തരിശായി മാറുന്നു. ഇപ്രകാരമുള്ള മാറ്റമാണ് അജീവിക ലോകത്ത് നടക്കുന്നത്. ഈ മാറ്റങ്ങളെയെല്ലാം അവയുടെ മരണമായി ഗണിക്കാം. ഇതെല്ലാം ഇനിയൊരിക്കലും ഈ പ്രപഞ്ചത്തിൽ ജനിക്കുകയോ പുനർ രൂപാന്തരപ്പെടുകയോ ചെയ്യാത്ത വിധത്തിലുള്ള ഒരു പൊതുവായ അന്ത്യവും സൃഷ്ടാവ് നിശ്ചയിച്ചു വച്ചിട്ടുണ്ട്. അതിനെ അന്ത്യനാൾ എന്ന് പറയുന്നു. ഇത്തരം ഒരു പ്രായാന്ത്യം നക്ഷത്രങ്ങൾക്കും നിശ്ചയിച്ചു വച്ചിട്ടുണ്ട്. കോടിക്കണക്കിന് അംഗങ്ങളുള്ള ഒരു വലിയ ലോകമാണ് നക്ഷത്രങ്ങളുടേത്. അവയെ എണ്ണി കണക്കാക്കുവാൻ വേർതിരിച്ചു ക്ലിപ്തപ്പെടുത്താനോ ഒന്നും കഴിയില്ല. അവയും മനുഷ്യരെപ്പോലെ ഓരോ ദിവസവും മരിക്കുകയും മറ്റോരോന്നായി ജനിക്കുകയും ചെയ്യുന്നുണ്ട് എന്നത് ശാസ്ത്രം ശാസ്ത്രീയമായി തന്നെ കണ്ടെത്തുകയും സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഇതു മനസ്സിലാക്കുവാനും നിരീക്ഷിക്കുവാനും നിലവിൽ സംവിധാനങ്ങൾ ഉള്ളത് ശാസ്ത്രത്തിൻ്റെ കയ്യിലാണ്. അതിനാൽ ഈ വിഷയത്തിൽ ശാസ്ത്രം പറയുന്നത് സമ്മതിക്കുക മാത്രമേ നമ്മുടെ മുൻപിൽ മാർഗ്ഗമുള്ളൂ. നമ്മുടെ നിരീക്ഷിക്കാവുന്ന പ്രപഞ്ചത്തിൽ മാത്രം എല്ലാ ദിവസവും ഏകദേശം 275-400 ദശലക്ഷം നക്ഷത്രങ്ങൾ മരിക്കുകയും ഏകദേശം 400 ദശലക്ഷം പുതിയ നക്ഷത്രങ്ങൾ ജനിക്കുകയും ചെയ്യുന്നുണ്ട് എന്നാണ് ശാസ്ത്രത്തിൻ്റെ കണക്ക്. ഇങ്ങനെ മരിക്കുന്ന നക്ഷത്രങ്ങൾ എന്തായി മാറുന്നു എന്നതാണ് നമ്മുടെ ചിന്ത.


ശാസ്ത്രത്തിൻ്റെ നിഗമനവും വിശദീകരണവും നക്ഷത്രങ്ങൾ അവയുടെ പ്രായം കഴിയുമ്പോൾ ജീവിതം അവസാനിപ്പിച്ച് രൂപാന്തരപ്പെടുന്നത് ന്യൂട്രോൺ നക്ഷത്രങ്ങൾ ആയോ ബ്ലാക്ക് ഹോളുകളായി ആണ് എന്നതാണ്. ഇന്ധനം മുഴുവൻ ഉപയോഗിച്ച ഒരു നക്ഷത്രം സ്വയം തകർന്നു വീഴുകയും, അനന്തമായ സാന്ദ്രതയും പൂജ്യം വ്യാപ്തവും അതിശക്തമായ കാന്തികക്ഷേത്രവുമുള്ള ഒരു തമോദ്വാരമായി മാറുകയും ചെയ്യുമ്പോഴാണ് ഇവ രൂപം കൊള്ളുന്നത്. ഇവിടെ നാം ഈ കൂട്ടത്തിലെ ബ്ലാക്ക് ഹോളുകൾ അഥവാ തമോദ്വാരങ്ങൾ എന്ന പ്രതിഭാസത്തെ കുറിച്ചാണ് സംസാരിക്കുന്നത്. നക്ഷത്രങ്ങൾ അടക്കമുള്ള സെലസ്ട്രിയൽ ബോഡികൾ അവസാനം സ്വീകരിക്കുന്ന രൂപത്തെ ബ്ലാക്ക് ഹോൾ താമോദ്വാരം എന്ന് വിളിക്കുന്നത് അതിനെക്കുറിച്ച് കാര്യമായ വിവരണങ്ങൾ വിവരങ്ങൾ എന്നിവ അത് കണ്ടുപിടിച്ചവരുടെ കൈയിൽ കരങ്ങളിൽ തന്നെ ഇല്ലാത്തതുകൊണ്ടാണ്.
തമോദ്വാരത്തിന്റെ ഏറ്റവും ലളിതമായ നിർവചനം, പ്രകാശത്തിന് പോലും ഉപരിതലത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയാത്തവിധം സാന്ദ്രവും ദ്രവ്യത്താൽ ഇറുകിയതുമായ ഒരു വസ്തുവാണ് എന്നതാണ്. ഏത് ഗർത്തത്തിൽ നിന്നും സരളമായി പുറത്തു കടക്കുവാൻ കഴിയുന്ന ഒന്നാണ് പ്രകാശം. പ്രകാശത്തെ കടത്തിവിടുന്നത് കൊണ്ട് മാത്രമാണ് കാണാവുന്ന എല്ലാ കാര്യങ്ങളെയും നാം കാണുന്നത്. അപ്പോൾ ആ അർത്ഥത്തിൽ നമുക്ക് ഒരു കാര്യം മനസ്സിലാക്കി എടുക്കണമെങ്കിൽ പ്രകാശത്തിന്റെ കയറ്റിറക്കിന് അത് വിധേയമാകേണ്ടതുണ്ട് എന്നത് സാമാന്യമായ ശാസ്ത്രമാണ്. പ്രകാശത്തിന് പോലും കടന്നുപോകുവാൻ കഴിയാത്ത ഒന്നാണ് ബ്ലാക്ക് ഹോൾ എന്ന് പറയുമ്പോൾ അതിനുള്ളിലെ അവസ്ഥ വിവരിക്കുക അസാധ്യമാണ്. അതിനുള്ളിലെ വ്യാസം വ്യാപ്തി ഘടകങ്ങൾ അനുഭവങ്ങൾ തുടങ്ങിയവ ഒന്നിലേക്കും എത്തിപ്പെടുക സാധിക്കാത്തതാണ്. ഏറ്റവും ശക്തമായ ദൂരദർശിനി ഉപയോഗിച്ചാലും നമുക്ക് തമോദ്വാരങ്ങൾ കാണാൻ കഴിയില്ല, കാരണം അവയുടെ ഗുരുത്വാകർഷണം വളരെ ശക്തമാണ്, പ്രകാശത്തിന് അവയിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല. എന്നിരുന്നാലും, അത്തരമൊരു തകർന്ന നക്ഷത്രത്തെ ചുറ്റുമുള്ള പ്രദേശത്തെ ശാസ്ത്രീയമായി സ്വാധീനിക്കുന്നതിലൂടെ മനസ്സിലാക്കാൻ കഴിയും. അതുകൊണ്ടാണ് ബ്ലാക്ക് ഹോളുകൾ ഉണ്ട് എന്ന് പറയുകയല്ല അത് വിവരിക്കുവാൻ ശാസ്ത്രത്തിന്ന് കഴിയാതെ പോകുന്നത്. അങ്ങനെയൊക്കെയാണെങ്കിലും അതിൻ്റെ വ്യാപ്തി അപാരമാണ് എന്നാണ് ശാസ്ത്രത്തിൻ്റെ പ്രാഥമിക നിഗമനം തന്നെ. ആയിരക്കണക്കിന് ഭൂമികൾക്ക് തമോദ്വാരത്തിൽ ചെന്നടിയാൻ കഴിയും എന്നു പറഞ്ഞു കൊണ്ടാണ് ആ വ്യാപ്തി ശാസ്ത്രം അവതരിപ്പിക്കുന്നത് തന്നെ. മാത്രമല്ല അതിനുള്ളിൽ സമയം എന്ന ഒന്ന് ഉണ്ടാവില്ല. മാത്രമല്ല അവയുടെ ഗുരുത്വാകർഷണബലത്തിന്റെ പരിധിയിൽ വരുന്നതിനെയെല്ലാം വലിച്ചെടുക്കുവാൻ ഈ ഹോളിന് കഴിയുകയും ചെയ്യുന്നുണ്ട്. ഇങ്ങനെയെല്ലാം തികച്ചും വിവരണാതീതമായ ഒരു പ്രഹേളികയാണ് തമോദ്വാരങ്ങൾ.


20-ാം നൂറ്റാണ്ടിൽ പ്രപഞ്ചത്തിലെ ആകാശ പ്രതിഭാസങ്ങളെക്കുറിച്ച് ധാരാളം പുതിയ കണ്ടെത്തലുകൾ ഉണ്ടായി. അവയുടെ കാര്യത്തിൽ അടുത്തിടെ മാത്രം കണ്ടെത്തിയ ഈ അസ്തിത്വങ്ങളിലൊന്നാണ് തമോദ്വാരം. ഇസ്ലാമിക വിശ്വാസികൾക്ക് പക്ഷേ ഇത് പുതിയതല്ല. ഈ അറിവ് പുതിയതല്ല എന്ന് പറയുമ്പോൾ തന്നെ ഒരു കാര്യം നാം സമ്മതിക്കാതിരിക്കാൻ നിർവാഹമില്ല. അതായത് ബ്ലാക്ക് ഹോളുകളെ കുറിച്ചുള്ള പരാമർശം വിശുദ്ധ ഖുർആനിൽ 14 നൂറ്റാണ്ടു മുമ്പേ ഉണ്ടായിരുന്നു. പക്ഷേ അത് ഇതാണ് അല്ലെങ്കിൽ ഇതിനെക്കുറിച്ചാണ് എന്ന് വിശ്വാസികളുടെ ലോകത്തിന് മനസ്സിലാക്കുവാൻ ബ്ലാക്ക് ഹോളുകൾ കണ്ടെത്തിയ ഇരുപതാം നൂറ്റാണ്ട് വരെ കാത്തുനിൽക്കേണ്ടി വന്നു. ഇപ്പോൾ അത്തരം ഒരു വിഷയം കണ്ടെത്തിയപ്പോൾ ഇത് വിശുദ്ധ ഖുർആൻ നേരത്തെ പറഞ്ഞു വെച്ചിട്ടുള്ളത് തന്നെയാണ് എന്ന് പറയുകയാണ് വിശ്വാസികൾ. ശാസ്ത്രം കണ്ടെത്തിയ ഏതാണ്ട് എല്ലാ തത്വങ്ങളുടെയും സത്യങ്ങളുടെയും അവസ്ഥ ഇതുതന്നെയാണ്. അവർ ഒരു കണ്ടുപിടുത്തം നടത്തുമ്പോൾ ഇത് ഖുർആനിൽ വ്യക്തമായി സൂചിപ്പിക്കപ്പെട്ടിട്ടുള്ള കാര്യം തന്നെയാണ് എന്ന് പറയേണ്ട സ്ഥാപിക്കേണ്ട ഒരു അവസ്ഥയാണ് വിശ്വാസികൾക്ക് ഉള്ളത്. ഈ ശൈലിയിൽ സംസാരിക്കുമ്പോൾ ഇസ്ലാമിന്റെയും ഖുർആനിന്റെയും വിരോധികൾ പലപ്പോഴും വിശ്വാസികളെ പരിഹസിക്കാറുണ്ട്. ലോകം എന്ത് കണ്ടുപിടിച്ചാലും അത് തങ്ങളുടെ കിതാബിൽ ഉണ്ട് എന്ന് വിളിച്ചു പറയുന്നത് മുസ്ലിംകളുടെ ഒരു പണിയാണ് എന്നാണ് അവർ പറയുന്നത്. പക്ഷേ ഇങ്ങനെ പറയുന്നവർ അങ്ങനെ പറയുന്നത് വിശുദ്ധ ഖുർആനിൻ്റെ പ്രമേയ ശൈലിയും ഉദ്ബോധന രീതിയും അറിയാത്തതുകൊണ്ടാണ് എന്നതാണ് വസ്തുത. വിശുദ്ധ ഖുർആൻ അന്ത്യനാൾ വരേക്കും വരാനിരിക്കുന്ന മനുഷ്യന്മാർക്ക് എല്ലാവർക്കും വഴിയും ചിന്തയും ജീവിതശൈലിയും എല്ലാം ആവേണ്ടതാണ്. മനുഷ്യനാവട്ടെ ഓരോ ഘട്ടത്തിലും പ്രത്യേകം പ്രത്യേകം വികാസങ്ങളിലേക്ക് മാറിക്കൊണ്ടേയിരിക്കുന്നുണ്ട്. മനുഷ്യൻ്റെ ചിന്തയും അറിവും എല്ലാം ഒരേ സമയം പുതുക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു. കഴിഞ്ഞ തലമുറയെ ആകർഷിച്ച ഘടകം ഈ തലമുറയെ ആകർഷിച്ചു കൊള്ളണമെന്നില്ല എന്ന വസ്തുതയാണ് ഇതുവഴി വെളിച്ചത്ത് വരുന്നത്. ഈ തലമുറയെ അത്ഭുതപ്പെടുത്തുകയും ആകർഷിക്കുകയും ചെയ്ത സത്യങ്ങളും തത്വങ്ങളും അടുത്ത തലമുറയെ സ്വാധീനിച്ചു കൊള്ളണമെന്നില്ല. അങ്ങനെ വരുമ്പോൾ 14 നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ചിരുന്ന മനുഷ്യന്മാരുടെ അറിവിനും അവബോധത്തിനും അനുസരിച്ചുള്ള കാര്യങ്ങൾ മാത്രം വിശുദ്ധ ഖുർആനിൻ്റെ ആശയമാകുമ്പോൾ വിശുദ്ധ ഖുർആൻ വെറും ഒരു പഴയ ഗ്രന്ഥമായി നിൽക്കുക മാത്രമേ ചെയ്യൂ. ഇവിടെ മനുഷ്യൻ്റെ വികാസത്തിനനുസരിച്ച്, അവൻ പുതിയ കാര്യങ്ങൾ കണ്ടെത്തുന്നു, അവൻ ഏതു കാര്യങ്ങൾ കണ്ടെത്തിയാലും അത് നേരത്തെ പറഞ്ഞു വെച്ചതാണ് എന്ന് വരികയും ചെയ്യുന്നു എന്നു വരുമ്പോൾ വിശുദ്ധ ഖുർആൻ മനുഷ്യനോടൊപ്പം കാലങ്ങൾ ഭേദിച്ച് സഞ്ചരിക്കുന്നു എന്ന കാര്യം വ്യക്തമാകും. ലോകാവസാനം വരെയുള്ള മനുഷ്യർക്ക് ഉൽബോധനവും വഴികാട്ടിയും ആയിത്തീരുവാൻ തീർച്ചയായും ഖുർആൻ ഇങ്ങനെ ഉള്ളതായിരിക്കേണ്ടതുണ്ട്.


ഇവിടെയും പറയാനുള്ളത് അതുതന്നെയാണ് ഇരുപതാം നൂറ്റാണ്ടിൽ ശാസ്ത്രലോകം കണ്ടെത്തിയ ബ്ലാക്ക് ഹോളിനെ കുറിച്ചുള്ള വ്യക്തമായ പരാമർശവും സൂചനയും വിശുദ്ധ ഖുർആൻ നേരത്തെ നടത്തിയിട്ടുണ്ട്. അത് ഇങ്ങനെയാണ്. സൂറ അൽ-വാഖിഅയിൽ, നക്ഷത്രങ്ങളുടെ സ്ഥാനത്തെക്കുറിച്ച് സത്യം ചെയ്തുകൊണ്ട് അല്ലാഹു ഈ കാര്യത്തിലേക്ക് ശ്രദ്ധ ആകർഷിക്കുന്നു: "അല്ല, നക്ഷത്രങ്ങളുടെ സ്ഥലങ്ങളെക്കൊണ്ട് ഞാൻ സത്യം ചെയ്യുന്നു - നിങ്ങൾക്കറിയാമെങ്കിൽ അത് തീർച്ചയായും ഒരു മഹത്തായ സത്യം തന്നെയാണ്." (ഖുർആൻ, 56:75-76) ഖുർആനിലെ ഈ സൂക്തം വിചിത്രവും അസാധാരണവുമായ ഒരു കാര്യത്തെ വ്യക്തമായി സൂചിപ്പിക്കുന്നു. കാരണം, ഇവിടെ അല്ലാഹു നക്ഷത്രങ്ങളുടെ സ്ഥാനങ്ങളെ പിടിച്ചാണ് ആണയിടുന്നത്. ആഴമേറിയ ചിന്തകളിലേക്ക് വഴി തുറക്കുന്ന മനുഷ്യൻ്റെ മിഴിയിൽ പെടുന്ന കാര്യങ്ങളെ ചൂണ്ടിക്കാണിച്ച് ആണയിടുക എന്നത് അല്ലാഹുവിൻ്റെ രീതിയാണ്. അതിനുവേണ്ടി ഉപയോഗപ്പെടുത്തിയ വസ്തുതയെ ആഴത്തിൽ അറിയുവാനുള്ള പ്രചോദനം കൂടി ഇതുവഴി അല്ലാഹു നൽകുകയാണ്. ഇവിടെ നക്ഷത്രങ്ങളുടെ സ്ഥാനങ്ങൾ എന്നുപറയുന്ന പ്രയോഗം നക്ഷത്രങ്ങൾ അവയുടെ ദൗത്യം നിർവഹിക്കാൻ വേണ്ടി ജ്വലിച്ച് നിൽക്കുന്ന ദിക്കും ദിശയും മാത്രമല്ല സൂചിപ്പിക്കുന്നത്. മറിച്ച്, അവ മരിച്ചു വീഴുകയും ബ്ലാക്ക്ഹോളായി രൂപാന്തരപ്പെടുകയും ചെയ്യുന്ന സ്ഥാനം കൂടി അത് ഉൾക്കൊള്ളുന്നുണ്ട്. അതിനാൽ അതിലേക്ക് കൂടി അല്ലാഹു ഇവിടെ ശ്രദ്ധ ക്ഷണിക്കുന്നു. അത്തരത്തിൽ ശ്രദ്ധ ക്ഷണിച്ചു വെച്ചിട്ട് അല്ലാഹു പറയുന്നത്: 'നിങ്ങൾക്കറിയാമെങ്കിൽ അത് തീർച്ചയായും ഒരു മഹത്തായ സത്യം തന്നെയാണ്' എന്നാണ്. അതോടെ നക്ഷത്രങ്ങളെ കുറിച്ച് ശാസ്ത്രീയമായ അറിവുകൾ മനുഷ്യൻ സ്വായത്തമാക്കിയ കാലത്തെ വിശുദ്ധ ഖുർആൻ ആകർഷിച്ചത് പോലെ ആ അറിവിനും അപ്പുറം ബ്ലാക്ക് ഹോളുകളെ കണ്ടെത്തിയതോടെ ആ കാലത്തെയും ആകർഷിക്കുകയാണ് വിശുദ്ധ ഖുർആൻ ചെയ്യുന്നത്. അതോടൊപ്പം നിങ്ങൾ നക്ഷത്രങ്ങളുടെ സ്ഥാനങ്ങളെക്കുറിച്ച് പരിപൂർണ്ണമായും അറിയുകയാണെങ്കിൽ അത് വലിയ ഒരു അറിവ് തന്നെയായിരിക്കും എന്ന് സൂചിപ്പിക്കുന്നതിലൂടെ നിലവിൽ ശാസ്ത്രലോകം ബ്ലാക്ക് ഹോളുകളെ കുറിച്ച് നേരിട്ടുകൊണ്ടിരിക്കുന്ന നിരാശകളും അല്ലാഹു ഖുർആനിൽ സൂചിപ്പിച്ചു എന്നാണ് അത് തെളിയിക്കുന്നത്. നക്ഷത്രങ്ങൾക്ക് ജനനം, മരണം എന്നിവ ഉദയവും അസ്തമയവും ആണ്. പ്രപഞ്ചശാസ്ത്രം നമ്മോട് പറയുന്നത്, നക്ഷത്രങ്ങളുടെ അസ്തമന സ്ഥലം പോലുള്ള കാര്യങ്ങൾ തീർച്ചയായും ഉണ്ടെന്നാണ്. അവ വളരെ വലുതും ഭീമാകാരവുമായ ഗുരുത്വാകർഷണ സ്ഥാനങ്ങളാണ്, അവ മുഴുവൻ ഗാലക്സികളിലും അവയുടെ സ്വാധീനം ചെലുത്തുകയും പ്രപഞ്ചത്തിന്റെ ഘടനയെ, സ്ഥലകാലത്തിന്റെ ഘടനയെ സ്വാധീനിക്കുകയും ചെയ്യുന്നു എന്നുമെല്ലാമാണ്. അതനുസരിച്ച് നക്ഷത്രത്തിന്റെ അസ്തമന സ്ഥലം എന്നാൽ നക്ഷത്രങ്ങൾ അവയുടെ ജീവിതാവസാനത്തിൽ വീഴുന്ന സ്ഥലമാണ്. അതാണ് അവയുടെ പരിവർത്തനത്തിന്റെ സ്ഥലം അല്ലെങ്കിൽ സ്ഥാനം. ചില ഖുർആൻ വിവർത്തനങ്ങൾ ഈ വാക്കിന്റെ വ്യാഖ്യാനത്തിൽ ഈ പ്രയോഗം തന്നെ ഉപയോഗിച്ചതായി കാണാം. 'നക്ഷത്രങ്ങൾ വീഴുന്ന സ്ഥലം' എന്ന് തന്നെ ഉപയോഗിച്ചതായി കാണാം. അന്ത്യനാളിനെ കുറിച്ച് വിവരിക്കുന്ന സ്ഥലങ്ങളിൽ വിശുദ്ധ ഖുർആൻ നക്ഷത്രങ്ങളുടെ ഈ മരണത്തെ പറഞ്ഞിട്ടുണ്ട് എന്നത് ഇതിനോട് ചേർത്തു വായിക്കേണ്ട ഒരു കാര്യമാണ്. അല്ലാഹു പറയുന്നു: "നക്ഷത്രങ്ങൾ അണഞ്ഞുപോകുമ്പോൾ." (ഖുർആൻ, 77:8). ഇനിയും ഇതേ വിഷയത്തിൽ തന്നെ ഒരുപാട് ചുരുളുകൾ നിവരുവാൻ ഉണ്ട് എന്ന് ശാസ്ത്ര ലോകം പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. അതെല്ലാം നിവരാനുള്ള കാലം ആയിട്ടില്ല എന്ന് കരുതാം. ഈ തലമുറയേക്കാൾ ശാസ്ത്രീയമായി മുന്നോട്ടുപോയ അടുത്ത തലമുറകൾ വരുമ്പോൾ അവരെ ആകർഷിക്കുവാനും പ്രപഞ്ച രഹസ്യത്തെ കുറിച്ചും സൃഷ്ടാവിന്റെ അപാരമായ കഴിവുകളെ കുറിച്ചും പരിചയപ്പെടുത്താനും അത്തരം രഹസ്യങ്ങൾ ഇനിയും പുറത്തുവരും. തമോദ്വാരങ്ങളിൽ നിന്നുള്ള വിവരങ്ങളെ കുറിച്ച്
ലോകപ്രശസ്ത ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിംഗ് സൂചിപ്പിച്ചത്, ഒരു തമോദ്വാരം രൂപപ്പെടുമ്പോൾ അത് ആണവോർജ്ജം ഉത്പാദിപ്പിക്കാൻ തുടങ്ങുമെന്നും, അതിനാൽ രൂപം കൊള്ളുന്ന വികിരണത്തിന് തമോദ്വാരത്തിനുള്ളിൽ എന്താണെന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ കഴിയുമെന്നുമാണ്. ഈ വിഷയത്തിൽ അല്ലാഹു സൂചിപ്പിക്കുന്നതുപോലെ എന്തൊക്കെയോ വലിയ കാര്യങ്ങൾ ഇനിയും പുറത്തുചാടാൻ ഉണ്ട് എന്നത് ഈ വാക്കുകളിൽ വ്യക്തമാണ്. നക്ഷത്രങ്ങൾ അണഞ്ഞു പോവുക, മരിക്കുക, ബ്ലാക്ക് ഹോൾ ആയി രൂപാന്തരപ്പെടുക എന്നതിനെക്കുറിച്ചൊന്നും ഒരു ധാരണയും മനുഷ്യന് ഉണ്ടായിരുന്നില്ലാത്ത കാലങ്ങളിലാണ് ഓരോ സമയത്തും ആയി ഇതെല്ലാം വിശുദ്ധ ഖുർആൻ പറഞ്ഞിരിക്കുന്നത് എന്നത് ചേർത്തു വായിക്കുമ്പോഴാണ് വിശ്വാസികളുടെ ലോകത്തെ ഇത് ഖുർആനിന്റെ അമാനുഷികത ബോധ്യപ്പെടുത്തുന്ന മറ്റൊരു പാഠമായി തീരുന്നത്.


അവിശ്വാസികൾ പക്ഷേ ഇതെല്ലാം പരിഹാസ്യം ആയിട്ടാണ് കേൾക്കുക. അല്ലാഹുവിൻ്റെ അമാനുഷികതകൾ അല്ലാഹുവിൽ വിശ്വസിക്കുന്നവർക്ക് മാത്രം ബോധ്യമാകുന്ന, ബോധ്യമാകേണ്ട കാര്യമാണ് എന്നതിനാൽ അവരാരും അത് പരിഗണിക്കാത്തതിൽ യഥാർത്ഥ വിശ്വാസികൾ വിഷമിക്കേണ്ടതില്ല. ഇതെല്ലാം അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങളാണ്. അത് വിശ്വാസികൾക്ക് മാത്രമേ ഇഹത്തിലും പരത്തിലും ബോധ്യപ്പെടൂ. അത് അല്ലാഹു വ്യക്തമായി പറഞ്ഞിട്ടുള്ള കാര്യമാണ്. അല്ലാഹു പറയുന്നു: 'നമ്മുടെ ദൃഷ്ടാന്തങ്ങള്‍ മുഖേന ഉല്‍ബോധനം നല്‍കപ്പെട്ടാല്‍ സാഷ്ടാംഗം പ്രണമിക്കുന്നവരായി വീഴുകയും, തങ്ങളുടെ രക്ഷിതാവിനെ സ്തുതിച്ചു കൊണ്ട് പ്രകീര്‍ത്തിക്കുകയും ചെയ്യുന്നവര്‍ മാത്രമേ നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയുള്ളൂ. അവര്‍ അഹംഭാവം നടിക്കുകയുമില്ല. ഭയത്തോടും പ്രത്യാശയോടും കൂടി തങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ത്ഥിക്കുവാനായി, കിടന്നുറങ്ങുന്ന സ്ഥലങ്ങള്‍ വിട്ട് അവരുടെ പാര്‍ശ്വങ്ങള്‍ അകലുന്നതാണ്‌. അവര്‍ക്ക് നാം നല്‍കിയതില്‍ നിന്ന് അവര്‍ ചെലവഴിക്കുകയും ചെയ്യും. (32: 15-16)


അല്ലാഹുവിന്റെ ആയത്തുകളില്‍ ശരിയായി വിശ്വസിക്കുന്ന ആളുകളുടെ വിശിഷ്ട ലക്ഷണങ്ങളായി ഇവിടെ എടുത്തുപറഞ്ഞ കാര്യങ്ങള്‍ അഞ്ചെണ്ണമാണ്. ഒന്നാമത്തേത്, അല്ലാഹുവിന്റെ ആയത്തുകള്‍ മുഖേന ഉപദേശം നല്‍കപ്പെട്ടാല്‍ സശ്രദ്ധം അതു കേള്‍ക്കുകയും, ഭക്തിബഹുമാനത്തോടു കൂടി അതു അനുസരിക്കുകയും, വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും അതു അനുഷ്ടിക്കുകയും ചെയ്യും എന്നാണ്. ഈ ഗുണങ്ങൾ ഒരു സമ്പൂർണ്ണ വിശ്വാസിക്ക് അല്ലാതെ ഉണ്ടാവില്ല എന്ന് നമുക്കറിയാം. രണ്ടാമത്തേത്, അവന്‍ ഗര്‍വ്വ് നടിക്കുകയില്ല എന്നുള്ളതാകുന്നു. സത്യത്തോടും ഉപദേശത്തോടും ഉള്ള ആദരവ്, വാക്കിലും പെരുമാറ്റത്തിലും ഉള്ള വിനയം, തുടങ്ങിയവ അടിസ്ഥാനപരമായി ഒരു വിശ്വാസിയുടെ മാത്രം ഗുണങ്ങൾ ആണ്. ആകയാല്‍, ധിക്കാരം, മര്‍ക്കടമുഷ്ടി, കുതര്‍ക്കം, ദുര്‍വ്യാഖ്യാനം, പൊങ്ങച്ചം, സത്യത്തോടും ന്യായത്തോടും അവഗണന, ഇത്യാദി ദോഷങ്ങളൊന്നും അവരെ തീണ്ടുകയില്ല. മൂന്നാമത്തേത്, അവര്‍ രാത്രി സമയത്തു സാധാരണ ആളുകളെപ്പോലെ നിദ്രയില്‍ മുഴുകി സമയം കഴിക്കുകയില്ല. നമസ്‌കാരം, ദിക്ര്‍, തസ്ബീഹ്, ദുആ മുതലായവയില്‍ വ്യാപൃതരാകുന്നതുകൊണ്ട് രാത്രി അധിക സമയം അവര്‍ ശയന സ്ഥാനത്തിൽ നിന്നെ അകന്നുകൊണ്ടാണ് കഴിച്ചുകൂട്ടുക. ഇതും വിശ്വാസികളുടെ അടയാളമാണല്ലോ. നാലാമത്തേത്, ഭയപ്പാടും, ആശയും കലര്‍ന്നുകൊണ്ടാണ് അവര്‍ പ്രാര്‍ത്ഥനകളും ആരാധനകളും നടത്തുക എന്നതാണ്. പാപങ്ങള്‍ നിമിത്തമായി തങ്ങള്‍ അല്ലാഹുവിന്റെ ശിക്ഷക്കും, ശാപകോപങ്ങള്‍ക്കും പാത്രമായേക്കുമോ? തങ്ങളുടെ പ്രാര്‍ത്ഥനാകര്‍മ്മങ്ങള്‍ അല്ലാഹുവിങ്കല്‍ സ്വീകാര്യമാകാതെ വന്നേക്കുമോ? തങ്ങള്‍ സജ്ജനങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടാതിരുന്നേക്കുമോ? തുടങ്ങിയ ആശങ്കകൾ ഒക്കെ ആയിരിക്കും അവരുടെ ഉള്ളുലക്കുന്നത്. അഞ്ചാമത്തേത്, അല്ലാഹു നല്‍കിയിട്ടുള്ളതില്‍ നിന്ന് അവര്‍ ചിലവഴിക്കുമെന്നുള്ളതാണ്. ഇത് അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളെ തിരിച്ചറിയുകയും നന്ദി ചെയ്യുകയും ചെയ്യുക എന്നതിന്റെ അടയാളമാണ്. തങ്ങള്‍ക്ക് എന്തെല്ലാം കഴിവുകളുണ്ടോ അതെല്ലാം അല്ലാഹു നല്‍കിയതാണ് – തങ്ങളുടെ സ്വന്തം പ്രാപ്തി കൊണ്ടോ സാമര്‍ത്ഥ്യം കൊണ്ടോ ലഭിച്ചതല്ല – എന്നു അവര്‍ക്കും തികച്ചും വിശ്വാസമുള്ളതു കൊണ്ടാണ് അവർ യാതൊരു ആശങ്കയുമില്ലാതെ നല്ല കാര്യങ്ങൾക്ക് വേണ്ടി തങ്ങൾക്ക് കിട്ടിയ അനുഗ്രഹങ്ങൾ ചെലവഴിക്കുന്നത്. അതേസമയം ഇത്തരം ശാസ്ത്രീയ സത്യങ്ങളും കൗതുകങ്ങളും ദൃഷ്ടാന്തങ്ങളും എല്ലാം ഫലപ്പെടുന്നതും സ്വാധീനിക്കുന്നതും വിശ്വാസത്തിൻ്റെ സമീപത്തെത്തുവാൻ അല്ലാഹുവിൻ്റെ തൗഫീഖ് ലഭിച്ചവർക്ക് മാത്രമാണ്. അല്ലാഹുവിൻ്റെ തൗഫീഖ് കിട്ടിയവർ മാത്രമാണ് സത്യത്തിൽ വിശ്വാസത്തിലേക്ക് എത്തിച്ചേരുന്നത്. അങ്ങനെ എത്തിച്ചേർന്ന വർക്ക് ങ്ങളുടെ വിശ്വാസത്തെ ബലപ്പെടുത്താന്‍ ഉള്ളതാണ് സത്യത്തിൽ ഈ ദൃഷ്ടാന്തങ്ങളെല്ലാം.
0


- തമോദ്വാരങ്ങൾ: അല്ലാഹുവിന്റെ അൽ-ഹാഫിസ് എന്ന നാമത്തിന്റെ ഒരു ആവിഷ്കാരം. / ഹാറൂൺ യഹ്യ.
- A Brief History of Time, (Bantam Press 1988) ISBN 0-553-05340-X / സ്റ്റീഫൻ ഹോക്കിങ്.
- Black Holes and Baby Universes and Other Essays, (Bantam Books 1993) ISBN 0-553-37411-7 / സ്റ്റീഫൻ ഹോക്കിങ്.
- Web Readings.



0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso