Thoughts & Arts
Image

കൗമാരത്തെ ചേർത്തുനിറുത്താം..

2025-06-27

Web Design

15 Comments

വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി





രക്ഷിതാക്കളുടെ നെഞ്ചിൻ കൂടിനകത്തെ ചൂട് ഒരേ ഒരു കാര്യത്തിൽ മാത്രമായിരിക്കുന്നു ഇപ്പോൾ. മകനാണെങ്കിലും മകളാണെങ്കിലും വളർന്നു വരുമ്പോൾ ഏതൊക്കെ ഊടുവഴികളിലേക്കാണ് അവരുടെ ജീവിതം തെന്നിമാറുന്നത് എന്ന ആധിയുടെ ചൂട്. കോളേജ് ക്യാമ്പസുകളിലായിരുന്നു പണ്ട് ഇത്തരം ഊടുവഴികൾ. ഇപ്പോൾ സെക്കൻഡറി സ്കൂൾ കാമ്പസുകളിൽ തന്നെ ആശങ്കയുള്ള ഊടുവഴികൾ രൂപപ്പെട്ടിരിക്കുന്നു. കൗമാരത്തിൽ എത്തുന്നതോടെ കുട്ടികൾ മാതാപിതാക്കളിൽ നിന്ന് അകന്നു തുടങ്ങുന്നു. പണ്ടും അത് അങ്ങനെ തന്നെയായിരുന്നു. പ്രായപൂർത്തിയുടെ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ കുട്ടികളിൽ ഒരുതരം സ്വകാര്യതാ വികാരം മുളപൊട്ടും. അങ്ങനെ അവർ അകന്നു തുടങ്ങും. പക്ഷേ, അന്ന് അവിടെ ഭയാശങ്കകൾ ഉണ്ടായിരുന്നില്ല. കാരണം ആ സ്വകാര്യതയിലേക്ക് അവർ തല പൂഴ്ത്തുക മാതാവിൻ്റെയോ പിതാവിൻ്റെയോ വിളിപ്പാടടുത്ത് നിന്ന് തന്നെയായിരിക്കും. അദൃശ്യമായതെങ്കിലും ആയ ഒരു നിയന്ത്രണം അവരുടെ മേൽ മാതാപിതാക്കൾക്ക് ഉണ്ടായിരിക്കും. ഇപ്പോൾ പക്ഷേ അങ്ങനെയല്ല. സ്വകാര്യതാ വികാരം മുള പൊട്ടുമ്പോൾ തന്നെ അവർ മാതാവിൽ നിന്നും പിതാവിൽ നിന്നും അകലെയുള്ള പല താവളങ്ങളിലും കയറിക്കൂടും. മാതാപിതാക്കളിൽ നിന്ന് പരമാവധി അകലുവാനാണ് അവർ ശ്രമിക്കുക. കാരണം സ്വന്തം മാതാവാണെങ്കിലും പിതാവാണെങ്കിലും അവരുടെ ഉപദേശങ്ങൾ, ശാസനകൾ, നിയന്ത്രണങ്ങൾ, ശിക്ഷണങ്ങൾ എന്നിവയെല്ലാം അവർക്ക് അരോചകമാണ്. മാതാപിതാക്കൾ പകരുന്ന സ്നേഹമുള്ള വികാരം അവർക്ക് സ്നേഹമായിട്ടോ വികാരമായിട്ടോ അല്ല വെറും തന്ത വൈബ് ആയിട്ടാണ് അവർക്ക് അനുഭവപ്പെടുന്നത്. ആ പ്രയോഗത്തിൽ തന്നെയുണ്ടല്ലോ അതിനോടുള്ള വിമ്മിഷ്ടവും വിരോധവും. പിന്നെ അവരെ ത്രസിപ്പിക്കുന്ന വികാരങ്ങൾ മാതാപിതാക്കളുടെ സമീപത്തോ വീട്ടിന്റെ പരിസരങ്ങളിലോ അല്ല ഇപ്പോൾ കുടികൊള്ളുന്നത്. അതൊക്കെ സമപ്രായക്കാരുടെ വട്ടങ്ങളിലും അവർക്ക് വേണ്ടി സാങ്കേതികലോകം ഒരുക്കിക്കൊണ്ടേയിരിക്കുന്ന രസങ്ങളിലും ആണ്. ഒറ്റയ്ക്കിരുന്ന് ഇത്തരം ഒരു ലഹരി ബാധിച്ച ലോകവുമായി സംവദിക്കുവാനും അതിലുമധികം നീറ്റൽ വേണമെന്നുണ്ടെങ്കിൽ അത് നിർലോഭം ലഭിക്കുവാനും എല്ലാം അവനും അവൾക്കും കൈ ഒന്ന് നീട്ടിയാൽ മാത്രം മതി എന്നിടത്തെത്തിയിരിക്കുന്നു കാര്യങ്ങളെല്ലാം. അതിനാൽ അവർ രക്ഷാകർത്താക്കളുടെ റേഞ്ചിൽ നിന്ന് അകന്നകന്നു പോകുന്നു. പോയിപ്പോയി എത്തിച്ചേരുന്ന താവളങ്ങളിലാവട്ടെ ഒരു നിയന്ത്രണവുമില്ലാതെ ആർമാദിക്കുവാൻ അവർക്ക് കഴിയുന്നു. ഇതൊക്കെയാണ് ചൂടിന്റെ കാരണങ്ങൾ.


ഈ ചൂട് ശമിപ്പിക്കുവാൻ വലിയവായിൽ പലതും പറഞ്ഞുതരാൻ എമ്പാടും ആൾക്കാരുണ്ട്. പക്ഷേ അതിനൊന്നും തൊലിപ്പുറത്ത് പോലും ശമനം ഉണ്ടാക്കാൻ കഴിയുന്നില്ല. കാരണം അവർ പറയുന്നതെല്ലാം ഒന്നുകിൽ ശാസ്ത്രവും യുക്തിയും തത്വവും ചിന്തയുമെല്ലാമാണ്. അതൊന്നും ഈ തലമുറക്ക് ദഹിക്കാതെയായിരിക്കുന്നു. അല്ലെങ്കിൽ കൗമാരചാപല്യങ്ങളോട് രാജിയാകുന്നവയായിരിക്കും. അപ്പോൾ അത് വിപരീതഫലമാണ് ഉണ്ടാക്കുക. ആ അനുഭവം കൊണ്ടായിരിക്കണം പല രക്ഷിതാക്കളും നിരാശയോടെ കൈമലർത്തുകയും വിധിയെ പഴിച്ച് എല്ലാം സഹിക്കാൻ ഒരുങ്ങി നിൽക്കുകയാണ്. ഒന്നും ചെയ്യാനില്ല, ചെയ്തിട്ട് കാര്യമില്ല എന്നൊക്കെയാണ് ഇത്തരം രക്ഷിതാക്കൾക്ക് മനോഗതം. അങ്ങനെ കയ്യൊഴിക്കുന്നത് കൂടുതൽ അനർത്ഥങ്ങൾ വിളിച്ചുവരുത്തുകയായിരിക്കും ചെയ്യുക എന്നത് ഒരു സത്യമാണ്. ഇവിടെ മനുഷ്യൻ്റെ യഥാർത്ഥ മാർഗ്ഗദർശിയായ പ്രവാചകൻ്റെ നയം വീണ്ടും പ്രസക്തി നേടുകയാണ്. എല്ലാവർക്കുമെന്നപോലെ കൗമാരക്കാർക്കും ദിശാബോധം പകർന്നു കൊടുത്ത പ്രവാചകൻ(സ്വ) അവരെ അവരുടെ വഴിക്ക് വിട്ടല്ല, ചേർത്തുപിടിച്ചായിരുന്നു ഒപ്പം നിർത്തിയത്. നബി(സ്വ)യുടെ വീടിന്റെയും ജീവിതത്തിന്റെയും കളിമുറ്റത്ത് വളർന്ന നിരവധി കൗമാരക്കാർ ഉണ്ടായിരുന്നു. അവരെല്ലാം നല്ല ഭാവികളിലേക്കാണ് നടന്നു കയറിയത്. അവരെ അത്തരം ശോഭനമായ ഭാവിയിലേക്ക് ആനയിക്കുന്നതിൽ ഏറ്റവും സ്വാധീനിച്ചത് നബി തിരുമേനിയുടെ ചേർത്തു നിറുത്തൽ തന്നെയായിരുന്നു. അതിനു ഉദാഹരണങ്ങൾ നിരവധിയാണ്. ധാർമികമായ അംശമുള്ള ഇടപെടൽ കൗമാരക്കാരിൽ കൂടുതൽ അനിഷ്ടം വരുത്തി വെച്ചേക്കും എന്ന് പുതിയ രക്ഷാകർത്താക്കൾ പലരും ഭയപ്പെടുന്നുണ്ട്. കൂടുതൽ ധാർമിക വിദ്യാഭ്യാസമോ ശിക്ഷണങ്ങളോ നൽകാതെ ചെറുപ്പ നാളിൽ തന്നെ അവരെ അവരുടെ പാട്ടിന് വിടുന്നതാണ് ഏറെ അപകടമായി വളരുന്നത് ഒരു സത്യമാണ്. നബി തിരുമേനി തൻറെ മുമ്പിലുള്ള കൗമാരത്തെ തികഞ്ഞ ധാർമികതയിലും ആത്മീയതയിലും തന്നെയായിരുന്നു വളർത്തിയെടുത്തത്.


കൗമാരത്തിന് നബി തിരുമേനി നൽകിയ കരുതലും കാവലും സ്പഷ്ടമായി തുടങ്ങുന്നത് അലി(റ)യിൽ നിന്നാണ്. നബിയുടെ നിഴലിൽ കുട്ടിക്കാലത്ത് എത്തിച്ചേർന്ന ഒരാളായിരുന്നു അലി(റ). പിതൃവ്യൻ അബൂതാലിബിന്റെ ദാരിദ്ര്യം കാരണം നബി അദ്ദേഹത്തെ ദത്തെടുക്കും പോലെ ഏറ്റെടുത്തതായിരുന്നു. അനന്യ സാധാരണമായ അറിവും ആത്മാർപ്പണത്തിന് പക്വമായ മനക്കരുത്തും അത്ഭുതങ്ങൾ കാണിക്കുവാൻ വേണ്ട മെയ് വഴക്കവും ബുദ്ധിയും ചിന്താശക്തിയും എല്ലാം സമം ചേർന്ന ഒരു വ്യക്തിത്വമായി അലിയെ വളർത്തിയത് നബി തങ്ങൾ തന്നെയായിരുന്നു. നബി(സ)യുടെ ജീവിത കാലവും കടന്ന് നാലാം ഖലീഫ സ്ഥാനത്തു വരെ എത്തിച്ചേർന്നപ്പോഴെല്ലാം അദ്ദേഹത്തെ അതിനർഹനാക്കിയത് സ്വന്തം ജീവിതത്തിന് നബി തങ്ങൾ തർബിയത്തിലൂടെ നൽകിയ കൂടും പാവും തന്നെയായിരുന്നു. എന്നിട്ട് എന്തുകൊണ്ട് നാലാമനായി എന്ന ചോദ്യം ശിയാക്കൾ വെറുതെ പടച്ചുവിട്ടതാണ്. സത്യത്തിൽ എല്ലായിപ്പോഴും പരിഗണനയിൽ അദ്ദേഹത്തിൻ്റെ പേര് ഉണ്ടായിരുന്നു. ബഹുമാനപൂർവ്വം ഓരോ സമയവും അദ്ദേഹം അത് നിരസിച്ച്ച്ച് തന്നെക്കാൾ വലിയവർക്ക് വേണ്ടി മാറിക്കൊടുക്കുകയായിരുന്നു. ഈ ചരിത്ര അനുഭവത്തിലേക്ക് മറ്റൊരു കൗമാരക്കാരന്റെ പേരുകൂടി ചേർത്തുവച്ചാൽ നബി തിരുമേനി(സ്വ)യുടെ മക്കാ ജീവിതകാലം പൂർണമാകും. അത് സൈദ് ബിൻ ഹാരിസയുടേതാണ്. മാതാവിൻ്റെ വീട്ടിൽ നിന്ന് കൊള്ളക്കാർ തട്ടിക്കൊണ്ടു പോയ ഈ ബാലൻ എത്തിച്ചേർന്നത് നബി(സ)യുടെ ജീവിതത്തിൽ ആയിരുന്നു. പിന്നീട് സ്വന്തം പിതാവും പിതൃവ്യനും അദ്ദേഹം മക്കയിൽ ഉണ്ട് എന്നറിഞ്ഞ് വേണ്ടത്ര പണവുമായി എങ്ങനെയും സ്വന്തം മകനെ തിരിച്ചുകൊണ്ടുപോകുവാൻ വരുന്ന ഒരു രംഗമുണ്ട്. അവനെ അവരോടൊപ്പം വിട്ടയക്കാം എന്ന് പറഞ്ഞുവെങ്കിലും ആ ബാലൻ നബിയോട് ഒട്ടി നിന്ന് 'ഞാൻ ഇനിയങ്ങോട്ടും പോകില്ല' എന്നു പറഞ്ഞപ്പോൾ കൗമാരം നബി തിരുമേനിയെ ആസ്വദിക്കുകയും അനുഭവിക്കുകയും ചെയ്യുകയായിരുന്നു. മദീന ജീവിതത്തിൽ ഇത്തരം ഒരുപാട് അനുഭവങ്ങൾ ഉണ്ട്. അനസ് ബിൻ മാലിക്, ഇബ്നു ഉമർ, ഇബ്നു അബ്ബാസ്, ഇബ്നു സുബൈർ (റ) തുടങ്ങി ആ പട്ടിക നീണ്ടുകിടക്കുന്നു. അവരെല്ലാം സമൂഹത്തിനും സമുദായത്തിനും ഒരേപോലെ ഒരുപാട് നന്മകൾ ചെയ്ത ശ്രേഷ്ഠരായി വളർന്നത് നബി തിരുമേനി(സ്വ)യുടെ സ്നേഹപൂർവ്വകമായ ചേർത്തുപിടിക്കൽ കൊണ്ടു തന്നെയായിരുന്നു.


ഇന്നത്തെ കാലത്ത് പ്രത്യേകിച്ചും നബിയുടെ ഈ നയം പ്രസക്തി നേടിയിരിക്കുന്നു. കാരണം, നിരൂപണം ചെയ്യുന്നതും ഗുണദോഷിക്കുന്നതും അസഹ്യമായി കരുതുന്ന ഒരു തലമുറയായി പുതിയ കൗമാരം മാറിക്കഴിഞ്ഞിരിക്കുന്നു. ഇനിയും പരമ്പരാഗത രീതിയിൽ അവരെ ഭീഷണിപ്പെടുത്തി ഒപ്പം നിർത്താൻ ശ്രമിച്ചാൽ നാം അരുതാത്തത് അനുഭവിക്കേണ്ട അവസ്ഥയായിരിക്കും ഉണ്ടാവുക. അതിനാൽ രക്ഷാകർത്താക്കൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഒന്നാമതായി, കുട്ടികളെ ധാർമ്മികതയുമായി നേരത്തെ തന്നെ ബന്ധിപ്പിക്കുകയും അത് വേർപ്പെടാതിരിക്കുവാൻ ശ്രമിക്കുകയും ചെയ്യുക. അത് പറയുമ്പോൾ മദ്രസ വിദ്യാഭ്യാസത്തെ കുറിച്ചാണ് ഈ പറയുന്നത് എന്ന് ധരിക്കരുത്. ധാർമികത എന്ന് പറയുന്നത് ജീവിത നിഷ്ഠയാണ്. ചെറുപ്പകാലം മുതൽക്ക് തന്നെ മാതാപിതാക്കളും സഹോദരി സഹോദരന്മാരും ധാർമികതയ്ക്ക് ഊന്നൽ നൽകുന്ന ജീവിതം നയിക്കുന്നതായി കാണുവാനും അനുഭവിക്കുവാനും ഉള്ള സാഹചര്യം കുട്ടിക്ക് ഉണ്ടാവുക എന്നതാണ് പ്രധാനമായും ഉദ്ദേശിച്ചിരിക്കുന്നത്. ഇത്തരം ഒരു സാഹചര്യം ഉണ്ടെങ്കിൽ അതിനെ പിന്തുണയ്ക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന കാര്യമാണ് മദ്രസ വിദ്യാഭ്യാസം. കുട്ടിയുടെ ജീവിത പരിസരങ്ങളിൽ ധാർമികതയുടെ അംശം തൊട്ടു തീണ്ടിയിട്ടില്ലെങ്കിൽ പിന്നെ മദ്രസയിൽ അയക്കുന്നത് കൊണ്ടൊന്നും കാര്യമായ ഒരു ഫലവും ഉണ്ടാവില്ല. ഇത്തരം സാഹചര്യം കൗമാരം കടക്കുന്നത് വരേക്കും ഉണ്ടെങ്കിൽ മക്കളുടെ കാര്യത്തിൽ കാര്യമായ ആശങ്കകൾ ഉണ്ടാവില്ല. ധാർമികത നിലനിർത്തുവാൻ കുട്ടിയെ കൊണ്ട് നിസ്കരിപ്പിച്ചാൽ മാത്രം പോരാ. ഓരോ സാഹചര്യത്തിലും അനുവർത്തിക്കേണ്ട സമീപന രീതികൾ പഠിപ്പിച്ചു കൊടുക്കുകയും വേണം. ജീവിതത്തിൻ്റെ എല്ലാ കാര്യങ്ങളിലും സ്നേഹപൂർവ്വം ഇടപെടുകയും കൃത്യമായ അനുപാതം പാലിച്ചുകൊണ്ട് മാത്രം ശിക്ഷിക്കുകയും ചെയ്യണം. തൻ്റെ ജീവിതത്തിൻ്റെ എല്ലാ ഭാഗത്തേക്കും തൻ്റെ ശ്രദ്ധ സൂക്ഷ്മമായി പതിയണമെന്നും ഇല്ലെങ്കിൽ അവിടെയെല്ലാം തന്നെ വേണ്ടപ്പെട്ടവരുടെ ശ്രദ്ധ പിന്തുടരുന്നുണ്ട് എന്ന എന്നുമുള്ള ബോധ്യം കുട്ടിയിൽ എപ്പോഴും നിലനിൽക്കണം. അതേസമയം എല്ലാം സ്നേഹമയമുള്ളതായിരിക്കും. കുട്ടികൾ ഇഷ്ടപ്പെട്ടായിരിക്കണം അനുസരിക്കേണ്ടതും പ്രതികരിക്കേണ്ടതും.


കുട്ടികൾ അമാനത്താണ്. അവരെ നല്ല നിലയിൽ വളർത്തിയെടുത്ത് ഉത്തമ പൗരന്മാരാക്കി മാറ്റുവാൻ നാം ഓരോ രക്ഷാകർത്താവിനെയും സൃഷ്ടാവ് ഏൽപ്പിച്ചിരിക്കുകയാണ്. ഇതാണ് ഇസ്ലാമിക സങ്കല്പവും വിശ്വാസവും. അതിനാൽ ഇത് കണക്കു പറയേണ്ട ഒരു വിഷയമായി മാറുന്നു. അതായത് മനുഷ്യൻ വിധേയനാകുന്ന വിചാരണയിൽ തൻ്റെ മക്കളുടെ വിഷയവും ഉണ്ടായിരിക്കും. വിചാരണയിൽ ഉൾപ്പെടുത്തുന്നത് എന്തെങ്കിലും കുറവുണ്ടെങ്കിൽ ശിക്ഷിക്കുവാൻ വേണ്ടി മാത്രമാണ് എന്നു കരുതേണ്ടതില്ല. ഒരു കുറവും ഇല്ലാത്ത വിധം അവരെ വളർത്തിയെടുക്കുകയും ലോകത്തിന് സമർപ്പിക്കുകയും ചെയ്യുന്ന പക്ഷം അതിനുള്ള പ്രത്യേക പരിഗണനയും പ്രതിഫലവും ഉണ്ടായിരിക്കും. സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകുവാൻ ശുപാർശ ചെയ്യുന്നവരുടെ ഗണത്തിൽ സ്വന്തം കുട്ടികളും ഉണ്ടായിരിക്കുമെന്ന് ഹദീസുകളിൽ വന്നിട്ടുണ്ട്.
0


0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso