Thoughts & Arts
Image

ഇബ്രാഹിം ഫൈസി എന്ന ഭായി

2025-06-27

Web Design

15 Comments

ടി എച്ച് ദാരിമി





മരണം ശരിക്കും ഒരു ജൈവികമായ പ്രക്രിയയും പ്രകടമായ ഒരു അനുഭവവും സാധാരണമായ ഒരു സംഭവവുമാണ്. അതിനാൽ തന്നെ ഒരാൾ മരിച്ചു എന്ന് പറഞ്ഞ് ഒരുപാട് കാലം സങ്കടപ്പെടുന്നതിൽ ഒരു അർത്ഥവുമില്ല. അതേസമയം ചിലപ്പോൾ ഇത്തരം തത്വങ്ങൾക്കൊന്നും വഴിമാറി തരില്ല ചില മരണങ്ങൾ. എത്ര കാലം കഴിഞ്ഞാലും ഒരു ശൂന്യതയും നിരാശയും എല്ലാമായി അത് ഘനീഭവിച്ചു കിടക്കുക തന്നെ ചെയ്യും. അങ്ങനെയുണ്ടാവുക മരണപ്പെട്ട വ്യക്തിയുടെ ഗുണഗണങ്ങളുടെ മൂല്യങ്ങൾ മനസ്സിൽ തികട്ടി വരുമ്പോഴും ആ മരണം വഴി ഉണ്ടായ വിടവ് നികത്തുവാൻ കഴിയാതെ വരുമ്പോഴുമെല്ലാം ആണ്. നബി തിരുമേനി(സ്വ)യുടെ വിയോഗത്തിന്റെ വേദനയിൽ വിറങ്ങലിച്ചു നിൽക്കുന്ന മദീനയുടെ ഇടവഴിയിലൂടെ ഉമ്മു ഐമനെ(റ) കാണാൻ രണ്ടുപേർ പോകുന്ന ഒരു രംഗമുണ്ട് ഹദീസിൽ. ഒന്നാം ഖലീഫയായ അബൂബക്കർ(റ), അദ്ദേഹത്തിൻ്റെ സന്തതസഹചാരിയായിരുന്ന ഉമർ(റ) എന്നിവരായിരുന്നു അവർ. നബി തങ്ങൾ ഇടയ്ക്കിടെ പോവുകയും സന്ദർശിക്കുകയും കുറച്ചുസമയമെങ്കിലും ചെലവഴിക്കുകയും ചെയ്യുന്ന വീടായിരുന്നു ഉമ്മു ഐമന്റേത്. നബി തങ്ങൾക്ക് അവർ മാതൃതുല്യ കൂടിയാണല്ലോ. സ്വന്തം മാതാവ് മരണപ്പെട്ടപ്പോൾ ആ കൈകളായിരുന്നു നബി തിരുമേനി(സ്വ)യെ കോരിയെടുത്തതും അടുത്തേക്ക് അടുപ്പിച്ച് നിർത്തിയതും. പ്രിയപ്പെട്ട നബി(സ്വ) തങ്ങൾ കടന്നുവരുന്ന വഴിയിലൂടെ ഖലീഫയും സഹചാരിയും വരുന്നത് കണ്ടപ്പോൾ തന്നെ ആ മാതാവിന്റെ ഉള്ള് ഇളകുവാൻ തുടങ്ങി. അവർ അടുത്തെത്തിയതും എല്ലാ നിയന്ത്രണം വിട്ടു അവർ കരയാൻ തുടങ്ങി. ആ ദുഃഖം കണ്ട് രണ്ടുപേരും ഏറെ വിഷമിച്ചു. എങ്ങനെ ഇവരെ സമാധാനിപ്പിക്കും എന്നായിരുന്നു അവരുടെ ഏറ്റവും വലിയ പ്രയാസം. അവസാനം അവർ പറഞ്ഞു: 'നമ്മൾ ഇങ്ങനെ കരഞ്ഞിട്ട് എന്ത് ചെയ്യാനാണ്, നമ്മുടെ നബിക്ക് അല്ലാഹു നല്ലതല്ലേ വിധിക്കൂ, അതുകൊണ്ട് ഈ വിയോഗവും അങ്ങനെ കരുതി നാം സമാധാനിക്കേണ്ടതല്ലേ..' ഉമ്മു അയ്മൻ പറഞ്ഞു: 'ഞാൻ നബി (സ്വ) മരണപ്പെട്ടു പോയി എന്നതോർത്തല്ല കരയുന്നത്, മറിച്ച്, അല്ലാഹുവുമായുള്ള ലോകത്തിൻ്റെ വഹ് യ് ബന്ധം മുറിഞ്ഞു പോയല്ലോ എന്ന് ആലോചിച്ചാണ്' ഒരു വിശ്വാസിയുടെ ശരിയായ വേദന എന്തായിരിക്കണം എന്ന് ലോകത്തെ പഠിപ്പിക്കുകയും കൂടിയാണ് ഈ അബ്സീനിയൻ ഉമ്മ ചെയ്യുന്നത്. വിയോഗത്തിലൂടെ വിട്ടുപോയ വ്യക്തിയുടെ ഗുണഗണങ്ങൾ നഷ്ടപ്പെട്ടതായിരിക്കണം നമ്മെ ഏറെ വേദനിപ്പിക്കുന്നത് എന്നാണ് ഈ ഹദീസിന്റെ സാരം. അടുത്തവർക്കും അടുത്തറിയുന്നവർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ ആവാത്ത ബഹുമാനപ്പെട്ട കെ ഇബ്രാഹിം ഫൈസിയുടെ വിയോഗത്തിലും സങ്കടത്തിന്റെയും ദുഃഖത്തിന്റെയും ആഴം നാം കാണുന്നത് ഇങ്ങനെ വിലയിരുത്തുമ്പോൾ ആണ്.


ഒറ്റപ്പെട്ട ഒറ്റ സംഭവത്തിലൂടെ ആയിരുന്നില്ല ഇബ്രാഹിം ഫൈസി നമ്മുടെ മനസ്സിലേക്ക് കയറിയത്. മറിച്ച്, അദ്ദേഹത്തോട് നമുക്ക് താല്പര്യവും ബഹുമാനവും അഭിനിവേശവും എല്ലാം തോന്നിപ്പിച്ചത് അദ്ദേഹം തന്റെ ജീവിതം കടന്നുപോയ ലോകത്തിൻ്റെ താൻ ഇഷ്ടപ്പെടുന്ന എല്ലാ സംസ്കാരങ്ങളെയും സ്വാംശീകരിച്ചു എന്നതാണ്. മതനിഷ്ടയുള്ള ഒരു കുടുംബത്തിൽ ആയിരുന്നു അദ്ദേഹം ജനിച്ചു വീണതും വളർന്നുവന്നതും. അവിടെ കുറെ പാരമ്പര്യങ്ങൾ ഉയർന്നുനിൽക്കുന്നുണ്ടായിരുന്നു. മതനിഷ്ടയോടെ ജീവിക്കുന്ന പിതാവ്, അതേ വഴിയിൽ പിന്തുടരുന്ന സഹോദരങ്ങൾ, സമുദായം ആ വഴിക്ക് കൽപ്പിക്കുന്ന സ്നേഹവും ബഹുമാനവും.. ഇതെല്ലാം അദ്ദേഹത്തെ സ്വാധീനിച്ചു. കുട്ടിക്കാലത്തു തന്നെ അദ്ദേഹം അവരെപ്പോലെയാകുവാൻ ആഗ്രഹിച്ചു. അവിടെ അദ്ദേഹം ജീവിതത്തിൻ്റെ ആ ഖണ്ഡത്തെ സ്വാംശീകരിക്കുകയായിരുന്നു. സാമ്പത്തികമായി തരക്കേടില്ലാത്ത കുടുംബത്തിൽ പിറന്ന അദ്ദേഹത്തിൻ്റെ വിദ്യാർത്ഥി ജീവിതത്തിനു മുമ്പിൽ ഭൗതികതയുടെ നിറപ്പകിട്ടുള്ള ഒരുപാട് മേഖലകൾ സജീവമായിരുന്നു. പക്ഷേ, അദ്ദേഹം തന്നെ നന്മയിലേക്ക് പ്രചോദിപ്പിക്കുന്ന വഴിയിലേക്കാണ് തിരിഞ്ഞത്. അങ്ങനെ അദ്ദേഹം ഒരു നല്ല മുതഅല്ലിമായി മാറി. കേരളത്തിലെ അത്യുന്നത മതകലാലയമായ ജാമിഅ നൂരിയയിൽ നിന്നുതന്നെ സനദ് നേടി. സാമ്പത്തികമായി ഭദ്രതയുള്ള ഒരു കുടുംബത്തിലെ അംഗം എന്ന നിലക്ക് പലരുടെയും ശ്രദ്ധ വഴിതെറ്റി വന്നത് അദ്ദേഹം എപ്പോഴായിരിക്കും തലപ്പാവഴിക്കുക എന്നത് ശ്രദ്ധിക്കുവാൻ ആയിരുന്നു. പക്ഷേ, അദ്ദേഹം അവരെയെല്ലാം നിരാശരാക്കി. ഒരുപാട് കാലം സജീവമായി മതാധ്യാപനം നടത്തുകയോ പൗരോഹിത്യ ജോലികൾ നിർവഹിക്കുകയോ ചെയ്തിട്ടില്ല എന്നിട്ടും അദ്ദേഹത്തിൻ്റെ തലപ്പാവും ശുഭ്ര വസ്ത്രവും ഒന്നും ഒട്ടും ജീവിതത്തെ വിട്ടുപോയില്ല. ജീവിതാന്ത്യം വരെയും മരിച്ചു കിടക്കുമ്പോഴും ആ തലപ്പാവ് അദ്ദേഹത്തിന് കിരീടമായിരുന്നു. അതിന് അദ്ദേഹം നിർബന്ധിതനാവുകയായിരുന്നില്ല, മറിച്ച്, അദ്ദേഹം അതിനെ അഭിമാനമായി കരുതുകയായിരുന്നു. ഇങ്ങനെ നാം അദ്ദേഹത്തെ അടുത്തുനിന്ന് കാണുമ്പോൾ ജീവിതത്തിൻ്റെ ഈ ഘട്ടത്തെയും അതായത്, അതിലെ മൂല്യങ്ങളെയും അദ്ദേഹം സ്വന്തം ജീവിതംകൊണ്ട് സ്വാംശീകരിച്ചു എന്നു പറയാം.


പിന്നെ ജീവിതത്തിൻ്റെ മൂന്നാം ഭാഗം സൗദി അറേബ്യയിൽ ബിസിനസ്സുകാരനായി കൊണ്ടായിരുന്നു. വിദേശ രാജ്യത്തെ പ്രാദേശിക മാർക്കറ്റിന്റെ എല്ലാ സ്പന്ദനങ്ങളും നന്നായി അറിയുന്ന സമർത്ഥനായ ഒരു വസ്ത്ര വ്യാപാരിയായിരുന്നു അദ്ദേഹം. നിരവധി പേർക്ക് ജീവിതമാർഗവും നിരവധി പദ്ധതികൾക്ക് നിലനിൽപ്പിന്റെ സ്രോതസ്സും എല്ലാം ആയി അദ്ദേഹത്തിന്റെ സംരംഭങ്ങൾ. പക്ഷേ, അപ്പോഴും അദ്ദേഹം തികച്ചും സത്യസന്ധനായ ഒരു വ്യാപാരി ആയിരുന്നു. വഞ്ചനയും കപടതയും നിറഞ്ഞ കച്ചവട ലോകത്തിൽ അദ്ദേഹത്തിൻ്റെ വേറിട്ട വഴികൾ കാണുമ്പോൾ വ്യക്തമാകും 'വിശുദ്ധനായ കച്ചവടക്കാരൻ സച്ചരിതരോടൊപ്പം ആയിരിക്കും നാളെ പാരത്രിക ലോകത്ത്' എന്ന നബി വചനമാണ് അദ്ദേഹത്തിൻ്റെ കച്ചവടത്തിൽ പ്രചോദനമായി വർത്തിക്കുന്നത് എന്ന്. അങ്ങനെ കച്ചവടക്കാരൻ എന്ന ജീവിത ഘട്ടത്തെയും അദ്ദേഹം സ്വാംശീകരിച്ചു. തീവ്രമായ വിപ്രവാസം അവസാനിപ്പിച്ച് നാട്ടിൽ കാലുറപ്പിക്കുമ്പോൾ അദ്ദേഹത്തിന് പ്രധാനമായും വേണ്ടിയിരുന്നത്, തൻ്റെ വേഷത്തോടും വിധാനത്തോടും പ്രാസ്ഥാനിക വഴിയോടും ആദർശ ലോകത്തോടും നൂറു ശതമാനം നീതിപുലർത്തുന്ന ഒരു വേദിയായിരുന്നു. അദ്ദേഹത്തിൻ്റെ മനസ്സിൻ്റെ ആഗ്രഹം പോലെ അത് അല്ലാഹു അദ്ദേഹത്തിന് എത്തിച്ചുകൊടുത്തു. സമസ്തയുടെ പ്രാസ്ഥാനിക ലോകത്ത് സജീവമാകുന്ന അതേസമയം തന്നെ അദ്ദേഹം ജാമിഅ നൂരിയ്യയുടെ സെക്രട്ടറി പദത്തിൽ അവരോധിതനായി. വലുപ്പത്തിലും അർത്ഥത്തിലും ജാമിഅ നൂരിയ്യ കഴിഞ്ഞ കാലത്തെ പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് നേടിയ വൻ വിജയങ്ങളിൽ അദ്ദേഹത്തിൻ്റെ കയ്യൊപ്പ് ഉണ്ടായിരുന്നു. ഒന്നും കിട്ടണമെന്ന് ആഗ്രഹിക്കാതെ അദ്ദേഹം ജാമിഅയിലെ മക്കളെ തീറ്റിപ്പോറ്റുന്നതിൽ കണ്ണും ഖൽബും നട്ടു ജീവിച്ചു. ജാമിഅക്ക് വേണ്ടി സ്വന്തം കാര്യങ്ങളെയും താൽപര്യങ്ങളെയും എല്ലാം അദ്ദേഹം മാറ്റിവെച്ചു. അത്തരം ഒരു നിശബ്ദ വിപ്ലവകാരിയെയാണ് സത്യത്തിൽ ജാമിഅ ഈ സമയങ്ങളിൽ ആഗ്രഹിച്ചിരുന്നത്. അവിടെ ഉണ്ടായ നഷ്ടം അക്ഷരങ്ങളിലേക്ക് പകർത്തുവാൻ കഴിയാത്തതാണ്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഏൽപ്പിച്ചത് ആയിരുന്നു അദ്ദേഹത്തെ ആ ദൗത്യം. അത് ഭംഗിയായി നിർവഹിക്കുക വഴി ജീവിതത്തിൻറെ അവസാന ഖണ്ഡത്തെയും അദ്ദേഹം തൻറെ സ്വന്തം നീക്കിയിരിപ്പാക്കി മാറ്റി. ഇവ്വിധം നിറഞ്ഞു വിജയിച്ച ഒരു വ്യക്തിത്വമായതുകൊണ്ടാണ് നാം അദ്ദേഹത്തിൻ്റെ അടുപ്പക്കാർ ഇത്രമേൽ ഇപ്പോഴും സങ്കടപ്പെടുന്നത്.


മതപരമായ ശുഷ്കാന്തി യുടെ പ്രതിരൂപമായിരുന്നു അദ്ദേഹം. അതിൽ ഏറ്റവും പ്രാധാന്യം കൽപ്പിച്ചിരുന്നത് ഏറ്റവും പ്രാധാന്യം കൽപ്പിക്കേണ്ടതിന് തന്നെയായിരുന്നു. അത് നിസ്കാരമാണ്. വിശ്വാസിയുടെ ജീവിതത്തിലെ ഏറ്റവും ശ്രേഷ്ഠമായ കർമ്മവും ഏറ്റവും പ്രധാനമായ ഉത്തരവാദിത്വവും അഞ്ചുനേരത്തെ നിസ്കാരമാണ് എന്നും അത് തന്നെ അതിൻ്റെ ആദ്യ സമയത്തു തന്നെ നിർവഹിക്കുന്നത് ഏറെ മഹത്തരമാണ് എന്നും നബി തങ്ങൾ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ഏതു തിരക്കിന്റെ ഇടയിലും ഏത് പ്രോഗ്രാമിലും അദ്ദേഹത്തിൻ്റെ വ്യതിരിക്തത കൃത്യമായ നിസ്കാരം തന്നെയായിരുന്നു. ഒരു സെക്രട്ടറി എന്ന നിലക്ക് ജാമിഅയുടെ വാർഷിക പരിപാടികൾ നടക്കുമ്പോൾ ഏത് ചർച്ചാ മേശയിൽ നിന്നും ഏത് പ്രോഗ്രാമിൽ നിന്നും അദ്ദേഹം ഇടം വലം നോക്കാതെ ഇറങ്ങിപ്പോകുന്നത് ജമാഅത്തുകളിൽ എത്തിച്ചേരുവാൻ വേണ്ടി മാത്രമായിരുന്നു. ആ സമയമായാൽ മറ്റൊന്നിനും അദ്ദേഹത്തെ തടയാൻ കഴിയുമായിരുന്നില്ല എന്നത് ഒരു അനുഭവമാണ്. നബി(സ്വ) തിരുമേനി അങ്ങനെയായിരുന്നു എന്ന് നമ്മുടെ മാതാവ് ആയിഷ ബീവി(റ) പറഞ്ഞത് ഇവിടെ നമുക്ക് ഓർക്കാം. നബി തങ്ങൾ വീട്ടിൽ എങ്ങനെയായിരുന്നു എന്ന് ആരോ ആരാഞ്ഞപ്പോൾ ആയിഷാ ബീവി പറഞ്ഞു: 'നബി(സ്വ) വീട്ടുജോലികളിൽ ഞങ്ങളോടൊപ്പം കൂടുകയും തന്റെ സ്വന്തം കാര്യങ്ങൾ ഓരോന്നും ചെയ്തുതീർക്കുകയും ചെയ്യുമായിരുന്നു. എന്നാൽ വാങ്കു കേട്ടാൽ പിന്നെ അദ്ദേഹം ഞങ്ങളെയോ ഞങ്ങൾ അദ്ദേഹത്തെയോ ഒട്ടും അറിയാത്തതുപോലെ അദ്ദേഹം നിസ്കാരത്തിനു വേണ്ടി ഇറങ്ങി പോകുമായിരുന്നു' തൻ്റെ വേഷം കൊണ്ടും സമീപനം കൊണ്ടും ഇത്തരം ചടുലതകൾ കൊണ്ടുമെല്ലാം മറ്റുള്ളവരെ പഠിപ്പിക്കുകയായിരുന്നു അദ്ദേഹം എന്നു പറയാം. അതായത്, പ്രബോധനത്തിന് വേണ്ടി ആ പണ്ഡിതൻ ഏറ്റവും ആശ്രയിച്ചത് സ്വന്തം ജീവിതത്തെ തന്നെയായിരുന്നു എന്നു ചുരുക്കം. മറ്റൊരു ഗുണം അദ്ദേഹത്തിൻ്റെ സഹായ മനസ്ഥിതിയായിരുന്നു. കാഴ്ചക്കപ്പുറത്ത് അദ്ദേഹം എല്ലാവരെയും ചോദിച്ചറിഞ്ഞ് സഹായിക്കുമായിരുന്നു. അക്കാര്യത്തിൽ അദ്ദേഹം പലപ്പോഴും തന്റെ കൂടെയുള്ള സമുദായത്തിന്റെ നിഷ്കർഷകള് പോലും ലംഘിക്കുമായിരുന്നു. അദ്ദേഹത്തിൻ്റെ നിർലോഭവും ആവർത്തിച്ചുള്ളതുമായ സഹായം പറ്റിയിരുന്ന പ്രാസ്ഥാനിക വിരുദ്ധരെ പോലും കൃത്യമായി നമുക്കറിയാം. പക്ഷേ രണ്ടിനെയും രണ്ടായി കാണുവാൻ അദ്ദേഹം എപ്പോഴും ശ്രമിക്കുമായിരുന്നു. അവശരായ ഉസ്താദുമാർ, വൃദ്ധജനങ്ങൾ, സഹായം ആവശ്യമുള്ള സുഹൃത്തുക്കൾ എന്നിവരെയെല്ലാം അദ്ദേഹം എപ്പോഴും തിരഞ്ഞുപിടിച്ചു സഹായിച്ചു. അത്തരം സഹായങ്ങൾ പറ്റിയ നിരവധി ആൾക്കാരുടെ തേങ്ങലുകൾ ഇപ്പോഴും നിശബ്ദമായി ഉയരുന്നുണ്ട്.


എസ് കെ എസ് എസ് എഫ് പ്രഥമ സംസ്ഥാന അധ്യക്ഷൻ അഷ്റഫ് ഫൈസി കണ്ണാടിപ്പറമ്പ് ഇബ്രാഹിം ഫൈസിയുടെ സ്വഭാവം ഓർമ്മപ്പെടുത്തവെ ഉദാഹരിച്ചത് ഇങ്ങനെയായിരുന്നു: 'ഇബ്രാഹിം ഫൈസിയോട് തെറ്റുക എന്നത് കഴിയാത്ത ഒരു കാര്യമായിരുന്നു അഥവാ തെറ്റിയാൽ തന്നെ ആ തെറ്റലിനെ മൂന്നു മിനിറ്റിൽ അധികം ആയുസ്സ് ഉണ്ടാകുമായിരുന്നില്ല'. അവർ രണ്ടുപേരും ഒന്നിച്ച് ജാമിഅയിൽ ഒരുമിച്ച് പഠിച്ചവരായിരുന്നു. അതിനാൽ അവർ രണ്ടുപേർക്കും പരസ്പരം നന്നായി അറിയുമായിരുന്നു. സ്വഭാവത്തിന്റെ ഈ സവിശേഷത അശ്റഫ് ഫൈസിക്ക് മാത്രമല്ല എല്ലാവർക്കും ബോധ്യപ്പെട്ട ഒരു കാര്യമാണ്. അത്രമേൽ തെളിമയാർന്ന മനസ്സിൻ്റെ ഉടമയായിരുന്നു അദ്ദേഹം. ഇത്ര തെളിഞ്ഞ മനസ്സ് അദ്ദേഹത്തിന് കൈവന്നത് പ്രധാനമായും രണ്ട് കൈവഴികളിലൂടെ ആയിരിക്കും എന്ന് കരുതുന്നു. ഒന്നാമതായി, ജനിച്ചുവളർന്ന കുടുംബ പശ്ചാത്തലം. അവിടെ എപ്പോഴും ഇൽമിനും തഖ്‌വക്കുമായിരുന്നു മേൽക്കൈ. അതുകൊണ്ട് അവ പകരുന്ന ശീലങ്ങളും സ്വഭാവങ്ങളും മനസ്സിലും ജീവിതത്തിലും പതിഞ്ഞു. രണ്ടാമതായി ഔലിയാക്കളും ആയുള്ള ഹൃദയബന്ധമാണ്. അഹ്ലുസ്സുന്നത്ത് അംഗീകരിക്കുന്ന എല്ലാ സ്വൂഫീ സരണികളെയും അദ്ദേഹം സ്വീകരിക്കുകയും സമ്പൂർണ്ണമായി ആചരിക്കുകയും ചെയ്യുമായിരുന്നു. ആത്മീയതയുടെ മണം മനോജ്ഞമാണ്. അത് ആകർഷകമാണ്. അവിടേക്ക് നോക്കുന്നവർക്കും കടന്നുചെല്ലുന്നവർക്കും എല്ലാം അഭൗമമായ ആ മണം ഉണ്ടാകും. സംഘടനയിലും പ്രസ്ഥാനത്തിലും അദ്ദേഹം തന്റെ മേലെ ഉള്ളവരെ എല്ലാവരെയും ഉള്ളു തുറന്നു ബഹുമാനിച്ചു. പാണക്കാട്ടെ സാദാത്തുക്കളുമായി ചോദിക്കാതെയും സമ്മതം വാങ്ങിക്കാതെയും സ്വന്തം കാര്യങ്ങൾ പോലും അദ്ദേഹത്തിന് ചെയ്യാൻ കഴിയുമായിരുന്നില്ല. ഗാഢമായ അത്തരം ഹൃദയബന്ധം തന്നെ എല്ലാവരുമായും പുലർത്തുവാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു. അതിനിടയിൽ അദ്ദേഹം എവിടെയും ഒട്ടും അഭിനയിക്കുമായിരുന്നില്ല എന്നതാണ് അടിവരയിടേണ്ടത്. കാപട്യത്തിൽ കുളിച്ചു നിൽക്കുന്ന പുതിയ കാലത്തെ ആദർശ പ്രാസ്ഥാനികതകളിൽ കുറേ ആവശ്യമില്ലാത്ത അഭിനയങ്ങളാണ്. ഒരുതരം പ്രകടനാത്മകത. അതിലൂടെ എന്ത് കിട്ടിയാലും അത് എത്രയോ വലുതാണ് എന്ന് കരുതുന്ന ഒരു കാലവും ലോകവും. അവിടെ അവർക്കെല്ലാം ഇടയിലും മുമ്പിലും ഇബ്റാഹിം ഫൈസി ഒരു വേറിട്ട വ്യക്തിത്വം തന്നെ ആയിരുന്നു. ഇത്തരം അവസ്ഥാന്തരങ്ങളിൽ ആരും കാണാതെ അറിയാതെ അദ്ദേഹം ഏറെ വേദനിക്കുകയും ചെയ്തു.


മനുഷ്യ മുത്തശ്ശിയുടെ നാടായ ജിദ്ദാ നഗരത്തിലായിരുന്നു അദ്ദേഹത്തിൻ്റെ സാന്നിധ്യം ഒരു സ്മാരകമായി ഉയർന്നത്. അദ്ദേഹം തന്റെ സതീർത്ഥ്യരോടും സഹപ്രവർത്തകരോടും ഒപ്പം നിന്നുകൊണ്ട് തീർത്ത വിപ്ലവം ഇപ്പോഴും സ്മര്യമാണ്. അതിൻ്റെ സ്മാരകമാണ് ജിദ്ദ ഇസ്ലാമിക് സെൻറർ. ഇപ്പോൾ എസ് ഐ സി യുടെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജിദ്ദയിലെ ഇസ്ലാമിക് സെൻറർ നിരവധി വിശ്വാസികൾക്ക് ആത്മീയതയുടെയും അറിവിൻറെയും ഊർജ്ജം പകർന്ന ഒരു സംരംഭമായിരുന്നു. അതിൻ്റെ ഇന്നും നിലക്കാത്ത വളർച്ചയുടെ പിന്നിൽ അദ്ദേഹത്തെ പോലുള്ള നിഷ്കാമകർമ്മികളുടെ സാന്നിധ്യമാണ് പ്രധാനമായും ഉള്ളത് എന്ന് എല്ലാവർക്കും അറിയാം. അത് അന്നുതന്നെ നന്നായി വളർന്നു. 2000 വിദ്യാർഥികൾക്ക് ധാർമിക മൂല്യമുള്ള വിദ്യാഭ്യാസം പകർന്നു നൽകി 15 വർഷം പ്രവർത്തിച്ച ശാത്തി അൽനൂർ ഇൻറർനാഷണൽ സ്കൂൾ ഒരു ഉദാഹരണമാണ്. ജിദ്ദയിൽ 60 ഓളം ശാഖകളിലായി ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്ന ഇസ്ലാമിക് സെൻറർ മേൽപ്പറഞ്ഞതിനേക്കാൾ വലിയ മറ്റൊരു ഉദാഹരണമാണ്. അദ്ദേഹത്തെക്കുറിച്ച് പറയുമ്പോൾ എല്ലായിടത്തും അദ്ദേഹത്തെ കാണുക ഒരു പിന്നാമ്പുറ ശക്തിയായിട്ടാണ്. മുന്നിലേക്ക് വരാനും മുന്നിൽ നിന്ന് നയിക്കുവാനും അദ്ദേഹം അത്രതന്നെ താൽപര്യം കാണിച്ചിരുന്നില്ല. പക്ഷേ നയിക്കപ്പെടേണ്ടതെല്ലാം നിലക്കാതിരിക്കുവാൻ അദ്ദേഹത്തിൻ്റെ ജാഗ്രത എപ്പോഴും ഉണ്ടായിരുന്നു. അതുതന്നെയാണ് അദ്ദേഹത്തെ നിഷ്കളങ്കനും ത്യാഗിയുമാക്കി മാറ്റുന്നത്.


അല്ലാഹു അദ്ദേഹത്തിൻ്റെ തെളിമയും തെളിച്ചവും ഉള്ള ജീവിതത്തിന് അവൻ്റെ ജന്നത്തും മിന്നത്തും പകരം നൽകുമാറാകട്ടെ, ആമീൻ.
0

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso