Thoughts & Arts
Image

അറഫയിൽ നിന്ന് പെരുന്നാളിലേക്ക്

2025-06-27

Web Design

15 Comments

വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി





നമുക്ക് ഇന്നാണ് ദുൽ ഹിജ്ജ ഒമ്പത്. അതിനാൽ ഇന്നാണ് നമുക്ക് അറഫാ ദിനം. ഇന്നാണ് അറഫാ ദിനത്തിൽ നമ്മോട് ചെയ്യാൻ പറഞ്ഞതെല്ലാം ചെയ്യേണ്ടത്. അപ്പോൾ നാളെ ദുൽ ഹിജ്ജ മാസം പത്തും ബലി പെരുന്നാളും ആയിരിക്കും. അന്നാണ് പെരുന്നാളിൽ ചെയ്യാൻ കൽപ്പിക്കപ്പെട്ടതെല്ലാം ചെയ്യേണ്ടത്. കുട്ടികളോട് പറയും പോലെ ഇത് ഇങ്ങനെ പറയുന്നത് എന്തിനാണ് എന്ന് ചിലരെങ്കിലും ആശ്ചര്യപ്പെട്ടേക്കാം. അത്തരം ചില തെറ്റിദ്ധാരണകൾ ചെറിയ നിലക്കാണെങ്കിലും ശ്രദ്ധിയിൽപ്പെട്ടതു കൊണ്ടാണ് ഇങ്ങനെ പറയേണ്ടിവന്നത്. എന്നാൽ ഈ തെറ്റിദ്ധാരണ ഫിഖ്ഹിലോ മദ്ഹബിലോ ഉണ്ടായ അഭിപ്രായ വിത്യാസത്തെ തുടർന്ന് ഉണ്ടായതല്ല. അങ്ങനെയായിരുന്നു എങ്കിൽ അതങ്ങനെ വിടാമായിരുന്നു. ഇത് സാധാരണക്കാരെ ചിന്താ കുഴപ്പത്തിൽ വീഴ്ത്താനും പരമ്പരാഗതമായി പിന്തുടർന്നു പോരുന്ന കൃത്യതയെയും അതിൻ്റെ വാക്താക്കളായ പണ്ഡിതരെയും ഇകഴ്ത്തുവാനും ചിലർ ഉന്നയിക്കുന്ന വെറും യുക്തിയിലധിഷ്ഠിതമായ ഒരു തെറ്റിദ്ധരിപ്പിക്കൽ മാത്രമാണ്. ഹാജിമാർ അറഫയിൽ നിന്നത് ഇന്നലെയല്ലേ, അതുകൊണ്ട് അന്നല്ലേ അറഫ ആചരിക്കേണ്ടത് എന്നാണ് ആ യുക്തി. ഈ തെറ്റിദ്ധാരണ തീർക്കുവാൻ തിരിച്ചും ഒരു യുക്തി തന്നെ ഉപയോഗിച്ചാൽ മതി. അങ്ങനെയാണെങ്കിൽ മക്കത്ത് ളുഹർ വാങ്ക് വിളിക്കുമ്പോൾ ലോക മുസ്ലിംകൾ എല്ലാവരും അവരവരുടെ നാടുകളിൽ ളുഹർ നിസ്കരിക്കണമെന്നാണോ? എന്ന മറുചോദ്യത്തിലെ യുക്തി. ഇങ്ങനെയൊക്കെ അന്ധമായ വിരോധവും പരിഹാസവും നടത്തുന്നവർ ആ വികാരത്തള്ളിച്ചയിൽ ഭൂമി ഉരുണ്ടതാണ് എന്ന വസ്തുത തന്നെ മറന്നുപോയതാണ് അവർക്കു പറ്റിയത്. നമുക്ക് നമ്മുടെ വിഷയത്തിലേക്ക് വരാം. നമ്മുടെ വിഷയം ആരാധനകളാണ്. ആരാധനകൾക്ക് സമയം അതിൻ്റെ ഉപാധിയാണ്. സമയം എന്നാൽ ആ ആരാധന ചെയ്യുന്ന ആളുടെ സമയമാണ്. ദുൽ ഹിജ്ജ 9 ആണ് അഫാദിനത്തിൻ്റെ സമയം. ഒരാൾ ജീവിക്കുന്ന സ്ഥലത്തെ കലണ്ടറനുസരിച്ച് എന്നാണോ ഒമ്പത് അന്നാണ് അവിടെ വെച്ച് അയാൾ അന്നത്തെ കർമ്മങ്ങൾ ചെയ്യേണ്ടത്. അന്നയാൾ ഇഹ്റാമോടെ ഹജ്ജിലാണ് എങ്കിൽ അറഫയിൽ നിൽക്കണം. അല്ലെങ്കിൽ അറഫാദിനത്തിൻ്റെ സുന്നത്ത് നോമ്പ് അനുഷ്ടിക്കണം. അതനുസരിച്ച് ഈ വെള്ളിയാഴ്ച അറഫ ആചരിക്കുന്ന ഒരു കേരളക്കാരൻ ഈ ദിനം മക്കത്താണെങ്കിൽ അന്നവൻ ചെയ്യേണ്ടത് അവിടത്തെ കലണ്ടറനുസരിച്ചാണ്. ഈ ദിവസം സന്ദർശനാർഥം കേരളത്തിൽ ഉള്ള ഒരു സൗദി പൗരൻ ചെയ്യേണ്ടത് ഇവിടത്തെ കലണ്ടറുമനുസരിച്ചുമാണ് എന്നു ചുരുക്കം.


അറഫാ ദിനം ഏറ്റവും ശ്രേഷ്ഠമായ ദിനമാണ്. ഈ ദിനത്തിന്റെ ശ്രേഷ്ഠതകൾ ആരംഭിക്കുന്നത് വിശുദ്ധ ഖുർആനിൽ ഈ ദിനം എടുത്തു പറയപ്പെട്ടിട്ടുണ്ട് എന്നിടത്തുനിന്നാണ്. അല്ലാഹു പറയുന്നു:
'വാഗ്ദാനം ചെയ്യപ്പെട്ട ആ ദിവസം തന്നെയാണ് സത്യം. സാക്ഷിയും സാക്ഷ്യം വഹിക്കപ്പെടുന്ന കാര്യവും തന്നെയാണ് സത്യം' (85: 2,3) ഇവിടെ 'വാഗ്ദാനം ചെയ്യപ്പെട്ട ദിവസം’ എന്നത് അന്ത്യനാളും ‘സാക്ഷ്യം വഹിക്കപ്പെടുന്നത്’ എന്നത് അറഫാദിനവും ‘സാക്ഷി’ എന്നത് ജുമുഅ ദിവസവുമാണ് എന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട് (തിര്‍മിദി). അല്ലാഹുവിൻ്റെ മഹാകാരുണ്യങ്ങളുടെ സാക്ഷ്യങ്ങളും സാന്നിധ്യങ്ങളും ആണ് ഇവിടെ വിവക്ഷിക്കപ്പെടുന്നത്. പ്രത്യേകതയുള്ള ദിനങ്ങളെയെല്ലാം ആ പ്രത്യേകതകൾക്ക് വേണ്ടിയുള്ള നന്ദി എന്നോണം വ്രതമനുഷ്ഠിച്ചു കൊണ്ട് ആചരിക്കുക എന്നത് ഇസ്ലാമിൻ്റെ ഒരു ശൈലിയാണ്. ആ അർത്ഥത്തിൽ ഈ ദിനം സുന്നത്ത് നോമ്പ് ആയി ആചരിക്കുവാൻ നബി(സ്വ) തങ്ങൾ പറഞ്ഞിട്ടുണ്ട്. എന്നല്ല, സുന്നത്ത് നോമ്പുകളുടെ ശ്രേണിയിൽ ഏറ്റവും ശ്രേഷ്ഠമായത് ഈ നോമ്പാണ്. നബി(സ്വ) പറഞ്ഞു: അറഫ ദിനത്തിലെ നോമ്പ് കാരണം അല്ലാഹു കഴിഞ്ഞ വര്‍ഷത്തെയും വരാനിരിക്കുന്ന വര്‍ഷത്തെയും പാപങ്ങള്‍ അല്ലാഹു പൊറുത്ത് തരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. (മുസ്‌ലിം). അല്ലാഹു തൻ്റെ അടിമകളോട് ഏറ്റവും ഉദാരനായിരിക്കുന്ന ദിവസമാണ് ഇത്. അതിനു പല കാരണങ്ങളുമുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്, പ്രപഞ്ചം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ത്യാഗത്തിന് സാക്ഷ്യം വഹിച്ച ദിനമാണ് അത് എന്നതാണ്. ഈ ത്യാഗം വിസ്മൃതിയിൽ പെട്ടു പോകാതിരിക്കുവാൻ കാലാകാലങ്ങളിൽ വിശ്വാസികൾ അറഫയിൽ പ്രാർത്ഥനകളുമായി സംഗമിക്കുന്ന ദിനം എന്നതാണ് മറ്റൊന്ന്. അവയാലെല്ലാം പുളകിതനാകുന്ന അല്ലാഹു തൻ്റെ ഉദാരത ഈ ദിനത്തിൽ ചൊരിയുക തന്നെ ചെയ്യും. ആഇശ(റ)യിയില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്ന ഒരു ഹദീസിൽ നബി (സ്വ) പറഞ്ഞു: ‘അല്ലാഹു ഒരടിമയെ നരകത്തില്‍ നിന്നും മോചിക്കാന്‍ ഏറെ ഇടയുള്ള ഒരു ദിനം അറഫാദിനത്തേക്കാള്‍ മറ്റൊന്നില്ല.(മുസ്‌ലിം). ഈ ദിനത്തിൽ ഹജ്ജ് കർമ്മങ്ങളിൽ വ്യാപൃതരല്ലാത്ത എല്ലാ മുസ്ലിമീങ്ങൾക്കും ചെയ്യാനുള്ളത് സുന്നത്ത് നോമ്പ് അനുഷ്ഠിക്കുകയും ദുആ ചെയ്യുകയും ചെയ്യുക എന്നതാണ്. നബി (സ്വ) പറഞ്ഞു: ഏറ്റവും നല്ല പ്രാര്‍ത്ഥന അറഫാദിനത്തിലെ പ്രാര്‍ത്ഥനയാണ് (തിര്‍മിദി).


വിശ്വാസികളുടെ ആത്മീയ പുളകത്തെ ഉത്തേജിപ്പിക്കുന്ന മറ്റൊരു ഘടകം കൂടി അറഫാ ദിനം ഉൾക്കൊള്ളുന്നുണ്ട്. അത് ഇസ്ലാം എന്ന ജീവിത സംഹിത ലോകത്തിന് പൂർത്തീകരിക്കപ്പെട്ടു എന്നതാണ്. മനുഷ്യൻ്റെ ശരീരത്തിനും ജീവിത പരിസരത്തിനും സൃഷ്ടാവ് കൽപ്പിച്ചിരിക്കുന്നത് ക്രമപ്രവൃദ്ധമായ ഒരു വളർച്ചയാണ്. അവനും അവൻ്റെ ജീവിത സംസ്കാരവും വളർന്നു വളർന്ന് വരികയായിരുന്നു. അതിനാൽ തന്നെ തുടക്കത്തിൽ ഇസ്ലാം എന്ന സംഹിത സമ്പൂർണ്ണമായി നൽകേണ്ടിയിരുന്നില്ല. പിന്നെ ഓരോ പ്രവാചകന്റെയും കാലഘട്ടത്തിലും ഈ വളർച്ച തുടർന്നുവന്നു. അതേസമയം, ഈ വളർച്ച പൂർണ്ണത പ്രാപിക്കുന്നത് മഹാനായ നബി തിരുമേനിയുടെ കാലത്താണ്. അതുകൊണ്ട് അന്ത്യപ്രവാചകനായി അവൻ നിയോഗിച്ച നബി(സ്വ) തിരുമേനിയിലൂടെ തന്നെ ഇസ്ലാമിനെ പരിപൂർണ്ണമായി ലോകത്തിന് അവൻ കൈമാറി. ഇനി അന്ത്യനാൾ വരേക്കും ഒരു നിയമത്തിന്റെ ആവശ്യം വരാത്ത വിധം അതിനെ പൂർത്തീകരിച്ചു. അത് പ്രഖ്യാപിക്കുകയും ചെയ്തു അത് പ്രഖ്യാപിക്കപ്പെട്ടത് ദുൽഹിജ്ജ പത്താം വർഷത്തിൽ ഒമ്പതാം ദിനത്തിൽ നബിയും ഒന്നേകാൽ ലക്ഷം അനുയായികളും അറഫയിൽ സംഗമിച്ചപ്പോൾ ആയിരുന്നു. ആ മഹാ പ്രഖ്യാപനം നടന്ന ദിനം എന്നതാണ് വിശ്വാസികളുടെ ആ ആത്മീയ പുളകം. അൽ മാഇദ അധ്യായത്തിലെ ആ ആ മൂന്നാം സൂക്തം ഉൾക്കൊള്ളുന്ന ഈ മഹാവികാരം ചൂണ്ടിക്കാണിച്ച് 'ഇത് ഞങ്ങൾക്കായിരുന്നു അവതരിച്ചത് എങ്കിൽ ഇത് അവതരിച്ച ആ ദിനത്തെ ഞങ്ങൾ ഒരാഘോഷമാക്കി മാറ്റുമായിരുന്നു' എന്ന് യഹൂദികൾ ഉമർ(റ)നോട് പറഞ്ഞതായി കാണാം (ബുഖാരി). ഈദിനത്തെ ഏറ്റവും മഹത്തായ ദിനമായി കരുതുവാനും ആചരിക്കുവാനും ഒരു സത്യവിശ്വാസിക്ക് ഈ പുളകങ്ങളെല്ലാം എത്രയോ മതിയാകുന്നതാണ്.


നാളെ പെരുന്നാൾ ദിനമാണ്. കാലക്രമത്തിൽ എല്ലാ കാര്യങ്ങൾക്കും അർത്ഥഭേദം സംഭവിച്ചപ്പോൾ ഇപ്പോൾ ബലി പെരുന്നാളും അടിച്ചുപൊളിക്കാനും ഉല്ലാസങ്ങളിലും വിനോദങ്ങളിലും അഭിരമിക്കുവാനുമുള്ള ഒരു അവധിദിനം എന്ന അർഥത്തിലേക്ക് മാറിയിരിക്കുന്നു. സത്യത്തിൽ സൃഷ്ടാവായ അല്ലാഹുവിനോട് ഏറെ ആത്മീയ വൈകാരികതയോടെ നന്ദി പ്രകടിപ്പിക്കുന്ന ആരാധനകളിൽ വ്യാപൃതരാവാനുള്ള ദിവസമാണ് ബലിപെരുന്നാൾ. ഇത് അല്ലാഹുവിൻ്റെ മഹാകാരുണ്യം ചെയ്തിറങ്ങിയതിന്റെ നന്ദിപ്പെരുന്നാളാണ്. അതുകൊണ്ടുതന്നെ ആത്മീയതയുടെ നിഴലിൽ നിന്ന് മാറേണ്ടി വരാത്ത വിധമുള്ള കർമ്മങ്ങൾ കൊണ്ട് ഈ ദിനത്തെ ഇസ്ലാം സജീവമാക്കുന്നു. ഇതിൻ്റെ ഭാഗമാണ് 'അല്ലാഹു അക്ബർ' എന്ന പ്രഘോഷണം. ബലിപെരുന്നാളിന് രണ്ട് തരം തക്ബീറുകൾ ഉണ്ട് എന്നാണ് കർമശാസ്ത്രം. അവയിൽ പൊതുവായത് ദുൽഹിജ്ജ മാസം ഒന്നു മുതൽ തന്നെ ആരംഭിക്കും. വിശ്വാസികളുടെ മനസ്സും ജീവിത പരിസരങ്ങളും തക്ബീറിന്റെ സാന്നിധ്യം ഉള്ളതായിരിക്കണം ഈ ദിവസങ്ങൾ എന്നാണ് അതിൻ്റെ പൊരുൾ. പെരുന്നാൾ ദിനവുമായി പ്രത്യേകം ബന്ധിപ്പിച്ചിട്ടുള്ള രണ്ടാമത്തെ ഇനം തക്ബീർ അറഫാ ദിവസത്തിലെ സുബഹ് നിസ്കാരം മുതൽ തുടങ്ങുന്നതാണ്. പള്ളികളിലും കവലകളിലും ജനസംഗമങ്ങളിലും എല്ലാം ഈ മന്ത്രം 13 ന് അസ്വർ വരെ ഉയരണം എന്നാണ് ഇസ്ലാമിൻ്റെ താല്പര്യം. പെരുന്നാൾ പ്രഭാതത്തിൽ ആത്മീയ ആവേശത്തോടെ കൂടി നിസ്കാരത്തിനു വേണ്ടി വിശ്വാസികൾ തയ്യാറാകുന്നു. അതിനുവേണ്ടി കുളിച്ചൊരുങ്ങുന്നത് ഏറെ പ്രതിഫലമുള്ള സുന്നത്താണ്. ബലിപെരുന്നാളിന് സൂര്യൻ ഉദിച്ചു കഴിഞ്ഞാൽ വേഗം പള്ളിയിലെത്തുകയും ഈദ് നമസ്കാരം നിർവഹിക്കുകയും ചെയ്യണമെന്നാണ്. ഭക്ഷണം പോലും പിന്നെയാക്കുന്നതാണ് ഉചിതം എന്ന് പണ്ഡിതർ പറയുന്നു. തക്ബീറുകളാൽ മുഖരിതമാകുന്ന നിസ്കാരവും തുടർന്നുള്ള അനുബന്ധ പ്രാർത്ഥനകളും എല്ലാം കഴിഞ്ഞാലുടനെ എല്ലാ വിശ്വാസികളും ബലികർമ്മത്തിന് സാക്ഷ്യം വഹിക്കുന്നു. അത് അവരിൽ വേറെ ഉന്നതമായ ആത്മീയ വികാരങ്ങൾ ഉണർത്തുന്ന കാര്യമാണ്.


കർമ്മ ശാസ്ത്ര വിധികൾക്കപ്പുറത്ത് പെരുന്നാളിന് വലിയ മാനവിക തലങ്ങളുണ്ട്. അത്, സാമൂഹ്യജീവിയായ മനുഷ്യൻ തന്റെ എല്ലാ സാമൂഹ്യബന്ധങ്ങളെയും സമുദ്ധരിക്കുക എന്നതാണ്. അതിലേക്ക് യഥാർത്ഥ വിശ്വാസിയുടെ ആഘോഷങ്ങൾ ചുരുക്കേണ്ടതുണ്ട്. ഏതൊരാൾക്കും ഏറ്റവും മനസ്സടുപ്പം സ്വന്തം മക്കളോടും കുടുംബാംഗങ്ങളോടും ആയിരിക്കും. അവർക്ക് അനുവദനീയമായതും വേണ്ടതുമായ കാര്യങ്ങൾ സസന്തോഷം എത്തിച്ചു കൊടുക്കുകയും അവരുമായി ഹൃദയ വിശാലത പങ്കിടുകയും ബന്ധങ്ങൾക്ക് പുതിയ കരുത്ത് നേടുകയും അവരോടൊന്നിച്ച് ഭക്ഷണത്തിൽ പങ്കുചേരുകയുമെല്ലാം ചെയ്യുന്നതോടെ പെരുന്നാളിന്റെ ആത്മീയ പുളകങ്ങൾ വിശ്വാസിയുടെ മനസ്സിൽ നിറഞ്ഞു വരും. തുടർന്ന് കുടുംബാംഗങ്ങളോടൊപ്പം ഉള്ള യാത്രയാണ്. ആ യാത്രയ്ക്കും ആത്മീയ ഭാവം നൽകണം. തന്റെയും തൻ്റെ കുട്ടികളുടെയും കുടുംബാംഗങ്ങളുടെയും മാത്രം സുഖം തേടിയുള്ള യാത്ര എത്തിച്ചേരുക സ്വാർത്ഥതയിലാണ്. അതിനാൽ തന്നെ വിശ്വാസിയുടെ പെരുന്നാൾ യാത്രകൾ കുടുംബബന്ധങ്ങളിലേക്ക് ആയിരിക്കണം. കുടുംബങ്ങളോട് ബന്ധം പുലർത്തുന്നവനെ ദാരിദ്ര്യം തൊടില്ല എന്ന് മാത്രമല്ല ദീർഘായുസ്സിനാൽ അല്ലാഹു അനുഗ്രഹിക്കുകയും ചെയ്യും എന്ന് ഹദീസിൽ വന്നിരിക്കുന്നു. കുടുംബ ബന്ധങ്ങളിൽ തന്നെ രോഗം സാമ്പത്തിക കഷ്ടപ്പാടുകൾ സാമൂഹ്യ വിവേചനങ്ങൾ എന്നിവ അടക്കിപ്പിടിച്ചും ഒതുക്കി പിടിച്ചു കഴിഞ്ഞുകൂടുന്ന കുടുംബങ്ങൾക്ക് മുൻഗണന കൽപ്പിക്കണം. താനും തൻ്റെ കുടുംബവും ആസ്വദിക്കുന്ന പെരുന്നാൾ പുളകം അവർക്കും പകുത്തുനൽകാൻ ഉള്ള സന്മനസ്സ് വിശ്വാസിക്ക് ഉണ്ടായിരിക്കണം. ഈ വിധത്തിൽ പെരുന്നാൾ ആഘോഷിക്കുമ്പോൾ ഒരേസമയം ഒരുപാട് പേരെ സന്തോഷിപ്പിക്കുവാൻ കഴിയും. ആഘോഷിക്കുന്നവർക്ക് ആവട്ടെ ഓർക്കും തോറും ഈ സന്തോഷത്തിന്റെ മധുരം ശക്തി പ്രാപിക്കും. പാർക്കിലും ബീച്ചിലും സ്വകാര്യ വികാരങ്ങളിലും അടിച്ചുപൊളിച്ചു പെരുന്നാൾ ആഘോഷിക്കുമ്പോൾ സന്തോഷമുണ്ടാകുമെന്ന് സത്യമാണ്. പക്ഷേ, ഏതെങ്കിലും ഒരാളെ കൂടി സന്തോഷിപ്പിക്കാനോ ഓർത്തോർത്ത് വീണ്ടും വീണ്ടും സന്തോഷിക്കാനോ ഒരു നീക്കിയിരിപ്പും അതിലൊന്നും ഉണ്ടാവില്ല.
0





0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso