

അറഫ: മനുഷ്യത്വം പൂക്കുന്ന താഴ്‌വാരം
2025-06-27
Web Design
15 Comments
വെള്ളി പ്രഭാതം
മുഹമ്മദ് നിസാമി തയ്യിൽ
ഈ വിഷയം ഇപ്പോൾ പറഞ്ഞു തുടങ്ങുവാൻ ഏറ്റവും നല്ലത് ആ നാടൻ പാട്ടുകാരനിൽ നിന്നായിരിക്കും. അയാളുടെ വരികൾ പലരെയും വിറളി പിടിപ്പിച്ചത് നാം കണ്ടു. അതും അയാളുടെ അതേ ധർമ്മത്തിൽ വിശ്വസിക്കുന്ന ചിലരെ. സൂക്ഷിച്ചു നോക്കിയാൽ അയാളുടെ വരികളുടെ ഉള്ളടക്കത്തിലെ ജാതീയതയാണ് അവരെ വിറളി പിടിപ്പിച്ചത് എന്ന് കാണാം. ഇത് ഒറ്റപ്പെട്ട ഒന്നല്ല. തിരഞ്ഞു നടന്നാൽ നമ്മുടെ സാമൂഹിക പരിസരങ്ങളിൽ നിന്ന് സമാനമോ അതിലധികം ആഴമുള്ളതോ ആയ ഒരുപാട് ഉദാഹരണങ്ങൾ കണ്ടെത്താൻ കഴിയും. ഇതെല്ലാം സൂചിപ്പിക്കുന്നത്, മതമല്ല, ജാതിയാണ് പലരുടെയും പ്രധാന വിഷയം എന്നാണ്. ഉദാഹരണങ്ങൾ എടുത്തു പറയുമ്പോൾ അത് ഒരു വിദ്വേഷത്തിന് വഴിവെച്ചേക്കുമോ എന്നതുകൊണ്ട് മാത്രമാണ് അങ്ങനെ ചെയ്യാത്തത്. വികാസത്തിന്റെ ഉത്തുംഗതകളിലേക്ക് പറന്നുയരുന്ന പുതിയ മനുഷ്യൻ്റെ ജീവിത തലങ്ങളിലെല്ലാം ഇപ്പോഴും ജാതിയുണ്ട്, വളരെ സജീവമായി എന്ന് ചുരുക്കം. മനുഷ്യരെ ഒന്നിപ്പിക്കുക എന്നത് ഓരോ മതത്തിന്റെയും അടിസ്ഥാന ലക്ഷ്യമാണ്. അത് നടന്നില്ല എന്ന് മാത്രമല്ല, അതിനുള്ളിൽ തന്നെ തട്ടുകൾ പണിത് മനുഷ്യൻ സ്വന്തം സഹജീവിയുടെ തോളിൽ കാൽ വെക്കാൻ ശ്രമിക്കുന്ന കാഴ്ചയാണ് എങ്ങും. ഇതിനുള്ള പരിഹാരമെന്ന നിലക്ക് ഭൗതിക ലോകം എഴുന്നള്ളിച്ചതാണ് ആഗോളവൽക്കരണത്തെ. 'ഒറ്റ ലോകം ഒരൊറ്റ ജനത' എന്ന മനോഹരമായ മുദ്രാവാക്യവും പേറിയായിരുന്നു ആഗോളവൽക്കരണത്തിന്റെ വരവ്. ലോകത്തിൻ്റെ എല്ലാ തേങ്ങലും ഇതോടെ ഒടുങ്ങും എന്നായിരുന്നു അവകാശവാദം. ലോകത്തിൻ്റെ മൊത്തം വിഭവങ്ങൾ ലോകത്തിലെ മൊത്തം ജനങ്ങൾക്ക് ഒരുപോലെ ലഭിക്കുന്ന സാഹചര്യം ഉണ്ടാകുമ്പോൾ അങ്ങനെയുണ്ടാകുമല്ലോ. പക്ഷേ, അത് സാമ്രാജ്യത്വ ശക്തികൾക്ക് തങ്ങളുടെ ദുഷ്താൽപര്യങ്ങൾക്ക് മറ പിടിക്കാനുള്ള ഒരു സൂത്രമായി മാറുകയും പരാജയപ്പെടുകയും ചെയ്തു. ഐക്യരാഷ്ട്രസഭ മുതൽ വിവിധ പേരുകളിലുള്ള സഖ്യങ്ങൾ അടക്കം എല്ലാം മനുഷ്യൻ്റെ ലോകത്തെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങൾ തന്നെയാണ്. പക്ഷേ ഒന്നിനും കാര്യമായി ഇക്കാര്യത്തിൽ വിജയിക്കാൻ കഴിയുന്നില്ല. കാര്യപരിപാടികളുടെ പോരായ്മയല്ല, അടിസ്ഥാന ഘടകങ്ങളുടെ അപര്യാപ്തതയും ലക്ഷ്യം നിർണ്ണയിക്കുന്നതിലുമുള്ള പിഴവുമാണ് കാരണം. ഇങ്ങനെ ആവർത്തിച്ചു പരാജയപ്പെടുന്ന ലോകത്തിനു മുമ്പിൽ നിശബ്ദമായ ഒരു സന്ദേശമാണ് അറഫാ സംഗമം. മനുഷ്യനെ എങ്ങനെ ഒന്നിപ്പിക്കാം എന്ന് ഓരോ വർഷവും ദിൽഹിജ്ജ ഒമ്പതാം തീയതി ഈ പ്രദേശം വിളിച്ചുപറയുന്നു.
ഇങ്ങനെ പറഞ്ഞുവരുമ്പോൾ മാല്‍ക്കം എക്‌സിന്റെ ഹജ്ജനുഭവം നമ്മുടെ മനോമുകരങ്ങളിൽ തെളിഞ്ഞുവരും. 1925ൽ അമേരിക്കയിൽ ജനിച്ച അദ്ദേഹം വിശുദ്ധ ഹജ്ജിന് പോകുന്നത് 1964ലാണ്. നീണ്ട 39 വർഷം അമേരിക്കയിൽ കഴിഞ്ഞ ശേഷമാണ് അദ്ദേഹം അറഫാ സംഗമം എന്ന അനുഭവത്തിന് വിധേയനാകുന്നത്. വംശവെറി അവസാനിക്കുന്നില്ലെന്നും അദൃശ്യമായ ഒരു പ്രഹേളികയായി ജാതി-വംശ വെറികള്‍ തരം താഴ്ന്നുവെന്നും നിരീക്ഷിക്കുന്ന അദ്ദേഹം, ഇസ്ലാമിന്റെ ആശയപരമായ ഈ വിഷയത്തിലുള്ള കാഴപ്പാട് പ്രകടമാകുന്ന സുപ്രധാന വേദിയായ ഹജ്ജ്, അതിനു വേണ്ടിയുള്ള പരിവര്‍ത്തനങ്ങളുടെ പ്രധാന ഹേതുവായി നിലകൊള്ളുന്നുവെന്നത് വിസ്മയകരമാണ് എന്നു തീർത്തു പറയുന്നു. പിന്നീട്, പാശ്ചാത്യ ഇസ്ലാമിന്റെ ഐക്കണായി അദ്ദേഹത്തെ മാറ്റയതും ഇതേ തിരിച്ചറിവാണ്. ഹജ്ജിനെ അങ്ങനെ വിലയിരുത്തുന്ന ആർക്കും ഉണ്ടാകുന്ന ഒരു ബോധ്യമാണ് ഇത്. കേവലം ഓരോ കർമ്മങ്ങളെ അതിൻ്റെ കർമ്മ ശാസ്ത്രവിധി വെച്ച് മനസ്സിലാക്കുമ്പോൾ അതിൻ്റെ വിശാലമായ അർത്ഥത്തിലേക്ക് എത്തിച്ചേരാൻ വൈകിപ്പോകും. അതേസമയം ഹജ്ജിനെ ഒരു പരിവർത്തന ക്രമണികയായി കാണുകയും അതിൻ്റെ കർമ്മങ്ങൾ എന്തിനെയെല്ലാം, ഏത് വിധമെല്ലാം സ്വാധീനിക്കുന്നു എന്ന് കണ്ടെത്തുകയും തുടർന്ന് അവയെല്ലാം ക്രമീകരിക്കുകയും ചെയ്യുമ്പോഴാണ് ഹജ്ജ് മനുഷ്യ ലോകത്തിൻ്റെ ഏറ്റവും മനോഹരവും അർത്ഥപൂർണ്ണവുമായ ഒരു സംഗമമായി അനുഭവപ്പെടുക.
മനുഷ്യൻ മത ദർശനത്തിൽ മനസ്സും കർമ്മങ്ങളും ആണ്. ഇവ രണ്ടിനെയുമാണ് ഹജ്ജിന്റെ കർമ്മങ്ങൾ ഓരോന്നും വലം വയ്ക്കുന്നത്. ആദ്യം മനസ്സിനെ പാകപ്പെടുത്തി എടുക്കുകയാണ് ചെയ്യുന്നത്. അതിനുവേണ്ടി താൽക്കാലികമായിട്ടെങ്കിലും സ്വന്തം വീട്, ബന്ധങ്ങൾ എന്നിവയിൽ നിന്ന് വിശ്വാസിയെ അടർത്തി മാറ്റുന്നു. സൃഷ്ടാവിൽ വിലയം പ്രാപിക്കാനുള്ള താല്പര്യം തുടർന്ന് മനസ്സിൽ നിറക്കുന്നു. ഹജ്ജിനു വേണ്ടിയുള്ള യാത്രയും ഇഹ്റാമും ആണ് ഇതെല്ലാം. ഇഹ്റാം ചെയ്യുമ്പോഴും മിനാ താഴ്‌വരയിലും മുസ്തലിഫ ഇടത്താവളത്തിലും കഴിച്ചുകൂട്ടുമ്പോഴുമെല്ലാം കർമ്മങ്ങൾ എന്നതിനപ്പുറത്ത് മനുഷ്യനെ ധനികനും പാവപ്പെട്ടവനും വെളുത്തവനും കറുത്തവനും തുടങ്ങി എല്ലാ വൈജാത്യങ്ങളെയും അവഗണിച്ചുകൊണ്ട് എല്ലാവർക്കും ഒരേപോലെ എത്തിപ്പിടിക്കാൻ കഴിയുന്ന ഒരു തട്ടിലേക്ക് മാറിത്താമസിക്കാൻ പ്രചോദിപ്പിക്കുക കൂടി ചെയ്യുന്നുണ്ട്. ഈ കർമ്മങ്ങൾ പ്രധാനം ചെയ്യുന്ന ആത്മീയ അനുഭവങ്ങൾ അവനെ എല്ലാ അഹങ്കാരങ്ങളിൽ നിന്നും ഗർവുകളിൽ നിന്നും ശുദ്ധി ചെയ്തെടുക്കുന്നു. ഇവിടെ വലിയ മറ്റൊരു തത്വം കൂടി നടക്കുന്നുണ്ട്. അത് ഒരു മാറ്റമാണ്. സിംപതി എന്ന അനുകമ്പയിൽ നിന്നും എംപതി എന്ന തൻമയീഭാവത്തിലേക്ക് നടക്കുന്ന ഒരു മാനസിക മാറ്റം. അനുകമ്പ ഇസ്ലാം പഠിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു സ്വഭാവം തന്നെയാണ്. അത് മറ്റുള്ളവരിലേക്ക് നീളുന്ന ഒരു ഗുണമാണ്. അതേസമയം ഈ നന്മകൾ മറ്റുള്ളവരിലേക്ക് നീളുന്ന അതേ തരത്തിൽ സ്വന്തം ഉൺമയിലേക്കും നീളുന്ന അനുഭവമാണ് തൻമയീഭാവം. ഹജ്ജിന്റെ കർമ്മങ്ങളുമായി, കൂട്ടത്തിൽ ഒരാളായി നടന്നും ഇരുന്നും കിടന്നും ജീവിക്കുമ്പോൾ ഓരോ വിശ്വാസിയും പരസ്പരം ലയിച്ച് അലിഞ്ഞു ഒന്നായി മാറുന്ന ഒരു അനുഭവമാണ് ഉണ്ടാവുക. ഈ അനുഭവങ്ങളിൽ നിന്നുള്ള തിരിച്ചറിവുമായിട്ടാണ് വിശ്വാസികൾ അറഫയിൽ എത്തുന്നത്. അറഫ എന്ന വാക്കിൻ്റെ തന്നെ അർത്ഥം തിരിച്ചറിവ് എന്നാണ്. അറഫയിൽ വിശ്വാസികളായ ഹാജിമാർ സംഘടിക്കുമ്പോൾ അവർക്കിടയിൽ തൊലിപ്പുറത്തിന്റെ നിറത്തിന്റെയോ രാഷ്ട്രീയത്തിന്റെ പിൻബലത്തിന്റെയോ പണത്തിന്റെ അഹങ്കാരത്തിന്റെയോ വംശത്തിന്റെ മേന്മയുടെയോ ഒന്നും സ്വാധീനം ഒട്ടും ഉണ്ടാവുകയേയില്ല. അവരെല്ലാവരുടെയും കർമ്മങ്ങൾ അവിടെ പ്രാർത്ഥന എന്ന ഒറ്റൊന്നായി മാറുന്നു. ഇങ്ങനെയാണ് അറഫാ സംഗമം മാനുഷ്യകത്തിനുള്ള ഒരു മഹാസന്ദേശമായി മാറുന്നത്. ആ സന്ദേശം മനുഷ്യരെല്ലാവരും ഒന്നാണ് എന്നതാണ്. പക്ഷേ വെറുതെ ഒന്ന് എന്ന് പറയുകയോ വിളിക്കുകയോ ചെയ്താൽ അത് ഒന്നാവില്ല. മറിച്ച്, അവരെ ഒന്നാക്കുന്ന വികാരം ഏകമായിരിക്കണം, ലക്ഷ്യം ഏകമായിരിക്കണം, രീതി ഏകമായിരിക്കണം.
അത് കഴിഞ്ഞാൽ പിന്നെ കർമ്മങ്ങളുടെ പാരമ്യതയിലേക്കുള്ള യാത്രയായി. പെരുന്നാൾ പ്രഭാതത്തിൽ അത് തുടങ്ങുന്നത് ശത്രുവിനെ ആട്ടിയോടിച്ചു കൊണ്ടാണ്. പ്രതിഫലങ്ങൾ സമ്പാദിക്കുന്ന ഒരു വിശ്വാസി അതിൽ ജാഗ്രതയുള്ള ആളാണ് എങ്കിൽ അയാൾ ആദ്യം ചെയ്യേണ്ടത് സമ്പാദ്യം വന്നുചേരുമ്പോൾ അത് ചോർന്നുപോകുന്നതിനെ തടയുക എന്നതാണ്. അറഫയിലൂടെ പാപങ്ങളെല്ലാം കഴുകി എടുത്ത് കഴിഞ്ഞ സാഹചര്യത്തിൽ പ്രത്യേകിച്ചും. അത് ചോർത്തി കളയുന്നത് പിശാച് ആയിരിക്കും. അവൻ വിശ്വാസിയുടെ ഏറ്റവും പ്രകടമായ ശത്രുവാണ്. പിന്നെ ബലിയാണ്. ബലി എന്തിനേക്കാളും ഉപരി സന്നദ്ധതയുടെ പ്രതീകവൽക്കരണമാണ്. എന്തിനേക്കാളും എനിക്ക് പ്രധാനം അല്ലാഹുവിൻ്റെ താല്പര്യമാണ് എന്ന് സ്വജീവിതം കൊണ്ട് സ്ഥാപിച്ച ഇബ്രാഹിം നബിയുടെ മഹാ സ്മരണ ലോകത്തെന്നും എങ്ങും നിലനിൽക്കുകയും അത് മുസ്ലിം സമുദായത്തെ ഉത്തേജിപ്പിച്ചു കൊണ്ടേയിരിക്കുകയും ചെയ്യേണ്ടതാണ് എന്ന നിലപാടാണ് അതിൻ്റെ ആശയ തലം. തുടർന്ന് പിന്നെ ത്വവാഫ് ചെയ്യുകയാണ്. എല്ലാവരും ഒന്നാണ് എന്ന അർഥം മാത്രമല്ല, എല്ലാവരും ഏകമായ ഒന്നിനെ വലം വെച്ചാണ് ഏകീകരിക്കപ്പെട്ടിരിക്കുന്നത് എന്ന അർത്ഥം കൂടി ത്വവാഫ് ഉൾക്കൊള്ളുന്നു. സ്വഫാ മർവ്വകൾക്കിടയിലുള്ള സഅ് യിനുമുണ്ട് ഇത്തരം ഒരു അർഥതലം. അത് അല്ലാഹുവിൽ കേന്ദ്രീകരിച്ചും പ്രതീക്ഷ പുലർത്തിയുമാണ് വിശ്വാസികൾ ജീവിക്കേണ്ടത് എങ്കിലും അവരുടെ ശ്രമങ്ങൾ നിരന്തരമായി തുടർന്നുകൊണ്ടേയിരിക്കേണ്ടതുണ്ട് എന്നതാണ് ആ അർത്ഥം. സ്വന്തം മകന് ദാഹജലം തേടി അല്ലാഹു തന്നെയാണ് വെള്ളം തരിക എന്നറിയുമായിരുന്നിട്ടും ഹാജിർ(റ) നടത്തിയ ശ്രമമാണ് സഅ് യ് ഓർമ്മപ്പെടുത്തുന്നത്. അല്ലാഹു തരും, എങ്കിലും വിശ്വാസി തൻ്റെ കടമ നിർവ്വഹിക്കുകയും ശ്രമിച്ചു കൊണ്ടേയിരിക്കുകയും ചെയ്യണമെന്നതാണ് സഅയിൻ്റെ സന്ദേശം. അതിനാൽ അതും ആത്മീയ വികാരങ്ങൾ പകരുകയാണ്.
ഈ അർഥങ്ങളെല്ലാമാണ് അറഫാ സംഗമത്തെ അർഥപൂർണ്ണമായ ഒരു സംഗമമാക്കി മാറ്റുന്നത്. ഇങ്ങനെയെല്ലാം പറഞ്ഞുവരുമ്പോൾ അത് കേവലമൊരു മതക്കാരുടെ സംഗമം മാത്രമല്ലേ, അതെങ്ങനെയാണ് മനുഷ്യകുലത്തിന് മൊത്തത്തിലുള്ള സന്ദേശമായി മാറുന്നത് എന്ന് ചിലരെങ്കിലും ചോദിച്ചേക്കാം. ഒരു സംഗമം വിജയിപ്പിക്കുക എന്നതിലേക്ക് മാത്രം കാര്യപരിപാടി ചുരുങ്ങി ഒതുങ്ങുന്നു എന്നതാണ് മനുഷ്യരെ പരസ്പരം വിളക്കിച്ചേർക്കാൻ വേണ്ടി ഭൗതിക ലോകം മുന്നോട്ടുവെച്ച എല്ലാ പദ്ധതികളും പരാജയപ്പെടുവാൻ കാരണം. അതില്ലാതിരിക്കുവാനുള്ള മാർഗ്ഗമാണ് അറഫ നൽകുന്ന സന്ദേശം. കാരണം, അത് ആരെങ്കിലും വിജയിപ്പിക്കുകയല്ല, അതിൻ്റെ അർഥവും അത്മീയ ആരോഗ്യവും കൊണ്ട് അത് സ്വയം വിജയിക്കുകയാണ്. അങ്ങനെ ആത്മീയത മാത്രമല്ല, സാക്ഷാൽ മനുഷ്യത്വം തന്നെ പൂക്കുന്ന താഴ്‌വാരമാവുകയാണ് അറഫ.
0
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso