

ആ പുഞ്ചിരിയിലുണ്ടായിരുന്നു എല്ലാം..
2025-06-27
Web Design
15 Comments
ടി എച്ച് ദാരിമി
ഈ കുറിപ്പെഴുതുവാൻ തുടങ്ങുമ്പോൾ വീണ്ടും മർഹും അബ്ദുൽ കരീം മുസ്ലിയാരെ ഒന്നുകൂടി മനസ്സിൽ കണ്ടു. ഒരു മാറ്റവുമില്ല. ഇപ്പോഴും അതെ ചിത്രമാണ്. തൂവെള്ള വസ്ത്രങ്ങൾക്ക് മകുടം ചാർത്തി തലയിൽ മനോഹരമായ വാലിട്ട തലയിൽ കെട്ട്. ചുണ്ടിൽ അതേ പുഞ്ചിരിയും. ഒരാൾ നമ്മുടെ മനസ്സിൽ പതിയുക ആദ്യത്തെ കാഴ്ചയിലാണ്. എൻ്റെ അമ്മാവനോടു കൂടെ കൊളപ്പറമ്പിലെ അദ്ദേഹത്തിൻ്റെ പഴയവീട്ടിൽ പോയത് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്. എഴുപതുകളുടെ അവസാനത്തിൽ സൗദിയിൽ ബലദിയ്യ എന്ന മുനിസിപ്പാലിറ്റിയിൽ ജോലിക്കാരനായിരുന്ന അമ്മാവന് അവിടെ നിന്ന് ആനുകൂല്യങ്ങൾ കിട്ടാനുണ്ടായിരുന്നു. അതിൻ്റെ രേഖകളും മറ്റുമായിട്ടായിരുന്നു ഞങ്ങൾ ഒരു വൈകുന്നേര സമയം അദ്ദേഹത്തിൻ്റെ വീട്ടിലെത്തിയത്. വിഷയം ഗ്രഹിക്കുവാനോ അതിലിടപെടുവാനോ ഒന്നും എനിക്ക് പ്രായമായിട്ടുണ്ടായിരുന്നില്ല. എങ്കിലും കാര്യം അറബി ആയതുകൊണ്ടും ഞാൻ ഒരു മുതഅല്ലിം ആയതുകൊണ്ടും എന്നെ ജീപ്പിൽ കൂടെ കൂട്ടിയതായിരുന്നു അമ്മാവൻ. വഴിയിൽ ഉടനീളം എനിക്ക് ഉദ്വേഗമുണ്ടായിരുന്നു. കാരണം അറബ് നാട്ടിലെ ഔദ്യോഗിക ഭാഷയും അറബികളുടെ കുത്തിക്കുറിച്ച കെട്ടുപിണഞ്ഞു കിടക്കുന്ന അക്ഷരങ്ങളും വായിക്കാനും മനസ്സിലാക്കാനും മറുപടി എഴുതാനും ഒന്നും വശമുള്ള ആരും എൻ്റെ അറിവിൽ അന്നുണ്ടായിരുന്നില്ല. അതിനൊക്കെ കഴിയുന്ന ഒരാൾ കൊളപ്പറമ്പിൽ ഉണ്ട് എന്ന് കേട്ടപ്പോൾ ഉണ്ടായ കൂടി ഈ യാത്രയ്ക്ക് കാരണമായിരുന്നു. വെളുത്ത ബനിയനും കള്ളിത്തുണിയും ധരിച്ച അദ്ദേഹം വന്ന് വാതിൽ തുറന്നപ്പോൾ തന്നെ ഞാൻ ആ അത്ഭുത വ്യക്തിയെയാണ് ശ്രദ്ധിച്ചത്. ആദ്യത്തെ ആ കാഴ്ചയിൽ പതിഞ്ഞത് നേരത്തെ പറഞ്ഞ പുഞ്ചിരിയാണ്. ആ സംഭവം കഴിഞ്ഞിട്ട് ഒരു നാൽപ്പത് വർഷമെങ്കിലും പിന്നിട്ടുണ്ടാവും എന്നാണ് എന്റെ അനുമാനം. പക്ഷേ, ഈ നാൽപ്പത് കൊല്ലവും അദ്ദേഹത്തെക്കുറിച്ച് ഓർക്കുമ്പോഴെല്ലാം മനസ്സിൽ തെളിഞ്ഞുവരുന്നത് ആ പുഞ്ചിരിയാണ്. ഞങ്ങളെ അന്ന് സ്വീകരിച്ചിരുത്തുമ്പോഴും ഓരോന്ന് ചോദിച്ചറിയുമ്പോഴും അമ്മാവൻ നൽകിയ കടലാസ്സുകളിൽ നിന്ന് ഇടയ്ക്കിടെ തലയുയർത്തി അമ്മാവനോട് ഓരോന്ന് ചോദിക്കുമ്പോഴും എൻ്റെ ശ്രദ്ധ ഉടക്കിയത് ആ പുഞ്ചിരിയിൽ തന്നെയായിരുന്നു. ഇവിടെ അതിന്റെ വിശദാംശങ്ങൾ പറയേണ്ടതില്ലെങ്കിലും അന്നത്തെ കരീം മുസ്ലിയാരുടെ ഇടപെടലുകൾ ഫലം കണ്ടു എന്ന് അമ്മാവൻ പിന്നെ എപ്പോഴോ പറഞ്ഞത് ഓർക്കുന്നുണ്ട്.
ആ പുഞ്ചിരിയിൽ ഉണ്ടായിരുന്നു എല്ലാം എന്ന് ഈ കുറിപ്പിന് ശീർഷകം നൽകിയത് ബോധപൂർവ്വമാണ്. സത്യത്തിൽ അതിൽ എല്ലാം ഉണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ പുഞ്ചിരിയിൽ മാത്രമല്ല ഏതു പുഞ്ചിരിയിലും അങ്ങനെ കുറെയേറെ അർത്ഥങ്ങളും ആശയങ്ങളും ഉള്ളടങ്ങിയിട്ടുണ്ട്. കാരണം, ഒരു വ്യക്തി മനസ്സിൽ അനുഭവിക്കുന്നതും മനസ്സുകൊണ്ട് പങ്കു വെക്കുന്നതുമായ സന്തോഷം, സൗഹൃദം, സംതൃപ്തി എന്നിവയുടെ അടയാളമാണ് പുഞ്ചിരി. ഈ ഗുണങ്ങളാവട്ടെ ഒരു മനുഷ്യനിലെ മനുഷ്യത്വത്തെ ഉദ്ദ്വീപിപ്പിക്കുന്ന ഘടകങ്ങളാണ്. ഓരോ മനുഷ്യനെയും ഓരോ മനുഷ്യനുമായും ബന്ധിപ്പിക്കുന്നതും ആ ബന്ധത്തെ അരക്കിട്ടുറപ്പിക്കുന്നതുമായ ഗുണങ്ങളാണ്. മനുഷ്യർക്ക് ഈ ജീവിതത്തിൽ ചെയ്യുവാനുള്ള ഉത്തരവാദിത്വങ്ങൾ അതിൻ്റെ പരിപൂർണ്ണ അർത്ഥത്തിലേക്ക് എത്തിച്ചേരുന്നത് ആദ്യം ഈ വിധത്തിൽ ബന്ധങ്ങൾ ഉറപ്പിക്കുമ്പോഴാണ്. അവരെ ഈ ജീവിതത്തിലേക്ക് നിയോഗിച്ചത് ഇത്തരം ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിർവഹിക്കുവാൻ വേണ്ടിയാണല്ലോ. അതുകൊണ്ടാണ് ജീവ ലോകത്തെ പുഞ്ചിരി മനുഷ്യരുടെ മാത്രം കഴിവ് ആയത്. പുഞ്ചിരിക്ക് ഏറ്റവും അർഥപൂർണ്ണമായ മൂല്യം കൽപ്പിച്ച മതം ഇസ്ലാം തന്നെയാണ്. ഇസ്ലാം പുഞ്ചിരിയെ ദ്രവ്യത്തിന് സമാനമായിട്ടാണ് പരിഗണിക്കുന്നത്. നബി തിരുമേനി (സ്വ) പറഞ്ഞു: 'നീ നിൻെറ സഹോദരൻ്റെ മുഖത്തുനോക്കി പുഞ്ചിരിക്കുന്നത് ധർമ്മമാണ്' എന്ന്. ഇസ്ലാമിൻ്റെ ഈ കാഴ്ചപ്പാടിനെ ശരിവെക്കുന്ന ഒന്നാണ് ലോകവും പുഞ്ചിരിയെ പ്രത്യേകമായി പരിഗണിക്കുന്നു എന്നത്. ലോകത്ത് പുഞ്ചിരി ആചരിക്കപ്പെടുന്നുണ്ട്. ഒക്ടോബർ മാസത്തിലെ ഒന്നാം വെള്ളി ആഴ്ച ആണ് ലോക പുഞ്ചിരി ദിനം ആചരിക്കുന്നത്. അതിൻ്റെ കാരണം അല്ലെങ്കിൽ തുടക്കം പ്രശസ്ത ചിത്രകാരൻ ഹാർവി ബാളാണ്. ആയുസ്സ് വര്‍ധിക്കുന്നു, സമ്മര്‍ദ്ദം ഒഴിവാകുന്നു, മാനസികാവസ്ഥ ഉയര്‍ത്തുന്നു, രോഗ പ്രധിരോധ ശക്തി വര്‍ധിപ്പിക്കുന്നു, രക്ത സമ്മര്‍ദ്ദം ഗുണകരമായി വര്‍ധിക്കുന്നു, ശാരീരിക-മാനസിക വേദനകൾ കുറക്കുന്നു, നമ്മുടെ സ്വഭാവത്തെ ആകർഷകമാക്കുന്നു തുടങ്ങി ഇതിനകം വിവിധ പഠനങ്ങളും പര്യവേഷണങ്ങളും ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ള കാര്യങ്ങൾ നിരവധിയാണ്.
സന്തോഷം, സൗഹൃദം, സംതൃപ്തി എന്നീ മൂന്ന് ഗുണങ്ങൾ ആണ് പുഞ്ചിരിയെ പ്രതിനിധാനം ചെയ്യുന്നത് എന്ന് പറയുമ്പോൾ അവയിൽ ഓരോന്നിന്റെയും സവിശേഷത നാം മനസ്സിലാക്കേണ്ടതുണ്ട്. സന്തോഷം മറ്റുള്ളവരുമായി ബന്ധപ്പെട്ടതാണ് മറ്റൊരാൾ ചെയ്തതോ പറഞ്ഞതോ ആയ കാര്യങ്ങൾ അല്ലെങ്കിൽ സ്വീകരിച്ച നിലപാടുകൾ അതിനെ മനസ്സാ അംഗീകരിക്കുന്നതിന്റെ അടയാളമാണ് അതിനോടുള്ള സന്തോഷ പ്രകടനം. മറ്റുള്ളവരുടെ നന്മകളെ അംഗീകരിക്കുകയും മാനിക്കുകയും ചെയ്യുക എന്നത് ഏറ്റവും മഹത്തരമാണ്. അഹങ്കാരമോ സ്വാർത്ഥതയോ തുടങ്ങിയ ദുസ്വഭാവങ്ങളോ അല്പമെങ്കിലും ഉള്ള ആൾക്ക് അത് കഴിയില്ല. അതുകൊണ്ടുതന്നെ സന്തോഷം എന്ന വികാരം പ്രകടിപ്പിക്കാൻ വേണ്ടി പുഞ്ചിരിക്കുമ്പോൾ അത് നിർമ്മലവും നിഷ്കളങ്കവും നിഷ്കപടവും ആയിത്തീരുന്നു അങ്ങനെയാണ് പുഞ്ചിരി മനുഷ്യത്വത്തെ മനോഹരമാക്കുന്നത്. സൗഹൃദം എന്ന വികാരവും ഒരു ഉൾക്കൊള്ളലാണ്. ഒരാൾ ഒരാളുമായി സൗഹൃദത്തിൽ ഏർപ്പെടുമ്പോൾ അയാൾ അയാളെ മനസ്സാ വരിക്കുകയും സ്വീകരിക്കുകയും ചെയ്യുകയാണ്. അതിനാൽ അതും നിഷ്കളങ്കർക്ക് മാത്രമേ ചെയ്യാൻ കഴിയൂ. അഹങ്കാരവും തൻപോരിമയും ഉള്ളവർക്ക് സൗഹൃദങ്ങൾ ഉണ്ടാവില്ല. അങ്ങനെ പുഞ്ചിരിയുടെ സൗഹൃദം എന്ന അർത്ഥവും ഉദാത്തമായി മാറുന്നു. സംതൃപ്തി എന്ന വികാരവും തഥൈവ ഒരു ഉൾക്കൊള്ളലാണ്. അതിൻ്റെ കാര്യകാരണങ്ങൾ സൃഷ്ടികളുമായി മാത്രം ബന്ധപ്പെട്ടതല്ല, മറിച്ച്, അത് സൃഷ്ടാവ് വരെ എത്തുന്നുണ്ട്. സൃഷ്ടാവ് വിധിച്ചതിലും നൽകിയതിലും നൽകാത്തതിലും എല്ലാം സംതൃപ്തൻ ആയിരിക്കുക എന്നത് ഇസ്ലാമിക തത്വ ശാസ്ത്രം പഠിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു പാഠമാണ്. അതേസമയം തന്നെ സംതൃപ്തി സഹോദരങ്ങളുമായുള്ള സൗഹൃദത്തിൽ ഉള്ളതുമാകാം. ഏതായാലും പുഞ്ചിരി ഉന്നതമായ മനുഷ്യ മൂല്യങ്ങളുടെ നിദർശനമാണ് എന്ന് നമുക്ക് മനസ്സിലാക്കാം. ഇത്രയും ഇതിലധികവും വിശാലത ഉൾക്കൊള്ളുന്നത് കൊണ്ടാണ് മർഹൂം കരീം മുസ്ലിയാരെ ഓർത്തെടുക്കുവാനും അനുസ്മരിക്കുവാനും ആ പുഞ്ചിരിയെ ആശ്രയിക്കുന്നത്. വെറുമൊരു പുഞ്ചിരിയായിരുന്നില്ല അദ്ദേഹത്തിൻ്റേത്. മറിച്ച്, മേൽപ്പറഞ്ഞ ഓരോ അർത്ഥങ്ങളും പ്രകടമായി പ്രതിനിധാനം ചെയ്യുന്ന ഒന്ന് തന്നെയായിരുന്നു അത്. അതിൻ്റെ തെളിവാണ് അദ്ദേഹം ഇടപെട്ടിരുന്ന എല്ലാ മേഖലകളിലും വിഷയങ്ങളിലും ഉണ്ടായിരുന്ന നിഷ്കളങ്കത. നിഷ്കളങ്കർക്ക് മാത്രമേ അങ്ങനെ പുഞ്ചിരിക്കാൻ കഴിയൂ. പുഞ്ചിരി വഴി ആ നിഷ്കളങ്കത എല്ലാവർക്കും ബോധ്യപ്പെടുന്ന ഒരു രീതിയിൽ പ്രത്യക്ഷപ്പെടുമ്പോൾ അദ്ദേഹം ഇടപെടുന്ന വിഷയങ്ങൾ എല്ലാം വളരെ വേഗത്തിൽ തീർക്കുവാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു. സങ്കീർണമായ പ്രശ്നങ്ങൾ എപ്പോഴും അദ്ദേഹത്തിൻ്റെ മേശപ്പുറത്ത് എത്തുമായിരുന്നു. കുടുംബം, മഹല്ല്, സ്ഥാപനങ്ങൾ, സംഘടനാ സംവിധാനങ്ങൾ എന്നിങ്ങനെയുള്ള ഇടങ്ങളിലൊക്കെ തന്നെയും അദ്ദേഹത്തിൻ്റെ പ്രധാന റോളുകളിൽ ഒന്ന് മധ്യസ്ഥ ശ്രമമായിരുന്നു. ആ പുഞ്ചിരിയിൽ വിരിയുന്ന നിഷ്കളങ്കമായ ഗുണങ്ങൾ കാരണം അതിവേഗം കാര്യങ്ങളിൽ ഒരു തീരുമാനത്തിലെത്തിച്ചേരുവാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു.
ഒറ്റപ്പെട്ട ഒരു സംഭവത്തിലൂടെ അല്ലെങ്കിൽ ഏതാനും സംഭവങ്ങളിലൂടെ നമ്മുടെ മനസ്സിൽ കയറി കൂടുകയും ഇടം പിടിക്കുകയും ചെയ്യുന്ന പലരെയും നമ്മുടെ ജീവിതയാത്രയിൽ നാം കണ്ടുമുട്ടിയിട്ടുണ്ട്. അങ്ങനെ ഏതാനും ഒറ്റപ്പെട്ട സംഭവങ്ങളിലൂടെ ആയിരുന്നില്ല മർഹൂം കരീം മുസ്ലിയാർ നമ്മുടെ മനസ്സിലേക്ക് കയറിയത്. മറിച്ച്, അദ്ദേഹത്തോട് നമുക്ക് താല്പര്യവും ബഹുമാനവും അഭിനിവേശവും എല്ലാം തോന്നിപ്പിച്ചത് അദ്ദേഹം തന്റെ ജീവിതം കടന്നുപോയ ലോകത്തിൻ്റെ താൻ ഇഷ്ടപ്പെടുന്ന എല്ലാ സംസ്കാരങ്ങളെയും സ്വാംശീകരിച്ചു എന്നതാണ്. തികഞ്ഞ മതനിഷ്ടയുള്ള കുടുംബാന്തരീക്ഷത്തിൽ ജനിച്ചുവീണ അദ്ദേഹം ഒരു തൗഫീഖ് എന്ന നിലക്ക് തന്നെ നന്മയിലേക്ക് പ്രചോദിപ്പിക്കുന്ന വഴിയിലേക്കാണ് ആദ്യം തന്നെ തിരിഞ്ഞത്. അങ്ങനെ അദ്ദേഹം ഒരു നല്ല മുതഅല്ലിമായി മാറി. വളരെ പ്രഗൽഭരായ ഉസ്താദുമാരിൽ നിന്ന് അറിവും അദബും നേടി. തുടർന്ന് നേരെ സേവന മേഖലയിലേക്ക് ആയിരുന്നു പ്രവേശിച്ചത്. നല്ല ലക്ഷണമൊത്ത ഒരു മുദരിസ് ആയിരുന്നു അദ്ദേഹം. ഏതാനും സ്ഥലങ്ങളിൽ മാത്രമേ ദർസ് നടത്താനുള്ള ഭാഗ്യം ഉണ്ടായിരുന്നുള്ളൂ എങ്കിലും ഉള്ള ആ അവസരങ്ങളിൽ അദ്ദേഹം തൻ്റെ ഗുരുനാഥന്മാരിൽ നിന്ന് കിട്ടിയതെല്ലാം ശിഷ്യന്മാർക്ക് പകുത്തുനൽകി. പിന്നീട് സാമൂഹ്യ ഒഴുക്കി നോടൊപ്പം അദ്ദേഹം പ്രവാസ ജീവിതത്തിൽ എത്തിച്ചേരുകയാണ്. പലവഴിക്കും തിരിഞ്ഞു പോകാൻ ഉള്ള സാധ്യതകൾ പതിഞ്ഞിരിക്കുന്ന സ്ഥലമാണ് പ്രവാസ ലോകം. പക്ഷേ, അദ്ദേഹം അങ്ങനെയൊന്നും വഴിമാറിയില്ല. തികഞ്ഞ മതനിഷ്ട ജീവിതത്തിൽ പുലർത്തി തന്റെ സംസ്കാരവും വേഷം പോലും ഒട്ടും മാറാതെ അതിലൊന്നും വീഴ്ച വരാതെ വരുത്താതെ അദ്ദേഹം സ്വന്തം വ്യക്തിത്വത്തെ ഓരോ ദിവസവും വളർത്തി വലുതാക്കി. അപേക്ഷകമായി ഒരുപാട് കാലം സജീവമായി മതാധ്യാപനം നടത്തുകയോ പൗരോഹിത്യ ജോലികൾ നിർവഹിക്കുകയോ ചെയ്തിട്ടില്ല എന്നിട്ടും അദ്ദേഹത്തിൻ്റെ തലപ്പാവും ശുഭ്ര വസ്ത്രവും ഒന്നും ഒട്ടും ജീവിതത്തെ വിട്ടുപോയില്ല. ജീവിതാന്ത്യം വരെയും മരിച്ചു കിടക്കുമ്പോഴും ആ തലപ്പാവ് അദ്ദേഹത്തിന് കിരീടമായിരുന്നു. അതിന് അദ്ദേഹം നിർബന്ധിതനാവുകയായിരുന്നില്ല, മറിച്ച്, അദ്ദേഹം അതിനെ അഭിമാനമായി കരുതുകയായിരുന്നു. ഇങ്ങനെ നാം അദ്ദേഹത്തെ അടുത്തുനിന്ന് കാണുമ്പോൾ ജീവിതത്തിൻ്റെ ഈ ഘട്ടത്തെയും അതായത്, അതിലെ മൂല്യങ്ങളെയും അദ്ദേഹം സ്വന്തം ജീവിതംകൊണ്ട് സ്വാംശീകരിച്ചു എന്നു പറയാം.
മനോഹരമായ ആ പുഞ്ചിരി മഹാനവർകളുടെ ജീവിതത്തിൻ്റെയും മനസ്സിന്റെയും നിദർശനമായി മാറിയത് ജീവിതാന്ത്യത്തിൽ ഉണ്ടായ മാരകമായ രോഗത്തിൻ്റെ വേദനകളെയും അദ്ദേഹം ആ പുഞ്ചിരി കൊണ്ട് നേരിട്ടതോടുകൂടിയാണ്. അവസാനത്തെ ഏറ്റവും കുറഞ്ഞത് രണ്ടുവർഷം മുമ്പ് തന്നെ അദ്ദേഹത്തിന് രോഗത്തിൻ്റെ വിഷമതകൾ ഉണ്ടായിരുന്നു. പക്ഷെ, ശരിക്കും രോഗം എന്താണ് എന്നത് സ്ഥിരീകരിക്കുവാൻ സാങ്കേതികമായി പിന്നെയും സമയം വേണ്ടി വന്നിട്ടുണ്ടാകും. എന്നാൽ രോഗം എന്താണ് എന്നും അത് എത്രമാത്രം ഗൗരവതരമാണ് എന്നും എല്ലാം അദ്ദേഹം തന്നെ ജീവിതകാലത്ത് തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നു എന്നത് വളരെ വ്യക്തമാണ്. എന്നിട്ടും അദ്ദേഹം തളർന്നില്ല. തൻ്റെ ദൈനംദിന ചിട്ടകൾ, സമുദായ ബാധ്യതകൾ തുടങ്ങിയവയെല്ലാം ഒരു മുടക്കും ഇല്ലാതെ അദ്ദേഹം പിന്നെയും നിർവഹിച്ചു വന്നു. ജീവിതത്തിൻ്റെ അവസാന കാലത്ത് ദാറുൽ ഹികമിൻ്റെ ഔദ്യോഗിക യോഗങ്ങൾക്കും മറ്റും എത്തിച്ചേരുമ്പോൾ അദ്ദേഹത്തിന് ശാരീരികമായി നല്ല ക്ഷീണം ഉണ്ടായിരുന്നു. പക്ഷേ അത് അദ്ദേഹത്തെ അറിയുന്നവർക്ക് മാത്രം അറിയാവുന്ന ഒന്നായി കുറേക്കാലം അവശേഷിക്കുകയായിരുന്നു. തൻ്റെ രോഗത്തിൻ്റെ ഗൗരവം തിരിച്ചറിഞ്ഞിട്ടും അദ്ദേഹം അദ്ദേഹത്തിൻ്റെ മുഖത്തുനിന്ന് ആ പുഞ്ചിരി മാറിയിട്ടില്ലായിരുന്നു. അപ്പോഴാണ് അത് എത്രമാത്രം അദ്ദേഹത്തിൻ്റെ മനസ്സിൻ്റെ ഭംഗിയും ആരോഗ്യവും ആയിരുന്നു എന്ന് വേണ്ടപ്പെട്ടവർ തിരിച്ചറിയുന്നത്. അല്ലാഹു നൽകിയ അനുഗ്രഹങ്ങളോടുള്ള നന്ദിപൂർവ്വകമായ പ്രകടനവും അതിലെ അഗാധമായ സംതൃപ്തിയും എല്ലാം അടങ്ങുന്ന രിള, ഖനാഅ തുടങ്ങിയ മൂല്യങ്ങളാണ് ആ പുഞ്ചിരിക്ക് ഇസ്ലാമിലുള്ള അർത്ഥം. അല്ലാഹു സംതൃപ്തമായ പാരത്രിക ജീവിതവും അദ്ദേഹത്തിന് വിധിക്കുമാറാവട്ടെ, ആമീൻ
0
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso