

ഓർമ്മയിലിന്നും ബാഫഖി തങ്ങൾ
2025-06-27
Web Design
15 Comments
വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി
ഇബ്രാഹിം നബി ചെയ്ത പ്രാർത്ഥനകളിൽ ഒന്നായി അല്ലാഹു ഖുർആനിൽ എടുത്തുപറയുന്നത് 'പിന്‍ഗാമികളില്‍ എനിക്ക് സല്‍പേരുണ്ടാക്കുകയും ചെയ്യേണമേ..' എന്ന പ്രാർത്ഥനയാണ് (ശുഅറാഅ്: 84). ഇത്തരം അല്ലാഹുവിൻ്റെ എടുത്തു പറയലുകൾ അതിൻ്റെ പ്രാധാന്യത്തെ കുറിക്കുന്നു. കാലബന്ധിയല്ലാത്ത പ്രാധാന്യത്തെയാണ് ഇവ കുറിക്കുന്നത്. അതായത്, തന്നെ അനുസരിക്കുന്ന അടിമകളുടെ എക്കാലത്തെയും പ്രാർത്ഥനയും ആഗ്രഹവും ആയിരിക്കണം ഇത് എന്ന അല്ലാഹുവിൻ്റെ ഉദ്ദേശമാണ് ഇവിടെ പ്രകടിപ്പിക്കുന്നത്. എക്കാലവും നന്ദിയോടെയും ബഹുമാനത്തോടെയും ഓർക്കുന്ന ഒരു സൽക്കർമ്മം ചെയ്യുവാൻ തീർച്ചയായും ത്രികാലജ്ഞനായ അല്ലാഹുവിൻ്റെ തൗഫീഖ് വേണം. നാം അടിമകൾക്ക് സ്വയം അതിനു കഴിയില്ല. കാരണം, നാം ഒരു നല്ല കാര്യം തെരഞ്ഞെടുക്കുമ്പോൾ അത് പലപ്പോഴും വർത്തമാന കാലത്തിൻ്റെ മാത്രം നല്ല കാര്യം ആയേക്കും. ചിലപ്പോൾ ഭൂതകാലത്തിന്റെ അനുഭവങ്ങൾ അതിനെ സ്വാധീനിച്ചിട്ടുണ്ടാവാം. എന്നാൽ ഭാവിയെ അതെങ്ങനെ സ്വാധീനിക്കും, ഭാവികാലത്തിന് അത് എത്ര ഉപകാരപ്രദമായിരിക്കും, വരും തലമുറകൾ അതിനെ എത്ര പ്രസക്തമായി പരിഗണിക്കും എന്നതൊന്നും നമുക്ക് ഇപ്പോൾ എത്തിനോക്കാൻ കഴിയാത്ത കാര്യങ്ങളാണ്. അതിനാൽ അല്ലാഹുവിനോട് ചേർന്നുനിൽക്കുകയും അവൻ്റെ തൗഫീഖിനെ ആശ്രയിക്കുകയും ചെയ്തുകൊണ്ട് ഇങ്ങനെ പ്രാർത്ഥിക്കുമ്പോൾ അവൻ അത്തരം സർവ്വകാലിക സൽകർമ്മങ്ങളിലേക്ക് നമ്മെ കൊണ്ടെത്തിക്കും. ഇതൊക്കെയാണ് ഈ സൂക്തത്തിന്റെ ആശയ തലം. ഇപ്പോൾ ഇത് ഓർമ്മിക്കേണ്ടിവന്നത് മഹാനായ ഖാഇദുൽ ഖൗം സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ ഓർമ്മകളിലേക്ക് വീണ്ടും കടക്കവെയാണ്. ആ വിയോഗം ഉണ്ടായിട്ട് നീണ്ട 52 വർഷങ്ങൾ പിന്നിട്ടു എങ്കിലും ഇപ്പോഴും മത-സാമൂഹ്യ സ്വാധീനമുള്ള ഓരോ മനസ്സുകളിലും ബാഫഖി തങ്ങൾ ഒരു വിസ്മയമായി തന്നെ നിലകൊള്ളുകയാണ്. അതിൻ്റെ ഒരു പ്രധാന കാരണം, അദ്ദേഹം തുടങ്ങിവെച്ചതും സ്ഥാപിച്ചതുമായ തത്വങ്ങളും സ്ഥാപനങ്ങളും ആശയങ്ങളുമെല്ലാം അര നൂറ്റാണ്ടുകൾക്കിപ്പുറത്തും പരിപൂർണ്ണമായും പ്രസക്തമായി നിൽക്കുന്നു എന്നതാണ്. അവയുടെ പ്രാധാന്യം മാറിവന്ന തലമുറകളും തിരിച്ചറിയുന്നു എന്നതാണ്.
ഇത്തരത്തിൽ അനുസ്മരിക്കുവാൻ പ്രധാനമായും രണ്ടു കാര്യങ്ങൾ ഉണ്ട്. വേറിട്ടതെന്ന് തോന്നിപ്പിക്കുന്ന രണ്ടു കാര്യങ്ങൾ ഇങ്ങനെ ഉണ്ടായത് മഹാനവർകളുടെ സേവന ജീവിതത്തിന് അങ്ങനെ രണ്ട് വശങ്ങൾ ഉണ്ടായിരുന്നതുകൊണ്ടാണ്. ഒന്ന് മതപരവും രണ്ടാമത്തേത് രാഷ്ട്രീയപരവും. മതപരമായ മേഖലയിൽ മഹാനവർകളെ നിത്യസ്മര്യനാക്കുന്ന പ്രധാന വിഷയം സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിൻ്റെ സംസ്ഥാപനത്തിലേക്ക് നയിച്ച ഇടപെടലുകളാണ്. ചരിത്രപ്രസിദ്ധമായ 1945 ലെ കാര്യവട്ടം സമ്മേളനത്തിലെ തങ്ങളവർകളുടെ ഒരു പ്രസംഗമാണ് ഇതിനു പ്രചോദനമായത്. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മത വിദ്യാഭ്യാസം ഗവൺമെൻറ് നിരോധിച്ച സമയമായിരുന്നു അത്. അതോടെ നാട്ടിൻപുറങ്ങളിലെ അപൂർവ്വമായ ഓത്തുപള്ളി സംവിധാനത്തിലേക്ക് മത പ്രാഥമിക വിദ്യാഭ്യാസം ചുരുങ്ങുകയായിരുന്നു. ഇത് സമുദായത്തെ പ്രതികൂലമായി ബാധിച്ചേക്കും എന്ന് മനസ്സുകൊണ്ട് കണ്ടതും അതുണ്ടാക്കിയ ആശങ്ക ആദ്യമായി തുറന്നു പറഞ്ഞതും മഹാനായ തങ്ങൾ ആയിരുന്നു. അതോടെ സമസ്തയുടെ നേതൃരംഗത്ത് സജീവമായി അദ്ദേഹം. ബാഫക് തങ്ങൾ ഉന്നയിച്ച വിഷയം സമസ്ത ഗൗരവത്തോടെ പരിഗണിക്കുകയും ആവശ്യമായ ചർച്ചകൾ ആരംഭിക്കുകയും ചെയ്തു. അതിനെ തുടർന്നായിരുന്നു 1951ൽ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് രൂപീകൃതമായത്. എക്കാലത്തിനും നന്ദിപൂർവ്വം ഓർമിക്കുവാൻ വേണ്ട വളർച്ച കാലാകാലങ്ങളിൽ സമസ്ത വിദ്യാഭ്യാസ ബോർഡിന് ഉണ്ടായി. മതം സ്വന്തം ചിലവിൽ പഠിപ്പിക്കേണ്ട സാഹചര്യം നിലവിലുള്ള മുസ്ലിം ന്യൂനപക്ഷങ്ങൾ താമസിക്കുന്ന ലോകത്തെ ഏത് ബഹുമത രാജ്യത്തും നിലവിലുള്ള മതപഠന സംവിധാനങ്ങളിൽ ഏറ്റവും വലുത് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ആണ് എന്നത് മുസ്ലിം ലോകത്ത് അവിതർക്കിതമായ ഒരു വസ്തുതയാണ്. ഇതേ ശ്രേണിയിൽ എണ്ണാവുന്ന മറ്റൊന്നാണ് പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ സംസ്ഥാപനവും. 1962ൽ കേരളത്തിൽ ഒരു ഉന്നത മതബിരുദ സ്ഥാപനം സ്ഥാപിക്കുവാൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ തീരുമാനമെടുത്തപ്പോൾ അതിൻ്റെ അധ്യക്ഷൻ ബാഫഖി തങ്ങൾ ആയിരുന്നു. ആർക്കും അവിശ്വസനീയമായി തോന്നുമായിരുന്ന ബാഫഖി തങ്ങളുടെ ഒരു മോഹമായിരുന്നു 500 കുട്ടികൾ പഠിക്കുന്ന ഒരു സ്ഥാപനമായി ജാമിഅ വളരുക എന്നത്. അത് അനസ്യൂതം വളർന്ന് ഇപ്പോൾ 1300 വിദ്യാർത്ഥികളും 5 ഡിപ്പാർട്ട്മെന്റുകളും ബിരുദാനന്തര ബിരുദ ഗവേഷണ സംവിധാനവും ഉള്ള ഒരു സ്ഥാപനമായി മാറിയിരിക്കുന്നു. ബാഫഖി തങ്ങളുടെ സാന്നിധ്യം കാരണം വന്നുചേർന്ന ഐശ്വര്യമാണ് ഇവയെല്ലാം എന്നു പറയാൻ ആത്മീയ രംഗത്തെ കൃത്യമായി ഗ്രഹിച്ച ഒരാൾക്കും ഒരു പ്രയാസവും ഉണ്ടാവില്ല. മതരംഗത്ത് മർഹൂം ബാഫഖി തങ്ങളെ നിത്യസ്മര്യനാക്കുന്ന നിരവധി വിഷയങ്ങൾ വേറെയുമുണ്ട്. രണ്ടു വലിയ ഉദാഹരണങ്ങൾ പറഞ്ഞു എന്ന് മാത്രം.
രണ്ടാമത്തെ മേഖല രാഷ്ട്രീയമായിരുന്നു. ഒരു കോൺഗ്രസുകാരനായി രാഷ്ട്രീയത്തിലേക്ക് കാലെടുത്തു വച്ച തങ്ങൾ അതിവേഗം മുസ്ലിം ലീഗ് രാഷ്ട്രീയത്തിന്റെ വീഥിയിൽ എത്തുകയായിരുന്നു. കോഴിക്കോട്ടെ മലബാർ മുസ്ലിം ലീഗ് ഘടകത്തിൽ നിന്ന് ജില്ലാ ഘടകത്തിലേക്കും സംസ്ഥാന ഘടകത്തിലേക്കും അവസാനം ദേശീയ ഘടകത്തിലേക്കും അധ്യക്ഷപദവികളിലേക്കും ഉയർന്നുകൊണ്ടായിരുന്നു തങ്ങളുടെ രാഷ്ട്രീയ ജീവിതരേഖ കടന്നുപോയത്. മുസ്ലിം ലീഗിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും കേരളത്തിലെ രാഷ്ട്രീയത്തിന് സുരക്ഷിതമായ ഒരു ഭാവി കണ്ടെത്തുന്നതിലും തങ്ങൾ നടത്തിയ നേതൃപരമായ ഇടപെടലുകൾ ഒരു കാലത്തിനും മറക്കാൻ കഴിയാത്തതാണ്. രാജ്യം വിഭജിക്കപ്പെട്ടു കൊണ്ട് സ്വതന്ത്രമായി എന്നതിനാലും വിഭജനത്തിലൂടെ ജനിച്ചത് ഒരു മുസ്ലിം രാജ്യമായിപ്പോയി എന്നതിനാലും ഇന്ത്യയിൽ ജീവിക്കുന്ന മുസ്ലീങ്ങളുടെ രാഷ്ട്രീയ അസ്ഥിത്വം ഭയചകിതമായിരുന്നു. മുസ്ലിംകൾക്ക് രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള മനക്കരുത്ത് എല്ലാ അർത്ഥത്തിലും നഷ്ടപ്പെട്ടുപോയിരുന്നു. ആ സമയത്താണ് സർവ്വേന്ത്യ ലീഗിനെ ഇന്ത്യൻ യൂണിയനിൽ പുനർജനിപ്പിക്കുക എന്ന ആശയവുമായി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സ്ഥാപിതമാകുന്നത്. രാജ്യത്തിൻറെ മറ്റു ഭാഗങ്ങളിൽ കാര്യമായി വളരാൻ പാർട്ടിക്ക് തുടക്കത്തിൽ കഴിഞ്ഞില്ലെങ്കിലും കേരളത്തിലും തമിഴ്നാട്ടിലും പാർട്ടി പിടിച്ചുനിന്നു. കേരളത്തിൽ മാത്രമായിരുന്നു ആ വളർച്ച തീർത്തും അഭിമാനകരമായി മാറിയത്. കാരണം ജനായത്ത സഭകളിൽ സ്വന്തം പ്രതിനിധികളെ എത്തിക്കുവാൻ മുസ്ലിംലീഗിന് കഴിഞ്ഞു. പൊതുവേ വിദ്വേഷത്തിന് വിധേയരാകുന്ന ഒരു ജനതയുടെ പ്രത്യേകിച്ചും രാഷ്ട്രീയം വിജയിക്കുന്നതിന് വിഘാതമായ ഒരുപാട് ഘടകങ്ങൾ അന്നും കേരളത്തിൽ ഉണ്ടായിരുന്നു. അതിനെയെല്ലാം മറികടന്ന് പാർട്ടിയെ മുഖ്യധാരയിലേക്ക് എത്തിക്കുവാൻ ബാഫഖി തങ്ങളുടെ ശ്രദ്ധേയമായ നീക്കങ്ങൾ വഴി കഴിഞ്ഞു. പിന്നീട് പലരും തെറ്റിദ്ധരിക്കുകയും ദുർവ്വാഖ്യാനം നടത്തുകയും ചെയ്തു എങ്കിലും വിവിധ രാഷ്ട്രീയ കക്ഷികളുമായി ചങ്ങാത്തം സ്ഥാപിച്ചതും തെരഞ്ഞെടുപ്പു ധാരണകൾ നടത്തിയതുമെല്ലാം മുസ്ലിം ലീഗിന് എന്നും അധികാരത്തിലേക്കുള്ള വഴി ഉണ്ടാക്കിക്കൊടുക്കുക എന്ന ഉദ്ദേശത്തോടുകൂടി ആയിരുന്നില്ല. മറിച്ച്, മുസ്ലിം ലീഗ് എന്ന പാർട്ടി കേരളത്തിലെ പാർട്ടികൾക്കിടയിലുള്ള ഒരു പാർട്ടിയാണ് എന്ന അംഗീകാരം വാങ്ങിക്കുവാനും മുസ്ലിംകളുടെ രാഷ്ട്രീയ ചിന്തക്ക് ഒരു അസ്ഥിത്വം സ്ഥാപിച്ചെടുക്കാനും വേണ്ടി കൂടിയായിരുന്നു. ഇത് മറ്റൊരു നേട്ടം കൂടി കേരള രാഷ്ട്രീയത്തിന് നേടിത്തന്നു. അത് മുന്നണി രാഷ്ട്രീയം എന്ന രീതിയായിരുന്നു. വലിയ വായിൽ പലതും വിളിച്ചു പറയാൻ പലരും ഉണ്ടെങ്കിലും ആർക്കും എവിടെയും ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിടാനോ ഭരണകൂടം ഉണ്ടാക്കുവാനോ കഴിയാത്ത ഒരവസ്ഥയിലേക്ക് സമൂഹത്തിന്റെ പൊതു രാഷ്ട്രീയ ബോധം വളർന്നുവരുന്നത് കണ്ട ബാഫഖി തങ്ങളായിരുന്നു മുന്നണി രാഷ്ട്രീയം എന്ന ആശയത്തിന്റെ സാക്ഷാൽ കേരളത്തിലെ ഉപജ്ഞാതാവ്. മുന്നണി രാഷ്ട്രീയം എന്ന അദ്ദേഹത്തിൻ്റെ ആശയം ഇന്നും ഇങ്ങനെ പോവുകയാണ് എങ്കിൽ എന്നും പ്രസക്തമാണ്. അതുകൊണ്ട് കേരളവും രാഷ്ട്രീയവും ഉള്ള കാലത്തെല്ലാം ബാഫഖി തങ്ങൾ ഓർമ്മകളിൽ ഇങ്ങനെ പച്ചച്ചു നിൽക്കുക തന്നെ ചെയ്യും.
മർഹൂം ബാഫഖി തങ്ങൾ നിത്യസ്മര്യനായിയിരിക്കുന്നതിന്റെ കാര്യകാരണങ്ങളിൽ രണ്ടെണ്ണമാണ് ചൂണ്ടിക്കാണിച്ചത്. അങ്ങനെയൊരു വ്യക്തിത്വം മഹാനവർകളിൽ രൂപപ്പെടാൻ പ്രധാനമായും സ്വാധീനിച്ച ഘടകം ആത്മീയത തന്നെയാണ്. തലപ്പാവും താടിയും ആത്മീയ വേഷങ്ങളും ഇല്ലാതെ ആരും അദ്ദേഹത്തെ കണ്ടിട്ടുണ്ടാവില്ല. വേഷത്തിലും വിധാനത്തിലും ഉള്ള ഈ തീവ്ര നിഷ്കർഷ ജീവിത ചിട്ടകളിലും ഉണ്ടായിരുന്നു. നിസ്കാരത്തിൻ്റെ കാര്യത്തിൽ ഒരു വീഴ്ചയും അദ്ദേഹത്തിന് അറിഞ്ഞുകൊണ്ട് ഉണ്ടാകുമായിരുന്നില്ല. വിശ്വാസിയുടെ ജീവിതം ശരിയായ പഥത്തിലേക്ക് കടക്കുന്നതും അതിൽ തന്നെ നിലനിൽക്കുന്നതും വിലയിരുത്തുവാനുള്ള മാനദണ്ഡം അഞ്ചുനേരത്തെ നിസ്കാരമാണ്. അഞ്ചു നേരത്തെ നിസ്കാരത്തെ ജാഗ്രതയോടെയും ഗൗരവത്തോടെയും സമീപിക്കുന്ന ഏത് വിശ്വാസിയുടെയും ജീവിതം അനുഗ്രഹീതമായിരിക്കും. അയാളുടെ സമീപനങ്ങൾ, ഇടപെടലുകൾ തുടങ്ങിയവയിൽ എല്ലാം ഒരു സ്വീകാര്യത ഉണ്ടായിരിക്കും. വെറുമൊരു രാഷ്ട്രീയക്കാരനായി പ്രവർത്തിക്കുമ്പോൾ പോലും ഒരു നിസ്കാരം അതിൻ്റെ ആദ്യ സമയത്തിൽ നിന്നും തെറ്റുകയോ നീട്ടിവെക്കുകയോ ചെയ്തതായി ബാഫഖി തങ്ങളുടെ ജീവിതം കണ്ട ഒരാൾക്കും പറയാൻ കഴിയില്ല. അത് മഹാനവർകളുടെ ജീവിതശൈലിയെയും സാരമായി സ്വാധീനിച്ചു. ഏതു വിഷയവും ഏതൊരാളോടും പുഞ്ചിരിച്ച് ചർച്ച ചെയ്യുവാനും കൈകാര്യം ചെയ്യുവാനും ഒരു പ്രത്യേക കഴിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു. അദ്ദേഹത്തെ അദ്ദേഹത്തിൻ്റെ ശത്രുക്കൾ പോലും ആത്മാർത്ഥമായി അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിൻ്റെ ജീവിത പാതയിൽ പലപ്പോഴും പ്രശ്നം സൃഷ്ടിക്കും എന്ന് കരുതിയിരുന്നത് സമുദായത്തിന്റെ അകത്തു തന്നെ സജീവമായി ഉണ്ടായിരുന്ന വിവിധ ചിന്താധാരകളിൽ നിന്നായിരുന്നു. പല കാരണങ്ങളാലും ബാഫഖി തങ്ങൾ എന്ന വ്യക്തിയോട് ഒത്തുപോകാൻ കഴിയാത്ത വിഭാഗങ്ങൾ പോലും അദ്ദേഹത്തെ മനസ്സാ അംഗീകരിച്ചതിന് നിരവധി സാക്ഷ്യങ്ങൾ ഉണ്ട്. അത്തരം വിയോജിപ്പിന്റെ വാക്താക്കളുടെ ഇടയിലേക്ക് പതിവ് പുഞ്ചിരിയുമായി കടന്നു ചെല്ലുമ്പോൾ അവരെല്ലാം മാറി നിൽക്കുന്നതിന് പകരം പിന്നിൽ അണിനിരന്ന് ആമീൻ പറയുന്നതാണ് കേരളം കണ്ടത്.
ഒരു തികഞ്ഞ കച്ചവടക്കാരിൽ നിന്ന് വഴിമാറിയാണ് അദ്ദേഹം നിത്യസ്മര്യതയുടെ ഈ വീഥികളിലേക്ക് എത്തിച്ചേരുന്നത് എന്നതുകൂടി ചേർത്തു വായിക്കുമ്പോൾ അല്ലാഹു അദ്ദേഹത്തിന് നൽകിയ അഭീഷ്ടവും അനുഗ്രഹവും എത്ര ആഴമുള്ളതായിരുന്നു എന്നു കാണാം. അതിനർത്ഥം അല്ലാഹു അദ്ദേഹത്തെ അദ്ദേഹത്തിന്റെ സേവനങ്ങൾക്ക് നിത്യസ്മര്യത നൽകുന്ന വേദികളിലേക്ക് പറിച്ച്നടുകയും തിരിച്ചുവിടുകയുമായിരുന്നു എന്നാണ്. അല്ലാഹു ഇങ്ങനെ ചെയ്യാറുള്ളത് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അടിമകളോടാണ്. മുസ്ലിം സമൂഹത്തിൽ ആത്മ നിബദ്ധമായ ജീവിതത്തിൻ്റെ പ്രസക്തി സ്വന്തം ജീവിതം കൊണ്ട് വരച്ചുവെക്കുകയും ബഹുസ്വര സമൂഹത്തിൽ പ്രായോഗിക രാഷ്ട്രീയത്തിൻ്റെ രീതി സമർപ്പിക്കുകയും ചെയ്ത ബാഫഖി തങ്ങളുടെ വിയോഗത്തിൻ്റെ ഓർമ്മകളുമായാണ് ഓരോ ദുൽ ഹിജ്ജ മാസവും കടന്നുപോകുന്നത്. ഹിജ്റ 1392ലെ ഹജ്ജ് കാലത്ത് (1973 ജനുവരി 19) ആയിരുന്നു മക്കയിൽ മഹാനവർകളുടെ വഫാത്ത്. മക്കയിൽ മാതാവ് ഖദീജ ബീവിയുടെ ചാരത്തായി ജന്നത്തുൽ മഅ്ലായിൽ ആണ് അവർ അന്ത്യവിശ്രമം കൊള്ളുന്നത്. മർഹൂം സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ ഐഹിക ജീവിതത്തെ എന്നപോലെ പാരിത്രിക ജീവിതത്തെയും സർവ്വശക്തനായ അള്ളാഹു കടാക്ഷിക്കുമാറാകട്ടെ, ആമീൻ.
o
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso