Thoughts & Arts
Image

കെ.ടി. മാനു മുസ്ലിയാര്‍: ജ്ഞാനവിപ്ലവത്തിന്റെ സാരഥി

2025-06-27

Web Design

15 Comments

ടി എച്ച് ദാരിമി



'അപ്രശസ്തിയിലാണ് രക്ഷ' എന്ന ഒരു മഹാ ആശയം മുറുകെ പിടിച്ച് ജീവിച്ച ഒരു മഹാപണ്ഡിത ശ്രേഷ്ഠനായിരുന്നു ശൈഖുനാ കെ.ടി. മാനു മുസ്‌ലിയാര്‍. ആ ആശയത്തെ സ്ഥാപിക്കുവാൻ സ്വന്തം ജീവിതം തന്നെ സമർപ്പിച്ചു എന്നതാണ് ആ ജീവിതത്തിൻ്റെ ആകെത്തുക. ഏറെ വ്യതിരിക്തത നിറഞ്ഞതായിരുന്നു ഉസ്താദിന്റെ ജീവിതം. അതു ഗർഭാവസരം മുതൽ തുടങ്ങുന്നു. ഈ മകനെ ഗർഭം ധരിച്ചിരിക്കെ പ്രിയപ്പെട്ട ഉമ്മ കിണറ്റില്‍ വീണു. പരിക്കുകളൊന്നും കൂടാതെ അല്ലാഹു കുഞ്ഞിനേയും ഉമ്മയെയും സംരക്ഷിക്കുകയും ചെയ്തതു മുതല്‍ തുടങ്ങുന്നു ആ അപൂര്‍വ്വത. തനിക്ക് ഒന്നര വയസ്സുള്ളപ്പോള്‍ പിതാവ് കാരാട്ട്‌തൊടി കുഞ്ഞാറ മൊല്ല എന്നവര്‍ മരണപ്പെട്ടതുകാരണം തീര്‍ത്തും അനാഥ ബാലനായി വളരാനാണ് അല്ലാഹുവിന്റെ നിശ്ചയമുണ്ടായത്. ഏക ആണ്‍തരിയെ ഉമ്മയും സഹോദരിമാരും വാത്സല്യപൂര്‍വ്വം വളര്‍ത്തി. ഒരു ഭാഗത്ത് സാമൂഹിക സാമ്പത്തിക വളർച്ചയില്ലാത്ത കാലം. മറുഭാഗത്ത് ഇല്ലായ്മകളുടെയും വല്ലായ്മകളുടെയും അനാഥത്വം. ഇതിനെയെല്ലാം മനസ്സിൻ്റെ ബലം കൊണ്ടും സാമർത്ഥ്യം കൊണ്ടും ഈ ബാലൻ വിജയിച്ചതായിരുന്നു ആ കുട്ടിക്കാലം.  പ്രാഥമിക മത-ഭൗതിക വിദ്യാഭ്യാസങ്ങൾ സ്വദേശമായ കണ്ണത്ത് മാപ്പിള സ്‌കൂളില്‍ വെച്ചായിരുന്നു. പിന്നെ ദര്‍സ് പഠനത്തിലേക്ക് കടന്നു. അതും തന്റെ മഹല്ല് മസ്ജിദും നിരവധി പണ്ഡിതന്മാര്‍ ദര്‍സ് നടത്തുകയും ഒരുപാട് പ്രഗത്ഭ പണ്ഡിതരെ കേരളക്കരക്ക് സംഭാവന ചെയ്യുകയും ചെയ്ത കരുവാരകുണ്ട് ദര്‍സില്‍. അരിപ്ര മൊയ്തീന്‍ ഹാജി എന്ന സുപ്രസിദ്ധ പണ്ഡിതകേസരിയായിരുന്നു പ്രധാന ഉസ്താദ്. നാലു മദ്ഹബുകളിലും ഫത്വ നൽകുവാൻ പ്രാപ്തനായ ആ കാലത്തെ ഏറ്റവും തലയെടുപ്പുള്ള പണ്ഡിതനായിരുന്നു അരിപ്ര മൊയ്തീൻ ഹാജി. ദര്‍സില്‍ പഠിക്കുമ്പോള്‍ തന്നെ അല്ലാഹു തന്നില്‍ നിക്ഷേപിച്ച പല കഴിവുകളെയും പുറത്തെടുക്കാനും അവ പരിപോഷിപ്പിക്കാനും ഉസ്താദ് തന്നെ സ്വയം പരിശ്രമം തുടങ്ങിയിരുന്നു. ഭൗതിക വിദ്യാഭ്യാസത്തിന് അത്രതന്നെ മേൽ കൈ ലഭിച്ചിട്ടില്ലാത്ത ആ കാലഘട്ടത്തിലെ ഒരു ദർസിലെയും ദർസ് വിദ്യാർത്ഥിയുടെയും കലാപരമായ കഴിവ് പ്രസംഗത്തിലും അതിൻ്റെ ഒഴുക്കായിരുന്ന വഅളിലും ഒക്കെയായിരുന്നു. പക്ഷേ ഈ വിദ്യാർത്ഥി ആ അതിരുകളെയെല്ലാം ഭേദിച്ചുകൊണ്ട് മറ്റു സാഹിത്യ സർഗ്ഗ മേഖലകളിലേക്ക് വളരെ ചെറുപ്പത്തിലെ കടക്കുകയായിരുന്നു. ഗാനാലാപനം, ഗാന രചന, സംഘാടനം എന്നിവയിലുള്ള അദ്ദേഹത്തിൻറെ കഴിവ് കുട്ടിക്കാലത്ത് തന്നെ അസൂയാവഹമായിരുന്നു. മലയാളം, അറബി, അറബി മലയാളം, ഉര്‍ദു മറ്റു ഭാഷസംയോജനം എന്നിവകളിലൂടെ ഉസ്താദ് രചിച്ച സൃഷ്ടികള്‍ അമൂല്യങ്ങളായി ഇന്നും ജ്വലിച്ചു നില്‍ക്കുന്നു.


കരുവാരകുണ്ട് ദര്‍സില്‍ പഠിക്കുന്ന കാലത്ത് സുന്നത്ത് ജമാഅത്തിന്റെ വേദികളില്‍ അക്കാലത്തെ നിറസാന്നിധ്യമായിരുന്ന മഹാപണ്ഡിതന്‍ പതി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരും എതിർവശത്തെ പണ്ഡിതന്‍ സി.എന്‍.അഹ്മ്മദ് മൗലവിയും തമ്മില്‍ കരുവാരകുണ്ടില്‍ വാദ പ്രതിവാദം നടന്നു. രണ്ടു ദിവസം സംസാരിച്ചെങ്കിലും വെറുതെ സമയം കളയാനും വാദപ്രതിവാദം വഷളാക്കാനുമായിരുന്നു സി.എന്‍ മൗലവി ശ്രമിച്ചത്. ഈ സംഭവം സരസമായി ഗാനരചനയിലൂടെ ജനശ്രദ്ധയില്‍ അദ്ദേഹം കൊണ്ടുവന്നത് പ്രസിദ്ധമാണ്. ഇങ്ങനെ ജീവിത യാത്രയിൽ കണ്ടുമുട്ടുന്ന, അനുഭവപ്പെടുന്ന അനുഭവങ്ങളെയെല്ലാം അക്ഷരങ്ങളിലേക്ക് ആവാഹിച്ച് മനോഹരങ്ങളായ പാട്ടുകളാക്കി മാറ്റുന്ന കരവിരുത് അദ്ദേഹത്തിന് നേരത്തെ ഉണ്ടായിരുന്നു. അതിനുപുറമേ പാട്ടുകൾ കെട്ടി വാശിയോടെ ചേരിതിരിഞ്ഞ് പാടുന്ന പാട്ടു വേദികൾ അന്ന് ധാരാളം ഉണ്ടായിരുന്നു. പ്രധാനമായും കല്യാണങ്ങളുടെ വേദികളിലാണ് അതുണ്ടാവാറുള്ളത്. നേർച്ചകൾ, വഅള് പരിപാടികൾ, വാർഷികങ്ങൾ മറ്റു പ്രാദേശിക സംഗമങ്ങൾ എന്നിവിടങ്ങളിലും എല്ലാം ഇങ്ങനെ ഉണ്ടാവാറുണ്ട്. കരുവാരകുണ്ടിലെ ഏറെക്കുറെ ഇത്തരം എല്ലാ സദസ്സുകളിലും മാനു മുസ്ലിയാരും അദ്ദേഹത്തിൻ്റെ പാട്ടും നിറയുമായിരുന്നു. നമ്മുടെ ഇന്ത്യാ മഹാരാജ്യത്ത് മതന്യൂനപക്ഷ രാഷ്ട്രീയത്തിനു വലിയ പ്രസക്തിയുണ്ടെന്നും തങ്ങളുടെ സ്വത്വം കാത്തു സൂക്ഷിക്കാന്‍ അതു അനിവാര്യമാണെന്നും എല്ലാ മുസ്‌ലിം വോട്ടുകളും ഒരു പെട്ടിയില്‍ വീണാല്‍ നമ്മുടെ അധികാരാവകാശങ്ങളെ അവമതിക്കാനോ ഹനിക്കാനോ തട്ടിയെടുക്കാനോ ആരും മുന്നോട്ടു വരികയില്ലെന്നും ഉറച്ച് വിശ്വസിച്ച മാനു മുസ്ലിയാർ മുസ്‌ലിംലീഗ് പ്രസ്ഥാനത്തെ അളവറ്റ് സ്‌നേഹിക്കാനും കൗമാരവും യുവത്വവും അതിനു വേണ്ടി ഉപയോഗിക്കാനും നീക്കിവെച്ചു. ചന്ദ്രികാ ദിന പത്രത്തിൻ്റെ കരുവാരകുണ്ടിലെ ഏജന്റും ലേഖകനുമായിരുന്നു കെ ടി മാനു മുസ്ലിയാർ.


കരുവാരകുണ്ട് ദര്‍സില്‍ പഠിക്കുമ്പോള്‍ തന്റെ വന്ദ്യഗുരു മൊയ്തീന്‍ ഹാജി സമസ്തഃയുടെ മുശാവറ യോഗത്തിന് പോകുമ്പോള്‍ ഉസ്താദിനെയും കൂട്ടാറുണ്ട്. സമസ്തഃയിലേക്ക് കടന്നുവരാനും അതിന്റെ സജീവ പ്രവര്‍ത്തകനാകാനും പ്രചോദനമേകിയതു അത്തരം യാത്രകളും അന്നത്തെ സമസ്തഃയുടെ പ്രഗത്ഭമതികളായ പണ്ഡിത ശ്രേഷ്ഠരുടെ സാമീപ്യവുമായി. തുടക്കം മുതൽ ജീവിതാന്ത്യം വരെ സമസ്തയോടുള്ള ആ കൂറും ബന്ധവും കാത്തുസൂക്ഷിക്കുവാൻ അദ്ദേഹത്തിന് ഭാഗ്യമുണ്ടായി. ബാഖിയാത്തില്‍ നിന്നും എം.എഫ്.ബി. ബിരുദം നേടിയ ശേഷം ഖാസിയും മുദര്‍രിസുമായി അവരോധിക്കപ്പെട്ടത് തന്റെ സ്വന്തം തട്ടകമായ കരുവാരകുണ്ട് പഞ്ചായത്തില്‍പെട്ട ഇരിങ്ങാട്ടിരിയില്‍ തന്നെയായിരുന്നു. മറ്റൊരു പള്ളിയിലും ഉസ്താദ് ജോലി ചെയ്തിട്ടില്ല. മരിക്കും വരെ ഇരിങ്ങാട്ടിരിയില്‍ തന്നെയായിരുന്നു സേവനം. കേരളത്തിലെ വിശിഷ്യാ മലപ്പുറം ജില്ലയിലെ ഏതാണ്ട് എല്ലാ ജുമുഅത്ത് പള്ളികളിലും ദര്‍സ് സജീവമായി നടന്നുവരുന്ന കാലത്ത് തന്നെയാണ് ഉസ്താദ് ഇരിങ്ങാട്ടിരിയിലും ദര്‍സ് തുടങ്ങുന്നത്. പക്ഷേ മറ്റു ദർസുകളിൽ നിന്ന് ഒരുപാട് വ്യതിരിക്തതകൾ ഉസ്താദിൻ്റെ ദർസിന് ഉണ്ടായിരുന്നു. അവ പള്ളിയുടെ നാല് ചുമരുകളിൽ പലപ്പോഴും ഒതുങ്ങുമായിരുന്നു എങ്കിലും അദ്ദേഹം ദർസിൽ നടപ്പിലാക്കിയ പരിഷ്കാരങ്ങൾ വഴി മഹാനവർകളുടെ ചിന്ത, സംഘാടനം, പുരോഗതിയെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ തുടങ്ങിയവ അതിൽ നിന്ന് പിൻതലമുറകൾക്ക് വായിച്ചെടുക്കാൻ കഴിയും. അടിസ്ഥാനങ്ങളിൽ നിന്ന് അകലാതെ, ആത്മീയത ചോർന്നു പോവാതെ തൻ്റെ സ്വന്തം സേവനത്തെ ഇന്നത്തെ കാലികമായി പരിഷ്കരിക്കാൻ ഉള്ള ത്വരയായിരുന്നു മഹാനവർകൾ അവ വഴി പുലർത്തിയിരുന്നത്. മറ്റു ദര്‍സുകളില്‍ അക്കാലത്ത് അചിന്തനീയമായിരുന്ന പരീക്ഷ, സാഹിത്യസമാജം, കയ്യെഴുത്ത് മാസിക, മോഡല്‍ പാര്‍ലിമെന്റ്, ദര്‍സ് വാര്‍ഷികം തുടങ്ങിയ ഒട്ടേറെ പാഠ്യേതര പരിഷ്കാരങ്ങൾ അദ്ദേഹം നടപ്പിലാക്കി. അതുവഴി ധാരാളം പ്രസംഗകരെയും എഴുത്തുകാരെയും സമൂഹത്തിന് സംഭാവന ചെയ്യാന്‍ സുബുലുറശാദ് ദര്‍സിനും ഹുമാത്തുല്‍ ഇസ്‌ലാം സാഹിത്യ സമാജത്തിനും ‘അദ്ദിക്‌റ’ കൈയ്യെഴുത്ത് മാസികക്കും സാധിച്ചു.
തന്റെ സൗകര്യവും ശമ്പളവും മറ്റുമൊന്നും കാര്യമാക്കാതെ കുട്ടികളുടെ സൗകര്യവും പരിഗണിച്ച് ഓരേ സ്ഥലത്ത് തന്നെ ദീര്‍ഘകാലം സേവനമനുഷ്ഠിക്കുക മറ്റുപലര്‍ക്കും പൊതുവെ സാധിക്കാത്ത കാര്യമാണ്.


സ്വന്തം നാടിന്റെയും നാട്ടുകാരുടെയും അംഗീകാരം നേടുക എന്നത് എളുപ്പമുള്ള കാര്യമല്ല. കാരണം, അത് നേടുവാൻ തൻ്റെ കൈവശമുള്ള വേറിട്ട കഴിവുകളെ സമഗ്രമായി സമർത്ഥമായി പുറത്തെടുത്താൽ മാത്രം മതിയാവില്ല. മറിച്ച്, ഓരോ നാട്ടുകാരന്റെയും മനസ്സിൽ തന്നെ കുറിച്ചുള്ള കുട്ടിക്കാലത്തിന്റെയും പക്വതയില്ലാത്ത യുവത്വ കാലത്തിന്റെയും നിലവിലുള്ള ചിത്രങ്ങൾ ഓരോന്നോരോന്ന് മാറ്റിയെടുത്ത് വേണം അതു നേടുവാൻ. മാത്രമല്ല, ബഹുമാനം എന്നത് നേടിയെടുക്കേണ്ട കാര്യമാണ്. പുതിയ ഒരു വ്യക്തിക്ക് ബഹുമാനം നേടിയെടുക്കാൻ അത്ര പ്രയാസമില്ല. മറിച്ച് ബഹുമാനിക്കപ്പെടേണ്ട സാഹചര്യങ്ങൾ ഒന്നും ഇല്ലാതെ സ്വന്തം നാട്ടിൽ ഒരു സാധാരണക്കാരനായി കളിച്ചു വളർന്ന ഒരാൾക്ക് അതെല്ലാം തിരുത്തിത്തിരുത്തി വേണം അംഗീകാരത്തിലേക്ക് കയറിയും കടന്നു വരാൻ. അതിന് ക്ഷമയും കാത്തിരിപ്പും ചില വിട്ടുവീഴ്ചകളും സഹനങ്ങളും എല്ലാം വേണ്ടി വന്നേക്കും. ചിലപ്പോൾ കരുതാത്ത അത്ര സമയവും വേണ്ടി വന്നേക്കാം. ഇതെല്ലാം ഈ അർത്ഥത്തിൽ തന്നെ സഹനം ചെയ്യുവാനും സ്വന്തം നാട്ടുകാരുടെ സ്നേഹ അംഗീകാരങ്ങളിലേക്ക് നടന്നു കയറാനും കഴിഞ്ഞു എന്നത് കെ ടി ഉസ്താദിൻ്റെ ഏറ്റവും വലിയ കഴിവ് തന്നെയാണ്.
പെറ്റുവളര്‍ന്ന പ്രദേശം തന്നെ അംഗീകാരവും സ്വീകാര്യതയും പൂര്‍ണാര്‍ത്ഥത്തില്‍ ഉസ്താദിന്റെ ജീവിതത്തിലുണ്ടായിരുന്നുവെന്ന് കരുവാരകുണ്ടില്‍ വന്നാല്‍ ആര്‍ക്കും ബോധ്യമാകും.
മതപരവും സാമൂഹികവുമായ വല്ല സങ്കീര്‍ണ പ്രശ്‌നങ്ങളുമുണ്ടാകുമ്പോള്‍ തല്‍വിഷയകമായി ശൈഖുനായുടെ അഭിപ്രായത്തിനു വേണ്ടി ജനം കാതോര്‍ത്തുനിന്നു.
മതസൗഹാര്‍ദ്ദാന്തരീക്ഷത്തിനു പോറലേല്‍പ്പിക്കുന്ന ഒരു പ്രവണതയും ശൈഖുന അംഗീകരിച്ചിരുന്നില്ല. അമ്പലക്കമ്മിറ്റി സംഘടിപ്പിച്ച സൗഹാര്‍ദ്ദ സമ്മേളനത്തില്‍ പങ്കെടുത്ത് താന്‍ പ്രതിനിധാനം ചെയ്യുന്ന ആദര്‍ശത്തിന്റെ നിലപാടുകള്‍ വ്യക്തമാക്കിയ സംഭവം എല്ലാവരെയും ആകര്‍ഷിച്ചിരുന്നു. മുസ്‌ലിം കൈരളിയുടെ ഐക്യപാശത്തെ പൊട്ടിച്ചെറിഞ്ഞ വഹാബി, മൗദൂദി, തബ്‌ലീഗാദി ബിദഈ കക്ഷികളെയും കള്ള ത്വരീഖത്തുകാരെയും വിഘടിത സുന്നികളെയും ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുകയും അവരുടെ തെറ്റായ ആശയങ്ങളില്‍ നിന്ന് മുഖ്യധാരാ സുന്നത്ത് ജമാഅത്തിന്റെ രാജവീഥിയിലേക്ക് ക്ഷണിക്കുകയും ചെയ്യുന്ന തന്റെ പ്രസംഗ ശൈലി പ്രതിപക്ഷ ബഹുമാനത്തോടെയായിരുന്നു. ആരെയും കടിച്ചുകീറി അടച്ചാേക്ഷപിക്കുന്ന സ്വഭാവം ഇദ്ദേഹത്തിനു ഉണ്ടായിരുന്നില്ല.


ഇന്ന് ദാറുന്നജാത്ത് നിൽക്കുന്ന പുന്നക്കാട് പ്രദേശത്ത് നമുക്കൊരു കേന്ദ്രം ഉണ്ടാവണമെന്ന ഉസ്താദിന്റെ ആഗ്രഹം ഇരിങ്ങാട്ടിരി ദർസ് നടത്തുമ്പോൾ തന്നെ അടുത്തവരോട് പങ്കുവെക്കാറുണ്ടായിരുന്നു. അല്ലാഹു ആഗ്രഹം നജാത്തിലൂടെ പൂര്‍ത്തീകരിച്ചുകൊടുത്തത് കേരള മുസ്‌ലിംകള്‍ക്ക് വിശിഷ്യാ സുന്നി മുസ്‌ലിംകള്‍ക്ക് അഭിമാനിക്കാന്‍ വകനല്‍കുന്നതാണ്.
സമസ്തയെയും വിദ്യാഭ്യാസ ബോര്‍ഡിനെയും പൂര്‍വ്വോപരി ജനകീയമാക്കുന്നതിലും മദ്‌റസ ക്ലാസുകള്‍ പ്ലസ്ടു വരെ ഉയര്‍ത്തുന്നതിലും പാഠപുസ്തക പരിഷ്‌ക്കരണത്തിലും മുഅല്ലിംകളെ കഴിവുറ്റവരാക്കുന്നതിലും അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുന്നതിലും മാനു മുസ്ലിയാർ നിര്‍വഹിച്ച തന്റെ ബൗദ്ധികവും പ്രാപ്തവുമായ നേതൃത്വം അവിസ്മരണീയമാണ്.
ആനുകാലിക ലേഖനങ്ങളും അവസരോചിത എഡിറ്റോറിയലുകളും എഴുതി സുന്നീ ടൈംസ്, സുന്നി വോയ്‌സ്, ഫിര്‍ദൗസ്, സുന്നി അഫ്കാര്‍, മുഅല്ലിം എന്നീ ആദര്‍ശജിഹ്വകളെ സമ്പുഷ്ഠമാക്കുന്നതില്‍ തന്റെ രചനാകഴിവ് പ്രകടമാക്കിയിരുന്നു. സമസ്തഃ സെക്രട്ടറി മൗലാന കെ.വി. മുഹമ്മദ് മുസ്‌ലിയാര്‍ കൂറ്റനാട് രചിച്ച ഖുര്‍ആന്‍ പരിഭാഷയുടെയും ഇബ്രാഹീം പുത്തൂര്‍ ഫൈസി രചിച്ച ബുഖാരി പരിഭാഷയുടെയും മറ്റു പല പ്രമുഖ ഗ്രന്ഥങ്ങളുടെയും പിന്നില്‍ ഉസ്താദിന്റെ കാര്യമായ സേവനം തന്നെ ആ രംഗത്തുള്ള ശൈഖുനായുടെ കഴിവിന്റെ പ്രകടമായ തെളിവാണ്. അളന്നു മുറിച്ച വാക്കുകൾ വലിയ പദസമ്പത്തിന്റെ അകമ്പടിയോടെ ആശയവൈകല്യം വരാതെ വിഷയങ്ങള്‍ സാധാരണ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ അദ്ദേഹത്തിൻ്റെ സവിശേഷ പ്രാപ്തി കേരള ജനത സമ്മതിച്ച യാഥാര്‍ത്ഥ്യമാണ്.
കാര്യങ്ങള്‍ മുന്‍കൂട്ടി കാണാനും ആളെ മനസ്സിലാക്കാനും അല്ലാഹു നല്‍കിയ കൂര്‍മ്മബുദ്ധിയും ക്രാന്ത ദര്‍ശിത്വവും അപാരമായിരുന്നു. ഭൗതികമായി ഏറെ വേറിട്ട ചിന്തകളും കാഴ്ചകളും എല്ലാം ഉണ്ടായിരുന്നപ്പോഴും ഒരു ത്യാഗിയായി ജീവിക്കുവാൻ ആയിരുന്നു മഹാനവർകൾ താല്പര്യപ്പെട്ടത്. ദുനിയാവ് തന്റെ മുമ്പില്‍ മലര്‍ക്കെ തുറക്കപ്പെട്ടിട്ടും അതില്‍ ആകൃഷ്ടനാവാതെ അതെല്ലാം അനാഥ-അഗതികള്‍ക്കും സ്വസമുദായത്തിനും ഉപകരിക്കുന്ന രീതിയില്‍ ഉപയോഗപ്പെടുത്താനാണ് ഉസ്താദ് ശ്രമിച്ചത്. അഹിതമായി എന്തെങ്കിലും സമ്പാദിച്ചതായോ, ഏതെങ്കിലും ബന്ധങ്ങൾ തൻ്റെ സ്വാർത്ഥമായ ലക്ഷ്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ചതായോ ഏറ്റവും അടുത്തവർക്ക് പോലും ആരോപിക്കാൻ കഴിയാത്ത അത്ര തെളിച്ചം ഉള്ളതായിരുന്നു ആ ജീവിതം.


മഹാനായ കെ ടി ഉസ്താദിൻ്റെ നീക്കിയിരിപ്പുകളിൽ പ്രധാനപ്പെട്ടത് കരുവാരകുണ്ട് ദാറുന്നജാത്ത് ഇസ്ലാമിക് സെൻറർ എന്ന സ്ഥാപനം തന്നെയാണ്. ദാറുന്നജാത്ത് ഇസ്ലാമിക് സെൻ്ററിൻ്റെ പടിപടിയായുള്ള ചുവടുകളും വളർച്ചയും വലിയ ചിന്തയിലേക്കും ചരിത്രത്തിലേക്കും നമ്മെ കൈപിടിച്ച് നടത്തുന്നതാണ്. കാരണം, പാരമ്പര്യ മതവിദ്യാഭ്യാസം മാത്രം നേടിയ ഒരു വ്യക്തി സമൂഹം എന്ന വലിയ പാഠശാലയിൽ നിന്ന് പഠിച്ചെടുത്ത പാഠങ്ങളെ പ്രയോഗവൽക്കരിച്ചതിന്റെ ആകെത്തുകയാണ് കരുവാരകുണ്ട് ദാറുന്നജാത്ത് ഇസ്ലാമിക് സെൻറർ. സമൂഹത്തിനും സമുദായത്തിനും ഓരോ സമയത്തും അവശ്യം ആവശ്യമായത് ദാനം ചെയ്യുക എന്നതായിരുന്നു കെ ടി ഉസ്താദ് ഈ സ്ഥാപനത്തിലൂടെ നടത്തിയ വിപ്ലവം. സ്ഥാപിക്കപ്പെടുന്ന കാലത്തെ ഏറ്റവും വലിയ സങ്കടം അനാഥകളുടെതായിരുന്നു. അത് ആദ്യം പരിഹരിച്ചു. ദാറുന്നജാത്തിൽ ആദ്യമായി സ്ഥാപിക്കപ്പെടുന്നത് അനാഥാലയമാണ്. തുടർന്ന് അവർക്ക് സമൂഹത്തിൽ മറ്റുള്ളവരുടെ ഒപ്പം എത്താൻ ആവശ്യമായ വിദ്യാഭ്യാസ സൗകര്യങ്ങൾ പടിപടിയായി സ്ഥാപിച്ചു. പെൺകുട്ടികൾക്ക് ധാർമിക ചുറ്റുപാടുകളിൽ ഭൗതികമടക്കമുള്ള പഠനങ്ങൾ നടത്തുവാൻ സൗകര്യങ്ങൾ വളരെ കുറവായിരുന്ന കാലത്ത് മദ്റസത്തുൽ ബനാത്ത് സ്ഥാപിച്ചു വിപ്ലവം സൃഷ്ടിച്ചു മഹാനവർകൾ. പിന്നീട് നേരിട്ടത് ഇംഗ്ലീഷ് വിദ്യാഭ്യാസം വളർന്നുവരുന്നതും അത് പലരും പാട്ടിലാക്കുന്നതുമായിരുന്നു. അപ്പോഴാണ് ദാറുന്നജാത്തിന്റെ ഇംഗ്ലീഷ് സ്കൂൾ സ്ഥാപിക്കപ്പെട്ടത്. സ്കൂളുകൾ, അഫിലിയേറ്റഡ് അറബിക്കോളേജ്, ശരീഅത്ത് കോളേജ്, ആർട്സ് ആൻഡ് സയൻസ് കോളേജ് തുടങ്ങിയവ ഓരോന്നും കരുവാരകുണ്ട് എന്ന പിന്നോക്ക പ്രദേശത്തെ മുന്നോട്ട് നയിച്ച ചുവടുകൾ ആയിരുന്നു.


ഈ മഹാമനീഷിയെ അടയാളപ്പെടുത്തുന്ന മറ്റൊന്ന് അദ്ദേഹത്തിൻ്റെ രചനകളാണ്. നിരവധി കഴമ്പുറ്റ ലേഖനങ്ങൾ കൈരളി സമ്മാനിച്ച മഹാനവർകൾ അറബിയിലും അതുല്യമായ രചന വൈഭവം ഉള്ള ആളായിരുന്നു. അദ്ദേഹത്തിൻ്റെ ആ നിലക്കുള്ള ദാനങ്ങളിൽ ശ്രദ്ധേയമായ ഒന്നാണ് അൽ മൻഖൂൽ എന്ന അദ്ദേഹം രചിച്ച മൗലിദ്. ആ രചന സമാഹാരത്തിൽ ഒരുപാട് മനോഹരങ്ങളായ മാപ്പിളപ്പാട്ടുകളും ഉണ്ടായിരുന്നു. മനോഹരങ്ങളായ കെ ടി ഉസ്താദിൻ്റെ ഗാനങ്ങൾ മാപ്പിളപ്പാട്ട് ശാഖകക്ക് തന്നെ ഒരു മുതൽക്കൂട്ടാണ്. കരുവാരക്കുണ്ടിനു ചുറ്റുപാടുമുള്ള ഗ്രാമങ്ങളില്‍ കല്യാണസദസ്സുകളില്‍ പാട്ടുപാടിനടന്ന കൗമാരക്കാലത്ത് സ്വയം കെട്ടിയുണ്ടാക്കിയിരുന്ന ആശംസാഗാനങ്ങളാണ് മാപ്പിളപ്പാട്ടുകള്‍ രചിക്കുന്നതില്‍ അദ്ദേഹത്തിന്റെ കളരിയായത്. ചാക്കീരി മൊയ്തീന്‍കുട്ടിയുടെ ബദര്‍ പടപ്പാട്ട് മനപ്പാഠമാക്കി ഏറനാട്ടിലെ സഹൃദയ സദസ്സുകളില്‍ പാടിപ്പറഞ്ഞിരുന്നു അദ്ദേഹം. പുലിക്കോട്ടില്‍ ഹൈദര്‍, പി. ടി വീരാന്‍കുട്ടി മൗലവി, എന്‍. പി മുഹമ്മദ് മുതലായവരോടുണ്ടായിരുന്ന അടുത്ത സൗഹൃദം ഭാഷാ പരിജ്ഞാനത്തിന്റെയും സാഹിത്യാസ്വാദനത്തിന്റെയും നല്ലകാലം അദ്ദേഹത്തിന് സമ്മാനിച്ചു. ഈ വിഭാഗത്തിൽ ഏറ്റവും ശ്രദ്ധേയമായത് മഹാനവർകളുടെ ഹജ്ജ് യാത്ര പാട്ടുകളാണ്. 43 പാട്ടുകളിലായി സ്വന്തം ഹജ്ജ് അനുഭവം മഹാനവർകൾ അക്ഷരങ്ങളിലേക്ക് പകർത്തി. ഇത് കേവലമൊരു യാത്രാവിവരണ കാവ്യമല്ല എന്നതാണ് അതിൻ്റെ സവിശേഷത. അത്യസാധാരണ ഭക്തി വഴിയുന്ന പ്രാര്‍ഥനകള്‍, ഒരു യാത്രാഗൈഡുപോലെ യാത്രികരെ സഹായിക്കുന്ന രീതിയില്‍ കവിതയൊട്ടും കലരാതെ എഴുതിക്കൂട്ടിയ സ്ഥല – കാല സൂചനകളടങ്ങിയ വസ്തുതാ വിവരണങ്ങൾ, ചരിത്രങ്ങൾ, ഹജ്ജ്, ഉംറ അനുഷ്ഠാനങ്ങൾ, യാത്രയിലെയും വിശുദ്ധ മക്കയിലെയും മദീനയിലെയും കാഴ്ചകൾ, തീര്‍ഥാടനക്രിയകൾ, അത്യപൂര്‍വമായ കാഴ്ചകളുടെ മനോഹരമായ വര്‍ണനകൾ തുടങ്ങിയവയെല്ലാം കൊണ്ട് ഈ രചന തീർത്തും വേറിട്ടുനിൽക്കുന്നു. ഇബ്‌റാഹീം നബി മുതല്‍ സഊദി രാജാക്കന്മാരെ വരെ വിവരിക്കുന്ന ചരിത്രശകലങ്ങൾ, ഗോവ, ബോംബെ, ജിദ്ദ, മദീന, മക്ക തുടങ്ങിയ നഗരവീഥികളുടെ സൂക്ഷ്മ നിരീക്ഷണങ്ങൾ, സഹയാത്രികരുടെ യാത്രാ വിശേഷങ്ങൾ തുടങ്ങി പാട്ടിൻറെ കപ്പലിലൂടെയുള്ള ഒരു മനോഹരമായ ഹജ്ജ് യാത്രയാണ് ഈ കാവ്യ ശില്പം. മാപ്പിളപ്പാട്ടിന്റെ തനതായ ഇശലുകളിലും വ്യത്യസ്ത താളത്തിലും ആവിഷ്‌കരിക്കപ്പെട്ട ഈ ഗാനങ്ങള്‍ ഏതൊരു ഇഷ്ടവായനയക്കാരനെയും ആകര്‍ഷിക്കുന്നതാണ്.


1968 ആഗസ്റ്റ് രണ്ടിന് ഹജ്ജിന് അപേക്ഷിച്ചതുമുതലാണ് പാട്ടിന്റെ തുടക്കം. ഡിസംബര്‍ മുപ്പതിന് സരസ്വതി എന്ന കപ്പലില്‍ യാത്ര ആരംഭിക്കുന്നു. ഗോവ, ബോംബെ തുറമുഖങ്ങള്‍ പിന്നിട്ട് മറ്റൊരു കപ്പലിലേറി 1969 ജനുവരി 10 ന് സൗദി അറേബ്യയിലേക്ക് തിരിക്കുന്നു. സൗദി സന്ദര്‍ശനങ്ങളും ഉംറയും ഹജ്ജും അനുഷ്ഠിച്ച് ഏപ്രില്‍ 7 ന് തീവണ്ടിയില്‍ പാലക്കാട് തിരിച്ചെത്തുന്നതുവരെയുള്ള ഡയറിക്കുറിപ്പുകളാണ് ഈ പാട്ടുകള്‍. നാട്ടിലെത്തി അഞ്ചുമാസങ്ങള്‍ കഴിഞ്ഞാണ് ഗാനരചന പൂര്‍ത്തീകരിക്കുന്നത്. തന്റെ സംഘടനാപരവും മതപരവുമായ തിരക്കുകള്‍ക്കിടയിലും, വ്യത്യസ്ത ഇശലുകളില്‍ ദീര്‍ഘമായ നാല്പതിലേറെ പാട്ടുകള്‍ ഇത്രയും ഗുണത്തോടെ രചിച്ചുണ്ടാക്കാന്‍ അഞ്ചുമാസമേ എടുത്തിട്ടുള്ളൂ എന്ന വസ്തുത പാട്ടുകെട്ടുന്നതില്‍ കെ ടി ക്കുള്ള കൈയടക്കത്തെയും പ്രാവീണ്യത്തെയുമാണ് സൂചിപ്പിക്കുന്നത്. ഈ ഇശലുകളില്‍ മിക്കതും മോയിന്‍കുട്ടി വൈദ്യര്‍ അടക്കമുള്ള പ്രാമാണികരായ കവികളുടെ പ്രശസ്ത രചനകളില്‍നിന്നാണ് അദ്ദേഹം കണ്ടെടുത്തിട്ടുള്ളത്. മാപ്പിളപ്പാട്ടിലെ ജനപ്രിയമായ തൊങ്കല്‍, കൊമ്പ് തുടങ്ങിയ ഇശലുകള്‍ ഏതാനും പാട്ടുകളില്‍ മാത്രമേ കെ. ടി സ്വീകരിച്ചിട്ടുള്ളൂ. കെ ടി മാനുമുസ്‌ല്യാര്‍ എന്ന മതപണ്ഡിതന് മാപ്പിളപ്പാട്ടിലുള്ള അഗാധമായ അറിവും അനുഭവപരിചയവുമാണ് ഈ അതിശയങ്ങള്‍ക്കൊക്കെയും അടിസ്ഥാനം. 'ജീവിതത്തിന്റെ കൈയൊപ്പുകൾ' ആണ് മഹാനവർകളുടെ ആത്മകഥ.


2009 ഫെബ്രുവരി 1 ന് സമസ്തയുടെ പോഷക ഘടകമായ ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ചുള്ള സമാപന സമ്മേളനത്തില്‍ സ്വാഗതഭാഷണം നടത്താന്‍ നിയോഗിക്കപ്പെട്ടിരുന്നത് ഉസ്താദായിരുന്നെങ്കിലും ശാരീരിക അസ്വസ്ഥതകള്‍ മൂലം പകരക്കാരനായി ഡോ. ബഹാഉദ്ദീന്‍ നദ്‌വിയെ നിയോഗിക്കുകയായിരുന്നു. തന്റെ കടുത്ത ക്ഷീണം ആരെയും അറിയിക്കാതെ സംഗമത്തെ പാല്‍കടലാക്കിയ അണികളെ കണ്‍കുളിര്‍ക്കെ കണ്ട് ഉസ്താദ് സ്റ്റേജിന്റെ മുന്നില്‍ തന്നെ കഴിഞ്ഞ് കൂടി. അല്‍പസമയ ശേഷം അസ്വസ്ഥത മൂര്‍ചിച്ച് ഉസ്താദ് സഹപ്രവര്‍ത്തകരോട് യാത്ര പറഞ്ഞ് വേദിയില്‍ നിന്ന് ഇറങ്ങി. നടക്കാനാവത്ത വിധം ക്ഷീണിച്ച ഉസ്താദിനെ പ്രവര്‍ത്തകര്‍ ഉടന്‍ ആമ്പുലന്‍സിലേക്ക് കയറ്റിയെങ്കിലും ഹോസ്പ്പിറ്റലിലേക്ക് പോകുന്നതിനിടയില്‍ അല്‍പം വെള്ളം കുടിച്ച് സമീപത്തുള്ളവരെ സാക്ഷിയാക്കി നാലഞ്ചു തവണ തഹ്‌ലീല്‍ ഉരുവിട്ട് ഉസ്താദ് ഈ ലോകത്തോട് വിടവാങ്ങി. തന്റെ പ്രസംഗത്തിനായി കാതോര്‍ത്ത് അനുചര വൃന്തത്തെ കൊണ്ട് ജനാസ നിസ്‌കാരവും തഹ്‌ലീലും നടത്തിയായിരുന്നു ഉസ്താദിന്റെ വിയോഗം. ഉസ്താദിന്റെ ഓരോ ചുവടുവെപ്പും ഓരോ സന്ദേശമായിരുന്നു. ഇന്നത്തേക്കും നാളെത്തേക്കുമുള്ള മാതൃകാ സന്ദേശങ്ങള്‍. 1932 മുതല്‍ 2009 ഫെബ്രുവരി 1 വരെ (1430 സ്വഫര്‍ 5)യായിരുന്നു ആ ജീവിതം.
0

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso