Thoughts & Arts
Image

തിരുവസന്തത്തിൻ്റെ പതിനഞ്ച് നൂറ്റാണ്ട്.

2025-07-11

Web Design

15 Comments





ഹിജ്റ വർഷം 1447 ലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. ഈ സമയം നമ്മെ പല കാര്യങ്ങളും ഓർമ്മിപ്പിക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഹിജ്റ തന്നെയാണ്. മഹാനായ നബി(സ്വ) തങ്ങളുടെയും ഇസ്ലാമിന്റെയും ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വഴിത്തിരിവായിരുന്നു ഹിജ്റ. പിറന്ന നാട്ടിൽ അല്ലാഹു ഏൽപ്പിച്ച ദൗത്യം നിർവഹിക്കുവാനും ജനങ്ങളെ ഇസ്ലാമിൻ്റെ തീരത്തേക്ക് എത്തിക്കുവാനും കഴിയാത്ത സാഹചര്യം സംജാതമായപ്പോൾ അങ്ങകലെ മദീനയിലേക്ക് നബി തങ്ങളും അനുയായികളും പലായനം ചെയ്ത സംഭവമാണ് ഹിജ്റ. നബി തങ്ങളുടെ 53-ാം വയസ്സിലായിരുന്നു ഇത്. പ്രവാചകത്വം ലഭിച്ചിട്ട് അപ്പോഴേക്കും 13 വർഷങ്ങൾ പിന്നിട്ടിരുന്നു. ഇത്രയും കാലം തൻ്റെ സ്വന്തം നാട്ടുകാർ ഇസ്ലാമിനെ വേണ്ടവിധത്തിൽ പ്രബോധനം ചെയ്യാൻ അനുവദിച്ചില്ല. അതോടെയാണ് ഹിജ്റ പോകേണ്ട സാഹചര്യം ഉണ്ടായത്. ഇവിടെത്തന്നെ നമുക്ക് ഒരുപാട് ചിന്തിക്കുവാനുണ്ട്. എതിരാളികളുടെ ഭാഗത്തുനിന്ന് ശക്തമായ എതിർപ്പ് നേരിട്ടപ്പോൾ അതിനെ അതേ നാണയത്തിൽ തിരിച്ചടിക്കാനല്ല മഹാനായ നബി തങ്ങൾ തയ്യാറായത്. മറിച്ച് അവിടെനിന്ന് മാറിക്കൊടുക്കുവാനായിരുന്നു. ഹിജ്റ നമ്മെ പഠിപ്പിക്കുന്ന ആദ്യത്തെ പാഠം ഇതാണ്. പ്രയാസങ്ങൾ നേരിടുമ്പോൾ ക്ഷമയും സഹനവും കൈമുതലാക്കുകയും കലാപവും തിരിച്ചടിയും നടത്തി സാമൂഹ്യ അന്തരീക്ഷം കലുഷിതമാക്കാതെ നഷ്ടം സംഭവിച്ചാൽ പോലും സമാധാനത്തിന്റെ വഴി സ്വീകരിക്കണം എന്നതാണ് ഇസ്ലാം താല്പര്യപ്പെടുന്നത്. അങ്ങനെ നാം ചെയ്യുമ്പോൾ അറിയപ്പെടാത്ത മാർഗത്തിലൂടെ വിജയങ്ങൾ കൈവരും എന്നതാണ് ഹിജ്റ പഠിപ്പിക്കുന്ന മറ്റൊരു പാഠം. മക്കയിൽ നിന്ന് മദീനയിൽ എത്തിച്ചേർന്ന നബി(സ്വ) തങ്ങൾ കേവലം പത്തുവർഷങ്ങൾ കൊണ്ട് വലിയ നേട്ടങ്ങളാണ് സ്വന്തമാക്കിയത്. തൻ്റെ സന്ദേശം എല്ലായിടത്തും എത്തിക്കുവാൻ പ്രാപ്തരായ ഒരു ജനതയെ നബി(സ്വ) തങ്ങൾ വാർത്തെടുത്തു. എല്ലാ വെല്ലുവിളികളെയും അതിജീവിച്ചു. അറേബ്യൻ ഉപഭൂഖണ്ഡത്തിൽ മൊത്തത്തിൽ ഇസ്ലാം എത്തിക്കുകയും അന്നത്തെ എല്ലാ ഭരണാധികാരികളെയും ഈ സരണിയിലേക്ക് ക്ഷണിക്കുകയും തികച്ചും മാതൃക യോഗ്യമായ ഒരു സമുദായത്തെ സംഘടിപ്പിക്കുകയും ചെയ്യുകയുണ്ടായി.


മദീനയിൽ തനിക്കും തന്റെ അനുയായികൾക്കും സുരക്ഷിതമായ ഒരു ജീവിതം ഉണ്ടായി, അതിൽ കുറേ വിജയങ്ങളും നേട്ടങ്ങളും ഉണ്ടാവുകയും ചെയ്തു എന്നുമാത്രം ഹിജ്റയെയും അനന്തര സംഭവവികാസങ്ങളെയും ചെറുതായി കാണാൻ പാടില്ല എന്നതാണ് വസ്തുത. മറിച്ച്, നബി(സ്വ)തങ്ങൾ ലോക രാഷ്ട്രങ്ങൾക്ക് എന്നെന്നേക്കും മാതൃകയാക്കാവുന്ന ഒരു രാഷ്ട്രം സ്ഥാപിക്കുകയാണ് ഉണ്ടായത്. ഒരു രാഷ്ട്രത്തിൽ ജീവിക്കുന്നവർക്ക് പ്രാഥമികമായി വേണ്ടത് സമാധാനമുള്ള ജീവിത സാഹചര്യമാണ്. അത് മദീനയിൽ ഉണ്ടായിരുന്നു. പൊട്ടലും ചീറ്റലും ഇല്ലാത്ത സംതൃപ്തമായ കുടുംബങ്ങൾ, ചതിയും വഞ്ചനയും ഇല്ലാത്ത അങ്ങാടികൾ, മണ്ണിനും ആദർശത്തിനും വേണ്ടി എല്ലാം ത്യജിക്കുവാൻ തയ്യാറാവുന്ന യുവജനങ്ങൾ, അറിവും അച്ചടക്കവും നേടി വളരുന്ന ബാല്യ-കൗമാരങ്ങൾ തുടങ്ങി ഒരു ശാന്തമായ രാജ്യത്തിന് വേണ്ടതെല്ലാം മദീനയിൽ ഉണ്ടായിരുന്നു. മതപരമായ കാര്യങ്ങളിൽ എല്ലാവരും ആത്മാർത്ഥത പുലർത്തി ജീവിച്ചു. ഒരു പ്രശ്നവുമില്ലാത്ത വിധം പരസ്പരബന്ധങ്ങളെ അവർ കാത്തുസൂക്ഷിച്ചു. ഭാര്യമാരും സഹോദരിമാരും ഉമ്മമാരും എല്ലാം അടങ്ങുന്ന സ്ത്രീകളുടെ ലോകത്തിന് അവർ എല്ലാ മാന്യതയും സുരക്ഷയും നൽകി. ഇസ്ലാമിൻ്റെ നീതി ന്യായ വ്യവസ്ഥയിലൂടെ എല്ലാ അക്രമങ്ങളെയും ഇല്ലായ്മ ചെയ്തു. വിശ്വാസങ്ങളിലോ ആചാര അനുഷ്ഠാനങ്ങളിലെ ഉള്ള വ്യത്യാസങ്ങൾ പരിഗണിക്കാതെ അവിടെ എല്ലാവരും എല്ലാവരെയും സ്നേഹിച്ചു ജീവിച്ചു. വടക്ക് ശാമിൽ നിന്ന് തെക്ക് യമനിലെ ഹദര്‍മൗത്ത് വരെ ഒരു സ്ത്രീക്ക് പോലും നിർഭയം സഞ്ചരിക്കാൻ ഉള്ള സാഹചര്യം അവിടെ ഉണ്ടായി. അങ്ങനെ എല്ലാ നിലയിലും അനുകരണീയമായ ഒരു രാഷ്ട്രമായി മദീനയെ നബി തങ്ങൾ സ്ഥാപിച്ചു. ഈ വളർച്ചകളിലേക്ക് എല്ലാം നബി തങ്ങൾക്കും ഇസ്ലാമിക ചരിത്രത്തിനും എത്തിച്ചേരാൻ ഇടവരുത്തിയത് ഹിജ്റയാണ്. അതുകൊണ്ടാണ് ഹിജ്റ വെറും ഒരു മാറി താമസിക്കൽ ആയിരുന്നില്ല എന്നു പറയുന്നത്.


ഈ ഹിജ്റാ വർഷത്തിന് മറ്റൊരു പ്രത്യേകത കൂടെയുണ്ട്. മഹാനായ നബി(സ്വ) തങ്ങളുടെ ജനനത്തിന്റെ 1500-ാം വാർഷികം ആണിത്. അതായത് നബി(സ്വ) തങ്ങൾ ജനിച്ചിട്ട് 15 നൂറ്റാണ്ടുകൾ തികയുകയാണ്. ഇത് നമുക്ക് ഓർക്കുവാനും ഓർമിപ്പിക്കുവാനും നല്ല ഒരു അവസരമാണ്. കാരണം, പതിനഞ്ചും അതിലധികവും നൂറ്റാണ്ടുകൾ പ്രായമുള്ള ആശയങ്ങളും മതങ്ങളും നമ്മുടെ ലോകത്ത് തന്നെ ഉണ്ട് എന്നത് ഒരു വസ്തുതയാണ്. എങ്കിലും ഇത്രമാത്രം ചടുലവും സജീവവുമായ ഒരു ആദർശമായി നിലനിൽക്കുന്ന മറ്റൊരു ആദർശവും ഉണ്ടാവില്ല. മറ്റുള്ള ആശയങ്ങൾക്കും മതങ്ങൾക്കും എല്ലാം ഏതാനും കാലം പിന്നിടുമ്പോഴേക്കും അവയിൽ കുറേ മാറ്റങ്ങളും മറ്റും ഉണ്ടായിട്ടുണ്ട്. പക്ഷേ 15 നൂറ്റാണ്ടിന്റെ ഇസ്ലാമിക ചരിത്രവും അനുഭവവും നിരീക്ഷിച്ചാൽ അങ്ങനെയൊന്ന് ഉണ്ടായിട്ടേയില്ല എന്ന് ആർക്കും തീർത്തു പറയാൻ കഴിയും. വിശ്വസിക്കുന്ന ഇലാഹിന്റെയും പിന്തുടരുന്ന നബിയുടെയും ജീവിതത്തിന് നിയമങ്ങൾ ഒരുക്കുന്ന കിത്താബിന്റെയും മറ്റു പ്രമാണങ്ങളുടെയും കാര്യത്തിൽ ഒരു മാറ്റവും ഇസ്ലാമിൽ ഉണ്ടായിട്ടില്ല. അത്തരം മാറ്റങ്ങൾ വരുത്തുവാൻ ചിലരൊക്കെ പലപ്പോഴും ശ്രമിച്ചിട്ടുണ്ട് എങ്കിലും അതൊന്നും വിജയിച്ചിട്ടില്ല. അതിന്റെയൊക്കെ ഒരു പ്രധാനപ്പെട്ട കാരണം നബി(സ) തങ്ങളുടെ പ്രബോധനത്തിന്റെ തികവും മികവും തന്നെയാണ്. ഏതുകാലത്തിനും ഏതു ജനതക്കും അനുയോജ്യവും യുക്തിഭദ്രവുമായ ഒരു ആദർശമാണ് മഹാനായ നബി തങ്ങൾ നമുക്കു കാണിച്ചുതന്നത്. തലമുറകൾ എത്ര പരിഷ്കരിച്ചാലും ഇസ്ലാമിൻ്റെ ഏതെങ്കിലും ഒരു നയം പഴഞ്ചനാണ് എന്നോ അപരിഷ്കൃതമാണ് എന്നോ പറയാൻ കഴിയില്ല. അങ്ങിനെ വല്ലവരും പറയുന്നുണ്ട് എങ്കിൽ അത് കൃത്യമായി ഇസ്ലാമിനെ കുറിച്ചും നബിയെക്കുറിച്ചും പഠിക്കാത്തത് കൊണ്ടാണ്. മാത്രമല്ല, ഇസ്ലാമിക ആദർശം മഹാനായ നബി തങ്ങളോടുള്ള സ്നേഹത്തിന്റെ അടിത്തറയിലാണ് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. അതിനാൽ തന്നെ വിശ്വാസികൾ ഇസ്ലാമിനെ പിന്തുടരുന്നത് ഇഷ്ടത്തോടെയും സ്നേഹത്തോടെയും മാത്രമാണ്. അതിനാൽ അവരെ വഴിപിഴപ്പിക്കുന്ന ഒന്നും വിജയിക്കുകയില്ല.


ഈ നന്മകൾ നാം പരസ്പരം പറഞ്ഞും പങ്കുവെച്ചും മുന്നോട്ടു പോകുന്നതോടൊപ്പം ഇത് ലോകത്തിൻ്റെ സജീവമായ ശ്രദ്ധയിൽപ്പെടുത്തുവാൻ ഓരോ വിശ്വാസിയും ശ്രമിക്കേണ്ടതുണ്ട്. അതിന് ഏറ്റവും നല്ല ഒരു വഴിയാണ് മഹാനായ നബി(സ്വ) തങ്ങളെ പരിചയപ്പെടുത്തിക്കൊടുക്കുക എന്നത്. ഈയൊരു നന്മ മുന്നിൽ കണ്ടതുകൊണ്ടാണ് നമ്മുടെ മുൻഗാമികളും നമ്മളും നബിതങ്ങളുടെ ജന്മദിനം സമുചിതമായി ആഘോഷിക്കുന്നത്. ആ ജീവിതത്തെ വൈകാരികമായി അവതരിപ്പിക്കുവാൻ ഏറ്റവും നല്ല ഒരു അവസരമാണ് അത്. അത്തരം വേളകളിൽ നബി(സ്വ) തങ്ങളുടെ മാതൃകായോഗ്യമായ ജീവിതത്തിൻ്റെ പാഠങ്ങൾ പഠിപ്പിക്കുകയും വിവരിക്കുകയും ചെയ്യുമ്പോൾ സ്വാഭാവികമായും ജനങ്ങൾക്ക് ഇസ്ലാമിൻ്റെ എല്ലാ നന്മകളും പരിചയപ്പെടാൻ സാധ്യമാകും. അതിന് എല്ലാവരും ശ്രമിക്കേണ്ടതുണ്ട്. ഇന്ന് സത്യത്തിൽ ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്ന ഒരു വ്യക്തിത്വമാണ് നബി(സ്വ) തങ്ങളുടേത്. അതിന് ഒരളവോളം കാരണം നമ്മൾ തന്നെയാണ്. കാരണം ഒന്നാമതായി, നാം വേണ്ടവിധത്തിൽ കാലത്തിൻ്റെ വൈജ്ഞാനിക വളർച്ചക്ക് അനുസരിച്ച് ശാസ്ത്രീയമായി യുക്തിഭദ്രമായി നബി തങ്ങളെയും തങ്ങളുടെ ആശയത്തെയും അവതരിപ്പിക്കുന്നില്ല. രണ്ടാമതായി, നമ്മുടെയും ഇസ്ലാമിന്റെയും എതിരാളികൾ നബിയെയോ ഇസ്ലാമിനെയോ ഇകഴ്ത്തി സംസാരിക്കുമ്പോൾ നാം അമിതമായി വികാര വിവശരാവുകയും എതിരാളികൾ ബഹുമാനപൂർവ്വം കാണുന്ന കാര്യങ്ങളെയും വ്യക്തികളെയും അവമതിച്ചു സംസാരിക്കുകയും പ്രതികാര മനോഭാവത്തോടെ പെരുമാറുകയും ചെയ്യുന്നു. അപ്പോൾ ചിന്തിച്ച് സത്യം കാണാനും മനസ്സിലാക്കാനും ശ്രമിക്കുന്നതിനു പകരം എതിർക്കുവാനും ആക്ഷേപിക്കുവാനും ആയിരിക്കും അവർ ശ്രമിക്കുക. അത് വിപരീതഫലമാണ് ഉണ്ടാക്കുക. നല്ല വാക്കുകളോടെ നല്ല സമീപനത്തോടെ ആയിരുന്നു നബി തങ്ങൾ വളരെ പ്രതികൂലമായിരുന്ന ആ കാലഘട്ടത്തിൽ ഇസ്ലാം പ്രബോധനം ചെയ്തത്. ആ ശൈലിയിൽ തന്നെയായിരിക്കണം നാമും പ്രബോധനം ചെയ്യേണ്ടത്. അപ്പോൾ കൂടുതൽ ജനങ്ങൾ അത് ശ്രദ്ധിക്കുകയും മനസ്സിലാക്കുകയും തെറ്റിദ്ധാരണകൾ തിരുത്തുകയും ചെയ്യും.


ഇത്തരം യാഥാർത്ഥ്യങ്ങൾ ശരിയായ വികാരത്തോടെ സമൂഹത്തെ പഠിപ്പിക്കുവാനുള്ള വലിയ ഒരു അവസരമാണ് സത്യത്തിൽ നബിയുടെ ജൻമദിന ആഘോഷങ്ങൾ. ഈ വർഷമാകട്ടെ 1500-ാം ജന്മദിനം എന്ന നിലക്ക് കൂടുതൽ ആഴത്തിൽ നബി തങ്ങളെയും നബി തങ്ങളുടെ ആദർശത്തെയും പരിചയപ്പെടുത്തുവാൻ നമുക്ക് അവസരം ലഭിക്കും എന്നത് ഒരു വസ്തുതയാണ്. ആ ഒരു ലക്ഷ്യത്തോടുകൂടിയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ പ്രധാന പോഷക ഘടകമായ സുന്നി മഹല്ല് ഫെഡറേഷൻ 'തിരുവസന്തം: പതിനഞ്ച്' നൂറ്റാണ്ട് എന്ന ക്യാമ്പയിൻ ആചരിക്കുവാൻ തീരുമാനിച്ചിരിക്കുന്നത്. പതിനഞ്ചു നൂറ്റാണ്ടുകൾക്കിടയിൽ ഈ സമുദായം കടന്നുവന്ന വഴികൾ നേരിടേണ്ടി വന്ന വെല്ലുവിളികൾ, വെല്ലുവിളികളെ അതിജയിച്ച അനുഭവങ്ങൾ, അതിനെല്ലാം സഹായകമായ മഹാനായ നബി(സ്വ) തങ്ങളുടെ ആദർശപാഠങ്ങൾ എന്നിവയെല്ലാം മഹല്ലുകൾ തോറും വിവിധ രൂപങ്ങളിലായി സാധാരണക്കാരിലേക്ക് എത്തിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. അതിനു വേണ്ട വിശദമായ കർമ്മപദ്ധതികൾ അണിയറയിൽ തയ്യാറായിക്കഴിഞ്ഞിട്ടുണ്ട്. ഇസ്ലാമിക ആദർശത്തെയും മഹാനായ നബി(സ്വ) തങ്ങളെയും അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിനെയും സ്നേഹിക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന എല്ലാവരും ഈ കാമ്പയിൻ ഭാഗമാകണമെന്ന് സവിനയം അഭ്യർത്ഥിക്കുകയാണ്.


0


0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso