Thoughts & Arts
Image

മനസ്സിലേക്ക് കൂടിയാണ് മഴ പെയ്യുന്നത്

2025-07-11

Web Design

15 Comments

വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി





മഴ കനക്കുകയാണ്. സൂക്ഷ്മമായി നിരീക്ഷിച്ചാൽ വേണ്ടതിലും കുറവാണ് പെയ്യുന്നത്. എന്നിട്ടും ഒരു ദിവസം നാലു മഴ ഒന്നിച്ചു പെയ്യുമ്പോഴേക്കും പുതിയ മനുഷ്യൻ്റെ സ്വസ്ഥത നഷ്ടപ്പെടുന്നു. ഒന്നോ രണ്ടോ ദിവസം മഴ മൂടിക്കെട്ടി പെയ്തു കൊണ്ടേ ഇരിക്കുന്നുവെങ്കിൽ പിന്നെ പറയാനുമില്ല. നശിച്ച, നാശം പിടിച്ച എന്നൊക്കെയായിരിക്കും പിന്നെ അവൻ മഴയെ വിശേഷിപ്പിക്കുക. വർത്തമാന കാലവുമായി പുതിയ മനുഷ്യന്മാർ അത്രമേൽ ഒട്ടിച്ചേർന്ന് ലയിച്ചിരിക്കുന്നു. ഈ വികാരം തന്റെയും തന്റെ ലോകത്തിന്റെയും ഭാവിയെ പോലും മറവിയിലേക്ക് തള്ളിവിട്ടിരിക്കുന്നു. മഴ നന്നായി പെയ്താലേ തൻ്റെ മണ്ണ് പുഷ്പിക്കുകയുള്ളൂ, ആവശ്യത്തിനുള്ള ജലം സംഭരിച്ച് വെക്കുകയുള്ളൂ, ലോകത്തിന് അന്നം മുളപ്പിച്ചെടുക്കാൻ കഴിയുകയുള്ളൂ തുടങ്ങിയ വീണ്ടുവിചാരങ്ങൾക്കൊന്നും അവനെ കിട്ടില്ല. വികാരങ്ങൾ എപ്പോഴും അങ്ങനെയാണ്. വിചാരങ്ങളെ അവ അവഗണിക്കും. അത് മാന്യനായ ഒരു മനുഷ്യനും വിശ്വാസിക്കും ഭൂഷണമല്ല എന്നത് ആർക്കും ഉൾക്കൊള്ളാവുന്ന ഒരു പൊതു തത്വമാണ്. കുലത്തിന്റെ സമീകൃതമായ നിലനിൽപ്പിനെ സഹായിക്കുന്ന ആശയവുമാണ്. ഇത്തരം ജീവൽബന്ധിയായ തത്വങ്ങൾ ഇസ്ലാമിൻ്റെ ഒരു വലിയ ഭാഗമാണ്. ആത്യന്തികമായി പ്രബുദ്ധതയുള്ള ഒരു മനുഷ്യനെ സൃഷ്ടിച്ചെടുക്കുകയാണല്ലോ ഇസ്ലാമിൻ്റെ ലക്ഷ്യം. ശരിയായ ചിന്തയിലേക്ക് പിടിച്ചു കൊണ്ടുവന്ന് വിശ്വാസത്തിലേക്ക് നയിച്ച് അതിനെ ജീവിതവികാരമാക്കി മാറ്റുകയാണ് ലക്ഷ്യം നേടുവാൻ ഇസ്ലാം ചെയ്യുന്നത്. അതുകൊണ്ട് ഈ കാര്യത്തിൽ കാര്യത്തിലും ഇസ്ലാം ഇടപെടുന്നു. കാലത്തെ ശപിക്കരുത് എന്നു പറഞ്ഞു കൊണ്ടാണ് ആ വിഷയത്തിലേക്ക് മഹാനായ പ്രവാചകൻ കടന്നുവരുന്നത്. ശപിക്കരുത് എന്ന് പറയുമ്പോൾ എന്തുകൊണ്ട് എന്ന് ചിന്തിക്കുവാനും തുടർന്ന് ആ ചിന്തയുടെ അടുത്ത ഘട്ടത്തിലേക്ക് പോകുവാനുമുള്ള ഒരു ത്വര മനുഷ്യനിൽ ഉണ്ടാകും എന്നാണ് ഇസ്ലാമിൻ്റെ പ്രതീക്ഷ. ഈ വിഷയത്തിൽ ഇടപെട്ടുകൊണ്ട് നബി(സ്വ) പറഞ്ഞു; 'അല്ലാഹു അരുള്‍ ചെയ്തിരിക്കുന്നു, മനുഷ്യന്‍ എന്നെ ഉപദ്രവിക്കുന്നു. കാരണം അവന്‍ കാലത്തെ ശകാരിക്കുന്നു. സത്യത്തിൽ ഞാനാണ് കാലം. എന്റെ കയ്യിലാണ് കാര്യങ്ങളുടെ നിയന്ത്രണം. രാവിനേയും പകലിനെയും മാറി മാറി വരുത്തുന്നത് ഞാനാണ്.'(ബുഖാരി)


മഴ സത്യത്തിൽ പെയ്തിറങ്ങുന്നത് മണ്ണിലേക്ക് മാത്രമല്ല മനസ്സിലേക്ക് കൂടിയാണ്. അതുകൊണ്ട് അല്ലാഹു വിശുദ്ധ ഖുർആനിൽ ഒരുപാട് സ്ഥലങ്ങളിൽ മഴയെക്കുറിച്ചും മഴ പെയ്യുന്നതിന് ഉണ്ടാകുന്ന പ്രക്രിയയെ കുറിച്ചും മനുഷ്യനെ ഉണർത്തുന്നു. മനുഷ്യൻ ഇതിനകം നേടിയ അറിവുകൾ അനുസരിച്ച് ചിന്തിച്ചാൽ തന്നെ മഴയിലെ മഹാ ചിന്തകൾ മനസ്സിൽ വിടർന്നുവരും. അതിലെ ഏറ്റവും വലിയ കൗതുകം പ്രകൃതിയിലെ വെള്ളം തന്നെ വെള്ളം ഉണ്ടാക്കുന്നു എന്നതാണ്. അതായത് മഴയിലൂടെ ലഭിക്കുന്ന വെള്ളം തന്നെ ചില പ്രക്രിയകൾക്ക് വിധേയമായി വീണ്ടും മഴയായി വർഷിക്കുന്നു. ആദ്യം വെള്ളം ഭൂമയിൽനിന്ന് നീരാവിയായി ഉയരുന്നു. ഈ ബാഷ്പീകരണത്തിൽ തന്നെ ചില ചിന്തകൾ ഉണ്ട്. കാരണം ബാഷ്പീകരണം സാധ്യമാകണമെങ്കിൽ ഭൂമിക്ക് നിശ്ചിത അളവിൽ ചൂട് ഉണ്ടായിരിക്കണം. ആ ചൂട് അല്ലാഹു ഉറപ്പുവരുത്തിയിരിക്കുന്നു. ഉയരാൻ നീരാവിയുടെ ഘനം അവൻ പാകപ്പെടുത്തി വെച്ചിരിക്കുന്നു. സമുദ്രനിരപ്പിൽനിന്നും 7 മുതൽ 16 വരെ കിലോമീറ്റർ ഉയരത്തിൽ എത്തുമ്പോഴേക്കും അത് അവിടെ തങ്ങി നിൽക്കുകയും തങ്ങിനിൽക്കുകയും മേഘമായി രൂപപ്പെടുകയുമാണ് ചെയ്യുന്നത്. സമുദ്രനിരപ്പിൽനിന്ന് മേൽപോട്ടുയരുന്നതിനനുസരിച്ച് അന്തരീക്ഷ ഊഷ്മാവ് കുറഞ്ഞുവരികയും ക്രമേണ തണുക്കുകയുമാണ് ചെയ്യുന്നത്. അപ്പോഴേക്കും അതിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ അന്തരീക്ഷത്തിൽ ഉരസിയും തണുപ്പ് ഏറ്റും ജലാർദ്രമായി കഴിഞ്ഞിട്ടുണ്ടാവും. മേഘ മണ്ഡലത്തിലെത്തുമ്പോൾ താപനില വളരെ താഴുകയും അവിടെവച്ച് വെള്ളം നിറഞ്ഞ മഴമേഘമായി രൂപപ്പെടുകയും ചെയ്യും. അപ്പോഴേക്കും മേഘത്തിന് ഭാരം കൂടിയിട്ടുണ്ടാകും. മേഘത്തിനാവട്ടെ ഇനിയും ചില പ്രക്രിയകൾ കൂടി കടക്കുവാനും ഉണ്ട്. അതിനിടയിൽ മേഘം തകർന്നു വീഴില്ല. കാരണം, അന്തരീക്ഷത്തിന്റെ ഗുരുത്വാകർഷണബലം അതിനനുസൃതമായിട്ടാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ചെറിയ ചെറിയ മേഘ കഷണങ്ങളായി ആകാശത്തെ ചിതറി കിടക്കുമ്പോഴാണ് ഒരു മന്ദമാരുതൻ അവയെ ഒരുമിച്ചു കൂട്ടുന്നത്. ഒരുമിച്ചു കൂട്ടിയിട്ട് പിന്നെ അത് ഒരു കൂമ്പാരമായി വെക്കുകയാണ്. അങ്ങനെ വെക്കുന്നത് അതിൽ തുടർ പ്രക്രിയകൾക്ക് ആവശ്യമായ വൈദ്യുത ചാർജ്ജ് കൈവരുവാൻ വേണ്ടിയാണ്. ആ ചാർജിലെ നെഗറ്റീവ് പവർ പുറന്തള്ളുന്നതാണ് ഇടിയും മിന്നലുമെല്ലാം. തുടർന്ന് മേഘ കൂമ്പാരങ്ങൾക്കിടയിലൂടെ മഴ പെയ്തിറങ്ങുന്നു. പെയ്തിറങ്ങുന്ന അതേ മഴ തന്നെ ജലാശയങ്ങളിലും സമുദ്രത്തിലും നിറഞ്ഞ് വീണ്ടും ബാഷ്പീകരണത്തിന് വിധേയമാവുകയും മുമ്പ് നടന്ന അതേ പ്രക്രിയ ചാക്രികമായി നടക്കുകയും ചെയ്യുന്നു. ലോകം ഉണ്ടായ അന്നുമുതൽ ഈ പ്രക്രിയ അഭംഗുരം തുടർന്നുവരികയാണ്. അന്ത്യം വരെ അത് തുടരുകയും ചെയ്യും.


ഇത്രയും പറഞ്ഞതെല്ലാം നമ്മുടെ ശാസ്ത്രബോധം അംഗീകരിക്കുകയും തെളിയിക്കുകയും ചെയ്ത കാര്യങ്ങൾ മാത്രമാണ്. അതിനിടയിൽ ഓരോ പ്രക്രിയയും ചെയ്തത്, ചെയ്യുന്നത് സൃഷ്ടാവായ അല്ലാഹുവാണ് എന്ന് നാം ചേർക്കുന്നു എന്നു മാത്രം. അങ്ങനെ ചേർക്കുന്നതിൽ ഒട്ടും പരിതപിക്കുവാനില്ല. കാരണം, ഇത്രയും കണിശവും കാര്യക്ഷമവുമായ ഈ പ്രവർത്തനങ്ങൾ മുഴുവനും സ്വയം ഉണ്ടാകുകയാണ് എന്ന് കരുതുവാൻ ബുദ്ധിയുള്ളവന് പ്രയാസമാണ്. അതേസമയം അത് ഇന്ന ആളാണ് അല്ലെങ്കിൽ ഇന്ന ശാസ്ത്ര വിഭാഗമാണ് ചെയ്യുന്നത് എന്നു പറയാൻ ആർക്കും ധൈര്യവും ഉണ്ടാവില്ല. അപ്പോൾ പിന്നെ സൃഷ്ടാവ് എന്ന വിശ്വാസത്തിലേക്ക് എല്ലാം മടക്കുന്നതായിരിക്കും ബുദ്ധി. ശാസ്ത്രം പ്രക്രിയയെ കുറിച്ച് പഠിക്കുകയും പറയുകയും ചെയ്യുന്നു. അതിന്റെ പിന്നാമ്പുറത്തേക്ക് ശാസ്ത്രം പോകുന്നില്ല. ശാസ്ത്രത്തിൻ്റെ പരിഗണനയിൽ വരാത്ത വിഷയങ്ങളാണ് അതെല്ലാം. അതുകൊണ്ടുതന്നെ ഈ വിഷയത്തിലും ശാസ്ത്രവും മതവും ഏറ്റുമുട്ടുന്നില്ല. ഉണ്ടായതും ഉണ്ടാകുന്നതും എങ്ങനെയാണ് എന്നത് ശാസ്ത്രത്തിൻ്റെ പരിധിയിലും ഉണ്ടാക്കിയതും ഉണ്ടാക്കുന്നതും ആരാണ് എന്നത് മതത്തിൻ്റെ പരിധിയിലും ആണ് എന്ന് നിശ്ചയിച്ചു വെച്ചാൽ ഒരു പ്രശ്നവും ഉണ്ടാവില്ല. മഴയെ കുറിച്ച് നാം മേൽ പറഞ്ഞ പ്രക്രിയകളെല്ലാം വിശുദ്ധ ഖുർആനിൽ പറയുന്നുണ്ട്. വിശുദ്ധ ഖുർആൻ ഒരു ശാസ്ത്ര പുസ്തകമല്ല. അതുകൊണ്ട് പ്രക്രിയകൾ ക്രമാനുഗതമായി അതു പറയില്ല. മറിച്ച്, ഏറ്റവും പ്രധാനപ്പെട്ട സൂചനകളെല്ലാം അത് സൂചിപ്പിക്കുകയായിരിക്കും ചെയ്യുക. ആ സൂചനകൾ വഴി മനുഷ്യൻ്റെ മനസ്സിനെ സൃഷ്ടാവിലേക്ക് കൊണ്ടുപോവുകയാണ് വിശുദ്ധ ഖുർആൻ ചെയ്യുന്നത്. അല്ലാഹു പറയുന്നു: 'നബിയേ, താങ്കള്‍ കാണുന്നില്ലേ: അല്ലാഹു മേഘത്തെ തെളിച്ചുകൊണ്ടുവരികയും എന്നിട്ടവ കൂട്ടിച്ചേര്‍ക്കുകയും കൂമ്പാരമാക്കുയും ചെയ്യുന്നു. അപ്പോള്‍ അതിനിടയിലൂടെ മഴ ബഹിര്‍ഗമിക്കുന്നതു കാണാം. ആകാശത്തെ മേഘപര്‍വതങ്ങളില്‍ നിന്നു അവന്‍ ആലിപ്പഴം വര്‍ഷിക്കയും താനുദ്ദേശിക്കുന്ന ചിലര്‍ക്കത് വീഴ്ത്തുകയും മറ്റുചിലരില്‍ നിന്നത് തിരിച്ചുവിടുകയും ചെയ്യുന്നു. അതിന്റെ മിന്നല്‍പ്രഭ കണ്ണുകളെ റാഞ്ചിയെടുക്കുമാറാകുന്നതാണ്. രാപ്പകലുകള്‍ അല്ലാഹു മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു. കണ്ണുകളുള്ളവര്‍ക്ക് അതില്‍ തീര്‍ച്ചയായും പാഠങ്ങളുണ്ട് (നൂർ 43,44). ഈ വലിയ പ്രക്രിയ മനുഷ്യൻ്റെ മണ്ണിനെ മാത്രം നനക്കാനുള്ളതല്ല, അവൻ്റെ ആന്തരിക അവയവങ്ങൾക്ക് അനുപേക്ഷിണീയമായ ഒന്നാണ് ശുദ്ധജലം. അല്ലാഹു ഉണർത്തുന്നു: 'ഇനി, നിങ്ങൾ കുടിക്കുന്ന വെളളത്തെപ്പറ്റി നിങ്ങൾ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത് മേഘത്തിൽനിന്ന് ഇറക്കിയത്? അതല്ല നാമാണോ ഇറക്കിയവൻ? നാം ഉദ്ദേശിച്ചിരുന്നുവെങ്കിൽ അത് നാം ദുസ്സ്വാദുളള ഉപ്പുവെളളമാക്കുമായിരുന്നു. എന്നിരിക്കെ നിങ്ങൾ നന്ദി കാണിക്കാത്തെതെന്താണ്?' (അൽ വാഖിഅ: 68-70).


മഴ തരുന്നത് ശുദ്ധജലമാണ്. ഇവിടെ അല്ലാഹു തൻ്റെ ഖലീഫ കൂടിയായ മനുഷ്യനെ പ്രത്യേകം പരിഗണിക്കുന്നുണ്ട്. ശുദ്ധിയില്ലാത്ത വെള്ളം കൊടുത്ത് അവനോട് ശുദ്ധീകരിച്ചോ അല്ലാതെയോ ആവശ്യാനുസരണം ഉപയോഗിച്ചുകൊള്ളാൻ പറയുകയല്ല ചെയ്യുന്നത്. മനുഷ്യൻ്റെ ആരോഗ്യപരമായ നിലനിൽപ്പിന് ഏറെ അത്യാവശ്യമാണ് ശുദ്ധ ജലം.
ഏത് തരം അഴുക്കുകളെയും വലിച്ചെടുക്കാനും നീക്കിക്കളയാനും മഴവെള്ളത്തിന് കഴിയും എന്നാണ്. മഴ വെള്ളത്തെ ആകർഷിക്കാൻ ശരീരത്തിന് പ്രത്യേക അനുകൂലത സൃഷ്ടാവ് ഉണ്ടാക്കിവെച്ചിരിക്കുന്നു. അതു ധാരാളമായ ഓക്സിജൻ്റെ സാന്നിധ്യമാണ്. അതിനാൽ മഴവെള്ളത്തെ ശരീരം പെട്ടെന്ന് സ്വീകരിക്കുകയും അകത്തുള്ള അഴുക്കുകളെ പുറന്തള്ളുകയും ചെയ്യും. മഴ വെള്ളത്തിന് അല്ലാഹു നൽകിയിരിക്കുന്ന സവിശേഷമായ ഒരു ശക്തിയാണ് മറ്റുള്ളവരെ ശുദ്ധീകരിക്കാനുള്ള ഘടനാപരമായ ശേഷി. ഇതെല്ലാം അല്ലാഹു വിശുദ്ധ ഖുർആനിൽ സൂചിപ്പിക്കുന്നുണ്ട്. അല്ലാഹു പറയുന്നു: 'അല്ലാഹു തന്നില്‍ നിന്നുള്ള നിര്‍ഭയത്വം നല്‍കി മയക്കമേകുകയും മാനത്തുനിന്ന് മഴ വര്‍ഷിപ്പിച്ചുതരികയും ചെയ്ത സന്ദര്‍ഭം. നിങ്ങളെ ശുദ്ധീകരിക്കാനും നിങ്ങളില്‍ നിന്ന് പൈശാചികമായ മ്ലേഛത നീക്കിക്കളയാനുമായിരുന്നു അത്. ഒപ്പം നിങ്ങളുടെ മനസ്സുകളെ ഭദ്രമാക്കാനും കാലുകള്‍ ഉറപ്പിച്ചുനിര്‍ത്താനും'(അൽ അൻഫാൽ :11). ബദർ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ അവർക്ക് ചൊരിഞ്ഞുകൊടുത്ത മഴയെ ഓർമിപ്പിക്കുന്നതിനിടയിലാണ് ഈ പരാമർശം അല്ലാഹു നടത്തുന്നത്. മഴവെള്ളത്തെ 'ത്വഹൂർ' , 'അദ്ബ് ' എന്നിങ്ങനെ രണ്ടു വാക്കുകൾ കൊണ്ട് ഖുർആൻ വിശേഷിപ്പിക്കുന്നത് കാണാം. സ്വയം ശുദ്ധിയുള്ളതോടൊപ്പം മറ്റുള്ളവയെ ശുദ്ധീകരിക്കാന്‍ സാധിക്കുന്നത് എന്ന അര്‍ഥത്തിലാണ് 'ത്വഹൂര്‍' എന്ന പ്രയോഗം നടത്തിയിരിക്കുന്നത്. പൂര്‍ണമായും ബാക്ടീരിയകള്‍, വൈറസുകള്‍, ആല്‍ഗകള്‍, ലവണങ്ങള്‍ എന്നിവയില്‍ നിന്ന് മുക്തമാക്കിയ ഡിസ്റ്റില്‍ഡ് വാട്ടര്‍ എന്ന് ആധുനിക മാർക്കറ്റുകൾ വിശേഷിപ്പിക്കുന്ന വെള്ളമാണ് മഴ നൽകുന്നത്. അതിൽ സൃഷ്ടിപരമായി തന്നെ ആൽഗകൾ, ലവണങ്ങൾ എന്നിവ ഉള്ളടങ്ങിയിട്ടുള്ളതിനാലാണ് പ്രത്യേക രുചി ഇല്ലെങ്കിലും വെള്ളത്തിന് ഹൃദയഹാരിയായ രുചി നൽകുന്നത്. ഇക്കാരണത്താലാണ് അതിനെക്കുറിച്ച് അദ്ബ് അഥവാ രുചികരമായ വെള്ളം എന്ന് പ്രയോഗിക്കുന്നത്.


വിശുദ്ധ ഖുര്‍ആന്‍ മഴയെ കുറിച്ച് ചിന്തോദ്ദീപകമായ മറ്റ് ചില വർത്തമാനങ്ങൾ പറയുന്നുണ്ട്. അവ വെള്ളത്തിൻ്റെ ഔഷധ ഗുണം, ഫലഭൂയിഷ്ടത എന്നിവയാണ് ഉൾക്കൊള്ളുന്നത്. അല്ലാഹു പറയുന്നു: 'മാനത്തുനിന്നു നാം അനുഗൃഹീതമായ ജലം ഇറക്കി. അങ്ങനെ അതുവഴി വിവിധയിനം തോട്ടങ്ങളും കൊയ്‌തെടുക്കാന്‍ പറ്റുന്ന ധാന്യങ്ങളും ഉല്‍പാദിപ്പിച്ചു. അട്ടിയട്ടിയായി പഴക്കുലകളുള്ള ഉയര്‍ന്നുനില്‍ക്കുന്ന ഈത്തപ്പനകളും; നമ്മുടെ അടിമകള്‍ക്ക് ആഹാരമായി. ആ മഴമൂലം മൃതമായ നാടിനെ ജീവസ്സുറ്റതാക്കി. അങ്ങനെത്തന്നെയാണ് ഉയിര്‍ത്തെഴുന്നേല്‍പ്' (ഖാഫ് 9-11). ഭൂമിയിലെ സസ്യലതാദികളും മരങ്ങളും തഴച്ച് വളരുവാൻ വേണ്ടി മഴ വഴി നൽകുന്ന വെള്ളത്തെ അനുഗ്രഹീതവും പോഷക സമ്പന്നവും ആക്കിയിരിക്കുകയാണ് അല്ലാഹു. മഴ വെള്ളത്തിലൂടെ ഭൂമിയിൽ വീഴുന്ന ഇത്തരം ഗുണങ്ങളെ ഭൂമിശാസ്ത്രം 'ഉപരിതല സമ്മര്‍ദകണികകള്‍' (Surface Tension Drops) എന്നാണ് വ്യവഹരിക്കുന്നത്. മൈക്രോലേയര്‍ എന്നു പേരുള്ള സമുദ്രത്തിന്റെ ഉപരി ഭാഗത്തുള്ള വളരെ നേരിയ പാളിയിൽ ധാരാളം സൂക്ഷ്മ ജീവികളുടെയും ആൽഗകളുടെയും സാന്നിധ്യമുണ്ട്. ഇവ കടൽ വെള്ളത്തിലെ പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, വിവിധ ലോഹങ്ങൾ, ലെഡ് തുടങ്ങിയവയെ ആഗിരണം ചെയ്യുകയും അവയെ നീരാവിയോടൊപ്പം ഉയർത്തുകയും ചെയ്യുന്നു. ഈ വിധത്തിൽ പോഷക സമ്പന്നമായി വരുന്ന വെള്ളമാണ് മഴയായി പെയ്തിറങ്ങുന്നത്. ഇത് ശാസ്ത്രവും സമ്മതിക്കുന്നു. അതായത് മഴയിലൂടെ പെയ്തിറങ്ങുന്ന വെള്ളം മതത്തിലും ശാസ്ത്രത്തിലും അനുഗ്രഹീതമാണ്. ഒരർത്ഥത്തിൽ പറഞ്ഞാൽ ഭൂമിയുടെ പച്ചപ്പ് നിലനിൽക്കുവാൻ അനിവാര്യമാണ് ഈ ഘടകങ്ങളാൽ അനുഗ്രഹീതമായ ജലം. ഈ അനുഗ്രഹവും അല്ലാഹു ഇങ്ങനെ ഓർമ്മപ്പെടുത്തുന്നു: 'തന്റെ അനുഗ്രഹത്തിന്റെ മുന്നോടിയായി സുവാര്‍ത്ത അറിയിക്കുന്ന കാറ്റുകളയക്കുന്നതും അവന്‍ തന്നെ. അങ്ങനെ കാറ്റ് കനത്ത കാര്‍മേഘത്തെ വഹിച്ചുകഴിഞ്ഞാല്‍ നാം ആ കാറ്റിനെ ഉണര്‍വറ്റുകിടക്കുന്ന ഏതെങ്കിലും നാട്ടിലേക്ക് നയിക്കുന്നു. അങ്ങനെ അതുവഴി നാം അവിടെ മഴ പെയ്യിക്കുന്നു. അതിലൂടെ എല്ലായിനം പഴങ്ങളും ഉല്‍പാദിപ്പിക്കുന്നു. അവ്വിധം നാം മരിച്ചവരെ ഉയിര്‍ത്തെഴുന്നേല്‍പിക്കും. നിങ്ങള്‍ കാര്യബോധമുള്ളവരായേക്കാം' (അഅ്റാഫ്: 57). മഴയും മനുഷ്യന് ഒരു ചിന്തയാണ്.
0


0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso