

അഭിമുഖം / അലക്സാണ്ടർ ജേക്കബ് ഐപിഎസ്
2025-09-11
Web Design
15 Comments
സംസാരം :
അലക്സാണ്ടർ ജേക്കബ്ബ് ഐ പി എസ് / ടി എച്ച് ദാരിമി / ഉമർ റഹ്മാനി
ആ പരിവർത്തനങ്ങളാണ് എന്നെ ആകർഷിക്കുന്നത്..
? സ്വതന്ത്രവും നിഷ്പക്ഷവുമായി ചിന്തിക്കുവാൻ കഴിയുന്നു എന്നതാണല്ലോ അങ്ങയുടെ സവിശേഷത. അതുകൊണ്ട് അങ്ങേക്ക് എല്ലാ മതങ്ങളുടെയും മഹത്വങ്ങളെ വേണ്ടവിധം ഉൾക്കൊള്ളുവാനും സ്ഥാപിക്കുവാനും കഴിയുന്നു. കൂട്ടത്തിൽ പ്രവാചകൻ മുഹമ്മദ് നബിയെ അങ്ങ് അവതരിപ്പിക്കുന്നത് ഏറെ ഹൃദയപൂർവ്വമാണ്. ഈ വിധത്തിൽ പ്രവാചക ജീവിതം പഠിക്കുവാനുള്ള പ്രചോദനം എവിടെ നിന്നായിരുന്നു ലഭിച്ചത് ?
- മുഹമ്മദ് നബിയെക്കുറിച്ചുള്ള തീവ്രമായ പഠനങ്ങളുടെ തുടക്കം മൈക്കിൾ എച്ച് ഹാർട്ടിന്റെ 'ദ ഹൺഡ്രഡ്' എന്ന പുസ്തകത്തിൽ നിന്ന് തന്നെയാണ്. ഒരു ക്രൈസ്തവ മതവിശ്വാസിയും പാശ്ചാത്യ എഴുത്തുകാരനുമായ അദ്ദേഹം അദ്ദേഹത്തിൻ്റെ ഈ സമാഹാരത്തിൽ മുഹമ്മദ് നബിക്ക് ഒന്നാം സ്ഥാനം നൽകി എന്നത് തികച്ചും ചിന്തിക്കുന്നവരെ അതിലേക്കു തിരിച്ചു വിടുന്ന സംഗതി തന്നെയാണ്. കാരണം അങ്ങനെ അദ്ദേഹം മുഹമ്മദ് നബിയെ പരിഗണിക്കുന്നത് തീർച്ചയായും അദ്ദേഹത്തിൻ്റെ അന്വേഷണവും പഠനവും തികച്ചും നിഷ്കളങ്കമായതു കൊണ്ടാണ്. 1978 ലാണ് തികച്ചും വൈറ്റ് നാഷണലിസ്റ്റ് കൂടിയായ അദ്ദേഹത്തിൻ്റെ ഈ കൃതി അമേരിക്കയിൽ പ്രസിദ്ധീകരിക്കപ്പെടുന്നത്. 1992 വീണ്ടും പുനപ്രസിദ്ധീകരിക്കപ്പെട്ടു. ഇപ്പോൾ ഈ പുസ്തകം നമ്മുടെ മാർക്കറ്റുകളിൽ ലഭ്യമാണ്. പക്ഷേ, അന്ന് അത് അമേരിക്കയിൽ മാത്രം ലഭിക്കുന്ന ഒന്നായിരുന്നു. അന്ന് അമേരിക്കയിൽ ജോലി ചെയ്തിരുന്ന എൻ്റെ ഒരു ബന്ധുവിന്റെ ആയത്തോടുകൂടിയാണ് ഞാൻ ആ പുസ്തകം സംഘടിപ്പിച്ചത്. ലോകചരിത്രത്തെ ഏറ്റവും അധികം സ്വാധീനിച്ച 100 മഹാന്മാരെ പരിചയപ്പെടുത്തുകയാണ് പുസ്തകം ചെയ്യുന്നത്. അതിലെ ഒന്നാമത്തെ അധ്യായം മുഹമ്മദ് നബിയെ കുറിച്ചുള്ളതാണ് എന്നു പറയുമ്പോൾ തന്നെ അത് ഒരു ജിജ്ഞാസ ഉണ്ടാക്കുന്നുണ്ട്. പ്രത്യേകിച്ചും കൃതിയിലെ രണ്ടാമത്തെ അധ്യായം സർ ഐസക്ക് ന്യൂട്ടനെ കുറിച്ചും മൂന്നാമത്തെ അധ്യായം യേശുക്രിസ്തുവിനെ കുറിച്ചും ഉള്ളതാണ് എന്ന് പറയുമ്പോൾ. ക്രിസ്ത്യാനിയും ഭൗതികശാസ്ത്രജഞനുമായ ഒരാൾ ആ പരിഗണനകൾ വെച്ച് പറയുകയാണെങ്കിൽ തന്നെ മൂന്നാമതായി മാത്രമേ മുഹമ്മദ് നബിയെ കുറിച്ച് പറയുവാൻ ന്യായമുള്ളൂ. എന്നിട്ടും തന്റെ കൃതിയിൽ മുഹമ്മദ് നബിക്ക് ഒന്നാം സ്ഥാനം കൊടുത്തു എന്ന് പറയുമ്പോൾ അത് ഒരു അർത്ഥത്തിൽ ആശ്ചര്യജനകം തന്നെയാണ്. അതങ്ങനെ തന്നെ പ്രകടിപ്പിച്ചുകൊണ്ടാണ് അദ്ദേഹം മുഹമ്മദ് നബിയെ കുറിച്ചുള്ള അധ്യായം ആരംഭിക്കുന്നതും. ഇങ്ങനെ ഒരു പരിഗണന പലരെയും ആശയക്കുഴപ്പത്തിലാക്കിയേക്കും എന്ന് അദ്ദേഹം കരുതുകയും അതിനുള്ള ന്യായം ഒന്നാം പാരഗ്രാഫിൽ തന്നെ പറയുകയും ചെയ്യുന്നുണ്ട്. but he was the only man in history who was supremely successful on both the religious and secular levels. (പക്ഷേ അദ്ദേഹം മാത്രമാണ് ചരിത്രത്തിൽ മതപരവും മതേതരവുമായ നിലകളിൽ പരമമായി വിജയിച്ച ഏക വ്യക്തി) എന്നാണ് അദ്ദേഹം പറയുന്നത്. മതപരവും മതേതരവുമായ മേഖലകൾ പലപ്പോഴും യോജിച്ചുകൊളണമെന്നില്ല. എന്നിട്ടും അവ രണ്ടിലും ഒരേപോലെ വിജയിച്ചു എന്നു പറയുമ്പോൾ അത് പഠന വിധേയമാക്കേണ്ട ഒരു വിഷയമാണ് എന്നു തിരിച്ചറിയുകയും തുടർന്ന് കുറേ പഠിക്കുകയും ചെയ്തു.
? മതേതര മേഖലയിൽ മുഹമ്മദ് നബി നേടിയ വിജയങ്ങളുടെ ശ്രേണിയിൽ ഏറ്റവും പ്രധാനപ്പെട്ടതായി തോന്നിയത് ഏതായിരുന്നു?
- എനിക്ക് ഏറ്റവും ആകർഷകമായി തോന്നിയത് അദ്ദേഹം മനുഷ്യത്വത്തെ സ്വതന്ത്രമാക്കി എന്നതാണ്. അതായത്, ശരിയായ അർത്ഥത്തിലുള്ള മതേതരത്വം സ്ഥാപിക്കുകയും നിലനിർത്തുകയും ചെയ്തു. അതിൽ എടുത്തു പറയേണ്ട ഒരു രംഗം മക്കയിൽ നിന്ന് മദീനയിലേക്ക് പരിശുദ്ധ പ്രവാചകൻ പലായനം ചെയ്ത് എത്തിയ ആദ്യ നാളുകളിൽ അവിടെ വിവിധ മതക്കാരെ ഏകോപിപ്പിച്ചുകൊണ്ട് അദ്ദേഹം രൂപം നൽകിയ മദീന ചാര്‍ട്ടർ ആണ്. അന്നത്തെ മദീനയിലെ മൊത്തം ജനസംഖ്യ ഏതാണ്ട് പതിനൊന്നായിരത്തി അഞ്ഞൂറ് വരും. അവരിൽ അവരിൽ 2000 പേർ ജൂതന്മാരാണ്. 4000 പേർ ഓർത്തഡോക്സ് ക്രൈസ്തവരാണ്. മുസ്ലിംകൾ ആയിരത്തി അഞ്ഞൂറോളം പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാക്കിയുള്ളവർ പരമ്പരാഗത അറബ് വിശ്വാസികളായിരുന്നു. ഇവരെ എല്ലാവരെയും മാനസികമായും വൈകാരികമായും ബന്ധിപ്പിച്ചു നിർത്തുവാൻ സഹായകമായ ഉപാധികൾ ആയിരുന്നു 42 പാരഗ്രാഫുകൾ ഉള്ള ഈ ചാർട്ടർ. അതു തുടങ്ങുന്നത് തന്നെ മദീനയിലെ യഹൂദന്മാരും ക്രിസ്ത്യാനികളും മുസ്ലിംങ്ങളും എല്ലാം ഒന്നാണ് എന്ന പ്രഖ്യാപനത്തോടെയാണ്. ഈ വിധം അവരെ ഒന്നിപ്പിച്ചു എന്ന് മാത്രമല്ല ആ ഏകത നബി നിലനിർത്തുകയും ചെയ്തു. അതുകൊണ്ടാണ് നീണ്ട ഏഴു വർഷത്തിനിടെ മുസ്ലിം ജനസംഖ്യയിൽ കാര്യമായ ഒരു വർദ്ധനവ് ഉണ്ടാവാതെ വന്നത്. യഹൂദരുടെയും ക്രൈസ്തവരുടെയും ജനസംഖ്യയിലും കാര്യമായ കുറവുകൾ വന്നിട്ടുമുണ്ടായിരുന്നില്ല. യഹൂദികളിൽ രണ്ടു കുടുംബങ്ങളെ മദീനയിൽ നിന്ന് നാടുകടത്തേണ്ടിവന്നു എന്നതു ശരിയാണ്. അവരിലെ ഏറ്റവും വലിയ യുദ്ധ കുറ്റവാളികളിൽ 42 പേരെ വധിക്കേണ്ടതായും വന്നു. പരിശുദ്ധ പ്രവാചകനെ വധിക്കുവാൻ ശ്രമിക്കുകയും ഗുരുതരമായ ഗൂഡാലോചനകളിൽ ഇടപെടുകയും ചെയ്തു എന്നതായിരുന്നു അവരുടെയൊക്കെ കുറ്റം. അവരെ മദീനയിൽ നിന്ന് ഒഴിവാക്കിയില്ലായിരുന്നുവെങ്കിൽ അത് യഹൂദന്മാർക്ക് തന്നെ പ്രയാസമാകുമായിരുന്നു. ഇതെല്ലാം കഴിഞ്ഞ് എ ഡി 632 ൽ വിടവാങ്ങൽ ഹജ്ജിൽ ഒരു ലക്ഷത്തോളം വരുന്ന വിശ്വാസികളെ അഭിസംഭോധന ചെയ്യുമ്പോൾ അപ്പോഴും ഇതേ ഏകതയുടെ പ്രഖ്യാപനം പരിശുദ്ധ പ്രവാചകൻ ആവർത്തിക്കുകയുണ്ടായി. (ഈ പ്രഭാഷണം എൻ്റെ കറൻ്റ് ബുക്സ് പ്രസിദ്ധീകരിച്ച 'ചരിത്രം മാറ്റിമറിച്ച പ്രഭാഷണങ്ങൾ' എന്ന് പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്)
ഈ നിലപാടിൽ പരിശുദ്ധ പ്രവാചകൻ നിഷ്കളങ്കനായിരുന്നു എന്ന് തെളിയിക്കുന്ന ധാരാളം സംഭവങ്ങൾ അവരുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. അവയിൽ ഒന്നാണ് മക്കയിൽ നിന്ന് മദീനയിലേക്ക് നടത്തിയ വളരെ ഭീഷണമായ പലായന യാത്രയിൽ തൻ്റെ മതവിശ്വാസിയല്ലാത്ത ഒരാളെ വഴികാട്ടിയായി സ്വീകരിച്ചു എന്നത്. ഒരു നീഗ്രോ ആയിരുന്നു അവരുടെ യാത്രയിലെ വഴികാട്ടി. മറ്റൊരു കാര്യം ഇസ്ലാമിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാകർമമായ നിസ്കാരത്തിന് വേണ്ടി വാങ്ക് വിളിക്കുന്ന സമ്പ്രദായം നിലവിൽ വന്നപ്പോൾ അത് ആദ്യമായി വിളിക്കാൻ ആവശ്യപ്പെട്ടത് ഒരു നീഗ്രോയോടായിരുന്നു എന്നത്. മറ്റൊന്നാണ് ഒരിക്കൽ പരിശുദ്ധ പ്രവാചകനെ കാണുവാൻ ഒരു ബിഷപ്പും ഒരു യഹൂദ പുരോഹിതനായ റാബിയും മദീന പള്ളിയിൽ വന്നപ്പോൾ ഉണ്ടായ സംഭവം. അവർ സംസാരിച്ചുകൊണ്ടിരിക്കെ പ്രാർത്ഥനക്കുള്ള സമയമായി. തങ്ങളുടെ പ്രാർത്ഥനയ്ക്ക് വേണ്ടി പുറത്തെങ്ങോട്ടെങ്കിലും മാറുവാൻ ഉദ്യമക്കവെ പ്രവാചകൻ അവരോട് പള്ളിയിൽ തന്നെ പ്രാർത്ഥിച്ചുകൊള്ളാൻ പറയുകയുണ്ടായി. ഇവിടെയെല്ലാം എല്ലാ മതങ്ങളെയും ഉൾക്കൊള്ളുവാൻ ആത്മാർത്ഥമായി ശ്രമിക്കുകയും ആഗ്രഹിക്കുകയും ചെയ്യുകയായിരുന്നു പരിശുദ്ധ പ്രവാചകൻ.
? വളരെ കൃത്യമാണ് അങ്ങയുടെ നിരീക്ഷണം. ഇത്തരം ഒരു സമീപനം തന്നെയാണല്ലോ പ്രവാചകന്റെ ആദർശത്തിന് വലിയ പ്രചാരം നേടിക്കൊടുത്തത്.
- തീർച്ചയായും, ആ പ്രചാരം അൽഭുതാവഹവുമായിരുന്നു. അതിനെ സംബന്ധിച്ച് നാം പ്രത്യേകം പറയേണ്ടതുണ്ട്. കാരണം, ഇസ്ലാമിൻ്റെ വളർച്ച ആയുധത്തിന്റെ പിൻബലത്തിലായിരുന്നു എന്നൊരു തെറ്റിദ്ധാരണ പലർക്കും പറ്റിയിട്ടുണ്ട്. അത് ശരിയല്ല. പരിശുദ്ധ പ്രവാചകൻ്റെ സമീപനം തന്നെയായിരുന്നു ജനങ്ങളെ ആകർഷിച്ചത്. അദ്ദേഹത്തിൻ്റെ പിൻഗാമികളും അതേ സ്വഭാവം പിന്തുടർന്നപ്പോൾ അവരുടെ കാലത്തും അവരുടെ ലോകത്തും അവർക്ക് വിജയിക്കാനായി. മുസ്ലിങ്ങളുടെ വളർച്ച അതിവേഗതയിലായിരുന്നു. എ ഡി 633 ൽ അവർ പലസ്തീൻ പിടിച്ചടക്കി. എ ഡി 634 ൽ അവർ ജോർദാൻ സ്വന്തമാക്കി. എ ഡി 636 ൽ ഖലീഫ ഉമറിന്റെ നേതൃത്വത്തിൽ ജെറുസലം ഇസ്ലാമിക സാമ്രാജ്യത്തോട് ചേർത്തു. എ ഡി 638ൽ പേർഷ്യയും 642ൽ ഈജിപ്തും 646 ൽ ലിബിയയും 662 ൽ മൗറിത്താനിയയിൽ എത്തിയ അവർ എ ഡി 670 ൽ യൂറോപ്പിന്റെ വാതിൽ പടിയിൽ ജിബ്രാൾട്ടർ കടലിടുക്കിനടുത്ത് എത്തി.
636 ലാണ് മുസ്‌ലിം സേന ജറുസലേമിലേക്ക് വന്നത്. ബൈസാന്റീന്‍ ഭരണകൂടത്തിന്റെ പ്രതിനിധിയും ക്രൈസ്തവ ചര്‍ച്ചിന്റെ നേതാവുമായിരുന്ന പാത്രിയര്‍ക്കീസ് സോഫ്രോനിയസ് (Sophronius) ആയിരുന്നു അന്ന് ജറുസേലമിന്റെ ചുമതല വഹിച്ചിരുന്നത്. മുസ്‌ലിം സൈന്യം നഗരത്തെ വളഞ്ഞുവെങ്കിലും ഖലീഫ ഉമര്‍ വരുന്നത് വരെ സോഫ്രോനിയസ് കീഴടങ്ങാന്‍ കൂട്ടാക്കിയില്ല. അതറിഞ്ഞ ഖലീഫ ഉമര്‍ മദീനയില്‍ നി്ന്ന് ഒറ്റക്ക് ജറുസലേമിലേക്ക് യാത്ര തിരിക്കുകയുണ്ടായി. ഒരു കഴുതയും സേവകനും മാത്രമാണ് അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നത്. ജറുസലേമിലെത്തിയ ഉമറിനെ സോപ്‌റോനിയസ് സ്വാഗതം ചെയ്യുകയുണ്ടായി. ഉമര്‍ നഗരം മുഴുവന്‍ ചുറ്റിക്കാണുകയും ഉയിര്‍ത്തെഴുന്നേല്‍പ് പള്ളി (Church of the Holy Sepulchre) സന്ദര്‍ശിക്കുകയും ചെയ്തു. നമസ്‌കാരത്തിന് സമയമായപ്പോള്‍ ചര്‍ച്ചില്‍ വെച്ച് നമസ്‌കരിക്കാന്‍ സോഫ്രോനിയസ് ഉമറിനെ ക്ഷണിക്കുകയുണ്ടായി. എന്നാല്‍ അദ്ദേഹം ക്ഷണം നിരസിക്കുകയാണുണ്ടായത്. താന്‍ അവിടെ നമസ്‌കരിച്ചാല്‍ പിന്നീട് മുസ്‌ലിംകള്‍ അതൊരു പള്ളിയാക്കി മാറ്റും എന്നായിരുന്നു ഉമര്‍ അതിന് കാരണമായി പറഞ്ഞത്. ചര്‍ച്ചിന് പുറത്താണ് അന്ന് ഉമര്‍ നമസ്‌കരിച്ചത്. മസ്ജിദ് ഉമര്‍ (ഉമറിന്റെ പള്ളി) എന്ന പേരില്‍ ഒരു പള്ളി പിന്നീട് അവിടെ നിര്‍മ്മിക്കപ്പെടുകയും ചെയ്തു. തങ്ങള്‍ കീഴടക്കിയ ഇതര നാടുകളിലെപ്പോലെത്തന്നെ ജറുസലേമിലും പ്രാദേശിക ജനതയുടെയും മുസ്‌ലിംകളുടെയും അവകാശങ്ങള്‍ വിവരിക്കുന്ന ഒരു കരാര്‍ മുസ്‌ലിം സൈന്യം എഴുതിത്തയ്യാറാക്കിയിരുന്നു. ഉമറും സോഫ്രോനിയസും ചേര്‍ന്നാണ് കരാര്‍ ഒപ്പുവെച്ചത്. കരാറിന്റെ പ്രസക്ത ഭാഗമാണ് ചുവടെ കൊടുക്കുന്നത്: ‘വിശ്വാസികളുടെ നേതാവായ ഉമര്‍ ജറുസലേമിലെ ജനതക്ക് സുരക്ഷ ഉറപ്പ് നല്‍കുന്നു. അവര്‍ക്കും അവരുടെ സ്വത്തിനും അവരുടെ പള്ളികള്‍ക്കുമെല്ലാം ഉമര്‍ സുരക്ഷ ഉറപ്പ് നല്‍കുന്നു. അവരുടെ ചര്‍ച്ചുകള്‍ മുസ്‌ലിംകള്‍ കീഴടക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നതല്ല. അവരും അവരുടെ പള്ളികളും ഭൂമിയും നശിപ്പിക്കപ്പെടുകയില്ല. നിര്‍ബന്ധപൂര്‍വ്വം അവരെ മതപരിവര്‍ത്തനം ചെയ്യുക്കുകയുമില്ല'. ഈ നയത്തിലും പരിശുദ്ധ പ്രവാചകൻ പുലർത്തിയിരുന്ന സമീപനത്തെ നമുക്ക് കാണാൻ കഴിയും. ഇത്തരം സമീപനങ്ങൾ ആയിരുന്നു ഈ ജൈത്ര യാത്രകളുടെ പിന്നിലെ രഹസ്യം.
? പിൽക്കാലത്ത് മുസ്ലിം ഭരണാധികാരികൾക്കും നായകന്മാർക്കും ഈ വികാരം നഷ്ടപ്പെടുകയോ കുറയുകയോ ചെയ്തിട്ടുണ്ട് എന്ന് തോന്നിയിട്ടുണ്ടോ?
- അങ്ങനെ തോന്നേണ്ട കാര്യമില്ല. ഇസ്ലാമിക ഭരണാധികാരികളും സേനാ നായകന്മാരും എപ്പോഴും ഈ ആശയ വിശാലത ഉൾക്കൊണ്ടിട്ടുണ്ട് എന്നാണ് സൂക്ഷ്മമായി ചരിത്രങ്ങൾ നിരീക്ഷിക്കുമ്പോൾ നമുക്ക് മനസ്സിലാവുക. ഉദാഹരണമായി 1097ൽ കുരിശു യുദ്ധം പൊട്ടിപ്പുറപ്പെടുകയും ക്രിസ്ത്യാനികൾ ജെറൂസലം പിടിച്ചടക്കുകയും ചെയ്തപ്പോൾ അവർ യഹൂദന്മാരുടെ സിനഗോവുകൾ തകർത്തു തരിപ്പണമാക്കുകയുണ്ടായി. തുടർന്ന് 1187 ൽ സലാഹുദ്ദീൻ അയ്യൂബി ജെറൂസലം തിരിച്ചുപിടിച്ചു. ഉടനെ അദ്ദേഹം ചെയ്ത രണ്ടു കാര്യങ്ങൾ സവിശേഷമായ ശ്രദ്ധ ആകർഷിക്കുന്ന കാര്യങ്ങളാണ്. ഒന്നാമതായി, അദ്ദേഹം തങ്ങളോട് ചെയ്ത എല്ലാ ദ്രോഹങ്ങളും ക്രൈസ്തവ ജനതയോട് ക്ഷമിച്ചു. രണ്ടാമതായി, അദ്ദേഹം ക്രൈസ്തവർ തകർത്ത എല്ലാ യഹൂദ സിനഗോഗുകളും പുതുക്കി പണിയാൻ ഉത്തരവിട്ടു. ഇന്നും നോക്കൂ പലസ്തീനിന്റെയും ജെറുസലേമിന്റെയും പ്രദേശങ്ങളിലുള്ള ക്രൈസ്തവ പള്ളികളും ബിഷപ്പുമാരും പുരോഹിതന്മാരും മതപരമായ ആഘോഷങ്ങളും ആരാധനകളും എല്ലാം തീർത്തും സുരക്ഷിതമാണ്. 1400 വർഷമായി ഇസ്ലാമിക ഭരണം നിലനിൽക്കുന്ന ഈജിപ്തിൽ ജനസംഖ്യയുടെ 20% ത്തോളം വരുന്ന ക്രൈസ്തവർ എല്ലാ അർത്ഥത്തിലും സുരക്ഷിതരാണ്.
ഇനി ഇന്ത്യയിലെ മുസ്ലിം ഭരണം നമുക്ക് നോക്കാം. ഡൽഹി സുൽത്വാനേറ്റിലെ രണ്ടാം ഖിൽജി ഭരണാധികാരിയായിരുന്ന അലാവുദീൻ ഖിൽജിയുടെ മന്ത്രിസഭയിൽ ഹിന്ദു പ്രമുഖർ ഉണ്ടായിരുന്നു. മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ മന്ത്രിസഭയിലെ പ്രധാനമന്ത്രി ഒരു ഹിന്ദുവായിരുന്നു. അക്ബർ ചക്രവർത്തിയുടെ പ്രധാനമന്ത്രിയും വലംകയ്യും ബീർബൽ എന്ന ബ്രാഹ്മണനായിരുന്നു. അദ്ദേഹത്തിൻ്റെ സേനാ നായകൻ മാൻസിംഗ് എന്ന രജപുത്രനായിരുന്നു. അദ്ദേഹത്തിൻ്റെ റവന്യൂ മന്ത്രി വൈശ്യൻ വർണ്ണത്തിൽ പെട്ട ഒരാളായിരുന്നു. ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഔറംഗസീബിന്റെ സൈന്യത്തിലെ മഹാഭൂരിപക്ഷം വരുന്നവർ മറ്റു മതക്കാരായിരുന്നു. ടിപ്പുസുൽത്താൻ്റെ പ്രധാന ഉപദേശിയും വലംകയ്യും മുഖ്യ മന്ത്രിയും പൂർണ്ണയ്യ എന്ന പ്രാഹ്മണനായിരുന്നു. ആകെ ഉണ്ടായിരുന്ന 12 മന്ത്രിമാരിൽ എട്ടുപേരും ഹിന്ദുക്കളായിരുന്നു എന്നുവരെ ചരിത്രങ്ങളിൽ കാണാം. ടിപ്പു തൻ്റെ ഭരണത്തിൻ്റെ വിവിധ വകുപ്പുകളിൽ ഹിന്ദു ഉദ്യോഗസ്ഥരെ നിയമിച്ചതിനും ഹിന്ദു ക്ഷേത്രങ്ങളുടെ സംരക്ഷണം ഏറ്റെടുത്തതിന്നും ചരിത്രകാരന്മാരുടെ കയ്യിൽ പല തെളിവുകളും ഉണ്ട്. ടിപ്പുവിനെ ഒരു ഹൈന്ദവ ഭാര്യ ഉണ്ടായിരുന്നു എന്ന് വരെ ചരിത്രത്തിൽ സംസാരമുണ്ട്. മുഗൾ ചക്രവർത്തിയായ അക്ബറിന് രജപുത്ര വംശജയായിരുന്ന ഒരു ഭാര്യ ഉണ്ടായിരുന്നു എന്ന് ചരിത്രങ്ങൾ പറയുന്നു. ജോധാ ഭായ് എന്ന ആ ഭാര്യ പിന്നീട് മറിയം സമാൻ എന്നറിയപ്പെട്ടു എന്ന് ചില ചരിത്രങ്ങൾ പറയുന്നു. ആ ഭാര്യക്ക് ആരാധന അർപ്പിക്കുവാൻ വേണ്ടി ഫത്തേപൂർ സിക്രിയുടെ സമീപത്തായി ഒരു ആരാധനാലയം അക്ബർ പണിയിച്ചു കൊടുക്കുകയും ചെയ്തതായി ചരിത്രങ്ങളിൽ പറയുന്നുണ്ട്. ഈ ഭാര്യയിൽ ജനിച്ച ജഹാംഗീറിനെയാണ് അക്ബർ തൻ്റെ പിൻഗാമിയായി വാഴിച്ചത് എന്നതും ചരിത്ര കൗതുകം തന്നെ. ഇത്തരത്തിലുള്ള സഹിഷ്ണുത പ്രകടിപ്പിക്കുകയും സ്വന്തം മതത്തിനു വേണ്ടിയും വിശ്വാസത്തിനു വേണ്ടിയും പ്രത്യേകിച്ച് ഒന്നും ചെയ്യാതിരിക്കുകയും ചെയ്തതുകൊണ്ടാണ് മുസ്ലിംകൾ അവരുടെ സുൽത്താനേറ്റുകൾ നിലനിന്നിരുന്ന സ്ഥലങ്ങളിൽ പോലും ന്യൂനപക്ഷമായത്. 1871 ൽ ബ്രിട്ടീഷുകാർ സെൻസസ് എടുക്കുമ്പോൾ മുസ്ലിം ജനസംഖ്യ ഇന്ത്യയിൽ വെറും ഏഴ് ശതമാനം ആയിരുന്നു എന്നാണ് വസ്തുത. അവർ ആയുധം കാണിച്ച് മതത്തിലേക്ക് ആളെ കൂട്ടുവാനോ ഭരണത്തെ അതിനുവേണ്ടി ഉപയോഗപ്പെടുത്തുവാനോ ശ്രമിച്ചിട്ടില്ല എന്ന് തെളിയിക്കുന്നതാണ് ഇതെല്ലാം. പരിശുദ്ധ പ്രവാചകനിൽ നിന്ന് അവർക്ക് കിട്ടിയ പാരമ്പര്യം ആണ് ഈ ദർശനങ്ങളുടെ എല്ലാം അടിസ്ഥാനം.
? പ്രവാചകൻ്റെ നയ - സമീപനങ്ങളിൽ നിന്ന് അങ്ങയെ ആകർഷിച്ച മറ്റൊരു വസ്തുത?
- എന്നെ ആകർഷിച്ച മറ്റൊരു വസ്തുത പരിശുദ്ധ പ്രവാചകൻ സമ്പൂർണ്ണമായ കാർഷിക ഭൂപരിഷ്കരണം നടപ്പിലാക്കി എന്നതാണ്. ഇത് മനസ്സിലാക്കുവാൻ ആ കാലഘട്ടത്തെ നാമൊന്ന് വിലയിരുത്തേണ്ടതുണ്ട്. അന്ന് റോമാ സാമ്രാജ്യവും പേർഷ്യൻ സാമ്രാജ്യവും ആണ് ഉണ്ടായിരുന്നത്. ഈ രണ്ട് സാമ്രാജ്യങ്ങളുടെയും നയം കൃഷി ഭൂമി രാജാവിന്റെതാണ്, അത് ഉപയോഗിക്കുവാൻ വർഷാവർഷം രാജാവിന് പാട്ടം നൽകണം എന്നതായിരുന്നു. അതുമാത്രമല്ല, വല്ല യുദ്ധവും ഉണ്ടായാൽ ഓരോ കർഷക കുടുംബവും അവരുടെ മൂത്ത മകനെ യുദ്ധത്തിനായി അയക്കണം. മൂത്തമകൻ മരിച്ചാൽ രണ്ടാമത്തെ മകനെ എന്ന ക്രമത്തിൽ പിന്നെയും അയച്ചു കൊണ്ടിരിക്കണം. ഇത് കർഷക ജനതയിൽ വലിയ വിഷമവും അമർഷവും ഉണ്ടാക്കിയ കാര്യമാണ്. കൃഷി ചെയ്യണം, എന്നാൽ കൃഷിഭൂമി തങ്ങളുടേതല്ല. രാജാവിന് വലിയ തുക പാട്ടവും നൽകണം. അതോടൊപ്പം രാജ്യത്തെ സംരക്ഷിക്കുവാൻ മക്കളെ യുദ്ധത്തിൻ്റെ പടച്ചട്ട അണിയിക്കുകയും പറഞ്ഞയക്കുകയും വേണം.
ഇത്തരം ഒരു വ്യവസ്ഥിതി വ്യാപകമായി നിലനിൽക്കുന്ന കാലത്തായിരുന്നു പരിശുദ്ധ പ്രവാചകൻ കൃഷിഭൂമി കർഷകന് നൽകുവാൻ ധീരമായി തീരുമാനിക്കുന്നത്. കർഷകർ യുദ്ധത്തിനുവേണ്ടി ഇതിനു പകരം അവരുടെ മക്കളുടെ വിലപ്പെട്ട ജീവൻ തരണം ന്ന ഉപാധി പ്രവാചകന്‍ വച്ചതുമില്ല. ഞാൻ എനിക്ക് വേണ്ടി സൈന്യത്തെ മറ്റു മാർഗങ്ങളിലൂടെ ഉണ്ടാക്കി കൊള്ളാം, അതാണ് യുദ്ധത്തിന് ഏറ്റവും നല്ലത് എന്നെല്ലാമായിരുന്നു നബിയുടെ നിലപാട്. കൃഷിഭൂമി അറേബ്യൻ മരുഭൂമിയിൽ പൊതുവേ കുറവായിരുന്നു. പക്ഷേ മരുഭൂമിയുടെ കാലാവസ്ഥയിലും ചെയ്യാൻ കഴിയുന്ന ധാരാളം കൃഷികൾ അവർക്കിടയിൽ ഉണ്ടായിരുന്നു. അതിനാൽ വളരെ വ്യാപകമായിട്ടല്ലെങ്കിലും കാർഷികവൃത്തി അവിടെ ഉണ്ടായിരുന്നു. എന്നാൽ അത് ആദ്യകാലത്തെ ഒട്ടും വളർന്നില്ല. അതിന്റെ കാരണം റോമൻ-പേർഷ്യൻ സാമ്രാജ്യങ്ങളുടെ കാർഷിക നയമായിരുന്നു. ആ നയം പിന്തുടർന്നുകൊണ്ട് ഒരിക്കലും വിജയിപ്പിക്കാൻ അറേബ്യയിലെ കൃഷി കൊണ്ട് കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് കൃഷി എന്ന് സംസ്കാരം അവിടെ വലുതാവാതിരുന്നത്. ഏതായിരുന്നാലും പ്രവാചകൻ്റെ ഈ നയം വന്നതോടെ കൃഷി അവിടെ സജീവമായി. ഇത് സോഷ്യലിസം തുടങ്ങിയ കാഴ്ച്ചപ്പാടുകൾ അറേബ്യയിൽ വരാതിരിക്കുവാനും വളരാതിരിക്കുവാനും സ്വാധീനം ചെലുത്തി. നമ്മൾ കൊയ്യും വയലുകളെല്ലാം നമ്മുടെതാകും പൈങ്കിളിയെ എന്ന സ്വപ്നം കണ്ടിരിക്കേണ്ട ഒരു സാഹചര്യം അറേബ്യയിൽ പരിശുദ്ധ പ്രവാചകൻ ഈ ദർശനം കാരണം ഉണ്ടായില്ല.
ഇതിൻ്റെ വ്യക്തമായ പ്രതിഫലനം പിന്നീട് പലപ്പോഴും ഇസ്ലാമിക ചരിത്രത്തിൽ തന്നെ ഉണ്ടായിട്ടുണ്ട്. റോമാസാമ്രാജ്യത്തിന്റെ ഒരു ഭാഗത്ത് ഇസ്ലാമിനെതിരെ ക്രൈസ്തവ ഇരച്ചുകയറ്റം ഉണ്ടായപ്പോൾ ക്രൈസ്തവർ ഖലീഫ ഉമറിന്റെ കൂടെ നിന്ന സംഭവം ചില ചരിത്ര വായനയിൽ കാണാം. അവർ അതിനു പറഞ്ഞ ന്യായം റോം വിജയിച്ചാൽ തങ്ങളുടെ കൃഷി ഭൂമിയെല്ലാം ചക്രവർത്തിയുടേതായി മാറും എന്നതായിരുന്നു. നിർബന്ധിത സൈനിക സേവനവും അവരുടെ ആശങ്കകളിൽ ഉണ്ടായിരുന്നു. പേർഷ്യൻ സാമ്രാജ്യത്തിൽ നിന്നും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്. ഇതെല്ലാം പ്രവാചകൻ ഉണ്ടാക്കിയ കാർഷിക വിപ്ലവത്തിൻ്റെ അനന്തരഫലങ്ങളാണ്.
? ഈ കാർഷിക വിപ്ലവത്തെ നമുക്ക് മൊത്തത്തിലുള്ള ഒരു സാമ്പത്തിക വിപ്ലവമായി കൂടി വ്യാഖ്യാനിച്ചു കൂടെ?
- തീർച്ചയായും! മൂന്നാമത്, ഞാൻ പറയാൻ പോകുന്ന വിഷയവും അതുതന്നെയാണ്. അത് മനസ്സിലാക്കുവാനും നാം ചില ആമുഖങ്ങൾ ആദ്യം പറയേണ്ടതുണ്ട്. അന്നത്തെ കാലത്ത് പാവപ്പെട്ടവരുടെ അംഗസംഖ്യ അറേബ്യയിൽ പൊതുവേ കൂടുതലായിരുന്നു. സാമ്പത്തിക സമ്പാദനത്തിനുള്ള മാർഗങ്ങൾ താരതമ്യേന സാമ്പത്തിക ശേഷിയുള്ളവർക്കുള്ള മാത്രം കഴിയുന്ന കാര്യമായിരുന്നു. അതിനാൽ തന്നെ പാവപ്പെട്ടവർക്ക് എപ്പോഴും പണക്കാരിൽനിന്ന് കടം വാങ്ങേണ്ട ഗതിയാണ് ഉണ്ടായിരുന്നത്. പണക്കാർ ഇതിനെ ഒരു വരുമാന മാർഗമായി കണ്ടു. കടം എത്ര വേണമെങ്കിലും കൊടുക്കും, പക്ഷേ അവർക്ക് പലിശ വേണമായിരുന്നു. ഗത്യന്തരമില്ലാത്തതിനാൽ പാവപ്പെട്ടവർ എന്തു വില കൊടുത്തും പകരം പലിശ കൊടുത്ത് കടം വാങ്ങിക്കുമായിരുന്നു. ഇതിലൂടെ പണക്കാരൻ വീണ്ടും വീണ്ടും പണക്കാരനായി തീരുകയും പാവപ്പെട്ടവൻ ഓരോ ദിവസവുമെന്നോണം പാവപ്പെട്ടവനായി ശോഷിച്ചു പോവുകയും ചെയ്തു. അറേബ്യയിൽ അടിമത്വം വളരെ രൂക്ഷമായതിന്റെ പിന്നിൽ ഇത്തരം വ്യവസ്ഥിതികളുടെ സ്വാധീനങ്ങൾ കൂടി ഉണ്ട്. ഈ സമയത്താണ് പരിശുദ്ധ പ്രവാചകൻ ധീരമായ ഒരു തീരുമാനം കൈക്കൊള്ളുന്നത്. മറ്റൊന്നുമല്ല എല്ലാ ഇനം പലിശകളും അദ്ദേഹം നിരോധിച്ചു. അത് ഒരിക്കലും ഒരു തെറ്റായിരുന്നില്ല. പണക്കാരോടുള്ള വിദ്വേഷമോ മറ്റോ ആയിരുന്നില്ല. തികഞ്ഞ ന്യായവും നീതിയും ആയിരുന്നു അത്. കാരണം പാവപ്പെട്ടവൻ കടം വാങ്ങേണ്ടിവരുന്നത് അവൻ്റെ കയ്യിൽ ഒന്നും ഇല്ലാത്തതുകൊണ്ടാണ്. അവനെ വീണ്ടും ദാരിദ്ര്യത്തിലേക്കും ഇല്ലായ്മകളിലേക്കും തള്ളിയിടുന്നത് നീതിയല്ല. അത് മനുഷ്യത്വ രാഹിത്യമാണ്. പണക്കാരൻ കടം കൊടുക്കാൻ കഴിയുന്നവനാകുന്നത് അവൻ്റെ കയ്യിൽ മിച്ചം ഉണ്ടായതുകൊണ്ടാണ്. എന്നിട്ടും അവനിൽ സാമ്പത്തിക ആർത്തി ഉണ്ടാകുന്നത് നീതീകരിക്കാനാവാത്തതാണ്. ഇതാണ് പലിശ നിരോധനത്തിന്റെ പ്രാഥമികമായ ന്യായം.
പലിശ നിരോധിച്ചതോടു കൂടെ പണക്കാർക്കിടയിൽ കച്ചവടം, കൃഷി തുടങ്ങിയ വരുമാനമാർഗങ്ങളോടുള്ള താൽപര്യം വർദ്ധിച്ചു. അത് ഉൽപാദന മേഖലയെ സമ്പന്നമാക്കി. മനുഷ്യരിലെ അധ്വാനശീലം വർദ്ധിപ്പിച്ചു. കടമെടുത്തു ഇൻവെസ്റ്റ് ചെയ്യാനുള്ള ത്വര അല്ലെങ്കിൽ ധൈര്യം ജനങ്ങൾക്ക് കൈവന്നു. ഇതിൻ്റെ പ്രതിഫലനം സാമൂഹ്യതലത്തിൽ രണ്ട് തരത്തിൽ അനുഭവപ്പെട്ടു. ഒന്നാമതായി, ഫ്യൂഡൽ സമ്പ്രദായം അറബികൾക്കിടയിൽ ഉണ്ടായതോ വളർന്നതോ ഇല്ല. ഇത് സാമൂഹ്യമായി ഒരു ജനതയുടെ വലിയ നേട്ടങ്ങളിൽ പെടും. രണ്ടാമത്തേത്, കൊള്ളബാങ്കുകൾ ഇസ്ലാമിൻ്റെ സ്വാധീനമുള്ള സ്ഥലങ്ങളിൽ ഉണ്ടായില്ല. അതുകൊണ്ട് അത്തരം ബാങ്കുകളുടെ ഇടപെടലുകൾ പ്രതിഫലിക്കുന്ന സാമ്പത്തിക അവസ്ഥയും ഉണ്ടായില്ല. അതിനെ മുതലാളിത്തം എന്നാണ് പുതിയ ലോകം പേരിട്ട് വിളിച്ചിരിക്കുന്നത്. ചുരുക്കത്തിൽ നേരത്തെ പറഞ്ഞത് പോലെ സോഷ്യലിസവും കമ്മ്യൂണിസവും ആ മണ്ണിൽ വളരാതിരുന്നത് പോലെ തന്നെ ക്യാപ്പിറ്റലിസത്തിനും ആ മണ്ണിൽ വളർച്ച നേടാൻ കഴിഞ്ഞില്ല. പരിശുദ്ധ പ്രവാചകൻ സാമ്പത്തിക മേഖലയിൽ വരുത്തിയ വൻവിപ്ലവം തന്നെയായിരുന്നു പലിശ നിരോധനം. ഇപ്പോഴും അമേരിക്ക പോലുള്ള മുതലാളിത്ത രാജ്യങ്ങൾ നേരിടുന്ന ഏക പ്രശ്നം പലിശ വഴി ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതകളുടെ ഇരട്ടിപ്പാണ്. അത് ഇല്ലാതെയാവണമെങ്കിൽ പലിശ വ്യവസ്ഥിതി ഇല്ലാതെയാവുക തന്നെ വേണം.
? അങ്ങ് പ്രവാചക ദർശനത്തിൽ കണ്ട മറ്റൊരു വിപ്ലവം?
- അത് സ്ത്രീ വിമോചനമാണ്. സ്ത്രീ വിമോചനം എന്ന വിഷയത്തിൽ പരിശുദ്ധ പ്രവാചകൻ്റെ ദർശനം പല മേഖലയിലും വളരെ പ്രസക്തമാണ്. അതിലേറ്റവും പ്രധാനപ്പെട്ടത് സ്ത്രീത്വത്തോട് പ്രവാചക ദർശനം കാണിക്കുന്ന മാന്യതയും മര്യാദയും ആണ്. നമുക്കറിയാം, ലോകത്തെ എല്ലാ ജനവിഭാഗങ്ങളിലും ഇന്നത്തെ കാലത്ത് അല്ല പണ്ടുകാലം മുതൽക്ക് തന്നെ സ്ത്രീയെ അവളുടെ ശരീരം വേണ്ടവിധത്തിലും മറക്കുവാൻ പല ജനതകളും അനുവദിക്കുമായിരുന്നില്ല. സ്ത്രീ എല്ലാ ജനവിഭാഗങ്ങളിലും ഒരു അലങ്കാര വസ്തുവാണ്. അവളുടെ ശരീരം, സ്വരം, ഭംഗി, അംഗവടിവുകൾ.. ഇതെല്ലാം പുരുഷനെ മത്തുപിടിപ്പിക്കുന്ന കാര്യങ്ങളാണ്. അതുകൊണ്ടാണ് അവൾ തൻ്റെ മുമ്പിൽ അവളുടെ ഒന്നും മറക്കരുത് എന്ന് പുരുഷൻ താല്പര്യപ്പെടുന്നത്. പൗരാണിക ഗ്രീക്ക് ജനതയിലും റോമൻ ജനതയിലും ചില പ്രത്യേക സ്ത്രീകൾ തങ്ങളുടെ യോനി ദ്വാരത്തിനപ്പുറം മറ്റൊന്നും മറക്കരുത് എന്നായിരുന്നു ഉണ്ടായിരുന്നത്. ആമസോണിയൻ ജനതയിൽ സ്ത്രീ ഒന്നും ഒട്ടും മറക്കരുത് എന്നുണ്ടായിരുന്നു. പ്രവാചകൻ കടന്നുവരുന്ന അറേബ്യയിൽ തന്നെ സുന്ദരികളായ അടിമ സ്ത്രീകളെ ഉപയോഗിച്ചിരുന്നത് നഗ്ന സമാനമായ നൃത്തങ്ങൾ പുരുഷന്മാർക്ക് മുമ്പിൽ അവതരിപ്പിക്കുവാൻ വേണ്ടിയായിരുന്നു. ഇന്ത്യയിൽ ഹൈന്ദവ ധർമ്മത്തിൽ ബ്രാഹ്മണന്മാർ അല്ലാത്ത സ്ത്രീകൾ ശരീരത്തിന്റെ സ്ത്രൈണ ഭാവങ്ങൾ മറക്കരുത് എന്നതായിരുന്നു അലിഖിത നിയമം.
ഇസ്ലാമിലേക്കും ക്രിസ്ത്യാനിറ്റിയിലേക്കും ഏറ്റവും അധികം നമ്മുടെ നാട്ടുകാർ ഒഴുകിയത് അയിത്തം, സ്ത്രീകളുടെ മാറുമറക്കാനുള്ള വിലക്ക് തുടങ്ങിയവ രൂക്ഷമായതോടുകൂടെയായിരുന്നു എന്നാണ് ചരിത്രം. കാരണം, മാറ് മറക്കുന്നതിലുള്ള വിലക്കും അയിത്തവും ഉണ്ടായിരുന്നത് ഹൈന്ദവർക്കിടയിൽ മാത്രമായിരുന്നു. അതിൽ മനം മുട്ടിയ സ്ത്രീകളാണ് തങ്ങളുടെ സ്ത്രൈണത മറച്ചു പിടിക്കാനുള്ള താല്പര്യം കൊണ്ട് ആ ധർമ്മം തന്നെ കൈവിട്ട് ഇസ്ലാമിലേക്കും മറ്റും ചേക്കേറിയത്. ബ്രിട്ടീഷുകാർക്കെതിരെ പട നയിക്കുവാൻ ടിപ്പു മലബാറിലേക്ക് വരുന്ന ചരിത്രം അതിൻ്റെ തെളിവാണ്. മാറു മറക്കാത്തതിൻ്റെ പേരിൽ ചില ലൈംഗിക പ്രശ്നങ്ങൾ അന്നുണ്ടായി. അത് അറിഞ്ഞ ടിപ്പു എല്ലാ സ്ത്രീകളോടും മാറ് മറക്കുവാൻ കല്പിക്കുകയായിരുന്നു. ഈ കൽപ്പന പാലിച്ച് സ്ത്രീകൾ കൂട്ടമായി മാറി മറക്കാൻ തുടങ്ങിയതായാണ് ചരിത്രം. ഇത് മേൽ ജാതിക്കാരെ പ്രകോപിപ്പിച്ചു. അവർ കൂട്ടംകൂട്ടമായി മാറുമറച്ചവർക്കെതിരെ മുഴുവനും ഭ്രഷ്ട് കൽപ്പിച്ചു. അത് മാറുമറച്ച വർക്ക് മതം മാറുവാൻ ഉള്ള സൗകര്യമായി. ധാരാളം പേർ ഇസ്ലാമിലേക്കും ക്രിസ്ത്യാനിറ്റിയിലേക്കും മാറി. ഈ രണ്ടു സമുദായത്തിന്റെയും ജനസംഖ്യ ഈ കാലത്ത് അഭൂതപൂർവ്വമായി കൂടിയതായി നമുക്ക് കാണാം. ഇത്തരം ഒരു ലോകത്തായിരുന്നു പരിശുദ്ധ പ്രവാചകൻ സ്ത്രീയോട് കയ്യും മുഖവും അല്ലാത്ത തൻ്റെ ശരീര ഭാഗങ്ങൾ മുഴുവനും നിർബന്ധമായും മറക്കണം എന്ന് ആവശ്യപ്പെട്ടത്.
ഈ നിയമം വന്നതോടെ ഒരുപാട് ഗുണങ്ങൾ ഉണ്ടായി. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് സ്ത്രീക്ക് അവളുടെ വ്യക്തിത്വം അഭിമാനപൂർവ്വം സംരക്ഷിക്കുവാൻ കഴിഞ്ഞു എന്നതാണ്. ശരീരം വേണ്ടവിധം മറക്കാത്ത സ്ത്രീയോട് പുരുഷന്മാരിൽ ചിലർക്ക് താൽപര്യം തോന്നിയേക്കാം. അത് പ്രകൃതിപരമാണ്. അതേസമയം ആ തോന്നുന്ന താല്പര്യത്തിന് ഒരിക്കലും ആയുസ്സ് ഉണ്ടാവുകയില്ല. വീണ്ടും വീണ്ടും വിലക്കുകൾ ഒന്നുമില്ലാതെ കാണുമ്പോൾ കാണപ്പെടുന്ന സ്ത്രീക്ക് സൗന്ദര്യമോ അതിൽ നിന്ന് ജന്യമാകുന്ന നിലയോ വിലയോ കൽപ്പിക്കുവാൻ ഒരു സാധാരണ പുരുഷന് കഴിയില്ല. സ്ത്രീയുടെ ശരീരം നഗ്നമായി കാണുവാൻ ഉള്ള ത്വരയും താല്പര്യവും ഒന്നാമത്തെ കാഴ്ചയോട് കൂടെ മങ്ങിത്തുടങ്ങും എന്നാണ് മനുഷ്യ മനശാസ്ത്രം വരെ പറയുന്നത്. അതേസമയം ശരീരഭാഗങ്ങൾ മുഴുവനും മറച്ച ഒരു സ്ത്രീയോട് ഒരു ബഹുമാനമുള്ള സമീപനമാണ് എല്ലാവർക്കും ഉണ്ടാവുക. അതിലുപരി അവളുടെ അകത്തുള്ള അഴകും അംഗലാവണ്യങ്ങളും ഒരു മനോവികാരമോ കണക്കുകൂട്ടലോ മാത്രമായി നിൽക്കുന്നതിനാൽ എപ്പോഴും ആകർഷകത്വം നിലനിൽക്കുകയും വളരുകയും ചെയ്യും. അതോടുകൂടി സ്ത്രീക്കും അവളുടെ സൗന്ദര്യത്തിനും നിലയും വിലയും കൈവരും. മാനസികമായ ഈ സമീപന മാറ്റം സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ, പീഡന ശ്രമങ്ങൾ, ലൈംഗിക ആക്രമണങ്ങൾ തുടങ്ങിയവ ഇല്ലാതെയാക്കാൻ ഒരളവോളം സഹായകമാകും. താരതമ്യേന ഇസ്ലാമിക സമൂഹങ്ങളിലും രാജ്യങ്ങളിലും ഇത്തരം കുറ്റകൃത്യങ്ങൾ കുറവായി കാണുന്നത് അതുകൊണ്ടാണ്.
ഈ നിയമം വന്നതോടെ ഒരുപാട് ഗുണങ്ങൾ ഉണ്ടായി. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് സ്ത്രീക്ക് അവളുടെ വ്യക്തിത്വം അഭിമാനപൂർവ്വം സംരക്ഷിക്കുവാൻ കഴിഞ്ഞു എന്നതാണ്. ശരീരം വേണ്ടവിധം മറക്കാത്ത സ്ത്രീയോട് പുരുഷന്മാരിൽ ചിലർക്ക് താൽപര്യം തോന്നിയേക്കാം. അത് പ്രകൃതിപരമാണ്. അതേസമയം ആ തോന്നുന്ന താല്പര്യത്തിന് ഒരിക്കലും ആയുസ്സ് ഉണ്ടാവുകയില്ല. വീണ്ടും വീണ്ടും വിലക്കുകൾ ഒന്നുമില്ലാതെ കാണുമ്പോൾ കാണപ്പെടുന്ന സ്ത്രീക്ക് സൗന്ദര്യമോ അതിൽ നിന്ന് ജന്യമാകുന്ന നിലയോ വിലയോ കൽപ്പിക്കുവാൻ ഒരു സാധാരണ പുരുഷന് കഴിയില്ല. സ്ത്രീയുടെ ശരീരം നഗ്നമായി കാണുവാൻ ഉള്ള ത്വരയും താല്പര്യവും ഒന്നാമത്തെ കാഴ്ചയോട് കൂടെ മങ്ങിത്തുടങ്ങും എന്നാണ് മനുഷ്യ മനശാസ്ത്രം വരെ പറയുന്നത്. അതേസമയം ശരീരഭാഗങ്ങൾ മുഴുവനും മറച്ച ഒരു സ്ത്രീയോട് ഒരു ബഹുമാനമുള്ള സമീപനമാണ് എല്ലാവർക്കും ഉണ്ടാവുക. അതിലുപരി അവളുടെ അകത്തുള്ള അഴകും അംഗലാവണ്യങ്ങളും ഒരു മനോവികാരമോ കണക്കുകൂട്ടലോ മാത്രമായി നിൽക്കുന്നതിനാൽ എപ്പോഴും ആകർഷകത്വം നിലനിൽക്കുകയും വളരുകയും ചെയ്യും. അതോടുകൂടി സ്ത്രീക്കും അവളുടെ സൗന്ദര്യത്തിനും നിലയും വിലയും കൈവരും. മാനസികമായ ഈ സമീപന മാറ്റം സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ, പീഡന ശ്രമങ്ങൾ, ലൈംഗിക ആക്രമണങ്ങൾ തുടങ്ങിയവ ഇല്ലാതെയാക്കാൻ ഒരളവോളം സഹായകമാകും. താരതമ്യേന ഇസ്ലാമിക സമൂഹങ്ങളിലും രാജ്യങ്ങളിലും ഇത്തരം കുറ്റകൃത്യങ്ങൾ കുറവായി കാണുന്നത് അതുകൊണ്ടാണ്.
? ഇത് സ്ത്രീ വിമോചനമെന്ന പ്രവാചക ദർശനത്തിന്റെ ഒരു ഭാഗം. മറ്റു ഭാഗങ്ങൾ ഏതൊക്കെയാണ്?
- രണ്ടാമത്തേത്, സ്ത്രീധന സമ്പ്രദായത്തിനെതിരെ പരിശുദ്ധ പ്രവാചകൻ നടത്തിയ മഹർ വിപ്ലവമാണ്. പണ്ടുകാലം മുതലേ എല്ലാ സമൂഹങ്ങളിലും സ്ത്രീ പുരുഷന് സ്ത്രീധനം നൽകുന്ന സമ്പ്രദായമാണ് ഉണ്ടായിരുന്നത്. ഇതു പറയുമ്പോൾ പുരുഷാധിപത്യ സമൂഹങ്ങളിൽ സ്ത്രീയോട് പുലർത്തപ്പെട്ടിരുന്ന വളരെ വൈരുദ്ധ്യം നിറഞ്ഞ ഒരു സമീപനത്തെ ഓർക്കാതെ വയ്യ. അതായത്, സ്ത്രീ തന്റെ മുമ്പിൽ അവളുടെ ശരീരം മറക്കുക പോലും ചെയ്യാൻ പാടില്ല എന്ന് ഒരു ഭാഗത്ത് പുരുഷൻ ശഠിക്കുമ്പോൾ മറുഭാഗത്ത് അവളെ സ്വന്തമാക്കണമെങ്കിൽ അവളുടെ രക്ഷാകർത്താക്കൾ പണവും പൊന്നുമെല്ലാം വെച്ചു നീട്ടണം എന്ന നയം മറുഭാഗത്തും. ഇതാണ് ഏറെ വിചിത്രമായ വൈരുദ്ധ്യം. സ്ത്രീ ഇല്ലാതെ പുരുഷന് ജീവിക്കാൻ കഴിയില്ല. എന്നാൽ കയ്യിലൊന്നും ഇല്ലാത്ത ഒരു സുന്ദരിയെ സ്വീകരിക്കാൻ അഹങ്കാരിയായ അവൻ തയ്യാറുമല്ല എന്നു ചുരുക്കം. അവന് സുഖിക്കാൻ അവൾ ഒരുപാട് സമ്പത്ത് കൊണ്ടുവന്ന് തരണം എന്ന് പറയുന്ന അസാംഗത്യമാണ് ഇവിടെ കാണുന്നത്. അവൾ ധാരാളം സ്വത്ത് തന്നാൽ മാത്രമേ അവളെ സ്വീകരിക്കുകയുള്ളൂ എന്ന ഒരു അവസ്ഥ. ഇതെല്ലാം കാരണമാണ് സ്ത്രീ ഒരു ശാപമായി കാണപ്പെട്ടത്.
അറേബ്യയിൽ പെൺകുട്ടികൾ ജീവനോടെ കുഴിച്ചുമൂടപ്പെടുമായിരുന്നു എന്ന് ചരിത്രം പറയുന്നു. പൊതുവേ സ്ത്രീലമ്പടന്മാരായിരുന്ന അവർ സ്വന്തം പെൺകുട്ടികളെ ജീവനോടെ കുഴിച്ചുമൂടുന്നത് അവൾക്ക് ഒരു ജീവിതം കൊടുക്കണമെങ്കിൽ തനിക്ക് താങ്ങാനാവാത്ത സ്ത്രീധനം എന്ന ഭാരം ഉണ്ടായിരുന്നതുകൊണ്ട് കൂടെയാണ് എന്ന് നമുക്ക് മനസ്സിലാക്കാം. ഇത്തരം ഒരു സാഹചര്യത്തിൽ പ്രവാചകൻ കല്യാണം കഴിക്കാൻ ഉദ്ദേശിക്കുന്ന പുരുഷനോട് സ്ത്രീക്ക് വിവാഹം മൂല്യം അഥവാ മഹർ നൽകണം എന്ന് കർശനമായി നിർദ്ദേശിച്ചു. അത് അവളുടെ നിലക്കും വിലക്കും ഉള്ളതായിരിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു. പിൽക്കാലത്ത് നമ്മുടെ നാട്ടിലൊക്കെ മുസ്ലീങ്ങൾക്കിടയിൽ ഇങ്ങോട്ട് ചെറിയൊരു മഹർ നൽകുമ്പോൾ അങ്ങോട്ട് സ്ത്രീധനം കൂടി നൽകുന്ന പതിവുണ്ടായിരുന്നു. അതെല്ലാം ചിലർ അവരുടെ താൽപര്യത്തിന്റെ പേരിൽ ഉണ്ടാക്കുന്നതാണ്. പുരുഷന് സ്ത്രീധനം നൽകേണ്ട ഒരു ബാധ്യതയും ഇസ്ലാമിക നിയമത്തിൽ ഇല്ല. ഉള്ളത് പുരുഷൻ സ്ത്രീയെ സ്വന്തമാക്കുന്നതിനാൽ അവൾക്കാണ് വിവാഹ മൂല്യം നൽകേണ്ടത്. അതോടെ അവൾക്കും മാത്രമല്ല അവളുമായുള്ള ബന്ധത്തിനും നിലയും വിലയും ഉണ്ടായി.
ഇതേ വിഷയത്തോട് ചേർത്തു വെക്കേണ്ട മറ്റൊരു പ്രധാന വിപ്ലവം കൂടി മഹാനായ പ്രവാചകൻ നടപ്പിൽ വരുത്തിയിട്ടുണ്ട്. അതിനെ നമുക്ക് സർവ്വകാലികമായ ഒരു വിപ്ലവം ആയിത്തന്നെ പറയാം. അത് സ്ത്രീകൾക്ക് സ്വത്തവകാശം ഉണ്ടാക്കി എന്നതാണ്. അതുവരെയും പല ജനതകളിലും സ്വത്തവകാശം എന്ന പരിപാടി തന്നെ ഉണ്ടായിരുന്നില്ല ചില ജനതകളിൽ മൂത്ത മകന് മാത്രം സ്വത്തവകാശം നൽകുമായിരുന്നു. മറ്റു ചില മതങ്ങളിൽ ആവട്ടെ ഒരു വ്യക്തി മരണപ്പെടാൻ കിടക്കുമ്പോൾ നൽകുന്ന ഒസ്യത്ത് അനുസരിച്ചാണ് സ്വത്തവകാശം നൽകപ്പെട്ടിരുന്നത്. അതിനൊന്നും തന്നെ ഒരു വ്യവസ്ഥയോ ഉപാധികളോ കണക്കുകളോ കണിശതകളോ ഒന്നുമുണ്ടായിരുന്നില്ല. എന്നാൽ പരിശുദ്ധ പ്രവാചകൻ ഉണ്ടാക്കിയ ഈ സ്വത്തവകാശത്തിൽ അതെല്ലാം കൃത്യമായി പറയപ്പെട്ടിരുന്നു. ഇത് പ്രവാചകന്റെ സ്ത്രീ വിമോചനത്തിനുള്ള വലിയ വിപ്ലവങ്ങളിൽ ഒന്നുതന്നെയാണ്.
? അവിടെ സ്ത്രീകൾക്ക് കൊടുത്തത് ആണിൻ്റെ പകുതി മാത്രമാണ് എന്ന പരാതി ഉണ്ടല്ലോ..
- അതെല്ലാം ദുരുപതിഷ്ഠിതമായ പരാതികൾ മാത്രമാണ്. സൂക്ഷ്മമായി പഠിച്ചാൽ അവയൊക്കെയും ഇസ്ലാമിനെതിരെയുള്ള അസഹിഷ്ണുതയുടെ ബഹിർസ്ഫുരണമായിട്ടല്ലാതെ കാണാൻ കഴിയില്ല. പുരുഷനോടൊപ്പം ഒരേ ശ്രേണിയിൽ വരുമ്പോഴാണ് അവൾക്ക് പകുതി മാത്രം കൊടുക്കുന്നത് എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാത്ത സാഹചര്യങ്ങളിൽ അവൾക്ക് പുരുഷനോളവും അതിലധികവും എല്ലാം ലഭിക്കുന്ന സാഹചര്യങ്ങൾ ഇസ്ലാമിക അവകാശ നിയമത്തിൽ ഉണ്ട്. ഞാൻ പക്ഷേ അതിനെ വിലയിരുത്തുന്നത് മഹറുമായി ബന്ധിപ്പിച്ചു കൊണ്ടാണ് പകുതി സ്വത്തവകാശം വഴി അവളിലേക്ക് വന്നുചേരുമ്പോൾ ബാക്കിയുള്ളതും അതിൽ അധികവും മഹറ് വഴി അവൾക്ക് ലഭിക്കുന്നുണ്ട്. മാത്രമല്ല അവളുടെ സംരക്ഷണം എല്ലാം അവളുമായി ബന്ധപ്പെട്ട ഭർത്താവ് മക്കൾ തുടങ്ങിയവരെയെല്ലാം ഇസ്ലാം ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് എല്ലാം ഇതിനെ പരാതി ആയി കാണാൻ കഴിയില്ല.
? ഈ വിപ്ലവങ്ങളെല്ലാം സമൂഹത്തിൽ എത്രമാത്രം പ്രതിഫലിച്ചു ?
- ഈ വിപ്ലവങ്ങളെല്ലാം നന്നായിത്തന്നെ പ്രതിഫലിച്ചു എന്നാണ് നാം മനസ്സിലാക്കേണ്ടത്. ഈ വിപ്ലവങ്ങൾ സംഭവിക്കുമ്പോൾ ഉണ്ടാകുന്ന, ഉണ്ടായേക്കാവുന്ന ചില സ്വാഭാവിക പ്രശ്നങ്ങൾക്ക് ഇതിനൊപ്പം തന്നെ പ്രവാചകൻ പരിഹാരം നിർദ്ദേശിച്ചിരുന്നു. ഈ വിപ്ലവങ്ങളെല്ലാം വിജയിക്കുകയും നിയമങ്ങളെല്ലാം നടപ്പിലാക്കപ്പെടുകയും ചെയ്തതോടെ പേരുകളുടെ സ്റ്റാറ്റസ് മാത്രമല്ല അംഗസംഖ്യയും വളരുകയുണ്ടായി. വളരെ പെട്ടെന്ന് തന്നെ രാജ്യത്തെ എണ്ണം സ്ത്രീകളുടെ എണ്ണം പുരുഷന്മാരെ കവച്ചു വെക്കുകയുണ്ടായി. അങ്ങനെ വരുമ്പോൾ അവിടെ ചില സാമൂഹിക പ്രശ്നങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്. എല്ലാ സ്ത്രീകൾക്കും ലൈംഗിക-കുടുംബ ജീവിതങ്ങൾ നൽകുവാൻ മതിയായ പുരുഷന്മാർ ഇല്ലാത്ത ഒരു സാഹചര്യം സംജാതമാകും. ഇത്തരം സാഹചര്യത്തിലെ പ്രതിസന്ധി പരിഹരിക്കുകയായിരുന്നു പ്രവാചകൻ്റെ ബഹുഭാര്യത്വം എന്ന നിർദേശം. പ്രത്യേക സാഹചര്യങ്ങളിൽ ആവശ്യമാണെന്ന് തോന്നുന്ന പക്ഷം നാലുവരെ സ്ത്രീകളെ വിവാഹം കഴിക്കാം എന്നാണ് ഇസ്ലാമിക നിയമം പറയുന്നത്. പക്ഷേ അത് അടിച്ചേൽപ്പിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ഒട്ടും ചെയ്യുന്നില്ല. ഏക ഭാര്യത്വമാണ് ഏറ്റവും നല്ലത് എന്ന് വിശുദ്ധ ഖുർആൻ പറയുന്നുണ്ട്.
? ഇപ്രകാരം ഈ വനിതാ വിമോചന വിപ്ലവങ്ങൾ മറ്റെന്തെങ്കിലും പ്രശ്നങ്ങളിലേക്ക് വഴി തുറക്കുമായിരുന്നുവോ?
- മറ്റൊരു പ്രശ്നവും ഉണ്ടായിരുന്നു. അത് വൈധവ്യമായിരുന്നു. പൊതുവേ ലോകത്തിന് വിധവകളോട് ഒരുതരം രണ്ടാം കണ്ണാണ്. അതായത് വിധവകൾ അഭിശപ്തരാണ് എന്നും അതുകൊണ്ടാണ് അവർക്ക് ഇണകൾ നഷ്ടപ്പെട്ടത് എന്നും കരുതുന്നവർ എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്. നമ്മുടെ നാട്ടിലെ സതി ആചാരം പ്രസിദ്ധമാണല്ലോ. ഭർത്താവ് മരണപ്പെടുന്ന ഭാര്യ ഭർത്താവിനോടൊപ്പം അതേ ചിതയിൽ തന്നെ അടങ്ങുക എന്നതാണല്ലോ സതി. ഭർത്താവിന് ശേഷം ഭർത്താവ് നഷ്ടപ്പെട്ട ഈ ഭാര്യ ഇനി ജീവിച്ചിരിക്കുന്നതിൽ യാതൊരു അർത്ഥവും ഇല്ല എന്ന ഒരു കാലഘട്ടത്തിൻ്റെ തിട്ടൂരമായിരുന്നു ഈ ആചാരത്തിന് പിന്നിൽ. പിന്നീട് ഈ ആചാരം നിയമം മൂലം നിരോധിക്കപ്പെട്ടു. പക്ഷേ പിന്നെയും ഇതിൻ്റെ ബാക്കിപത്രങ്ങൾ നിലനിൽക്കുന്നുണ്ടായിരുന്നു. ഭർത്താവ് നഷ്ടപ്പെട്ട സ്ത്രീ നല്ല വസ്ത്രങ്ങളോ വേഷങ്ങളോ ഭക്ഷണങ്ങളോ ഒന്നും ഉപയോഗിക്കാൻ പാടില്ല എന്ന് മനസ്ഥിതി ആയിരുന്നു അത്. ഇത് നമ്മുടെ നാട്ടിലെ കാര്യം. മറ്റു പല സമൂഹങ്ങളിലും സമാനമായ സമീപനങ്ങൾ വിധവകളോട് ഉണ്ടായിരുന്നു. അതിനാൽ തന്നെ എത്ര യൗവനയുക്തതയാണെങ്കിലും മറ്റൊരു വിവാഹം പലപ്പോഴും വിധവകൾക്ക് സ്വപ്നം മാത്രമായിരുന്നു. ഇത്തരം ഒരു സാഹചര്യത്തിൽ ആയിരുന്നു പരിശുദ്ധ പ്രവാചകൻ വിധവകളെ വിവാഹം ചെയ്യുന്നത് താല്പര്യപ്പെട്ടത്. വിശുദ്ധ ഖുർആൻ അത് എടുത്തുപറയുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല പ്രവാചകന്‍ തന്റെ ജീവിതത്തിൽ ചെയ്ത വിവാഹങ്ങളിൽ ഏറിയ പങ്കും വിധവകളെ ആയിരുന്നു. അതിനാൽ പ്രവാചകൻ വിധവകളോടുള്ള മനസ്ഥിതി മാറ്റുവാൻ ആവശ്യപ്പെട്ടു എന്നുമാത്രമല്ല സ്വന്തം ജീവിതത്തിൽ അത് പുലർത്തിക്കൊണ്ട് ആ സംസ്കാരം സ്ഥാപിക്കുകയും ചെയ്തു. പ്രവാചകൻ ഇത്രയധികം വിധവകളെ വിവാഹം ചെയ്തത് ഈ അർത്ഥത്തിലല്ലാതെ മറ്റൊരർത്ഥത്തിലും ആയിരിക്കാനുള്ള സാധ്യതയില്ല. ഇത് വലിയ ഒരു വിപ്ലവം തന്നെയായിരുന്നു.
മറ്റൊരു പ്രധാനപ്പെട്ട പ്രവാചക ദർശനം പെൺകുട്ടികളെ വളർത്തുന്നത് സ്വർഗം ലഭിക്കാനുള്ള മാർഗമാണ് എന്ന് പ്രഖ്യാപിച്ചതാണ്. ഒരാൾ രണ്ടു പെൺകുഞ്ഞുങ്ങളെ സ്നേഹപൂർവ്വം വളർത്തുകയും അവർക്ക് വിദ്യാഭ്യാസം നൽകുകയും വിവാഹപ്രായമെത്തുമ്പോൾ വിവാഹം ചെയ്തയക്കുകയും ചെയ്താൽ അവന് അത് സ്വർഗ്ഗ പ്രവേശനത്തിനുള്ള കാരണമായിത്തീരും.
? അഞ്ചു കാര്യങ്ങൾ പറഞ്ഞു, ആറാമത്തേത് എന്താണ്?
- പ്രവാചകൻ ചെയ്ത യുദ്ധങ്ങളെ കുറിച്ചുള്ള വിലയിരുത്തലാണ്. പ്രവാചകൻ ഒരുപാട് യുദ്ധങ്ങൾ ചെയ്തു, പ്രവാചകൻ ഒരു യുദ്ധക്കൊതിയനായിരുന്നു എന്നൊക്കെ ആരോപണങ്ങൾ പലരും പറയുന്നുണ്ട്. അത് ഒരിക്കലും ശരിയല്ല. പ്രവാചകൻ ആകെ മൂന്ന് യുദ്ധങ്ങൾ മാത്രമേ ചെയ്തിട്ടുള്ളൂ. ബദർ, ഉഹദ്, ഖന്തക്ക് എന്നിവയാണ് അവ. ഇവ ഓരോന്നും പ്രവാചകൻ അങ്ങോട്ട് പോയി ചെയ്ത യുദ്ധങ്ങൾ ആയിരുന്നില്ല. എല്ലാം പ്രതിരോധ യുദ്ധങ്ങൾ മാത്രമായിരുന്നു. ഇവ ചെയ്യുമ്പോൾ തന്നെ പ്രവാചകന്‍ പുലർത്തിയ ഒരു സമീപനം ശ്രദ്ധേയമാണ്. മദീന പട്ടണത്തിന്റെ ഉള്ളിലേക്ക് ശത്രു സേനയെ കടക്കാൻ അനുവദിക്കാതെ പുറത്തുപോയി അവരെ തടഞ്ഞുനിർത്തിക്കൊണ്ട് ചെയ്ത യുദ്ധമായിരുന്നു ഓരോന്നും. ശത്രുക്കൾ നഗരത്തിലേക്ക് ഇരച്ചു കയറി നഗരത്തിനുള്ളിൽ വെച്ച് അവരുമായി ഏറ്റുമുട്ടേണ്ട സാഹചര്യം ഉണ്ടായാൽ അത് സ്ത്രീകൾ, കുഞ്ഞുങ്ങൾ, നാട്ടിന്റെ പൊതുസുരക്ഷിതത്വബോധം തുടങ്ങിയ ഒരുപാട് കാര്യങ്ങളെ പ്രതികൂലമായി ബാധിക്കും. അതുണ്ടാവാതിരിക്കുവാൻ ശത്രുക്കളെ പുറത്ത് നിന്ന് തന്നെ നേരിടുക എന്ന പ്രവാചകൻ്റെ ആ നയം ഏറെ ശ്രദ്ധേയമാണ്. യഹൂദികളോടൊക്കെ ഉണ്ടായത് അവർ പ്രവാചകനെ വധിക്കാൻ ശ്രമിച്ചതിന്റെ മറുപടിയായിരുന്നു. മറ്റൊരു കാര്യം, ഈ യുദ്ധങ്ങൾ കൊണ്ടൊന്നും തന്നെ ഇസ്ലാമിലേക്കുള്ള ഒഴുക്ക് വർദ്ധിച്ചതുമില്ല എന്നതാണ്. അതായത് ഇസ്ലാമിനെ ഒരു ജനതയുടെ മേൽ അടിച്ചേൽപ്പിക്കാൻ വേണ്ടി പ്രവാചകൻ ആയുധം എടുക്കുകയായിരുന്നില്ല. ജനസംഖ്യാപരമായ വളർച്ച അവർക്ക് ഉണ്ടായത് ഹുദൈബിയ ട്രീറ്റിക്ക് ശേഷമായിരുന്നു. മക്കാ വിജയത്തിന്റെ അന്ന് പ്രവാചകൻ പുലർത്തിയ മറ്റൊരു സമീപനം കൂടി ഇവിടെ ശ്രദ്ധേയമാണ്. അത് മക്കയിലേക്ക് കടക്കുന്ന തൻ്റെ സൈന്യത്തോട് അവിടെയുള്ള ആരോടും പ്രതികാര മനോഭാവം പുലർത്തരുത് എന്ന് നിർദ്ദേശിച്ചു എന്നതായിരുന്നു. അവരുടെ കൂട്ടത്തിൽ പ്രവാചകൻന്റെ സ്വന്തം മകളെ അപായപ്പെടുത്താൻ ശ്രമിച്ച ആൾ വരെ ഉണ്ടായിരുന്നു എന്നതാണ് വസ്തുത. പ്രവാചകന്റെ മൂത്തമകൾ മദീനയിലേക്ക് യാത്ര തിരിക്കുമ്പോൾ ആയിരുന്നു അയാൾ അവളെ ഒട്ടകപ്പുറത്ത് നിന്ന് വലിച്ചു താഴെ ഇട്ടത്.
? പ്രവാചകൻറെ ഏറ്റവും വലിയ നേട്ടം ഒരു അച്ചടക്കമുള്ള സമുദായത്തെ വളർത്തിയെടുത്തു എന്നതാണല്ലോ, ആ കാര്യത്തിൽ സാറിൻ്റെ കാഴ്ചപ്പാടുകൾ എന്തൊക്കെയാണ്?
- അത് ശരിയാണ്. അതിന് മനുഷ്യജീവിതത്തിന്റെ ഒരുപാട് മേഖലകളെ ക്രമപ്പെടുത്തേണ്ടത് ഉണ്ട്. അതിൽ പ്രവാചകന് തികച്ചും വിജയിക്കാൻ കഴിഞ്ഞു. ഓരോ കാര്യങ്ങളിലും ഒരു അർത്ഥപൂർണ്ണമായ ക്രമീകരണം പരിശുദ്ധ പ്രവാചകൻ വരുത്തുകയുണ്ടായി. ഒരുപാട് ഉദാഹരണങ്ങൾ അക്കാര്യത്തിൽ നമുക്ക് പറയാനുണ്ട്. കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട, ശ്രദ്ധേയമെന്ന് തോന്നിയ, പൊതുവേ ആരും ശ്രദ്ധിച്ചിട്ടില്ലാത്ത ഒരു ഉദാഹരണമാണ് ആഘോഷങ്ങളെ പ്രവാചകൻ ക്രമീകരിച്ചു എന്നത്. പൊതുവേ ആഘോഷങ്ങൾ മനുഷ്യ വികാരങ്ങളെ തുറന്നു വിടുന്ന അവസരങ്ങളാണ്. ആഘോഷത്തിന്റെ സമയത്ത് എല്ലാ നിയന്ത്രണങ്ങളും പൊതുവേ എടുത്തു മാറ്റപ്പെടും. മാത്രമല്ല ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന കാര്യങ്ങളെ ആരും ഗൗരവമായി എടുക്കുകയില്ല. അതിൻ്റെ ഫലമായി പലരും ആഘോഷത്തിന്റെ പേരിൽ വേദന അനുഭവിക്കേണ്ടി വരാറുണ്ട്. ദുർബലരായ ആൾക്കാർ, കന്നുകാലികൾ തുടങ്ങിയവ പ്രത്യേകിച്ചും. നമ്മുടെ നാട്ടിലെ ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും ആനകളെയും മറ്റും നാം ഉപയോഗിക്കുമ്പോൾ ആ ജീവി അനുഭവിക്കുന്ന മാനസികമായ വികാരം എന്തായിരിക്കും എന്ന് നാം ചിന്തിക്കേണ്ടതുണ്ട്. മനുഷ്യൻ്റെ ആഘോഷങ്ങൾ അവയെ ഒട്ടും ആനന്ദിപ്പിക്കുന്നില്ല എന്നത് ഒരു സത്യമാണ്. കാരണം, അവയുടെയും മനുഷ്യന്റെയും ആസ്വാദന തലം രണ്ടാണ്. കുറെ കരിമരുന്നുകൾ വലിയ ശബ്ദമോ വെളിച്ചമോ ഉണ്ടാക്കി പൊട്ടുന്നു, കുറെ ആനകൾ വരിയായി നിൽക്കുന്നു, കുറേ ആൾക്കാർക്ക് കച്ചവടം നടക്കുന്നു, ശബ്ദകോലാഹലങ്ങളും പാട്ടും കൂത്തും അരങ്ങേറുന്നു ഇതൊക്കെയാണ് ആഘോഷങ്ങളുടെ പ്രകൃതം. അറേബ്യയിലും അങ്ങനെ തന്നെയായിരുന്നു.
ഇങ്ങനെയെല്ലാം ചെയ്യുമ്പോൾ മനുഷ്യന് അവിടെ ഏതാനും നിമിഷങ്ങളുടെ ഒരു വെറും ആനന്ദം മാത്രമാണ് ഉണ്ടാകുന്നത്. ആ ആനന്ദം മറ്റൊരിക്കലും അവനെ ആനന്ദിപ്പിക്കുക പോലും ചെയ്യുന്നില്ല. അവനോ അവന്റെ ജീവിതത്തിനോ ഒന്നും നേടിത്തരുന്നില്ല. അത് കേവലമായ ഒരു ഓർമ്മപ്പെടുത്തൽ എന്നതിനപ്പുറം ഒരു സന്ദേശവും പകരുന്നുമില്ല. ഇതൊന്നുമില്ലാതെ വരുമ്പോൾ ആഘോഷങ്ങൾ അക്ഷരാർത്ഥത്തിൽ അനർത്ഥങ്ങളായി മാറുകയാണ്. അവിടെ പരിശുദ്ധ പ്രവാചകൻ ഇടപെടുകയും വെടിമരുന്ന്, മൃഗങ്ങൾ, തുടങ്ങിയവ ഉപയോഗിച്ചുകൊണ്ടുള്ള നിരർത്ഥകമായ ആഘോഷങ്ങളെ നിരോധിക്കുകയും ചെയ്തു. മാത്രമല്ല, പൊതു ആഘോഷങ്ങളെ വെറും രണ്ട് ഈദുകളിലേക്ക് ചുരുക്കുകയും ചെയ്തു. ഒരുപാട് ആഘോഷങ്ങൾ, ഒരുപാട് കാരണങ്ങളുടെ പേരിൽ ഉണ്ടാകുമ്പോൾ അത് മനുഷ്യൻ്റെ അധ്വാനത്തെയും സമ്പത്തിനെയും സമയത്തെയും ഒരുപാട് വെറുതെ കളയേണ്ട ഒരു സാഹചര്യത്തിലേക്ക് കാര്യങ്ങളെ എത്തിക്കും. വിലപ്പെട്ട അവയൊന്നും ആഘോഷത്തിന്റെ പേരിൽ വെറുതെ കളഞ്ഞു കൂടാ എന്നായിരുന്നു പ്രവാചകൻ്റെ ദർശനം. അതുകൊണ്ട്, പ്രവാചകൻ നിർദ്ദേശിച്ചത് പ്രാർത്ഥന, അന്നദാനം, കുടുംബ സന്ദർശനം, പാവപ്പെട്ടവർക്കുള്ള സഹായം എന്നീ ഉന്നതമായ മൂല്യങ്ങൾ കൊണ്ട് ആഘോഷിക്കപ്പെടുന്നതായിരിക്കണം എല്ലാ ആഘോഷങ്ങളും എന്നായിരുന്നു. ഈദാഘോഷങ്ങളിൽ തന്നെ പ്രവാചകൻ വളരെ സവിശേഷമായ ചില അർത്ഥ കൽപ്പനകൾ നൽകി. പെരുന്നാളിന്റെ നിസ്കാരങ്ങൾ തുറസ്സായ സ്ഥലത്ത് വെച്ച് നിർവഹിക്കുന്നതായിരുന്നു പ്രവാചകന് കൂടുതൽ ഇഷ്ടം. അതിൻ്റെ ഒരു ആശയം, ഒരുപക്ഷേ ദൈവവും മനുഷ്യനും ഇടയിൽ ഒരു മറയുമില്ലാത്ത ഹൃദയഹാരിയായ ഒരു അടുപ്പം സ്ഥാപിച്ചെടുക്കുക എന്നതായിരിക്കാം. പെരുന്നാൾ നിസ്കാരത്തിന് പോകുന്നത് ഒരു വഴിയും തിരിച്ചുവരുന്നത് മറ്റൊരു വഴിയും ആയിരിക്കണമെന്ന് പ്രവാചകൻ നിർദ്ദേശിച്ചിട്ടുണ്ട്. അത് ഇപ്രകാരം തന്നെ വലിയ ഒരു അർത്ഥത്തെ കുറിക്കുന്നതാണ്. അങ്ങോട്ട് പോകുന്ന മനുഷ്യൻ വലിയ മാറ്റങ്ങൾക്ക് വിധേയമായി മറ്റൊരു വഴിയിലൂടെ മടങ്ങിവന്നു പുതിയ ജീവിതത്തിലേക്ക് കയറുന്നു എന്ന തത്വമാണ് അവിടെ പുലരുന്നത്. മറ്റൊരു ശ്രദ്ധേയമായ നീക്കം പെരുന്നാളിന്റെ ആഘോഷങ്ങളിലേക്ക് വിശ്വാസികൾ നോമ്പിലൂടെയാണ് കടക്കുന്നത് എന്നതാണ്. രണ്ടു പെരുന്നാളിന്റെയും തലേന്ന് വിശ്വാസികൾ (ഒന്ന് ഐഛികമാണ്) നോമ്പെടുക്കുന്നു. നോമ്പ് എന്ന പരമമായ സമർപ്പണത്തിൽ നിന്ന് ആഘോഷത്തിലേക്ക് കടക്കുമ്പോൾ അതിന് കൂടുതൽ ആത്മീയ ഹൃദ്യതയും നിയന്ത്രണവും കൈവരുന്നു.
? അവസാനമായി, നമ്മുടെ വായനക്കാരോട്...
- പ്രവാചകനെ വെറും ഉപരിപ്ലവമായോ മറ്റാരെങ്കിലും അവരുടെ മനോഗതിക്കനുസരിച്ച് പറയുന്നതു വെച്ചോ പഠിക്കരുത്. ചരിത്രം അധികാരികമായ സ്രോതസ്സുകളിൽ നിന്ന് കണ്ടെത്തി തന്നെ ചിന്തിച്ച് പഠിക്കണം. അങ്ങനെ പഠിച്ചപ്പോൾ കണ്ടെത്തിയ സത്യങ്ങളാണ് സത്യത്തിൽ എന്നെ ആകർഷിച്ചത്.
0
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso