വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി
നേരത്തെയൊക്കെ സ്വന്തം കൊച്ചു കൊച്ചു ആവശ്യങ്ങൾ മകനോട് ഉമ്മ പറയുമായിരുന്നു. ചിലതൊക്കെ ഉപ്പാക്ക് വേണ്ടിയുള്ളതായിരുന്നു. തലവേദനക്ക് പുരട്ടാനുള്ള ലേപനം, നീല പാക്കറ്റിലെ വെളുത്ത പനിയുടെ ഗുളിക, ചാണകത്തിൻ്റെ നിറമുള്ള ഗോരോചനാദി ഗുളിക, എപ്പോഴെങ്കിലും ഒന്നു മേൽ തടവുവാൻ അസ്ന വില്വാദി എണ്ണ... അങ്ങനെ കൊച്ചു കൊച്ചു ആവശ്യങ്ങൾ. മകൻ ഭാര്യ വഴി അത് എത്തിച്ചു കൊടുക്കുകയും ചെയ്യുമായിരുന്നു. എന്തായാലും കൈമാറുന്നത് മരുമകൾ തന്നെ ആയിരിക്കും. അതിനുവേണ്ടിയുള്ള വരവും തന്ന് പോക്കും തരുമ്പോൾ ഉള്ള നോക്കും എല്ലാം മേനിയിൽ ഒരുതരം പുളിപ്പ് ഉണ്ടാക്കുമ്പോൾ കരുതും, ഇനി ചോദിക്കുകയില്ല എന്ന്. എന്നിട്ടും പിന്നെയും ഉമ്മ താഴ്മയോടെ ചിലതൊക്കെ കുറേക്കാലം കൂടി ചോദിച്ചുവന്നു. ഇപ്പോൾ രണ്ടു പേർക്കും പേടിയായിരിക്കുന്നു. അയൽവക്കത്തെ മക്കൾ ഉമ്മയെയും ഉപ്പയെയും വൃദ്ധസദനത്തിൽ കൊണ്ടുപോയി ആക്കിയതിനു ശേഷം പ്രത്യേകിച്ചും. സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയത് പോലും അനുഭവിക്കാൻ കഴിയാതെ അവരിപ്പോൾ അവിടെ ആരുടെയൊക്കെയോ ദാക്ഷിണ്യം കൊണ്ട് കഴിയുകയാണ്. അതുവച്ച് നോക്കുമ്പോൾ അവർക്കു മുൻപേ അങ്ങോട്ട് പോകേണ്ടിയിരുന്നത് തങ്ങളായിരുന്നു. അതുകൊണ്ട് ഒരിടത്ത് ചുരുങ്ങി കൂടിയിരുന്നു പരസ്പരം നോക്കി ശരീരത്തിൽ കൂടുകൂട്ടിയ എല്ലാ രോഗങ്ങളെയും മനസ്സിൽ കൂടുകൂട്ടിയ എല്ലാ വ്യഥകളെയും വിഴുങ്ങാൻ പഠിക്കുകയാണ് ആ ഉമ്മയും ഉപ്പയും. കഥയാണ് എന്ന് കരുതേണ്ട. തീർത്തും ഉള്ളതുതന്നെയാണ്. ഈ അനുഭവം ഒരു ഞെട്ടലോടെ മനസ്സിൽ തികട്ടിവന്നത് ഈ ദശകത്തിൻ്റെ അവസാനത്തോടെ മനുഷ്യന് ഏറ്റവും ഭാരമുള്ള കാര്യം വാർദ്ധക്യം ആയിരിക്കും എന്ന് എവിടെയോ കണ്ടപ്പോഴാണ്. വാർദ്ധക്യത്തിന് ഭാരം കൂടി വരുന്നു എന്നത് ഒരു വസ്തുതയാണ്. അല്ലെങ്കിൽ തന്നെ മനുഷ്യജീവിതത്തിൻ്റെ ഏറ്റവും ദുർബ്ബലമായ ഘട്ടമാണ് വാർദ്ധക്യം. ശരീരത്തിൻ്റെ പ്രവർത്തനങ്ങൾ മന്ദീഭവിക്കുകയും ചിലപ്പോൾ മുടങ്ങുകയും അങ്ങനെ ഉണ്ടാകുന്ന കുറവുകളെ പരിഹരിക്കാൻ ശരീരത്തിന് ശേഷി ഇല്ലാതെ വരികയും എല്ലാം ചെയ്യുന്ന ഘട്ടം എന്ന നിലക്ക് വാർദ്ധക്യം അതീവ ദുർബലമാണ്. അതിലേക്കാണ് ഏറ്റവും പ്രതീക്ഷയർപ്പിക്കുന്നവരുടെ മുഖം തിരിച്ചുള്ള ഈ അനുഭവങ്ങൾ കടന്നു കയറുന്നത്. അതോടുകൂടി വാർദ്ധക്യത്തിന് വീണ്ടും വാർദ്ധക്യം ബാധിക്കുന്നു. ആത്മ സുഖങ്ങളിൽ അഭിരമിക്കാനുള്ള അടങ്ങാത്ത ത്വര വളർന്നുവരുന്ന പുതിയ കാലത്തെ പുതിയ തലമുറക്ക് അനായാസം ഈ 'ശല്യ ബാദ്ധ്യത'കളെ ഒഴിവാക്കുവാൻ മാർഗം തുറന്നു കെട്ടുക കൂടി ചെയ്തിരിക്കുന്നു. പണത്തിനു പകരം സ്വന്തം മാതാപിതാക്കളെ ഒഴിവാക്കുവാൻ ഉള്ള സദനങ്ങൾ എന്ന വഴി. അതോടെ നിലവിൽ ഇപ്പോൾ തന്നെ ചിലർക്കെല്ലാം വാർദ്ധക്യം ഭാരമായി തീർന്നിരിക്കുന്നു. ഇതു വർദ്ധിച്ചു വന്ന് ലോകത്തിൻ്റെ ഒരു സാധാരണ ശീലമായി മാറുന്നതോടെ വാർദ്ധക്യം ലോകത്തിനു മുഴുവനും ഭാരമായി തീരും.
ബാഹ്യമായ സഹായവും സ്നേഹവും പരിചരണവും പരിഗണനയും ലഭിക്കേണ്ട ജീവിത ഘട്ടമാണ് വാർദ്ധക്യം. അതിനാൽ തന്നെ വൃദ്ധജനങ്ങൾക്ക് പകരേണ്ട മേൽപ്പറഞ്ഞ ഓരോന്നും മനുഷ്യൻ്റെ ഐച്ഛിക ബാധ്യത ആവാൻ പാടില്ല എന്നിടത്തു നിന്നാണ് ഈ വിഷയത്തിലെ ഇസ്ലാമിക ദർശനം ആരംഭിക്കുന്നത്. അതുകൊണ്ടുതന്നെ ഇസ്ലാം ഈ ഉത്തരവാദിത്തങ്ങൾ എല്ലാവരെയും ഏൽപ്പിക്കുന്നതിനു പകരം പ്രധാനമായും മക്കളെയാണ് ഏൽപ്പിച്ചിരിക്കുന്നത്. മക്കളെ ഇത് ഏൽപ്പിക്കുമ്പോൾ അവരുടെ ഉള്ളിൽ സ്വന്തം മാതാപിതാക്കൾ എന്ന ഒരു വികാരം ഉണ്ടാകും എന്നും ആ വികാരം ഏതറ്റം വരെയും അവരോടുള്ള കടപ്പാടുകൾ പാലിക്കുവാൻ ഓരോ മനുഷ്യനെയും ഉദ്ബോധിപ്പിക്കുമെന്നും ഇസ്ലാം കാണുന്നു. വൃദ്ധ ജനങ്ങളെ പരിഗണിക്കുന്ന കാര്യം പൊതുസമൂഹത്തെ ചുമതലപ്പെടുത്തിയാൽ ഓരോരുത്തരും മറ്റൊരാൾ ചെയ്യും എന്ന് കരുതുകയും ഉത്തരവാദിത്വത്തിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യും. ഇത് അതിൻ്റെ പുറത്തുളള ഒരു പൊതുവായ വശം. ഉള്ളിലേക്ക് കടന്നാൽ ചിന്തിക്കുന്ന മനുഷ്യനെ സംബന്ധിച്ചിടത്തോളം താൻ ജീവിതയാത്രയിൽ പറ്റിയ ഏറ്റവും വലിയ ദാനങ്ങളും സഹായങ്ങളും തന്റെ ഇപ്പോൾ വൃദ്ധരായി കഴിഞ്ഞിരിക്കുന്ന ഈ മാതാപിതാക്കളിൽ നിന്നുമാണ് എന്ന് തിരിച്ചറിയുക പ്രയാസമുള്ള കാര്യമല്ല. ആ തിരിച്ചറിവ് അവർ തന്ന സ്നേഹം അവരുടെ വാർദ്ധക്യകാലത്ത് തിരിച്ചു നൽകേണ്ടതാണ് എന്ന വിചാരത്തിലേക്ക് നയിക്കുക തന്നെ ചെയ്യും. ഇതു സ്ഥാപിക്കാൻ നമുക്ക് രണ്ട് സൂക്തങ്ങൾ കാണാം. ഒന്നാമത്തേതിൽ മാതാപിതാക്കളെ എത്രമേൽ പരിഗണിക്കണം എന്ന് പറയുമ്പോൾ രണ്ടാമത്തേതിൽ അവർക്ക് വാർദ്ധക്യം എത്തുമ്പോൾ നൽകേണ്ട തീവ്രമായ പരിഗണന എടുത്തുപറയുന്നു. 'കാരുണ്യത്തോട് കൂടി എളിമയുടെ ചിറക് നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തികൊടുക്കുകയും ചെയ്യുക. എന്‍റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക' (അഹ്സാബ്: 24), 'തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാപിതാക്കള്‍ക്ക് നന്‍മചെയ്യണമെന്നും നിന്‍റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ട് പേരും തന്നെയോ നിന്‍റെ അടുക്കല്‍ വെച്ച് വാര്‍ദ്ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ 'ഛെ' എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക. (അഹ്സാബ്: 23) എന്നിവയാണ് ആ രണ്ട് സൂക്തങ്ങൾ. ഈ സൂക്തങ്ങളിൽ വാർദ്ധക്യത്തിന് പ്രത്യേക പരിഗണന നൽകേണ്ട സൂക്തത്തെയാണ് അല്ലാഹു ആദ്യം പറഞ്ഞിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
മക്കളോ കുടുംബമോ ഇല്ലാത്ത അവശരായ വൃദ്ധജനങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യത അയല്‍വാസികളുടേതാണ്. അതു കൂടിയാണ് നബി(സ്വ) തിരുമേനി 'അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറച്ചുണ്ണുന്നവന്‍ നമ്മളില്‍ പെട്ടവനല്ല' എന്നു പറഞ്ഞതിൻ്റെ സാധ്യം. മക്കളായാലും അയൽവാസികളായാലും ഈ കാര്യത്തിൽ എത്രമാത്രം ജാഗ്രത പുലർത്തണം എന്നതിൻ്റെ ഗൗരവം കുറിക്കുന്ന മറ്റൊരു കാര്യമാണ് ഈ വിഷയത്തിൽ അവരുടെ മതവിശ്വാസങ്ങളെ പോലും പരിഗണിക്കേണ്ടതില്ല എന്ന ഇസ്ലാമിൻ്റെ നിലപാട്. അബൂബക്കർ(റ)വിൻ്റെ മകൾ അസ്മാ(റ) അവിശ്വാസിയായ തൻ്റെ മാതാവ് ഖുതൈല എന്നവർ കാണാൻ വന്നപ്പോൾ അവരോട് തനിക്ക് ബന്ധം പുലർത്തുകയും സഹായം ചെയ്യുകയുമെല്ലാം ചെയ്യാമോ എന്ന് നബിയോട് ആരാഞ്ഞപ്പോൾ തീർച്ചയായും ചെയ്യാം എന്നായിരുന്നു നബി(സ്വ) പറഞ്ഞത്. സഹായിക്കാനും പരിഗണിക്കാനും അയൽക്കാരോ മറ്റോ ഇല്ലാതെ വന്നേക്കാവുന്ന സാഹചര്യങ്ങളെയും ഇസ്ലാം മുൻകൂട്ടി കാണുന്നുണ്ട്. വാർദ്ധക്യസഹജമായ വിഷമങ്ങൾ അനുഭവിക്കുന്നവരെ സഹായിക്കുന്നത് ഏറ്റവും ശ്രേഷ്ഠമായ ഒരു സ്വഭാവവും കർമ്മവും ആണ് എന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് ഈ വിഷയം ഇസ്ലാം കൈകാര്യം ചെയ്യുന്നത്. മക്ക വിജയത്തിനു ശേഷം അബൂബക്കർ(റ) തൻ്റെ പിതാവുമായി നബിയുടെ മുമ്പിലേക്ക് വരുന്ന ഒരു രംഗമുണ്ട്. പ്രായാധിക്യത്താൽ കണ്ണുകളുടെ കാഴ്ച പോലും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു അബൂ ഖുഹാഫ എന്ന അദ്ദേഹം. അതു കണ്ട് നബി(സ്വ) പറഞ്ഞു: 'ഈ വൃദ്ധനെ ഇങ്ങനെ ക്ലേശിപ്പിച്ച് കൊണ്ടുവരേണ്ടതുണ്ടായിരുന്നുവോ? നാം അങ്ങോട്ട് ചെല്ലുമായിരുന്നല്ലോ' ആരോരും സംരക്ഷിക്കുവാനും സഹായിക്കുവാനും ഇല്ലാതെ വാർദ്ധക്യത്തിന്റെ അസ്കിതകൾ അനുഭവിക്കുന്ന ഒരു വൃദ്ധയെ ഒന്നാം ഖലീഫയും ശേഷം രണ്ടാം ഖലീഫയും സ്നേഹപൂർവ്വം പരിചരിക്കുന്ന ചരിത്രം നമുക്ക് കാണാം. ഇത്തരത്തിൽ സഹായിക്കപ്പെടേണ്ട ഒരു ജീവിത ഘട്ടമായി വാർദ്ധക്യം വരുന്നത് സൃഷ്ടാവായ അല്ലാഹുവിൻ്റെ സൃഷ്ടിപരമായ ഒരു ബാധ്യതപ്പെടുത്തൽ കൊണ്ടുകൂടിയാണ്. കാരണം വാർദ്ധക്യം എന്നത് ശരിക്കും കുട്ടി കാലത്തിലേക്കുള്ള ഒരു തിരിച്ചുപോക്കാണ്. അക്കാര്യം അല്ലാഹു വിശുദ്ധ ഖുർആനിൽ ഇങ്ങനെ ഉണർത്തുന്നു: 'ദുര്‍ബലാവസ്ഥയില്‍ നിന്ന് നിങ്ങളെ പടച്ചവനാണ് അല്ലാഹു. പിന്നീട്, ദുര്‍ബലാവസ്ഥക്ക് ശേഷം ശക്തിയുണ്ടാക്കുകയും തദനന്തരം ശക്തിക്ഷയവും നരയുമുണ്ടാക്കുകയും ചെയ്തു. താനുദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. സൂക്ഷ്മജ്ഞനും സര്‍വശക്തനുമത്രേ അവന്‍. (റൂം: 54) കുട്ടിക്കാലം, യൗവനം, കുട്ടിക്കാലം പോലെയുള്ള, ഒന്നും സ്വന്തം ചെയ്യാൻ കഴിയാത്ത വാർദ്ധക്യം എന്നിങ്ങനെയാണ് മനുഷ്യ ജീവിതത്തെ അല്ലാഹു സംവിധാനിച്ചിരിക്കുന്നത്.
അതിനാൽ തന്നെ മനുഷ്യൻ വാർദ്ധക്യത്തിൽ കുട്ടികളുടെ അവസ്ഥയാണ് നേരിടുന്നത്. കുട്ടി ആയിരിക്കുമ്പോൾ പക്ഷേ അത് അറിയുമായിരുന്നില്ല. വാർദ്ധക്യത്തിൽ അനുഭവിക്കുന്ന കുട്ടിക്കാലം പക്ഷേ വേദനിപ്പിക്കുക തന്നെ ചെയ്യും. അതുകൊണ്ട് തന്നെയായിരുന്നു വാര്‍ദ്ധക്യത്തില്‍ ഉണ്ടാകുന്ന (രോഗം, ബുദ്ധിക്ഷയം, മന്ദബുദ്ധി തുടങ്ങിയ) വിഷമത്തില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു എന്ന് നബി തങ്ങൾ എപ്പോഴും പ്രാർത്ഥിക്കുമായിരുന്നത് (മുസ്ലിം). ഇക്കാര്യത്തിലുള്ള ചിന്ത പുതിയ തലമുറയിൽ കുറഞ്ഞു വരികയാണ് എന്നത് നമ്മുടെ ഏറ്റവും വലിയ സാമൂഹ്യ സങ്കടങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു. ഇഛകളിലും വൈകാരികതകളിലും ലയിച്ചുചേരാനുള്ള ത്വരയിൽ നിന്നാണ് ഇതു ഉണ്ടായിത്തീരുന്നത്. ഇത്തരം ഒരു ത്വര ഉണ്ടാകുന്നതാണെങ്കിലോ ഈ ദുനിയാവിലെ സുഖങ്ങളും സന്തോഷങ്ങളും തന്നെയാണ് ആത്യന്തികമായ സുഖങ്ങളും സന്തോഷങ്ങളും എന്ന വിശ്വാസത്തിൽ നിന്നുമാണ്. സത്യത്തിൽ അത് തെറ്റായ ഒരു ധാരണയാണ്. പിടിച്ചുനിർത്താൻ ആവാതെ കടന്നുപോയി കൊണ്ടേയിരിക്കുന്ന ജീവിത ഘട്ടങ്ങൾ, അനസ്യൂതം കുറഞ്ഞു കുറഞ്ഞുവരുന്ന ആരോഗ്യം, മങ്ങിക്കൊണ്ടേയിരിക്കുന്ന ഭംഗി, ഏതു നിമിഷവും ഒരു ന്യായവും ഇല്ലാതെ അവസാനിക്കാവുന്ന ക്ഷണഭംഗുരമായ ജീവിതം തുടങ്ങിയ യാഥാർത്ഥ്യങ്ങൾക്കിടയിൽ കിട്ടുന്ന ഏതു സുഖവും സന്തോഷവും ആത്യന്തികം ആവില്ല. ആസ്വാദനത്തിന്റെ അനുഭൂതി ഒരിക്കലും നിലക്കാത്ത, മങ്ങാത്ത, കുറയാത്ത പാരത്രികമായ സുഖങ്ങളും സന്തോഷങ്ങളും ആയിരിക്കും ഏറ്റവും വലുത്. അത് ചിന്തിക്കുവാൻ പക്ഷേ നാം അത്യന്തികമായ ഏകദൈവ വിശ്വാസത്തിലേക്ക് എത്തിച്ചേരേണ്ടിവരും. അതേസമയം ഈ വിശ്വാസവും ആയ കർമ്മങ്ങളും സമീപനങ്ങളും പരലോക ജീവിതത്തിൽ പ്രതിഫലവും പ്രതിഫലനവും കിട്ടാൻ വേണ്ടതാണ്. വിശ്വാസമില്ലാത്തവർക്കും പ്രായാധിക്യം ചെന്നവരോടുള്ള കടമകൾ നിർവഹിക്കുവാൻ കഴിയുക തന്നെ ചെയ്യും. അതിന് ഒ വി വിജയൻ തൻ്റെ 'പ്രവാചകന്റെ വഴി' എന്ന നോവലില്‍ പറഞ്ഞതു പോലെ 'വാര്‍ധക്യം നമ്മെ പലതും പഠിപ്പിക്കും' എന്ന ബോധം ഉണ്ടായാൽ മതി. അത്തരം ബോധങ്ങൾ ഉണ്ടാക്കിയെടുക്കുവാൻ നാം എല്ലാവർഷവും ഒക്ടോബർ ഒന്നിന് അന്താരാഷ്ട്ര വയോജന ദിനം ആചരിക്കുന്നുണ്ട്. പ്രതിഫലത്തിൽ ഉള്ള പ്രതീക്ഷയോടു കൂടെ ഒരു നല്ല കാര്യം ചെയ്യുമ്പോൾ അതിന് കൂടുതൽ സ്വീകാര്യത ഉണ്ടാകും എന്നതാണ് ഈ വിഷയത്തിലെ മതങ്ങളുടെ നിലപാടുകളുടെ അർഥം.
‘അസ്ഥിനുറുങ്ങും വേദന അമ്മയ്ക്ക് സമ്മാനിച്ചാണ് പിറവിയെന്നും അഛന്റെ ചോരയൂറ്റിയാണ് വളര്‍ച്ചയെന്നും ബോധ്യം വന്നാല്‍ തീരും വൃദ്ധസദനത്തിലെ തിരക്ക്’ എന്നാരോ പറഞ്ഞതെങ്കിലും പുതിയ മനുഷ്യൻ ഓർത്തിരുന്നെങ്കിൽ !
0
Thoughts & Arts
ഭാരം വർദ്ധിച്ചുവരുന്ന വാർദ്ധക്യം
2025-08-24
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso