വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി
നിമിഷ പ്രിയയുടെ വധശിക്ഷാ വിധി കേരളത്തിൽ വിവിധ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നു. ചർച്ചകൾ ഓരോന്നും നമ്മെ പല കഷണങ്ങളാക്കി മാറ്റുന്നു എന്നത് നമ്മുടെ ഒരു ദുര്യോഗമാണ്. നമ്മെക്കുറിച്ച് നാമോ മറ്റാരോ 'പ്രബുദ്ധർ' എന്ന് പറഞ്ഞുണ്ടാക്കിയതാണ് ഇങ്ങനെ ചർച്ചകൾ പലവഴിക്ക് ചിതറാനുള്ള ഒരു കാരണം എന്നത് പരമമായ ഒരു സത്യമാണ്. നീണ്ട ആ ചർച്ച അവിടെ ഇരിക്കട്ടെ. നമുക്ക് ഈ വിഷയത്തിൽ പറയാനുള്ള ചില അനുബന്ധ കാര്യങ്ങൾ പറയാം. ഇവിടെ, രാജ്യത്തെ ഒരു പൗരൻ എന്ന നിലക്ക് നിമിഷപ്രിയ സാധ്യമാകുമെങ്കിൽ തൂക്കുകയറിൽ നിന്ന് രക്ഷപ്പെടണം എന്ന് ആഗ്രഹിക്കുന്നവരും അതിനുവേണ്ടി വാദിക്കുന്നവരും ആണ് ഏറ്റവും മുകളിൽ നമ്മുടെ മുമ്പിൽ ഏറെ മഹത്വത്തോടെ നിൽക്കുന്നുണ്ട്. അവർ തങ്ങളുടെ ഉള്ളിലുള്ള മനുഷ്യത്വത്തെയാണ് പ്രധാനമായും പരിഗണിക്കുന്നത്. നിമിഷ പ്രിയയുടെ മതം, കേസിനാസ്പദമായ കുറ്റകൃത്യത്തിന്റെ ഗൗരവം, യമനിലെ കോടതിയുടെ നിലപാട്, ഇസ്ലാമിക പ്രതിക്രിയാ വിധികളുടെ വശങ്ങൾ എന്നിവയൊന്നും ഇവർ പരിഗണിക്കുന്നില്ല. ഒപ്പം നിമിഷപ്രിയ അനുഭവിക്കാൻ പോകുന്നത് അർഹിക്കുന്ന വിധി തന്നെയാണ് എന്ന് കരുതുകയും അതു തന്നെയാണ് നടക്കേണ്ടത് എന്ന് വാദിക്കുകയും ചെയ്യുന്നവരും രംഗത്തുണ്ട്. പിന്നെയും ഒരു വിഭാഗം കലിപ്പോടെ നിൽക്കുന്നുണ്ട്. കാന്തപുരം അബൂബക്കർ മുസ്ലിയാർ നടത്തിയ മാധ്യസ്ഥ ശ്രമങ്ങളാണ് അവരെ ചൊടിപ്പിച്ചിരിക്കുന്നത്. ഈ വിഭാഗത്തിന്റെ ഉള്ളിൽ തന്നെ വിവിധ ഉപവിഭാഗങ്ങൾ ഉണ്ട്. തങ്ങൾക്കാർക്കും ഇടപെടാൻ കഴിയാത്ത ഒരു സന്നിഗ്ദ സംഭവത്തിൽ ഒരു മുസ്ലിം മതപണ്ഡിതൻ ഇത്തരം ഒരു കോടതി കാര്യത്തിൽ ഇടപെടുന്നതിൽ അസ്വസ്ഥത പ്രകടിപ്പിക്കുന്നവർ, ഇതുവഴിയെങ്ങാനും കാന്തപുരം എയറിൽ എത്തുമോ എന്ന് ആശങ്കപ്പെടുത്തുന്നവർ.. തുടങ്ങി പലരും. അവരെയൊക്കെ വിടാം. പക്വതയോടെ മുൻധാരണകളോ അതിരുകൾ കടന്ന വിദ്വേഷങ്ങളോ ഒന്നും ഇല്ലാതെ വിഷയത്തെയും അതുയർത്തുന്ന വിചാരങ്ങളെയും ഉൾക്കൊണ്ട് സമീപിക്കുന്ന ചിലരുണ്ട്. അവർ സ്വന്തം ബുദ്ധി ചിന്തിക്കുവാൻ ഉപയോഗിക്കുന്നവരാണ്. അവരോടാണ് നാം ഇവിടെ സംസാരിക്കുന്നത്. കാരണം അവർക്ക് ചില തെറ്റിധാരണകൾ ഉണ്ടാകുവാൻ സാധ്യതയുണ്ട്. അത് തിരുത്തേണ്ടതുണ്ട്. ഈ വിഷയത്തിലെ ഇസ്ലാമിക നിലപാട് പറയേണ്ടതുമുണ്ട്. അതിനെല്ലാം ഏറെ അനുകൂലമായ ഒരു സാഹചര്യമാണല്ലോ ഇത്.
ഇക്കാര്യത്തിൽ ആദ്യം മനസ്സിലാക്കേണ്ടത് ഇസ്ലാമിക ശിക്ഷാനിയത്തിന്റെ ചില പൊതുസ്വഭാവങ്ങളാണ്. അത് നിലവിലുള്ള ലോകത്തെ എല്ലാ ശിക്ഷ സമീപനങ്ങളിൽ നിന്നും വ്യത്യസ്തമാണ്. ജനിച്ചുവളർന്ന സാഹചര്യത്തിൽ നിന്ന് ഉദ്ഭൂതമാകുന്നതാണ് എല്ലാ തെറ്റുകളും എന്നതിനാൽ തെറ്റുകളെ ഉദാസീനമായി കാണുന്ന ഫ്രോയിഡിയൻ കാഴ്ചപ്പാടിനോട് ഇസ്ലാം യോജിക്കുന്നില്ല. മാർക്സിയൻ ദർശനം പോലെ എല്ലാം സാമ്പത്തിക അസമത്വത്തിന്റെ സൃഷ്ടികളാണ് എന്നുപറഞ്ഞ് ഇസ്ലാം കൈ കഴുകുന്നുമില്ല. തെറ്റ് ചെയ്യുന്നവർ പോലും തങ്ങളുടെ വിലയേറിയ സ്വാതന്ത്ര്യവും ആവിഷ്കാര അവകാശവും അനുഭവിക്കുകയാണ് എന്ന് ക്യാപ്പിറ്റലിസം ന്യായീകരിക്കുന്നത് പോലെ ഇസ്ലാം തെറ്റുകളെ ന്യായീകരിക്കുകയും ചെയ്യുന്നില്ല. എന്താണ് തെറ്റ് എന്നും എന്തിനാണ് ശിക്ഷ എന്നും നോക്കിയാണ് ഇസ്ലാം ഈ വിഷയത്തിലെ നിയമങ്ങൾ രൂപീകരിക്കുന്നത്. അല്ലാഹുവിനാൽ ഏൽപ്പിക്കപ്പെട്ടിട്ടുള്ള പ്രാതിനിധ്യ ദൗത്യം നിർവഹിക്കുവാൻ ചുമതലയുള്ള ജീവി എന്ന നിലക്ക് മനുഷ്യന് ഇവിടെ ശാന്തിയോടും സമാധാനത്തോടും സ്വസ്ഥതയോടും കൂടി ജീവിതം കഴിക്കണം. അതിന് തടസ്സമാകുന്ന ഒന്നും ഒട്ടും ഉണ്ടാകാൻ പാടില്ല. അതിന് മനുഷ്യൻ്റെ ജീവിതത്തിൻ്റെ അഞ്ചു ഘടകങ്ങൾ സുരക്ഷിതമായിരിക്കണം എന്ന് ഇസ്ലാം സിദ്ധാന്തിക്കുന്നു. ജീവൻ, ബുദ്ധി, മതം എന്ന ദൈവനിർദ്ദിഷ്ഠ ജീവിതരീതി, സന്തതികൾ, സമ്പാദ്യം എന്നിവയാണ് ആ അഞ്ച് കാര്യങ്ങൾ. ഈ അഞ്ചു കാര്യങ്ങളിൽ ഏതെങ്കിലും ഒന്നിനെ തടസ്സപ്പെടുത്തുന്ന ഏതു കാര്യത്തെയും ഇസ്ലാം വളരെ ഗുരുതരമായി കാണുന്നു. ബോധപൂർവ്വം -അതൊരു സാധ്യത മാത്രമാണെങ്കിൽ പോലും- അങ്ങനെ ചെയ്തവരെ അവർ ചെയ്യുന്ന കുറ്റത്തിന്റെ ആഴവും പരപ്പും വലുപ്പവും അനുസരിച്ച് മാതൃകാപരമായ ശിക്ഷിക്കണം എന്നതാണ് ഇസ്ലാമിക ശിക്ഷാ നിയമങ്ങളുടെ ആമുഖം. കുറ്റങ്ങളും ശിക്ഷകളും നീണ്ട പട്ടികയാണ്. കർമ്മ ശാസ്ത്രജ്ഞന്മാർ നിരവധി വാല്യങ്ങൾ തന്നെ ഈ വിഷയത്തിൽ എഴുതിവെച്ചിട്ടുണ്ട്. അതെല്ലാം ഇവിടെ ഒതുങ്ങില്ല. അതിനാൽ നിമിഷപ്രിയ, അബ്ദു റഹീം മുതലായവരുടെ കേസുകൾക്ക് ആസ്പദമായ കൊലപാതകം എന്ന വിഷയത്തിലേക്കും അതിൽതന്നെ ദിയ എന്ന വിഷയത്തിലേക്കും തൽക്കാലം ചുരുങ്ങാം.
ശിക്ഷകൾ കേവലം ശിക്ഷിക്കുന്നവരുടെ അധികാരം, ശക്തി എന്നിവ സ്ഥാപിക്കാനുള്ള ഒന്നായിരിക്കാൻ പാടില്ല. മറിച്ച് കുറ്റകൃത്യങ്ങളും കുറ്റവാസനയും ഇല്ലാതാക്കാനുതകുന്നതായിരിക്കണം. അതുകൊണ്ട് ഇസ്ലാം മനപ്പൂർവമായ കൊലപാതകത്തിന് വധശിക്ഷയാണ് വിധിക്കുന്നത്. ഇതിനെക്കുറിച്ച് മനുഷ്യത്വരഹിതം, മനുഷ്യത്വവിരുദ്ധം എന്നൊക്കെ ഭൗതികലോകം പറഞ്ഞുവരുന്നുണ്ട് എന്നത് ശരിയാണ്. പക്ഷേ, അങ്ങനെ ശിക്ഷിച്ചാൽ മാത്രമേ പരമാവധി കൊലപാതകങ്ങൾ ഇല്ലാതാക്കാൻ കഴിയൂ എന്നത് ഒരു സത്യവും അനുഭവവുമാണ്. കൊലക്കുറ്റത്തിന് ആധുനിക കോടതികള്‍ വിധിക്കുന്നത് ജീവപര്യന്തം തടവാണ്. ഏതാനും വര്‍ഷങ്ങള്‍ മാത്രം നീണ്ടുനില്‍ക്കുന്ന ജയില്‍വാസമായിട്ടാണ് ജീവപര്യന്ത തടവ് മാറാറുള്ളത്. ഇതുതന്നെ ദുർബലർക്ക് മാത്രം. പണവും സ്വാധീനവുമുള്ളവര്‍ക്ക് രക്ഷപ്പെടാൻ മാർഗങ്ങൾ നിരവധിയാണ്. ഇത് സമ്പൂർണ്ണമായ ഫലം ചെയ്യുന്നില്ല എന്നതിന്റെ മതിയായ തെളിവാണ് ഇപ്പോഴും വർദ്ധിച്ചുവരുന്ന കൊലപാതകങ്ങൾ. ഇതു കാരണം പണത്തിനും സുഖസൗകര്യങ്ങള്‍ക്കും വേണ്ടിയും പ്രതികാരങ്ങൾ തീർക്കുവാൻ വേണ്ടിയും ആരെയും കൊല്ലാന്‍ മടിയില്ലാത്ത ഒരു തലമുറ വളര്‍ന്നുവരുന്നു. കളവ് ശിക്ഷ കഴിഞ്ഞ് ജയിലിൽ നിന്ന് ഇറങ്ങുമ്പോൾ ജയിലറെ പോക്കറ്റടിച്ച ഒരു കള്ളന്റെ കഥ നാട്ടുവർത്തമാനങ്ങളിൽ കാണാം. ഇത് ഏതാണ്ട് സത്യം തന്നെയാണ്. കൂടുതല്‍ പേരെ കുറ്റവാളികളാക്കാന്‍ മാത്രമേ കുറ്റവാളികളോടുള്ള ദാക്ഷിണ്യ പൂർണമായ പെരുമാറ്റം നിമിത്തമാവുകയുള്ളൂ എന്നാണ് ഇതെല്ലാം നമ്മോട് പറയുന്നത്. എങ്കിൽ ഇസ്ലാമിക മുസ്ലിം രാജ്യങ്ങളിലും കൊലപാതകങ്ങൾ നടക്കുന്നുണ്ടല്ലോ എന്ന് ചിലരെങ്കിലും നിരൂപണം ചെയ്തേക്കാം. ഉണ്ട്, പക്ഷേ ഇത്രയില്ല. അത് അവിടെ ശിക്ഷകളിൽ ദയാ ദാക്ഷിണ്യം ഇല്ലാത്തതുകൊണ്ട് തന്നെയാണ്. കുറ്റങ്ങളിൽ പ്രത്യേകിച്ചും കൊലക്കുറ്റം ഒരുതരം ഉദാസീനതയും കലരാൻ പാടില്ലാത്തതാണ്. ഖുര്‍ആന്‍ അതിന്റെ ഗൗരവം ഇങ്ങനെ വ്യക്തമാക്കുന്നു: 'മറ്റൊരാളെ കൊന്നതിന് പകരമായോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍ അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു' (5:32). ഈ ഗൗരവം ഉൾക്കൊണ്ടുകൊണ്ട് അല്ലാഹു ഇങ്ങനെ പറഞ്ഞു: 'സത്യവിശ്വാസികളേ, വധിക്കപ്പെടുന്നവരുടെ കാര്യത്തില്‍ തുല്യ ശിക്ഷ നടപ്പാക്കുകയെന്നത് നിങ്ങള്‍ക്ക് നിയമമാക്കപ്പെട്ടിരിക്കുന്നു; സ്വതന്ത്രനു പകരം സ്വതന്ത്രനും അടിമക്കു പകരം അടിമയും സ്ത്രീക്കു പകരം സ്ത്രീയും' (2:178). മാത്രമല്ല, ‘പ്രതിക്രിയ ശിക്ഷയായി നൽകുന്നതിലാണ് ജീവൻ; നിങ്ങൾ സൂക്ഷ്മാലുക്കളാണെങ്കിൽ’ എന്നുവരെ അല്ലാഹു പറഞ്ഞിരിക്കുന്നു.
കൊലപാതകത്തിന്റെ ശിക്ഷയുടെ കാര്യത്തിൽ ഇസ്ലാം ഒരു ദയ കാണിക്കുന്നുണ്ട്. കൊല്ലപ്പെട്ട ആളുടെ രക്തബന്ധുക്കൾക്ക് പണത്തിനു പകരമായോ അല്ലാതെയോ കുറ്റവാളിക്ക് മാപ്പ് കൊടുക്കാം എന്നതാണ് അത്. ഇങ്ങനെ മാപ്പു കൊടുക്കുവാൻ വേണ്ടി ഇരുകക്ഷികളും തമ്മിൽ ഉഭയകക്ഷി ഐക്യത്തോടെ എത്തിച്ചേരുന്ന തുകക്കാണ് ദിയ എന്ന് പറയുന്നത്. ഇസ്ലാമിൽ അത് നിയമപരം തന്നെയാണ്. അല്ലാഹു പറയുന്നു: 'ഇനി ഘാതകന്ന് തന്റെ സഹോദരന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും വിട്ടുവീഴ്ച ലഭിക്കുന്നുവെങ്കില്‍ മര്യാദപാലിക്കുകയും മാന്യമായി നഷ്ടപരിഹാരം കൊടുക്കുകയും ചെയ്യണം. നിങ്ങളുടെ നാഥങ്കല്‍ നിന്നുള്ള ഒരു ലഘൂകരണവും ദയാവായ്പുമാണിത്. (2:178). കൊല്ലപ്പെട്ടയാളുടെ മരണം മൂലമുണ്ടായ നഷ്ടവും പ്രതിയുടെ സാമ്പത്തിക സ്ഥിതിയുമെല്ലാം പരിഗണിച്ച് കോടതിയാണ് അഥവാ ഖാളിയാണ് ദിയ നിശ്ചയിക്കുക. കോടതി നിശ്ചയിച്ച ദിയ നൽകിക്കഴിഞ്ഞാൽ പ്രതി കുറ്റമുക്തനാക്കപ്പെടും, പിന്നെ അയാൾക്കെതിരിൽ ശിക്ഷാ നടപടികളൊന്നുമുണ്ടാവുകയില്ല. ദിയ നൽകാൻ കഴിയാത്തവിധം ദരിദ്രനാണ് പ്രതിയെങ്കിൽ അയാളെ ഇസ്ലാമിക ഗവൺമെൻ്റോ സാമ്പത്തിക ശേഷിയുള്ള പ്രധാനികളോ പൊതു മുസ്ലിം സമാജമോ സഹായിക്കാറുണ്ട്. ദിയ പക്ഷെ നിർബന്ധമായ ഒന്നല്ല. ഇസ്ലാം കാണിക്കുന്ന ഒരു വിശാലതയാണ് അത്. ഖിസ്വാസ്, മാപ്പ്, ദിയ എന്നീ മൂന്നിൽ ഏതു തീരുമാനത്തിൽ എത്തുവാനും കൊലചെയ്യപ്പെട്ട വ്യക്തിയുടെ രക്തബന്ധുക്കൾക്ക് അവകാശമുണ്ട്. രണ്ട് കക്ഷികളും ഒരേകീകൃത തീരുമാനത്തിൽ എത്തിച്ചേരണം എന്നുമാത്രം. ഇതിനെയാണ് പുതിയ ചർച്ചകളിൽ ബ്ലഡ് മണി എന്ന് വ്യവഹരിക്കപ്പെടുന്നത്. ദിയ എന്നാൽ ബ്ലഡ് മണിയാണ് എന്ന ചിലരുടെ തെറ്റിദ്ധാരണയാണ് ഇതിന് കാരണം. ബ്ലഡ് മണി പൊതുവേ ഒരു നഷ്ടപരിഹാരമാണ്. അവിടെ പ്രതിക്കുനേരെ ഇരകളുടെ ഭാഗത്തുനിന്നുള്ള ഒരു ശത്രുതയുടെ ധ്വനി ഉണ്ട്. ദിയയിൽ അതില്ല. അത് ഒരു ഓപ്ഷൻ ആണ്.
ഓപ്ഷൻ ആയതുകൊണ്ടാണ് അതിൽ ചർച്ചകൾക്കോ നിർബന്ധം ചെലുത്തലുകൾക്കോ ഗവൺമെന്റുകൾക്കോ പോലും ഒന്നും ചെയ്യാനാവാത്തത്. അതിന് ബന്ധുക്കൾക്ക് മാത്രമേ ഇസ്ലാമിക നിയമത്തിൽ കഴിയൂ. അവർ തീരുമാനിക്കുന്നത് വധശിക്ഷ നടപ്പാക്കാനാണെങ്കിൽ അതിൽ ഇടപെടാൻ ഒരു ശക്തിക്കും കഴിയില്ല. ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ്, സൗദി രാജകുടുംബാംഗമായിരുന്ന തുർക്കി ബിൻ അൽ കബീർ രാജകുമാരന്റെ വധശിക്ഷ. സുഊദി രാജവംശത്തിന്റെ സ്ഥാപകനായ അബ്ദുൽ അസീസ് രാജാവിന്റെ പിതൃവ്യപുത്രനായ സൗദ് അൽ കബീറിന്റെ പേരമകനായിരുന്നു അമീർ തുർക്കി അൽ കബീർ. തന്റെ സുഹൃത്തായ ആദിൽ ബിൻ സുലൈമാനെ വെടിവെച്ചുകൊന്നു എന്നതായിരുന്നു അദ്ദേഹത്തിനെതിരെയുള്ള കേസ്. എത്ര പണം ആവശ്യപ്പെട്ടാലും നൽകാൻ ഘാതകൻ്റെ പിതാവ് സന്നദ്ധനായിരുന്നു. പക്ഷെ, ആദിലിന്റെ പിതാവ് ഒന്നിനും വഴങ്ങിയില്ല. 2016 ൽ ആ വധശിക്ഷ നടപ്പിലാക്കി. ഇസ്ലാമിക നിയമങ്ങൾ ഇത്രമാത്രം അർത്ഥപൂർണ്ണവും അന്യൂനവും ആണ്. അതിനാൽ കൊല്ലപ്പെട്ട വ്യക്തിയുടെ ബന്ധുക്കളെ ഒട്ടും പ്രകോപിപ്പിക്കാതെ അനുനയത്തിൽ പ്രാർത്ഥിച്ചു നിൽക്കുന്നതായിരിക്കും ബുദ്ധി.
0
Thoughts & Arts
ദിയയും ദയയും
2025-08-24
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso