വെള്ളിപ്രഭാതം
മുഹമ്മദ് നിസാമി തയ്യിൽ
ഈയടുത്തായി, പ്രത്യേകിച്ചും കോവിഡ് മഹാമാരിക്ക് ശേഷം, ചിലരിലെങ്കിലും കുറച്ചുകൂടി ആരോഗ്യപരമായ ജാഗ്രത കണ്ടു തുടങ്ങിയിരിക്കുന്നു. സംഘടിത വ്യായാമ മുറകൾ, ജിംനേഷ്യം പോലുള്ള ടെക്നിക്കൽ വ്യായാമ രീതികൾ, മാനസിക പിരിമുറുക്കം ലഘൂകരിക്കുന്ന കുടുംബമൊത്തുള്ള സമയം ചെലവഴിക്കലുകൾ തുടങ്ങിയവ പണ്ടത്തേതിനേക്കാൾ കൂടിയിരിക്കുന്നു. മറുവശത്ത് രോഗങ്ങളും ആരോഗ്യ താളപ്പിഴകളും വർദ്ധിച്ചിരിക്കുന്നു എന്നത് ഒരു സത്യം തന്നെയാണ്. അതിനു കാരണം സമീപനത്തിലെ പിഴവാണ്. പുതിയ കാലത്ത് വ്യായാമങ്ങൾ ആഘോഷമായും വ്യായാമ സാങ്കേതികവിദ്യകൾ സാമ്പത്തികശേഷിയുടെ അഹങ്കാരങ്ങളായും വ്യായാമ സങ്കേതങ്ങൾ യൂണിസെക്സിന്റെ കേന്ദ്രങ്ങളായും കുറച്ചെങ്കിലും വഴിമാറുന്നതാണ് കാരണം. സത്യത്തിൽ വ്യായാമം എന്നത് സന്തുലിതമായ ജീവിത ചിട്ടകളുടെയും ക്രമീകരണത്തിന്റെയും ഒരു ഭാഗം മാത്രമാണ്. ഭക്ഷണത്തിലെ ശ്രദ്ധ, ജോലിഭാരത്തിൻ്റെ ക്രമീകരണം, ഉറക്കത്തിലെയും വിശ്രമത്തിലെയും സമയനിഷ്ട തുടങ്ങിയ ജീവിത താളങ്ങളും ടെൻഷനുകളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ട മാനസികമായ ശക്തിയും ഉല്ലാസവും എല്ലാം കൂടി സമം ചേരുമ്പോഴാണ് വ്യായാമങ്ങൾ ഫലിക്കുക. അക്കാര്യങ്ങളിൽ ഒക്കെ ഇപ്പോഴും ഗുരുതരമായ വീഴ്ചകൾ നിലനിൽക്കുന്നുണ്ട്. അതുകൊണ്ടാണ് രോഗങ്ങൾ ഒപ്പത്തിനൊപ്പം മത്സരിച്ചു വളരുന്നത്. ഇത്തരം ഒരു സമീകൃത സമീപനമാണ് ഇസ്ലാമിന്റെ വ്യായാമ ദർശനം ഉൾക്കൊള്ളുന്നത്. മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളിലും കൈ വെക്കുന്ന ഇസ്ലാം വ്യായാമത്തിലും ശ്രദ്ധ പുലർത്തുന്നുണ്ട്. അതെന്തുകൊണ്ടാണ് എന്നതിന് ചെറിയ ഇത്തരം ഒരു ആമുഖം വേണ്ടതുണ്ട്.
മനുഷ്യൻ്റെ ജീവിത നിയോഗം സൃഷ്ടാവായ അല്ലാഹുവിൻ്റെ പ്രതിനിധ്യം വഹിക്കുക എന്നതാണ്. അതിനുവേണ്ടിയാണ് മനുഷ്യനെ പടക്കുന്നത് എന്നാണ് സൃഷ്ടി കർമ്മത്തിന്റെ ആദ്യ ചർച്ചയിൽ തന്നെ അല്ലാഹു പറഞ്ഞിട്ടുള്ളത്(2: 30). ഈ പ്രാധിനിത്യം നിർവഹിക്കുവാൻ അവൻ ഊർജ്ജസ്വലനായിരിക്കേണ്ടതുണ്ട്. സംഭവിക്കും. അങ്ങനെയുണ്ടാവാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് സൃഷ്ടാവായ അല്ലാഹു ഉണർത്തുന്നുണ്ട്. മനുഷ്യൻ്റെ ആരോഗ്യത്തെ ക്ഷയിപ്പിക്കുന്ന കാര്യങ്ങൾ അവൻ നിഷിദ്ധമാക്കിയിരിക്കുന്നത് അതിൻ്റെ ഭാഗമായിട്ടാണ്. വിശ്രമം, സന്തുലിതമായ ജീവിത ചിട്ടകൾ തുടങ്ങിയവ നിർദ്ദേശിക്കുന്നതും അഊർജ്ജസ്വലത നേടുവാൻ അവനിൽ സന്തുലിതമായ ഒരു ആരോഗ്യാവസ്ഥ ഉണ്ടായിരിക്കേണ്ടതുണ്ട്. ആരോഗ്യം ക്ഷയിച്ചു കഴിഞ്ഞാൽ മനുഷ്യൻ്റെ ശരീരം മാത്രമല്ല മനസ്സും കൂടിയായിരിക്കും തളരുക. മനസ്സും ശരീരവും തളർന്നാൽ പിന്നെ തന്റെ ഉത്തരവാദിത്വങ്ങളെ കുറിച്ചൊന്നും ചിന്തിക്കുവാൻ കഴിയാതെ വരും. അതോടെ സൃഷ്ടാവിന്റെ സൃഷ്ടി ലക്ഷ്യത്തിൽ വീഴ്ചയും വിഘ്നതയുംതിൻ്റെ ഭാഗമാണ്. ഈ ജാഗ്രതകൾ പുലർത്തുന്ന വിശ്വാസിയെ അവന് ഇഷ്ടമാണ്. നബി(സ്വ) പറയുന്നു: ശക്തിയുള്ള വിശ്വാസിയാണ് ഉത്തമൻ. അവനത്രെ ബലഹീനനായ വിശ്വാസിയെക്കാൾ അല്ലാഹുവിന് ഇഷ്ട്ടപ്പെട്ടവൻ. പക്ഷേ എല്ലാവരിലും അവരുടേതായ നന്മ ഉണ്ട് (മുസ്ലിം).
നമ്മുടെ ഇന്നത്തെ ചർച്ചയിൽ ഏറ്റവും ആദ്യമായി പറയേണ്ടത് വ്യായാമം ജീവിതക്രമത്തിന്റെ ഭാഗമാണ് എന്ന തത്വം തന്നെയാണ്. ആ ക്രമത്തിൽ വ്യായാമം കൂടിച്ചേരുമ്പോഴാണ് മനുഷ്യൻ ആരോഗ്യവാനായിത്തീരുക. അത് വ്യക്തമായും സൂചിപ്പിക്കുന്ന ഒരു തിരുവചനം ഇങ്ങനെയാണ്. നബി തിരുമേനി(സ്വ) പറഞ്ഞു: 'എന്‍റെ സമുദായത്തിന്റെ മേൽ ഞാൻ ഏറ്റവും ഭയപ്പെടുന്നത് കുടവയറും നിത്യമായ ഉറക്കും മടിയും ദൃഢനിശ്ചയമില്ലായ്മയുമാണ്' (ജാബിർ ബിൻ അബ്ദുല്ലയിൽ നിന്ന് ദാറുഖുഫ്നി). കുടവയർ ഉണ്ടാകുന്നത് അമിതമായ, അസമയത്തുള്ള ഭക്ഷണം കാരണമാണ് എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. കുടവയർ ഉണ്ടാകുന്നത് മടി, ഉറക്കം തുടങ്ങിയവക്ക് കാരണമാകുന്നു. അതേസമയം, അമിതമായി ആഹരിക്കുന്നതുകൊണ്ട് കുടവയർ ഉണ്ടാവുകയില്ല. അതോടൊപ്പം വ്യായാമം കൂടി ചേരുന്നില്ലെങ്കിലാണ് അതുണ്ടാവുക. വ്യായാമം പേശികളെ സ്വാധീനിക്കുന്നതിന് മുൻപേ അതിനു വേണ്ട സാഹചര്യം സൃഷ്ടിക്കുകയാണ് ചെയ്യുന്നത് എന്നാണ് ശാസ്ത്രം. ആ പ്രക്രിയ തുടങ്ങുന്നത് ഉള്ളിലുള്ള കെട്ടിക്കിടക്കുന്ന അമിതമായ ഭക്ഷണത്തെ കൈകാര്യം ചെയ്തു കൊണ്ടാണ്. അതിനാൽ തന്നെ ആഹരിക്കുന്നവരെല്ലാം വ്യായാമത്തിൽ ഏർപ്പെടൽ അനിവാര്യമാണ്. ഭക്ഷണത്തിലെ ചില ഉള്ളടക്കങ്ങൾ കൊഴുപ്പായി ശരീരത്തിന്റെ പല സന്ധികളിലും കൂടിക്കിടക്കുന്ന സാഹചര്യം പ്രായം ചെല്ലുന്തോറും വർദ്ധിച്ചു വരുന്നതാണ്. ഇത്തരം കൊഴുപ്പുകളെ കൈകാര്യം ചെയ്യുവാനും അവയാൽ ഉണ്ടാകുന്ന ആരോഗ്യ താളപ്പിഴകളെ പ്രതിരോധിക്കുവാനും വ്യായാമം അനിവാര്യമാണ്. വ്യായാമ മുറകൾ ശാസ്ത്രീയമാകുമ്പോൾ ശരീരത്തിൻറെ എല്ലാ ഉള്ളറകളിലേക്കും അതിൻ്റെ സ്വാധീനം ഇറങ്ങിച്ചെല്ലും. വ്യായാമങ്ങൾ വിജയപ്രദമായിരിക്കണമെങ്കിൽ അതിന് ശരീരത്തെ മുഴുവനും ഇളക്കുവാൻ കഴിയണം എന്ന് അതുമായി ബന്ധപ്പെട്ട പഠനങ്ങൾ പറയുന്നത് ഈ അർത്ഥത്തിലാണ്.
കായികമായ വ്യായാമങ്ങളെ വേറിട്ട് കാണുന്ന സമീപനമായിരുന്നില്ല നബി(സ്വ) തിരുമേനിയുടേത് എന്നാണ് മനസ്സിലാകുന്നത്. മനസ്സിൻ്റെ സന്തോഷം, ദൗത്യത്തിന്റെ വിജയം, മനസ്സിൻ്റെ വികാസവും എല്ലാവരെയും ഉൾക്കൊള്ളാനുള്ള ശേഷിയും തുടങ്ങിയ കാര്യങ്ങളെല്ലാം സമീകൃതമായി സമ്മേളിച്ചവയായിരുന്നു നബി തങ്ങൾ പ്രോത്സാഹിപ്പിച്ച കായികതകൾ എന്നാണ് ഹദീസ് പഠനങ്ങളിൽ നിന്നും നമുക്ക് മനസ്സിലാവുക. ഉദാഹരണമായി നബി തങ്ങളും പത്നി ആയിശാ ബീവിയും നടത്തിയ ഓട്ട മത്സരം എടുക്കാം. ആ വിഷയം ആയിഷ ബീവി തന്നെ ഇങ്ങനെ വിവരിക്കുന്നു: 'ഞാനും പ്രവാചകരും ഒരിക്കൽ ഓട്ടമത്സരം നടത്തി. അന്ന് ഞാൻ പ്രവാചകരെ മറികടന്നു. കുറച്ചു കാലശേഷം എന്‍റെ ശരീരം തടിച്ചു വന്നു. അങ്ങനെയൊരിക്കൽ തിരുനബി(സ്വ) എന്നോട് മത്സരിക്കുകയും എന്നെ മറികടക്കുകയും ചെയ്തു. തുടർന്ന് തിരുദൂതർ (സ്വ) എന്നോട് പറഞ്ഞു: ഇത് അന്ന് നടന്നതിന് പകരമായി കരുതുക' (അബീദാവൂദ്). ഈ സംഭവത്തിൽ ഓട്ടം എന്ന വ്യായാമം ഉള്ളതോടൊപ്പം കുടുംബജീവിതത്തില മനോഹരമായ പങ്കാളിത്തം, മനുഷ്യശരീരത്തെ വളർച്ചയുടെ ഘട്ടങ്ങൾ സ്വാധീനിക്കുന്ന വിധം തുടങ്ങിയ പല കാര്യങ്ങളും ഉൾചേർന്നിരിക്കുന്നു. ശാരീരികമാണ് എന്നതോടൊപ്പം മാനസികം കൂടിയായിരുന്നു നബി(സ്വ) പഠിപ്പിച്ച വ്യായാമങ്ങൾ എന്ന് ചുരുക്കം. വ്യായാമത്തെ മനുഷ്യൻ എങ്ങനെയാണ് സ്വാംശീകരിക്കേണ്ടത് എന്നതു കൂടി ഈ രംഗത്തിൽ നിന്ന് ഗ്രഹിക്കാം.
നബി(സ്വ)യുടെ ജീവിതത്തിൽ നിന്നും ഉപദേശങ്ങളിൽ നിന്നും വ്യായാമ മുറകളിലേക്ക് എടുത്തു വെക്കാവുന്ന മറ്റൊന്ന് നീന്തൽ ആണ്. നീന്തൽ ഒരു വിനോദമല്ല ഫലപ്രദമായ ഒരു നല്ല കാര്യമാണ് എന്ന് ഹദീസിൽ വന്നിട്ടുണ്ട് (നസാഈ). മാത്രമല്ല ഇത് അടങ്ങുന്ന ഹദീസിന്റെ പൂർണ്ണരൂപത്തിൽ നബി തങ്ങൾ പറയുന്നത്: 'ദൈവ സ്മരണയിൽ നിന്ന് ഉത്ഭൂതമാകുന്നതല്ലാത്ത എല്ലാം വിനോദമോ പിഴവോ മറവിയോ ആണ്, നാലു കാര്യങ്ങൾ മാത്രമാണ് അതിൽനിന്ന് ഒഴിവ്, രണ്ട് അതിർകുറ്റികൾക്കിടയിലുള്ള നടത്തം, കുതിരയെ മെരുക്കിയെടുക്കൽ, ജീവിതപങ്കാളിയുമായി ആനന്ദം പങ്കുവെക്കൽ, നീന്താൻ പഠിക്കൽ എന്നിവയാണ് ആ നാല് കാര്യങ്ങൾ' എന്നാണ് (നസാഈ, ബൈഹഖി). നേരത്തെ പറഞ്ഞ അതേ സമീകൃത വ്യായാമത്തിന്റെ ആശയം ഇതിലും കാണാം. 'നിങ്ങൾ നീന്തൽ പഠിക്കുകയും നിങ്ങളുടെ മക്കൾക്ക് നീന്തൽ പഠിപ്പിച്ച് കൊടുക്കുകയും ചെയ്യുക' എന്ന് ഖലീഫ ഉമർ(റ) പറയുകയുണ്ടായി. ഇത് അദ്ദേഹത്തിൻ്റെ ഭരണകാലത്ത് പറഞ്ഞതായിരിക്കാം എന്നാണ് ഒരു അനുമാനം. ആരോഗ്യമുള്ള പൗരന്മാരെ ഉണ്ടാക്കിയെടുക്കുക ഉത്തരവാദിത്വബോധമുള്ള ഒരു ഭരണാധികാരിയുടെ ചുമതലയാണ്. നബി(സ്വ) തങ്ങൾ തന്നെ അദിയ്യു ബ്നു നജ്ജാർ കുടുംബത്തിന്‍റെ കുളത്തിൽ വെച്ച് ആറാം വയസ്സിൽ നീന്തൽ പഠിച്ചിരുന്നു. മാതാവിനോടൊപ്പം പിതാവിന്റെ ഖബർ സന്ദർശിക്കാനുള്ള യാത്രക്കിടെ ആയിരുന്നു ഇത്. ജലാശയങ്ങൾ പൊതുവേ കുറവുള്ള ഭൂപ്രകൃതിയായിരുന്നു അന്ന് അവിടെ ഉണ്ടായിരുന്നത്. അതിനാലാണ് സഹാബിമാരിൽ നീന്താൻ അറിയുന്നവർ അപൂർവ്വമായത് തന്നെ. എന്നിട്ടും ഒരു മനുഷ്യജീവിതത്തിന്റെ പരിപൂർണ്ണതയുടെ ഘടകമായതിനാൽ ആണ് നബി(സ്വ) തങ്ങൾക്ക് അത് പഠിക്കാനുള്ള അവസരം കൈവന്നത്. അമ്പെയ്ത്ത്, ആയുധ പരിശീലനം തുടങ്ങിയ നബി(സ്വ) തിരുമേനിയുടെ പ്രോത്സാഹനം ലഭിച്ച പലകാര്യങ്ങളും ഈ ഗണത്തിലേക്ക് ചേർത്തുവെക്കാവുന്നതായിട്ട് ഉണ്ട്.
ഇതിനോട് ചേർത്തുവയ്ക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട ഒന്ന് മാനസികമായ വ്യായാമമാണ്. സൃഷ്ടാവിൻ്റെ പ്രതിനിധി എന്ന നിലക്ക് മനുഷ്യൻ എപ്പോഴും അവനെ കുറിച്ചുള്ള ഓർമ്മകളുടെ നിഴലിൽ ആയിരിക്കണം എന്നാണ് ഇസ്ലാമിൻ്റെ താല്പര്യം. ഇതിനുവേണ്ടി നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന കാര്യങ്ങളാണ് ദിക്റും ഫ്ക്റും. സർവ്വശക്തനായ ഏക ദൈവത്തെ കുറിച്ചുള്ള ബോധ്യം മനസ്സിൽ സദാ അങ്കുരിച്ച് നിൽക്കുകയും അവൻ പരമാധികാരിയാകയാൽ എല്ലാ വിഷയങ്ങളും വിഷമങ്ങളും അവനിൽ ഭരമേൽപ്പിക്കുകയും ഓരോ ചുവടും നന്മയിലേക്ക് ആയിരിക്കുവാൻ ആത്മാർത്ഥമായ പ്രാർത്ഥന കൊണ്ട് മനസ്സ് നിറയുകയും എല്ലാ അർത്ഥത്തിലും തന്നെത്തന്നെ അവനുമുമ്പിൽ സമർപ്പിക്കുന്ന വിധത്തിലുള്ള ആരാധനകൾ നിർവഹിക്കുകയും ചെയ്യുന്നതോടൊപ്പം എല്ലാവിധ മാനസിക സമ്മർദ്ദങ്ങളിൽ നിന്നും വിശ്വാസി മോചിതനാവുകയാണ്. ഇത്തരം ഒരു മാനസികാവസ്ഥ വ്യായാമങ്ങൾ ഫലപ്പെടാൻ അനിവാര്യമാണ്. ആധുനിക ശാസ്ത്രം ഈ പറഞ്ഞതിനെ സമ്മതിക്കുന്നുണ്ട്. പക്ഷേ നാം വിളിക്കും പോലെ അതിനെ അവർ ദിക്റ് എന്നോ ഫിക്റ് എന്നോ വിളിക്കുന്നില്ല എന്നു മാത്രം. അവർ അതിനെ വിവരിക്കുന്നതും വിളിക്കുന്നതും മാനസിക ഏകാഗ്രത എന്നാണ്. അങ്ങനെ വിളിക്കുന്നതിലോ വിവരിക്കുന്നതിലോ പ്രയാസമൊന്നുമില്ല. പക്ഷേ അത് കൃത്രിമമായി ഉണ്ടാക്കിയെടുക്കുക എന്നത് പ്രയാസകരം തന്നെയാണ്. ശൂന്യമായതോ അവിശ്വസനീയമായതോ ആയ ചുറ്റുപാടിൽ നിന്ന് അതുണ്ടാവില്ല. അതിന് ഏറെ സഹായകമാണ് ഇസ്ലാം മുന്നോട്ടുവെക്കുന്ന വിശ്വാസ സംഹിത. കാരണം അത് എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയും എല്ലാ വിഷയങ്ങൾക്കും വ്യക്തത വരുത്തിയും മനസ്സിനെ ആദ്യം ശാന്തമാക്കുകയാണ്. ആ ശാന്തതയിൽ നിന്നാണ് മനസ്സ് ഏകാഗ്രതയിലേക്ക് കടക്കുന്നത്.
വ്യായാമങ്ങളുടെ പ്രസക്തി അനുനിമിഷം വർദ്ധിച്ചു വരികയാണ്. ആധുനിക സൗകര്യങ്ങൾക്കും സങ്കേതങ്ങൾക്കും മുമ്പിൽ മനുഷ്യ ജീവിതത്തിലെ യാന്ത്രികത കൂടുതൽ സജീവമാവുകയാണ്. വിവരങ്ങൾ ശേഖരിക്കുന്നവർ മുതൽ വികാരങ്ങളിൽ അഭിരമിക്കുന്നവർ വരെ ഒറ്റയിരുപ്പിൽ മണിക്കൂറുകളോളം കഴിച്ചു കൂട്ടുകയാണ്. കഴിക്കുന്ന ആഹാരവും കെട്ടിക്കിടക്കുന്ന കൊഴുപ്പും അതേപടി കിടപ്പാണ്. ഇത് ശരീരത്തിൻ്റെ കാര്യം. ഈ ശരീരത്തെ നയിക്കേണ്ട മനസ്സിൻ്റെ കാര്യം അതിലേറെ പരിതാപകരമാണ്. ജീവിതത്തിലെ ഓരോ രംഗവും ഒരു മത്സരമായി മാറിയ പുതിയ കാലത്ത് മനസ്സ് തികഞ്ഞ സംഘർഷങ്ങൾക്കും സമ്മർദ്ദങ്ങൾക്കും മുമ്പിലാണ്. ആഹാരം പോലെ, കൊഴുപ്പ് പോലെ ഇതും നിയന്ത്രിക്കപ്പെട്ടില്ലെങ്കിൽ മാനസിക അപകടം ഏതു നിമിഷവും സംഭവിക്കാം. അതിനാൽ ശരിയും സമ്പൂർണ്ണവുമായ വ്യായാമത്തിൻ്റെ കാര്യത്തിൽ നാം ജാഗ്രത തുടരേണ്ടിയിരിക്കുന്നു.
0
Thoughts & Arts
ഉണരുന്ന ആരോഗ്യ അവബോധങ്ങൾ
2025-08-24
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso