ടി എച്ച് ദാരിമി
ഖുർആൻ പഠനം
സൂറത്തുത്വലാഖ് 10-12
10 പരലോകത്തും അല്ലാഹു അവര്‍ക്ക് കഠിനശിക്ഷ സജ്ജീകരിച്ചിട്ടുണ്ട്. അതുകൊണ്ട്, വിശ്വാസികളായ ബുദ്ധിമാന്മാരേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക.
അല്ലാഹുവിൻ്റെ കൽപ്പനകൾ തിരസ്കരിക്കുകയും നിരാകരിക്കുകയും ചെയ്ത ജനസമൂഹങ്ങളുടെ ജനസമൂഹങ്ങൾക്ക് ലഭിക്കുന്ന ശിക്ഷകൾ തന്നെയാണ് തുടർന്നുള്ള ആയത്തിലും പറയുന്നത്. ഒരു ജനതയെ മൊത്തത്തിൽ നശിപ്പിച്ചുകൊണ്ട് ഇഹലോകത്ത് വെച്ച് ശിക്ഷിക്കുന്നത് ആ ജനത സത്യത്തെയും സത്യത്തിന്റെ വാക്താക്കളെയും നിഷേധിക്കുകയും അവഗണിക്കുകയും ചെയ്യുന്നതിൽ ഒരേപോലെ ആയിത്തീരുമ്പോഴാണ്. അതായത് ഓരോ വ്യക്തികളും അത്തരം ഒരു സമീപനം പുലർത്തുമ്പോഴാണ്. അപ്പോൾ അവരെ ഓരോരുത്തരെയും ശിക്ഷിക്കുവാൻ വേണ്ടി എന്ന അർത്ഥത്തിൽ അവരുടെ പ്രദേശത്ത് തന്നെ അല്ലാഹു ശിക്ഷിച്ചു കളയുന്നു. ഒരു ജനതയിൽ ഭൂരിപക്ഷം ആൾക്കാർ അല്ലാഹുവിൻ്റെ സന്ദേശത്തെ സ്വീകരിക്കുന്നവരും മാനിക്കുന്നവരും ആണെങ്കിൽ അവരെ അല്ലാഹു മുച്ചൂടും ശിക്ഷിക്കുകയില്ല. അല്ലാഹുവിൻ്റെ മാർഗത്തിൽ നിന്ന് അകന്ന് ജീവിക്കുന്നവരെ വ്യക്തികളായി ശിക്ഷിക്കുകയായിരിക്കും ഇഹലോകത്ത് ചെയ്യുക. ഇതിന് വിശുദ്ധ ഖുർആൻ നിരവധി ഉദാഹരണങ്ങൾ മുന്നോട്ടുവെക്കുന്നുണ്ട്. അവയിൽ ഒന്നാമത്തേത് നൂഹ് നബിയുടെ ജനതയുടെ ചരിത്രം തന്നെയാണ്. ആദം നബിക്ക് ശേഷം ഏതാണ്ട് പത്തു തലമുറകൾ പിന്നിട്ടപ്പോഴേക്കും വിഗ്രഹാരാധന ജനതയിൽ വ്യാപകമായി കഴിഞ്ഞിരുന്നു. ശ്രേഷ്ഠരായി ജീവിച്ചിരുന്ന ആൾക്കാരുടെ ഓർമ്മകളെ ബഹുമാനപൂർവ്വം സംരക്ഷിച്ചു നിർത്തുവാൻ വേണ്ടി എന്ന യുക്തി പറഞ്ഞു കൊടുത്തു കൊണ്ടായിരുന്നു പിശാച് ആ ജനതയിലേക്ക് വിഗ്രഹാരാധന കൊണ്ടുവന്നത്. നാട്ടിലെ ഒരു നല്ല മനുഷ്യൻ്റെ വിയോഗത്തിൽ വേദനിച്ചു നിൽക്കുമ്പോൾ അവരുടെ വേദനയ്ക്ക് ഒരാശ്വാസം ഉണ്ടാകുവാൻ വേണ്ടി പിശാച് അവരുടെ രൂപം ഉണ്ടാക്കിവെക്കുവാൻ ആവശ്യപ്പെടുകയായിരുന്നു. ആ മനുഷ്യനോട് ജീവിതകാലത്ത് പുലർത്തിയിരുന്ന ബഹുമാനങ്ങളും ആദരവുകളും ക്രമേണ അദ്ദേഹത്തിൻ്റെ രൂപത്തിലേക്കും തിരിയുകയായിരുന്നു. നൂഹ് നബിയുടെ കാലമായപ്പോഴേക്കും വദ്ദ്, സുവാഅ്, യഗൂഥ്, യഊഖ്, നസ്‌റ് എന്നിങ്ങനെ അഞ്ചു പ്രധാന വിഗ്രഹങ്ങളിൽ ഉള്ള വിശ്വാസം ജനതയിൽ ആഴ്ന്നിഴറങ്ങി കഴിഞ്ഞിരുന്നു. അവരെ തിരിച്ചുകൊണ്ടുവരുവാൻ ദീർഘകാലം നൂഹ് നബി ശ്രമങ്ങൾ നടത്തി. നിരാശയായിരുന്നു ഫലം.
പ്രവാചകന്മാർ പക്ഷേ ആത്യന്തികമായി നിരാശപ്പെടാൻ പാടില്ലാത്തതാണ്. അതിനാൽ അദ്ദേഹം വീണ്ടും വീണ്ടും പ്രാർത്ഥനയിൽ തന്നെ അഭയം തേടി. അവസാനം അല്ലാഹു അദ്ദേഹത്തോട് കപ്പൽ നിർമ്മിക്കുവാൻ ആവശ്യപ്പെട്ടു. അതുതന്നെ പരസ്യമായിട്ടായിരിക്കണം എന്ന് നിർദ്ദേശിക്കുകയും ചെയ്തു. ഇതോടെ നൂഹ് നബിയെ പരിഹസിക്കാനുള്ള മറ്റൊരു വിഷയം കൂടി അവർക്ക് കിട്ടി. അതും കൂടി ചേർന്നുള്ള പരിഹാസത്തിന്റെ മുൻപിൽ നൂഹ് നബി പുളഞ്ഞുപോയി. അങ്ങനെയിരിക്കെ കപ്പൽ പണി പൂർത്തിയായി. ചെറിയ കപ്പലൊന്നുമായിരുന്നില്ല അത്. ബൈബിളിൽ അതിന്റെ നീളം മുന്നൂറ് മുഴവും, വീതി അമ്പത് മുഴവും, ഉയരം മുപ്പത് മുഴവുമായിരുന്നുവെന്നും, അത് മൂന്ന് തട്ടുള്ളതായിരുന്നുവെന്നും പറയുന്നുണ്ട് (ഉൽപത്തി: 6/14-16). തുടർന്ന് അല്ലാഹുവിന്റെ ശിക്ഷാ കൽപന ആഗതമായി. ആ രംഗം അല്ലാഹു ഇങ്ങനെ വിവരിക്കുന്നു: 'അപ്പോൾ കോരിച്ചൊരിയുന്ന പേമാരിയാൽ ആകാശത്തിന്റെ കവാടങ്ങൾ നാം തുറന്നു. ഭൂമിയിൽ ഉറവുകൾ നാം പൊട്ടിക്കുകയും ചെയ്തു.
അങ്ങനെ, വിധിക്കപ്പെട്ട കാര്യം നിവർത്തിക്കുന്നതിനുവേണ്ടി ഈ ജലമൊക്കെയും സംഗമിച്ചു. പലകകളും ആണികളുമുള്ള, നമ്മുടെ മേൽനോട്ടത്തിൽ സഞ്ചരിക്കുന്ന ഒരു കപ്പലിൽ അദ്ദേഹത്തെ നാം വഹിക്കുകയും ചെയ്തു. നിഷേധിച്ചു തള്ളപ്പെട്ടിരുന്നവന്നുള്ള പ്രതിഫലമത്രെ അത്. തീർച്ചയായും അതിനെ (പ്രളയത്തെ) ഒരു ദൃഷ്ടാന്തമായി നാം അവശേഷിപ്പിച്ചുട്ടുണ്ട്. ഉൽബുദ്ധരാകുന്ന വല്ലവരുമുണ്ടോ? (അൽഖമർ: 11-5). ആ കപ്പലിൽ ഉണ്ടായിരുന്നവരും അതിൽ കയറാൻ ഭാഗ്യം ലഭിച്ചവരും വിശ്വാസികൾ മാത്രമായിരുന്നു. അതിനാൽ അവരെല്ലാവരും രക്ഷപ്പെട്ടു. ബാക്കിയുള്ള ജനതയെ മൊത്തത്തിൽ അല്ലാഹു നശിപ്പിച്ചു. ഇത് ഒരു ഉദാഹരണമാണ്.
കാലക്രമത്തിൽ നൂഹ്(അ)ക്ക് ശേഷം വീണ്ടും ഭൂമിയില്‍ ശിര്‍ക്ക് സംഭവിച്ചു തുടങ്ങി. നൂഹ് നബി(അ)ന്റെ ജനതയുടെ നാശത്തിന് ശേഷം ഭൂമിയില്‍ ബഹുദൈവാരാധന ഒരു മതമായി സ്വീകരിച്ചത് ആദ് സമുദായമായിരുന്നു. ഇന്നത്തെ ഒമാനിലെ സലാലയില്‍ നിന്നും 150 കിലോ മീറ്റര്‍ അകലെ അഹ്ഖാഫ് എന്ന പ്രദേശത്തായിരുന്നു ആദ് സമുദായം ജീവിച്ചിരുന്നത്. ഇന്ന് ആ പ്രദേശത്തിന്റെ പേര് ഉബാര്‍ എന്നാണ്. ഈ സമുദായത്തിലേക്ക് അവരില്‍ നിന്ന് തന്നെയുള്ള ഒരു പ്രവാചകനെ അല്ലാഹു അയച്ചു. ആ പ്രവാചകനാണ് മഹാനായ ഹൂദ്(അ). ഹൂദ്(അ)ന്റെ ജനതയായ ആദ് സമുദായം ശാരീരികമായി ഭയങ്കര ശക്തന്മാരും വലിയ ആകാരമുള്ളവരുമായിരുന്നു എന്ന് വിശുദ്ധ ഖുർആൻ പറയുന്നുണ്ട്. ആ ജനതയുടെ പ്രത്യേകതകള്‍ അല്ലാഹു വിവരിക്കുന്നത് ഇപ്രകാരമാണ്: 'നൂഹിന്റെ ജനതയ്ക്കു ശേഷം നിങ്ങളെ അവന്‍ പിന്‍ഗാമികളാക്കുകയും സൃഷ്ടിയില്‍ അവന്‍ നിങ്ങള്‍ക്കു (ശാരീരിക) വികാസം വര്‍ധിപ്പിക്കുകയും ചെയ്തത് നിങ്ങള്‍ ഓര്‍ത്ത് നോക്കുക' (7:69). അവർക്ക് കിട്ടിയ ശാരീരികവും സാമ്പത്തികവുമായ ഐശ്വര്യങ്ങളിൽ അവർ അഹങ്കരിക്കുകയായിരുന്നു. അല്ലാഹു അവർക്ക് ചെയ്ത അനുഗ്രഹങ്ങൾക്ക് നന്ദി ചെയ്യുന്നതിന് പകരം അവർ തങ്ങളുടെ ശക്തിയും കഴിവും എടുത്ത് പറഞ്ഞ് അല്ലാഹുവിനോട് നന്ദികേട് കാണിക്കുകയും അവനെ മാത്രം ആരാധിക്കേണ്ടതിന് പകരം അവര്‍ തന്നെ സ്വയം നിര്‍മിച്ച രൂപങ്ങളെ ആരാധിച്ച് അല്ലാഹുവിനോട് അഹങ്കാരം കാണിക്കുകയും ചെയ്യുകയായിരുന്നു. അവരുടെ അഹങ്കാരവും മാർഗ്ഗ ഭ്രംശവും ജനതയെ മുഴുവൻ ഗ്രസിച്ചതോടെ ആ ജനതയെ നശിപ്പിക്കാൻ അല്ലാഹു തീരുമാനിച്ചു. ഒരു കൊടുങ്കാറ്റിനാൽ ആയിരുന്നു അവരെ ശിക്ഷിച്ചത്. അവരെ ശിക്ഷിച്ച കാറ്റിൻ്റെ തീവ്രത വിശുദ്ധ ഖുർആൻ തന്നെ എങ്ങനെ വിവരിക്കുന്നു: 'എന്നാല്‍ ആദ് സമുദായം, ആഞ്ഞു വീശുന്ന അത്യുഗ്രമായ കാറ്റ് കൊണ്ട് നശിപ്പിക്കപ്പെട്ടു. തുടര്‍ച്ചയായ ഏഴു രാത്രിയും എട്ടു പകലും അത് (കാറ്റ്) അവരുടെ നേര്‍ക്ക് അവന്‍ തിരിച്ചുവിട്ടു. അപ്പോള്‍ കടപുഴകി വീണ ഈന്തപ്പനത്തടികള്‍ പോലെ ആ കാറ്റില്‍ ജനങ്ങള്‍ വീണുകിടക്കുന്നതായി നിനക്ക് കാണാം. ഇനി അവരുടെതായി അവശേഷിക്കുന്ന വല്ലതും നീ കാണുന്നുണ്ടോ?' (69:68).
ഥമൂദ് ജനത മറ്റ ഉദാഹരണമാണ്. ആദ് ഗോത്രത്തിന്റെ പിൻഗാമികളായിരുന്നു ഥമൂദ് ഗോത്രം. ഈ പിന്തുടർച്ച എങ്ങനെ സംഭവിച്ചുവെന്ന് നമുക്ക് കൃത്യമായി അറിയില്ലെങ്കിലും, അവരെ തുടച്ചുനീക്കിയ ആ കൊടുങ്കാറ്റിൽ നിന്ന് ഏതാനും പേർ അതിജീവിച്ചിരിക്കാമെന്ന് കരുതപ്പെടുന്നു. ഹൂദ്(അ)യും അദ്ദേഹത്തിന്റെ അനുയായികളും ഏതായിരുന്നാലും അതിജീവിച്ചിട്ടുണ്ടായിരിക്കാം. ഒരുപക്ഷേ അവർ ഒരു പുതിയ വീട് തേടി അറേബ്യൻ ഉപദ്വീപിൽ കുറച്ചു കാലം അലഞ്ഞുനടന്നിരിക്കാം. ഒരുപക്ഷേ, ആദ് ജനതയിൽ നിന്നുള്ള അറിവ്, സംസ്കാരം, സാങ്കേതികവിദ്യ എന്നിവ ഉപയോഗിച്ച് അവർ ഒരു പുതിയ സമൂഹം സ്ഥാപിച്ചിരിക്കാം. ഇവർ തെക്കൻ അറേബ്യയിലെ അൽ ഹിജർ പ്രദേശത്തായിരുന്നു ജീവിച്ചിരുന്നത്. അവരിലേക്ക് നിയുക്തനായ പ്രവാചകൻ സ്വാലിഹ് നബിയായിരുന്നു. ശിലായുഗം ആയിരുന്നു അവരുടേത് എന്ന് അനുമാനിക്കപ്പെടുന്നു. കല്ലുകളിൽ നിന്നും പാറകളിൽ നിന്നും വീടുകളും വീട്ടുപകരണങ്ങളും നിർമ്മിക്കുന്ന കരവിരുത് അവർക്കുണ്ടായിരുന്നു. ഇത്തരം സവിശേഷമായ ശേഷികൾ അവരെയും അഹങ്കാരത്തിലേക്ക് എത്തിച്ചു. ആ അഹങ്കാരത്തിൽനിന്ന് അവരെ തിരിച്ചുകൊണ്ടുവരുവാൻ പ്രവാചകനായ സ്വാലിഹ് നബി കിണഞ്ഞു ശ്രമിച്ചു. ആ അഹങ്കാര തള്ളിച്ചയിൽ അവർ സ്വാലിഹ് നബിയോട് പാറയിൽ നിന്നും ജീവനുള്ള ഒരു ഒട്ടകത്തെ ഉണ്ടാക്കിത്തരാൻ ആവശ്യപ്പെട്ടു. വെല്ലുവിളിയും പരിഹാസവും കലർന്ന ഒരു ചോദ്യമായിരുന്നു ഇത്. പക്ഷെ, അല്ലാഹു അതു സാധ്യമാക്കിക്കൊടുത്തു. പക്ഷെ, അവരതിനെ കൊന്നുകളഞ്ഞു. അതോടെ ധിക്കാരികളായ ആ ജനതയെ അല്ലാഹു നശിപ്പിക്കുകയായിരുന്നു. അല്ലാഹു പറയുന്നു: 'അങ്ങനെ അവരെ ഭൂകമ്പം പിടികൂടി. അങ്ങനെ അവർ തങ്ങളുടെ വീടുകളിൽ കമിഴ്ന്നു വീണവരായിത്തീർന്നു.
(ഖുർആൻ 7:78). ശുഐബ് നബിയുടെ മദ് യൻ ജനത തുടങ്ങിയ ഒരുപാട് ജനതകളുടെ നാശം ഇപ്രകാരം തന്നെ വിശുദ്ധ ഖുർആൻ പറയുന്നുണ്ട്. ഇതെല്ലാം അവർക്ക് ലോകത്തെ വിധിക്കപ്പെട്ട ശിക്ഷയാണ്. ഇതിനു പുറമേ പരലോകത്ത് കൂടി അവർക്ക് കഠിനമായ ശിക്ഷ ഉണ്ടായിരിക്കും എന്ന് ആണ് ഈ ആയത്ത് പറയുന്നത്.
'അതുകൊണ്ട്, വിശ്വാസികളായ ബുദ്ധിമാന്മാരേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക' എന്നു പറഞ്ഞു കൊണ്ടാണ് ഈ സൂക്തം അവസാനിക്കുന്നത്. വിശുദ്ധ ഖുർആൻ ഒരിക്കലും വിശ്വാസത്തിലേക്ക് ബലപ്രയോഗം നടത്തുന്നില്ല. എപ്പോഴും ഖുർആൻ ചിന്തയെയാണ് വിശ്വാസത്തിനുള്ള നിദാനവും അടിസ്ഥാനവുമാക്കുന്നത്. പറഞ്ഞു പഠിപ്പിക്കുന്ന തത്വങ്ങളും അടിച്ചേൽപ്പിക്കുന്ന സത്യങ്ങൾക്കുമെല്ലാം അതിൻ്റേതായ കുറവും ന്യൂനതയും ഉണ്ടായിരിക്കും. അതേ സമയം ശരിയായ ചിന്തയിൽ നിന്ന് ഉദ്ഭുതമാകുന്ന വിശ്വാസങ്ങൾക്ക് വലിയ ശക്തിയാണ് ഉണ്ടാവുക. കാരണം അത് ഒരു തിരിച്ചറിവാണ് പ്രദാനം ചെയ്യുന്നത്. ഇവിടെ അല്ലാഹു ഏതാനും ജനതകളുടെ ഉദാഹരണമാണ് പറഞ്ഞിരിക്കുന്നത് ഈ ഉദാഹരണങ്ങളിൽ നിന്ന് ചിന്തയിലൂടെ പരമമായ തത്വത്തിലേക്ക് എത്തിച്ചേരുവാൻ ആകുന്നു. ആയത്തുകൾ എന്ന ആശയത്തിന്റെ പ്രാധാന്യം ഇതാണ്.
11 തന്റെ സ്പഷ്ട സൂക്തങ്ങള്‍ പാരായണം ചെയ്യുന്ന ഒരു ദൂതനെ അവന്‍ നിങ്ങളിലേക്കയച്ചു. സത്യവിശ്വാസം കൈവരിക്കുകയും സല്‍കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവരെ അന്ധകാരങ്ങളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരാന്‍. ഒരാള്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും സല്‍കര്‍മമനുഷ്ഠിക്കുകയും ചെയ്യുന്നുവെങ്കില്‍ അടിയിലൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ ശാശ്വതത്വം നല്‍കപ്പെട്ടവനായി അവനെ പ്രവേശിപ്പിക്കുന്നതാണ്. അവന്ന് അല്ലാഹു വിശിഷ്ടമായ ഉപജീവനമേകിയിരിക്കുന്നു.
മഹാനായ നബി തിരുമേനി(സ്വ)യുടെ നിയോഗമാണ് ഈ സൂക്തത്തിൽ സൂചിപ്പിക്കപ്പെടുന്നത്. സ്പഷ്ടമായ സൂക്തങ്ങളുമായിട്ടാണ് നബി തങ്ങൾ വന്നത്. ഏത് മാനസിക-ബൗദ്ധിക തലത്തിലുള്ളവർക്കും മനസ്സിലാക്കാവുന്ന സൂക്തങ്ങൾ എന്നാണ് 'സ്പഷ്ടമായ' എന്ന വിശേഷണം കൊണ്ട് ഉദ്ദേശിക്കുന്നത്. സൂക്തങ്ങൾ എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത് വിവിധ തരത്തിൽ ഉണ്ടാകുന്ന ചിന്തകൾ പകരുന്ന ആശയങ്ങളാണ്. ഇതിനർത്ഥം മഹാനാ നബി(സ) തങ്ങൾ അത്ഭുത പ്രവർത്തികൾ കാണിച്ച് ജനങ്ങളെ അന്തിപ്പിച്ചും അമ്പരപ്പിച്ചും ജനങ്ങളെ ഇസ്ലാമിലേക്ക് എത്തിക്കാൻ ശ്രമിക്കുകയായിരുന്നു എന്നല്ല. അത്തരം പ്രവർത്തനങ്ങൾ മുഅ്ജിസത്തുകൾ ആയി നബിയുടെ ജീവിതത്തിൽ എമ്പാടും ഉണ്ടായിട്ടുണ്ട് എങ്കിലും പ്രബോധനത്തിൽ പ്രാധാന്യം ചിന്തകൾക്ക് തന്നെയായിരുന്നു. പലപ്പോഴും പ്രവാചകന്മാരുടെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള അമാനുഷിക പ്രവർത്തനങ്ങളെ നേരെ ചൊവ്വേ പ്രബോധനത്തിന് വേണ്ടി ഉപയോഗപ്പെടുത്തുകയല്ല ചെയ്യുന്നത്. മറിച്ച് അത്തരം ഒരു അമാനുഷിക ശക്തി നൽകപ്പെടുവാൻ ഈ പ്രവാചകൻ അർഹനാണ് എന്നുണ്ടെങ്കിൽ അദ്ദേഹം പറയുന്ന ആശയങ്ങൾ സത്യം തന്നെയായിരിക്കും എന്ന സന്ദേശം നൽകുവാൻ വേണ്ടിയാണ് അത് ഉപയോഗപ്പെടുത്താറുള്ളത്. അമാനുഷിക പ്രവർത്തികൾ നേരിട്ട് പ്രബോധനത്തിന് മാനദണ്ഡമാക്കുമ്പോൾ ഉണ്ടാവുക അത് ഈ പറയുന്ന പ്രവാചകനായ വ്യക്തിയുടെ എന്തോ ഒരു കഴിവോ പ്രത്യേക ശക്തിയോ ആണ് എന്ന് അർത്ഥമായിരിക്കും. അതിനേക്കാൾ ഉപരിയായ പരമമായ ഇലാഹിന്റെ ആധിപത്യം സ്ഥാപിക്കുകയാണ് പ്രവാചകന്മാരുടെ പ്രബോധനങ്ങളുടെ പരമമായ ലക്ഷ്യം. അത് സാധ്യമാകണമെങ്കിൽ ചിന്തയിൽ നിന്ന് തന്നെ അത് ഉരുത്തിരിഞ്ഞു വരണം. അത്തരത്തിൽ ഉറപ്പുള്ള വിശ്വാസത്തിൽ എത്തിച്ചേരുകയും ആ വിശ്വാസത്തെ അർത്ഥവൽക്കരിക്കുന്ന പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്യുന്നവർക്ക് അവർക്ക് ഇപ്പോൾ സങ്കൽപ്പിക്കാൻ പോലും കഴിയാത്ത പ്രതിഫലങ്ങൾ അല്ലാഹു നൽകും എന്നു പറഞ്ഞു കൊണ്ടാണ് ഈ സൂക്തം അവസാനിക്കുന്നത്. ആയത്തിന്റെ അവസാനത്തിൽ പറയുന്ന 'മാന്യമായ ഉപജീവനം' എന്ന പ്രയോഗം സൂചിപ്പിക്കുന്നത് ഇത്തരം ആൾക്കാർക്ക് ഇഹലോകത്തും അല്ലാഹുവിൻ്റെ സഹായവും കാവലും ഉണ്ടായിരിക്കും എന്നതാണ്. രിസ്‌ഖ് എന്ന അറബി ശബ്ദം സൂചിപ്പിക്കുന്നത് ഭൗതികമായ പാഥേയങ്ങൾ ആണ് എന്നാണ് ഖുർആൻ വ്യാഖ്യാതാക്കൾ പറയുന്നത്.
12 ഏഴ് ആകാശങ്ങളും തത്തുല്യമായി ഭൂമിയും സൃഷ്ടിച്ചത് അല്ലാഹുവാണ്. അവയ്ക്കിടയില്‍ ദൈവശാസനമിറങ്ങുന്നു-അവന്‍ സര്‍വവിഷയത്തിനും കഴിവുറ്റവനാണെന്നും ഏതു കാര്യവും സമഗ്രമായി അറിയുന്നുവെന്നും നിങ്ങള്‍ ഗ്രഹിച്ചിരിക്കാന്‍ വേണ്ടി.
മേൽപ്പറഞ്ഞ വിശ്വാസവും പ്രതിഫലവും രണ്ടിനെയും അർത്ഥവത്കരിക്കാൻ മാത്രം ശക്തനാണ് അല്ലാഹു എന്ന് പറഞ്ഞു കൊണ്ടാണ് ഈ സൂറത്ത് അതിൻ്റെ പ്രമേയങ്ങൾ അവസാനിപ്പിക്കുന്നത്. അതിന് അവന്റെ സൃഷ്ടി മഹാത്മ്യത്തിന്റെ തെളിവായി പ്രത്യേകം പറയുന്നത് ആകാശ ഭൂമികളുടെ സൃഷ്ടിപ്പാണ്. അറ്റമില്ലാത്ത ചിന്തകളിലേക്ക് മനുഷ്യനെ കൂട്ടിക്കൊണ്ടുപോകുന്ന ഒന്നാണ് ഭൗതിക പ്രപഞ്ചം. ഭൗതിക പ്രപഞ്ചത്തിൽ നടക്കുന്ന എണ്ണമറ്റ കാര്യങ്ങൾ ഒരു മനുഷ്യനും അവഗണിക്കുവാൻ കഴിയാത്തതാണ്. കാരണം അവ ഓരോന്നിനെയും മനുഷ്യൻ്റെ ജീവിതവുമായി സൃഷ്ടാവായ അല്ലാഹു ബന്ധിപ്പിച്ച് വെച്ചിരിക്കുകയാണ്. ഉദാഹരണമായി ഭൂമിയുടെ കാലാവസ്ഥ എടുക്കാം. ഭൂ ഗോളത്തെ അല്ലാഹു അല്പം ചരിച്ചു വെച്ചിരിക്കുന്നു. അതോടൊപ്പം അത് സ്വയം കറങ്ങി കൊണ്ടിരിക്കുകയും ചെയ്തു. അതോടൊപ്പം അത് സൂര്യനെ വലം വെക്കുകയും ചെയ്യുന്നു. ഇത് മൂന്നും ഇല്ലായിരുന്നുവെങ്കിൽ ഈ പ്രപഞ്ചത്തിൽ ജീവിക്കുന്ന മനുഷ്യന് ഒരേ കാലാവസ്ഥയാണ് എപ്പോഴും അനുഭവപ്പെടുക. ചൂടേൽക്കുന്നവന് തണുക്കുവാനോ തണുത്ത് വിറക്കുന്നവന് ചൂടാക്കുവാനോ മഴ മാറി വെയിൽ അനുഭവിക്കാനോ വെയിൽ മാറി മഴ അനുഭവിക്കാനോ ഒന്നും കഴിയാത്ത ഒരു സ്ഥിര സ്വഭാവമുള്ള സ്ഥിതിവിശേഷം ആയിരിക്കും മേൽപ്പറഞ്ഞ ചലനങ്ങൾ ഇല്ലെങ്കിൽ ഉണ്ടാവുക. ഇപ്രകാരം മനുഷ്യൻ്റെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന അനവധി നിരവധി കാര്യങ്ങൾ ഉണ്ട് അതെല്ലാം ഉണ്ടാകുന്നതും നിയന്ത്രിക്കുന്നതും മനുഷ്യനോ അവൻ ഉണ്ടാക്കിയ സംവിധാനങ്ങളോ ഒട്ടും അല്ല എന്നതും ഉറപ്പാണ്. അതിനാൽ ഒരു മനുഷ്യൻ താൻ ജീവിക്കുന്ന പ്രപഞ്ചത്തിലെ രാവും പകലും വെളിച്ചവും ഇരുട്ടും ചൂടും തണുപ്പും മാത്രം ചിന്തിച്ചാൽ തന്നെ അല്ലാഹുവിൻ്റെ സൃഷ്ടി മഹാത്മ്യത്തിലേക്ക് എത്തിച്ചേരാൻ കഴിയും.
ഈ സൂക്തത്തിൽ മറ്റൊരു ചിന്ത കൂടി കുടികൊള്ളുന്നുണ്ട്. അത് ആകാശങ്ങളുടെയും ഭൂമിയുടെയും എണ്ണം ഏഴ് വീതമാണ് എന്ന് സൂചനയാണ്. ഏഴ് ആകാശങ്ങളെയും തത്തുല്യമായി ഭൂമിയെയും എന്നു പറയുമ്പോൾ അതിൻ്റെ പ്രാഥമികമായ ഒരു അർത്ഥം ഏഴു ഭൂമിയെയും എന്നുതന്നെയാണ്. പ്രപഞ്ച സൃഷ്ടിയെപ്പറ്റി പറയുന്നിടത്ത് ആകാശങ്ങള്‍ ഏഴെണ്ണമാണെന്ന് ഒമ്പത് വ്യത്യസ്ത സ്ഥലങ്ങളില്‍ അല്ലാഹു സ്പഷ്ടമാക്കിയിട്ടുണ്ട്. ആകാശങ്ങളെയും ഭൂമിയെയും കുറിച്ച് നിരവധി പരാമര്‍ശങ്ങള്‍ വേറെയും കാണാം. എന്നാല്‍ ഭൂമിയും ഏഴെണ്ണമാണെന്ന് സൂചിപ്പിക്കുന്ന പരാമര്‍ശം ഇതുമാത്രമാണ് ഖുര്‍ആനില്‍ കാണുന്നത്. വിശുദ്ധ ഖുർആനിൽ ആവർത്തിച്ചു പറഞ്ഞിട്ടുള്ളതാണ് ഏഴ് ആകാശങ്ങൾ എന്ന പരാമർശം. ഈ വിഷയത്തിൽ ഏറ്റവും ആദ്യമായി നാം മനസ്സിലാക്കേണ്ടത് ഏഴ് ആകാശങ്ങളെ തന്നെ മനുഷ്യന് ഇന്ന് വരെ കണ്ടെത്താനും സ്ഥാപിക്കാനും കഴിഞ്ഞിട്ടില്ല എന്നതാണ്. കാരണം നാം പോക്കറ്റിൽ ഇരിക്കുന്ന നോട്ടുകളോ മേശപ്പുറത്ത് ഇരിക്കുന്ന പുസ്തകങ്ങളോ എണ്ണുന്നതുപോലെ എണ്ണി വേർതിരിക്കാവുന്ന ചെറിയ കാര്യങ്ങളെല്ല ആകാശം എന്നു പറയുന്നത്. ആകാശം എന്നാൽ ഉപരിലോകം എന്നാണ് അതിൻ്റെ അർത്ഥം. ഇവയിൽ നാം തല ഉയർത്തിയാൽ കാണുന്ന ഒന്നാമത്തെ ആകാശം തന്നെ മുഴുവനും നമുക്ക് ഇതുവരെ പഠിക്കാൻ കഴിഞ്ഞിട്ടില്ല. ഒന്നാം ആകാശത്തിലാണ് നക്ഷത്രങ്ങൾ സ്ഥിതി ചെയ്യുന്നത് എന്നാണ് ശാസ്ത്രവും കരുതുന്നത്. ഈ ഒന്നാം ആകാശത്തിൽ ഏതാണ്ട് 40,000 കോടി ഗാലക്സികൾ അഥവാ നക്ഷത്ര സമൂഹങ്ങൾ ഉണ്ട് എന്നാണ് ശാസ്ത്രത്തിൻ്റെ അനുമാനം. ഈ 40,000 കോടി ഗാലക്സികളിൽ ഒരു ഗാലക്സി ആണ് മിൽക്കിവേ എന്ന നാം ഉൾക്കൊള്ളുന്ന നക്ഷത്ര സമൂഹം. ഇതിൽ തന്നെ 10000 കോടിയിലധികം നക്ഷത്രം നക്ഷത്രങ്ങൾ ഉണ്ട് എന്ന് ശാസ്ത്രം പറയുന്നു. ആ 10000 കോടിയിൽ ഒരു നക്ഷത്രം മാത്രമാണ് സൂര്യൻ. ആ സൂര്യനെ വലം വെക്കുന്ന എട്ടു ഗ്രഹങ്ങളിൽ ഒന്നു മാത്രമാണ് ഭൂമി. ഈ ഭൂമിയുടെ ഉപരിതലത്തിൽ എന്തെല്ലാമുണ്ട് എന്നത് കണ്ടുപിടിക്കുവാൻ നാളിതുവരെയും ശാസ്ത്രത്തിനോ ശാസ്ത്രം ഉണ്ടാക്കിയ സംവിധാനങ്ങൾക്കോ കഴിഞ്ഞിട്ടില്ല. മനുഷ്യർക്ക് പരമാവധി എത്തിച്ചേരുവാൻ കഴിഞ്ഞിട്ടുള്ളത് സൂര്യനെ വലം വെക്കുന്ന എട്ട് ഗ്രഹങ്ങളിൽ ചൊവ്വാഗ്രഹത്തിന്റെ അടുത്ത് മാത്രമാണ്. ബാക്കിയുള്ളതെല്ലാം കണക്കുകളിലും അനുമാനങ്ങളിലും മാത്രം ജീവിക്കുന്ന വസ്തുതകളാണ്. ഇവയെ ഓരോന്നിനെയും നേരിട്ട് പോയിട്ടോ കണ്ടിട്ടോ അല്ല ശാസ്ത്രം വിവരിക്കുന്നതും പഠിപ്പിക്കുന്നതും. അതെല്ലാം പ്രാപഞ്ചിക വസ്തുക്കളിൽ നിന്ന് പ്രസരിക്കുന്ന പ്രകാശത്തിന്റെ വർണ്ണരാജി (സ്പെക്ട്രം) ഉപയോഗിച്ച് കണ്ടുപിടിച്ചിട്ടുള്ള അനുമാനങ്ങൾ മാത്രമാണ്.
ആകാശത്തിന്റെ കാര്യം തന്നെ ഇങ്ങനെയാണ് എങ്കിൽ പിന്നെ സമാനമായ ഭൂമികളുടെ കാര്യം പറയാനുമില്ല. ഇത് നമുക്ക് അറിയില്ല, എന്നാൽ ഇത് ഖുർആനിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട് എന്നിങ്ങനെ രണ്ടു വസ്തുതകളാണ് നമ്മുടെ മുമ്പിൽ ഇപ്പോൾ ഉള്ളത്. ഇവയിൽ നമുക്ക് ഇത് അറിയില്ല എന്നു പറയുന്നത് ഖുർആനിൻ്റെ കാര്യത്തിൽ ഒരു ന്യൂനതയേ അല്ല. കാരണം ഖുർആൻ ലോകാവസാനം വരെ മനുഷ്യനെ നയിക്കാനുള്ള ഗ്രന്ഥമാണ്. ഖുർആൻ പറഞ്ഞ വസ്തുതകളിൽ നബിയുടെയും സഹാബത്തിന്റെയും കാലഘട്ടത്തിൽ കണ്ടുപിടിച്ചിട്ടില്ലാത്തതോ അറിവില്ലാത്തതോ ആയ എത്രയോ യാഥാർത്ഥ്യങ്ങൾ പിൽക്കാലത്ത് കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. വിശുദ്ധ ഖുർആൻ അങ്ങനെയാണ്. അത് കാലത്തോടൊപ്പം, മനുഷ്യൻ്റെ വളർച്ചയോടൊപ്പം വളർന്ന് വളർന്ന് വന്ന് മനുഷ്യനെ നിരന്തരമായി ഉത്ബോധിപ്പിച്ചു കൊണ്ടേയിരിക്കുകയായിരുന്നു ചെയ്യുക. അതിനാൽ ഏഴു ആകാശങ്ങൾ എന്ന സങ്കല്പം പോലെ ഏഴു ഭൂമികൾ എന്ന സങ്കല്പവും മനുഷ്യൻ എത്തിച്ചേർന്നിട്ടില്ലാത്ത ഒരു സങ്കേതമായി ഇപ്പോഴും അവശേഷിക്കുകയാണ്. അതേസമയം വിശുദ്ധ ഖുർആൻ പറയുന്ന ഏഴാകാശവും ഏഴ് ഭൂമിയും ആകാശത്തിന്റെയും ഭൂമിയുടെയും ശാസ്ത്രം പറയുന്ന പാളികളാണ് എന്ന് ചിലർ പറയുന്നുണ്ട്. ശാസ്ത്രീയ നിരീക്ഷണ പ്രകാരം അന്തരീക്ഷത്തിന് ഏഴ് പാളികളുണ്ട്. ശാസ്ത്രം നിരീക്ഷിക്കുന്ന ഏഴ്പാളികള്‍ ഇവയാണ്: 1-ട്രോപോസ്ഫിയര്‍ 2-സ്ട്രാറ്റോസ്ഫിയര്‍ 3- മീസോസ്ഫിയര്‍ 4-തെര്‍മോസ്ഫിയര്‍ 5-എക്‌സോസ്ഫിയര്‍ 6-അയോണോസ്ഫിയര്‍ 7- മാഗ്‌നെറ്റോസ്ഫിയര്‍. പക്ഷേ ഈ ഏഴ് പാളികളാണ് ഖുര്‍ആനില്‍ പറഞ്ഞ ഏഴ് ആകാശങ്ങളെന്ന് ഉറപ്പിക്കാവതല്ല. ഇത് പോലെ ഭൂമിക്കും ഏഴ് പാളികള്‍ ശാസ്ത്രം പറയുന്നുണ്ട്: 1. ക്രസ്റ്റ് 2. ലിതോസ്ഫിയര്‍ 3. അപ്പര്‍ മാന്റ്‍ല്‍ 4. ആസ്തനോസ്ഫിയര്‍ 5. ലവര്‍ മാന്റല്‍ 6. ഔട്ടര്‍ കോര്‍ 7. ഇന്നര്‍ കോര്‍ എന്നിവ. ഇത് നമ്മുടെ ഭൂമിയുടെ മണ്ണിൻ്റെ ഘടനയുടെ പാളികൾ എന്ന അർത്ഥത്തിൽ മാത്രമായിരിക്കും എന്നാണ് ശരിയായ അനുമാനം. അതുകൊണ്ട് വരുംതലമുറകളെ ഞെട്ടിപ്പിച്ചുകൊണ്ട് ഏഴ് ആകാശങ്ങളും ഏഴ് ഭൂമികളും സ്ഥാപിക്കപ്പെടുക തന്നെ ചെയ്യും എന്ന് നമുക്ക് കരുതാം. അങ്ങനെ കരുതുവാനും വേണം ഒരു ന്യായം എന്നത് ശരിയാണ്. ഖുര്‍ആന്റെ നിരവധി ശാസ്ത്രസൂചനകള്‍ പില്‍ക്കാലത്ത് ശരിവെച്ച ആധുനിക ശാസ്ത്രത്തിന് അല്ലാഹുവിന്റെ ഒരു പ്രസ്താവം നിരര്‍ത്ഥകമാണെന്ന് പറയാന്‍ ധൈര്യമുണ്ടാവില്ല എന്നതാണ് ആ ന്യായം.
(അവസാനിച്ചു / അടുത്തത് സൂറത്തുത്തഹ് രീം)
0
Thoughts & Arts
തെറ്റുകൾ വ്യാപകമായാൽ ശിക്ഷകളും വ്യാപകമാകും
2025-08-24
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso