ടി എച്ച് ദാരിമി
ഖുസ്വയ്യ് ബിൻ കിലാബ് മുതലാണ് ഖുറൈശികൾ മക്കയുടെ അധിപരാകുന്നത്. സിദാന എന്ന കഅ്ബാലയത്തിൻ്റെ താക്കോലവകാശം, സിഖായ, രിഫാദ എന്നീ തീർത്ഥാടകർക്ക് ഭക്ഷണവും വെള്ളവും നൽകാനുള്ള അവകാശം, നദ് വ എന്ന അദ്ധ്യക്ഷാവകാശം, ലിവാ എന്ന യുദ്ധങ്ങളിലെ പതാകയേന്താനുള്ള അവകാശം എന്നിവ അഞ്ചും സ്വന്തമാക്കുന്നവർ എന്നാണ് ഈ ആധിപത്യത്തിൻ്റെ അർഥം. അക്കാലത്തെ മക്കയിലെ ഭരണത്തിന് ഇത്ര മാത്രമേ വ്യാസമുണ്ടായിരുന്നുള്ളൂ. ഖുസ്വയ്യിൻ്റെ മകൻ അബ്ദു മനാഫിന്റെ മകൻ ഹാശിമിൻ്റെ അബ്ദുൽ മുത്തലിബിൻ്റെ മകൻ അബ്ദുല്ല ആണ് നബി തിരുമേനി(സ്വ)യുടെ പിതാവ്. AD 545 ലായിരുന്നു അദ്ദേഹത്തിൻ്റെ ജനനം എന്നാണ് അനുമാനം. അദ്ദേഹം തൻ്റെ ഇരുപത്തിയഞ്ചാം വയസ്സിൽ ആമിന ബിൻതു വഹബിനെ വിവാഹം ചെയ്തു. അബ്ദു മനാഫിന്റെ മകനായിരുന്നു ആമിന ബീവിയുടെ പിതാവായ വഹബ്. ബനൂ സഹ്‌റയായിരുന്നു അവരുടെ ഗോത്രം. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്ക് ശേഷം പിതാവ് മകൻ അബ്ദുല്ലയെ യത് രിബിലേക്ക് കാരക്ക വാങ്ങിക്കുവാൻ വേണ്ടിയോ ശാമിലേക്ക് ഖുറൈശികൾക്കൊപ്പം കച്ചവടത്തിന് വേണ്ടിയോ പുറപ്പെട്ടു. മടങ്ങും വഴി അദ്ദേഹത്തിന് അസുഖം ബാധിക്കുകയും അവിടെ ബനൂ നജ്ജാർ കുടുംബക്കാരായ അമ്മാവന്മാരുടെ വീട്ടിൽ കിടപ്പിലാവുകയും ചെയ്തു. ഒരു മാസത്തിനു ശേഷം അദ്ദേഹം അവിടെ വച്ച് അദ്ദേഹം മരണപ്പെട്ടു. അവിടെ അമ്മാവന്മാരുടെ ദാറുൽ നാബിഗ എന്ന ഗ്രാമത്തിൽ മറമാടുകയും ചെയ്തു. അപ്പോൾ ആമിനാ ബീവി നബി(സ്വ) ഗർഭം ധരിച്ച് രണ്ട് മാസം പിന്നിട്ടു കഴിഞ്ഞിരുന്നു. (ഇബ്നു സഅ്ദ്: ത്വബഖാത്ത്)
ആ വർഷത്തിലാണ് ആനക്കലഹ സംഭവം ഉണ്ടായത്. അക്കാലത്തെ മക്കയിലെ ജനതക്ക് പ്രതിരോധിക്കുന്നത് സങ്കൽപ്പിക്കുവാൻ പോലും കഴിയാത്ത, ആനകൾ അടക്കമുള്ള ഒരു വലിയ സൈന്യവുമായി യമനിലെ റോമൻ ഗവർണർ അബ്റഹത്ത് കഅ്ബാലയത്തെ തകർക്കുവാൻ വന്ന സംഭവമായിരുന്നു അത്. അന്നത്തെ സാംസ്കാരിക ലോകം ഉറ്റുനോക്കിയ സംഭവം. അബ്രഹത്തിന്റെ ദൗത്യം വിജയിക്കേണ്ടത് തങ്ങളുടെ ആവശ്യമാണ് എന്നതിനാൽ റോമും അത് പരാജയപ്പെടുക തന്നെ ചെയ്യും എന്ന് അവരുടെ നേർ എതിരാളികളായ പേർഷ്യയും കരുതി കണ്ണും നട്ടിരുന്ന സംഭവം. ആരും നിനച്ചിരിക്കാത്ത രൂപത്തിലും രീതിയിലും കഅ്ബാലയത്തെ അല്ലാഹു കാത്തു. അതോടെ കഅ്ബാലയവും അത് നിൽക്കുന്ന നാടായ മക്കയും ലോകത്തിൻ്റെ പ്രത്യേക ശ്രദ്ധയിൽപ്പെട്ടു. ആ ശ്രദ്ധയും ബോധ്യവും ഒട്ടും മങ്ങാതെ കിടന്നിരുന്ന ആ സംഭവത്തിന്റെ അൻപതാം നാൾ റബീഉൽ അവ്വൽ 12 ന് (ക്രിസ്തു വര്‍ഷം 571) നബി(സ്വ) തങ്ങൾ അതേ മക്കയിൽ ജനിച്ചു. ഇക്കാരണത്താൽ ചില ചരിത്രകാരന്മാർ ആനക്കലഹ സംഭവത്തെ ലോകത്തിൻ്റെ മക്കയിലേക്കുള്ള ഒരു ശ്രദ്ധ ക്ഷണിക്കലായി കാണുന്നുണ്ട്. പരിശുദ്ധ ഹറമിന്റെ കിഴക്ക് ഭാഗത്ത് അബൂ ഖുബൈസ് പർവ്വതത്തിന്റെ താഴ്വാരത്തായി സ്ഥിതി ചെയ്യുന്ന ശിഅ്ബു ബനീ ഹാശിം എന്ന സ്ഥലത്തായിരുന്നു നബി (സ്വ) ജനിച്ച വീട് സ്ഥിതി ചെയ്തിരുന്നത്. ചരിത്ര രചനകൾ തുടങ്ങിയ കാലത്ത് ദാറു ഇബ്നി യൂസഫ് എന്നായിരുന്നു ഈ ഭവനം അറിയപ്പെട്ടിരുന്നത്. ഹിജ്റ പോകും വരെ നബി തങ്ങൾ ഈ വീട്ടിൽ വസിക്കുകയും പിന്നീട് അത് ഉഖൈൽ ബിൻ അബീത്വാലിബ് സ്വന്തമാക്കുകയും തുടർന്ന് മുഹമ്മദ് ബിൻ യൂസഫ് എന്ന തായിഫുകാരന് അദ്ദേഹം അത് വിൽക്കുകയും ചെയ്തു. അതിനാൽ ചരിത്രങ്ങളിൽ ഈ വീട് ഈ പേരിലാണ് പരിചയപ്പെടുത്തപ്പെട്ട് തുടങ്ങുന്നത്.
കുട്ടിക്കാലം നാലു വയസ്സു വരെ ഹലീമാ ബീവിയുടെ ഗ്രാമത്തിലായിരുന്നു. കുട്ടികൾക്ക് ആരോഗ്യവും അറിവും ഉറപ്പുവരുത്തുവാൻ വേണ്ടി അന്നു കാലത്ത് നടപ്പിൽ ഉണ്ടായിരുന്ന ഒരു വളർത്തു രീതിയായിരുന്നു ഗ്രാമപ്രദേശങ്ങളിൽ വളർത്തുക എന്നത്. തായിഫ് നഗരത്തിൻ്റെ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഇപ്പോൾ സഅ്ദിയ്യ എന്ന് അറിയപ്പെടുന്ന ശോഹിത്വ എന്ന സ്ഥലത്തായിരുന്നു ഹലീമാ ബീവിയുടെ ഗ്രാമം എന്ന് ഉമ്മുൽ ഖുറാ യൂണിവേഴ്സിറ്റിയിലെ ഡോക്ടർ ഖാലിദ് ബിൻ അബ്ദുല്ലാ ആലു സൈദ് തൻ്റെ പഠനത്തിൽ സമർത്ഥിക്കുന്നുണ്ട്. രണ്ടു വയസ്സ് വരെയായിരുന്നു ഈ പതിവ്. നബി(സ്വ) തങ്ങളുടെ വരവോടെ തങ്ങളുടെ കുടുംബത്തിന് ധാരാളം ക്ഷേമം കൈവന്നതു കണ്ട് ഹലീമ ബീവി ആമിന ബീവിയെ കണ്ടു കുട്ടിയെ വീണ്ടും തങ്ങളുടെ കൂടെ നിർത്തുവാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. നാലാം വയസ്സിൽ പക്ഷേ അവരെ ഭയപ്പെടുത്തിയ ഒരു സംഭവം ഉണ്ടായി. അജ്ഞാതരായ ചിലർ ഒന്ന് ബാലന്റെ നെഞ്ച് തുറന്നതും മറ്റുമായിരുന്നു അത് അതോടെ ഹലീമാ ബീവി കുട്ടിയെ മാതാവിന് തിരിച്ചു കൊടുത്തു.
യൗവനത്തിൽ വൈധവ്യം പേറേണ്ടിവന്ന ആമിന ബീവി മറ്റൊരു വിവാഹത്തിന് താല്പര്യം കാണിച്ചിരുന്നില്ല. സ്വന്തം ഭർത്താവിൻ്റെ ഓർമ്മകളുമായി അവർ ജീവിച്ചു വന്നു. ഓരോ വർഷവും ആ ഓർമ്മകളുമായി അദ്ദേഹത്തിൻ്റെ ഖബർ സന്ദർശിക്കുവാൻ ആമിനാബീവി ബനൂ നജ്ജാറിൽ എത്തുമായിരുന്നു. ആറു വയസ്സ് പ്രായം ഉണ്ടാകുമ്പോൾ ഉമ്മയോടൊപ്പം ഉപ്പയുടെ ഖബർ കാണുവാൻ നബി തങ്ങളും പോയി. ഒരു മാസത്തോളം നീണ്ടു നിന്ന ആ സന്ദർശനം കഴിഞ്ഞ് മടങ്ങുന്ന വഴി അബവാഅ് എന്ന സ്ഥലത്ത് എത്തിയപ്പോൾ ആമിനാബീവി രോഗിണിയാവുകയും അധികം വൈകാതെ മരണപ്പെടുകയും ചെയ്തു. അവിടെ അവർ അന്ത്യവിശ്രമം കൊള്ളുന്നു. പിന്നീട് പിതാമഹൻ അബ്ദുൽ മുത്തലിബിന്റെ സംരക്ഷണത്തിലായിരുന്നു നബി തങ്ങൾ. എട്ടാം വയസ്സിൽ പിതാമഹനും വിടവാങ്ങി.
പിന്നെ പിന്തുണച്ചതും രക്ഷാകർത്താവായി വർത്തിച്ചതും സ്നേഹ നിധിയായിരുന്ന പിതൃവ്യൻ അബുതാലിബ് ആയിരുന്നു. സാധാരണയിൽ കവിഞ്ഞ പക്വതയും സത്യസന്ധതയും ശാന്ത ശീലവും എല്ലാം പ്രകടിപ്പിച്ചിരുന്നതിനാൽ കുട്ടിയോട് എല്ലാവർക്കും വലിയ താല്പര്യവും ഇഷ്ടമായിരുന്നു. ഇക്കാര്യത്തിൽ എല്ലാവരോടും മത്സരിച്ചിരുന്നത് അബൂ താലിബ് തന്നെയായിരുന്നു. മറ്റെല്ലാ മക്കളും തീൻ മേശയുടെ ചുറ്റുമതിയാലും മുഹമ്മദിനെ കാത്തുനിൽക്കാൻ മാത്രം ഗാഢമായിരുന്നു ആ പ്രിയം. അതുകൊണ്ടാണ് കച്ചവടക്കാരനായിരുന്ന അബൂത്വാലിബ് തൻ്റെ കച്ചവട യാത്രയിൽ ഈ കുട്ടിയെയും കൊണ്ടുപോകാൻ ഉദ്യമിച്ചത്. വാങ്ങാനോ വിൽക്കാനോ ഒന്നും വേണ്ട പ്രായം എത്തിയിട്ടില്ലാത്ത ആ 12 കാരനെയും കൊണ്ട് ആയിരുന്നു ശാമിലേക്ക് അബൂത്വാലിബ് കച്ചവടത്തിന് പുറപ്പെട്ടത്. തെക്കൻ ശാമിലെ ബുസ്വ് റാ നഗരമായിരുന്നു അവരുടെ ലക്ഷ്യം. അതിനുമുമ്പ് ശാമിന്റെ അതിർത്തിയിൽ വച്ച് അവർ ഒരു ക്രൈസ്തവ പാതിരിയെ കണ്ടുമുട്ടി. ചില സവിശേഷതകൾ തോന്നിയ കാരണത്താൽ പാതിരി കുട്ടിയെ ശ്രദ്ധിക്കുകയായിരുന്നു. ഈ കുട്ടിയിൽ ചില സവിശേഷമായ ലക്ഷണങ്ങൾ ഉണ്ടെന്നും അത് മറ്റാരെങ്കിലും അറിയുകയാണെങ്കിൽ അവർ കുട്ടിയെ തട്ടിയെടുക്കുവാനോ അപായപ്പെടുത്തുവാനോ സാധ്യതയുണ്ട് എന്നും പറഞ്ഞതനുസരിച്ച് അബൂത്വാലിബ് അവിടെ വെച്ച് കുട്ടിയുമായി മടങ്ങുകയായിരുന്നു. (റഹീഖുൽ മഖ്തൂം).
നബി തങ്ങൾക്ക് 25 വയസ്സ് പ്രായമാകുമ്പോഴാണ് മക്കയിൽ ഒരു ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടത്. ഹർബുൽ ഫിജാർ എന്ന ഈ കലാപത്തിൽ തന്റെ കുടുംബത്തിൻ്റെ ഭാഗമായി നബി തങ്ങളും തന്റേതായ ഇടപെടലുകൾ നടത്തിയിരുന്നു. ഈ യുദ്ധത്തിൻ്റെ ഭാഗമായി നടന്ന അൽ ഫുദൂൽ സത്യപ്രതിജ്ഞയിലും നബിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. യൗവന കാലത്ത് നബി തങ്ങൾ ജീവിത സന്ധാരണ മാർഗം എന്ന നിലക്ക് ആടുമേച്ചിരുന്നു. തൻ്റെ സഹോദര പുത്രന് നല്ല ഒരു സാമ്പത്തിക ഭാവി ഉണ്ടാവണം എന്ന് ആഗ്രഹിച്ച അബൂതാലിബ് ആയിരുന്നു മക്കയിലെ സമ്പന്നയായിരുന്ന ഖദീജ ബിൻതു ഖുവൈലിദിന്റെ കച്ചവട സംഘത്തിലേക്ക് നബി തങ്ങളെ നയിച്ചത്. ആ ബന്ധം അവർ തമ്മിലുള്ള വിവാഹത്തിലാണ് കലാശിച്ചത്. ഇരുപത്തിയഞ്ചാം വയസ്സിൽ നബി തങ്ങൾ ഖദീജ ബീവിയെ വിവാഹം ചെയ്തു. ഖദീജാ ബീവിക്ക് അത് മൂന്നാമത്തെ വിവാഹമായിരുന്നു. അതീഖ് ബിൻ ആബിദ്, അബു ഹാല എന്നീ രണ്ടു ഭർത്താക്കന്മാർ യഥാക്രമം അവരെ വിവാഹം ചെയ്യുകയും മരണപ്പെടുകയും ചെയ്തതിനുശേഷം ആയിരുന്നു ഈ വിവാഹം. ഖദീജാ ബീവിയുടെ ജീവിതകാലത്ത് നബി തങ്ങൾ മറ്റൊരു വിവാഹം ചെയ്തിട്ടില്ല. നബി തങ്ങളുടെ ഇബ്രാഹിം എന്ന കുട്ടി അല്ലാത്ത എല്ലാ മക്കളും ഖദീജ ബീവിയിൽ നിന്ന് ഉള്ളവരായിരുന്നു.
നബി തങ്ങളുടെ മുപ്പത്തിയഞ്ചാം വയസ്സിലായിരുന്നു ഖുറൈശികൾ പരിശുദ്ധ കഅ്ബാലയം പുതുക്കി പണിയാൻ തീരുമാനിച്ചതും ആരംഭിച്ചതും കെട്ടിടം ഏറെ ദുർബലമായിരുന്നു എന്നതായിരുന്നു പ്രധാന കാരണം. ഭീതി കനക്കുവാൻ മറ്റു ചില കാരണങ്ങളും ഉണ്ടായി. പിതൃവ്യൻ അബ്ബാസ് അബ്ദുൽ മുത്തലിബിൻ്റെ കൂടെ നബി തങ്ങളും നിർമ്മാണത്തിൽ പങ്കെടുക്കുകയുണ്ടായി (ബുഖാരി). ഈ നിർമ്മാണത്തിനിടെയായിരുന്നു ഹജറുൽ അസ്‌വദ് യഥാസ്ഥാനത്ത് വെക്കുന്ന വിഷയത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ടായതും പണി നിലച്ചതും ഒരു ആഭ്യന്തര യുദ്ധത്തിലേക്ക് വിഷയം നീങ്ങിയതും. അവസാനം അതിൽ മാധ്യസ്ഥത വഹിക്കുവാൻ നബി തങ്ങൾക്ക് ഭാഗ്യം കൈവന്നു. എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന ഒരു മധ്യസ്ഥതയായിരുന്നു പരിഹാരത്തിലേക്ക് വിഷയത്തെ നയിച്ചത്. പൊതുവേ എപ്പോഴും എന്തൊക്കെയോ ചിന്തിച്ചു നടക്കുന്ന പ്രകൃതമായിരുന്ന നബി തങ്ങൾക്ക് ഈ സംഭവം മറ്റൊരു ചിന്ത വിഷയമായി. വളരെ ചെറിയ ഒരു കാര്യത്തിന് പോലും യുദ്ധത്തിന് തയ്യാറാവുന്ന തൻ്റെ നാട്ടുകാരുടെ അവസ്ഥ നബി തങ്ങളെ വിഷമിപ്പിച്ചു. ക്രമേണ ഈ പ്രപഞ്ചത്തിന് ഒരു താളം ഉണ്ടാവേണ്ടതല്ലേ എന്ന ചിന്തയിലേക്ക് നബി കടന്നു. ആ ചിന്ത മുറുകിയപ്പോഴായിരുന്നു ഏകാന്തനായി കുന്നിൻ മുകളിലും മറ്റും ദീർഘസമയം പോയി ഇരിക്കുന്ന സ്വഭാവം അവരിൽ കാണപ്പെട്ട തുടങ്ങിയത്. കൂടുതൽ ഏകാന്തത ലഭിക്കുവാൻ മക്കയിൽ നിന്ന് നാലു മൈൽ അകലെയുള്ള അൽ നൂർ പർവ്വതത്തിന്റെ ശിഖരത്തിലുള്ള ഹിറ ഗുഹയിൽ ആയിരുന്നു നബി തങ്ങൾ അവസാനം എത്തിച്ചേർന്നത്. നാല്പതാമത്തെ വയസ്സിൽ അവിടെ വച്ച് നബി (സ) തങ്ങൾക്ക് പ്രവാചകത്വം ലഭിച്ചു. വിശുദ്ധ ഖുർആൻ വചനങ്ങൾ വരാൻ തുടങ്ങി.
ആദ്യത്തെ മൂന്നുവർഷം സ്വകാര്യമായ പ്രബോധനം ആയിരുന്നു നിർവഹിച്ചിരുന്നത്. ഏറ്റവും അടുത്ത സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവരോട് മാത്രം തൻ്റെ ദൗത്യത്തെക്കുറിച്ച് നബി (സ) തങ്ങൾ സംസാരിച്ചു വന്നു. നാൽപ്പത്തിമൂന്നാം വയസ്സിൽ പരസ്യമായി തന്നെ പ്രബോധനം ചെയ്യുവാൻ അല്ലാഹു നബിയോട് ആവശ്യപ്പെട്ടു. ഏറ്റവും അടുത്ത കുടുംബങ്ങളിൽ നിന്ന് തന്നെ അത് ആരംഭിക്കുവാൻ ആയിരുന്നു കൽപ്പന (ശുഅറാ: 214). ഒരു ഭാഗത്ത് പ്രബോധനം പരസ്യപ്പെടുത്തുകയും മറുഭാഗത്ത് വിശ്വാസികൾ ചെറുതായെങ്കിലും വർദ്ധിച്ചു വരികയും ചെയ്തതോടെ കൂടെ മക്കയിലെ മുശ്രിക്കുകൾ നബി തങ്ങൾക്കും ആദർശത്തിനും എതിരെ കടുത്ത രീതിയിൽ രംഗത്തുവന്നു. 45 വയസ്സ് ആകുമ്പോഴേക്കും അനുയായികളിലെ ദുർബലർ കഠിനമായ വെല്ലുവിളി നേരിടുന്ന സാഹചര്യമുണ്ടായിരുന്നു. അതിനാൽ അത്തരം അനുയായികളോട് നബി തങ്ങൾ എത്യോപ്യയിലേക്ക് പലായനം ചെയ്യുവാൻ കൽപ്പിച്ചു. നബി(സ്വ)യും ബാക്കിയുള്ള അനുയായികളും മക്കയിൽ ധീരമായി പിടിച്ചുനിന്നു. അതിലുള്ള പ്രതികാരം കൂടിയായി നബി തങ്ങൾക്കും നബി തങ്ങളെ പിന്തുണക്കുന്ന കുടുംബത്തിനുമെതിരെ ഖുറൈശികൾ ഉപരോധം ഏർപ്പെടുത്തി. അതു ഏതാണ്ട് 3 വർഷം നീണ്ടുനിന്നു. 50-ാം വയസ്സിൽ രണ്ട് സങ്കടങ്ങൾ നബിയെ വലയം ചെയ്തു. സ്നേഹവൽസലനായ പിതൃവ്യൻ അബൂത്വാലിബിൻ്റെയും തൊട്ടുത്ത ദിവസങ്ങളിൽ തന്നെ പത്നി ഖദീജാ(റ) യുടെയും മരണം. ഈ വർഷം ദുഃഖ വർഷം (ആമുൽ ഹുസ്ൻ) എന്നറിയപ്പെടുന്നു.
മക്കയിൽ ഇസ്ലാം വളർത്തിയെടുക്കുക പ്രയാസകരമാണ് എന്ന് ബോധ്യപ്പെട്ട നബി(സ്വ)തങ്ങൾ പുറത്തേതെങ്കിലും നഗരത്തിൽ ഇസ്ലാം വളർത്തിയെടുക്കുവാൻ ഉദ്യമിച്ചു. അതിനുവേണ്ടി അതേ വർഷത്തിൽ മക്കയുടെ ഏറ്റവും അടുത്ത നഗരമായ ത്വാഇഫിലേക്ക് പോയി. അവിടെ നിന്ന് പക്ഷേ നിരാശയോടെ കൂടെ മടങ്ങേണ്ടി വരികയായിരുന്നു. പിന്നെ, പുറത്തുനിന്ന് മക്കയിലേക്ക് വരുന്ന വിദേശികൾക്കിടയിൽ പ്രബോധനം നടത്തി ഇസ്ലാമിനെ വിജയിപ്പിക്കുവാൻ ശ്രമിച്ചു. പ്രവാചകത്വത്തിന്റെ പതിനൊന്നാം വർഷം ആ ശ്രമത്തിനിടയിൽ മിനാ താഴ്‌വരയിൽ വച്ച് യത് രിബുകാരായ ആറുപേരെ കണ്ടുമുട്ടുകയും അവരോട് ഇസ്ലാമിനെ പരിചയപ്പെടുത്തുകയും ചെയ്തു. അവരിൽ നിന്ന് അനുകൂലമായ പ്രതികരണമാണ് ഉണ്ടായത്. അതിനെ തുടർന്ന് പന്ത്രണ്ടാം വർഷം നബി തങ്ങളെ കണ്ടുമുട്ടുവാനും സംസാരിക്കുവാനും ഉള്ള താല്പര്യത്തോടെ 12 പേർ അവിടെ നിന്നും വന്നു. അവർ സത്യവിശ്വാസം സ്വീകരിക്കുകയും നബിയുമായി അനുസരണ പ്രതിജ്ഞ ചെയ്യുകയും ചെയ്തു. ഒന്നാം അഖബാ ഉടമ്പടി എന്ന് ഇത് അറിയപ്പെടുന്നു. അവരോടൊപ്പം തൻ്റെ ദൂതനായി മിസ്വ്അബ്(റ)വിനെ ഇസ്ലാമിക സന്ദേശ പ്രചരണാർത്ഥം പറഞ്ഞയച്ചു. അതിൻ്റെ ഫലമെന്നോണം തൊട്ടടുത്ത വർഷം 75 പേർ അവിടെ നിന്ന് നബിയെ കാണാനെത്തി. അവരും വിശ്വസിക്കുകയും നബിയുമായി അനുസരണ പ്രതിജ്ഞ ചെയ്യുകയും ചെയ്തു. അവർ നബിക്കും അനുയായികൾക്കും തങ്ങളുടെ നാട്ടിൽ എല്ലാവിധ സുരക്ഷയും വാഗ്ദാനം ചെയ്തു. അതിനെ തുടർന്ന് നബി തങ്ങൾ തൻ്റെ അനുയായികളോട് യത് രിബിലേക്ക്പലായനം ചെയ്യുവാൻ പറഞ്ഞു. ഇത് മദീനാ ഹിജ്റ എന്ന പേരിൽ അറിയപ്പെടുന്നു. ഏതാണ്ട് എല്ലാവരും സുരക്ഷിതമായി യത്‌രിബിൽഎത്തിച്ചേർന്നതിനുശേഷം നബി തങ്ങളും തന്റെ ഹിജ്റ പുറപ്പെട്ടു. അപ്പോൾ നബിയുടെ പ്രായം 53 വയസ്സായിരുന്നു.
ആദ്യ നാൾ മുതൽ തന്നെ ഒരു നല്ല സമൂഹത്തെ സ്ഥാപിച്ചെടുക്കുന്നതിന് വേണ്ട ക്രമപ്രവൃദ്ധമായ ഓരോ നീക്കങ്ങൾ ആയിരുന്നു നബി തങ്ങൾ നടത്തിയിരുന്നത്. അനുസ്വാറുകളെയും മുഹാജിറുകളെയും ഒന്നിപ്പിക്കുക, മറ്റു സമുദായങ്ങളുമായി കരാറിൽ ഏർപ്പെടുക, ഭരണ, ആരാധനാ കേന്ദ്രമായി പള്ളി നിർമ്മിക്കുക എന്നിവയായിരുന്നു ആദ്യത്തെ നീക്കങ്ങൾ. അവിടെ നിന്ന് മാറിപ്പോന്നിട്ടും മക്കക്കാരുടെ ശത്രുത ശ്രമിച്ചിരുന്നില്ല. അവർ പലതരം ശല്യങ്ങളും ചെയ്തതോടെ ദീർഘമായ 15 വർഷക്കാലത്തെ ക്ഷമയുടെയും സഹനത്തിന്റെയും മാത്രം വഴി മാറ്റിവെച്ച് ഒപ്പം പ്രതിരോധത്തിൻ്റെ വഴി കൂടി സ്വീകരിക്കുവാൻ നബിയും മുസ്ലീങ്ങളും നിർബന്ധിതരായി. അല്ലാഹു പ്രതിരോധത്തിന് അനുമതി നൽകുകയും ചെയ്തു. ഹിജ്റ വർഷം രണ്ടിൽ ആയിരുന്നു ഈ അനുമതി ലഭിച്ചത്. തുടർന്ന് ശത്രുക്കൾ ഇങ്ങോട്ട് ആക്രമണത്തിന് വരുമ്പോൾ നബിയും വിശ്വാസികളുടെ സേനയും ശക്തമായി ചെറുത്തുനിന്നു. ഇത്തരം ചെറുത്തു നിൽപ്പുകളായിരുന്നു ഹിജ്റ രണ്ടിൽ നടന്ന ബദർ യുദ്ധവും ഹിജ്റ മൂന്നിൽ നടന്ന യുദ്ധവും. രണ്ടിലും അവർ ദയനീയമായി പരാജയപ്പെട്ടു. ഇനിയൊരിക്കലും പെടരുത് എന്ന നിശ്ചയദാർഢ്യത്തോടെ അറേബ്യയുടെ ആ കാലഘട്ടം കണ്ടതിൽ വെച്ച് ഏറ്റവും വലിയ സേനയുമായി ഹിജ്റ വർഷം അഞ്ചിൽ അവർ ഒരു അവസാന ശ്രമം നടത്തുകയുണ്ടായി. ഖന്തക്ക് യുദ്ധം എന്ന പേരിലാണ് ഈ അധ്യായം അറിയപ്പെടുന്നത്. അതിലും ഖുറൈശികൾ പരാജയപ്പെട്ടു. അതോടെ ഖുറൈശികൾ ഏറ്റുമുട്ടലിന്റെ വഴിയിൽ നിന്ന് പിന്മാറുവാൻ നിർബന്ധിതരായി. ഹിജ്റ ആറിൽ നബി തിരുമേനിയും 1400 അനുയായികളും തീർത്ഥാടനത്തിനു വേണ്ടി മക്കയിലേക്ക് പ്രവേശിക്കുവാൻ ഒരു ശ്രമം നടത്തി. അത് ഖുറൈശികൾ അതിർത്തിയിൽ തടഞ്ഞു. തുടർന്ന് നടന്ന ചർച്ചകളിൽ ഒരു സന്ധിക്ക് രണ്ട് വിഭാഗവും തയ്യാറായി. ഹുദൈബിയ സന്ധി എന്ന പേരിൽ ഇത് അറിയപ്പെടുന്നു. പ്രത്യക്ഷത്തിൽ മുസ്ലിംകൾക്ക് എതിരാണ് എന്ന് തോന്നിക്കുന്നതാണ് കരാർ വ്യവസ്ഥകൾ അധികവും എങ്കിലും അത് പിന്നീട് വലിയ വിജയങ്ങൾക്ക് കാരണമായി. കൂട്ടം കൂട്ടമായി ഇസ്ലാമിലേക്ക് ജനങ്ങളെ എത്തിച്ച പ്രബോധന സാഹചര്യം, മക്കാ വിജയം എന്നിവയായിരുന്നു ഈ കരാറിന്റെ ഏറ്റവും വലിയ രണ്ടു നേട്ടങ്ങൾ.
മദീനയിൽ എത്തിയത് മുതൽ നിരന്തരമായി ശല്യം ചെയ്തുകൊണ്ടിരിക്കുകയായിരുന്ന അവിടത്തെ ജൂതന്മാരായിരുന്നു നബിയുടെയും ഇസ്ലാമിന്റെയും വലിയ ഒരു ശല്യം. ഹിജ്റ അഞ്ചാം വർഷത്തോടെ അവർ മദീന നഗരത്തിൽ നിന്ന് ഒഴിവായി എങ്കിലും സമീപത്ത് തന്നെ ഖൈബറിൽ അവർ തമ്പടിച്ച് ശല്യങ്ങൾ തുടരുന്നുണ്ടായിരുന്നു. ഹിജ്റ ഏഴാം വർഷം അവരുമായി ഖൈബറിൽ വെച്ച് ഏറ്റുമുട്ടുകയും വിജയിക്കുകയും ചെയ്തു. തദ്വാരാ, പ്രബോധനത്തിന്റെ മുമ്പിലുള്ള പ്രധാന വെല്ലുവിളികൾ എല്ലാം അവസാനിച്ചു. ചെറുതും വലുതുമായ വെല്ലുവിളികൾ അറേബ്യയുടെ പല ഭാഗത്തുനിന്നും ഉണ്ടായിരുന്നു. അതെല്ലാം ഒന്നുകിൽ നബിയുടെ നേതൃത്വത്തിൽ, അല്ലെങ്കിൽ പ്രമുഖ സഹാബിമാരുടെ നേതൃത്വത്തിൽ നേരിടുകയും പ്രബോധനം നബി തങ്ങൾ അറേബ്യയുടെ എല്ലാ മുക്കുമൂലുകളിലേക്കും എത്തിക്കുകയും ചെയ്തു. ഹിജ്റ എട്ടാം വർഷത്തിൽ ഇസ്ലാമിക സേന മക്ക രക്തരഹിത വിപ്ലവത്തിലൂടെ തിരിച്ചുപിടിച്ചു. ഖുറൈശികളുടെ സഹായത്തോടെ ബനൂബക്കർ നബിയുടെ പക്ഷക്കാരായ ബനൂ ഖുസാഅയെ ആക്രമിച്ചതോടെ ഹുദൈബിയ സന്ധി വ്യവസ്ഥകൾ അവർ ലംഘിച്ചതായിരുന്നു അതിനു കാരണമായത്. അതേസമയം തന്നെ ത്വാഇഫിൽ ഇസ്ലാമിനെതിരെയുള്ള ഒരു പടയൊരുക്കം ശ്രദ്ധയിൽപ്പെട്ടു. അത് നേരിടാൻ മക്കയിൽ നിന്നു തന്നെ നേരിട്ട് പുറപ്പെടുകയായിരുന്നു നബി തങ്ങൾ. ത്വാഇഫ്, ഹുനൈൻ യുദ്ധങ്ങൾ ഇങ്ങനെയാണ് ഉണ്ടായത്. ഹിജ്റ ഒമ്പതാം വർഷം അറേബ്യയുടെ വടക്കേ അതിർത്തിയായ ശാമിനടുത്ത് തബൂക്കിൽ മറ്റു ചില വെല്ലുവിളികൾ ഉയർന്നു. നബി തങ്ങളുടെ നേതൃത്വത്തിൽ തന്നെ അതും അടിച്ചൊതുക്കി. അപ്പോഴേക്കും ശാം നാടുകൾ മുതൽ യമൻ വരെയുള്ള അറേബ്യൻ ഉപഭൂഖണ്ഡം മുഴുവനും ഇസ്ലാം വിജയകരമായി എത്തിക്കഴിഞ്ഞിരുന്നു. പത്താം വർഷത്തിൽ നബി തങ്ങൾ വിടവാങ്ങൽ ഹജ്ജ് നിർവഹിച്ചു. നബി(സ്വ)യുടെ ജീവിതത്തിലെ ഏക ഹജ്ജ് കർമ്മം ആയിരുന്നു അത്. ഏതാണ്ട് ഒന്നേകാൽ ലക്ഷം തീർത്ഥാടകർ നബിയോടൊപ്പം ഉണ്ടായിരുന്നു. നബി (സ്വ) തങ്ങൾ അവർക്കെല്ലാം കർമ്മങ്ങൾ വിശദമായി പഠിപ്പിച്ചു കൊടുക്കുകയും അവർക്ക് വേണ്ട ഉപദേശങ്ങൾ നൽകിക്കൊണ്ടേയിരിക്കുകയും ചെയ്തു.
മദീനയിൽ തിരിച്ചെത്തിയതിനുശേഷം വേഗം വേഗം ജോലികൾ പൂർത്തീകരിക്കുന്ന ഒരാളുടെ മട്ടിൽ ആയിരുന്നു നബി തങ്ങൾ. ദൗത്യസംഘങ്ങളെ പറഞ്ഞയക്കുന്നതിലും നിവേദക സംഘങ്ങളെ സ്വീകരിക്കുന്നതിനും അവർ വ്യാപൃതനായി. അവസാന സൈനിക നിയോഗം ഈ സമയത്താണ് ഉണ്ടായത്. അത് നേരത്തെ നടന്ന മുഅ്ത്ത യുദ്ധത്തിൻ്റെ ബാക്കിയെന്നോണം റോമിനെതിരെയുള്ളതായിരുന്നു. യുവ സഹാബി ഉസാമ ബിൻ സൈദി(റ)ന്റെ നേതൃത്വത്തിൽ ആയിരുന്നു ആ സൈന്യത്തെ നിശ്ചയിച്ചത്. ഹജ്ജ് കഴിഞ്ഞ് മുഹറവും പിന്നിട്ട് സഫർ പതിനൊന്നാം തീയതി നബി(സ്വ) തങ്ങൾ ഉഹദിൽ സിയാറത്തിനെത്തി. സാധാരണ നബി തങ്ങൾ ഇങ്ങനെ സിയാറത്തിന് പോകാറുണ്ടായിരുന്നു എങ്കിലും ഈ പ്രാവശ്യത്തേതിന് എന്തോ ഒരു പ്രത്യേക വികാരം പ്രകടമായിരുന്നു. ഹിജ്റ 11ൽ സ്വഫർ 29 ന് തിങ്കളാഴ്ച ജന്നത്തുൽ ബഖീഇൽ ഒരു ജനാസ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ നബി തങ്ങൾക്ക് തലവേദന അനുഭവപ്പെട്ടു. വീട്ടിലേക്ക് എത്തുമ്പോഴേക്കും അത് പനിയായി വളർന്നിരുന്നു. പിന്നെ ജീവിതത്തിൽ ഉണ്ടായ 13 ദിവസങ്ങളും രോഗത്തിന്റെതായിരുന്നു. പക്ഷേ, ഈ ദിവസങ്ങളിൽ കൃത്യമായി ജമാഅത്തുകൾ നയിക്കുവാൻ നബി(സ്വ) പള്ളിയിൽ എത്തുമായിരുന്നു. ഓരോ ദിവസവും അതാത് ഭാര്യയുടെ അടുത്തും എത്തുമായിരുന്നു. പക്ഷേ അവസാന ദിവസങ്ങളാക്കിയപ്പോൾ പിന്നെ നബി തങ്ങൾ ആയിഷാ ബീവിയുടെ വീട്ടിൽ തന്നെ എല്ലാവരുടെയും സമ്മതപ്രകാരം തങ്ങി. റബീഉൽ അവ്വൽ 12 നോട് അടുക്കുമ്പോഴേക്കും അന്ത്യ യാത്രക്ക് വേണ്ടിയുള്ള ഓരോ ഒരുക്കങ്ങളും പൂർത്തിയാക്കി. തന്റെ കയ്യിലുള്ളതെല്ലാം സംഭാവന ചെയ്യുകയോ ബൈത്തുൽ മാലിലേക്ക് അടവാക്കുകയോ ചെയ്തു. അടിമകളെ എല്ലാം സ്വതന്ത്രരാക്കി വിട്ടു. ഓരോരുത്തർക്കും നൽകേണ്ട അന്ത്യ വസിയത്തുകൾ ഓരോ സമയത്തായി നൽകി. തൻ്റെ ജീവിതത്തിൽ എല്ലാവരും സംതൃപ്തരാണ് എന്ന് ഉറപ്പുവരുത്തി. 12 ന്റെ സുബഹി നമസ്കാരത്തിൽ അബൂബക്കർ(റ) എന്ന ഇമാമിൻ്റെ പിന്നിൽ അച്ചടക്കത്തോടെ അണിനിരന്ന സുബഹി നിസ്കരിക്കുന്നത് കണ്ടു അഭിമാനത്തോടെ മനസ്സുനിറച്ചു. പിന്നെ അന്ന് ഹിജ്റ 11 റബീഉൽ അവ്വൽ 12 ന് രാവിലെ ദുഹാ സമയത്ത് തൻ്റെ ദൗത്യം നിർവ്വഹിച്ച് നബി തിരുമേനി (സ്വ) മടങ്ങി.
വായനകൾ:
സീറത്തു ഇബ്നു ഹിശാം
റഹീഖുൽ മഖ്തൂം / മുബാറക്പൂരി
The Infinate Light / M Fathehulla Gulen
Muhammad / Martin Lings
web reading: قصة الإسلام / د راغب السوداني
0
Thoughts & Arts
തിരുജീവിതം: ഒറ്റനോട്ടത്തിൽ
2025-08-24
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso