ഇഅ്ജാസ്
ടി എച്ച് ദാരിമി
ഏഴിന് ഏഴഴകാണ് എന്നു പറയുന്നത് ആ സംഖ്യ ഏതെങ്കിലും ഒരു ഭാഷയിൽ എഴുതുമ്പോൾ ഉണ്ടാകുന്ന ആകാര ഭംഗിയെ ആസ്പദമാക്കി അല്ല. മറിച്ച്, പ്രത്യക്ഷത്തിൽ യാദൃശ്ചികമെന്ന് തോന്നിക്കുന്ന വിധത്തിൽ ചില ചിന്താ കൗതുകങ്ങൾ ഉൾക്കൊള്ളുന്നതിൻ്റെ പേരിലാണ്. അത് മതപരം മാത്രമല്ല. മതത്തിന് ഇക്കാര്യത്തിൽ കുറേ അധികം കൗതുകങ്ങൾ നിരത്തുവാനുണ്ട് എന്നത് ശരിയാണ്. പക്ഷേ ഭൗതിക പ്രപഞ്ചത്തിലും മനുഷ്യ ജീവിതത്തിൻ്റെ പശ്ചാത്തലത്തിലും ഈ സംഖ്യക്ക് എന്തൊക്കെയോ ചില പ്രത്യേകതകൾ ഉണ്ട് എന്ന് തോന്നിപ്പോകും സൂക്ഷ്മമായി നോക്കിയാൽ. ഒരാഴ്ചയിലെ ദിവസങ്ങളുടെ എണ്ണം ഏഴാണ്. അതെന്തുകൊണ്ട് 7 ആയി എന്നത് ചെറിയ ഒരു ആലോചനയാണ്. ആഴ്ചയിലെ ദിവസങ്ങളുടെ എണ്ണത്തിന്റെ കാര്യത്തിൽ ഏറ്റവും സവിശേഷമായ കാഴ്ച ലോകത്തെ വിവിധ ജനസമൂഹങ്ങൾ പല വിഷയങ്ങളിലും അടിസ്ഥാനപരമായ അഭിപ്രായവ്യത്യാസങ്ങളും വേർതിരിവുകളും പ്രകടിപ്പിക്കുമ്പോഴും ഈ കാര്യത്തിൽ ഒരേ സ്വരമാണ് എന്നതാണ്. അതിൻ്റെ അർത്ഥം കാലത്തിൻ്റെ ആഴ്ച എന്ന ഈ ഖണ്ഡത്തെ ഏഴായി മാത്രമേ മുറിക്കുവാനും വിഭജിക്കുവാനും കഴിയൂ എന്നതാണ്. ഏഴിനെ പ്രപഞ്ചം ഏറ്റവും മനോഹരമായി ഉൾക്കൊള്ളുന്ന ഒരു കാഴ്ച മഴവില്ലിൻ്റേതാണ്. മഴവില്ലിന്‍റെ നിറം ഏഴാണ്. ഇത് ആരെങ്കിലും കൊടുക്കുന്ന-ചാർത്തുന്ന നിറമല്ല. പ്രപഞ്ചം മഴവില്ലിനെ കണ്ടത് മുതൽ ഇന്നുവരെയും അതങ്ങനെയാണ്. ഏഴ് തരം നക്ഷത്രങ്ങളാണ് പ്രപഞ്ചത്തിലുള്ളതെന്ന് ശാസ്ത്രം പറയുന്നു. ഈ വിഭജനം സ്പെക്ട്രൽ തരങ്ങൾ എന്ന് അറിയപ്പെടുന്നു. നക്ഷത്രങ്ങൾ ഓരോന്നിന്റെയും താപനില, നിറം, തിളക്കം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ തരംതിരിവ്. O, B, A, F, G, K, M എന്നിങ്ങനെയാണ് ഈ തരങ്ങൾ അറിയപ്പെടുന്നത്. ഇതിൽ O-തരത്തിലുള്ള നക്ഷത്രങ്ങൾ ഏറ്റവും ചൂടുള്ളതും നീല നിറമുള്ളതുമാണ്, അതേസമയം M-തരത്തിലുള്ള നക്ഷത്രങ്ങൾ താരതമ്യേന തണുത്തതും ചുവപ്പ് നിറമുള്ളതുമാണ്. കൂട്ടത്തിൽ നമ്മുടെ പ്രപഞ്ചത്തിന്റെ കേന്ദ്രമായ സൂര്യൻ ഒരു G-വർഗ്ഗത്തിൽപ്പെട്ട നക്ഷത്രമാണ്. O, B തരത്തിലുള്ള നക്ഷത്രങ്ങൾ നീലയും നീല-വെള്ളയും നിറത്തിലും, A, F തരങ്ങൾ വെള്ള, മഞ്ഞ-വെള്ള നിറത്തിലും കാണപ്പെടുന്നു. K-തരത്തിലുള്ള നക്ഷത്രങ്ങൾ കാണപ്പെടുന്നത് ഓറഞ്ച് നിറത്തിലാണ്.
'ഏഴാം കടലും കടന്ന്' എന്ന് ഒരു പ്രയോഗം തന്നെ നമ്മുടെ ഭാഷയിൽ ഉണ്ട്. അത് കേവലം ആലങ്കാരികമല്ല. ഭൂമിയിലുള്ള സമുദ്രങ്ങളുടെ എണ്ണം ഏഴാണ് എന്നാണ് ഭൂമിശാസ്ത്രം പറയുന്നത്. ആര്‍ട്ടിക്ക്, ഉത്തര അറ്റ്ലാന്‍റിക്ക്, ദക്ഷിണ അറ്റ്ലാന്‍റിക്ക്, പടിഞ്ഞാറെ പെസിഫിക്ക്, ദക്ഷിണ പെസിഫിക്ക്, ഇന്ത്യന്‍ മഹാസമുദ്രം, ദക്ഷിണ സമുദ്രം എന്നിവയാണ് ആ ഏഴ് മഹാസമുദ്രങ്ങള്‍. ഇതിങ്ങനെ വർഗീകരിക്കപ്പെട്ടത് യാദൃശ്ചികമാണ് എന്നോ പഠനത്തിൻ്റെ ഭാഗമായിട്ടാണ് എന്നോ ഒക്കെ പറയാമെങ്കിലും എങ്കിൽ എന്തുകൊണ്ട് ആറോ എട്ടോ ആയില്ല എന്ന ചോദ്യത്തിനു മുമ്പിൽ നാം ഉത്തരം മുട്ടിപ്പോകും. ഏഴുകടലുകൾ എന്ന സങ്കല്പത്തെ വിധം പിന്തുടർന്നു കൊണ്ടായിരിക്കാം ഭൂഖണ്ഡങ്ങളും ഏഴായത്. ഏഷ്യ, ആഫ്രിക്ക, വടക്കെ അമേരിക്ക, തെക്കെ അമേരിക്ക, അന്‍റാര്‍ട്ടിക്ക, യൂറോപ്പ്, ആസ്ത്രേലിയ എന്നിവയാണ് ആ എഴ് ഭൂഖണ്ഡങ്ങള്‍. ജ്യോതിശാസ്ത്രപ്രകാരം ഒരാളുടെ ജീവിതയാത്രയിൽ പ്രധാനമായി ഉണ്ടായി രിക്കേണ്ട ഗുണഫലങ്ങൾ ഏഴാണ് എന്നു പറയാറുണ്ട്. ദീർഘായുസ്സ്, വിദ്യാഭ്യാസം, ജോലി, കുടുംബസുഖം, സാമ്പത്തികസ്ഥിതി, സ്വാഭാവസവിശേഷത, വ്യക്തിത്വം എന്നിവയാണ് അവ. ഇവ ഭാവങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നു ഇവ ഓരോന്നും നല്ല ഭാവത്തിൽ ആയിരിക്കുമ്പോഴാണ് സന്തോഷകരമായ ഒരു ജീവിതം ഉണ്ടാവുക എന്നാണ് ജ്യോതിശാസ്ത്രത്തിൽ വിശ്വസിക്കുന്നവർ പറയുന്നത്. ഏഴ് വര്‍ണ്ണങ്ങളുടെ മിശ്രിതമാണ് പ്രകാശമെന്ന് ഐസക് ന്യൂട്ടണ്‍ നിരീക്ഷിട്ടുണ്ട്. വെള്ള പ്രകാശത്തിൽ ഏഴ് നിറങ്ങൾ അടങ്ങിയിരിക്കുന്നു: വയലറ്റ്, ഇൻഡിഗോ, നീല, പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നിവയാണ് അവ. ഇവയെ VIBGYOR എന്ന് ചുരുക്കി പറയുന്നു. ഭൂമിയിലെ വാസകാലത്ത് മനുഷ്യൻ ഏഴ് ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. ഈ ഘട്ടങ്ങളെ ഇവയാണ്. ശൈശവം, ബാല്യകാലം, മധ്യബാല്യം, കൗമാരം, ആദ്യകാല യൗവനം, മദ്ധ്യ യൗവനം, വാര്‍ദ്ധക്യം എന്നിവയാണ്.
ഇസ്ലാമിക പ്രമാണങ്ങളിൽ 7 എന്ന സംഖ്യ ഈ പറഞ്ഞതിനേക്കാൾ കൂടുതൽ ആഴമുള്ള അർഥങ്ങളിൽ വ്യവഹരിക്കപ്പെട്ടിരിക്കുന്നു. മനുഷ്യ സൃഷ്ടിയുടെ ഘട്ടങ്ങളിൽ ഗർഭാവസ്ഥയെ വിശുദ്ധ ഖുർആൻ വിവരിക്കുന്നത് കാണുമ്പോൾ അതിൽ ഏഴ് ഘട്ടങ്ങൾ വേറിട്ട കാണാം.
1. മനുഷ്യനെ നാം കളിമണ്ണിന്‍റെ സത്തില്‍നിന്ന് സൃഷ്ടിച്ചു, 2. പിന്നെ നാമവനെ ബീജകണമാക്കി ഭദ്രമായ ഒരിടത്ത് സ്ഥാപിച്ചു, 3. അനന്തരം നാം ആ ബീജത്തെ ഭ്രൂണമാക്കി മാറ്റി, 4. പിന്നീട് ഭ്രൂണത്തെ മാംസക്കട്ടയാക്കി, 5. അതിനുശേഷം മാംസത്തെ എല്ലുകളാക്കി, 6. എല്ലുകളെ മാംസംകൊണ്ട് പൊതിഞ്ഞു, 7. പിന്നീട് നാമതിനെ തീര്‍ത്തും വ്യത്യസ്തമായ ഒരു സൃഷ്ടിയായി വളര്‍ത്തിയെടുത്തു (ഖുര്‍ആന്‍ 23:13,14,15). ഇതിലേക്ക് ചേർത്ത് വച്ചുകൊണ്ട് ചില ദാർശനിക പണ്ഡിതന്മാർ ഒരു മനുഷ്യന് തൻ്റെ ജീവിതത്തിൽ മൊത്തം തരണം ചെയ്യാനുള്ളത് ഏഴ് ഘട്ടങ്ങളാണ് എന്നു പറയുന്നു. ഗര്‍ഭാവസ്ഥക്ക് മുമ്പ് ആത്മാവിന്‍റെ ലോകത്തെ ജീവിതം, ഗര്‍ഭാവസ്ഥയിലെ ജീവിതം, ഇഹലോക ജീവിതം, ബര്‍സഖി ജീവിതം, പുനർജന്മം, മഹ്ശറ, വിചാരണ എന്നിവയാണ് ആ ഏഴ് ഘട്ടങ്ങൾ. വിശുദ്ധ ഖുർആൻ 7 എന്ന സംഖ്യയെ ഏറ്റവും സവിശേഷമായി ചേർത്തുവെക്കുന്നത് ആകാശങ്ങളെ കുറിച്ച് പറയുമ്പോഴാണ്. ഏഴ് ആകാശം എന്നാണ് ആ പ്രയോഗം. ഇത്രയും ശാസ്ത്രീയ പുരോഗതി നേടിയിട്ടുണ്ടെങ്കിലും ഒന്നാമത്തെ ആകാശത്തെ തന്നെ കൃത്യമായി നിർവചിക്കുവാനും വായിച്ചും പഠിച്ചും എടുക്കുവാനും നമുക്ക് കഴിഞ്ഞിട്ടില്ല എന്നത് ഒരു വസ്തുതയാണ്. പക്ഷേ, നാളെകളിൽ വരാനിരിക്കുന്ന വലിയ പുരോഗതി പ്രാപിച്ച ശാസ്ത്ര സമൂഹങ്ങൾക്ക് ചിന്തയുടെ വെളിച്ചം പകരാൻ വേണ്ടി അതിപ്പോഴും പുലരാതെ കാത്തുനിൽക്കുകയാണ്. ഏഴ് ആകാശങ്ങളെ കുറിച്ചുള്ള വിശുദ്ധ ഖുർആനിക പരാമർശം മറ്റൊരു ഖുർആനിക അമാനുഷികതയിലേക്ക് കൂടി വിരൽ ചൂണ്ടുന്നുണ്ട് എന്ന് സാന്ദർഭികം എന്ന നിലക്ക് മാത്രം ഇവിടെ സൂചിപ്പിക്കുകയാണ്. ആ കൗതുക കാഴ്ച 7 ആകാശം എന്ന പ്രയോഗം കൃത്യം ഏഴ് തവണയാണ് ഖുര്‍ആനില്‍ ആവര്‍ത്തിച്ച് വന്നിട്ടുള്ളത് എന്നതാണ്. അവയിലെ ഒരു സൂക്തം ഇങ്ങനെയാണ്: 'ഭുവനത്തിലുള്ളതെല്ലാം നിങ്ങള്‍ക്കുവേണ്ടി സൃഷ്ടിച്ചുവച്ചത് അവനാകുന്നു. എന്നിട്ടവന്‍ ഉപരിലോകത്തിലേക്ക് തിരിഞ്ഞു. അതിനെ സപ്തവാനങ്ങളായി സംവിധാനിച്ചു. അവന്‍ സര്‍വസംഭവങ്ങളും അറിയുന്നവനത്രെ' (2:29). സൂറത്ത് ഇസ്റാഇലെ 44-ാം ആയത്ത്, ഫുസ്സിലത്തിലെ 12-ാം ആയത്ത്, സൂറത്തു ത്വലാഖിലെ 12-ാം ആയത്ത്, സൂറത്തു നൂഹിലെ 7-ാം ആയത്ത്, സൂറത്തുൽ മുഅ്മിനൂനിലെ 86-ാം ആയത്ത്, സൂറത്തുൽ മുല്‍ക്കിലെ 3 -ാം സൂക്തം എന്നിവയാണ് അവ. ഈ സംഖ്യാപരമായ യോജിപ്പ് കൂടി ചേരുമ്പോൾ 7 അത്ഭുതത്തിന്റെ ഉള്ളിലെ അത്ഭുതമായി മാറുന്നു.
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ജന വിനിയോഗത്തിന്റെ പ്രാധാന്യം ഉദാഹരണസഹിതം വിവരിക്കവെ ഏഴിനെ കുറിച്ച പരാമര്‍ശം ശ്രദ്ധേയമാണ്. ദാന ധർമ്മങ്ങൾ പ്രതിഫലമായി ഗുണീഭവിക്കുന്നത് 7 ൽ നിന്നാണ്. അല്ലാഹു പറയുന്നു: 'അല്ലാഹുവിൻ്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരുടെ ഉപമ, ഒരു ധാന്യമണിയുടേതാണ്. അത് ഏഴ് കതിരുകള്‍ മുളപ്പിച്ചു. ഓരോ കതിരിലും നൂറു മണികള്‍. അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്ക് ഇരട്ടിപ്പിച്ചുകൊടുക്കുന്നു. അല്ലാഹു ഏറെ വിശാലതയുള്ളവനും സര്‍വജ്ഞനുമാണ്.'(2:261). ഇസ്ലാമിലെ നിര്‍ബന്ധ ആരാധനകളിലും ഏഴ് എന്ന അക്കം കടന്നുവരുന്നുണ്ട്. അത് ഒന്നാമതായി ഫാതിഹയിൽ ആണ്. ശരിക്കും നിസ്കാരത്തിൻ്റെ ഒരു ഹൃദയം തന്നെയാണ് ഫാത്തിഹ. നിസ്കാരം എന്ന പരമമായ സമർപ്പണത്തിലെ ഏറ്റവും ഹൃദയപൂർവ്വമായ രംഗം സുജൂദാണല്ലോ. അതിൽ നിലത്തു വെക്കേണ്ട അവയവങ്ങൾ ഏഴാണ്. ഇരു കൈപത്തികള്‍, ഇരുകാല്‍മുട്ടുകള്‍, ഇരു കാല്‍പാദങ്ങള്‍, നെറ്റിയും മൂക്കും ഉള്‍പ്പെടുന്ന മുഖം എന്നിവയാണ് ആ ഏഴ് അവയവങ്ങള്‍. നോമ്പിലും ഏഴുണ്ട്. തമത്തുഅ് രീതി സ്വീകരിച്ച് ഹജ്ജ് ചെയ്തവർ പരിഹാരമായി ചെയ്യേണ്ട നോമ്പുകൾ ഏഴാണ്. മൂന്ന് നോമ്പ് ഹജ്ജ് വേളയിലും ഏഴ് നോമ്പ് വീട്ടില്‍ തിരിച്ചത്തെിയ ശേഷവും. അപ്രകാരം തന്നെ ഹജ്ജിലും ഉംറയിലും ഏഴ് മാറിമാറി വരുന്നത് കാണാം. ഹജ്ജിന്‍റെയും ഉംറയുടേയും ഭാഗമായ ത്വവാഫ് ഏഴ് പ്രാവിശ്യമാണ്. സ്വഫാ-മർവ്വ സഅയ് പ്രയാണവും ഏഴ് പ്രാവശ്യമാണ്. ഹജ്ജിന്‍റെ ഭാഗമായ ജംറയില്‍ കല്ല് എറിയുന്നതും ഏഴ് പ്രാവിശ്യമാണ്. അങ്ങനെ ആരാധനകളിലെല്ലാം ഏഴ് ഒരു പ്രത്യേകതയായി കടന്നുവരുന്നുണ്ട്. വന്‍പാപങ്ങള്‍ ഏഴാണെന്ന് പ്രവാചകന്‍ അരുളി. അബൂഹുറൈറയില്‍ നിന്ന് ഉദ്ധരിക്കുന്ന സ്വഹീഹായ ഹദീസിൽ നബി(സ) പറഞ്ഞു: 'ഏഴ് വന്‍ പാപാങ്ങള്‍ നിങ്ങള്‍ വര്‍ജ്ജിക്കുക. അവര്‍ ചോദിച്ചു: പ്രവാചകരെ ഏതാണ് ആ വന്‍പാപങ്ങള്‍? അല്ലാഹുവില്‍ പങ്ക് ചേര്‍ക്കല്‍, ആഭിചാരം, അല്ലാഹു നിരോധിച്ച ആത്മാക്കളെ അന്യായമായി വധിക്കല്‍, പലിശ ഭുജിക്കല്‍, അനാഥയുടെ ധനം തിന്നല്‍, യുദ്ധത്തില്‍ നിന്ന് പിന്തിരിഞ്ഞ് ഓടല്‍, ചാരിത്രവതികളും വിശ്വാസികളുമായ സ്ത്രീകളെ അപകീര്‍ത്തിപ്പെടല്‍ എന്നിവയാണത്'.
ഈ കൂട്ടത്തിൽ വലിയ ചിന്തകളിലേക്ക് നമ്മെ നയിക്കുന്നത് മേൽപറഞ്ഞതു പോലെ ഏഴ് ആകാശവും ഏഴു ഭൂമിയും എന്ന വിശുദ്ധ ഖുർആനിൻ്റെ പ്രയോഗമാണ്. അല്ലാഹു പറയുന്നു: 'ഏഴ് ആകാശങ്ങളും തത്തുല്യമായി ഭൂമിയും സൃഷ്ടിച്ചത് അല്ലാഹുവാണ്. അവയ്ക്കിടയില്‍ ദൈവശാസനമിറങ്ങുന്നു-അവന്‍ സര്‍വവിഷയത്തിനും കഴിവുറ്റവനാണെന്നും ഏതു കാര്യവും സമഗ്രമായി അറിയുന്നുവെന്നും നിങ്ങള്‍ ഗ്രഹിച്ചിരിക്കാന്‍ വേണ്ടി' (ത്വലാഖ്: 12).
ആകാശങ്ങളുടെയും ഭൂമിയുടെയും എണ്ണം ഏഴ് വീതമാണ് എന്ന് സൂചനയാണ് ഈ ആയത്ത് നൽകുന്നത്. ഏഴ് ആകാശങ്ങളെയും തത്തുല്യമായി ഭൂമിയെയും എന്നു പറയുമ്പോൾ അതിൻ്റെ പ്രാഥമികമായ ഒരു അർത്ഥം ഏഴു ഭൂമിയെയും എന്നുതന്നെയാണ്. പ്രപഞ്ച സൃഷ്ടിയെപ്പറ്റി പറയുന്നിടത്ത് ആകാശങ്ങള്‍ ഏഴെണ്ണമാണെന്ന് വ്യത്യസ്ത സ്ഥലങ്ങളില്‍ അല്ലാഹു സ്പഷ്ടമാക്കിയിട്ടുണ്ട്. ആകാശങ്ങളെയും ഭൂമിയെയും കുറിച്ച് നിരവധി പരാമര്‍ശങ്ങള്‍ വേറെയും കാണാം. എന്നാല്‍ ഭൂമിയും ഏഴെണ്ണമാണെന്ന് സൂചിപ്പിക്കുന്ന പരാമര്‍ശം ഇതുമാത്രമാണ് ഖുര്‍ആനില്‍ കാണുന്നത്. വിശുദ്ധ ഖുർആനിൽ ആവർത്തിച്ചു പറഞ്ഞിട്ടുള്ളതാണ് ഏഴ് ആകാശങ്ങൾ എന്ന പരാമർശം. ഈ വിഷയത്തിൽ ഏറ്റവും ആദ്യമായി നാം മനസ്സിലാക്കേണ്ടത് ഏഴ് ആകാശങ്ങളെ തന്നെ മനുഷ്യന് ഇന്ന് വരെ കണ്ടെത്താനും സ്ഥാപിക്കാനും കഴിഞ്ഞിട്ടില്ല എന്നതാണ്. കാരണം നാം പോക്കറ്റിൽ ഇരിക്കുന്ന നോട്ടുകളോ മേശപ്പുറത്ത് ഇരിക്കുന്ന പുസ്തകങ്ങളോ എണ്ണുന്നതുപോലെ എണ്ണി വേർതിരിക്കാവുന്ന ചെറിയ കാര്യങ്ങളെല്ല ആകാശം എന്നു പറയുന്നത്. ആകാശം എന്നാൽ ഉപരിലോകം എന്നാണ് അതിൻ്റെ അർത്ഥം. ഇവയിൽ നാം തല ഉയർത്തിയാൽ കാണുന്ന ഒന്നാമത്തെ ആകാശം തന്നെ മുഴുവനും നമുക്ക് ഇതുവരെ പഠിക്കാൻ കഴിഞ്ഞിട്ടില്ല. ഒന്നാം ആകാശത്തിലാണ് നക്ഷത്രങ്ങൾ സ്ഥിതി ചെയ്യുന്നത് എന്നാണ് ശാസ്ത്രവും കരുതുന്നത്. ഈ ഒന്നാം ആകാശത്തിൽ ഏതാണ്ട് 40,000 കോടി ഗാലക്സികൾ അഥവാ നക്ഷത്ര സമൂഹങ്ങൾ ഉണ്ട് എന്നാണ് ശാസ്ത്രത്തിൻ്റെ അനുമാനം. ഈ 40,000 കോടി ഗാലക്സികളിൽ ഒരു ഗാലക്സി ആണ് മിൽക്കിവേ എന്ന നാം ഉൾക്കൊള്ളുന്ന നക്ഷത്ര സമൂഹം. ഇതിൽ തന്നെ 10000 കോടിയിലധികം നക്ഷത്രം നക്ഷത്രങ്ങൾ ഉണ്ട് എന്ന് ശാസ്ത്രം പറയുന്നു. ആ 10000 കോടിയിൽ ഒരു നക്ഷത്രം മാത്രമാണ് സൂര്യൻ. ആ സൂര്യനെ വലം വെക്കുന്ന എട്ടു ഗ്രഹങ്ങളിൽ ഒന്നു മാത്രമാണ് ഭൂമി. ഈ ഭൂമിയുടെ ഉപരിതലത്തിൽ എന്തെല്ലാമുണ്ട് എന്നത് കണ്ടുപിടിക്കുവാൻ നാളിതുവരെയും ശാസ്ത്രത്തിനോ ശാസ്ത്രം ഉണ്ടാക്കിയ സംവിധാനങ്ങൾക്കോ കഴിഞ്ഞിട്ടില്ല. മനുഷ്യർക്ക് പരമാവധി എത്തിച്ചേരുവാൻ കഴിഞ്ഞിട്ടുള്ളത് സൂര്യനെ വലം വെക്കുന്ന എട്ട് ഗ്രഹങ്ങളിൽ ചൊവ്വാഗ്രഹത്തിന്റെ അടുത്ത് മാത്രമാണ്. ബാക്കിയുള്ളതെല്ലാം കണക്കുകളിലും അനുമാനങ്ങളിലും മാത്രം ജീവിക്കുന്ന വസ്തുതകളാണ്. ഇവയെ ഓരോന്നിനെയും നേരിട്ട് പോയിട്ടോ കണ്ടിട്ടോ അല്ല ശാസ്ത്രം വിവരിക്കുന്നതും പഠിപ്പിക്കുന്നതും. അതെല്ലാം പ്രാപഞ്ചിക വസ്തുക്കളിൽ നിന്ന് പ്രസരിക്കുന്ന പ്രകാശത്തിന്റെ വർണ്ണരാജി (സ്പെക്ട്രം) ഉപയോഗിച്ച് കണ്ടുപിടിച്ചിട്ടുള്ള അനുമാനങ്ങൾ മാത്രമാണ്.
ആകാശത്തിന്റെ കാര്യം തന്നെ ഇങ്ങനെയാണ് എങ്കിൽ പിന്നെ സമാനമായ ഭൂമികളുടെ കാര്യം പറയാനുമില്ല. ഇത് നമുക്ക് അറിയില്ല, എന്നാൽ ഇത് ഖുർആനിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട് എന്നിങ്ങനെ രണ്ടു വസ്തുതകളാണ് നമ്മുടെ മുമ്പിൽ ഇപ്പോൾ ഉള്ളത്. ഇവയിൽ നമുക്ക് ഇത് അറിയില്ല എന്നു പറയുന്നത് ഖുർആനിൻ്റെ കാര്യത്തിൽ ഒരു ന്യൂനതയേ അല്ല. കാരണം ഖുർആൻ ലോകാവസാനം വരെ മനുഷ്യനെ നയിക്കാനുള്ള ഗ്രന്ഥമാണ്. ഖുർആൻ പറഞ്ഞ വസ്തുതകളിൽ നബിയുടെയും സഹാബത്തിന്റെയും കാലഘട്ടത്തിൽ കണ്ടുപിടിച്ചിട്ടില്ലാത്തതോ അറിവില്ലാത്തതോ ആയ എത്രയോ യാഥാർത്ഥ്യങ്ങൾ പിൽക്കാലത്ത് കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. വിശുദ്ധ ഖുർആൻ അങ്ങനെയാണ്. അത് കാലത്തോടൊപ്പം, മനുഷ്യൻ്റെ വളർച്ചയോടൊപ്പം വളർന്ന് വളർന്ന് വന്ന് മനുഷ്യനെ നിരന്തരമായി ഉത്ബോധിപ്പിച്ചു കൊണ്ടേയിരിക്കുകയായിരുന്നു ചെയ്യുക. അതിനാൽ ഏഴു ആകാശങ്ങൾ എന്ന സങ്കല്പം പോലെ ഏഴു ഭൂമികൾ എന്ന സങ്കല്പവും മനുഷ്യൻ എത്തിച്ചേർന്നിട്ടില്ലാത്ത ഒരു സങ്കേതമായി ഇപ്പോഴും അവശേഷിക്കുകയാണ്. അതേസമയം വിശുദ്ധ ഖുർആൻ പറയുന്ന ഏഴാകാശവും ഏഴ് ഭൂമിയും ആകാശത്തിന്റെയും ഭൂമിയുടെയും ശാസ്ത്രം പറയുന്ന പാളികളാണ് എന്ന് ചിലർ പറയുന്നുണ്ട്. ശാസ്ത്രീയ നിരീക്ഷണ പ്രകാരം അന്തരീക്ഷത്തിന് ഏഴ് പാളികളുണ്ട്. ശാസ്ത്രം നിരീക്ഷിക്കുന്ന ഏഴ്പാളികള്‍ ഇവയാണ്: 1-ട്രോപോസ്ഫിയര്‍ 2-സ്ട്രാറ്റോസ്ഫിയര്‍ 3- മീസോസ്ഫിയര്‍ 4-തെര്‍മോസ്ഫിയര്‍ 5-എക്‌സോസ്ഫിയര്‍ 6-അയോണോസ്ഫിയര്‍ 7- മാഗ്‌നെറ്റോസ്ഫിയര്‍. പക്ഷേ ഈ ഏഴ് പാളികളാണ് ഖുര്‍ആനില്‍ പറഞ്ഞ ഏഴ് ആകാശങ്ങളെന്ന് ഉറപ്പിക്കാവതല്ല. ഇത് പോലെ ഭൂമിക്കും ഏഴ് പാളികള്‍ ശാസ്ത്രം പറയുന്നുണ്ട്: 1. ക്രസ്റ്റ് 2. ലിതോസ്ഫിയര്‍ 3. അപ്പര്‍ മാന്റ്‍ല്‍ 4. ആസ്തനോസ്ഫിയര്‍ 5. ലവര്‍ മാന്റല്‍ 6. ഔട്ടര്‍ കോര്‍ 7. ഇന്നര്‍ കോര്‍ എന്നിവ. ഇത് നമ്മുടെ ഭൂമിയുടെ മണ്ണിൻ്റെ ഘടനയുടെ പാളികൾ എന്ന അർത്ഥത്തിൽ മാത്രമായിരിക്കും എന്നാണ് ശരിയായ അനുമാനം. അതുകൊണ്ട് വരുംതലമുറകളെ ഞെട്ടിപ്പിച്ചുകൊണ്ട് ഏഴ് ആകാശങ്ങളും ഏഴ് ഭൂമികളും സ്ഥാപിക്കപ്പെടുക തന്നെ ചെയ്യും എന്ന് നമുക്ക് കരുതാം. അങ്ങനെ കരുതുവാനും വേണം ഒരു ന്യായം എന്നത് ശരിയാണ്. ഖുര്‍ആന്റെ നിരവധി ശാസ്ത്രസൂചനകള്‍ പില്‍ക്കാലത്ത് ശരിവെച്ച ആധുനിക ശാസ്ത്രത്തിന് അല്ലാഹുവിന്റെ ഒരു പ്രസ്താവം നിരര്‍ത്ഥകമാണെന്ന് പറയാന്‍ ധൈര്യമുണ്ടാവില്ല എന്നതാണ് ആ ന്യായം.
0
Thoughts & Arts
ചിന്തകളുടെ ഏഴഴക്
2025-08-24
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso