വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി
സോഷ്യൽ മീഡിയയിൽ നിന്ന് കിട്ടിയതാണ്. പലരും പലതും ഒളിപ്പിച്ചു വച്ചും തേച്ചു പിടിപ്പിച്ചും സോഷ്യൽ മീഡിയയുടെ വിശ്വാസ്യത മങ്ങിയിരിക്കുന്നു എങ്കിലും ഇത് പ്രസക്തമായ ഒരു ചിന്തയാണ് എന്ന് മനസ്സ് പറയുന്നതുകൊണ്ടാണ് ഇത് പങ്കുവെക്കുന്നത്. സംഗതി മൗനത്തെക്കുറിച്ചാണ്. അതിൻ്റെ മലയാള അർത്ഥം ഇങ്ങനെ സംഗ്രഹിക്കാം: 'ഒരു ജോലിയിൽ ഏർപ്പെടുമ്പോൾ പാലിക്കുന്ന മൗനം കലയാണ്. കോപം അനുഭവപ്പെടുമ്പോൾ പാലിക്കുന്ന മൗനം ശക്തിയാണ്. വിഷമം ഉണ്ടാകുമ്പോൾ പാലിക്കുന്ന മൗനം അഭിമാനമാണ്. ഒരു ഉപദേശത്തിന് വിധേയമാകുമ്പോൾ പ്രകടിപ്പിക്കുന്ന മൗനം അച്ചടക്കമാണ്. പരിഹാസത്തിന് വിധേയമാകുമ്പോൾ പാലിക്കുന്ന മൗനം അന്തസ്സാണ്. പ്രകോപനം ഉണ്ടാകുമ്പോൾ പാലിക്കുന്ന മൗനം വിജയവും ആണ്' ശബ്ദത്തേക്കാൾ ശക്തമാണ് മൗനം എന്നും അത് ജീവിതത്തിൻ്റെ ഏതു വൈകാരിക അനുഭവത്തിന്‍റെ മുമ്പിലും പ്രസക്തമാണ് എന്നുമാണല്ലോ ഈ വാക്കുകൾ കുറിക്കുന്നത്. അതുതന്നെയാണ് ഈ ആശയത്തിലേക്ക് നമ്മുടെ മനസ്സുകളെ പിടിച്ചു വലിക്കുന്നതും.
മൗനം അഥവാ നിശ്ശബ്ദതയ്ക്ക് ജീവിതത്തിൽ വളരെ പ്രാധാന്യമുണ്ട്. സംസാരത്തേക്കാൾ ശക്തിയുള്ളതാണ് മൗനമെന്ന് മഹത്തുക്കൾ പറഞ്ഞുവെച്ചിട്ടുണ്ട്. മനസ്സിൻ്റെ ശാന്തത, ഏകാഗ്രത, ആത്മീയ വളർച്ച എന്നിവയ്ക്ക് സഹായിക്കുന്നു. സംസാരം കുറയ്ക്കുമ്പോൾ, മനസ്സ് കൂടുതൽ ശാന്തമാവുകയും ചിന്തകൾ ക്രമീകരിക്കപ്പെടുകയും ചെയ്യുന്നു. ഇത് മാനസിക സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കുന്നു. മൗനം ഏകാഗ്രത വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. സംസാരത്തിൽ നിന്ന് ശ്രദ്ധ തിരിയുമ്പോൾ, ഒരു കാര്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. സംസാരിക്കുമ്പോൾ നമ്മുടെ ശ്രദ്ധ ആ വിഷയത്തിലും ആ വിഷയം ഉണർത്തുന്ന വികാരത്തിലും കേന്ദ്രീകരിക്കപ്പെടും. അതേസമയം മൗനത്തിലേക്ക് പോകുമ്പോൾ എന്താണ് സംസാരിക്കേണ്ടത്, അതെന്തുകൊണ്ടാണ് സംസാരിക്കേണ്ടിവരുന്നത് തുടങ്ങിയ ചിന്തകൾക്ക് കളമൊരുങ്ങും. ആത്മീയത കൊണ്ട് വിവക്ഷിക്കപ്പെടുന്നത് ജീവിതത്തെ മൊത്തത്തിൽ ശരിയുടെ പാതയിലൂടെ നയിക്കുവാൻ വേണ്ട മനശക്തിയാണ്. അതു ലഭിക്കുവാനും ഗാഢമായ ചിന്തയാണ് വേണ്ടത്. മൗനം ചിന്തയുടെ വാതിലുകൾ തുറക്കുന്നു. ഇപ്രകാരം തന്നെ മൗനം സർഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നു. കലാകാരന്മാർ പൊതുവേ മൗനികളായിരിക്കും എന്നത് ഇതിനു തെളിവാണ്. സംസാരത്തിൽ നിന്ന് ഒഴിഞ്ഞുമാറുമ്പോൾ, പുതിയ ആശയങ്ങൾ രൂപീകരിക്കാനും ചിന്തകളെ പുതിയ തലങ്ങളിലേക്ക് നയിക്കുവാനും ചിന്തകൾക്ക് മനോഹരമായ ഭാവങ്ങൾ രൂപങ്ങൾ എന്നിവ നൽകുവാനും അവസരം ഒരുങ്ങും.
മനുഷ്യനെ ഈ തരത്തിലെല്ലാം വളർത്തിയെടുക്കുകയാണല്ലോ മതങ്ങളുടെ ലക്ഷ്യം. അതിനാൽ മതങ്ങൾ ഈ വികാരത്തെ ഉന്നതമായി കാണുകയും ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഹിന്ദു ധർമ്മത്തിൽ അത് ഒരു വ്രതമായി തന്നെ ഗണിക്കപ്പെടുകയും ആചരിക്കപ്പെടുകയും ചെയ്യുന്നു. 'മൗനവ്രതം എന്നത് പൂജ, ജപം, സേവനം, ധ്യാനം, തുടങ്ങിയ സാധനകള്‍ പോലെ പ്രധാന്യമുള്ളതാണ്, പ്രാര്‍ത്ഥന, ജപം, ധ്യാനം എന്നിവപോലെ മൗനവ്രതവും സാധനയാക്കിയാല്‍ ആര്‍ക്കും ഈശ്വര കടാക്ഷവും മനസ്സിനെ നിയന്ത്രിക്കാനും സാധിക്കുമെന്ന് ഭഗവത് ഗീതയിലെ പത്ത്, പതിനൊന്ന് അദ്ധ്യായങ്ങളില്‍ ശ്രീകൃഷ്ണൻ വിവരിക്കുന്നുണ്ട്. അതിസൂക്ഷ്മമായ ആത്മീയ സാധനയാണ് മൗനവ്രതമെന്നും ഗീതയില്‍ ഉപദേശിക്കുന്നു. ബൈബിൾ പഴയ നിയമത്തിൽ ഇങ്ങനെ കാണാം: ഇസ്രായേലിന്റെ പരിശുദ്ധനായ ദൈവമായ കർത്താവ് ഇപ്രകാരം പറഞ്ഞു: 'കാത്തിരിപ്പുകൊണ്ടും ശാന്തതകൊണ്ടും നിങ്ങൾ രക്ഷിക്കപ്പെടും, നിശ്ശബ്ദതയിലും വിശ്വാസത്തിലും നിങ്ങളുടെ ശക്തിയായിരിക്കും' (യെശയ്യാവ് 30:15). ബുദ്ധമതം അടക്കമുള്ള മതങ്ങളുടെ പൊതുവായ പ്രകൃതവും പ്രഭാവവും തന്നെ അർത്ഥപൂർണ്ണമായ മൗനത്തിൻ്റേതാണ്. ബുദ്ധ സന്യാസിമാര്‍ അനുഷ്ഠിച്ചിരുന്ന നിശ്ചേതനാ സമ്പ്രദായവും സെന്‍ ബുദ്ധിസ്റ്റുകള്‍ പിന്തുടര്‍ന്നിരുന്ന ധ്യാന രീതികളും അവലംബിച്ചാണ് ഹിന്ദു സന്യാസിമാര്‍ മൗന ധ്യാനത്തെ വികസിപ്പിച്ചത്. മനഃശാസ്ത്ര ചികിത്സയില്‍ മൗനം, അവയുടെ തലങ്ങളെ പറ്റിയുള്ള അറിവ്, അവയുടെ ശാസ്ത്രീയമായ പരിശീലനം എന്നിവ വളരെ പ്രാധാന്യമുള്ളതാണ്. ഇക്കാര്യത്തിൽ ഏറ്റവും തീർച്ചയോടെ സംസാരിക്കുന്നത് ഇസ്ലാം തന്നെയാണ്. അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു: ''...വല്ലവനും അല്ലാഹുവിലും അന്ത്യ നാളിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ നല്ലതു പറയട്ടെ, അല്ലെങ്കില്‍ മൗനം ദീക്ഷിക്കട്ടെ...'' (ബുഖാരി).
ഇസ്‌ലാം കാര്യങ്ങളെയും പുണ്യപ്രവൃത്തികളെയും മുആദ് ഇബ്‌നുജബലി(റ)ന് വിവരിച്ച് കൊടുത്ത അവസാനമായി നബി(സ്വ) അദ്ദേഹത്തോടു പറഞ്ഞു: ''...അവകളൊന്നും പാഴാകാതെ നേടിയെടുക്കുവാൻ സഹായകമാകുന്ന ഒരു മാർഗ്ഗം നിങ്ങള്‍ക്കു ഞാന്‍ അറിയിച്ചുതരട്ടെയോ? അത് കേട്ടപ്പോൾ അദ്ദേഹം പറഞ്ഞു: 'അതെ, നബിയേ.' അപ്പോള്‍ നബി (സ്വ) തന്റെ നാവുപിടിച്ചുകൊണ്ട് പറഞ്ഞു: 'ഇതു നീ നിയന്ത്രിച്ചു നിര്‍ത്തുക.' അതു കേട്ടപ്പോൾ അദ്ദേഹം തെല്ലു ആശ്ചര്യത്തോടെ ചോദിച്ചു: 'ഞങ്ങള്‍ സംസാരിക്കുന്നതില്‍ ഞങ്ങള്‍ വിചാരണക്കു വിധേയമാക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുമോ?' നബി തങ്ങൾ പറഞ്ഞു: 'മുആദ്, ജനങ്ങളെ അവരുടെ മുഖങ്ങളില്‍ അല്ലെങ്കില്‍ അവരുടെ മൂക്കുകളില്‍ നരകത്തില്‍ വീഴ്ത്തുന്നത് അവരുടെ നാവുകളുടെ ദൂഷ്യസംസാരങ്ങളല്ലാതെ മറ്റെന്താണ് !...'' (തുര്‍മുദി) ഇസ്ലാമിക ദർശന പ്രകാരം നാവ് ആണ് മനുഷ്യൻ്റെ അവയവങ്ങളിൽ ഏറ്റവും ശക്തിയുള്ളത്. അബൂസഈദില്‍ഖുദ്‌രി(റ)യില്‍ നിന്ന് നിവേദനം ചെയ്യപ്പെടുന്ന ഒരു തിരുവചനത്തിൽ നബി(സ്വ)പറയുന്നു: 'ഓരോ പ്രഭാതത്തിലും മനുഷ്യന്റെ അവയവങ്ങള്‍ നാവിനോട് വിനയപുരസ്സരം പറയും: 'ഞങ്ങളുടെ വിഷയത്തില്‍ നീ അല്ലാഹുവിനെ സൂക്ഷിക്കുക. നീ ചൊവ്വായാല്‍ ഞങ്ങള്‍ ചൊവ്വാകും. നീ വളഞ്ഞാല്‍ ഞങ്ങളും വളയും' (അഹ്മദ്). നാവിനെ നിയന്ത്രിച്ചു നിറുത്തുന്നതില്‍ രക്ഷയുെണ്ടന്ന് നബി തങ്ങൾ ഇവിടെ ഉണര്‍ത്തുന്നു. പലപ്പോഴും നാവാണ് മനുഷ്യനെ നാശങ്ങളിലും നഷ്ടങ്ങളിലും കൊണ്ടെത്തിക്കുന്നത്.
ജാബിറുബ്‌നുഅബ്ദില്ല(റ) നിവേദനം ചെയ്യുന്ന ഹദീസിൽ നബി തങ്ങൾ പറയുന്നു: 'നിശ്ചയം, നിങ്ങളില്‍ എനിക്ക് ഏറ്റവും ദേഷ്യമുള്ളവരും അന്ത്യനാളില്‍ എന്നോട് ഏറ്റവും അകലത്തില്‍ ഇരിപ്പിടമുള്ളവരും വായാടികളും ജനങ്ങളോട് നാക്ക് നീട്ടി ഉപദ്രവകരമായി സംസാരിക്കുന്നവരും മുതഫയ്ഹി ഖീങ്ങളുമാണ്. അതു കേട്ടപ്പോൾ അവിടെ ആഗതരായിരുന്നവർ ചോദിച്ചു: 'അല്ലാഹു വിന്റെ റസൂലേ, വായാടികളേയും ജനങ്ങളോട് നാക്ക്‌നീട്ടി ഉപദ്രവകരമായി സംസാരിക്കുന്നവരെയും ഞങ്ങള്‍ക്കറിയാം. എന്നാല്‍, ആരാണ് അങ്ങ് പറയുന്ന മുതഫയ്ഹിഖീങ്ങള്‍?' നബി പറഞ്ഞു: 'അഹങ്കാരികളാണ് അവർ' (തുര്‍മുദി). സൃഷ്ടിപ്പിൽ തന്നെ സൃഷ്ടാവ് അത് സൂചിപ്പിച്ചിട്ടുണ്ട് എന്നത് ഈ ചിന്തയോടെ ചേർത്തു വായിക്കേണ്ട കാര്യമാണ്. മനുഷ്യന് അവൻ രണ്ടു കാതും ഒരു നാക്കും നൽകിയതിലെ പൊരുൾ സംസാരിക്കുന്നതിനേക്കാൾ കൂടുതൽ മൗനത്തോടെ കേൾക്കുകയാണ് വേണ്ടത് എന്നാണ് എന്ന് പല ദാർശനികരും പറഞ്ഞതായി കാണാം. അലി(റ) പറഞ്ഞു: 'മൗനം കൂടുതലാകുന്നതുകൊണ്ടാണ് ഗാംഭീര്യമുണ്ടാകുന്നത്'. അബുദ്ദര്‍ദാഅ്(റ) പറഞ്ഞു: 'സംസാരം പഠിക്കുന്നതു പോലെ നിങ്ങള്‍ മൗനവും പഠിക്കുക. കാരണം മൗനം തികഞ്ഞ യുക്തിയാണ്. സംസാരിക്കുന്നതിനെക്കാര്‍ സംസാരം കേള്‍ക്കുവാന്‍ താല്‍പര്യം കാണിക്കുക. തന്നെ പ്രത്യേകമായി പരിഗണിക്കാത്ത യാതൊരു വിഷയത്തിലും സംസാരിക്കാതിരിക്കുകയും ചെയ്യുക.' ഇബ്‌നു ബുറൈദ പറയുന്നു: ഇബ്‌നു അബ്ബാസ്(റ) ഒരിക്കൽ തന്റെ നാവ് പിടിച്ചു കൊണ്ട് ഇങ്ങനെ പറയുന്നത് ഞാന്‍ കേട്ടു: ‘നാവേ, നിനക്ക് നാശം!, നീ നല്ലത് പറയുക, നിനക്കത് മുതല്‍കൂട്ടാവും. അല്ലെങ്കില്‍ മിണ്ടാതിരിക്കുക ദോഷത്തില്‍ നിന്ന് നീ രക്ഷപ്പെടും. അല്ലാത്തപക്ഷം നീ ഖേദിക്കേണ്ടി വരും’.
താർക്കികർക്ക് മറുപടി കൂടിയാണ് മൗനം. ഒരിക്കൽ അവിശ്വാസിയായ ഒരു വിദ്വാൻ ഇത് തിരുമേനിയുടെ മുമ്പിൽ വന്നു. അയാൾ ചോദിച്ചു: 'ഹേ മുഹമ്മദ്, താങ്കുടെ മതമാണോ താങ്കളുടെ പിതൃവ്യൻ അബു താലിബിന്റെ മതമാണോ ഉത്തമം?' നബി തിരുമേനിയെ ഉത്തരം മുട്ടിച്ച് മാനസികമായി വിഷമിപ്പിക്കുക എന്നതായിരുന്നു ചോദ്യകർത്താവിന്റെ ലക്ഷ്യം. നബി തിരുമേനിയുടെ മനസ്സിലും ജീവിതത്തിലും ഏറെ സ്വാധീനം ചെലുത്തിയ സ്നേഹബന്ധം ആണ് പിതൃവ്യൻ അബുതാലിബുമായി ഉള്ളത്. അബൂത്വാലിബിനെ ഇകഴ്ത്തി പരസ്യമായി നബി ഒന്നും പറയുമായിരുന്നില്ല. അതിനാൽ ഈ ചോദ്യത്തിന്റെ മുമ്പിൽ നബി തങ്ങൾ സ്വീകരിച്ച മറുപടി മൗനത്തിൻ്റേതായിരുന്നു. ഒന്നും പറയാതെ നബി ആ രംഗം വിട്ടു. അജ്ഞരായ ആൾക്കാർ പറയുന്നതിൽ നിന്ന് തിരിഞ്ഞു പോവുക അഥവാ മൗനം പാലിക്കുക എന്നത് വിശുദ്ധ ഖുർആനിൻ്റെ കല്പനയാണ്. നബി തങ്ങളുടെ പൊതുവായ പ്രകൃതവും മൗനത്തിൻ്റെതായിരുന്നു. പൊതുവേ മൗനിയായി തന്റേതായ ചിന്തകളിൽ കഴിഞ്ഞുപോകുന്ന പ്രകൃതമായിരുന്നു അവരുടേത്. ആ ഉന്നതമായ വ്യക്തിത്വത്തിന്റെ രൂപീകരണത്തിൽ ആ മൗനത്തിന് വലിയ സ്വാധീനം ഉണ്ടായിട്ടുണ്ട്. നബിയും സ്വഹാബത്തും ഉൾക്കൊണ്ട ഈ ദർശനങ്ങളിൽ നിന്നാണ് സംസാരം വെള്ളി ആണെങ്കിൽ മൗനം സ്വർണമാണ് എന്ന് ആപ്തവാക്യം രൂപപ്പെട്ടത്.
0
Thoughts & Arts
മൗനം മഹത്തരമാണ്
2025-08-24
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso