Thoughts & Arts
നയിക്കേണ്ടത് ആരാണ്?
2025-08-24
Web Design
15 Comments
വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി
ഒരു ആശയത്തിൽ കേന്ദ്രീകൃതമായ ജനക്കൂട്ടം എന്ന് സാമാന്യമായി നമുക്ക് സമുദായത്തെ നിർവചിക്കാം. ജനക്കൂട്ടത്തെ ഈ വിധത്തിൽ കേന്ദ്രീകരിച്ചു നിർത്തുക എന്നതും അങ്ങനെ തന്നെ മുന്നോട്ടു കൊണ്ടുപോവുക എന്നതും ഏറെ ശ്രമകരമാണ്. ഈ ശ്രമം നടത്തേണ്ടത് ആരാണ് എന്നത് കണ്ടുപിടിക്കുവാൻ നമുക്ക് ആ ദൗത്യം ഒന്നുകൂടി മനസ്സിൽ പറഞ്ഞുറപ്പിക്കേണ്ടതുണ്ട്. സമുദായത്തെ ശരിയായ രീതിയിൽ മുന്നോട്ട് നയിക്കുക എന്നതാണ് ദൗത്യം. അത് ആരുടെ കടമയാണ് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുവാൻ ചോദ്യത്തിനുള്ളിൽ തന്നെ ചികഞ്ഞാൽ മതി. ചോദ്യത്തിനുള്ളിൽ രണ്ടു ഘടകങ്ങളാണ് ഉള്ളത്. ഒന്ന്, 'ശരിയായ രീതിയിൽ' എന്ന ഘടകം. രണ്ടാമത്തേത്, 'നയിക്കുക' എന്ന ഘടകവും. ഇവയിൽ ശരിയായ രീതിയിൽ എന്ന ഉപാധി അനുസരിച്ച്, നയിക്കുന്നത് ശരിയുടെ വഴിയിലൂടെയും രീതിയിലൂടെയും തന്നെയാണ് എന്ന് ഉറപ്പുവരുത്തുവാൻ കഴിയുക ഉലമാക്കൾക്കാണ്. ശരിയെയും തെറ്റിനേയും വ്യവഹരിച്ച് പറയുവാൻ കഴിയുന്നത് അറിവുള്ള അവർക്കാണ്. അതേസമയം അവർക്ക് നയിക്കാൻ കഴിഞ്ഞു കൊള്ളണമെന്നില്ല. കാരണം നയിക്കുവാൻ ഭൗതികമായ മറ്റു പല ശേഷികളും കൂടി ഉണ്ടായിരിക്കേണ്ടതുണ്ട്. വഴിയൊരുക്കുക, ഊർജ്ജം ഉറപ്പുവരുത്തുക, യുക്തിയും ന്യായവും അനുസരിച്ചുള്ള രീതി രൂപപ്പെടുത്തുക, പാഥേയം കണ്ടെത്തുക തുടങ്ങിയതെല്ലാം ഏതാണ്ട് ഭൗതികമാണ്. അതിനാൽ തന്നെ അത് ചെയ്യുവാൻ കഴിയുക ഉമറാക്കൾ എന്ന പൗര പ്രമുഖർക്കാണ്. ഇതോടെ സമുദായത്തെ ശരിയായ രീതിയിലൂടെ മുന്നോട്ട് നയിക്കുക എന്നത് ഉലമാക്കളുടെയും ഉമറാക്കളുടെയും കൂട്ടായ ഉത്തരവാദിത്വമാണ് എന്നതിലേക്ക് നാം എത്തിച്ചേരുന്നു. ഈ രണ്ടു ഘടകങ്ങളും സമം ചേർന്നു നിൽക്കാതെ മുന്നോട്ടുള്ള ഗമനം സാധ്യമാകില്ല. മുന്നേറ്റങ്ങൾ ഉണ്ടായപ്പോഴെല്ലാം അങ്ങനെയാണ് അതുണ്ടായത് എന്നത് ചരിത്രവും അനുഭവവും ആണ്. സമുദായത്തിന്റെ പല ഉത്ഥാനപതനങ്ങളും ഇതിനകം നാം കണ്ടിട്ടുണ്ട്. അവിടെ ഉത്ഥാനങ്ങളിലെല്ലാം ഉലമാക്കളുടെയും ഉമറാക്കളുടെയും കൂട്ടായ്മ ഉണ്ടായിരുന്നു. സച്ചരിതരായ റാഷിദീ ഖലീഫമാരുടെ ഭരണങ്ങൾ അതിനുദാഹരണമാണ്. രാഷ്ട്രീയവും ആത്മീയവും സാമൂഹികവും സാമുദായികവും എല്ലാമായ സവിശേഷതകൾ ഉള്ളവർ ഒന്നിച്ചു നിന്നപ്പോഴാണ് അവർക്ക് അഭിമാനത്തോടെ ഭരിക്കാൻ കഴിഞ്ഞത്. രണ്ടു വിഭാഗവും രണ്ടു വശത്തേക്ക് നീങ്ങുന്ന സാഹചര്യമുണ്ടായപ്പോഴൊക്കെ കാര്യങ്ങൾ ദുർബലമാവുകയും മുന്നേറ്റം നിലച്ചു പോവുകയുമാണ് ഉണ്ടായത്. ഇന്ത്യയിലെ മുസ്ലിം ഭരണം മറ്റൊരു ഉദാഹരണമാണ്. ആത്മീയ നായകന്മാരും പണ്ഡിതന്മാരും ഒപ്പം ഭരണ ശേഷിയുള്ള നേതാക്കന്മാരും ചേർന്നുനിന്നത് കൊണ്ടാണ് എണ്ണൂറ് വർഷത്തോളം നീണ്ട ഒരു ഭരണ പാരമ്പര്യം ഇന്ത്യയിൽ ഉണ്ടായത്. ക്രമേണ അത് രണ്ടും രണ്ടു വഴിക്ക് തിരിഞ്ഞപ്പോഴായിരുന്നു അതിൻ്റെ ക്ഷയം ആരംഭിച്ചതും സംഭവിച്ചതും.
ഈ തത്വം വെറും ഇസ്ലാമികം മാത്രമല്ല. ഉദാഹരണമായി റോമാ സാമ്രാജ്യത്തെ എടുക്കാം. പള്ളിയും പാർലമെൻറും അതായത് പാതിരിമാരും ഭരണാധികാരികളും സമജ്ജസമായി സമം ചേർന്നപ്പോഴാണ് റോമാസാമ്രാജ്യം എന്ന ശക്തി ഉണ്ടായത്. ലോകത്തിലെ വലിയ ഒരു ശക്തിയാകുവാൻ ആ സാമ്രാജ്യത്തിന് കുറേക്കാലം കഴിയുകയും ചെയ്തു. പിന്നീട് അവരിൽ ചില ഭരണാധികാരികൾ തന്നെ മതത്തിൻ്റെ ആൾക്കാരെ രാഷ്ട്രീയത്തിൽ നിന്ന് വേർപ്പെടുത്തണമെന്ന് വാദിച്ച് രംഗത്തെത്തി. ദൈവത്തിനുള്ളത് ദൈവത്തിനും സീസർക്കുള്ളത് സീസർക്കും എന്ന തത്വം അങ്ങനെയാണ് ഉണ്ടായത്. തൽഫലമായി പിന്നീടുണ്ടായതെല്ലാം മതത്തെയും ആത്മീയതയെയും മാറ്റി നിർത്തി കൊണ്ടുള്ള ഭരണം മാത്രമായിരുന്നു. അതോടെ റോമാ സാമ്രാജ്യം വെറും ഒരു രാഷ്ട്രീയ സാമ്രാജ്യമായി മാറുകയും അതിനാൽ തന്നെ ചിന്നഭിന്നമായി പോവുകയും ചെയ്തു. ഈ തത്വം ഏറെ ശക്തമായി ഉന്നയിച്ചതും ലോകത്തെ പഠിപ്പിച്ചതും ഇസ്ലാമാണ്. നബി(സ്വ) തിരുമേനി പറഞ്ഞു: 'എൻ്റെ സമുദായത്തിൽ രണ്ടു വിഭാഗം ജനങ്ങൾ ഉണ്ട്, ആ രണ്ടു വിഭാഗവും നന്നായാൽ സമുദായം ആകെ നന്നായി തീരും. ആ രണ്ട് വിഭാഗവും കേടുവന്നാൽ, സമുദായം ആകെ കേടു വരും. അത് ഉലമാക്കളും ഉമറാക്കളും ആണ്'. ഇങ്ങനെ പറയാൻ ചില ന്യായങ്ങൾ ഉണ്ട്. ഉമ്മത്തിന്റെ വളർച്ച, പുരോഗതി എന്നിവ ശരിക്കും എന്താണ് എന്ന് മനസ്സിലാക്കുമ്പോഴാണ് ആ ന്യായങ്ങൾ ബോധ്യപ്പെടുക. ഉമ്മത്ത് എന്ന നിലക്ക് അതിന്റെ വളർച്ചയും പുരോഗതിയും സംഘടിത ബലത്തിലാണ് കുടികൊള്ളുന്നത്. ഈ സംഘടിത ബലം ഉണ്ടാകുവാൻ വേണ്ടത് ആത്മീയമായ ബോധ്യവും ബോധവുമാണ്. ഇവയാകട്ടെ, ഒരു പ്രഭാഷണം കൊണ്ടോ കുറച്ചു നേരത്തെ ഒരു ഇടപെടൽ കൊണ്ടോ നേടിയെടുക്കാവുന്നതല്ല. മറിച്ച്, സ്ഥാപിത രൂപത്തിലുള്ള സംവിധാനങ്ങൾ ഉണ്ടാക്കി സ്ഥിര സ്വഭാവത്തിൽ പ്രവർത്തിപ്പിക്കുക തന്നെ വേണം. രണ്ടു വിഭാഗത്തിൻ്റെയും പരസ്പരം ചേർന്നുനിന്നു കൊണ്ടുള്ള ശ്രമം ഇതിനാവശ്യമാണ്. സ്ഥാപിത രൂപത്തിലുള്ള സംവിധാനങ്ങൾ സൃഷ്ടിക്കുവാൻ പൗര പ്രമാണികളായ ഉമറാക്കളുടെ ശ്രമം വേണം. അവ ശരിയായ രീതിയിലും രൂപത്തിലും പ്രവർത്തിപ്പിക്കുവാൻ ജ്ഞാനികളായ ഉലമാക്കളുടെ ശ്രമവും വേണം. ഇതുകൊണ്ടാണ് ഉമ്മത്തിനെ ഉലമാക്കളും ഉമറാക്കളും ചേർന്നുനിന്നു കൊണ്ട് നയിക്കണം എന്നു പറയുന്നത്.
ഉമ്മത്ത് എന്ന വികാരം സംരക്ഷിക്കുവാൻ ഈ കൂട്ടായ്മക്കേ കഴിയൂ. ചിലരെങ്കിലും ചിന്തിക്കുന്നതുപോലെ തീവ്രത, ഭീകരത, കലാപം, യുദ്ധം, സാമ്പത്തിക ശേഷി മുതലായവ കൊണ്ടൊന്നും ഉമ്മത്ത് എന്ന ബോദ്ധ്യം സൃഷ്ടിക്കാനോ നിലനിറുത്തുവാനോ കഴിയില്ല. അങ്ങനെയൊക്കെ ഇസ്ലാമിക സമൂഹത്തിൽ തന്നെ ഉണ്ടായിട്ടുണ്ട് എന്നതു ശരിയാണ്. പക്ഷെ അത്തരം കായികവും ഭൗതികവുമായ വളർച്ചകളൊന്നും ഒരിക്കലും മുസ്ലിം ജനതയെ ഒരുപാട് സഹായിച്ചിട്ടില്ല എന്നത് ചരിത്രവും അനുഭവവുമാണ്. നബി(സ്വ)യുടെ കാലത്ത് തന്നെ ബദറും ഉഹദും ഖന്തക്കും ഹുനൈനുമെല്ലാം ഉണ്ടായിട്ടുണ്ടെങ്കിലും ഇസ്ലാമിലേക്ക് കൂട്ടംകൂട്ടമായി ജനങ്ങൾ കടന്നു വന്നത് ഹിജ്റ ആറാം വർഷം നടന്ന ഹുദൈബിയ സന്ധിയിലൂടെ സമാധാനാന്തരീക്ഷം കൈവരികയും ഇസ്ലാമിക പ്രബോധനത്തിനുള്ള വഴിയൊരുങ്ങുകയും ചെയ്തപ്പോഴായിരുന്നു. മക്കാ വിജയത്തോടു കൂടെ ഇസ്ലാമിന്റെ സമീപന ശക്തിയും രാഷ്ട്രീയ സവിശേഷതയും ആത്മീയ ഭാവവും ഒരേപോലെ കുലത്തിൽ പടരുകയും പകരുകയും ചെയ്തു. അത് കൂട്ടംകൂട്ടമായി ഇസ്ലാമിലേക്ക് ജനങ്ങളെ ആകർഷിച്ച മറ്റൊരു ഘടകമായിരുന്നു. സാമ്പത്തിക-രാഷ്ട്രീയ-ഭൗതിക ഭദ്രതക്കും ഉമ്മത്ത് എന്ന ബോദ്ധ്യം നിലനിറുത്തുവാൻ കഴിയില്ല എന്നതിന് തെളിവാണ് മുസ്ലിം സ്പെയിൻ. ഉന്നതമായ ആത്മീയ വികാരത്തോടെ സ്വന്തമാക്കിയ ഈ പ്രദേശവും അതിൻ്റെ ആധിപത്യവും ചോർന്നത് ഭൗതിക പ്രഭാവങ്ങൾക്ക് മേൽകൈ കൈവന്നപ്പോഴായിരുന്നു. നമ്മുടെ കേരളത്തിൽ തന്നെ മാപ്പിളക്കലാപം തുടങ്ങിയ പാഠങ്ങൾ ഉണ്ട്. അതിലൊക്കെ പലതരം വിജയങ്ങളും നേട്ടങ്ങളും എല്ലാം ഉണ്ടായിട്ടുമുണ്ട്. പക്ഷേ, അതിനെല്ലാം വിവിധ വഴികളിലൂടെയായി പല വിലയും നൽകേണ്ടിവന്നു എന്നത് അവിതർക്കിതമായ കാര്യമാണ്. അതേസമയം സമുദായത്തിനെ കൂടുതൽ സമുദ്ധരിക്കുവാനും അച്ചടക്കവും അറിവും നൽകുവാനും സാധിച്ചത് ഇത്തരം കലാപങ്ങൾ വഴിയല്ല, മറിച്ച്, സമുദായത്തെ ആത്മീയമായി സമുദ്ധരിക്കുക വഴിയാണ്. അതിന് വേണ്ടിവന്നത് പള്ളികളും മദ്രസകളും മതസ്ഥാപനങ്ങളും എല്ലാമാണ്. ഭൗതികമായ വിദ്യാഭ്യാസം തുടങ്ങുന്ന അതേ പ്രായത്തിൽ തന്നെ മുസ്ലിം സമുദായത്തിലെ കുട്ടികൾ മതപരമായ വിദ്യാഭ്യാസം തുടങ്ങുന്ന സാഹചര്യം ഒരു സാമൂഹ്യ ഒഴുക്കായി തന്നെ മാറിയ അനുഭവം ഇന്ത്യയിൽ കേരളത്തിനു മാത്രം പറയാൻ കഴിയുന്നതാണ്. പള്ളികളും സ്ഥാപനങ്ങളും ഉണ്ടാക്കുവാനും നടത്തുവാനും ഉമറാക്കളാണ് മുൻപിൽ നിൽക്കുന്നത്. ആ സ്ഥാപനങ്ങളെ അതിൻ്റേതായ ചിട്ടവട്ടങ്ങളോടെ മുന്നോട്ടു കൊണ്ടുപോകുവാനും അതിൻ്റെ ദാനങ്ങളെ സമുദായത്തിന്റെ ഉള്ളിലേക്ക് എത്തിക്കുവാനും മുൻപിൽ നിന്നത് ഉലമാക്കളുമാണ്. ഉലമാക്കളും ഉമറാക്കളും ചേർന്നു നിൽക്കേണ്ടത് എങ്ങനെയാണ് എന്ന രീതിശാസ്ത്രവും ചേർന്നുനിന്നാൽ എന്തെല്ലാം നേട്ടങ്ങൾ ലഭിക്കും എന്ന അറിവും ഇതിലൂടെ നമുക്ക് ലഭ്യമാകുന്നു.
ഉലമാക്കളുടെയും ഉമറാക്കളുടെയും ചേർന്നുനിന്നു കൊണ്ടുള്ള നേതൃത്വത്തിന്റെ ഗുണഫലങ്ങൾ ഏറെ പച്ചയായി അനുഭവിച്ചവരാണ് നാം കേരളത്തിലെ മുസ്ലീങ്ങൾ. പ്രവാചകന്റെ കാലത്ത് തന്നെ ഇസ്ലാം ഇവിടെ കടന്നു വരികയുണ്ടായി. ഇസ്ലാമുമായി എത്തിയവരെല്ലാം ഒന്നുകിൽ പണ്ഡിതന്മാരോ അല്ലെങ്കിൽ കാര്യശേഷിയുള്ള സാമൂഹ്യ നേതാക്കളോ ആയിരുന്നു. അവരിൽ നിന്നാണ് ഈ മഹത്തായ സ്വത്വം കേരളം രൂപപ്പെടുത്തിയെടുത്തത്. ആദ്യകാലത്തെ സമുദായത്തിന്റെ ഘടന എങ്ങനെയായിരുന്നു എന്ന് നമുക്കറിയില്ല. എങ്കിലും ചില ശക്തമായ അനുമാനങ്ങൾ നമുക്ക് നടത്താവുന്നതാണ്. ഇസ്ലാമുമായി ആദ്യം കേരളക്കരയിലെത്തിയവർ സ്ഥാപിച്ചത് പള്ളികളായിരുന്നു എന്നതിൽ നിന്നാണ് ആ അനുമാനങ്ങൾ ഉണ്ടാകുന്നത്. പള്ളികൾ സ്ഥാപിക്കുകയായിരുന്നു അവർ ആദ്യം ചെയ്തത് എന്ന് പറയുമ്പോൾ അവിടെ പള്ളി നിർമ്മിക്കുകയും അത് നടത്തിക്കൊണ്ടുപോവുകയും ചെയ്യുവാനുള്ള താൽപര്യവും ത്വരയും ഉള്ള ഉമറാക്കളും പള്ളിയെ ആശയ തലത്തിൽ നയിക്കുവാനുള്ള ഉലമാക്കളും ആയിരുന്നു നായകന്മാർ എന്ന് വ്യക്തമാകും. ചരിത്രങ്ങൾ രേഖപ്പെടുത്തുന്ന സംസ്കാരമോ ശീലമോ ആദ്യകാലത്ത് ഇല്ലായിരുന്നു എന്നത് വ്യക്തമാണ്. അതിനാലാണ് അന്നത്തെ സമുദായത്തിന്റെ ഘടന അറിയുവാൻ വേണ്ടി നമുക്ക് അനുമാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നത്. പക്ഷേ പിൽക്കാലത്ത് സ്വന്തമായി സംസ്കാരവും സ്മാരകങ്ങളും എല്ലാം ഉണ്ടാകുവാൻ മാത്രം ഈ സമുദായം ശക്തിയാർജിച്ചു എന്ന അനുഭവത്തിൽനിന്ന് ആ കാലത്തെ ഉലമാക്കളും ഉമറാക്കളും നന്നായി ചേർന്ന് നിന്നുകൊണ്ട് പരിശ്രമിച്ചതിന്റെ ഫലമാണ് അത് എന്ന് നമുക്ക് പറയാം. ആ ഫലങ്ങളിൽ അവരുടെ സ്ഥാപനങ്ങളും ജീവിതങ്ങളും പോരാട്ടങ്ങളും എല്ലാം ഉണ്ടായിരുന്നു. പറങ്കികൾക്കെതിരായ പോരാട്ടത്തിൽ സാമൂതിരിയുടെ പടത്തലവന്മാരായ കുഞ്ഞാലിമാര്‍ക്ക് പിന്തുണ നല്കാന് മുസ്ലിംകളെ ഉപദേശിച്ച പൊന്നാനിയിലെ മഖ്ദൂമുമാരുടെ പാരമ്പര്യത്തില്‍നിന്നാണ് ഈ ഐക്യം കേരളത്തിലെ മുസ്ലിം നാഗരികതയിൽ വെളിച്ചം പ്രാപിച്ചത്. 1498ല്‍ പറങ്കികള്‍ കോഴിക്കോടിനടുത്ത് പന്തലായിനിയില്‍ കപ്പലിറങ്ങിയതില്‍ പിന്നെ വാണിജ്യ, സാമൂഹിക മണ്ഡലങ്ങളില്‍ ഏല്‍ക്കേണ്ടിവന്ന ആഘാതങ്ങളും നഷ്ടങ്ങളുമാണ് സ്വന്തം സ്വത്വത്തെക്കുറിച്ച് ചിന്തിക്കാന്‍ മുസ്ലിംകളെ പ്രേരിപ്പിച്ചതെന്ന് ചരിത്രകാരന്‍ സ്റ്റീഫന്‍ ഫെഡറിക് ഡെയ്ല്‍ നിരീക്ഷിക്കുന്നുണ്ട്. തങ്ങളുടെ നിലനിൽപ്പിനു വേണ്ടി തങ്ങൾ സംഘടിച്ച് ചെറുത്തുനിൽക്കേണ്ടതാണ് എന്ന ബോധം വന്നതോടുകൂടി അത് മതത്തിൻ്റെ പേരിൽ ആയിരിക്കുന്നതായിരിക്കും ഏറെ ശക്തമായി എന്ന വെളിപാട് ലഭിക്കുകയായിരുന്നു. അങ്ങനെയാണ് ഉലമാക്കളും ഉമറാക്കളും ചേർന്നുനിന്നുകൊണ്ടുള്ള നേതൃത്വത്തിന്റെ ഗുണഫലം ഈ മണ്ണിൽ പുതിയ കാലത്തേക്ക് വളർന്നു തുടങ്ങിയത്. അതോടെ സമുദായത്തിൽ ഒരു മുസ്ലിം സ്വത്വം രൂപപ്പെട്ടു. തുടർന്ന് ബ്രിട്ടീഷ് കോളനിശക്തികള്‍ക്കെതിരായ ചെറുത്തുനില്‍പ്പ് ആരംഭിച്ചപ്പോൾ ഇതേ അനുഭവം തന്നെ ഏറെ ഉപകാരപ്പെട്ടു. പൊന്നാനിയിലെ മഖ്ദൂം തങ്ങന്മാര്‍ കൊളുത്തിവെച്ച വൈജ്ഞാനിക വിളക്കില്‍നിന്ന് പ്രകാശമുള്‍ക്കൊണ്ട്, വെളിയങ്കോട് ഉമര്‍ഖാളി, മമ്പുറം സയ്യിദ് അലവി തങ്ങള്‍, ഫസല്‍ പൂക്കോയതങ്ങള്‍, ആലി മുസ്ലിയാര്‍, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തുടങ്ങിയ ഉലമാ - ഉമറാ നേതാക്കളുടെ ചെറുത്തുനില്‍പ്പിൻ്റെ പോരാട്ടവഴിയിലൂടെ ഇരുപതാം നൂറ്റാണ്ടിലത്തെിയതോടെ മുസ്ലിം ലോകത്താകമാനമുണ്ടായ ഉണര്‍വ് കേരളക്കരയെയും പുണര്‍ന്നു എന്നതാണ് നേര്.
രാജ്യം സ്വാതന്ത്ര്യം ആകുന്നതിനു മുമ്പ് തന്നെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സ്ഥാപിതമാവുകയും പ്രവർത്തിച്ചു വരികയും ചെയ്തു. ആത്മീയ മേഖലയായിരുന്നു സമസ്തയുടെ പ്രധാന പ്രവർത്തന മണ്ഡലം എങ്കിലും പ്രവർത്തനങ്ങൾ എല്ലാം ഉലമാക്കളെ പോലെ ഉമറാക്കളെ കൂടി ചേർത്തു പിടിച്ചായിരുന്നു. സ്വാതന്ത്ര്യാനന്തരം മുസ്ലിങ്ങൾക്ക് സ്വന്തമായി രാഷ്ട്രീയ അസ്ഥിത്വം രൂപപ്പെടുത്തിക്കൊണ്ട് മുസ്ലിം ലീഗ് വന്നപ്പോൾ അതിനോട് ചേർന്നു കൊണ്ടാണ് സമസ്തയുടെ ഉലമാക്കൾ നിന്നതും മുന്നേറിയതും. അതോടെ ഉലമാക്കളും ഉമറാക്കളും ചേർന്നുനിന്ന് സമുദായത്തെ നയിക്കുക എന്ന ആശയം ബലിഷ്ഠമായി കേരളത്തിൻ്റെ മണ്ണിൽ സ്ഥാപിക്കപ്പെട്ടു. പാരമ്പര്യങ്ങളുടെ പിന്തുടർച്ച സ്ഥിരീകരിക്കപ്പെടുകയും ശക്തിപ്പെടുകയും ചെയ്യുകയായിരുന്നു അതിലൂടെ. അതുകൊണ്ട് സമുദായം കേരളത്തിൽ ഏതാണ്ട് ഒറ്റക്കെട്ടായി. ന്യൂനപക്ഷങ്ങളായ വേറിട്ട ശബ്ദങ്ങൾ ഉണ്ടെങ്കിലും അവർക്ക് തന്നെ അവർ ചെറുതാണ് എന്ന ബോധ്യം ഉണ്ടായതും സമുദായം എന്ന വിശേഷണം ഈ കൂട്ടായ്മക്ക് സ്വന്തമായതും അങ്ങനെയാണ്. അതുകൊണ്ട് ഉലമാക്കളും ഉമറാക്കളും പരസ്പരം ചേർന്നുകൊണ്ട് തന്നെയാണ് സമുദായത്തെ നയിക്കേണ്ടത്.
0
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso