സമുദായത്തെ ശരിയായ വഴിയിലൂടെ നയിക്കുക എന്നത് ആരുടെ കടമയാണ് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുക വളരെ എളുപ്പമാണ്. ചോദ്യത്തിനുള്ളിൽ തന്നെ ചികഞ്ഞാൽ മതി. ചോദ്യത്തിനുള്ളിൽ രണ്ടു ഘടകങ്ങളാണ് ഉള്ളത്. ഒന്ന്, 'ശരിയായ രീതിയിൽ' എന്ന ഘടകം. രണ്ടാമത്തേത്, 'നയിക്കുക' എന്ന ഘടകവും. ഇവയിൽ ശരിയായ രീതിയിൽ എന്ന ഉപാധി അനുസരിച്ച് നയിക്കുന്നത് ശരിയുടെ വഴിയിലൂടെയും രീതിയിലൂടെയും തന്നെയാണ് എന്ന് ഉറപ്പുവരുത്തുവാൻ കഴിയുക ഉലമാക്കൾക്കാണ്. അതേസമയം അവർക്ക് നയിക്കാൻ കഴിഞ്ഞു കൊള്ളണമെന്നില്ല. കാരണം നയിക്കുവാൻ ഭൗതികമായ പല ശേഷികളും കൂടി ഉണ്ടായിരിക്കേണ്ടതുണ്ട്. അതിനാൽ തന്നെ അത് ചെയ്യുവാൻ കഴിയുക ഉമറാക്കൾക്കാണ്. ചുരുക്കത്തിൽ സമുദായത്തെ ശരിയായ വഴിയിലൂടെ മുന്നോട്ട് നയിക്കുക എന്നത് ഉലമാക്കളുടെയും ഉമറാക്കളുടെയും കൂട്ടായ ഉത്തരവാദിത്വമാണ്. ഈ രണ്ടു ഘടകങ്ങളും സമം ചേർന്നു നിൽക്കാതെ ഇത് സാധ്യമാകില്ല. സമുദായത്തിന്റെ പല ഘടകങ്ങളുടെയും ഉത്ഥാനപതനങ്ങൾ നാം ഇതിനകം കണ്ടിട്ടുണ്ട്. സച്ചരിതരായ റാഷിദീ ഖലീഫമാരുടെ ഭരണങ്ങൾ അതിനുദാഹരണമാണ്. രാഷ്ട്രീയവും ആത്മീയവും സാമൂഹികവും സാമുദായികവും എല്ലാമായ സവിശേഷതകൾ ഉള്ളവർ ഒന്നിച്ചു നിന്നപ്പോഴാണ് അവർക്ക് അഭിമാനത്തോടെ ഭരിക്കാൻ കഴിഞ്ഞത്. രണ്ടും രണ്ടു വശത്തേക്ക് നീങ്ങുന്ന സാഹചര്യമുണ്ടായാൽ ഫലത്തിൽ മുന്നേറ്റം നിലച്ചു പോവുകയാണ് ചെയ്യുക. ഇന്ത്യയിലെ മുസ്ലിം ഭരണം വലിയ ഒരു ഉദാഹരണമാണ്. ആത്മീയ നായകന്മാരും പണ്ഡിതന്മാരും ഒപ്പം ഭരണ ശേഷിയുള്ള നേതാക്കന്മാരും ചേർന്നു നിന്നത് കൊണ്ടാണ് 800 വർഷത്തോളം നീണ്ട ഒരു ഭരണ പാരമ്പര്യം ഇന്ത്യയിൽ ഉണ്ടായത്. ക്രമേണ അത് രണ്ടും രണ്ടു വഴിക്ക് തിരിഞ്ഞപ്പോൾ ആയിരുന്നു അതിൻ്റെ ക്ഷയം ആരംഭിച്ചതും സംഭവിച്ചതും. ഈ തത്വം ഒരു അർത്ഥത്തിൽ പറഞ്ഞാൽ ഇസ്ലാമികം മാത്രമല്ല. അതിനു ഉദാഹരണമാണ് റോമാ സാമ്രാജ്യം. പള്ളിയും പാർലമെൻറ് അതായത് പാതിരിമാരും ഭരണാധികാരികളും സമജ്ജസമായി സമം ചേർന്നപ്പോഴാണ് റോമാസാമ്രാജ്യം എന്ന ശക്തി ഉണ്ടായത്. പിന്നീട് അവരിൽ ചില ഭരണാധികാരികൾ തന്നെ മതത്തിൻ്റെ ആൾക്കാരെ രാഷ്ട്രീയത്തിൽ നിന്ന് വേർപ്പെടുത്തണമെന്ന് വാദിച്ച് രംഗത്തെത്തി. ദൈവത്തിനുള്ളത് ദൈവത്തിനും സീസർക്കുള്ളത് സീസർക്കും എന്ന തത്വം അങ്ങനെയാണ് ഉണ്ടായത്. തൽഫലമായി പിന്നീടുണ്ടായതെല്ലാം മതത്തെയും ആത്മീയതയെയും ഒരു അളവോളം മാറ്റി നിർത്തി കൊണ്ടുള്ള ഭരണം മാത്രമായിരുന്നു.
ഈ തത്വം ഏറെ ശക്തമായി ഉന്നയിച്ചതും ലോകത്തെ പഠിപ്പിച്ചതും ഇസ്ലാമാണ്. നബി (സ്വ) തിരുമേനി പറഞ്ഞു: 'എൻ്റെ സമുദായത്തിൽ രണ്ടു വിഭാഗം ജനങ്ങൾ ഉണ്ട്, ആ രണ്ടു വിഭാഗവും നന്നായാൽ സമുദായം ആകെ നന്നായി തീരും. ആ രണ്ട് വിഭാഗവും കേടുവന്നാൽ, സമുദായം ആകെ കേടു വരും. അത് ഉലമാക്കളും ഉമറാക്കളും ആണ്' ഉലമാക്കളുടെയും ഉമറാക്കളുടെയും ചേർന്നു നിന്നു കൊണ്ടുള്ള നേതൃത്വത്തിന്റെ ഗുണഫലങ്ങൾ ഏറെ പച്ചയായി അനുഭവിച്ചവരാണ് കേരളത്തിലെ മുസ്ലീങ്ങൾ. പ്രവാചകന്റെ കാലത്ത് തന്നെ ഇസ്ലാം ഇവിടെ കടന്നു വരികയുണ്ടായി. ഇസ്ലാമുമായി എത്തിയവരെല്ലാം ഒന്നുകിൽ പണ്ഡിതന്മാരോ അല്ലെങ്കിൽ കാര്യശേഷിയുള്ള സാമൂഹ്യ നേതാക്കളോ ആയിരുന്നു. അവരിൽ നിന്നാണ് ഈ മഹത്തായ തത്വം കേരളം പഠിച്ചെടുത്തത്. ആദ്യകാലത്തെ സമുദായത്തിന്റെ ഘടന എങ്ങനെയായിരുന്നു എന്ന് നമുക്കറിയില്ല. എങ്കിലും ചില ശക്തമായ അനുമാനങ്ങൾ നമുക്ക് നടത്താവുന്നതാണ്. ഇസ്ലാമുമായി ആദ്യം കേരളക്കരയിലെത്തിയവർ സ്ഥാപിച്ചത് പള്ളികൾ ആയിരുന്നു എന്നതിൽ നിന്നാണ് ആ അനുമാനങ്ങൾ ഉണ്ടാകുന്നത്. പള്ളികൾ സ്ഥാപിക്കുകയായിരുന്നു അവർ ആദ്യം ചെയ്തത് എന്ന് പറയുമ്പോൾ അവിടെ തന്നെ സമുദായം രണ്ടായി വിഭജിക്കപ്പെടുന്നുണ്ട്. പള്ളി നിർമ്മിക്കുകയും അത് നടത്തിക്കൊണ്ടു പോവുകയും ചെയ്യുവാനുള്ള താൽപര്യവും ത്വരയും ഉള്ള ഉമറാക്കൾ, പള്ളിയെ ആശയ തലത്തിൽ നയിക്കുവാനുള്ള ഉലമാക്കൾ എന്നിങ്ങനെ രണ്ട് വിഭാഗമായിട്ട്. ചരിത്രങ്ങൾ രേഖപ്പെടുത്തുന്ന സംസ്കാരമോ ശീലമോ ആദ്യകാലത്ത് ഇല്ലായിരുന്നു എന്നത് വ്യക്തമാണ്. അതിനാലാണ് അന്നത്തെ സമുദായത്തിന്റെ ഘടന അറിയുവാൻ വേണ്ടി നമുക്ക് അനുമാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നത്. പക്ഷേ പിൽക്കാലത്ത് സ്വന്തമായി സംസ്കാരവും സ്മാരകങ്ങളും എല്ലാം ഉണ്ടാകുവാൻ മാത്രം ഈ സമുദായം ശക്തിയാർജിച്ചു എന്ന അനുഭവത്തിൽനിന്ന് ആ കാലത്തെ ഉലമാക്കളും ഉമറാക്കളും നന്നായി ചേർന്ന് നിന്നുകൊണ്ട് പരിശ്രമിച്ചതിന്റെ ഫലമാണ് അത് എന്ന് നമുക്ക് പറയാം.
മുസ്ലിം സമുദായത്തിന്റെ വൈജ്ഞാനിക നവോത്ഥാന പദ്ധതികളുടെ ഇന്ധനമായും മാപ്പിളമാരുടെ സാമൂഹിക, സാമ്പത്തിക മൂലധനം ഭദ്രമാക്കാനുള്ള സംഘടിത ശ്രമമായും ഈ ഐക്യം പ്രവര്‍ത്തിച്ചു. സമുദായം അരക്ഷിതമാകുമ്പോഴെല്ലാം ഈ രണ്ടു വിഭാഗത്തിനു പിന്നിലാണ് കേരളത്തിലെ സാധാരണ മുസ്ലിംകള്‍ ഒന്നിച്ചുനിന്നത്. സമുദായം പോരാട്ടങ്ങളുടെ മുമ്പിലേക്ക് എടുത്തറിയപ്പെട്ട നാളുകളിലെ അനുഭവങ്ങൾ നമുക്ക് വേണ്ടത്ര വലിയ തെളിവാണ്. പറങ്കികൾക്കെതിരായ പോരാട്ടത്തിൽ സാമൂതിരിയുടെ പടത്തലവന്മാരായ കുഞ്ഞാലിമാര്‍ക്ക് പിന്തുണ നല്കാന് മുസ്ലിംകളെ ഉപദേശിച്ച പൊന്നാനിയിലെ മഖ്ദൂമുമാരുടെ പാരമ്പര്യത്തില്‍നിന്നാണ് ഈ ഐക്യം കേരളത്തിലെ മുസ്ലിം നാഗരികതയിൽ വെളിച്ചം പ്രാപിച്ചത്. ഫത്ഹുല്‍ മുഈന്‍ പോലുള്ള കർമശാസ്ത്ര ഗ്രന്ഥങ്ങള്‍ രചിച്ച മഖ്ദൂമുമാര്‍ രാഷ്ട്രീയ നിലപാടുകളിലും സമുദായത്തിന് മാർഗനിർദേശമേകിയ കാഴ്ചയാണ് ഇത്. ഈ പാരമ്പര്യത്തെ മുറുകെപ്പിടിച്ചാണ് കേരള മുസ്ലിംകള്‍ പുരോഗതിയിലേക്കു സഞ്ചരിച്ചത്. ഇരുപതാം നൂറ്റാണ്ട് വരെ ഇത്തരത്തിലുള്ള പല നവോത്ഥാന ഘട്ടങ്ങളും മുസ്ലിം കേരളം പിന്നിടുമ്പോൾ അവരുടെ മുമ്പിൽ നിന്നിരുന്നത് ഉലമാക്കളും ഉമറാക്കളും പരസ്പരം ചേർന്നു നിന്നാണ്. ഉലമാക്കളും ഉമറാക്കളും യോജിച്ച് നിൽക്കേണ്ടുന്നതിന്റെ പ്രാധാന്യം കേരളത്തിലെ മുസ്ലിം സമുദായം പഠിച്ചതും ഈ അനുഭവങ്ങളിൽ നിന്ന് തന്നെയാണ് എന്നാണ് മനസ്സിലാക്കേണ്ടത്. 1498ല്‍ പറങ്കികള്‍ കോഴിക്കോടിനടുത്ത് പന്തലായിനിയില്‍ കപ്പലിറങ്ങിയതില്‍ പിന്നെ വാണിജ്യ, സാമൂഹികമണ്ഡലങ്ങളില്‍ ഏല്‍ക്കേണ്ടിവന്ന ആഘാതങ്ങളും നഷ്ടങ്ങളുമാണ് സ്വന്തം സ്വത്വത്തെക്കുറിച്ച് ചിന്തിക്കാന്‍ മുസ്ലിംകളെ പ്രേരിപ്പിച്ചതെന്ന് ചരിത്രകാരന്‍ സ്റ്റീഫന്‍ ഫെഡറിക് ഡെയ്ല്‍ നിരീക്ഷിക്കുന്നുണ്ട്. തങ്ങളുടെ നിലനിൽപ്പിനു വേണ്ടി തങ്ങൾ സംഘടിച്ച് ചെറുത്തുനിൽക്കേണ്ടതാണ് എന്ന ബോധം വന്നതോടുകൂടി അത് മതത്തിൻ്റെ പേരിൽ ആയിരിക്കുന്നതായിരിക്കും ഏറെ ശക്തമായി എന്ന വെളിപാട് ലഭിക്കുകയായിരുന്നു. അങ്ങനെയാണ് ഉലമാക്കളും ഉമറാക്കളും ചേർന്നുനിന്നുകൊണ്ടുള്ള നേതൃത്വത്തിന്റെ ഗുണഫലം ഈ മണ്ണിൽ വളർന്നു തുടങ്ങിയത്. അതോടെ സമുദായത്തിൽ ഒരു മുസ്ലിം സ്വത്വം രൂപപ്പെട്ടു. തുടർന്ന് ബ്രിട്ടീഷ് കോളനിശക്തികള്‍ക്കെതിരായ ചെറുത്തുനില്‍പ്പ് ആരംഭിച്ചപ്പോൾ ഇതേ അനുഭവം തന്നെ ഏറെ ഉപകാരപ്പെട്ടു. പൊന്നാനിയിലെ മഖ്ദൂം തങ്ങന്മാര്‍ കൊളുത്തിവെച്ച വൈജ്ഞാനിക വിളക്കില്‍നിന്ന് പ്രകാശമുള്‍ക്കൊണ്ട്, വെളിയങ്കോട് ഉമര്‍ഖാളി, മമ്പുറം സയ്യിദ് അലവി തങ്ങള്‍, ഫസല്‍ പൂക്കോയതങ്ങള്‍, ആലി മുസ്ലിയാര്‍, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തുടങ്ങിയ ഉലമാ - ഉമറാ നേതാക്കളുടെ ചെറുത്തുനില്‍പ്പിൻ്റെ പോരാട്ടവഴിയിലൂടെ 20ാം നൂറ്റാണ്ടിലത്തെിയതോടെ മുസ്ലിം ലോകത്താകമാനമുണ്ടായ ഉണര്‍വ് കേരളക്കരയെയും പുണര്‍ന്നു എന്നതാണ് നേര്.
ബ്രിട്ടീഷുകാർ പക്ഷേ കായ ബലത്തിലും ബുദ്ധിശക്തിയിലും നയതന്ത്രജ്ഞതയിലും കൂടുതൽ മിടുക്കരായിരുന്നു. അവർ മുസ്ലിംകളുടെ സംഘശക്തി തകർക്കുവാൻ എപ്പോഴും ശ്രമിച്ചുകൊണ്ടേയിരുന്നു. അതിനിടയിലാണ് ഉലമാ ഉമറാ നേതൃത്വത്തിലുള്ള സംഘ ശക്തിയുടെ പ്രാധാന്യം വിളിച്ചോതുന്ന ഖിലാഫത്ത് പ്രസ്ഥാനം രംഗത്തുവന്നത്. പിന്നീട് ഖിലാഫത്ത് പ്രസ്ഥാനമാണ് മുസ്ലിംകളില്‍ സംഘടനാബോധം അങ്കുരിപ്പിച്ചത്. ശ്രീനാരായണഗുരുവും കുമാരനാശാനും സഹോദരന്‍ അയ്യപ്പനും ഡോ. പല്‍പ്പുവുമൊക്കെ അധസ്ഥിത വിഭാഗത്തില്‍ തുടക്കംകുറിച്ച നവോത്ഥാന സംരംഭങ്ങളുടെ വെളിച്ചംകണ്ട്, എന്തുകൊണ്ട് മുസ്ലിംസമൂഹത്തിലും അത് ആയിക്കൂടാ എന്ന് ഒരുവിഭാഗം ഉല്‍പതിഷ്ണുക്കള്‍ ചിന്തിച്ചുതുടങ്ങിയ കാലഘട്ടമായിരുന്നു അത്. 1921ലെ ബ്രിട്ടീഷ്വിരുദ്ധ പോരാട്ടങ്ങള്‍ ലക്ഷ്യം കാണാതെപോയപ്പോള്‍ വക്കം മൗലവിയും കെ.എം. മൗലവിയും സീതിസാഹിബുമൊക്കെ മാറ്റത്തിൻ്റെ കാഹളംമുഴക്കാന്‍ തുടങ്ങിയത് ഇങ്ങനെ മാറിച്ചിന്തിക്കുന്നവരുടെ ഒരു സംഘടന രൂപവത്കരിക്കുന്നതിലാണ് ചെന്നവസാനിച്ചത്. ആ സംഘടനയുടെ പിറവിയാവട്ടെ, കൊടുങ്ങല്ലൂരിലെ രണ്ട് ആഢ്യതറവാട്ടുകാര്‍ തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍ കെ.എം. മൗലവിയും മറ്റും മുന്‍കൈ എടുത്തുള്ള ഒരു കൂട്ടായ്മയായിരുന്നു. ഐക്യസംഘമായിരുന്നു അത്. അതു പക്ഷേ വളർന്നില്ല. ഏതാനും ഉലമാക്കളും ഉമറാക്കളും എല്ലാം അതിൻ്റെ പിന്നിൽ ഉണ്ടായിരുന്നു എങ്കിലും അവരുടെ ലക്ഷ്യം ഉമ്മത്തിന്റെ മൊത്തത്തിലുള്ള ഉദ്ധാനം ആയിരുന്നില്ല. അത് കേവലം പരമ്പരാഗതമായി മുസ്ലിം കേരളം അനുവർത്തിച്ച് വരുന്ന ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും നിരൂപണം ചെയ്യാനുള്ള ഒരു ശ്രമമായി തരം താഴ്ന്നു. ഉമ്മത്തിനെ മൊത്തം നയിക്കേണ്ട നേതൃത്വം ഉമ്മത്തിലെ ഒരു വിഭാഗത്തിലേക്ക് മാത്രമൊതുങ്ങയും വലിയ മറുവിഭാഗത്തെ ശത്രുപക്ഷത്ത് പ്രതിഷ്ഠിക്കുകയും ചെയ്തതോടെ ഉദ്ദേശശുദ്ധി കളങ്കിതമായി. അതിനാൽ അതിന് കാലയവനികയിലേക്ക് മാറേണ്ടി വന്നു. ഇത്തരം ഒരു സാഹചര്യത്തിലാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ രൂപീകൃതമാകുന്നത്. ഐക്യ സംഘത്താൽ നിരൂപണം ചെയ്യപ്പെട്ട ഭൂരിപക്ഷത്തെ ഉൾക്കൊള്ളുന്നതായിരുന്നു സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. ആ ഭൂരിപക്ഷത്തെയും കൊണ്ട് മുന്നോട്ടു പോവുകയും ഐക്യ സംഘക്കാരുടെ ന്യൂനപക്ഷത്തെ വേട്ടയാടുകയും ചെയ്യുക എന്ന കേവല ലക്ഷ്യമായിരുന്നില്ല സമസ്തയുടേത്. മറിച്ച് ആ ന്യൂനപക്ഷത്തിന് സത്യം ബോധ്യപ്പെടുത്തി കൊടുക്കാനുള്ള നിരന്തരമായ ശ്രമം നടത്തുകയും അങ്ങനെ സമുദായത്തെ ഒന്നിച്ചു നിർത്തുകയും ചെയ്യുക എന്നതായിരുന്നു. അതിൽ സമസ്തക്ക് വിജയിക്കാൻ കഴിയുക തന്നെ ചെയ്തു. അതിൻ്റെ മതിയായ തെളിവാണ് 100 വർഷത്തെ പ്രവർത്തനത്തിന് ശേഷം സമസ്ത നൂറാം വാർഷികത്തിന് തയ്യാറായി കൊണ്ടിരിക്കുന്നു എന്നത്. എന്തൊക്കെ പറഞ്ഞാലും കേരളം മുസ്ലിംകളിൽ മഹാഭൂരിപക്ഷത്തെ മതപരമായി സ്വാധീനിക്കുന്നതും നയിക്കുന്നതും സമസ്ത തന്നെയാണ്.
ഉലമാക്കളെയും ഉമറാക്കളെയും അതാത് സമയങ്ങളിലും ആവശ്യങ്ങളിലും ഏകോപിപ്പിച്ച് ഉപയോഗപ്പെടുത്തുക എന്ന നയമായിരുന്നു സമസ്ത സ്ഥാപിതകാലം മുതൽ തുടർന്നുവന്ന നയം. അതിനിടയിലാണ് രാജ്യം സ്വാതന്ത്ര്യം നേടിയത്. സ്വാതന്ത്ര്യം വിഭജനത്തോടൊപ്പമാ ണ് ലഭിച്ചത്. വിഭജിക്കപ്പെട്ട രണ്ടു രാഷ്ട്രങ്ങളിൽ ഒന്ന് മുസ്ലിംകളുടെ പേരിലുള്ളതും ആയിരുന്നു. അതോടു കൂടെ ഇന്ത്യയിൽ അവശേഷിക്കുന്ന മുസ്‌ലിംകൾ ഈ ദേശത്തോട് കൂറും വിധേയത്വവും ഇല്ലാത്തവരാണ് എന്ന ഒരു കുപ്രചരണം ആരൊക്കെയോ തുറന്നുവിട്ടു. അതോടെ ഉമ്മത്തിന് ആത്മീയമായി നയിക്കുക എന്നതോടൊപ്പം ഉമ്മത്തിന്റെ അസ്തിത്വം സ്ഥാപിച്ച എടുക്കുക എന്ന ഉത്തരവാദിത്വം കൂടി മുസ്ലിംകളുടെ മുമ്പിൽ വന്നു. അതിനാൽ മുസ്ലിംകൾക്ക് ഒരു രാഷ്ട്രീയ കക്ഷിയെക്കുറിച്ച് ആലോചിക്കേണ്ടിവന്നു. തുടർന്നാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സ്ഥാപിക്കപ്പെടുന്നത്. അതോടെ പ്രവർത്തന മേഖലകൾ വ്യത്യസ്തമാണെങ്കിലും സമുദായത്തിന്റെ മൊത്തത്തിലുള്ള ഉത്ഥാനങ്ങൾക്ക് ഉമറാക്കളും ഉലമാക്കളും കൂടി നിൽക്കേണ്ടതുണ്ട് എന്ന് തിരിച്ചറിവ് ലഭ്യമായി. ആദ്യകാലങ്ങളിലെ അനുഭവങ്ങളെക്കുറിച്ച് കാര്യമായ അറിവുകൾ നമ്മുടെ കയ്യിൽ ഇല്ലെങ്കിലും സാംസ്കാരികമായി മുസ്ലിം കേരളം വളർന്നതോടുകൂടെ ഇരുപതാം നൂറ്റാണ്ടിന്റെ അവസാന പകുതിയുടെ തുടക്കത്തിൽ തന്നെ സമസ്തയും, മുസ്ലിം ലീഗും ഉലമാക്കളും ഉമറാക്കളും എന്ന അർത്ഥത്തിൽ ഔദ്യോഗികമായോ അല്ലാതെയോ സഹകരിച്ചും സഹവർത്തിത്വം പുലർത്തിയും പ്രവർത്തിച്ചുവന്നു. അത് മൊത്തത്തിൽ കേരളത്തിലെ മുസ്ലിം സമുദായത്തിന് വലിയ വളർച്ചയേകി. അത് ഇന്ത്യയിലെ കേരള സംസ്ഥാനങ്ങളിലെ മുസ്ലിംകളും കേരളത്തിലെ മുസ്ലിംകളും എന്നിങ്ങനെ വ്യതിരിക്തമായ രണ്ട് അനുഭവങ്ങൾ തന്നെ സൃഷ്ടിച്ചു. 3287263 ചതുരശ്ര കി. മീ. വിസ്തൃതിയുള്ള ഇന്ത്യയില്‍ കേവലം 38863 ചതുരശ്ര കി. മീ. മാത്രമുള്ള കൊച്ചു സംസ്ഥാനമായ കേരളത്തിലെ മുസ്ലിംകൾ മൊത്തം ഇന്ത്യൻ മുസ്ലിംകൾക്ക് മാതൃകയാക്കാവുന്ന ജനവിഭാഗമായി മാറി എന്നത് അൽഭുതം തന്നെയാണ്.1206 മുതല്‍ 1857 വരെയുള്ള 651 വര്‍ഷം നാല്‍പത്തിയെട്ടിലധികം മുസ്ലിം ഭരണാധികാരികള്‍ ഉത്തരേന്ത്യയടങ്ങുന്ന ഭാഗത്ത് ഭരണം നടത്തിയിട്ടുണ്ട്. കേരളത്തില്‍ ഇത്തരമൊരു ഭരണ സാഹചര്യം ഒരിക്കലും ഉണ്ടായിട്ടില്ല. എന്നിട്ടും കേരള മുസ്ലിംകള്‍ ഇതര ഇന്ത്യന്‍ മുസ്ലിംകളില്‍ നിന്നും വ്യതിരിക്തമായി നില്‍ക്കുന്നത് ഇവിടെ നിലനില്‍ക്കുന്ന സംഘടിത ശക്തിയാലാണ്. ഇതിന് വഴിയും മാർഗ്ഗവുമായത് ഉലമാക്കളുടെയും ഉമറാക്കളുടെയും തെളിയിച്ചു പറഞ്ഞാൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും മുസ്ലിം ലീഗിന്റെയും പരസ്പരം ചേർന്ന് നിന്നുകൊണ്ടുള്ള നേതൃത്വം തന്നെയാണ്. ഈ ബന്ധം നേടിയെടുത്ത നേട്ടങ്ങൾ അനവധിയാണ്. കണ്ണടച്ച് ഇരുട്ടാക്കുന്നവർക്ക് അല്ലാതെ അവയിൽ ഒന്നും നിഷേധിക്കുവാനോ കണ്ടില്ലെന്ന് നടിക്കുവാനോ കഴിയില്ല.
യുദ്ധങ്ങൾ കൊണ്ടോ കലാപങ്ങൾ കൊണ്ടോ സാമ്പത്തിക ശക്തി കൊണ്ടോ നേടിയെടുക്കാവുന്നതല്ല മുസ്ലിം ഉമ്മത്തിന്റെ നിലനിൽപ്പും ഉന്നമനവും. പ്രത്യുത അത്തരം കായികവും ഭൗതികവുമായ വളർച്ചകൾ ഒന്നും ഒരിക്കലും മുസ്ലിം ജനതയെ ഒരുപാട് സഹായിച്ചിട്ടില്ല. നബി തിരുമേനിയുടെ കാലത്ത് തന്നെ ബദറും ഉഹദും ഖന്തക്കും ഹുനൈനുമെല്ലാം ഉണ്ടായിട്ടുണ്ടെങ്കിലും ഇസ്ലാമിലേക്ക് കൂട്ടംകൂട്ടമായി ജനങ്ങൾ കടന്നു വന്നത് ഹിജ്റ ആറാം വർഷം നടന്ന ഹുദൈബിയ സന്ധിയിലൂടെ സമാധാനാന്തരീക്ഷം കൈവരികയും ഇസ്ലാമിക പ്രബോധനത്തിനുള്ള വഴിയൊരുങ്ങുകയും ചെയ്തപ്പോൾ ആയിരുന്നു. മക്കാ വിജയത്തോടു കൂടെ ഇസ്ലാമിന്റെ സമീപന ശക്തിയും ആത്മീയതയും ഒരേപോലെ കുലത്തിൽ പടരുകയും പകരുകയും ചെയ്തു. അത് കൂട്ടംകൂട്ടമായി ഇസ്ലാമിലേക്ക് ജനങ്ങളെ ആകർഷിച്ച മറ്റൊരു ഘടകമായിരുന്നു. ഇവിടെ കേരളത്തിൽ മാപ്പിള കലാപം അടക്കമുള്ള കലാപങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൽ പലതരം വിജയങ്ങളും സന്തോഷങ്ങളും എല്ലാം ഉണ്ടായിട്ടുമുണ്ട്. പക്ഷേ, അതിനെല്ലാം വിവിധ വഴികളിലൂടെയായി പല വിലയും നൽകേണ്ടിവന്നു എന്നത് അവിതർക്കിതമായ കാര്യമാണ്. അതേസമയം സമുദായത്തിനെ കൂടുതൽ സമുദ്ധരിക്കുവാനും അച്ചടക്കവും അറിവും നൽകുവാനും സാധിച്ചത് ഇത്തരം കലാപങ്ങൾ വഴിയല്ല, മറിച്ച്, സമുദായത്തെ ആത്മീയമായി സമുദ്ധരിക്കുക വഴിയാണ്. അതിന് വേണ്ടിവന്നത് പള്ളികളും മദ്രസകളും മതസ്ഥാപനങ്ങളും എല്ലാമാണ്. ഭൗതികമായ വിദ്യാഭ്യാസം തുടങ്ങുന്ന അതേ പ്രായത്തിൽ തന്നെ മുസ്ലിം സമുദായത്തിലെ കുട്ടികൾ മതപരമായ വിദ്യാഭ്യാസം തുടങ്ങുന്ന സാഹചര്യം ഒരു സാമൂഹ്യ ഒഴുക്കായി തന്നെ മാറിയ അനുഭവം ഇന്ത്യയിൽ കേരളത്തിനു മാത്രം പറയാൻ കഴിയുന്നതാണ്. പള്ളികളും സ്ഥാപനങ്ങളും ഉണ്ടാക്കുവാൻ ഉമറാക്കളാണ് മുൻപിൽ നിൽക്കേണ്ടത്. അതേസമയം, ആ സ്ഥാപനങ്ങളെ അതിൻ്റേതായ ചിട്ടവട്ടങ്ങളോടെ മുന്നോട്ടു കൊണ്ടുപോകുവാനും അതിൻ്റെ ദാനങ്ങളെ സമുദായത്തിന്റെ ഉള്ളിലേക്ക് എത്തിക്കുവാനും മുൻപിൽ നിൽക്കേണ്ടത് ഉലമാക്കളാണ്. ഉലമാക്കളും ഉമറാക്കളും ചേർന്നു നിൽക്കേണ്ടത് എങ്ങനെയാണ് എന്ന രീതിശാസ്ത്രവും ചേർന്നു നിന്നാൽ എന്തെല്ലാം നേട്ടങ്ങൾ ലഭിക്കും എന്ന അറിവും ഇതിലൂടെ നമുക്ക് ലഭ്യമാകുന്നു.
1945 ല്‍ കാര്യവട്ടത്ത് നടന്ന സമസ്ത പതിനാറാം സമ്മേളനത്തില്‍ പ്രാഥമിക മത വിദ്യാഭ്യാസത്തിന് മദ്റസകള്‍ അനിവാര്യമാണെന്ന ആശയം മുന്നോട്ട് വെച്ചത് സയ്യിദ് അബ്ദുര്‍ റഹ്മാന്‍ ബാഫഖി തങ്ങളാണ്. പി.എം.എസ്.എ പൂക്കോയ തങ്ങളും, കെ.പി ഉസ്മാന്‍ സാഹിബുമാണ് മദ്റസ പ്രസ്ഥാനത്തെ ജനകീയമാക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാനികള്‍. ഓരോ പ്രദേശത്തും ഉലമ–ഉമറ കൂട്ടായ്മകള്‍ സൃഷ്ടിച്ചാണ് മദ്റസ പ്രസ്ഥാനത്തെ അവര്‍ ശക്തിപ്പെടുത്തിയത്. ഇന്ന് വിവിധ സംഘടനകള്‍ക്ക് കീഴിലായി നിരവധി മത -ഭൗതിക പഠന കേന്ദ്രങ്ങള്‍ കേരളത്തിലുണ്ട്.ഉലമ–ഉമറ കൂട്ടായ്മയിലൂടെ വിജയത്തിലെത്തിയ കേരളത്തിലെ ഉന്നത മത കലാലയമാണ് പട്ടിക്കാട് ജാമിഅ നൂരിയ്യ അറബി കോളേജ്. 1963- ലാണ് ജാമിഅ നൂരിയ്യ സ്ഥാപിതമാകുന്നത്.സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങള്‍, പി.എം.എസ്.എ പൂക്കോയ തങ്ങള്‍, ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍ തുടങ്ങിയവരാണ് ജാമിഅ നൂരിയ്യയുടെ പ്രധാന ശില്പികള്‍. കേരളത്തിലെ പ്രമുഖ പണ്ഡിതരും പൗര പ്രമുഖരുമടങ്ങുന്ന മുപ്പത്തിമൂന്ന് പേരായിരുന്നു ജാമിഅയുടെ പ്രഥമ കമ്മിറ്റി. മലബാറിലെ പ്രധാന സമ്പന്ന കുടുംബങ്ങളെയെല്ലാം ജാമിഅയുടെ ദൈനംദിന പ്രവര്‍ത്തനങ്ങില്‍ പങ്കാളികളാക്കാന്‍ ബാഫഖി തങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 1963 ഫെബ്രുവരി മൂന്നിനാണ് ജാമിഅയുടെ ആദ്യ തറക്കല്ലിടല്‍ കര്‍മം നിര്‍വ ഹിക്കപ്പെട്ടത്. കോയ വീട്ടില്‍ ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങളായിരുന്നു കാര്‍മികന്‍. ആ ചടങ്ങിന്റെ അധ്യക്ഷന്‍ ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബായിരുന്നു. 1964 -ല്‍ നവംബര്‍ 12 -നാണ് ആദ്യ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കപ്പെട്ടത്. ഉലമാ – ഉമറാ കൂട്ടായ്മയാല്‍ സമ്പന്നമായിരുന്നു പ്രസ്തുത ചടങ്ങും. ശംസുല്‍ ഉലമയുടെയും ഖാഇദേ മില്ലത്തിന്റെയും ഉജ്വലമായ പ്രസംഗങ്ങളാണ് ആ ചടങ്ങിനെ ചരിത്ര സംഭവമാക്കിയത്. 1969-ല്‍ നടന്ന ജാമിഅ നൂരിയ്യ ഏഴാം വാര്‍ഷികത്തില്‍ അഞ്ചാം സനദ് ദാനം നിര്‍വഹിച്ചത് ഖാഇദേ മില്ലത്തായിരുന്നു. ഉലമാഇനെയും ഉമറാഇനേയും ഇഴ പിരിയാതെ ചേര്‍ത്തു പിടിച്ച പാരമ്പര്യമാണ് ബാഫഖി തങ്ങളും പൂക്കോയ തങ്ങളും കാണിച്ചു തന്നത്. മത വിഷയത്തില്‍ ഭിന്ന വീക്ഷണങ്ങള്‍ പുലര്‍ത്തുന്നവരെ പോലും പൊതു വിഷയത്തില്‍ അവര്‍ ഒന്നിച്ചു നിര്‍ത്തി. ഉലമാഉം ഉമറാഉം രണ്ടായി പിരിഞ്ഞാല്‍ ഉമ്മത്ത് മൂന്നാമതൊരു വഴിയില്‍ ചിതറിപ്പോകും എന്നതാണ് വസ്തുത. മുസ്ലിംലീഗിന്റെ രാഷ്ട്രീയ പ്രസക്തിയും പ്രാധാന്യവും മുന്‍കൂട്ടി മനസ്സിലാക്കിയതിനാല്‍ തന്നെയാവാം ചാപ്പനങ്ങാടി ബാപ്പു മുസ്ല്യാര്‍, കെവി മുഹമ്മദ് മുസ്ലിയാര്‍, കെസി ജമാലുദ്ദീന്‍ മുസ്ലിയാര്‍, കെടി മാനു മുസ്ലിയാര്‍, അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍ തുടങ്ങിയവര്‍ ജീവിതകാലം മുഴുവനും മുസ്ലിം ലീഗിനെ ചേര്‍ത്തുപിടിച്ചത്. ഇസ്ലാമിക ശരീഅത്ത് വലിയ വെല്ലുവിളികള്‍ നേരിട്ട എണ്‍പതുകളില്‍ മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ മുസ്ലിം സംഘടനകളെല്ലാം ഒരു വേദിയില്‍ അണിനിരന്നു. മുസ്ലിം പേര്‍സണല്‍ ലോ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാരും ഇബ്റാഹീം സുലൈമാന്‍ സേട്ടു സാഹിബും നടത്തിയ ചര്‍ച്ചയാണ് പ്രശ്നാധിഷ്ടിതമായ ഐക്യത്തിലേക്ക് ഉമ്മത്തിനെ നയിച്ചത്. ഈ ഐക്യം ശരീഅത്ത് വിരുദ്ധമായ നീക്കത്തെ ചെറുത്തു തോല്‍പിക്കാന്‍ സഹായകമായി. ശരീഅത്ത് സംവാദ കാലത്തെന്ന പോലെ മുസ്ലിം ഉമ്മത്തിനെ പൊതുവായി ബാധിക്കുന്ന പല വിഷയങ്ങിലും പിന്‍ കാലത്ത് നാം ഒന്നിച്ചിരുന്നു. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും ഒന്നിക്കേണ്ട സന്ദര്‍ഭങ്ങളില്‍ ഐക്യത്തിലൂടെ ഉമ്മത്തിനെ ശക്തിപ്പെടുത്തി. ശോഭനമായ ഈ ഇന്നലെകളെ പൊത്തി പിടിക്കുവാൻ ശ്രമിക്കുന്ന എല്ലാ ശ്രമങ്ങളും വൃഥാവിൽ ആകും എന്നത് അവിതർക്കിതമാണ്.
0
Thoughts & Arts
ഉലമാ - ഉമറാ എന്ന എൻ്റിറ്റി
2025-08-24
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso