മുഹമ്മദ് ടി എച്ച് നിസാമി
ഹിജ്റ കലണ്ടറിൽ രണ്ടു വസന്തങ്ങളാണ് ഉള്ളത്. ഒന്ന് റബീഉൽ അവ്വലും രണ്ട് റബീഉൽ ആഖിറും. റബീഉൽ അവ്വൽ അക്ഷരാർത്ഥത്തിൽ അവ്വൽ തന്നെയാണ്. ഏറ്റവും ആദ്യം പറയേണ്ടതും ഉൾക്കൊള്ളേണ്ടതും ആഘോഷിക്കേണ്ടതും അഭിമാനപൂർവ്വം ഉയർത്തി കാണിക്കേണ്ടതുമായ മാസം. മഹാനായ നബി തിരുമേനി(സ്വ) ഈ ലോകത്തേക്ക് ജനിച്ചുവീണ അനുഗ്രഹീത മാസം. മണ്ണും വിണ്ണും ആ ജനനത്തിൽ ആഹ്ലാദിക്കുകയും അഭിമാനിക്കുകയും ആത്മീയമായ സന്തോഷങ്ങളിൽ ആറാടുകയും ചെയ്യുന്നു. അതിനുമാത്രം പ്രാധാന്യം ഈ മാസത്തിൽ ജനിച്ച നബി തങ്ങൾക്കുണ്ട്. ലോകത്തിന് സന്മാർഗം കാണിച്ചു കൊടുക്കുവാൻ തുടർച്ചയായി സൃഷ്ടാവായ അല്ലാഹു നിയോഗിച്ചു കൊണ്ടിരുന്ന പ്രവാചകന്മാരുടെ ശ്രേണിയിലെ അവസാനത്തെ കണ്ണിയാണ് നബി തങ്ങൾ. അവസാനത്തെ കണ്ണി അവസാനത്തെ കണ്ണിയായി മാറുന്നത് ഇനിയൊരു പ്രവാചകൻ്റെ ആവശ്യമില്ലാത്ത വിധം സമ്പൂർണ്ണനായ ഒരു പ്രവാചകനായിരുന്നു എന്നതുകൊണ്ടാണ്. അതു ഗ്രഹിക്കുവാനും മറ്റുള്ളവരെ ഗ്രഹിപ്പിക്കുവാനും ഒരു സാഹസവും വേണ്ടിവരില്ല എന്നതാണ് വസ്തുത. അത്രമാത്രം സമ്പൂർണ്ണൻ ആയിരുന്നു ആ പ്രവാചകൻ. അവർ വിശ്വത്തിന്റെ കാരുണ്യമാണ് എന്ന് നബി തങ്ങൾ തന്നെ പ്രസ്താവിച്ചിട്ടുണ്ട്. ആ കാരുണ്യം ഗ്രഹിക്കുവാൻ നബി(സ്വ)യുടെ കാലം മുതൽ നാം ഇസ്ലാമിക സംസ്കാരത്തിൻ്റെ ഓരോ മേഖലകളിലൂടെയും നടന്നു നോക്കണം.
അന്ന് അഥവാ ആറാം നൂറ്റാണ്ടിലെ അറേബ്യയിൽ ഒരു തരം നിയമവും വ്യവസ്ഥയും ഉണ്ടായിരുന്നില്ല. നന്മയും നിയന്ത്രണവും ഉള്ള നല്ല നിയമവും ഉണ്ടായിരുന്നില്ല, അരാചകത്വം വിതക്കുന്ന ചീത്ത നിയമവും ഉണ്ടായിരുന്നില്ല. അക്രമിയാണെങ്കിൽ പോലും ഒരു ഭരണാധികാരി ഉണ്ടായിരുന്നില്ല. അന്നുണ്ടായിരുന്ന പേർഷ്യൻ-റോമാ സാമ്രാജ്യങ്ങൾ രണ്ടിനും അറേബ്യയിൽ അധികാരമോ നയതന്ത്രമോ ഉണ്ടായിരുന്നില്ല. ഒരാൾക്കു മേൽ മറ്റൊരാളുടെ നിയന്ത്രണം ഉണ്ടായിരുന്ന ഏക സംവിധാനം കുടുംബം ആയിരുന്നു. കുടുംബത്തിൻ്റെ നയമാകട്ടെ 'ശരിയാണെങ്കിലും തെറ്റാണെങ്കിലും എൻ്റെ കുടുംബത്തോടൊപ്പം' എന്നതായിരുന്നു. നല്ലതോ ചീത്തയോ ആയ ഒരു ഏകീകൃത നയവും നിയമവും ഇല്ലെങ്കിൽ പിന്നെ ഓരോരുത്തരും താന്താങ്ങളുടെ താൽപര്യത്തിനനുസരിച്ച് എല്ലാം ചെയ്യുകയാണ് ഉണ്ടാവുക. അപ്പോൾ കുടുംബങ്ങൾക്കിടയിൽ പെട്ടെന്ന് വിരോധവും പകയും കത്തിപ്പടരും. അതുകൊണ്ട് ചെറിയ ചെറിയ കാര്യങ്ങളിൽ പോലും അവർ കണ്ടിരുന്ന ആദ്യ പരിഹാരം തന്നെ യുദ്ധമായിരുന്നു. അവരെല്ലാവരും ആദരിക്കുന്ന കഅ്ബാ ദേവാലയം പുതുക്കിപ്പണിയുമ്പോൾ വിശുദ്ധ ശില എടുത്തുവെക്കാനുള്ള അവകാശത്തിന്റെ പേരിൽ തർക്കം ഉണ്ടായത് ഒരു ഉദാഹരണമാണ്. വിഗ്രഹങ്ങളെയും മറ്റും അവർ ദൈവങ്ങളായി കരുതുകമായിരുന്നു എന്നത് ശരിയാണ്. പക്ഷേ ഈ ശിലയെ അങ്ങനെ ഒരു പ്രത്യേകതയോടെ കാണുന്നവരോ മതപരമായ പരിവേഷം അതിന് നൽകുന്നവരോ ഒന്നുമായിരുന്നില്ല അവർ. എന്നിട്ടും അവർക്കിടയിൽ തർക്കമുണ്ടായി. ഒരു പ്രത്യേകത മറ്റൊരാൾക്ക് വിട്ടുകൊടുക്കുന്നതിലുള്ള അസഹ്യതയായിരുന്നു അടിസ്ഥാനം. തർക്കം മൂത്ത് അബ്ദുദ്ദാർ കുടുംബം ചോര ത്തളികയിൽ കൈ മുക്കി, ഈ അവകാശം ഞങ്ങൾക്ക് കിട്ടിയില്ലെങ്കിൽ ഞങ്ങൾ മരണം വരെ ഇതിനു വേണ്ടി പോരാടും എന്ന് പറയുന്ന അത്രത്തോളം എത്തി ആ വിഷയങ്ങൾ. എന്നാൽ അവിടെ ദാറുന്നദ് വ എന്ന ഒരു പാർലമെൻ്റൊക്കെ ഉണ്ടായിരുന്നില്ലേ എന്ന് ചിലർ ചിന്തിച്ചേക്കാം. അങ്ങനെയൊന്ന് അവിടെയുണ്ടായിരുന്നു. അത് പക്ഷേ അവിടത്തെ പ്രഭുക്കന്മാർക്ക് വെടി പറഞ്ഞിരിക്കാനുള്ള ഒരു സ്ഥലം മാത്രമായിരുന്നു. സജീവവും സങ്കീർണവുമായ രാഷ്ട്രീയത്തിന് അത് വേദിയായത് നബി തിരുമേനി(സ)യോടുള്ള വിദ്വേഷത്തെ ജ്വലിപ്പിച്ചെടുക്കാൻ ശ്രമിക്കുമ്പോൾ മാത്രമായിരുന്നു. അവിടെ നീതിയുടെ സ്വരം ഉയർന്ന ആദ്യ രംഗം ഹിൽഫുൽ ഫുളൂൽ ആയിരുന്നു. സബീദിൽ നിന്ന് വന്ന ഒരു കച്ചവടക്കാരനിൽ വാങ്ങിയ ചരക്കിന് വില തരില്ല എന്ന് മക്കയിലെ പ്രമാണി ആസ്വ് ബിൻ വാഇൽ പറയുകയും വലിയ ഖുറൈശി കുടുംബങ്ങൾ അയാൾക്കൊപ്പം നിൽക്കുകയും ചെയ്തപ്പോഴായിരുന്നു മക്കയുടെ മണ്ണിൽ ഇത്തരം ഒരു അനീതി അനുവദിക്കുകയില്ല എന്നു പറഞ്ഞുകൊണ്ട് ഈ സന്ധി ഉണ്ടായത്. അതും നബി(സ) മുന്നിൽ നിന്നു കൊണ്ട്. ഇങ്ങനെയുള്ള ഒരു ജനതയെ ഒരു ചരടിലെ മണികൾ പോലെ ഏതാനും വർഷങ്ങൾ കൊണ്ട് കോർത്തെടുത്തു എന്ന് പറയുമ്പോഴും കേൾക്കുമ്പോഴും ഒരു ശരാശരി വിശ്വാസിയുടെ മനസ്സിൽ സന്തോഷം ഉണരുകയും ഉയരുകയും ചെയ്യില്ലേ..
ആ കാലഘട്ടത്തിലെ സ്ത്രീ സമൂഹത്തിൻ്റെ അവസ്ഥ ഏറെ പരിതാപകരമായിരുന്നു. അവർക്ക് സാമ്പത്തിക അവകാശങ്ങൾ ഉണ്ടായിരുന്നില്ല എന്നതാണ് ആ കൂട്ടത്തിൽ ഏറ്റവും വേദനാജനകം. അത് പണ്ടേയുള്ള പുരുഷലോകത്തിന്റെ നയമാണ് എന്ന് കരുതാം. കാരണം സ്ത്രീകളുടെ സ്വത്താവകാശം വലിയ സമൂഹങ്ങളിൽ പോലും ഒരുപാട് വൈകിയാണ് വന്നത്. 1718 ലാണ് പാശ്ചാത്യലോകത്ത് ആദ്യമായി (അമേരിക്കന്‍ സ്റ്റേറ്റായ പെന്‍സില്‍വാനിയയില്‍) സ്ത്രീക്ക് സ്വന്തമായി സ്വത്ത് കൈവശം വെക്കാമെന്ന നിയമം വരുന്നത്. ബ്രിട്ടനില്‍ 1870ലും. നമ്മുടെ ഇന്ത്യയിൽ അത് പിന്നെയും വൈകി. അംബേദ്കറുടെയും നെഹ്‌റുവിന്റെയും ശ്രമഫലമായി 1950ല്‍ വന്ന ഹിന്ദുകോഡാണ് ഹൈന്ദവ സ്ത്രീകള്‍ക്ക് സ്വത്തവകാശം നല്‍കുന്നത്. അരുന്ധതി റോയിയുടെ അമ്മയും സാമൂഹിക പ്രവര്‍ത്തകയുമായ മേരി റോയ് നടത്തിയ നിയമപോരാട്ടത്തിന്റെ ഫലമായാണ് കേരളത്തിലെ ക്രിസ്ത്യന്‍ സ്ത്രീകള്‍ക്ക് അനന്തര സ്വത്തില്‍ അവകാശം ലഭ്യമാകുന്നത്. എന്നാൽ അറേബ്യയിൽ അത് നിഷേധിക്കപ്പെട്ടത് തികച്ചും ധിക്കാരപരമായിട്ടായിരുന്നു. അതാണ് ഏറെ അസഹ്യം. അവർ അതിനു പറഞ്ഞിരുന്ന ന്യായം, അവർ പടത്തൊപ്പി അണിയുകയും പടവാളെടുത്ത് കളത്തിൽ ഇറങ്ങുകയും ചെയ്യുന്നില്ല എന്നതായിരുന്നു. ഇതാണ് സങ്കടം. അവർ യുദ്ധത്തിന് ഇറങ്ങാത്തത് അവരുടെ ശാരീരിക മാനസിക ഘടനകൾ അതിന് ജൈവികമായി പറ്റാത്തതുകൊണ്ടാണ് അല്ലാതെ അവരുടെ കുറ്റമോ വിസമ്മതമോ കൊണ്ടല്ല. മറ്റൊന്ന്, അവിടെ ആ സ്ത്രീജനത അനുഭവിച്ചിരുന്ന മനഃസംഘർഷങ്ങളായിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണം അനിയന്ത്രിതമായ വിവാഹങ്ങൾ ആയിരുന്നു. പുരുഷന്മാർ ഒരുപാട് സ്ത്രീകളെ മാറിമാറി വിവാഹം ചെയ്യുമായിരുന്നു. ഇതിൻ്റെ മറ്റു വശങ്ങളല്ല നാം ഇവിടെ നോക്കുന്നത്. ഇതുണ്ടാക്കുന്ന മാനസികമായ വ്യഥകളാണ്. ഒരു പുരുഷൻ മറ്റൊരു സ്ത്രീയെ ആഗ്രഹിക്കുന്നതും കാമിക്കുന്നതും നിലവിലുള്ള ഭാര്യ ലൈംഗിക സംതൃപ്തിക്ക് പോരാ എന്ന് കാണുന്നതുകൊണ്ടാണ്. അതിനാൽ ആ മനസ്ഥിതിയിലുള്ള ഒരു കാഴ്ചപ്പാടാണ് നിലവിലുള്ള ഭാര്യയോട് ഭർത്താവിന് പിന്നീട് ഉണ്ടാവുക എന്നത് സ്വാഭാവികമാണ്. അർഹമായ പരിഗണന ലഭിക്കാതെ, സാമ്പത്തികമടക്കമുള്ള പിന്തുണകൾ കിട്ടാതെ, എന്നാൽ മറ്റൊരു ഇണയെ തേടി പോകാൻ വേണ്ടത്ര സ്ത്രീത്വത്തിന് ചാരുത ഇല്ലാതെ സ്ത്രീകൾ വലിയ കഷ്ടപ്പാടിനാണ് വിധേയമായിരുന്നത്. അവിടെ അവർക്ക് ശബ്ദിക്കാൻ കഴിയുമായിരുന്നില്ല. അവർക്ക് വേണ്ടി ആരും ശ്രദ്ധിക്കാൻ വരുമായിരുന്നില്ല. അത്തരം ഒരു സാഹചര്യത്തിൽ അവർ സമൂഹത്തിന്റെ അർദ്ധാംശമാണെന്നും അവൾക്കും അവകാശങ്ങളും അധികാരങ്ങളും ഉണ്ടെന്നും പ്രഖ്യാപിച്ച് അവരുടെ കരം പിടിച്ചുയർത്തിയത് ഈ പ്രവാചകൻ ആയിരുന്നു. ഇസ്ലാമിൽ എത്തിയപ്പോഴാണ് അവൾ രാജകുമാരിയും രാജ്ഞിയും എല്ലാമായത്. അവരുടെ കാൽച്ചുവട്ടിൽ സ്വർഗം വന്നത്. ഇത് മൊത്തത്തിൽ വീക്ഷിക്കുമ്പോൾ നമ്മുടെ അന്തരംഗങ്ങളിലേക്ക് ഒരു അഭിമാന വികാരം അടിച്ചു കയറുന്നില്ലേ..
അന്നത്തെ ഏറ്റവും വലിയ ശാപം അടിമത്തമായിരുന്നു. അടിമത്വം പക്ഷേ വാതിൽ അടക്കുന്ന ലാഘവത്തിൽ നിരോധിക്കാൻ കഴിയുന്ന അത്ര ചെറുതായിരുന്നില്ല. അന്നത്തെ എല്ലാ പ്രഭുക്കന്മാരുടെയും അവരുടെ സമ്പത്തിന്റെയും സാമ്രാജ്യ ശക്തികളുടെയും അവരുടെ അധികാരത്തിന്റെയും അടിസ്ഥാനം അടിമകളായിരുന്നു. പ്രതിഫലം നൽകാതെ മാനുഷിക വിഭവം എമ്പാടും ചൂഷണം ചെയ്തെടുക്കുവാൻ എല്ലാവരും മത്സരിച്ചു നടക്കുകയായിരുന്നു. അറേബ്യയിൽ മാത്രമല്ല, ഏതാണ്ട് ലോകത്തെല്ലായിടത്തും. അറേബ്യയിൽ പക്ഷേ ഒരു നിയമമോ വ്യവസ്ഥയോ ഉണ്ടായിരുന്നില്ലാത്തതിനാൽ ഓരോരുത്തരും ചെയ്യുന്ന ക്രൂരതകൾ എല്ലാം അവരരുടെ ശരികൾ ആയിരുന്നു. നിരോധിക്കാൻ മാർഗ്ഗമില്ല എന്നും പറഞ്ഞ് പക്ഷേ ഇസ്ലാമും പ്രവാചകനും മാറി നിന്നില്ല. നിരോധിക്കാൻ കഴിഞ്ഞില്ലെങ്കിൽ ആഘാതം കുറക്കുവാൻ വേണ്ടി ചില നിയന്ത്രണങ്ങൾ സ്വീകരിക്കാം എന്ന് ലോക ചരിത്രത്തിൽ ഏറ്റവും ആദ്യമായി ചിന്തിച്ചത് നബി തിരുമേനി(സ) ആയിരുന്നു. മഹാനായ നബി(സ) അടിമകളെ കുറിച്ച് 'അവർ നിങ്ങളുടെ സഹോദരങ്ങളാണ്' എന്ന് വെട്ടിത്തുറന്ന് പ്രഖ്യാപിച്ചു. അവരോട് ചെയ്യുന്ന ഓരോ അനീതികളും ദൈവത്താൽ വിചാരണ ചെയ്യപ്പെടും എന്ന് താക്കീത് ചെയ്തു. അവരെ നിസ്കാരത്തിൽ ഒരേ വരിയിൽ തോളോട് തോൾ ചേർത്ത് അണിയായി നിറുത്തി. മതപരമായ കൃത്യവിലോപങ്ങൾ സംഭവിച്ചു പോയവർക്ക് അതിനുള്ള പ്രായശ്ചിത്തമായി അടിമകളെ സ്വതന്ത്രരാക്കുന്നത് മത നിയമമാക്കി. ഒരു അടിമയെ ഒരാൾ അല്ലാഹുവിനു വേണ്ടി മോചിപ്പിക്കുകയാണ് എങ്കിൽ അത് വലിയ പ്രതിഫലത്തിന് അവനെ അർഹനാക്കും എന്ന് നബി തിരുമേനി(സ) പ്രഖ്യാപിച്ചു. ലോകം എന്നും വലിയ വികാരത്തോടു കൂടെ മാത്രം പറയുകയും കേൾക്കുകയും ചെയ്യുന്ന ഇതെല്ലാം അനുഭവിക്കുമ്പോൾ നമ്മുടെ മനസ്സിന്റെ ആഴങ്ങളിൽ നിന്ന് ചൂടുള്ള ഒരു വികാരം പുറത്തേക്ക് വമിക്കുന്നില്ലേ..
വിവിധ ജനവിഭാഗങ്ങളെ പൊതു താൽപര്യത്തിനുവേണ്ടി ഒന്നിച്ചു നിറുത്തുവാൻ സന്ധിയും വ്യവസ്ഥയും ഉണ്ടാക്കിയ പ്രവാചകനായിരുന്നു മനവർകൾ. മദീനാ ചാർട്ടറിൽ നാം അത് കണ്ടതും അനുഭവിച്ചതുമാണ്. മദ്യം ഇല്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് സങ്കൽപ്പിക്കുവാൻ പോലും അശക്തരായിരുന്ന ആ ജനതയുടെ കരങ്ങളിൽ നിന്ന് പിടിച്ചുവാങ്ങാതെ അവരെ കൊണ്ട് തന്നെ ചഷകങ്ങൾ പുറത്തേക്കൊഴുക്കിയ നബിയാണിത്. യുദ്ധവും സന്ധിയും ഒരേ രേഖയിൽ വന്നപ്പോൾ അന്ന് ഹുദൈബിയ്യ സന്ധിക്കു വേണ്ടി അനുയായികളുടെ മുറിമുറുപ്പിനെ പോലും അവഗണിച്ച പ്രവാചകനാണിത്. കന്നുമേക്കലും കച്ചവടവും അല്ലാതെ മറ്റൊരു സാമ്പത്തിക രീതിയും അറിയാത്ത നാടോടികളും മരുഭൂവാസികളുമായവർക്കിടയിൽ കൃഷി എന്ന സംസ്കാരം ഫലപ്രദമായി സ്ഥാപിച്ച കർഷകനായിരുന്നു അദ്ദേഹം. തങ്ങളുടെ പ്രാർത്ഥനാ സമയമായപ്പോൾ പരുങ്ങി നിൽക്കുന്ന ക്രൈസ്തവരുടെ മുഖത്ത് നോക്കി 'എൻ്റെ പള്ളിയുടെ ആ ഭാഗത്ത് മുട്ടുകുത്തി പ്രാർത്ഥിച്ചോളൂ' എന്നു പറയാൻ മാത്രം വലിയ മനസ്സിൻ്റെ ഉടമയായിരുന്നു ഈ പ്രവാചകൻ. ഉന്നതരായ സ്വഹാബിമാർ നിരനിരയായി നിൽക്കുമ്പോഴും ബിലാൽ എന്ന അടിമയ്ക്ക് കഅ്ബയുടെ മുകളിൽ കയറുവാനും ആദ്യത്തെ വാങ്കൊലി മുഴക്കുവാനും അവസരം നൽകിയ വിശാലഹൃദയനായിരുന്നു നബിതങ്ങൾ. അബൂബക്കർ(റ) അടക്കം ഉന്നത ശീർഷരായ പ്രധാനികൾ നിരയായി നിൽക്കുമ്പോഴും ഇരുപതുകാരനായിരുന്ന ഇതാബ് ബിൻ ഉസൈദിനെ മക്കായുടെ പ്രഥമ ഗവർണർ ആക്കാൻ മാത്രം വിശാലതയും സത്യസന്ധതയും ഉള്ള മഹാമനീഷിയായിരുന്നു അവർ. തന്നെ കാണുമ്പോൾ ബഹുമാനപൂർവ്വം ചാടി എഴുന്നേൽക്കുന്നതിനെ പുഞ്ചിരിയോടെ നിരാകരിച്ച് നിരുത്സാഹപ്പെടുത്തിയ മഹാനായിരുന്നു അവർ. അയൽക്കാരൻ പട്ടിണി കിടക്കുമ്പോൾ വയറുനിറച്ച് ഭക്ഷണം കഴിക്കുന്നവനെ എൻ്റെ ആദർശത്തിന് വേണ്ട എന്ന് പറയാൻ മാത്രം നിഷ്കളങ്കനും ധൈര്യവാനുമായിരുന്നു മഹാനവർകൾ. മരിക്കുന്നതിന്റെ തലേന്നാൾ സ്വന്തം മുതലെല്ലാം ധർമ്മം ചെയ്തു ഇത്രയേ ദുനിയാവ് വേണ്ടു എന്നു കാണിച്ച മഹാചാര്യൻ ആയിരുന്നു നബി തങ്ങൾ. ഇതെല്ലാം കേൾക്കുമ്പോഴും മനസ്സിനുള്ളിൽ വലിയൊരു സന്തോഷം അങ്കുരിക്കുന്നില്ലേ..
ഇതെല്ലാം പറയുമ്പോഴും എഴുതുമ്പോഴും കേൾക്കുമ്പോഴും അവതരിപ്പിക്കുമ്പോഴും ആ സന്തോഷത്തെ നാം പ്രകടിപ്പിക്കുകയാണ്. ആ പ്രകടനം തന്നെയാണ് ഈ മാസത്തിലെ ഏത് ആഘോഷത്തിന്റെയും അർത്ഥവും. അല്ലാതെ പിന്നെ എങ്ങനെയാണ് ഈ സന്തോഷത്തെ പുറത്ത് എടുക്കുകയും കാണിക്കുകയും ചെയ്യുക?. അവ പുറത്തെടുത്താലും കാണിച്ചാലുമല്ലേ ഈ പ്രവാചകനെ നമുക്ക് നമ്മുടെ ലോകത്തിനു മുമ്പിൽ അവതരിപ്പിക്കുവാൻ കഴിയൂ. പക്ഷേ വിശ്വാസിയുടെ ആഘോഷം വെറും ഈ പറച്ചിലിൽ ഒതുങ്ങാൻ പാടില്ല എന്നതാണ് സത്യം. പറയുന്നതല്ലാം അനുരാഗമായി അവർ പരിവർത്തിപ്പിക്കണം എന്നാണ്. അതായത് പറയുകയും പ്രചരിപ്പിക്കുകയും എഴുതുകയും ചെയ്യുന്ന ആശയങ്ങൾ മഹാനായ നബിയോടുള്ള ഉള്ളടുപ്പത്തിന്റെ കാരണമായ മഹബ്ബത്തി ലേക്ക് നയിക്കാൻ പോന്നതായിരിക്കണം. തൻ്റെ വിശ്വാസത്തിൻ്റെ പാതയിൽ അടിയുറച്ചു നിൽക്കുവാൻ പ്രേരിപ്പിക്കുന്നതായിരിക്കണം. അപ്പോൾ മാത്രമേ നമ്മുടെ നബിദിനം അർത്ഥപൂർണ്ണമാവുകയുള്ളൂ. നിങ്ങളുടെ മാതാപിതാക്കളെക്കാളും സന്താനങ്ങളെക്കാളും ജനങ്ങളെ എല്ലാവരെക്കാളും എന്നെ നിങ്ങൾ സ്നേഹിച്ചു പിൻപറ്റുന്നത് വരെ നിങ്ങളിൽ ഒരാളും സമ്പൂർണ്ണ വിശ്വാസി ആവുകയില്ല എന്ന് നബി തങ്ങൾ.
രണ്ടാമത്തേത്, ആ പ്രവാചകൻ്റെ വഴിയിൽ പിൽക്കാലത്ത് പിറന്നുവീഴുകയും ജനങ്ങളെ ആത്മീയമായി സംസ്കരിച്ചെടുക്കുകയും അല്ലാഹുവിൻ്റെ സ്മരണ ആ വിധത്തിൽ ലോകത്ത് സ്ഥാപിക്കുകയും ചെയ്ത ഏറ്റവും വലിയ ആത്മീയ വികാരത്തിൻ്റെ കേന്ദ്രബിന്ദുവായ ഗൗസുൽ അഅ്ളം ശൈഖ് അബ്ദുൽ ഖാദർ ജീലാനി(റ) തങ്ങളുടെ സ്മരണയാണ്. നബി (സ്വ) തങ്ങൾ തന്ന ആശയം വിസ്മൃതിയിൽ പെടാതിരിക്കുവാൻ വേണ്ടിയാണ് ആ പ്രവാചകൻ നമ്മുടെ നിസ്കാരങ്ങളിലും ആരാധനാകർമങ്ങളിലും ആവർത്തിച്ച് ആവർത്തിച്ച് കടന്നുവരുന്നത്. അതേ ലക്ഷ്യത്തിനുവേണ്ടിയാണ് വർഷാവർഷം റബീഉൽ ആഖിർ മാസം വരുമ്പോൾ നാം ആ ജന്മദിനം സമുചിതമായി ആഘോഷിക്കുന്നത് എന്നത് പോലെ തന്നെ മഹാനായ ഗൗസുൽ അഅ്ളം തങ്ങൾ കാണിച്ചുതന്ന ആത്മീയ വഴി ഒരിക്കലും വിസ്മൃതിയിൽ പെട്ടുകൂടാ എന്ന നിർബന്ധമാണ് മഹാനവർകളുടെ സ്മരണ പ്രത്യേകമായി എടുത്ത് ഉണർത്തുവാനും ജനങ്ങളെ ഉത്ബോധിപ്പിക്കുവാനും നമുക്ക് പ്രേരണയാകുന്നത്. റബീഉൽ അവ്വലിന്റെ ആത്മീയ തുടര്‍ച്ചയായതുകൊണ്ടാണ് ഈ മാസത്തിന് ഇങ്ങനെ പേര് വന്നത്. ഹിജ്റ കലണ്ടറിലെ നാലാം മാസമാണ് റബീഉൽ ആഖിർ. റബീഉൽ ആഖിർ പതിനൊന്നിനാണ് ഗൗസുൽ അഅ്ളം ശൈഖ് മുഹിയുദ്ദീൻ അബ്ദുൽ ഖാദിറുൽ ജീലാനീ(റ) തങ്ങൾ ആത്മീയ ലോകത്തോട് വിട പറഞ്ഞത്. അത് ഈ മാസത്തിന്റെ സങ്കടങ്ങളിൽ ഒന്നാമത്തെത് തന്നെയാണ് എന്ന് പറയുന്നതിനു പിന്നിൽ വെറും വൈകാരികതയല്ല മറിച്ച് അക്കാദമിക പഠനങ്ങൾ വരെ അതിന്റെ പിന്നിലുണ്ട്. കാരണം മഹാനവർകളുടെ ജീവിതം, സന്ദേശം, സേവനം തുടങ്ങിയവ ലോകം കണ്ട മശാഇഖുമാരുടേതിൽ നിന്നും തികച്ചും വ്യത്യസ്ഥവും വ്യതിരിക്തവുമാണ്.
ശൈഖ് ജീലാനി(റ) ഹിജ്റ 470-ൽ പരിശുദ്ധ റമളാൻ ഒന്നിന് കാസ്പിയന്‍ കടലിനു വടക്ക് കിടക്കുന്ന ജീലാനിയിലെ ഗൈലാന്‍ പ്രദേശത്താണ് ജനിക്കുന്നത്. നബി(സ) തങ്ങളുടെ മകൾ ഫാതിമ ബീവി(റ)യുടെ മക്കളിൽ ഹുസൈൻ(റ)വിന്റെ കുടുംബ പരമ്പരയിലുളള ഫാത്വിമ എന്നവരുടെയും ഹസ്സൻ(റ)വിന്റെ കുടുംബ പരമ്പരയിലുള്ള അബൂ സ്വാലിഹ് ജന്‍കി ദോസ്ത് എന്നവരുടെയും മകനായിട്ടായിരുന്നു ജനനം. ജ്ഞാന സമ്പാദനത്തിനായി സ്വതാ ല്‍പര്യ പ്രകാരം മഹാനവര്‍കള്‍ ഹിജ്‌റ-488ല്‍ ബഗ്ദാദിലേക്ക് യാത്രയായി. വിജ്ഞാനത്തിന്റെയും സംസ്‌കാരത്തിന്റെയും കേദാരമായിരുന്നു ബഗ്ദാദ്. ബഗ്ദാദിലെത്തിയ ശേഷം വിജ്ഞാന സമ്പാദന മാര്‍ഗത്തില്‍ അദ്ദേഹം തന്റെ ജീവിതം സമര്‍പ്പിച്ചു. ഓരോ വിജ്ഞാന ശാഖയിലും അക്കാലത്ത് ഏറ്റവും പ്രാവീണ്യം നേടിയ പണ്ഡിതന്മാരില്‍ നിന്നാണ് ശൈഖ് ജീലാനി(റ) അവ അഭ്യസിച്ചത്. അതീവജ്ഞാനിയായിരുന്ന ഇമാം ഗസ്സാലി(റ) ബഗ്ദാദ് ഉപേക്ഷിച്ച കാലവുമായിരുന്നു അത്. ഈ വിയോഗം തീർത്ത ശൂന്യതയിലേക്കായിരുന്നു പരിവര്‍ത്തനത്തിന്റെ വിളിയാളവുമായി ശൈഖ് ജീലാനി(റ)യുടെ രംഗ പ്രവേശനം. അന്തര്‍ ദേശീയ തലത്തില്‍ തന്നെ ഒരു ധര്‍മ്മ വിപ്ലവകാരിയായ നവോത്ഥാന നായകനെ അന്വേഷിക്കുകയായിരുന്നു ലോകം. ഏറെ വൈകാതെ ജീലാനി (റ) സര്‍വ്വജ്ഞാന സ്പര്‍ശിയായ ഒരു പണ്ഡിതനായി മാറി.
ഇബ്‌നു റജബില്‍ ഹമ്പലി (റ) പറയുന്നു: പതിമൂന്ന് വിജ്ഞാന ശാഖകളില്‍ ശൈഖ് (റ) ക്ലാസെടുക്കുമായിരുന്നു. ശാഫിഈ, ഹമ്പലി (റ) മദ്ഹബുകളില്‍ ഫത്‌വ കൊടുക്കുകയും ചെയ്തിരുന്നു. മുപ്പത്തി മൂന്ന് വര്‍ഷമാണ് ശൈഖവര്‍കളുടെ പഠന പരിശീലന കാലഘട്ടം. നിരവധി വിഷമങ്ങളും ബുന്ധിമുട്ടുകളും പലപ്പോഴും അദ്ദേഹത്തെ അവശനാക്കി. അദ്ദേഹം പതറിയില്ല. എല്ലാം സഹിച്ചു. ശൈഖ് ജീലാനി(റ)യുടെ ജീവിത വിജയത്തിന്റെ ഏറ്റവും വലിയ കാരണം മഹാനവര്‍കളുടെ ജീവിത വിശുദ്ധിയും സ്വകാര്യ ജീവിതത്തില്‍ മഹാനവര്‍കള്‍ പുലര്‍ത്തി പോന്നിരുന്ന പരമമായ സൂക്ഷ്മതയുമായിരുന്നു. തീര്‍ത്തും സത്യസന്ധമായി ജിവിക്കുകയും അങ്ങനെ തന്നെ തന്റെ മാര്‍ഗം രൂപവല്‍ക്കരിക്കുകയും ചെയ്തു. സമ്പൂര്‍ണ്ണമായ ആത്മാര്‍ത്ഥത അദ്ധേഹത്തില്‍ നിറഞ്ഞു നിന്നിരുന്നു. ശൈഖ് ജീലാനി തങ്ങള്‍ നിര്‍വഹിക്കുന്ന പ്രബോധന പ്രവര്‍ത്തനങ്ങളില്‍ അല്ലാഹുവിന്റെ പ്രീതിയല്ലാതെ മറ്റൊരു താല്‍പര്യവും അദ്ധേഹത്തിനുണ്ടായിരുന്നില്ല. മഹാനവര്‍ക ള്‍ പറയുന്നു. സൃഷ്ടികളോടുള്ള ഗുണകാംശിയാണ്, ഈ കാര്യത്തില്‍ യാതൊരു പ്രതിഫലവും ഞാനുദ്ധേശിക്കുന്നില്ല, എന്റെ പ്രതിഫലവും രക്ഷിതാവിലുണ്ട്. എനിക്ക് ദുനിയാവ് ആവിശ്യമില്ല ഞാന്‍ ദുനിയാവിന്റെയോ ആഖിറത്തിന്റെയോ അടിമയുമല്ല. അല്ലാഹുവിനെയല്ലാതെ ഒന്നിന്റെയും, അഹദും ഖദീമുമായ അല്ലാഹുവിനെ മാത്രമാണ് ഞാന്‍ ആരാധിക്കുന്നത്. എന്റെ സന്തോഷം നിങ്ങളുടെ വിജയത്തിലാണ്. എന്റെ സങ്കടം നിങ്ങളുടെ നാശത്തിലാണ്. (അല്‍ ഫത്ഹുല്‍ റബ്ബാനി).
അബ്ബാസിയ്യാ ഖിലാഫത്തിന്റെ ഭരണ സിരാകേന്ദ്രമായിരുന്നു ബഗ്ദാദ്. അവിടെ നടക്കുന്ന ഓരോ ചലനവും ലോകമറിയും. ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാണത്. ശൈഖ് മുഹിയുദ്ധീൻ അബ്ദുൽ ഖാദർ ജീലാനി(റ) വിന്റെ പ്രവർത്തന കേന്ദ്രം ബഗ്ദാദ് ആവണമെന്നത് അല്ലാഹുവിന്റെ നിശ്ചയം. ലോക മുസ്ലിം സമൂഹം വൻ പ്രതിസന്ധിയിൽ പെട്ട കാലവുമായിരുന്നു അത്. അധികാര വടംവലികൾ ശക്തമായി. നിരന്തര യുദ്ധങ്ങൾ, രക്തക്കറ പുരണ്ട തെരുവുകൾ, കൊള്ളയടിക്കപ്പെട്ട പട്ടണം, കത്തിക്കരിഞ്ഞ കെട്ടിടങ്ങൾ, തുടങ്ങിയവയായിരുന്നു എങ്ങും കാണാനുണ്ടായിരുന്നത്. സാംസ്കാരിക ചിഹ്നങ്ങൾ കത്തിച്ചാമ്പലായി. മനുഷ്യമനസ്സുകൾ പകയും വൈരവും ശത്രുതയും പ്രതികാര ചിന്തയും കൊണ്ട് നീറിപ്പുകഞ്ഞു. ശപിക്കപ്പെട്ട ശൈത്വാന്മാർ പൊട്ടിച്ചിരിച്ചു. ഇസ്ലാമിന്റെ ആത്മാവ് വേദന കൊണ്ട് പിടഞ്ഞു. അപ്പോൾ ശൈഖ് ജീലാനി (റ) വാക്കുകൾ ബഗ്ദാദിന്റെ അന്തരീക്ഷത്തിൽ ഇടിമുഴക്കങ്ങൾ പോലെ പ്രതിധ്വനിച്ചു. ശക്തമായ പദപ്രയോഗങ്ങൾ മനുഷ്യമനസ്സുകളിൽ കൊടുങ്കാറ്റു സൃഷ്ടിച്ചു. നിർജീവമായി കിടന്ന മനുഷ്യ മനസ്സുകൾക്ക് ആ വാക്കുകൾ ജീവൻ നൽകി. അനേകായിരങ്ങളുടെ മനസ്സിൽ അദ്ദേഹം തൗഹീദ് സ്ഥാപിച്ചു. അപ്പോൾ ഈമാനിന്റെ പ്രകാശം പരന്നു. ദീനിനെ പുനർജീവിപ്പിച്ചു. അപ്പോൾ അബ്ദുൽ ഖാദിർ മുഹിയുദ്ധീനായി. മാലോകർ തന്നെയാണ് ആദ്യമായി മുഹിയുദ്ധീൻ എന്ന് വിളിച്ചത്. അപ്പോൾ ആകാശ ഭൂമികൾ അത് ഏറ്റുവിളിച്ചു.
ശൈഖ് ജീലാനീ(റ)യുടെ തസ്കിയത്തിലൂടെ ആയിരങ്ങളാണ് മോചനത്തിന്റെയും മോക്ഷത്തിന്റെയും തീരമണഞ്ഞത്. അതിന് അതിന്റെതായ ചില കാരണങ്ങളുണ്ട്. ആ കാരണങ്ങളാണ് ഖാദിരിയ്യ ത്വരീഖത്തിനെ ലോകോത്തരമാക്കിയത്. ജനങ്ങളെ തസ്കിയത്ത് ചെയ്യുക എന്ന ദൗത്യത്തിൽ അദ്ദേഹം പുലർത്തിയ നിഷ്കളങ്കതയാണ് അവയിൽ ഒന്നാമത്തേത്. മഹാനവർകൾ തന്നെത്തന്നെ അതിനു വേണ്ടി സമർപ്പിക്കുകയായിരുന്നു. മറ്റൊന്ന് ഏത് സാധാരണക്കാർക്കും സ്വീകരിക്കാൻ കഴിയുന്ന ഒരു സാരള്യത അദ്ദേഹത്തിന്റെ ത്വരീഖത്തിൽ ഉണ്ട്. കഠിനമായ രിയാളകളോ അമലുകളോ അതിൽ ഇല്ല. അതിനാൽ തന്നെ അതിനു വേണ്ടി ഒഴിഞ്ഞിരിക്കുന്നവർക്ക് മാത്രമല്ല, ഏതുതരം ജീവിത സന്ധാരണ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവർക്കും ജീവിതത്തിൽ പുലർത്താവുന്ന വഴിയായിരുന്നു അദ്ദേഹത്തിന്റേത്. അതിനാൽ തന്നെ ലോകത്തെ ഏതു ത്വരീഖത്തുകൾക്കും മികച്ചു നിൽക്കുന്ന ത്വരീഖത്താണ് ഖാദിരിയ്യ ത്വരീഖത്ത്. തന്റെ തൊണ്ണൂറ്റി ഒന്നാം വയസ്സില്‍ ഹിജ്‌റാബ്ദം 561 റബീഉല്‍ ആഖിര്‍ 11ന് രാത്രി മഹാനവർകൾ മരണപ്പെട്ടു. രാത്രിതന്നെ മറമാടപ്പെടുകയും ചെയ്തു. മരണരോഗം ഉണ്ടായി ഒരുദിവസമേ കിടപ്പായിട്ടുള്ളൂ. അതിനു മുമ്പ് കാര്യമായ രോഗങ്ങളൊന്നും അദ്ദേഹത്തെ ബാധിച്ചിരുന്നില്ല. ഇതാണ് റബീഉൽ ആഖിർ ഉൾക്കൊളുന്ന ഒരു ദുഖം.
ഗൗസുൽ അഅ്ളമിന്റെ ഓർമ്മക്ക് ഒരു അന്തർദേശീയതയാണ് ഉള്ളതെങ്കിൽ ഈ മാസം നമ്മുടെ ഇന്ത്യയെ പ്രത്യേകമായി ഓർമ്മിപ്പിക്കുന്ന ഒരു സങ്കടവുമുണ്ട്. അത് ഖാജാ നിസാമുദ്ദീന്‍ ഔലിയ(റ)യുടെ വിയോഗത്തിന്റേതാണ്. ഹി. 1325 റബീഉൽ ആഖിർ 18 നായിരുന്നു മഹാനവർകളുടെ വിയോഗം. ഇന്ത്യയുടെ തലസ്ഥാന നഗരത്തിന് അനുഗ്രഹം പകര്‍ന്നുകൊണ്ടിരിക്കുന്ന പുണ്യകേന്ദ്രമാണ് ഹസ്‌റത്ത് നിസാമുദ്ദീന്‍ ഔലിയ ദര്‍ഗ. അജ്മീർ കഴിഞ്ഞാൽ പിന്നെ ഏറ്റവും അധികം സന്ദർശകരെത്തുന്ന ദർഗ. ചിശ്‌തിയ്യ ത്വരീഖത്തിന്റെ പ്രമുഖ സൂഫിവര്യരായ ഖാജാ നിസാമുദ്ദീന്‍ സുല്‍ത്താന്‍ മഹ്‌ബൂബെ ഇലാഹിയാണ് ഇവിടെ അന്ത്യവിശ്രമംകൊള്ളുന്നത്. 1238 ൽ ബദിയൂനിലാണ് മഹാനവര്‍കള്‍ ജനിച്ചത്. അഞ്ചാം വയസ്സില്‍ തന്നെ പിതാവ് മരണപ്പെട്ടു. പതിനാറാം വയസ്സില്‍ ഉമ്മയോടും സഹോരദിമാരോടുമൊപ്പം ഡല്‍ഹിയില്‍ താമസമാക്കി. ശൈഖ് ഫരീദുദ്ദീന്‍ ഗഞ്ചിശക്കര്‍, ശൈഖ് ബഹാഉദ്ദീന്‍ സകരിയ്യ തുടങ്ങിയ പണ്‌ഡിതന്‍മാരുമായി മഹാന് അഗാധ ബന്ധമുണ്ടായിരുന്നു. ജമാഅത്ത് ഖാന എന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ കീഴില്‍ നടന്നിരുന്ന പഠന ക്ലാസുകളില്‍ രാജകുടുംബാംഗങ്ങളടക്കമുള്ളവരുടെ നിറ സാന്നിധ്യമുണണ്ടായിരുന്നു. ജനങ്ങളുടെ ദുഖ:ങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പരിഹാരം നിര്‍ദ്ദേശിച്ചിരുന്ന മഹാന്‍ ലളിത ജീവിതം നയിക്കുകയും തനിക്ക് ലഭിക്കുന്ന ഹദ്‌യകള്‍ അപ്പോള്‍ തന്നെ പാവങ്ങള്‍ക്കിടയില്‍ വിതരണം ചെയ്‌തു പോരുകയും ചെയ്‌തു. അക്കാലത്തെ ഭരണാധികാരികള്‍ അദ്ദേഹത്തിന് വലിയ ആദരവും ബഹുമാനവും നല്‍കിയിരുന്നു. എഴുനൂറോളം കൊല്ലമായി ഇന്ത്യക്കകത്തും പുറത്തുനിന്നുമായി പതിനായിരങ്ങള്‍ മഹാന്റെ സാമീപ്യം തേടി അവിടുത്തെ ഹള്‌റത്തിലിലേക്ക് ഒഴുകികൊണ്ടിരിക്കുന്നു.
Thoughts & Arts
വിശ്വാസികളുടെ ആത്മീയ വസന്തങ്ങൾ
2025-08-24
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso