Thoughts & Arts
Image

തിരുനബി: താരങ്ങളുടെ താവഴി

2025-08-24

ടി എച്ച് ദാരിമി





നബി(സ)യെ കുറിച്ച് അല്ലാഹു തന്നെ വിശദീകരിക്കുന്നത് കാണുക. 'നിങ്ങളിലെ ഉന്നത തറവാട്ടില്‍ നിന്നുള്ള ഒരു ദൂതന്‍ ഇതാ വന്നിരിക്കുന്നു. നിങ്ങള്‍ ക്ലേശിക്കുന്നത് ആ ദൂതന് അസഹ്യമാണ്. നിങ്ങള്‍ സന്മാര്‍ഗികളാവുന്നതില്‍ അത്യാഗ്രഹിയുമാണ്. സത്യവിശ്വാസികളോട് വളരെ കൃപയും കാരുണ്യവുമുള്ളയാളുമാണ്. (തൗബ 128). നബി (സ്വ) തങ്ങൾ തന്നെ തന്റെ വംശത്തിന്റെ മഹാത്മ്യത്തെ കുറിച്ച് ഇങ്ങനെ പറയുന്നു: 'അല്ലാഹു ഇബ്‌റാഹീം നബിയുടെ സന്താനങ്ങളില്‍ നിന്ന് ഇസ്മാഈല്‍(അ)നെ പ്രത്യേകം തിരഞ്ഞെടുത്തു. അവരില്‍ നിന്നും ഖുറൈശികളെയും അവരില്‍ നിന്നും ബനൂ ഹാശിമിനെയും ബനൂ ഹാശിമില്‍ നിന്നും എന്നേയും തിരഞ്ഞെടുത്തു. (മുസ്‌ലിം). ഈ വംശാവലിയുടെ കാര്യത്തിൽ അല്ലാഹുവിൻ്റെ ഒരു പ്രത്യേക തെരഞ്ഞെടുപ്പ് ഉണ്ട് എന്നത് ഈ ഹദീസിൽ നിന്ന് വ്യക്തമാണ്. അല്ലാഹു തൻ്റെ ഏറ്റവും പ്രിയപ്പെട്ട പ്രവാചകൻ്റെ വംശത്തിന്റെ വിശുദ്ധി സ്ഥാപിക്കുവാൻ വേണ്ടി ആണ് ഇങ്ങനെ തെരഞ്ഞെടുക്കുന്നത് എന്നതിനാൽ അത് അതാത് കാലത്തിൻ്റെ മഹത്വവും ഔന്നത്യവും വിശുദ്ധിയും ഉൾക്കൊള്ളുന്നവരെ മാത്രം ആയിരിക്കും എന്ന് കരുതുവാൻ ഒരു പ്രയാസവുമില്ല. നൂറ്റാണ്ടുകൾ പിന്നോട്ട് സഞ്ചരിച്ചാൽ മാത്രം കണ്ടുപിടിക്കുവാൻ കഴിയുന്ന കാര്യമാണ് വംശത്തിന്റെ മൊത്തത്തിലുള്ള വിശുദ്ധി. സാംസ്കാരികമായ വളർച്ച നാഗരികമായ വളർച്ച എന്നിവയിൽ മനുഷ്യൻ അത്രതന്നെ കാലുറപ്പിച്ചിട്ടില്ലാത്ത കാലങ്ങൾ ആയിരുന്നു കഴിഞ്ഞുപോയത് എന്നതിനാൽ വിഷയം സ്ഥാപിക്കുവാൻ നമുക്ക് അനുമാനങ്ങളെ കാര്യമായി ആശ്രയിക്കേണ്ടതായി വരും. അതുകൊണ്ടുതന്നെ വംശാവലിയെ കുറിച്ച് സംസാരിക്കുന്ന പണ്ഡിതന്മാർ മഹാനായ നബിയുടെ വംശത്തെ മൂന്ന് തട്ടുകളായി തിരിക്കുന്നുണ്ട്. അവയിൽ ഒന്നാമത്തേത് ചരിത്രകാരന്മാരും വംശപാരമ്പര്യ വിജ്ഞാനീയരും അംഗികരിക്കുന്ന ക്രമണികയാണ്. ഇത് നബി തങ്ങളുടെ പിതാവിൽ നിന്ന് അദ്‌നാന്‍ വരെയെത്തുന്നു. അബ്ദുല്ല, അബ്ദുല്‍ മുത്വലിബ് എന്ന ശൈബ, ഹാശിം എന്ന അംറ്, അബ്ദുമനാഫ് എന്ന മുഗീറ, ഖുസ്വയ്യ് എന്ന സൈദ്, കിലാബ്, മുർറ, കഅ്ബ്, ലുഅയ്യ്, ഗാലിബ്, ഫിഹർ, മാലിക്, നളർ, നിസാര്‍, മഅദ്, അദ്‌നാന്‍ എന്നിങ്ങനെയാണ് ആ പരമ്പര.


രണ്ടാമത്തേത്, സംശയാസ്പദമെന്നും ശരിയെന്നും രണ്ട് അഭിപ്രായവുമുള്ള പിതൃ ശ്രേണിയാണ്. അത്, അദ്‌നാന്‍ മുതല്‍ ഇബ്‌റാഹീം (അ) വരെയാണ്. ചില പഠനങ്ങളിൽ ആ പരമ്പര അവതരിപ്പിക്കുന്നത് ഇങ്ങനെയാണ്. അദ്‌നാന്‍, ഉദദ്, ഹുമൈസീഅ്, അസ്ഹബ്, സഅദ്, സഅദ്, ബുറൈഹ്, നുളൈർ, ഹുമൈൽ, മുൻജിം, ലാഫിത്, സ്വാബൂഹ്, കിനാന, അവ്വാം, നബ്ത്, ഖൈദാർ, ഇസ്മാഈൽ(അ), ഇബ്‌റാഹീം(അ). (ത്വബരി) മൂന്നാമത്തേത് നിരവധി അഭിപ്രായ ഭിന്നതകളുള്ള വംശ ശ്രേണിയാണ്. ഇത്, ഇബ്‌റാഹീം(അ) മുതല്‍ ആദം നബി വരെ എത്തുന്നതാണ്. ചരിത്രാതീതകാലത്തോളം നീണ്ടുകിടക്കുന്ന കാര്യങ്ങളാണ് ഇതെല്ലാം. ആ ശ്രേണിയിലെ ഓരോരുത്തരെയും വേർതിരിച്ചെടുക്കുക എന്നത് തികച്ചും ശ്രമകരമായ ഒന്നാണ്. നബി തിരുമേനിയുടെ വംശ പരമ്പര വിശുദ്ധമായിരിക്കും എന്നത് അവിതർക്കിതമായ കാര്യമാണ്. അതിനു തെളിവായി ഉറപ്പുള്ള ചില ചരിത്ര അധ്യായങ്ങൾ നമ്മുടെ കൈകളിൽ ഉണ്ട്. അവയിൽ ഒന്ന് നബി തിരുമേനിയുടെ സ്വന്തം പിതാവ് അബ്ദുള്ളയുടെതാണ്. അബ്ദുൽ മുത്തലിബിൻ്റെ മക്കളിൽ ഏറ്റവും സൽഗുണ സമ്പന്നനായിരുന്നു അബ്ദുള്ള എന്ന് എല്ലാ ചരിത്രങ്ങളും സൂചിപ്പിക്കുന്നു. ആദർശപരമായ നിയമങ്ങളോ നിഷ്ഠകളോ ഒന്നും കാര്യമായി ഉണ്ടായിരുന്നില്ല ആ കാലത്ത് മക്കയിൽ ഉണ്ടായിരുന്ന അസാന്മാർഗിക, അധാർമിക ജീവിതശൈലികളിലേക്കൊന്നും വഴുതാതെ എല്ലാവരുടെയും ഇഷ്ടത്തിനും സ്നേഹത്തിനും പത്രമായി ഭവിച്ച ഒരു ജീവിതമായിരുന്നു അബ്ദുല്ലയുടേത്. തിളങ്ങുന്ന മുഖവും തിളക്കമുള്ള ജീവിതവും കൊണ്ട് അനുഗ്രഹീതനായ അബ്ദുള്ള അബ്ദുൽ മുത്തലിബിന്റെ പത്താമത്തെ മകനായിരുന്നു. സ്വപ്നത്തിലൂടെ നിർദ്ദേശിക്കപ്പെട്ടതനുസരിച്ച് സംസം കിണർ കുഴിക്കുകയായിരുന്ന അബ്ദുൽ മുത്തലിബിനെ സഹായിക്കാൻ മക്കളോ മറ്റോ ഉണ്ടായിരുന്നില്ല എന്നതാണ് ചരിത്രം. അപ്പോൾ അദ്ദേഹം തനിക്ക് 10 മക്കളെ കിട്ടിയാൽ അതിൽ ഒരാളെ ഞാൻ ദൈവത്തിന് ബലി നൽകും എന്ന് പ്രതിജ്ഞ ചെയ്തതായി ചരിത്രമുണ്ട്. അബ്ദുൽ മുത്തലിബിന്റെ പത്താമത്തെ മകനായി ജനിച്ചത് ഈ അബ്ദുള്ളയായിരുന്നു. അബ്ദുല്ല എന്ന കുട്ടി പിറന്നതോടെ മക്കൾ പത്ത് തികഞ്ഞപ്പോൾ നേരത്തെയുണ്ടായ തന്റെ നേർച്ച ഓര്‍മ വന്നതിന്റെയടിസ്ഥാനത്തില്‍ ആരെ അറുക്കണമെന്ന് കണ്ടെത്താൻ നറുക്കിടാന്‍ അദ്ദേഹം തീരുമാനിച്ചു. നറുക്ക് വീണത് അബ്ദുള്ളക്ക് ആയിരുന്നു. സത്യസന്ധനും ധർമ്മനിഷ്ഠനും ആയിരുന്ന അബ്ദുൽ മുത്തലിബ് മകനെ അറുക്കാന്‍ വേണ്ടി കിടത്തിയെങ്കിലും അദ്ദേഹത്തിന് അസഹ്യമായ മാനസികമായ വേദനയുണ്ടായിരുന്നു. മാത്രമല്ല, നാട്ടുകാരും ബന്ധുക്കളും സ്വന്തങ്ങളുമായ ജനങ്ങള്‍ മുഴുവന്‍ ശക്തമായ എതിർപ്പോടെ മുന്നോട്ടുവന്നു. അബ്ദുൽ മുത്തലിബിന്റെ വിഷമവും ജനങ്ങളുടെ ഈ പ്രതികരണവും സൂചിപ്പിക്കുന്നത് അബ്ദുല്ലയോടുള്ള അവരുടെ സ്നേഹമായിരുന്നു അതിനുമാത്രം സൽഗുണ സമ്പന്നനായിരുന്നു അബ്ദുല്ല എന്ന് ഇത് സൂചിപ്പിക്കുന്നു. പിന്നീട് തന്റെ മറ്റു മക്കളും ഖുറൈശി പ്രമുഖരും ഒന്നടങ്കം നിര്‍ദ്ദേശിച്ചതനുസരിച്ച് ഹിജാസിലെ പ്രസിദ്ധയായ ഒരു ജോത്സ്യയെ കാണാനും അവള്‍ എന്തഭിപ്രായപ്പെട്ടാലും അത് സ്വീകരിക്കാനും തീരുമാനിച്ചു. അബ്ദുല്ലക്ക് പകരം നൂറു ഒട്ടകം അറുക്കാനായിരുന്നു വിധി. അത്പ്രകാരം അറുത്ത് ദാനം ചെയ്തു (റൗളുല്‍ ഉനൂഫ്, ഇബ്നു ഹിശാം).


നബി തിരുമേനിയുടെ വംശ വിശുദ്ധി സ്ഥാപിക്കുവാനുള്ള രണ്ടാമത്തെ വസ്തുത പിതാമഹൻ അബ്ദുൽ മുത്തലിബിന്റെ ജീവിത വിശുദ്ധിയാണ്. അദ്ദേഹത്തിന്റെ യഥാർഥ പേർ ശൈബത്ത് എന്നായിരുന്നു. ചെറുപ്പത്തിൽതന്നെ പിതാവായ ഹാശിം മരണമടഞ്ഞതിനാൽ പിതൃവ്യനായ മുത്തലിബാണ് ഇദ്ദേഹത്തെ വളർത്തിയത്. അതിനാൽ ജനങ്ങൾ അദ്ദേഹത്തെ മുത്തലിബിന്റെ അടിമ എന്ന് വിളിച്ച് വന്നതിനാലാണ് ഈ പേര് അദ്ദേഹത്തിന് വീണത്. അബ്ദുൽ മുത്തലിബ് ഖുറൈഷി ഗോത്രത്തിന്റെ തലവനും വിശുദ്ധ കഅ്ബയുടെ സംരക്ഷകനുമായിരുന്നു. അദ്ദേഹത്തിൻ്റെ ജീവിത മഹത്വം കുറിക്കുവാൻ മൂന്നു കാര്യങ്ങൾ നമുക്ക് പറയാനുണ്ട്. ഒന്നാമത്തേത്, അദ്ദേഹം ഒരിക്കലും വിഗ്രഹാരാധനയോ മറ്റോ ചെയ്തിട്ടില്ല എന്നതാണ്. സാക്ഷാൽ ഇബ്രാഹിം നബിയുടെ ഹനീഫിയ്യ എന്ന മാർഗം പിന്തുടർന്ന് ജീവിക്കുന്ന അപൂർവ്വമായ മക്കക്കാരിൽ പെട്ട ആളായിരുന്നു അദ്ദേഹം. രണ്ടാമത്തേത് ജുർഹും ഗോത്രക്കാർ മണ്ണിട്ട് മൂടിയ സംസം കിണർ കണ്ടെത്തുകയും പുനഃസ്ഥാപിക്കുകയും ചെയ്തത് അദ്ദേഹമായിരുന്നു എന്നതാണ്. ഇസ്മായിൽ നബിയുടെ ദാഹം അകറ്റാനും ലോകത്തിന് സ്വർഗീയ അമൃതായി മാറുവാനും അല്ലാഹു നൽകിയ പുണ്യ ജലമാണ് സംസം. രൂക്ഷമായ ജലക്ഷാമം നിലനിൽക്കുന്ന സ്ഥലമായിരുന്നു അതുവരെ മക്ക. വഹബ് ബ്നു മുനബ്ബിഹ് പറയുന്നു: 'മക്കയിൽ വെള്ളമില്ലായിരുന്നു. അതിനാൽ അവിടെ ആർക്കും സ്ഥിരതാമസവും സാധ്യമല്ലായിരുന്നു. ഇസ്മാഈലിനായി അല്ലാഹു സംസമിന്റെ ഉറവ തുറന്നു നൽകുന്നത് വരെ അങ്ങനെയായിരുന്നു അവസ്ഥ. അതിന് ശേഷം മക്കയിൽ ജനവാസമുണ്ടാവുകയും, ആ വെള്ളം കാരണത്താൽ യമനിൽ നിന്നുള്ള ഗോത്രമായ ജുർഹും അവിടെ താമസമാക്കുകയും ചെയ്തു' (അഖ്ബാറു മക്ക). തുടർന്ന് ജുർഹൂം ഗോത്രക്കാരായി മക്കയുടെ നായകന്മാരും നേതാക്കന്മാരും. വർഷങ്ങൾ പിന്നിട്ടു. ജുർഹും ഗോത്രത്തിലെ വിവരദോഷികളായ ചിലർ കഅ്ബയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കാതെയായി. അവർ ഹറമിന്റെ പരിസരങ്ങളിൽ വരെ തിന്മകളും തോന്നിവാസങ്ങളും പ്രവർത്തിക്കുന്ന സ്ഥിതിവിശേഷമെത്തി. ജുർഹും ഗോത്രത്തിൽ പെട്ട വിവേകികളായ പലരും തന്നെ ഇക്കൂട്ടരെ ഉപദേശിച്ചെങ്കിലും അവർ ആരുടെയും ഉപദേശങ്ങൾ ചെവികൊണ്ടില്ല. ക്രമേണ സംസം കിണറിലെ വെള്ളം ഉറവ പൊട്ടുന്നത് നിലച്ചു. കാലം കുറച്ചു കൂടി നീങ്ങിയപ്പോൾ ആ കിണർ മൂടിപ്പോവുകയും, സംസമിന്റെ സ്ഥാനം ഏതാണെന്ന് പോലും ജനങ്ങൾ വിസ്മരിക്കുകയും ചെയ്തു. ഇത് ഒരു ഭാഷയാണ്. മറ്റൊരു ഭാഷ്യം ജറുഹുമുകളെ തുരത്തുവാൻ വേണ്ടി ബനൂ ഖുസാഅക്കാർ വരികയും അവർക്കിടയിൽ യുദ്ധം ഉണ്ടാവുകയും ചെയ്തു എന്നും അവസാനം മക്ക വിടാൻ ജൂർഹുമുകൾ നിർബന്ധിതരായി എന്നും അപ്പോൾ അവർ പ്രതികാരമെന്നോണം സംസം കിണർ മണ്ണിട്ട് നികത്തുകയായിരുന്നു എന്നുമാണ്.


അങ്ങനെ അബ്ദുൽ മുത്വലിബിന്റെ കാലമെത്തി. ഒരു ദിവസം കഅ്ബയുടെ അരികിലായി അബ്ദുൽ മുത്വലിബ് കിടന്നുറങ്ങുകയായിരുന്നു. ആ ഉറക്കത്തിൽ അദ്ദേഹം ഒരു സ്വപ്നം കണ്ടു. ഒരാൾ വന്ന് അദ്ദേഹത്തോട് ‘ത്വയ്ബഃ’ (പരിശുദ്ധമായത് എന്നർത്ഥം) കുഴിക്കാൻ കൽപ്പിക്കുന്നു. എന്താണ് ത്വയ്ബയെന്ന് അബ്ദുൽ മുത്വലിബ് ചോദിച്ചെങ്കിലും അതിനുള്ള ഉത്തരം ലഭിക്കാതെ സ്വപ്നം അവസാനിച്ചു. അടുത്ത ദിവസവും സമാനമായ സ്വപ്നം അദ്ദേഹം കണ്ടു. ‘ബർറഃ’ (പുണ്യമുള്ളത് എന്നർത്ഥം) കുഴിക്കണമെന്നായിരുന്നു അന്നത്തെ കൽപ്പന. കൃത്യമായ ഉത്തരവും വിശദീകരണവും ലഭിക്കാതെ ആ സ്വപ്നവും അവസാനിച്ചു. അടുത്ത ദിവസവും സമാനമായ സ്വപ്നം തന്നെ കാണുകയുണ്ടായി. നാലാമത്തെ ദിവസം ‘സംസം കുഴിക്കണം’ എന്നാണ് സ്വപ്നത്തിൽ ലഭിച്ച കൽപ്പന. സ്വപ്നത്തിൽ എന്താണ് സംസമെന്നും, അതിന്റെ സ്ഥാനമേതെന്നും അദ്ദേഹത്തിന് വിവരിച്ചു നൽകപ്പെട്ടു. അബ്ദുൽ മുത്വലിബ് തന്റെ മകനായ ഹാരിഥിനെയും കൂട്ടി നിര്‍ദേശം നല്‍കപ്പെട്ട സ്ഥലം കുഴിക്കാൻ ആരംഭിച്ചു. വെള്ളം കണ്ടതോടെ അദ്ദേഹം ഉച്ചത്തിൽ തക്ബീർ മുഴക്കി. ഇന്നും നാം അനുഭവിക്കുന്ന സംസം പുനസ്ഥാപിച്ചത് അബ്ദുൽ മുത്തലിബാണ്. ഈ മഹാ ദൗത്യത്തിന് അല്ലാഹു അദ്ദേഹത്തെ തെരഞ്ഞെടുത്തത് അദ്ദേഹത്തിലെ നന്മയുടെയും വിശുദ്ധിയുടെയും സൂചനയാണ്. (ദലാഇലുന്നുബുവ്വഃ/ബയ്ഹഖി).


മറ്റൊന്ന് ആനക്കലഹ സംഭവത്തിനിടെ ഉണ്ടായതാണ്. അക്കാലത്തെ റോമൻ ഗവർണർ അബ്രഹത്ത് യമനിൽ ഒരു ആരാധനാലയം ഉണ്ടാക്കിയിരുന്നു. അറബികളെ ആകർഷിക്കുക എന്നതായിരുന്നു അയാളുടെ ലക്ഷ്യം. അതോടെ ഇത് കഅ്ബാലയത്തിന് പകരമാണ് എന്ന് വ്യാഖ്യാനിക്കപ്പെട്ടു. ഈ സമയത്താണ് മക്കക്കാരനായ ഒരാൾ യമനിൽ ആ ആരാധനാലയത്തിന്റെ അടുത്ത് എത്തിയതും തന്റെ പ്രതിഷേധം എന്ന നിലക്ക് അതിനകത്ത് കയറി മലമൂത്രവിസർജനം നടത്തിയതും. വിവരമറിഞ്ഞ കോപാന്ധനായ അബ്രഹത്ത് തൻ്റെ അരാധനാലയത്തെ അപമാനിച്ച അറബികളെ ഒരു പാഠം പടിപ്പിക്കൻ തീരുമാനിച്ചു. അയാള്‍ ഒരുവൻ സൈന്യത്തെ തയ്യാറാക്കി മക്കയിലെ കഅ്ബ പൊളിക്കാനായി പുറപ്പെട്ടു. ആനപ്പടയും കുതിരപ്പടയാളികളും അടങ്ങുന്ന വമ്പന്‍ സൈന്യവുമായിരുന്നു അത്. മക്കയുടെ അടുത്തെത്താറായപ്പോള്‍ അവര്‍ ഒരു ഒട്ടകകൂട്ടത്തെ അവര്‍ കണ്ടു. അത് അബ്ദുല്‍ മുത്വലിബിന്റെ ഒട്ടകങ്ങളായിരുന്നു. ഒരു പ്രകോപനം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിൽ അവരവയെ പിടികൂടി. വിവരമറിഞ്ഞ അബ്ദുൽ മുത്തലിബ് അബ്രഹത്തിന്റെ അടുത്തെത്തി. ഒട്ടകങ്ങൾ തന്റേതാണെന്നും അത് തിരിച്ചു തരണമെന്നും ആവശ്യപ്പെട്ടു. നിങ്ങളുടെ കഅ്ബയെ തന്നെ ഞങ്ങൾ തകർക്കാൻ പോവുകയാണ് എന്ന് പറഞ്ഞ അബ്രഹത്തിനെ നോക്കി അബ്ദുൽ മുത്തലിബ് പറഞ്ഞു: 'ഇത് അല്ലാഹുവിന്റെ ഭവനമാണ്, അവന്റെ സ്നേഹിതനായ ഇബ്രഹിമിന്റെയും. തീര്‍ച്ചയായും കഅബക്ക് ഒരു രക്ഷിതാവുണ്ട്. കഅബയെ അവന്‍ സംരക്ഷിച്ചു കൊള്ളും'. തുടർന്ന് അദ്ദേഹം അതേ ഉറപ്പിൽ മക്കക്കാരോട് പറഞ്ഞു: 'ആരും അബ്രഹത്തിന്റെ സൈന്യവുമായി ഏറ്റുമുട്ടാന്‍ തുനിയരുത്. എല്ലാവരും മക്ക വിട്ടു അടുത്തുള്ള സ്ഥലങ്ങളില്‍ ചെന്ന് തമ്പടിക്കുക'. അപ്രകാരം തന്നെ സംഭവിച്ചു. അബാബീൽ പക്ഷികളെ വിട്ടു ആ സൈന്യത്തെ അല്ലാഹു നശിപ്പിച്ചു. അബ്ദുൽ മുത്തലിബിലെ നന്മയും വിശുദ്ധിയും അതിൻ്റെ അനുബന്ധമായ ഉന്നത വ്യക്തിത്വവും എല്ലാം വരച്ചു വെക്കുന്നുണ്ട് ഈ സംഭവം. നബി തങ്ങളുടെ പിതൃ പരമ്പരയെ സംബന്ധിച്ചുള്ള ചർച്ചകളിൽ പലപ്പോഴും കടന്നുവരുന്ന, ചിലരെങ്കിലും ഉന്നയിക്കുന്ന ഒരു സന്ദേഹമാണ് ഇബ്രാഹിം നബിയുടെ പിതാവിന്റെ കാര്യം. ഇബ്‌റാഹീം നബിയുടെ പിതാവ് ആസര്‍ ബഹുദൈവ വിശ്വാസിയായിരുന്നുവെന്ന് ഖുര്‍ആനില്‍ സൂചിപ്പിക്കുന്നില്ലേ എന്നാണ് ആ സന്ദേഹം. അതിന് പല പണ്ഡിതന്മാരും നൽകുന്ന വ്യാഖ്യാനം ഇങ്ങനെയാണ്. പിതാവ് എന്ന അര്‍ഥത്തില്‍ അബ്, വാലിദ് എന്നിങ്ങനെ രണ്ട് പ്രയോഗങ്ങള്‍ അറബി ഭാഷയില്‍ കാണാം. ഇതില്‍ വാലിദ് എന്ന് പ്രയോഗിച്ചാല്‍ ഉത്പാദിപ്പിച്ച സ്വന്തം പിതാവ് എന്ന് തന്നെ അര്‍ഥം കല്‍പ്പിക്കാം. എന്നാല്‍, 'അബ്' എന്ന് പ്രയോഗിക്കുമ്പോള്‍ അത് പിതൃസഹോദരന്മാര്‍ക്കും വല്യുപ്പമാര്‍ക്കും ദത്തെടുത്ത പിതാവിനുമൊക്കെ പ്രയോഗിക്കാം. ഖുര്‍ആനില്‍ ആസറിനെ 'അബ്' എന്നാണ് പ്രയോഗിച്ചിട്ടുള്ളത്. അതിനാല്‍, അദ്ദേഹം ഇബ്‌റാഹീം നബിയുടെ പിതൃസഹോദരനാണ്. സ്വന്തം പിതാവല്ല. മറ്റു പ്രമാണങ്ങളുമായി യോജിക്കണമെങ്കില്‍ ഇങ്ങനെ വ്യാഖ്യാനിക്കണമെന്ന് ഇമാം റാസി(റ)യെ പോലുള്ളവര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. (തഫ്സീറുൽ കബീർ/ റാസി)


ഇബ്രാഹിം നബി വരെ എത്തുന്ന നബിയുടെ പരമ്പരയിലെ പല പിതാമഹന്മാരും അതാത് കാലത്തെ ശ്രേഷ്ഠരും ശ്രദ്ധേയരുമായിരുന്നു എന്ന് ചരിത്ര വായനകളിൽ പറയുന്നുണ്ട്. അത്തരം ചില ചരിത്ര ഭാഗങ്ങൾ ഇങ്ങനെയാണ്. ബുഖ്തുനസ്വര്‍ അറേബ്യ ആക്രമിച്ച അക്കാലത്ത് നിലവിലുണ്ടായിരുന്ന പ്രവാചകന്‍ ബുഖ്തുനസ്വറിനോട് അദ്നാനെ അക്രമിക്കരുതെന്നുപദേശിച്ചിരുന്നു. അദ്നാന്‍ ഉള്‍ക്കൊള്ളുന്ന പ്രവാചക പ്രഭയുടെ സംരക്ഷണത്തിനായിരുന്നു ഇത്. അതനുസരിച്ച് ബുഖ്തുനസ്വര്‍ അദ്നാന് യമനിലേക്ക് രക്ഷപ്പെടാന്‍ അവസരം നല്‍കി. അദ്ദേഹത്തിന്റെ രണ്ടു മക്കളില്‍ ഒരാളായ ‘അക്കും’ കൂടെ യമനിലെത്തി അവിടുത്തെ രാജപദവിയിലെത്തിച്ചേര്‍ന്നു എന്നാണ് അതിലൊരുകഥ. അതേ സംഭവത്തിൽ അദ്നാന്റെ മറ്റൊരു പുത്രനായ മഅദ്ദ് ശാമിലേക്കാണ് പോയത്. ബുഖ്തുനസ്വറിന്റെ ആക്രമണ മൊതുങ്ങിയ ശേഷം മഅദ്ദ് ഹിജാസിലേക്കു തന്നെ തിരിച്ചു വരികയായിരുന്നു. ജുര്‍ഹും ഗോത്രത്തില്‍ നിന്നു മുആന എന്ന സ്ത്രീയെ വിവാഹം ചെയ്തു അദ്ദേഹം ശിഷ്ടകാലം ജീവിച്ചു. ആ ദാമ്പത്യത്തിലാണ് നബി തങ്ങളുടെ മറ്റൊരു പിതാമഹനായ നിസാര്‍ ജനി ക്കുന്നത്. മഅദ്ദിന്റെ സന്തതികള്‍ മൂസ(അ)ന്റെ കാലത്ത് ബനൂ ഇസ്രാഈല്യരുടെ അടുത്ത് എത്തുകയും അവരെകണ്ടു ഭയന്ന ഇസ്രാഈല്യര്‍ മൂസാ(അ)നോട് പരാതി പറയുകയും ചെ യ്ത സംഭവം ഇമാം ത്വബ്റാനി(റ) ഉദ്ധരിച്ചിട്ടുണ്ട് (കന്‍സുല്‍ ഉമ്മാല്‍ 32011). നബിയുടെ മറ്റൊരു പിതാമഹനായ നിസാർ എന്നവരുടെ പരമ്പര ഇമാം അഹ്മദ്ബ്നുഹമ്പല്‍(റ)വിന്റെ പരമ്പരയിൽ എത്തിച്ചേരുന്നുണ്ട്. ജീവിതകാലത്തു തന്നെ സമ്പത്തും പദവിയുമെല്ലാം മക്കള്‍ക്ക് വീതിച്ചു നല്‍കിയിരുന്ന നിസാറിന്റെ ഇരു കണ്ണുകള്‍ക്കിടയില്‍ നബി(സ്വ) തങ്ങളുടെ പ്രകാശം ദൃശ്യമായിരുന്നു. മുളര്‍ എന്നവരെ കുറിച്ചുള്ള ചരിത്രം
പിതാവ് ജീവിച്ചിരിക്കെത്തന്നെ വലിയ സമ്പന്നനായി മാറി എന്നാണ്. അദ്നാനിൻ്റെ സന്തതികളില്‍ ഏറ്റവും ധനികനായിരുന്നു അദ്ദേഹം. ഇബ്രാഹീമീ സരണിയില്‍ അടിയുറച്ച ജീവിതമായിരുന്നു മുളറിന്റേത്. മനോഹരമായ ശബ്ദത്തിനുടമയായിരുന്ന അദ്ദേഹമാണ് ഒട്ടകങ്ങളെ ഗാനമാലപിച്ചു തെളിച്ചു കൊണ്ടുപോവുന്ന സമ്പ്രദായം ആരംഭിച്ചത്. ജീവിതത്തിന്റെ സായം സന്ധ്യയിൽ ഇദ്ദേഹത്തിനുണ്ടായ പുത്രനാണ് ഇല്‍യാസ്. കബീറുല്‍ ഖൌം (ജനങ്ങളില്‍ ഉന്നതന്‍) എന്ന അപരനാമത്തിനര്‍ഹമായ ജീവിതം നയിച്ച അദ്ദേഹമാണ് വിശുദ്ധ കഅ്ബാലയത്തിലേക്ക് ഒട്ടകത്തെ ദാനം ചെയ്യുക എന്ന സമ്പ്രദായം ആരംഭിച്ചത്. തത്വജ്ഞാനത്തിന്റെ ഉടമയായിരുന്നതിനാല്‍ അക്കാലത്തെ അറബികള്‍ ലുഖ്മാനുൽ ഹകീമിനെ പോലെയായിരുന്നു കണ്ടിരുന്നത്. അദ്ദേഹത്തിന്റെ പുത്രന്‍മാരില്‍ ഒരാളായിരുന്നു മുദ് രികത്ത്.


മുദ്രികയുടെ യഥാര്‍ഥ നാമം അംറ് എന്നാണ്. അദ്ദേഹത്തിന്റെ പുത്രനാണ് ഖുസൈമ. സല്‍ഗുണ സമ്പന്നനായിരുന്നു ഖുസൈമ. അദ്ദേഹം ഇബ്രാഹീമി സരണിയിലായിട്ടാണ് ജീവിച്ചതും മരണപ്പെട്ടതും എന്ന് ഇബ്നു അബ്ബാസ്(റ) പറഞ്ഞിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നാല് ആണ്‍ മക്കളില്‍ പ്രധാനിയാണ് കിനാന. സുന്ദരനും മഹാപണ്ഢിതനുമായിരുന്നു കിനാന. വിജ്ഞാന മുത്തുകള്‍ ശേഖരിക്കാനായി വിജ്ഞാന കുതുകികളദ്ദേഹത്തെ തേടിയെത്തിയിരുന്നു. നബി(സ്വ)യുടെ നിയോഗത്തെക്കുറിച്ച് അദ്ദേഹം സമകാലികരായ അറബികളോട് നേരത്തെ തന്നെ പ്രവചനം നടത്തിയതായി ഈ ചരിത്രങ്ങളിൽ കാണാം. നബി(സ്വ) തങ്ങള്‍ തന്റെ പരമ്പര പറഞ്ഞ ഹദീസുകളില്‍ കിനാന സന്തതികളെ പ്രത്യേകം എടുത്തുപറഞ്ഞതു കാണാം. കിനാനയുടെ മക്കളില്‍ ഏറെ സുന്ദരനായിരുന്നു ഖൈസ്. അതിനാലാണദ്ദേഹം ‘ശോഭ’ എന്നര്‍ ഥമുള്ള നള്ര്‍ എന്ന അപരനാമത്തിലറിയപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഏകമകനായിരുന്നു ഫിഹ്ര്‍. ഖുറൈശികളുടെ പിതാവായി അറിയപ്പെടുന്നതിദ്ദേഹമാണ്. ഇദ്ദേഹത്തിന്റെ അപരനാമമായിരുന്നു ഖുറൈശ്. അതിനാല്‍ ഇദ്ദേഹത്തിന്റെ സന്തതികള്‍ ഖുറൈശികള്‍ എന്നറിയപ്പെട്ടു. യമനിലെ ഹിംയറി ഭരണാധികാരികളിലൊരാളായിരുന്ന ഹസ്സാനുബ്നു അബ്ദികിലാലും മറ്റും ക അ്ബ തകര്‍ക്കാനൊരു ശ്രമം നടത്തിയിരുന്നു. കഅ്ബയുടെ നിര്‍മാണത്തിനുപയോഗിച്ച കല്ലു കള്‍ കൊണ്ട് യമനില്‍ ഒരു മന്ദിരം പണികഴിപ്പിച്ചു ജനങ്ങളുടെ ഹജ്ജ് അങ്ങോട്ടു തിരിക്കാനാ യിരുന്നു ഇത്. ഫിഹ്ര്‍ അറേബ്യന്‍ ജനതയെ സംഘടിപ്പിച്ച് ഹസ്സാനെതിരെ ശക്തമായി പോരാടി എന്നൊരു കഥയുണ്ട്. ഹസ്സാന്റെ സൈന്യം പരാജയപ്പെട്ടു പിന്തിരിഞ്ഞോടി. അദ്ദേഹത്തിന്റെ ഏഴു പുത്രന്‍മാരില്‍ പ്രധാനിയായിരുന്നു ഗാലിബ്. പണ്ഢിതനായിരുന്ന ഗാലിബിന് ലുഅയ്യ്, തൈമ് എന്നീ രണ്ടു മക്കളാണുണ്ടായിരുന്നത്. ഇതില്‍ ലുഅയ്യാണ് നബി(സ്വ) തങ്ങളുടെ പരമ്പരയില്‍ വരുന്നത്. ലുഅയ്യിന്റെ ഏഴ് ആണ്‍മക്കളിലൊ രുവനാണ് കഅ്ബ്. പണ്ഢിതനും പ്രഭാഷകനുമായിരുന്ന കഅ്ബ് ചെറുപ്പത്തിലേ ഗഹനമായ വിഷയങ്ങള്‍ സംസാരിക്കാറുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ പ്രഭാഷണം കേള്‍ക്കുന്നതിനായി ധാരാളം ആളുകളെ ത്താറുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ മകനായിരുന്ന മുര്‍റത്ത്.


അബൂബക്ര്‍ സ്വിദ്ദീഖ്(റ)വിന്റെ പരമ്പരയിൽ എത്തിച്ചേരുന്ന ഇദ്ദേഹത്തിന്റെ മൂന്ന് മക്കളില്‍ ഒരാളാണ് കിലാബ്. ഇദ്ദേഹത്തിന്റെ യഥാര്‍ഥ നാമം ഹകീം എന്നായിരുന്നു. നബി(സ്വ) തങ്ങളുടെ മാതൃപിതൃ പരമ്പരകള്‍ ഇദ്ദേഹത്തില്‍ സന്ധിക്കുന്നു. രണ്ട് ആണ്‍മക്കളായിരുന്നു ഇദ്ദേഹത്തിനുണ്ടായിരുന്നത്. ഖുസ്വയ്യ്, സഹ്റ എന്നിവരാണവര്‍. ആമിന(റ)യുടെ പരമ്പര സഹ്റയില്‍ സന്ധിക്കുന്നു. ഖുസ്വയ്യാണ് പിതാവ് വഴിയുള്ള പരമ്പരയില്‍ വരുന്നത്. ഖുസ്വയ്യിന്റെ
യഥാര്‍ഥ നാമം സൈദ് എന്നാണ്. പിതാവായ കിലാബ് ചെറുപ്പത്തിലേ മര ണപ്പെട്ടിരുന്നു. ഉമ്മ രണ്ടാമത് വിവാഹിതയായി ഭര്‍ത്താവൊന്നിച്ച് ശാമിലേക്കു പോയപ്പോള്‍ കുട്ടിയായ ഖുസ്വയ്യിനെയും കൂടെ കൂട്ടി. അവിടെ വളര്‍ന്ന ഖുസ്വയ്യിന് തന്റെ ഉപ്പയെക്കുറിച്ചോ നാടിനെക്കുറിച്ചോ അറിയില്ലായിരുന്നു. ഒരിക്കല്‍ ഇദ്ദേഹവും കൂട്ടുകാരും കളിക്കുന്നതിനിടയില്‍ ബന്ധത്തില്‍പ്പെട്ട ഒരാളുമായി ശണ്ഠ കൂടി. ഖുസ്വയ്യിന്റെ മെയ്ക്കരുത്തിനു മുന്നില്‍ പ്രതിയോഗി പരാജിതനായി. ഇളിഭ്യനായ പ്രതി യോഗി ദേഷ്യത്തോടെ പറഞ്ഞു: ‘നിനക്ക് നിന്റെ നാട്ടിലേക്ക് പോയ്ക്കൂടേ?, നീ ഞങ്ങളുടെ കൂട്ടത്തില്‍ പെട്ടവനല്ല’. ഇതു കേട്ട ഖുസ്വയ്യ് ചോദിച്ചു: ‘പിന്നെ ഞാനാരില്‍പെട്ടവനാണ്?’ ‘അത് നിന്റെ ഉമ്മയോട് ചോദിക്ക്’ എന്നായിരുന്നു പ്രതിയോഗിയുടെ മറുപടി.


ഖുസ്വയ്യ് വീട്ടിലെത്തി. ഉമ്മയോട് വിവരമാരാഞ്ഞു. ഉമ്മ സത്യാവസ്ഥ വിവരിച്ചു കൊടുത്തു. 'നിന്റെ നാട് ഈ നാടിനേക്കാള്‍ ഉത്തമമായ നാടാണ്. നിന്റെ നാട്ടുകാര്‍ ഇവരെക്കാള്‍ നല്ലവരാണ്. നീ നല്ലൊരു പിതാവിന്റെ പുത്രനാണ്. നീ മുര്‍റത്തിന്റ മകനായ കിലാബിന്റെ മകനാണ്. നിന്റെ കുടുംബങ്ങള്‍ വിശുദ്ധ കഅ്ബയുടെ സമീപവാസികളാണ്. അറബികളങ്ങോട്ടു തീര്‍ഥ യാത്രയായി വരാറുണ്ട്. നീ മുതിര്‍ന്നാല്‍, വലിയൊരു ദൌത്യമേറ്റെടുക്കുമെന്ന് ഒരു ജ്യോത്സ്യന്‍ പ്രവചിച്ചിട്ടുണ്ട്'. ഖുസ്വയ്യിന് മക്കയിലെത്തി സ്വന്തം നാടിനെയും ജനതയെയും നേരില്‍ കാണാനും അവിടെ കഴിയാനും മോഹമുണ്ടായി. ഉടന്‍ തന്നെ പോകാനുള്ള തയ്യാറെടുപ്പായി. പക്ഷേ, സ്നേഹ നിധിയായ ഉമ്മ തനിയെയുള്ള യാത്ര നിരുത്സാഹപ്പെടുത്തി. ഹജ്ജ് സീസണായാല്‍ തീര്‍ഥാടക സംഘങ്ങള്‍ മക്കയിലേക്കു പോവും. അവരുടെ കൂടെ പോവാമെന്നു നിര്‍ദ്ദേശിച്ചു. അടുത്ത ഹജ്ജ് സീസണില്‍ തന്നെ ഒരു തീര്‍ഥാടക സംഘത്തോടൊപ്പം ഖുസ്വയ്യ് മക്കയിലേക്കു പുറപ്പെട്ടു. സഹോദരനായ സഹ്റയെ കണ്ടെത്തി. സഹ്റ അപ്പോഴേക്കും അന്ധനായിത്തീര്‍ന്നിരുന്നു. പക്ഷേ, ഖുസ്വയ്യിന്റെ ശബ്ദത്തില്‍ നിന്ന് അദ്ദേഹം രക്തത്തിന്റെ ഗന്ധമറിഞ്ഞു.
ചെറുപ്പത്തില്‍ നാട്ടിലില്ലാത്തതിനാല്‍ ഖുസ്വയ്യിന് തന്റെ പിതൃസ്വത്തിലെ വിഹിതം ലഭിച്ചിരുന്നില്ല. അത് സഹ്റയുടെ അധീനതയിലായിരുന്നു. തന്റെ സഹോദരന് സ്വത്തിന്റെ വിഹിതം നല്‍ കാന്‍ സഹ്റ തയ്യാറായി. ഖുസ്വയ്യ് തന്റെ വ്യക്തിപ്രഭാവം കൊണ്ട് വളരെ വേഗം മക്കക്കാര്‍ക്കു പ്രിയങ്കരനായി മാറി. അന്നു മക്കയില്‍ അധികാരത്തിലുണ്ടായിരുന്ന ഹുലൈലിന്റെ മകളെ വിവാഹം ചെയ്തു. സമ്പത്തും സന്താനങ്ങളും പെരുകി. താമസിയാതെ ഭാര്യാപിതാവ് മരണപ്പെട്ടു.


ഹുലൈലിന്റെ മരണാനന്തരം മകന്‍ അധികാരത്തിലെത്തിയെങ്കിലും പിടിപ്പുകേട് കാരണം അധികാരത്തില്‍ ശോഭിക്കാനായില്ല. ക്രമേണ ഭരണം ഖുസ്വയ്യിലേക്കെത്തി. ഖുസ്വയ്യിന്റെ അധികാരാരോഹണം ഖുസാഅ ഗ്രോത്രക്കാര്‍ക്കിഷ്ടമായില്ല. ഭരണം ഖുസാഇകളില്‍ നിന്നു ഖുറൈശി കളിലേക്ക് നീങ്ങുകയാണെന്നവര്‍ മനസ്സിലാക്കി. ഒരു സംഘട്ടനത്തിന്റെ സാഹചര്യം രൂപപ്പെട്ടു. ഖുസ്വയ്യ് ഖുറൈശികളെയെല്ലാം സംഘടിപ്പിച്ചു. തന്റെ മാതാവ് വഴിയുള്ള സഹോദരങ്ങളെ ശാമില്‍ നിന്നു വരുത്തുകയും ചെയ്തു. ഖുറൈശികളും ഖുസാഇകളും തമ്മില്‍ ഉരസലുണ്ടായി. ഒടുവില്‍ ഖുസാഇകള്‍ പത്തിമടക്കി സന്ധിക്ക് തയ്യാറായി. ഖുസാഇകള്‍ മക്ക വിട്ടു പോവാനും ഖുസ്വയ്യ് ഭരണം തുടരാനും തീരുമാനമായി.
ഖുസ്വയ്യിന്റെ നേതൃത്തില്‍ ഖുറൈശികള്‍ സംഘടിതരായിത്തീര്‍ന്നു. മക്കയില്‍ മാറ്റങ്ങള്‍ക്ക് നാന്ദികുറിച്ചു. തീര്‍ഥാടകര്‍ക്കായി ധാരാളം സൌകര്യങ്ങളേര്‍പ്പെടുത്തി. മാന്യമായ സ്വഭാവശീല ങ്ങള്‍ അനുവര്‍ത്തിക്കണമെന്നും ദുഷ്ടരുമായി സഹവസിക്കരുതെന്നും ഫലശൂന്യമെന്നു ബോധ്യമായാല്‍ ഏതു പ്രവര്‍ത്തനവും അവസാനിപ്പിക്കണമെന്നും അദ്ദേഹം മക്കളെ ഉപദേശിച്ചിരുന്നു. അദ്ദേഹത്തിന്റെ പുത്രന്‍മാരില്‍ പ്രമുഖനായിരുന്നു അബ്ദുമനാഫ്. ഏറെ സുന്ദരനായിരുന്ന ഇദ്ദേഹത്തെ ജനങ്ങള്‍ ചന്ദ്രന്‍ എന്നു വിളിച്ചിരുന്നു. ഖുസ്വയ്യിന്റെ വിയോഗാനന്തരം അധികാരം ഇദ്ദേഹത്തിന്റെ കൈയിലാണെത്തിയത്. മാന്യമായി അതു കൈകാര്യം ചെയ്യുന്നതില്‍ ജാഗ്രത പുലര്‍ത്തിയതിനാല്‍ കൂടുതല്‍ നല്ല നേതാവ് എന്ന വിശേഷണത്തിനുടമയായി.
അബ്ദു മനാഫിന്റെ സന്തതിയാണ് ഹാശിം. ഒരിക്കല്‍ ഖുറൈശികള്‍ക്ക് വലിയ ക്ഷാമമനുഭവപ്പെടുകയുണ്ടായി. പട്ടിണിയുടെയും ദുരിതത്തിന്റെയും ദീര്‍ഘനാളുകള്‍ അവരുടെ ജീവിതത്തിന്റെ താളംതെറ്റിച്ചു. ഇതിനറുതിവരുത്താനായി അംറ് ശാമിലേക്കു പോയി ധാരാളം റൊട്ടിയുമായി വന്നു. അതു കൊണ്ടുവരാനുപയോഗിച്ച ഒട്ടകത്തെ അറുത്ത് പാചകം ചെയ്ത് മാംസവും റൊട്ടിയും കലര്‍ത്തി വിതരണം ചെയ്ത് മക്കക്കാരുടെ വിശപ്പടക്കി. ദുരിത പൂര്‍ണമായ പട്ടിണിക്കറുതിയായി ഭക്ഷണം ലഭിച്ചവര്‍ സന്തുഷ്ടരായി. റൊട്ടി നുറുക്കി മാംസത്തില്‍ കലര്‍ത്തിയതിനാല്‍ അവരദ്ദേഹത്തെ ഹാശിം അഥവാ ‘നുറുക്കിക്കലർത്തിയവന്‍’ എന്ന നാമത്തി ല്‍ വിളിച്ചു തുടങ്ങി. ജനങ്ങൾക്ക് ഈ സൽപ്രവർത്തി ഇഷ്ടമാവുകയും അവർ അദ്ദേഹത്തെ മഹാനായി കാണുകയും ചെയ്തു. നന്മകൾ പ്രബോധനം ചെയ്യുന്ന ഉജ്ജ്വലമായ പ്രഭാഷണങ്ങൾ ഹാഷിമിന്റെ സവിശേഷതയായിരുന്നു. ഇതെല്ലാം അദ്ദേഹത്തിന് വലിയ പിന്തുണ നേടിക്കൊടുത്തു. ഒരു കച്ചവടയാത്രയില്‍ മദീനക്കടുത്തു വെച്ചു കണ്ടുമുട്ടിയ സല്‍മാ എന്ന വനിതയെ കൂടി ഹാശിം പത്നിയായി സ്വീകരിച്ചു. ബനൂ നജ്ജാര്‍ ഗോത്രക്കാരിയായിരുന്നു അവര്‍. അതില്‍ പിറന്ന പുത്രനാണ് അബ്ദുല്‍ മുത്ത്വലിബ് എന്ന ശൈബ. (ജമാലുദ്ദീനില്‍ മഖ്ദിസി യുടെ അശ്ശജറത്തുന്നബവിയ്യയിൽ നിന്ന്).





















0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso