ടി എച്ച് ദാരിമി
ഈ കുലത്തിൽ നബി തിരുമേനി(സ്വ) തങ്ങൾ ജനിച്ചത് അബ്ദുൽ മുത്തലിബിന്റെ വീട്ടിൽ തന്നെയായിരുന്നു എന്നതാണ് ഏറ്റവും ബലമുള്ള അഭിപ്രായം. മകൻ അബ്ദുല്ല സ്വന്തമായി വീട് വെച്ച് മാറി താമസിക്കാൻ തുടങ്ങിയ സമയം ആയിരുന്നില്ല അത്. ആമിനാ ബീവിയുമായിട്ടുള്ള വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കകം തന്നെ അബ്ദുള്ള മരണപ്പെട്ടു എന്നാണ് ആധികാരികമായ ചരിത്രങ്ങൾ പറയുന്നത്. അതേസമയം അവരുടെ അന്നത്തെ നാഗരികത അനുസരിച്ച് ഒരു കുടുംബത്തിലെ എല്ലാവരും ഒരു പ്രദേശത്ത് തൊട്ടു തൊട്ടായി താമസിക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. ഈ അർത്ഥത്തിൽ അബ്ദുൽ മുത്തലിബും അദ്ദേഹത്തിന്റെ മക്കളും എല്ലാവരും കഴിഞ്ഞിരുന്നത് ശിഅ്ബു അബീ ത്വാലിബ് എന്ന് പറയുന്ന പ്രദേശത്ത് തന്നെയായിരുന്നു. ശിഅ്ബു ബനീ ഹാശിം എന്നും ഈ പ്രദേശം അറിയപ്പെടുന്നു. സൂഖുല്ലൈൽ എന്നു കൂടി പ്രാദേശികമായി വിളിക്കപ്പെട്ടിരുന്ന ഈ പ്രദേശം പരിശുദ്ധ ഹറമിന്റെ ഏതാണ്ട് വടക്ക് കിഴക്ക് ഭാഗത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത് അബൂ ഖുബൈസ് പർവതമാണ് ഒരു അതിർത്തി. ഇവിടെയാണ് നബി തങ്ങൾ ജനിച്ചത്. നബിതങ്ങൾക്ക് എട്ടുവയസ്സ് പ്രായം ഉണ്ടാകുമ്പോൾ അബ്ദുൽ മുത്തലിബ് മരണപ്പെട്ടു. അതോടെ വീട്ടിലെ കാര്യക്കാരൻ അബൂത്വാലിബായി മാറി. അബു താലിബിന്റെ കാലത്താണ് ഖുറൈശികൾ നബി കുടുംബത്തിനെതിരെ ഉപരോധം ഏർപ്പെടുത്തിയതും മറ്റുമെല്ലാം. അതിനാൽ പ്രധാനപ്പെട്ട ചില ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച സ്ഥലം ആയതുകൊണ്ട് ആ പേരിൽ ശിഅബു അബീ താലിബ് എന്ന് ഈ പ്രദേശം അറിയപ്പെട്ടു. അബു താലിബിന്റെ സംരക്ഷണത്തിലേക്ക് മാറിയതോടെ നബി തിരുമേനിയുടെ ജീവിതവും അങ്ങോട്ട് പറിച്ചുനടപ്പെട്ടു. അങ്ങനെ അബൂത്വാലിബിന്റെ വീട് നബിയുടെ മക്കയിലെ രണ്ടാമത്തെ വീടായി മാറി. ഖദീജ ബീവിയുമായുള്ള വിവാഹം നടന്നതിനുശേഷം നബി തങ്ങൾ ഇതേ പ്രദേശത്തുതന്നെ മറ്റൊരു വീട്ടിലേക്ക് താമസം മാറി എന്നാണ് കരുതേണ്ടത്. ഈ വീട് ഖദീജ(റ)യുടേതായിരുന്നു എന്ന് ചരിത്ര വായനകളിൽ ഉണ്ട്. ഉടമസ്ഥാവകാശം ഖദീജ ബീവിക്ക് ആയിരുന്നുവെങ്കിലും അത് നബി(സ്വ)യുടെ തന്നെ വീടായിട്ടാണ് അവർ രണ്ടുപേരും മാത്രമല്ല നാട്ടുകാരും പരിഗണിച്ചിരുന്നത്. ഖദീജ(റ)യുമായുള്ള വിവാഹത്തിനു ശേഷം പൂർണമായും പ്രവാചകർ(സ്വ)യുടെ നിയന്ത്രണത്തിൽ ആയിരുന്നു ആ വീട്. അതോടെ ഇത് നബിയുടെ മക്കയിലെ മൂന്നാമത്തെ വീടായി മാറി. മക്കാ ജീവിതത്തിൽ നബി തങ്ങൾ മൂന്നിടങ്ങളിലായിട്ടാണ് ജീവിച്ചത് എന്ന് സൂക്ഷ്മമായ ചരിത്രങ്ങൾ പറയുന്നു. ഹിജ്‌റ വരെയുള്ള 28 വർഷക്കാലം തിരുനബി(സ്വ) താമസിച്ച ഈ വീട് ഖദീജ(റ) യുടെ ഈ വീട് അവരുടെ കച്ചവടാവശ്യങ്ങൾക്കും മറ്റും സൗകര്യപ്രദമായ വിധത്തിലുള്ളതായിരുന്നു. നബി(സ്വ) ഭർത്താവായി വന്ന ശേഷം ഈ വീട് അവിടുത്തെ സൗകര്യാനുസരണമാണ് വിനിയോഗിക്കപ്പെട്ടത്. പ്രവാചകത്വ ലബ്ധിക്കു ശേഷം പ്രത്യേകിച്ചും. ഈ വീടിന്റെ ശരിയായ വിവരണം ചരിത്ര-സഞ്ചാര കൃതികളിൽ കാണാം. മുഹമ്മദ് ബത്താനസിയുടെ റിഹ്‌ലയിൽ ഖദീജ(റ)യുടെ വീടിന്റെ ശരിയായ ചിത്രമുണ്ട്. 19-ാം നൂറ്റാണ്ടിൽ മക്ക സന്ദർശിച്ചെഴുതിയതാണിത്. മക്കയിൽ സാധ്യമായ ഒരിടം നബി(സ്വ)ക്ക് പ്രബോധനപ്രവർത്തനങ്ങൾക്ക് ലഭിക്കാത്ത ആ കാലത്ത് ആ വീടും സൗകര്യവും നന്നായി ഉപയോഗപ്പെട്ടു. നാല് മുറികളുള്ള അതിന്റെ വിശാലതയും സൗകര്യങ്ങളും അനാവശ്യമായി കിടന്നിരുന്നില്ല. എന്നാൽ എല്ലായ്‌പ്പോഴും അവയെല്ലാം ഉപയോഗിച്ചതുമില്ല. അതിൽ മൂന്നെണ്ണം അകം ഭാഗത്തായിരുന്നു. ഒരു റൂം പെൺമക്കൾക്ക്. ഒന്ന് കിടപ്പറ. ഒരു മുറി ഇബാദത്തിന്. പുറത്തെ മുറി നബി(സ്വ)ക്കും അനുയായികൾക്കും ഒരുമിക്കാനും. ബത്താനസി രേഖപ്പെടുത്തുന്നു: 'ഇബാദത്തിനുള്ള മുറി ഏകദേശം മൂന്ന് സ്‌ക്വയർ മീറ്റർ വരുന്നതാണ്. അതിനോട് ചേർന്ന് വുളൂഇനും ശുദ്ധീകരണത്തിനുമുള്ള സ്ഥലമുണ്ട്. കിടപ്പുമുറിക്ക് ആറു മീറ്റർ നീളവും നാലു മീറ്റർ വീതിയുമുണ്ട്. മൂന്നാമത്തെ മുറി ഏഴര മീറ്റർ നീളവും നാലു മീറ്റർ വീതിയുമുള്ളതാണ്. ഈ മൂന്ന് റൂമുകളുടെയും നീളത്തിലും ഏഴ് മീറ്റർ വീതിയിലും ഒരു ഹാളും മറ്റു അനുബന്ധങ്ങളും അടങ്ങിയതായിരുന്നു ഖദീജ(റ)യുടെ വീട്.
നബി തങ്ങൾ ഹിജ്റ പോയതോടെ വിജനമായ ഈ വീട്ടിൽ തന്റെ പിതൃവ്യ പുത്രൻ ഉഖൈൽ താമസമാരംഭിച്ചു എന്നാണ് ചരിത്രം. പിന്നെ അദ്ദേഹവും അത് ഒഴിവാക്കിയതോടെ കൂടെ ഈ വീട് അതിൻ്റെ ചരിത്രപരമായ പ്രാധാന്യം പരിഗണിച്ചുകൊണ്ട് ത്വാഇഫുകാരനായ മുഹമ്മദ് ബിൻ യൂസുഫ് എന്ന ആൾ വാങ്ങി സ്വന്തമാക്കി. കുപ്രസിദ്ധനായ ഹജ്ജാജിബിന് യൂസഫിന്റെ സഹോദരനായിരുന്നു മുഹമ്മദ്. മക്കയുടെ പൊതു സാംസ്കാരികത കുറച്ചുകൂടി വളർന്ന സമയമായിരുന്നു അത്. അതിനാൽ ഈ വീട് അപ്പോൾ അദ്ദേഹത്തിൻ്റെ പേരിലാണ് അറിയപ്പെട്ടത്. ദാറു ബിൻ യൂസഫ് എന്ന്. പിൽക്കാലത്ത് വന്ന ചരിത്ര ഗ്രന്ഥങ്ങളിൽ പലതിലും ഈ പേര് വരാൻ കാരണം ഇതാണ്. പിന്നീട് ഈ വീട് ബിൻ യൂസഫിന്റെ പിൻഗാമികളിൽ നിന്ന് വാങ്ങിയത് ഖലീഫ മഹ്ദിയുടെയും ഹാറൂൺ റഷീദിന്റെയും മാതാവായ ഖൈസുറാൻ ബീവിയായിരുന്നു. വിലകൊടുത്തു വാങ്ങിയ അവർ അത് ഒരു പള്ളിയാക്കി മാറ്റി. പിന്നീട് വന്ന പല ഭരണാധികാരികളും ഈ ചരിത്ര സ്മാരകത്തെ ഏറെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തു. അതാത് കാലങ്ങളിലെ അറ്റകുറ്റപ്പണികൾ അവർ നിർവഹിച്ചു. അത് ചെയ്യുന്നത് ഒരു പുണ്യ പ്രവർത്തി ആയിട്ടായിരുന്നു അവരെല്ലാം മനസ്സിലാക്കിയിരുന്നത്. കഴിഞ്ഞ നൂറ്റാണ്ടിൽ സൗദി അറേബ്യയിൽ വഹാബിസം തലക്കുപിടിച്ചവർ കാട്ടിക്കൂട്ടിയ പേക്കൂത്തുകൾക്ക് മഹാനായ നബി തിരുമേനി(സ്വ)യുടെ ഈ ജന്മ സ്ഥാനവും വിധേയമായി എന്നു പറയാതെ വയ്യ. മക്കയിലെയും മദീനയിലെയും ഇസ്ലാമിക വികാരം ത്രസിച്ചും തുടിച്ചും നിൽക്കുന്ന പരിശുദ്ധ സ്മാരകങ്ങൾ തച്ചു നിരത്തിയ അവർ നബി ജനിച്ചു എന്നു കരുതപ്പെടുന്ന ഈ പള്ളിയും നശിപ്പിച്ചു. ജനങ്ങൾ ഈ പള്ളിയെ ബറക്കത്തായി കാണുന്നു എന്നതായിരുന്നു അവരുടെ അസ്കിതകൾക്ക് കാരണം. ഇത്തരം ഒരു സാഹചര്യത്തിൽ ഈ സ്മാരകം അടയാളപ്പെടുത്തുവാൻ ഒരു മാർഗ്ഗം എന്താണ് എന്ന് പ്രദേശത്തുള്ള പല പ്രമുഖരും ചിന്തിക്കുന്നുണ്ടായിരുന്നു. നബി (സ്വ) ജനിച്ച വീട് എന്ന പ്രത്യേകത പറഞ്ഞ് ഒരു സ്മാരകം നിർമ്മിക്കുവാനോ ഒരു പള്ളി നിർമ്മിക്കുവാനോ ഒന്നും വഹാബികളുടെ തടസ്സം ഒരു പ്രശ്നമായിരുന്നു. അതിനാൽ യൂസഫ് കത്താൻ എന്ന ധനികൻ ഇതൊരു ഗ്രന്ഥാലയം ആകുവാൻ അനുവദിക്കണമെന്ന് ഭരണാധികാരിയോട് ആവശ്യപ്പെടുകയും ഭരണാധികാരി അത് അംഗീകരിക്കുകയും ചെയ്തു. അങ്ങനെയാണ് ഈ പ്രദേശത്ത് ഇത്തരം ഒരു ഗ്രന്ഥാലയം ഉയർന്നതും നബിയോടുള്ള മഹബ്ബത്ത് കാത്തുസൂക്ഷിക്കുന്നവർക്ക് സമാശ്വസിക്കാൻ വഴിയൊരുങ്ങിയതും.
0
Thoughts & Arts
നബിയുടെ വീടുകൾ
2025-08-24
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso