വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി
മുമ്പിൽ കൊടി പിടിച്ചു നിൽക്കുന്നതും പിന്നിൽ മസിൽ പിടിച്ചു നിൽക്കുന്നതും ആരാണ് എന്നതിൽ പ്രകടമായ ചില നിറവ്യത്യാസങ്ങൾ ഉണ്ടെങ്കിലും സംഗതി രണ്ടും ഒരേ ലക്ഷ്യത്തിലേക്കുള്ള അസ്ത്ര പ്രയോഗങ്ങൾ തന്നെയാണ്. അങ്ങ് ഛത്തീസ്ഗഢിൽ രണ്ടു കന്യാസ്ത്രീകൾക്കെതിരെ മതപരിവർത്തനം എന്നോ മനുഷ്യക്കടത്ത് എന്നോ ആരോപിച്ച് ബജ്‌രംഗ്ദൾ പ്രവർത്തകർ കലാപക്കൊടി ഉയർത്തിയതും അവർക്ക് വേണ്ടി അവിടത്തെ പോലീസ് അവരെ പിടിച്ചുകൊണ്ടുപോയതും കോടതി ഒന്നും ആലോചിക്കാതെ റിമാൻഡ് ചെയ്തതും ആണ് ഒന്ന്. ഇങ്ങ് കേരളത്തിൽ കുറേക്കാലമായി ഉപയോഗിക്കേണ്ടതില്ലാതെ കെട്ടിക്കിടന്ന കൊടിയുമെടുത്ത് കമ്മ്യൂണിസ്റ്റ് മത വിരോധികൾ ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിലേക്ക് നടത്തിയ മാർച്ചാണ് രണ്ടാമത്തേത്. രണ്ടും ലക്ഷ്യത്തിൽ ഒന്നായി മാറുന്നു. ഒരു ഭാഗത്ത് കഠിനമായ അപരവിരോധം തലക്കുപിടിച്ച ഫാസിസമാണ്. മറുഭാഗത്ത് ഫാസിസത്തെ വെല്ലുന്ന കമ്മ്യൂണിസമാണ്. ന്യൂനപക്ഷങ്ങൾ എന്നു പറഞ്ഞാൽ ഒന്നാമത്തെ കക്ഷിക്കും മുസ്ലിംകൾ എന്ന് പറഞ്ഞാൽ രണ്ടാമത്തെ കക്ഷിക്കും വിറളി തുടങ്ങും. അതിൻ്റെ അസ്കിതയും ബഹിർസ്ഫുരണവുമാണ് കണ്ടതെല്ലാം. അതിനെ ഇതിൽ കൂടുതൽ നിരൂപിക്കേണ്ടതില്ല എന്നു തോന്നുന്നു. കാരണം, ആ രണ്ടു വിഭാഗത്തിന്റെയും അസുഖങ്ങൾ മരുന്നില്ലാത്തതും മാറാത്തതുമാണ്. ചുമച്ചും തുപ്പിയും അത് അവസാനം വരെ ഉണ്ടാകും. എന്നിരിക്കെ ഇതു ചർച്ചക്കെടുക്കുന്നത് ഈ വിരോധങ്ങളും വിരോധികളും എത്ര ചെറുതാണ് എന്നത് പറയുവാൻ വേണ്ടിയാണ്. വസ്തുതകളെയും വാർത്തകളെയും ചരിത്രങ്ങളെയും സത്യങ്ങളെയും എല്ലാം വികാരത്തള്ളിച്ചയിൽ അവർ അവഗണിക്കുകയാണ് എങ്കിൽ അവഗണിക്കട്ടെ എന്ന് വെക്കാം. പക്ഷേ, സ്വന്തം ഉടലിനു മുകളിൽ തലയും തലച്ചോറും ഉണ്ട് എന്നത് തന്നെ നിഷേധിക്കുന്ന ഇത്തരം നിലപാടുകൾ എത്ര അപഹാസ്യവും നിലവാരമില്ലാത്തതുമാണ് എന്ന് ബുദ്ധിയുള്ളവരെല്ലാം ചിന്തിക്കേണ്ടതുണ്ട്. വിരോധം പ്രകടിപ്പിക്കുവാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. പക്ഷേ, ആ വിരോധം എതിർകക്ഷിയുടെയും പ്രതിയോഗിയുടെയും മുമ്പിൽ എല്ലാ മാന്യതകളുടെയും വാതിലുകൾ കൊട്ടിയടക്കപ്പെടുന്ന വിധം അന്ധമാകുന്നതോടെ ആ സമീപനം ജന്തു കുടുംബത്തിലെ മനുഷ്യസീമക്കു പുറത്തുകടക്കുന്നു. 'ഒരു വിഭാഗത്തോടുള്ള രോഷം നീതിപാലിക്കാതിരിക്കുന്നതിനു നിങ്ങള്‍ക്കു പ്രേരകമാകരുത്, എപ്പോഴും നീതിമുറുകെപ്പിടിക്കുക - അതാണ് ദൈവഭക്തിയോട് ഏറ്റം അടുത്തത്' (അൽ മാഇദ : 8) എന്ന് വിശുദ്ധ ഖുർആനിൻ്റെ നീതിസാരം.
ഏതു മതക്കാരുടെ ഏതു ശ്രമത്തെയും ആരാധനകൾ പോലും വേണമെങ്കിൽ മതപരിവർത്തന ശ്രമമായി ചിത്രീകരിക്കാം. ഉദാഹരണമായി മുസ്ലിംകളിൽ ഒരാൾ പരസ്യമായി നിസ്കരിക്കുകയാണ് എങ്കിൽ അതിനെ അയാൾ തൻ്റെ ആരാധനാക്രമം ജനങ്ങളുടെ മുമ്പിൽ ഭവ്യതയോടെ അവതരിപ്പിച്ച് അവരുടെ മനസ്സുകൾ കവരാനുള്ള ശ്രമമാണ് നടത്തുന്നത് എന്ന് വ്യാഖ്യാനിക്കാമല്ലോ. ഒരാൾ തൻ്റെ മതത്തെക്കുറിച്ച് മറ്റൊരാളോട് സംസാരിക്കുന്നതിനെ എന്തിനധികം മതപരമായ അഭിവാദ്യം ചെയ്യുന്നതിനെ പോലും - അങ്ങനെ തന്നെ മതപരിവർത്തന ശ്രമമായി ചിത്രീകരിക്കാം. മതം പഠിപ്പിക്കുന്ന വികാരം എന്ന നിലക്ക് മറ്റുള്ളവർക്ക് സ്നേഹപൂർവ്വം സേവനങ്ങൾ ചെയ്യുന്നതിനേയും ഇങ്ങനെ വിളിക്കാം. ഇതേ സംഭവത്തെ തന്നെ മനുഷ്യക്കടത്ത് എന്ന് പറയുന്നതിലും പ്രയാസമില്ല. പ്രത്യേകിച്ചും ഘർവാപ്പസിയുടെ ആശാന്മാർക്ക്. ഒരർഥത്തിൽ നിലവിലുള്ള 'ഘർ' വിട്ട് മറ്റൊരു 'ഘറി' ലേക്കുള്ള കൊണ്ടുപോകാനാണല്ലോ അവരുടെ ഭാഷയിൽ പറഞ്ഞാൽ ഈ ശ്രമം. ഇത്തരം വ്യാഖ്യാനങ്ങൾ എല്ലാം ഓരോരുത്തരുടെയും മനോധർമ്മം അനുസരിച്ച് നടക്കട്ടെ. ഇവിടെ നടന്ന സംഭവത്തിൽ വളരെ തരംതാഴ്ന്ന ന്യൂനപക്ഷ വിരോധം വ്യക്തമായും കാണാം. അതുകൊണ്ടുതന്നെ ന്യൂനപക്ഷങ്ങൾ ഈ സംഭവത്തെ അത് തീർന്നാലും ഇല്ലെങ്കിലും ഒരു പാഠമായിട്ടാണ് മനസ്സിൽ കരുതേണ്ടത്. സംഭവം ഇതായിരുന്നു. ചേർത്തലക്കാരികളായ രണ്ട് കന്യാസ്ത്രീകളോടൊപ്പം മൂന്ന് പ്രായപൂർത്തിയായ പെൺകുട്ടികൾ ജോലിക്ക് പോകുന്നു. അല്ലെങ്കിൽ ഈ മൂന്നു പേർക്ക് ഒരു ജീവിതം മാർഗ്ഗം കാണിച്ചു കൊടുക്കുവാൻ ആ രണ്ടു കന്യാസ്ത്രീകൾ അവരെ കൊണ്ടുപോകുന്നു. പോകുന്ന വഴിക്ക് റെയിൽവേ സ്റ്റേഷനിൽ വെച്ച് ഒറ്റനോട്ടം കൊണ്ട് ഇത് മതപരിവർത്തനവും മനുഷ്യക്കടത്തുമാണ് എന്ന് വിധിയെഴുതി ബജ്റംഗ്ദൾകാർ കുഴപ്പവും കലാപവുമായി മുന്നോട്ട് വരുന്നു. അവരുടെ ലക്ഷ്യം പോലീസ് ഏറ്റെടുക്കുന്നു. ഇതാണ് സംഭവം. ഇവിടെ മൂന്നു പെൺകുട്ടികളും കാഴ്ചയിലും രേഖയിലും സത്യത്തിലും പ്രായപൂർത്തിയായവരാണ്. എങ്ങോട്ട് വേണമെങ്കിലും ആരുടെ കൂടെയും പോകുവാനും വരാനും ഇന്ത്യാ രാജ്യം അനുമതി നൽകുന്നവർ. അവരിൽ രണ്ടുപേർ ക്രിസ്തുമത വിശ്വാസിനികളുമാണ്. അവശേഷിക്കുന്ന ഒരാൾ ഈ രണ്ടു വിശ്വാസിനികളുടെ സഹോദരിയുമാണ്. ഇവരെ തങ്ങളുടെ അടക്കം അന്നത്തിലേക്ക് കൊണ്ടുപോകുന്നതിൽ അവരുടെ മാതാപിതാക്കൾക്ക് ഒരുതരം പരാതിയും ഇല്ല. രാജ്യം വിലക്കുന്ന ഒരു ഏർപ്പാടിനുമല്ല അവരെ കൊണ്ടുപോകുന്നതും. എന്നിട്ടും ആ രണ്ട് കന്യാസ്ത്രീകൾ ഇതിൻ്റെ പേരിൽ ജയിലിൽ കിടക്കേണ്ടിവന്നു. മാനം കെടേണ്ടിവന്നു. അവരെ പുറത്തിറക്കാൻ ഇന്ത്യ മുഴുവൻ ഒച്ചയിടേണ്ടിവന്നു. എന്നൊക്കെ പറയുമ്പോഴാണ് യഥാർത്ഥ മതേതരത്വ ജനാധിപത്യ വിശ്വാസികളുടെ തൊലി ഉരിഞ്ഞുപോകുന്നത്. മനുഷ്യത്വം മരവിച്ച അപര വിരോധം എന്നല്ലാതെ മറ്റൊന്നും ഇതിനെ സംബന്ധിച്ച് ആർക്കും പറയുവാനില്ല.
അന്ധമായ വിരോധം മനുഷ്യനെ തരംതാഴ്ന്നവനാക്കി മാറ്റുന്നു എന്ന തത്വം ഉറപ്പിക്കുവാൻ മറ്റൊരു തെളിവാവുകയാണ് സത്യത്തിൽ ഈ സംഭവം. ന്യൂനപക്ഷ ജനവിഭാഗങ്ങൾ ചെയ്യുന്ന സേവനങ്ങളെയും ഉൾക്കൊള്ളുന്ന മനുഷ്യത്വത്തെയും മനസ്സിലാക്കാനും ഉൾക്കൊള്ളാനും ഫാഷിസ്റ്റുകൾക്ക് കഴിയാത്തത് അവർ ഈ അന്ധമായ വിരോധം മൂലം മൃഗങ്ങളെക്കാൾ അധപ്പതിക്കുന്നത് കൊണ്ടാണ്. ന്യൂനപക്ഷങ്ങൾ ഇവിടെ മതം നോക്കാതെ, ജാതി പരിഗണിക്കാതെ ചെയ്യുന്ന മാനുഷിക സേവനങ്ങൾ അവർക്ക് വിശ്വസിക്കുവാൻ കഴിയുന്നില്ല എന്നതാണ് വസ്തുത. അതിനു രണ്ടു കാരണങ്ങളുണ്ട്. ഒന്നാമതായി, മറ്റുള്ളവരെ സ്നേഹിക്കുവാനും അവരിലെ അവശരോടു കരുണ കാണിക്കുവാനും അവരുടെ മതധർമ്മങ്ങളിൽ ഉണ്ടെങ്കിലും അവരുടെ ധർമ്മങ്ങൾ പഠിപ്പിക്കുന്നില്ല. വെറും വിരോധം മാത്രം കുത്തിവെച്ച് വീർപ്പിച്ച് എടുക്കുകയാണ് ചെയ്യുന്നത്. അതിനാൽ ഒരാൾ ഒരാളെ വെറുതെ സഹായിക്കും എന്നത് അവർക്ക് ഉൾക്കൊള്ളാനാകുന്നില്ല. രണ്ടാമതായി, മനുഷ്യത്വം കാണിക്കുന്നതിനെ അങ്ങനെ വെറുതെ വിട്ടാൽ ന്യൂനപക്ഷങ്ങൾ ജനമനസ്സുകളെ അതിവേഗം കീഴ്പ്പെടുത്തുകയും തടിച്ചു കൊഴുക്കുകയും ചെയ്തേക്കും എന്നവർ ഭയപ്പെടുന്നു. അത് തങ്ങളുടെ മോഹങ്ങൾക്കു ഭീഷണിയാണ്. എന്നാൽ അതേ നാണയത്തിൽ തിരിച്ചടിക്കുക എന്നത് അഥവാ, തങ്ങളും കാരുണ്യ പ്രവർത്തനങ്ങളിൽ വ്യാപൃതരാവുക എന്നത് അവരുടെ ആഢ്യത്വം സമ്മതിച്ചു കൊടുക്കുന്ന കാര്യമല്ല താനും. തങ്ങളെക്കാൾ താഴ്ന്നവരെ ശുശ്രൂഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതിൽ അവരുടെ കയ്യിലും മനസ്സിനും അറപ്പ് തോന്നുന്നുണ്ട്. അവരിലെ ആരോഗ്യമില്ലാത്തവരും പാർപ്പിടമില്ലാത്തവരും അശരണരും ന്യൂനപക്ഷങ്ങളെയാണ് പലപ്പോഴും കാരുണ്യത്തിന് വേണ്ടി നോക്കുന്നത്. ഇതാണ് ഈ കുരു പൊട്ടലുകളുടെ പിന്നാമ്പുറം. ക്രൈസ്തവ സമുദായത്തിന്റെ ഏറ്റവും വലിയ കരുത്താണ് സത്യത്തിൽ കന്യാസ്ത്രീകൾ എന്ന മാനുഷിക വിഭവം. ദൈവത്തിൻ്റെ മണവാട്ടിമാരാകുവാൻ ഭൗതിക ജീവിത മോഹങ്ങളെ ഇറക്കിവെക്കുന്ന ഈ സഹോദരിമാർ നാടുനീളെ ആതുരാലയങ്ങളും വിദ്യാലയങ്ങളും സജീവമാക്കുന്നു എന്നതും അവരുടെ സേവനങ്ങളിൽ പ്രത്യക്ഷത്തിൽ ഒരു വേർതിരിവും അവർ പുലർത്തുന്നില്ല എന്നതും അവരുടെ സേവനങ്ങൾക്ക് അവർ പ്രതിഫലമായി മതവിശ്വാസത്തെ കാണുന്നില്ല എന്നതും എല്ലാം പരസ്യമായ സത്യങ്ങളാണ്. രഹസ്യമായ സത്യങ്ങളോ ഒറ്റപ്പെട്ട സംഭവങ്ങളോ ഉണ്ടെങ്കിൽ അതൊന്നും ഒരു പൊതു ചർച്ചയെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങളല്ല. ആ അർത്ഥത്തിൽ അവരുടെ സേവനങ്ങളെ ബഹുമാനത്തോടുകൂടി കാണുവാൻ ബുദ്ധിയുള്ളവരും മനുഷ്യത്വമുള്ളവരും ബാധ്യസ്ഥരാണ്. കന്യാസ്ത്രീകൾ അവരുടെ ജീവിതത്തിൻ്റെ നിറങ്ങൾക്കും മണങ്ങൾക്കും പകരമായാണ് ഈ സേവനങ്ങൾ ഏറ്റെടുത്ത് ചെയ്യുന്നത് എന്ന് മാന്യന്മാർ മനസ്സിലാക്കുകയെങ്കിലും വേണം.
മുസ്ലിംകൾക്കും സേവന-കാരുണ്യ പ്രവർത്തനങ്ങൾ മതം പഠിപ്പിക്കുന്ന വികാരങ്ങളിൽ പെട്ടതാണ്. മതമോ ജാതിയോ നോക്കാതെ എല്ലാവരോടും കാരുണ്യം കാണിക്കുവാൻ ഇസ്ലാം പച്ചയായി ആവശ്യപ്പെടുന്നുണ്ട്. ആരെ സഹായിക്കുന്നു എന്നതിലപ്പുറം സഹായിക്കുന്നവർ പുലർത്തുന്ന വിശ്വാസവും കരുത്തുമാണ് ഇസ്ലാം പരിഗണിക്കുന്നത്. അല്ലാഹുവിന് വേണ്ടി എന്ന മനോവികാരത്തോടു കൂടെ ചെയ്യുന്ന എല്ലാ കർമ്മങ്ങളെയും ആരാധനാ തുല്യമായി ഇസ്ലാം പരിഗണിക്കുന്നു. ഈ മനസ്ഥിതിയിൽ എത്തിച്ചേരുവാനുള്ള മാർഗമായി ഇസ്ലാം പറയുന്നതും നിർദ്ദേശിക്കുന്നതും അറിവാണ്. ഇസ്ലാമിൻ്റെ ജീവൻ എന്നാണ് അറിവ് വ്യവഹരിക്കപ്പെടുന്നത്. അറിവ് വഴിയാണ് ഇസ്ലാം വളർന്നതും പരന്നതും ലോകത്തിൻ്റെ സാംസ്കാരിക ഔന്നത്യങ്ങളിൽ എത്തിച്ചേർന്നതും എന്നത് ചരിത്രമാണ്. മുസ്ലിംകളുടെ ജീവിതം കേന്ദ്രീകരിക്കപ്പെടുവാൻ നബി(സ്വ) തിരുമേനി മദീനയിൽ ആദ്യം പള്ളി ഉണ്ടാക്കുകയായിരുന്നു ചെയ്തത്. ആ പള്ളിയിൽ ആദ്യമായി തുടങ്ങിയ സ്ഥാപനം മതപഠന ശാലയായി ആയിരുന്നു. അറിവിൻ്റെ അരക്കിട്ടുറപ്പിക്കാത്ത വിശ്വാസം, കർമ്മം എന്നിവയെല്ലാം ചഞ്ചലങ്ങളായിരിക്കും എന്നാണ്. അറിവിൻ്റെ സഹായത്തോടെ സ്ഥാപിക്കപ്പെടുമ്പോഴാണ് ഉമ്മത്ത് അച്ചടക്കവും ആത്മീയ അവബോധവും ഉള്ളവരായിയിത്തീരുക എന്നത് സത്യവും അനുഭവവുമാണ്. കേരളം തന്നെയാണ് അതിനു സാക്ഷി. ആത്മീയതയിൽ കലർന്ന അറിവായിരുന്നു ആദ്യം കേരളതീരത്ത് കപ്പലിറങ്ങിയത്. അതുകൊണ്ടുതന്നെ കേരളത്തിലെ ഉമ്മത്തിന് അച്ചടക്കവും ആത്മീയ അസ്ഥിത്വവും മറ്റുള്ളവരെ ഉൾക്കൊള്ളുവാനുള്ള വികാസവും സ്വയം വളർന്ന് പന്തലിക്കുവാനുള്ള ആത്മധൈര്യവും എല്ലാമെല്ലാം ഉണ്ടായി. മുസ്ലിം കേരളത്തിൻ്റെ ചരിത്രത്തിൽ എപ്പോഴും അറിവ് ഒപ്പത്തിനൊപ്പം സഞ്ചരിച്ചിട്ടുണ്ട്. അതിൻ്റെ ഏറ്റവും വലിയ ഒരു സവിശേഷത കാലത്തിൻ്റെ മാറ്റങ്ങളെയും വളർച്ചകളെയും മുസ്ലിം സമുദായവും അവരുടെ അറിവും ഭംഗിയായി ഉൾക്കൊണ്ടിട്ടുണ്ട് എന്നതാണ്. രണ്ടാം സഹസ്രാബ്ദത്തിലേക്ക് കാലെടുത്തുവെക്കാനും മുന്നോട്ടു പോകുവാനും വിജ്ഞാനത്തിന്റെ സീമകൾക്ക് കൂടുതൽ വികാസം വേണ്ടിയിരുന്നു. തെറ്റാതെയും തെന്നാതെയും ആ വികാസങ്ങളെ ഭംഗിയായി സമുദായത്തിന് വേണ്ടി സ്വാംശീകരിച്ച കേരളത്തിൻ്റെ അഭിമാന സ്ഥാപനങ്ങളിൽ ഒന്നാണ് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി. സ്ഥാപനം സമൂഹത്തിന് മൊത്തം ചെയ്ത ദാനങ്ങളിലേക്ക് നോക്കിയാണ് നമുക്ക് ഇങ്ങനെ പറയാൻ കഴിയുന്നത്. കെട്ടിടക്കൂട്ടത്തിന്റെ നിറമോ ആകാരമോ നോക്കിയല്ല. ദാറുൽ ഹുദാ ഒരു ആശയമാണ്.
ഇത്തരം സ്ഥാപനങ്ങൾ സ്ഥാപിച്ചവരും നയിച്ചുകൊണ്ടിരിക്കുന്നവരും ഹൃദയ വിശാലത ഇല്ലാത്തവരും കുടിലമനസ്കരും ആയിരിക്കും എന്ന് കരുതുന്നത് തന്നെ കുറ്റകരമായ പാപമാണ്. അത്തരം കഠിന മനസ്സുള്ളവർക്ക് ഇത്ര വലിയ ആശയങ്ങളെ വളർത്തിയെടുക്കാൻ കഴിയുകയില്ല. ദാറുൽ ഹുദാ അടക്കം എല്ലാ സമാന സ്ഥാപനങ്ങളുടെയും ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർ മനുഷ്യപ്പറ്റുള്ള വരും ഏത് വിരോധിയോടും നിഷ്കളങ്കമായി പുഞ്ചിരിക്കുവാൻ കഴിവുള്ളവരും ആണ് എന്നത് ചിലർ സമ്മതിക്കില്ലെങ്കിലും ഒരു സത്യമാണ്. എന്നിരിക്കെ നേരെ ചൊവ്വേ ചെന്ന് വേണ്ടത് പറയുവാനും കേൾക്കുവാനും ചർച്ചയിൽ ഏർപ്പെടുവാനും എല്ലാവർക്കും സ്വീകാര്യമായ ഫലങ്ങളിൽ എത്തിച്ചേരുവാനുമെല്ലാമുള്ള സാധ്യതകൾ തീർച്ചയായും ഉണ്ടായിരിക്കെ അതിലൊന്നും താല്പര്യം കാണിക്കാതെ കൊടിയെടുത്ത് മുഷ്ടിയുയർത്തി മുദ്രാവാക്യം വിളിച്ച് പ്രകോപനം പടച്ച് 'എന്തോ വലിയ' എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം ദുരുപതിഷ്ടിതമാണ്. അത് പിന്നാമ്പുറത്തെ അജണ്ടകൾ ചുട്ടെടുക്കാനുള്ള ശ്രമം മാത്രമാണ് എന്നത് പകൽ പോലെ വ്യക്തമാണ്. പ്രാദേശിക പാരിസ്ഥിതിക പ്രശ്നങ്ങളായിരുന്നു കാരണം എന്ന് പറഞ്ഞ് സംഭവത്തെ കുഴമ്പ് പുരട്ടുവാൻ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റ് നേതാക്കന്മാർക്ക് തങ്ങൾ പറയുന്നത് എത്രമാത്രം അസത്യമാണ് എന്നറിയുവാൻ മേപ്പടി പ്രതിഷേധ പ്രകടനത്തിൽ പ്രസംഗിച്ച നേതാവിന്റെ വാക്കുകൾ ഒന്നുകൂടി കേട്ടു നോക്കിയാൽ മതി. അതിൽ ഏറിയ കൂറും ഇസ്ലാമിനെ കടന്നാക്രമിക്കുവാനായിരുന്നു ലോക്കൽ നേതാവ് ശ്രമിച്ചത്. ചുരുക്കത്തിൽ, അവിടെ ന്യൂനപക്ഷങ്ങളെയും ഇവിടെ ന്യൂനപക്ഷങ്ങളിലെ മുസ്ലിംകളെയും ഉള്ളുകൊണ്ട് ഒന്നായവർ ഒന്നിച്ചാക്രമിച്ചിരിക്കുന്നു എന്ന് തൽക്കാലം നമുക്ക് മനസ്സിലാക്കി വെക്കാം. അനുബന്ധങ്ങൾ ഉണ്ടാകുമ്പോൾ ചേർത്തുവായിക്കാമല്ലോ.
o
Thoughts & Arts
ഒരേ ആവനാഴിയിൽ നിന്നു തന്നെ !
2025-08-24
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso