Thoughts & Arts
Image

ഓർമ്മകളുടെ തിരുസുഗന്ധത്തിലേക്ക് വീണ്ടും..

2025-08-24

വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി





പ്രവാചക വിചാരങ്ങളുടെ കുന്തിരിക്കം പുകയുന്ന റബീഉൽ അവ്വലിൻ്റെ നാളുകൾ വീണ്ടും വരവായി. ഇപ്രാവശ്യത്തെ നബി തിരുമേനി(സ്വ)യുടെ ജന്മദിനത്തിന് ചില സവിശേഷതകളുണ്ട്. ഇത് മഹാനായ നബിയുടെ 1500-ാം ജന്മദിനമാണ് എന്നതാണ് അത്. ആയിരത്തി അഞ്ഞൂറ് എന്ന സംഖ്യക്ക് എടുത്തുപറയാവുന്ന പ്രത്യേകതയൊന്നുമില്ല. പക്ഷെ, ഈ പ്രയോഗത്തിൽ ഒരു വികാരം ഉള്ളടങ്ങിയിട്ടുണ്ട്. മഹാനായ നബി(സ്വ) തങ്ങൾ നമുക്കു തന്ന ആശയവും ആദർശവും ഒന്നര സഹസ്രാബ്ദമായിട്ട് ഈ ലോകത്ത് അഭിമാനത്തോടെ നില നിന്നുവരുന്നു എന്നത് വേഗത്തിൽ തിരിച്ചറിയാൻ ഈ പ്രയോഗം സഹായകമാകുന്നു എന്നതാണത്. ഇത് യഥാർത്ഥ ഇസ്ലാമിക വിശ്വാസികളുടെ അന്തരംഗങ്ങളിൽ ആത്മാഭിമാനത്തിന്റെ വികാരങ്ങൾ കുറച്ചൊന്നുമല്ല ഉയർത്തുന്നത്. കാരണം ഏറ്റവും അധികം അകത്തുനിന്നും പുറത്തുനിന്നും ആശയപരമായും കായികമായും വെല്ലുവിളികളെ നേരിടേണ്ടി വന്നിട്ടുണ്ട് തത്വത്തിൽ തലകുനിക്കേണ്ടി വരാത്ത വിധം ഇസ്ലാം എന്ന തിരു നബിയുടെ ആശയം പിടിച്ചുനിന്നു. നബിയും ഇസ്ലാമും നേരിട്ട ആദ്യത്തെ വെല്ലുവിളി മക്കത്തെ ബഹുദൈവ വിശ്വാസികളുടെ ഭാഗത്തുനിന്നായിരുന്നു എന്നു നമുക്കറിയാം. അത് ഹിജ്റ അഞ്ചിലെ കിടങ്ങു യുദ്ധത്തോടെ അവസാനിച്ചു. പിന്നെ മദീനയിലെ ജൂതന്മാരായിരുന്നു വെല്ലുവിളി. അത് ഹിജ്റ ഏഴിലെ ഖൈബർ യുദ്ധത്തോട് കൂടെയും അവസാനിച്ചു. പിന്നെ റോമൻ-പേർഷ്യൻ സാമ്രാജ്യങ്ങളുടേതായിരുന്നു വെല്ലുവിളി. അവയിൽ റോമൻ വെല്ലുവിളി ഹിജ്റ 9 ലെ തബൂക്ക് യുദ്ധത്തോടെ തൽക്കാലം അടങ്ങി. അറേബ്യ മുഴുവനും നബി തിരുമേനി(സ്വ)യുടെ കാലത്ത് തന്നെ ഇസ്ലാമിനെ സ്വീകരിച്ചിരുന്നു. രണ്ടാം ഖലീഫ ഉമർ (റ) വിൻ്റെ കാലത്തോടെ പേർഷ്യയും യവനികക്കു പിന്നിലേക്ക് മറഞ്ഞു. ഇസ്ലാമിക ആദർശം പടക്കുതിരയെപ്പോലെ ഏഷ്യയും ആഫ്രിക്കയും കീഴടക്കി അമവികളുടെ കാലമാകുമ്പോഴേക്കും യൂറോപ്പിൽ പിരനീസിന്റെ ചുവട്ടിൽ വരെ എത്തിക്കഴിഞ്ഞിരുന്നു.


പിന്നെ ഉണ്ടായത് ലോകത്തെ എല്ലാ ആദർശങ്ങൾക്കും ഉണ്ടായതു തന്നെയായിരുന്നു. അഥവാ ലോകത്തിലെ ഒട്ടുമിക്ക ആദർശങ്ങളെയും നശിപ്പിച്ച ആഭ്യന്തര അസ്വസ്ഥതകൾ. പക്ഷേ അവർക്കൊന്നും തിരുനബിയുടെ ആദർശ ലോകത്തെ വിഭജിക്കുവാനോ നശിപ്പിക്കുവാനോ കഴിഞ്ഞില്ല. ആദ്യത്തെ ഊഴം ഖവാരിജുകൾക്കായിരുന്നു. ഹിജ്റ ഒന്നാം നൂറ്റാണ്ടിൽ മുസ്‌ലിം ഭരണാധികാരികള്‍ക്ക് നേരെയും മുസ്‌ലിം സമൂഹത്തിൻ്റെ അതുവരെ ഉണ്ടായിരുന്ന വിശ്വാസ ആചാരങ്ങൾക്ക് എതിരെയും ഇറങ്ങിപ്പുറപ്പെടുകയും വിപ്ലവം നടത്തി അക്രമം അഴിച്ചുവിടുകയും ചെയ്ത വിഭാഗമാണ്‌ ഖവാരിജുകള്‍. സംഗതി വെറും രാഷ്ട്രീയമായിരുന്നു. എന്നാൽ ഇസ്ലാമിക ലോകത്തിൻ്റെ അംഗീകാരം കിട്ടുവാൻ അവർ മതം വലിയ വികാരമായി ഇടയ്ക്കിടെ പറഞ്ഞു നടന്നു. അധികം വൈകാതെ ഇരുപതോളം കഷണങ്ങളായി കാലയവനികയിൽ കുഴിച്ചിടപ്പെടാനായിരുന്നു അവരുടെ വിധി. അടുത്ത ഊഴം മുഅ്തസിലികളുടേതായിരുന്നു. വാസ്വിലുബ്നു അത്വാഅ് (ഹിജ്റ:80-131) ആയിരുന്നു ഈ നീക്കത്തിന്റെ ഉപജ്ഞാതാവ്. ഇസ്ലാമിനുള്ളിലെ യുക്തി വാദമായിരുന്നു ഇത് അടിസ്ഥാന പ്രമാണങ്ങൾക്ക് തുല്യമായി മനുഷ്യ യുക്തിയെ കാണാം എന്നവർ വാദിച്ചു. അതിനും മുഹമ്മദ് നബിയുടെ ശരിയായ ആദർശ സ്വത്വത്തെ തകർക്കാനായില്ല. പിന്നെ ശിയാക്കളുടെ ഊഴമായിരുന്നു. അതും വെറും രാഷ്ട്രീയമായിരുന്നു. നബി തിരുമേനി(സ്വ)യുടെ പിൻഗാമി ആയി വാഴാനും വാഴ്ത്താനുമുള്ള ശ്രമത്തിൽ അതിനുവേണ്ടി ഇസ്ലാമിന് പുതിയ വ്യാഖ്യാനം ചമക്കുകയായിരുന്നു ശിയാക്കൾ ചെയ്തത്. അതിനവർ അലി(റ)യെയും മക്കൾ ഹസൻ ഹുസൈൻ(റ) എന്നിവരെയും അവർ മൂന്നുപേരുടെയും മരണത്തിനുശേഷം കൂട്ടുപിടിച്ചു. ഹുസൈൻ(റ)വിനു ശേഷം അവരുടെ ഇമാമുമാരുടെ പരമ്പര അറബികളിൽ നിന്ന് പേർഷ്യക്കാരിലേക്ക് മാറുകയും അതിലൂടെ പുരോഗമിക്കുകയും ചെയ്യുന്നുണ്ട്. അവരിൽ തന്നെ ആദ്യത്തെ ഇമാമുമാർ പിൽക്കാലത്തുള്ളവർ ചെയ്തതിനൊന്നും ഉത്തരവാദികളല്ല. അവസാനം വന്ന ഇമാമുമാരും അവരുടെ ഇന്നുവരെ നിലനിൽക്കുന്ന മഅ്മൂമുമാരും തങ്ങളുടെ പ്രത്യേക വാദവുമായി ഇപ്പോഴും നബി തിരുമേനി(സ്വ)യുടെ യഥാർത്ഥ സുന്നത്തുകളിൽ നിന്ന് അകന്ന് ജീവിച്ചു പോകുന്നു.


പിന്നീട് ആശയ ആദർശ പരമായ ഒരു ഏറ്റുമുട്ടൽ ഇസ്ലാമുമായി നടത്തിയത് പത്തൊമ്പതാം നൂറ്റാണ്ടിൽ ബഹായികളാണ്. ഇസ്ലാമിനെ കൃത്യമായി ടാർഗറ്റ് ചെയ്യുന്നതുകൊണ്ട് അവർ അവരുടെ അടിസ്ഥാനം ഏകദൈവ വിശ്വാസമാക്കി അവരുടെ ശ്രമങ്ങൾ അവർ നടത്തിനോക്കി. വിചിത്രമായ അനുബന്ധ വിശ്വാസങ്ങളും ആരാധനാ കർമ്മങ്ങളും ഡിസൈൻ ചെയ്തുവെങ്കിലും അതൊന്നും കരുതിയ അത്ര വിജയിച്ചില്ല. അഹങ്കാരം പിൻവലിയാൻ സമ്മതിക്കുന്നില്ല എന്ന അവസ്ഥയിൽ ആരുടെയൊക്കെയോ സഹായത്താൽ അവർ മുന്നോട്ടു പോവുകയാണ് എന്ന് മാത്രം. ഏതായാലും മഹാനായ നബിയുടെ സച്ചരിതമായ ആശയ ആദർശത്തെ അതൊരിക്കലും ഭീഷണിപ്പെടുത്തുന്നില്ല എന്നതാണ് വസ്തുത. ഇതേ അച്ചിൽ വാർത്തെടുത്ത മറ്റൊരു ആശയമായിരുന്നു അഹമ്മദിയ്യ പ്രസ്ഥാനം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ അഥവാ 1889 -ൽ പഞ്ചാബിലെ ഖാദിയാൻ ഗ്രാമ നിവാസിയായ മിർസാ ഗുലാം അഹമദാണ് ഈ പ്രസ്ഥാനത്തിൻ്റെ സ്ഥാപകൻ. മിർസാ ഗുലാമിന് ഒരു പ്രവാചകനായിത്തീരുക എന്നതിലപ്പുറം വലിയ ലക്ഷ്യങ്ങളൊന്നും തുടക്കത്തിൽ അവർക്കുണ്ടായിരുന്നില്ല. തങ്ങളെ മുസ്ലിംകളായി അംഗീകരിക്കണം എന്ന് അവർക്ക് ആഗ്രഹവും അഭ്യർത്ഥനയും ഉണ്ട് എങ്കിലും ലോക മുസ്ലിംങ്ങൾ അവരെ അങ്ങനെ കാണുന്നില്ല. ഏതായാലും നബി തിരുമേനി(സ്വ)യുടെ ആദർശ ലോകത്തിന് അഹമ്മദിയാക്കളും ഒരു തലവേദനയായില്ല. അതിനു കാരണം, മഹാനായ പ്രവാചകൻ(സ്വ) നൽകിയ അന്ത്യോപദേശം ഒരു മാറ്റവും ഇല്ലാതെ ആ വഴിയിൽ ജീവിച്ചവരും അതേ വഴിയിൽ തന്നെ ജീവിച്ച് മരിക്കണം എന്ന് ആഗ്രഹിച്ചവരും പാലിക്കുന്നത് കൊണ്ടാണ്. അല്ലാഹുവിൻ്റെ കിതാബും പ്രവാചകൻ്റെ ജീവിതചര്യയും കൈവിടാതെ കാത്തുസൂക്ഷിക്കണേ എന്നായിരുന്നു ആ വസ്വിയ്യത്ത്. അതിന് അവ രണ്ടിനോടുമൊപ്പം ജീവിച്ച സ്വഹാബത്തിന്റെയും അവരുടെ പിൻഗാമികളുടെയും വഴി അവലംബിക്കാതെകഴിയില്ല. അവ മുറുകെ പിടിക്കുന്ന കാലത്തോളം നിങ്ങൾക്ക് മാർഗഭ്രംശം സംഭവിക്കുകയില്ല എന്ന് നബി തിരുമേനി(സ്വ) ഒപ്പം പറഞ്ഞിരുന്നു. നേരത്തെ പറഞ്ഞ കക്ഷികൾക്കൊന്നും അത് ആ അർത്ഥത്തിൽ നിഷ്കളങ്കമായി പാലിക്കുവാൻ കഴിഞ്ഞില്ല.


പിന്നെയും വന്നു ഇസ്ലാമിനെ വെല്ലുവിളിച്ചു കൊണ്ട് മറ്റു പലതും. അവയൊന്നും നേരെ ചൊവ്വയുള്ള വെല്ലുവിളികൾ ആയിരുന്നില്ല എന്നത് പ്രത്യക്ഷത്തിൽ നേരാണ്. പക്ഷേ ഉള്ളിനുള്ളിൽ അവയുടെ ലക്ഷ്യങ്ങളിൽ പ്രധാനമായോ അല്ലാതെയോ ഇസ്ലാമും ഉണ്ടായിരുന്നു. അവയിൽ ഒന്നാണ് ഓറിയൻറലിസം. 11, 12 നൂറ്റാണ്ടുകളിൽ പൗരസ്ത്യ ഭാഷ, സംസ്‌കാരം, സാഹിത്യം, ചരിത്രം, മതം എന്നിവയെപ്പറ്റി പഠനം നടത്തുകയെന്ന ലക്ഷ്യത്തോടെ ക്രൈസ്തവ യൂറോപ്പില്‍ ഉയര്‍ന്നുവന്ന ഒരു ബൗദ്ധിക പ്രസ്ഥാനമാണ് ഓറിയന്റലിസം. കിഴക്കൻ രാജ്യങ്ങളെയും അവയിൽ ഉണ്ടായ ചിന്താ സരണികളെയും മനസ്സു കൊണ്ട് ഉള്‍ക്കൊള്ളുന്നുണ്ടെങ്കിലും ഇസ്‌ലാമിനെപ്പറ്റിയുള്ള പഠനങ്ങളിലാണ് ഓറിയന്റലിസത്തിന്റെ ശ്രദ്ധ പ്രധാനമായും പതിഞ്ഞത്. അതുകൊണ്ടാണ് കിഴക്ക് മാത്രം ലക്ഷ്യം വെക്കേണ്ടിയിരുന്ന അവർ പടിഞ്ഞാറ് മൗറിത്താനിയ, തെക്ക് ഇന്തോനേഷ്യ, വടക്ക് ഇറാഖ്, തുര്‍ക്കി, തുടങ്ങിയ പ്രദേശങ്ങളിലേക്ക് എല്ലാം ഓറിയന്റലിസം കടന്നു കയറുന്നത്. ഓറിയന്റലിസ്റ്റുകൾക്ക് അവർ ഇസ്ലാമിനെതിരെ എഴുന്നള്ളിച്ചതൊന്നും ലോകത്തെക്കൊണ്ട് അംഗീകരിപ്പിക്കാൻ കഴിഞ്ഞിട്ടില്ല എന്നത് ഒരു സത്യമാണ്. അതോടൊപ്പം ഓരോ മുസ്ലിമിന്റെയും നാവിലും മനസ്സിലും ഓറിയന്റലിസ്റ്റുകളുടെ അപവാദങ്ങൾക്കെല്ലാം ഉള്ള മറുപടി സജ്ജവുമാണ്. ഇങ്ങനെ വന്ന മറ്റൊന്നായിരുന്നു സോഷ്യലിസം. കമ്മ്യൂണിസം എന്ന ദൈവനിഷേധ ആശയം ജനങ്ങളെ കൊണ്ട് വിശ്വസിപ്പിക്കുവാൻ അതിൻ്റെ ജനയിതാക്കൾ കണ്ടെത്തിയ ഒരു കുറുക്കു വഴിയായിരുന്നു സ്ഥിതി സമത്വ സിദ്ധാന്തം എന്ന സോഷ്യലിസം. പത്തൊമ്പതാം നൂറ്റാണ്ടിലാണ് ഇത് അവതരിപ്പിക്കപ്പെട്ടത്. ദൈവം, വിശ്വാസം തുടങ്ങിയ സത്യങ്ങളെ നിരാകരിക്കുവാനുള്ള വെമ്പലിനിടയിൽ സോഷ്യലിസത്തിന്റെ ഉപജ്ഞാതാക്കൾക്ക് അതിൻ്റെ പ്രായോഗികത വേണ്ട വിധത്തിൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. അതിനാൽ അത് ശരിയായ അർത്ഥത്തിൽ ലോകത്ത് നടപ്പിലാക്കാൻ കഴിഞ്ഞില്ല. അതിനും കമ്യൂണിസത്തിനും ഒരു നൂറ്റാണ്ട് പോലും ആയുസ്സ് ഉണ്ടായില്ല. അതുണ്ടാക്കിയവർക്ക് തന്നെ ജനിച്ച മണ്ണിൽ വെച്ച് തന്നെ അതിൽ വെള്ളം ചേർക്കേണ്ടി വന്നു. കമ്മ്യൂണിസത്തോടുള്ള തീവ്രമായ പ്രതിഷേധത്തിന്റെ ഉൽപ്പന്നമായിരുന്നു മുതലാളിത്തം. സോഷ്യലിസത്തിലെ അപ്രായോഗികതകളെ പരിഹരിക്കാനുള്ള ബദൽ എന്ന നിലക്കായിരിക്കാം മുതലാളിത്തം വന്നത് എങ്കിലും അത് സമൂഹത്തെ മറ്റു പല നിലക്കും പ്രതികൂലമായി സ്വാധീനിക്കുകയായിരുന്നു. ധൂർത്ത് മുതൽ ഫെമിനിസം തുടങ്ങിയ ചിന്താഗതികൾ വരെ ഉണ്ടാക്കിയ മുതലാളിത്തം ഭാവിയുടെ മുമ്പിൽ സത്യത്തിൽ അന്ധിച്ചു നിൽക്കുകയാണ്. അതേസമയം തികച്ചും വേറിട്ടതും ന്യായമായതുമായ ഒരു പ്രായോഗിക സാമ്പത്തിക വ്യവസ്ഥ ഇസ്ലാം മുന്നോട്ട് വെക്കുന്നു. അതിനെ വെല്ലാൻ ഈ രണ്ടു സിദ്ധാന്തങ്ങൾക്കും കഴിഞ്ഞില്ല എന്നത് ഒരു സത്യമാണ്.


ഇപ്പോൾ മറ്റൊരു വെല്ലുവിളിയാണ് തലകാട്ടിയിരിക്കുന്നത്. അത് സ്വതന്ത്ര ചിന്തയും സ്വാതന്ത്ര്യ വാജ്ഞയുമാണ്. മതങ്ങൾ പറയുന്ന തത്വങ്ങൾ, ഉപദേശങ്ങൾ, വിധിവിലക്കുകൾ തുടങ്ങിയതിലൊന്നും പുതിയ തലമുറക്ക് താല്പര്യമില്ലാതെയായിരിക്കുന്നു. അത് മതങ്ങളോടോ ഇസ്ലാമിനോടോ പ്രവാചകനോടോ ഉള്ള വിരോധത്തിന്റെ ഭാഗമല്ല. മറിച്ച് അത് അറ്റമില്ലാത്ത ആസ്വാദനങ്ങളിൽ രമിക്കുവാനുള്ള ഉൾക്കടമായ താൽപര്യത്തിന്റെ ബഹിർസ്ഫുരണം മാത്രമാണ്. മതങ്ങളുടെ മാത്രം ഉപദേശങ്ങളോടല്ല തൊട്ടടുത്തിരിക്കുന്ന ഒരാളുടെ ഉപദേശത്തോടും അഭിപ്രായത്തോടും എല്ലാം ഇവർക്ക് കലിപ്പാണ്. അതായത്, പുതിയ തലമുറയുടെ താളപ്പിഴകൾ ഇസ്ലാമിനോടും പ്രവാചകൻ്റെ വഴിയോടുമുള്ള വിരോധത്തിന്റെയും വിദ്വേഷത്തിന്റെയും മാത്രം ഭാഗമൊന്നുമല്ല എന്ന് ചുരുക്കം. മൊത്തത്തിൽ ഇത്രമേൽ പ്രതികൂലതകൾ പല ഭാഗത്തുനിന്നും പല രൂപത്തിലായി വന്നിട്ടുണ്ട് അന്ത്യപ്രവാചകൻ്റെ ദർശനം, ആദർശം, സമീപനം എന്നിവയെല്ലാം കാലികമായ പ്രസക്തിയോടെ തല ഉയർത്തി നിൽക്കുകയാണ്. ഒന്നരസഹസ്രാബ്ദങ്ങൾക്ക് ശേഷവും ഇത് ഇങ്ങനെ നിൽക്കുന്നു എന്ന് പറയുമ്പോൾ അതിൻ്റെ കാര്യകാരണങ്ങൾ ലോകം ശ്രദ്ധിക്കുകയും പഠിക്കുകയും ചെയ്യേണ്ടതുണ്ട്. തിരക്കേറിയ പുതിയ യാന്ത്രിക ജീവിതത്തിൽ പുതിയ മനുഷ്യർക്ക് അതിനുവേണ്ടിയുള്ള ഒരു അവസരം സൃഷ്ടിക്കുവാൻ ഈ വസന്ത കാലത്ത് നമുക്ക് കഴിഞ്ഞാൽ നാം സത്യവിശ്വാസികൾ കൃതാർത്ഥരായി.


0


0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso