

സമസ്ത: ആദർശ വിശുദ്ധിയുടെ ആധികാരികത
2025-09-11
Web Design
15 Comments
ടി എച്ച് ദാരിമി
നബി(സ്വ) തങ്ങൾ വഫാത്താകുമ്പോൾ ലോകത്തിനു മുമ്പിൽ സമർപ്പിച്ചത് എല്ലാ അർത്ഥത്തിലും പരിപൂർണ്ണമായ ഒരു ആദർശ സമൂഹത്തെ ആയിരുന്നു. അതിനുവേണ്ടി മൊത്തത്തിൽ നബി(സ്വ) തങ്ങൾ നടപ്പിൽ വരുത്തിയത് അല്ലാഹുവിനെയും റസൂലിനെയും ഉലുല്‍ അംറിനെയും അനുസരിക്കണമെന്ന നിഷ്കർഷയായിരുന്നു. അതു പല ഘട്ടങ്ങളിലും നബി തങ്ങൾ ഉറപ്പുവരുത്തുക തന്നെ ചെയ്തിരുന്നു. റോമിനെതിരെയുള്ള പട പുറപ്പാടിന് ഉസാമ ബിൻ സൈദ്(റ)വിനെ നേതൃത്വം ഏൽപ്പിച്ചത് ഒരു ഉദാഹരണം. അബൂബക്കർ(റ), ഉമർ (റ) തുടങ്ങിയ സ്വഹാബി പ്രധാനികൾ വരെ ഈ യുവാവിന്റെ കീഴിൽ യുദ്ധം ചെയ്യേണ്ടുന്ന സാഹചര്യമാണ് ഉണ്ടായത്. രോഗകാലത്ത് അബൂബക്കർ(റ) നിസ്കാരത്തിന് നേതൃത്വം നൽകുന്നത് സ്വന്തം വീട്ടിന്റെ ഉള്ളിലിരുന്ന് പലപ്പോഴും നബി തങ്ങൾ ആനന്ദത്തോടെ കണ്ടിരുന്നു. ഒരു നീഗ്രോ അടിമയാണ് നേതാവ് എങ്കിലും അദ്ദേഹത്തെ അനുസരിക്കൽ നിങ്ങൾക്ക് നിർബന്ധമാണ് എന്ന് നബി(സ്വ) തങ്ങൾ പറയുകയും ചെയ്തു. അതിൻ്റെ ഒരു വിളംബരം എന്ന നിലക്ക് മക്കാവിജയത്തിന്റെ അന്ന് കഅ്ബാലയത്തിന്റെ മുകളിൽ കയറി വാങ്ക് കൊടുക്കുവാൻ നബി തങ്ങൾ ബിലാലി(റ)നെ പരസ്യമായി ചുമതലപ്പെടുത്തുകയും ചെയ്തു. വിശുദ്ധ ഖുർആൻ ഈ അനുസരണയെ ഇങ്ങനെ നിയമവൽക്കരിച്ചു: "അല്ലയോ വിശ്വസിച്ചവരേ, അല്ലാഹുവിനെ അനുസരിപ്പിന്‍, ദൂതനെയും അനുസരിപ്പിന്‍, നിങ്ങളില്‍ കൈകാര്യക്കാരെയും അനുസരിപ്പിന്‍. ഏതെങ്കിലും കാര്യത്തില്‍ തമ്മില്‍ തര്‍ക്കമുണ്ടായാല്‍ അതിനെ അല്ലാഹുവിങ്കലേക്കും ദൂതനിലേക്കും മടക്കുവിന്‍; നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും യഥാര്‍ഥത്തില്‍ വിശ്വസിക്കുന്നുവെങ്കില്‍ ഇതാണ് ഏറ്റവും ശരിയായ മാര്‍ഗം. അനന്തരഫലം പരിഗണിക്കുമ്പോഴും ഇതുതന്നെയാണ് ഏറ്റം നല്ലത്." (4:59) ഇമാം ബുഖാരിയും ഇമാം മുസ്ലിമും ഉദ്ധരിക്കുന്ന ഹദീസിൽ നബി(സ്വ) തങ്ങൾ ഉലുല്‍അംറിന്റെ വാക്ക് കേള്‍ക്കലും അനുസരിക്കലും, അത് തനിക്ക് ഇഷ്ടകരമായാലും അനിഷ്ടകരമായാലും അവർ 'മഅ്സിയത്ത്` കൊണ്ട് ആജ്ഞാപിക്കാത്തേടത്തോളം മുസല്‍മാന് നിര്‍ബന്ധമാകുന്നു എന്നു പറഞ്ഞിട്ടുണ്ട്. ഈ കാര്യത്തിൽ വന്നേകാവുന്ന ഉദാസീനത മുൻകൂട്ടി കണ്ടുകൊണ്ട് നബി(സ്വ) തിരുമേനി അരുള്‍ചെയ്തു: `നിങ്ങള്‍ക്ക് ചില ഭരണാധിപന്മാരുണ്ടാകും; അവരുടെ കാര്യങ്ങളില്‍ ചിലത് നിങ്ങള്‍ നന്മയായി കാണും; ചിലത് തിന്മയായും. എന്നാല്‍ അവരുടെ തിന്മകളില്‍ അതൃപ്തി പ്രകടിപ്പിക്കുന്നവര്‍ കടമ നിര്‍വഹിച്ചു. അവയെ വെറുക്കുന്നവരും രക്ഷപ്രാപിച്ചു. പക്ഷേ ആര്‍ അവയെ തൃപ്തിപ്പെടുകയും പിന്‍പറ്റുകയും ചെയ്യുന്നുവോ അവര്‍ ശിക്ഷിക്കപ്പെടും.` സഹാബികള്‍ ചോദിച്ചു: `അങ്ങനെയുള്ള ഭരണാധിപന്മാരുടെ കാലം വരുമ്പോള്‍ ഞങ്ങള്‍ അവരോട് യുദ്ധം ചെയ്യട്ടെയോ?` നബി ഉത്തരമരുളി: `പാടില്ല, അവര്‍ നമസ്കരിക്കുന്ന കാലത്തോളം. (ബുഖാരി). സമുദായത്തിന്റെ അച്ചടക്കം ഈ വിധത്തിൽ ഉറപ്പിച്ചുനിർത്തിയതിനുശേഷം ആയിരുന്നു നബി തങ്ങളുടെ വിയോഗം. അതിന്റെ പ്രതിഫലനം ഒന്നാം ഖലീഫയുടെ ഭരണകാലത്ത് തന്നെ കാണുകയുണ്ടായി. അദ്ദേഹത്തിൻ്റെ ഭരണകാലം താരതമ്യേന ഹ്രസ്വമായിരുന്നുവെങ്കിലും ധീരമായ രണ്ടു തീരുമാനങ്ങൾ കൊണ്ട് അക്കാലത്തെ സമുദായത്തിന്റെ അനുസരണയും വിധേയത്വവും അദ്ദേഹം ഉറപ്പാക്കി. മക്ക, മദീന, ത്വായിഫിന്റെ ചില ഭാഗങ്ങൾ എന്നീ പ്രദേശങ്ങളല്ലാത്ത മുഴുവൻ പ്രദേശങ്ങളെയും പിടികൂടിയ സക്കാത്ത് നിഷേധവും അതുവഴി ഉണ്ടായ രിദ്ദത്തും അദ്ദേഹം സമുദായത്തിന്റെ പിന്തുണ കൊണ്ട് മറികടന്നു. രണ്ടാമതായി കള്ള പ്രവാചകങ്ങളുടെ മുനയൊടിച്ചുകളഞ്ഞു.
ഈ അച്ചടക്കം മൂന്നാം ഖലീഫ ഉസ്മാൻ(റ)വിൻ്റെ ഭരണത്തിൻ്റെ ഏതാണ്ട് അവസാനം വരെ സമുദായത്തിൽ നിലനിന്നു. ആ ഭരണത്തിന്റെ അവസാന കാലത്ത് സമുദായത്തിൽ ചില ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ടായി. അവ പക്ഷേ രാഷ്ട്രീയമായിരുന്നു. മദീനയുടെ പുറത്ത് നിന്ന് വന്ന അക്രമകാരികൾ ആയിരുന്നു ദുർബലമായ ചില വാദങ്ങൾ ഉയർത്തി കാണിച്ച് ഖലീഫക്കെതിരെ രംഗത്ത് വന്നതും അവസാനം അദ്ദേഹത്തെ വധിച്ചതും. ഈ വധം നാലാം ഖലീഫ അലി(റ)യുടെ കാലത്ത് അദ്ദേഹവും ബനൂ ഉമയ്യ കുടുംബവും തമ്മിലുള്ള കലഹങ്ങളിലേക്കും ചേരിതിരിവുകളിലേക്കുമെല്ലാം എത്തിച്ചേർന്നു. രണ്ട് ആഭ്യന്തര യുദ്ധങ്ങൾ അതിനെ തുടർന്ന് ഉണ്ടാവുകയും ചെയ്തു. പക്ഷേ ഈ സമയത്തും ഇസ്ലാമിക ആദർശത്തിനോ വിശ്വാസ സംഹിതക്കോ ജനങ്ങളുടെ ആത്മീയതക്കോ കാര്യമായ പരിക്കുകൾ ഒന്നും പറ്റിയിരുന്നില്ല. അതേസമയം ആത്മീയതയുടെ കാര്യത്തിൽ നബി(സ്വ) തങ്ങളുടെ കാലത്തേതിനു സമാനമായ ഒരു നില എക്കാലവും ഉണ്ടാകും എന്ന് പറയാൻ ആവില്ല. കാരണം നബി(സ്വ) തങ്ങൾ പറഞ്ഞു: 'ഏറ്റവും ഉത്തമമായ തലമുറ എൻ്റെ തലമുറയാണ്. പിന്നെ അതിനുശേഷം വരുന്നവരും, പിന്നെ അതിനുശേഷം വരുന്നവരും' (ബുഖാരി). ഇവിടെ നബി തങ്ങൾ ഉപയോഗിച്ചിരിക്കുന്ന അവ്യയം പിന്നെ എന്നതാണ്. അത് മുമ്പത്തേതിനേക്കാൾ കുറഞ്ഞ നിലവാരത്തെ മാത്രമായിരിക്കും സൂചിപ്പിക്കുക എന്നത് ഭാഷാപരമായി തന്നെ നമുക്ക് മനസ്സിലാക്കാവുന്ന കാര്യമാണ്. അതേസമയം വരുന്ന തലമുറകളിൽ ഓരോന്നും തൊട്ടുമുമ്പുള്ള തലമുറയെക്കാൾ ആത്മീയമായി പിന്നിലായിരിക്കും എങ്കിലും ആത്മീയത കുറഞ്ഞുകുറഞ്ഞ് അതില്ലാത്ത ഒരു സാഹചര്യം വരും എന്ന് നിനക്കുവാൻ ന്യായമില്ല. കാരണം നബി തങ്ങളിൽ നിന്ന് ഇമ്രാൻ ബിൻ ഹുസ്വൈൻ(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസിൽ ഇങ്ങനെ കാണാം: 'എൻ്റെ സമുദായത്തിൽ സത്യത്തിൻമേൽ നിലനിൽക്കുന്ന ഒരു വിഭാഗം ജനങ്ങൾ അന്ത്യനാൾ വരെ ഉണ്ടാകും. ചതിക്കുന്നവർക്ക് പോലും അവരെ ഉപദ്രവിക്കുവാൻ കഴിയുകയില്ല' (ബുഖാരി). ഇത്തരം ഒരു വിഭാഗത്തെ കൃത്യമായി പിന്തുടർന്നുകൊണ്ട് ഇന്നുവരെക്കും ഒരു ജനത നിലനിൽക്കുന്നുണ്ട് എന്നതാണ് ഇവിടെ നമ്മുടെ സമർത്ഥനം. അത് സ്ഥാപിക്കുമ്പോൾ ആ ശ്രേണിയിൽ തന്നെയാണ് നൂറുവർഷമായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമാഇൻ്റെ പ്രവർത്തകരും നിലകൊള്ളുന്നത് എന്നത് തെളിയിക്കാനാകും.
വിശ്വാസത്തിന്റെയും ആദർശത്തിന്റെയും വീഥിയിൽ ആദ്യമായി ഇസ്ലാമിക ലോകത്ത് ഉയർന്ന അപശബ്ദം ഖവാരിജുകളുടേതായിരുന്നു. ഉസ്മാൻ(റ)വിൻ്റെ വധത്തിന്റെ വിഷയത്തിൽ പരസ്പരം കൊമ്പുകോർത്ത അലി(റ), മുആവിയ(റ) എന്നിവരായിരുന്നു ഇരുവശത്തും. ഇവർ ഇറാഖിൽ മുഖാമുഖം നിന്ന് ഏറ്റുമുട്ടുന്ന ഒരു സാഹചര്യത്തിലേക്ക് അത് വളർന്നു. ഹിജ്‌റ 36 ജുമാദുല്‍ ആഖിറയിലായിരുന്നു ഈ യുദ്ധം നടന്നത്. ജമൽ യുദ്ധം എന്ന് ഇത് ഇസ്ലാമിക ചരിത്രത്തിൽ വ്യവഹരിക്കപ്പെടുന്നു. പിറ്റേ വർഷം ശാമില്‍ കുറെ അനുയായികളെ സംഘടിപ്പിച്ചിരുന്ന മുആവിയ(റ) വീണ്ടും അലി(റ)ക്കെതിരെ രംഗത്തിറങ്ങി. ഹിജ്‌റ 37 സഫര്‍ മാസത്തില്‍ ഇരുവിഭാഗവും 'സിഫ്ഫീനി'ല്‍ വെച്ചു വീണ്ടും ഏറ്റുമുട്ടി. ദിവസങ്ങളോളം നീണ്ടുനിന്ന പോരാട്ടത്തില്‍ അലീ പക്ഷത്തിനായിരുന്നു മേൽക്കൈ. ഇത് കണ്ട മുആവിയ മുസ്ഹഫ് ഉയർത്തി കാണിച്ച് ഇതിൻ്റെ അടിസ്ഥാനത്തിൽ നമുക്ക് വിഷയത്തിൽ തീർപ്പാക്കാം എന്ന് പറഞ്ഞു. അത് മുആവിയയുടെ തന്ത്രമാണ് എന്നു പറഞ്ഞ് അലി(റ) തള്ളിയെങ്കിലും അദ്ദേഹത്തോടൊപ്പം ഉള്ള ഇറാഖികൾ അദ്ദേഹത്തെ ഖുർആൻ അടിസ്ഥാനമാക്കി പ്രശ്നത്തിൽ തീർപ്പുണ്ടാക്കുവാൻ നിർബന്ധിച്ചു. ഇറാഖികളുടെ ഇംഗിതത്തിന് അദ്ദേഹത്തിന് വഴിപ്പെടേണ്ടിവന്നു. രണ്ടു ഭാഗത്തുനിന്നും ഉള്ള മധ്യസ്ഥന്മാർ വിഷയം ചർച്ച ചെയ്തു. മുആവിയ(റ) പക്ഷത്ത് അംറുബിനു ആസ്വും അലി(റ) പക്ഷത്ത് അബു മൂസൽ അശ്അരിയും ആയിരുന്നു മാധ്യസ്ഥന്മാർ. ഖുർആനിന്റെ വെളിച്ചത്തിൽ വിഷയത്തിൽ തീർപ്പിലെത്തുവാൻ സാധിക്കാതെ വന്നു. തങ്ങളുടെ പ്രതിനിധിയായ അബൂ മൂസ തങ്ങൾക്ക് അനുകൂലമായ തീരുമാനമെടുക്കും എന്ന് അവർ പ്രതീക്ഷിച്ചു. പക്ഷേ, സത്യസന്ധനായ അദ്ദേഹം അതിനു തയ്യാറായില്ല. അതോടെ ഇറാഖികൾ കേവലം മനുഷ്യൻമാരെ വിധികർത്താക്കളാക്കുന്ന ഈ നീക്കം ഇസ്ലാമിക വിരുദ്ധമാണ് എന്നും അതിനാൽ ഈ ചർച്ചയിൽ പങ്കെടുത്ത മുആവിയ(റ), അലി(റ) എന്നിവരും മാധ്യസ്ഥന്മാരും എല്ലാം കാഫിറുകളാണ് എന്നും വിളിച്ചു പറഞ്ഞ് ഇറങ്ങിപ്പോയി. ഇവരാണ് പിന്നീട് ഖവാരിജുകൾ എന്ന പേരിൽ രംഗത്തിറങ്ങിയത്. 'പുറത്തേക്ക് പോയവർ' എന്നാണ് ഈ വാക്ക് അർത്ഥമാക്കുന്നത്. 'നിങ്ങൾ ആവശ്യപ്പെട്ടത് കൊണ്ടാണല്ലോ ഞാൻ മധ്യസ്ഥന്മാരെ വെച്ചത് ?' എന്ന ന്യായമായ ചോദ്യത്തിന് അവർക്ക് ഉത്തരമില്ലായിരുന്നു. 'ഞങ്ങൾ അങ്ങനെ പറഞ്ഞത് കാരണം ഞങ്ങളും കാഫിറുകളായി, പക്ഷേ ഞങ്ങൾ തൗബ ചെയ്ത് വീണ്ടും ഇസ്ലാമിലെത്തിയതാണ്' എന്നൊക്കെയായിരുന്നു ഇവരുടെ വാദം. പന്ത്രണ്ടായിരം പേർ ഇവരോടൊപ്പം ഉണ്ടായിരുന്നു എന്നാണ് ചരിത്രം. ഹിജ്‌റ 40 ൽ റമളാൻ 19ന് ഞായറാഴ്ച രാത്രി 63ാം വയസ്സിൽ അലി(റ) വഫാത്തായതോടെ അത് നിഷ്പ്രഭമാകുവാൻ തുടങ്ങി.
രണ്ടു കാരണങ്ങളാൽ ഖവാരിജുകൾ അഹ്ലുസ്സുന്നത്തി വൽ ജമാഅയുടെ പുറത്താണ്. ഒന്ന്, തങ്ങളുടെ ആശയവുമായി യോജിക്കാത്തവരെ കാഫിറുകൾ ആണെന്ന് പറയുക. രണ്ട്, മുസ്ലീം ഭരണകൂടത്തിന് എതിരെ വിരുദ്ധ ശക്തികളായി നിലകൊണ്ടു പ്രവർത്തിക്കുക. നാളിതുവരെയുള്ള പണ്ഡിതന്മാർ ഇതിൽ ഏകാഭിപ്രായക്കാരാണ്. മുസ്ലീംകളെ കാഫിറാക്കുന്നതിലൂടെ സുന്നത്തിൽ നിന്നും ഭരണകൂട വിരുദ്ധതയാൽ ഐക്യം തകർക്കുന്നതിലൂടെ അൽ ജമാഅ: എന്നതിൽ നിന്നും പുറത്താകുന്നു. പക്ഷേ ഈ കാലത്ത് യഥാർത്ഥ സുന്നത്തിനെയും ജമാഅത്തിനെയും പിന്തുടരുന്നവരായിരുന്നു മഹാഭൂരിപക്ഷവും. മാത്രമല്ല സഹാബിമാർ ജീവിച്ചിരിക്കുന്ന കാലവുമായിരുന്നു അത്. അവരുടെ സാന്നിധ്യം ഉമ്മത്തിന്റെ ഐശ്വര്യം തന്നെയായിരുന്നു.
പിന്നീട് ഇസ്ലാമിക ആദർശ ലോകത്തിൽ വിള്ളൽ വീഴ്ത്തിയ ചിന്താപ്രസ്ഥാനം മുഅ്തസില ആയിരുന്നു. ഉമവി ഖിലാഫത്തിന്റെ അവസാന ദശകളിൽ രൂപം കൊള്ളുകയും അബ്ബാസി ഭരണഘട്ടത്തിൽ വളർന്നു വികസിക്കുകയും ചെയ്ത ഒരു ചിന്താപ്രസ്ഥാനമാണ് മുഅ്തസിലിയ്യത്. ഇസ്ലാമിന്റെ വിശ്വാസ പ്രമാണങ്ങൾ ഗ്രഹിക്കാൻ കേവല യുക്തി മതി എന്നാണ് ഇവരുടെ വിശ്വാസം. വാസിൽ ഇബ്നു അതാഅ് (ഹി. 80-131)ന്റെ നേതൃത്വത്തിലാണ് ഇത് ഒരു പ്രസ്ഥാനമായി രൂപപ്പെട്ടത്. പ്രമുഖ താബിഇ പണ്ഡിതൻ ഹസൻ അൽ ബസ്വരി(റ)യുടെ ശിഷ്യനായിരുന്നു ഇദ്ദേഹം. വൻ പാപങ്ങൾ ചെയ്തവൻ വിശ്വാസിയോ അവിശ്വാസിയോ അല്ല, പാപമോചനം നടത്തിയില്ലെങ്കിൽ അയാൾ നരകത്തിൽ നിത്യവാസിയായിരിക്കും എന്ന് വാദിച്ചു കൊണ്ട്, ഹസൻ ബസ്വരിയുടെ വിജ്ഞാന സദസ്സിൽ നിന്നും അദ്ദേഹം മാറിനിന്നു. അതുകൊണ്ടാണ് ബഹിഷ്കരിച്ചവർ (മുഅ്തസില) എന്ന് പേര് ലഭിക്കാൻ കാരണം. സംവാദങ്ങളിൽ ആനന്ദം കണ്ടെത്തുന്ന ഒരു വിഭാഗമായിരുന്നു അന്നത്തെ പണ്ഡിതന്മാർ. അവർ ചെറിയ ചെറിയ ചിന്താ ചുഴികളിൽ വീഴുകയും അവയെ പരമാവധി വലുതാക്കി സദസ്സുകളെയും സംഗമങ്ങളെയും ചിന്താ കുഴപ്പത്തിലെത്തിക്കുകയും ചെയ്തുവന്നു. അമവീഭരണകൂടം ഈ പിഴച്ച ചിന്തകളെ ശക്തിയുക്തം നേരിട്ടുവെങ്കിലും അവരുടെ ഭരണം പടിയിറങ്ങിയതോടെ മുഅ്ത്തസിലിസത്തിന് അനുകൂലമായ കാറ്റ് വീശാൻ തുടങ്ങി. അബ്ബാസീ ഖലീഫ മഅ്മൂനിൻ്റെ കാലമായപ്പോഴേക്കും ഈ ചിന്താഗതി ഇസ്ലാമിക സാമ്രാജ്യത്തിന്റെ ഔദ്യോഗിക ചിന്താധാരയായി വരെ വളർന്നു. പ്രത്യക്ഷ ഗോചരമല്ലാത്ത വിഷയങ്ങളിലേക്ക് ജനങ്ങളെയും അവരുടെ ചിന്തകളെയും വാദങ്ങളെയും വലിച്ചിഴച്ച് കൊണ്ടുവരികയും വാദങ്ങളും പ്രതിവാദങ്ങളും നടത്തി അതിൽ ആനന്ദം കണ്ടെത്തുകയും ചെയ്യുന്ന ഈ പ്രവണത അതോടെ ഏറെ വളർന്നു. അല്ലാഹുവിൻ്റെ കലാമിനെ കുറിച്ച് തീരുമാനമെടുക്കാൻ വേണ്ടിയെന്നോണം അഴിച്ചുവിട്ട അത്തരം ചിന്തയായിരുന്നു അവരുടെ ഖുർആൻ സൃഷ്ടി വിവാദം തുടങ്ങിയവ. ഖലീഫ മഅ്മൂൻ, ബിശ്റുൽ മരീസി, അഹ്മദ് അബീ ദാവൂദ് എന്നിവരുടെ പ്രേരണയാൽ മുഅ്തസിലി ചിന്താഗതിയിലേക്ക് ആകൃഷ്ടനായി കാലത്തെ ചീഫ് ജസ്റ്റിസായിരുന്ന അഹ്മദ് ഇബ്നു ദാവൂദാണ് ഖുർആൻ സൃഷ്ടിവാദത്തിന് നേതൃത്വം നൽകിയത്. ഹിജ്റ 232ൽ ഖലീഫ മുതവക്കിൽ അധികാരമേറ്റെടുക്കുന്നത് വരെ പതിനാല് വർഷം ഭരണരംഗത്ത് മുഅ്തസിലി സ്വാധീനം തുടർന്നു. മുതവക്കിലിന്റെ രംഗപ്രവേശനത്തോടെ അഹ്ലുസ്സുന്നക്ക് സ്വാധീനം തിരിച്ച് ലഭിച്ചു. ഇമാം അഹ്മദുബ്നു ഹമ്പൽ ഈ വാദത്തിന്റെ ഇരയായിരുന്നു. അപ്പോഴും ആദർശ രംഗം കരുതാർജ്ജിച്ചു തന്നെ നിന്നിരുന്നു. അതിൻ്റെ തെളിവാണ് അഹ്ലുസ്സുന്നത്തിന് വീണ്ടും സമുദായത്തിൽ മേൽക്കൈ ലഭിച്ചു എന്നത്.
കൂടെക്കൂടെ ആദർശ വ്യതിയാനങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ അവസ്ഥ സമുദായത്തെ ദുർബലപ്പെടുത്തുകയും അസ്ഥിരപ്പെടുത്തുകയും ചെയ്യുന്നുണ്ടായിരുന്നു. ഈ സമയത്ത് ദുർബലതകളെയെല്ലാം വകഞ്ഞുമാറ്റി സമുദായത്തിന്റെ ശരിയായതും ശക്തമായതുമായ നിലനിൽപ്പിനു വേണ്ടി അഹ്ലുസ്സുന്നയുടെ വഴിയിൽ രണ്ട് വിപ്ലവപരമായ കാര്യങ്ങൾ നടന്നു. ഉമ്മത്തിൽ നിന്ന് ശരിയായ വഴിയിൽ നിലനിൽക്കുവാൻ ആഗ്രഹിക്കുന്നവർക്ക് അതിനു വേണ്ട ഒരു ഔദാര്യം എന്ന നിലക്ക് അല്ലാഹു ചെയ്ത ഒരു അനുഗ്രഹമായി ഇതിനെ വിലയിരുത്താം. എല്ലാ ദുർബലതകളെയും മറികടന്ന് ശരിയായ നിലനിൽപ്പിന് സഹായകമാകുന്ന കാര്യങ്ങളായിരുന്നു അവ രണ്ടും. മാത്രമല്ല, സമുദായത്തിന് എക്കാലവും നിലനിൽക്കാൻ വേണ്ട അടിത്തറയാണ് അവ രണ്ടും. കർമ്മ ശാസ്ത്രത്തിൻ്റെയും വിശ്വാസ സരണിയുടെയും രൂപീകരണമായിരുന്നു അത്.
വിശ്വാസിയുടെ ശാരീരികവും മാനസികവുമായ ജീവതലങ്ങളെ സ്വാധീനിക്കുന്ന ഒന്നാണ് കർമ്മശാസ്ത്രം. ഇസ്ലാമിലെ കർമ്മങ്ങളുടെ അടിസ്ഥാനം നബി(സ്വ)യുടെ ഇത്തിബാഅ് ആണ്. അഥവാ വിശ്വാസി ഓരോ ആരാധനകൾ ചെയ്യുന്നതും ഓരോ ഇടപാടുകളിൽ ഏർപ്പെടുന്നതും നബി(സ്വ) തങ്ങൾ അതെങ്ങനെയാണ് ചെയ്തത്, ചെയ്യാൻ പറഞ്ഞത് എന്നതിൻ്റെ അടിസ്ഥാനത്തിൽ മാത്രമാണ്. ആ വിഷയത്തിൽ തന്റെ യുക്തിയോ മനനമോ ഗവേഷണമോ ഉപയോഗപ്പെടുത്തി ഏറ്റവും നല്ലതാണ് എന്ന് തോന്നുന്ന ഒരു ആരാധന രീതിയെ രൂപപ്പെടുത്തിയെടുക്കാനോ ഒരു ഇടപാട് രീതിയെ വികസിപ്പിക്കുവാനോ ഇസ്ലാം അനുവദിക്കുന്നില്ല. അതിനാൽ തന്നെ കർമ്മശാസ്ത്രം അതിന്റേതായ കൃത്യതയോടെയും ആധികാരികതയോടെയും നിലനിൽക്കുന്നുണ്ട് എങ്കിൽ അത് കണിശമായി പാലിക്കുമ്പോൾ വിശ്വാസിയുടെ കർമ്മ ജീവിതം തികച്ചും ആദർശ ബന്ധിതമാകും. ഇസ്ലാമിക കർമ്മശാസ്ത്രം ഇക്കാരണത്താൽ തന്നെ നബി തിരുമേനി(സ്വ)യുടെ ജീവിതകാലത്ത് തന്നെ സമ്പൂർണ്ണമായി സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. സ്വഹാബിമാരിലും പിന്നീട് വന്ന താബിഉമാരിലും ധാരാളം കർമ്മ ശാസ്ത്ര വിശാരദന്മാർ ഉണ്ടായിരുന്നു. അനന്തരാവകാശ കണക്കുകളുടെയും നിയമങ്ങളുടെയും ഏറ്റവും ആധികാരികമായ സ്രോതസ്സ് എന്ന് നബി തങ്ങൾ പരിചയപ്പെടുത്തിയ സൈദ് ബിനു സാബിത്ത്(റ), 'എൻ്റെ സമുദായത്തിലെ ഹലാലും ഹറാമും ഏറ്റവും കൃത്യമായി അറിയുന്ന ആൾ' എന്ന് നബി(സ്വ) തങ്ങൾ വിശേഷിപ്പിച്ച മുആദ്(റ) മുതലായവർ സ്വഹാബി യുഗത്തിന്റെ ഉദാഹരണങ്ങളാണ്. നമുക്കിടയിൽ സ്ഥാപിക്കപ്പെട്ട നാലു കർമശാസ്ത്ര മദ്ഹബുകളുടെ ഇമാമുകൾക്ക് പുറമേ ഉമര്‍ബ്നു അബ്ദില്‍ അസീസ്(റ), സുഫ്യാനുബ്നു ഉയൈന(റ), ഇസ്ഹാഖു ബ്നു റാഹവൈഹി(റ), ദാവൂദുള്ള്വാഹിരി(റ), ആമിറുബ്നു ശുറഹ്ബീലുശ്ശഅബി(റ), ലൈസുബ്നു സഅദ്(റ), അഅ്മശ്(റ), മുഹമ്മദുബ്നു ജരീറുത്ത്വബരി(റ), സുഫ്യാനുസ്സൌരി (റ), അബ്ദുറഹ്മാന്‍ ഔസാഇ(റ) തുടങ്ങിയ ധാരാളം പേർ തൊട്ടടുത്ത തലമുറകളിലെ മഹാ കർമ്മശാസ്ത്രജ്ഞന്മാരായിരുന്നു. ഇവരിൽ ആരെയും കർമ്മപരമായി പിൻപറ്റാവുന്ന അത്ര സമ്പൂർണ്ണരായിരുന്നു അവർ ഓരോരുത്തരും.
പക്ഷേ അവരിൽ നാലുപേർ മാത്രമേ അതിനെ പിൻതലമുറകൾക്ക് ഉപയോഗിക്കുവാൻ ഉതകുന്ന വിധത്തിൽ ക്രമീകരിച്ച് സൂക്ഷിച്ചതുള്ളൂ. അങ്ങനെയാണ് കർമ്മശാസ്ത്രം നാലു മദ്ഹബുകളിൽ പരിമിതപ്പെട്ടത്. അവരിൽ ഒന്നാമത്തെ ആൾ ഇമാം അബൂഹനീഫ നുഅ്മാനുബ്നു സാബിതുല്‍ കൂഫി(റ)യാണ്. അംഗീകൃത മദ്ഹബുകളില്‍ ആദ്യത്തേതാണ് ഹനഫീ മദ്ഹബ്. ഹിജ്റ 80ല്‍ അദ്ദേഹം കൂഫയില്‍ ജനിച്ചു. ഫിഖ്ഹില്‍ അദ്ദേഹത്തിന്റെ പ്രധാന ഗുരു ഹമ്മാദു ബ്നു സുലൈമാനായിരുന്നു. യുക്തിവാദികളെയും ഖവാരിജുകളെയും നേരിടുന്നതില്‍ അദ്ദേഹം അതീവ നൈപുണ്യം പ്രകടിപ്പിച്ചു. ലോക മുസ്ലിംകളില്‍ നേര്‍ പകുതി ഇമാം അബൂഹനീഫ(റ)യുടെ മദ്ഹബ് സ്വീകരിച്ചവരാണ്. തുര്‍ക്കി, ഇന്ത്യ, ബംഗ്ളാദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ജോര്‍ഡാന്‍, ചൈന, ഇന്റോചൈന, റഷ്യ എന്നിവിടങ്ങളിലെ ഭൂരിപക്ഷം മുസ്ലിംകളും ഹനഫികളാണ്. ഹനഫീ മദ്ഹബിന് ശാസ്ത്രീയ രൂപം നൽകുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത് അദ്ദേഹത്തിന്റെ പ്രമുഖ ശിഷ്യരായ ഇമാം മുഹമ്മദ്(റ)വും ഇമാം അബൂയൂസുഫ്(റ)വുമാണ്. ഹിജ്റ 150 ലാണ് ഇമാം അബൂഹനീഫ(റ) വഫാത്തായത്. അദ്ദേഹത്തിൻ്റെ പ്രമുഖ ശിഷ്യരായ ഇമാം മുഹമ്മദ്(റ) ഹിജ്റ 189 ലും അബൂയൂസുഫ്(റ) 183 ലും വഫാത്തായി. ഇമാം മാലിക്ബ്നു അനസ്(റ) രൂപീകരിച്ച മാലികി മദ്ഹബാണ് രണ്ടാമത്തേത്. ഹിജ്റ 93ല്‍ മദീനയിലാണ് മഹാനവർകൾ ജനിച്ചത്. മദീനയില്‍ത്തന്നെയാണ് അദ്ദേഹം വളര്‍ന്നതും പഠിച്ചതും. സ്വഹാബിയായിരുന്ന സഹ്ലുബ്നു സഅ്ദ്(റ)വായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഗുരു. ഹദീസ് ഗ്രന്ഥമായ മുവത്വ അദ്ദേഹത്തിന്റെ കൃതിയാണ്. മുവത്വയും മുദവ്വനയുമാണ് മാലികീ മദ്ഹബിന്റെ അടിസ്ഥാന ഗ്രന്ഥങ്ങള്‍. മാലിക്(റ)വിന്റെ ശിഷ്യനായ ഇമാം സഹ്നൂന്‍ തനൂഖി(റ) (160-245) ആണ് മുദവ്വനയുടെ കര്‍ത്താവ്. ഹിജ്റ 179ല്‍ മാലിക്(റ) വഫാത്തായി. 12 കോടിയോളം മുസ്ലിംകള്‍ മാലികീ മദ്ഹബ് പിന്തുടരുന്നവരാണ്. മൊറോക്കോ, അള്‍ജീരിയ, തുനീഷ്യ, സുഡാന്‍, കുവൈത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളാണ് മാലിക്കികള്‍ അധികമുള്ള പ്രദേശങ്ങള്‍.
മൂന്നാമത്തേത്, ഇമാം അബൂ അബ്ദില്ലാ മുഹമ്മദ് ബിൻ ഇദ്രീസിശ്ശാഫിഈ(റ)വിൻ്റെ മദ്ഹബാണ്. ഹിജ്റ 150ല്‍ ഫലസ്തീനിലെ ഗസ്സ എന്ന സ്ഥലത്താണ് ഇമാം ശാഫിഈ(റ) ഭൂജാതനായത്. ശാഫിഈ(റ)വിന്റെ പിതാവ് ഇദ്രീസ്(റ), ഖുറൈശീ വംശജനാണ്. കുടുംബ സമേതം ഗസ്സ:യില്‍ പോയി താമസമാക്കിയ ഇദ്രീസ് എന്നവർ അവിടെ വെച്ചു മരിച്ചു. പിതാവിൻ്റെ മരണശേഷം മക്കയില്‍ വന്ന് താമസമാക്കിയ ശാഫിഈ(റ) തന്റെ ഏഴാമത്തെ വയസ്സില്‍ ഖുര്‍ആന്‍ മന:പാഠമാക്കി. പന്ത്രണ്ടാമത്തെ വയസ്സില്‍ അദ്ദേഹം ഹദീസില്‍ അവഗാഹം നേടി. പതിനഞ്ചാമത്തെ വയസ്സില്‍ മതവിധികള്‍ പുറപ്പെടുവിക്കാനുള്ള അധികാരം നേടി. മുസ്ലിമുബ്നുഖാലിദ്(റ)വും ഇമാം മാലിക്(റ)വും അദ്ദേഹത്തിന്റെ പ്രധാന ഗുരുനാഥന്മാരായിരുന്നു. ഇമാം അഹ്മദുബ്നുഹമ്പല്‍(റ) അദ്ദേഹത്തിന്റ പ്രമുഖ ശിഷ്യനായിരുന്നു. ലോക മുസ്ലിംകളില്‍ ഹനഫികള്‍ കഴിഞ്ഞാല്‍ ഏറ്റവും അധികം അംഗബലമുള്ളത് ശാഫിഈ മദ്ഹബിന്നാണ്. ഇന്ന് ലോകത്ത് 35 കോടിയോളം ശാഫിഈകളുണ്ട് എന്നാണ് കരുതപ്പെടുന്നത്. ഫലസ്ത്വീന്‍, ലബനാന്‍, ഈജിപ്ത്, ഇറാഖ്, യമന്‍, ഇന്റോനേഷ്യ, മലേഷ്യ, മാലി, ലക്ഷദ്വീപ്, കേരളം എന്നിവിടങ്ങളില്‍ മുസ്ലിംകൾ അധികവും ശാഫിഈകളാണ്. ഹിജ്റ 204 ല്‍ ഈജിപ്തില്‍ വെച്ച് മഹാനവർകൾ വഫാത്തായി. ഇമാം അഹ്മദുബ്നു ഹമ്പല്‍(റ) (164 241) രേഖപ്പെടുത്തിയ ഹമ്പലീ മദ്ഹബാണ് നാലാമത്തേത്. ഹിജ്റ 164 ല്‍ അദ്ദേഹം ബഗ്ദാദില്‍ ജനിച്ചു. അദ്ദേഹം ഒരു വിഖ്യാത മുഹദ്ദിസ് കൂടിയായിരുന്നു. മുസ്നദ് അഹ്മദ് അദ്ദേഹത്തിൻ്റെ പ്രസിദ്ധമായ ഒരു ഹദീസ് ശേഖരമാണ്. ഇമാം ശാഫിഈ(റ)വിന്റെ പ്രമുഖ ശിഷ്യരില്‍ ഒരാളാണ് അദ്ദേഹം. നേരത്തെ പറഞ്ഞ മുഅ്തസിലികളുടെ ഖുര്‍ആന്‍ സൃഷ്ടിയാണെന്ന വാദത്തെ ഫലപ്രദമായ രീതിയില്‍ ഖണ്ഡിച്ചത് അഹ്മദ് ബിൻ ഹമ്പൽ(റ)വായിരുന്നു. ഹിജ്റ 241ല്‍ അദ്ദേഹം വഫാത്തായി. ലോക മുസ്ലിംകളില്‍ ഹമ്പലികള്‍ കുറവാണ് എങ്കിലും സഊദി അറേബ്യ, ലബനാണ്‍, സിറിയ, ഖത്വര്‍ എന്നിവടങ്ങളിലായി ജീവിക്കുന്ന മുസ്ലിങ്ങളിൽ മിക്കപേരും ഈ മദ്ഹബാണ് പിന്തുടരുന്നത്. ഏറ്റവും ശ്രേഷ്ഠമായ നൂറ്റാണ്ടുകൾ എന്ന് നബി തങ്ങൾ വിശേഷിപ്പിച്ച മൂന്നാം നൂറ്റാണ്ടായപ്പോഴേക്കും ഇസ്ലാമിക കർമ്മശാസ്ത്രം എന്നെന്നേക്കുമായി നന്നായി സ്ഥാപിതമായി എന്ന് ചുരുക്കം. അത് നിലനിർത്തുന്ന കാലത്തോളം വിശ്വാസികൾക്ക് ആരാധനകളുടെയും ഇടപാടുകളുടെയും വിഷയത്തിൽ ഒരു ആദർശ വ്യതിയാനവും സംഭവിക്കാനില്ല എന്ന് ചുരുക്കം. സച്ചരിതമായ പാന്ഥാവിലാണ് ഇപ്പോഴും എന്ന് ഈ കർമ്മ ശാസ്ത്ര മദ്ഹബുകളിൽ ഒന്ന് പിന്തുടരുന്നവർക്ക് സ്വധൈര്യം പറയാം.
മറ്റൊന്ന് വിശ്വാസ ശാസ്ത്രത്തിൻ്റെ സംസ്ഥാപനമായിരുന്നു. ഇതിൻ്റെ പശ്ചാത്തലം മൂന്നാം നൂറ്റാണ്ടിൻ്റെ അവസാനം ചെറിയ ചില സംഘങ്ങൾ ഇസ്ലാമിക രാജ്യത്ത് തലപൊക്കിയതാണ്. അവ അധികവും അതുവരെയും മുസ്ലിം ലോകം പുലർത്തിപ്പോന്ന വിശ്വാസപരമായ കാര്യങ്ങളിൽ ചില പൊളിച്ചെഴുത്തുകൾ വേണം എന്ന് വാദിക്കുന്നവയായിരുന്നു. അതിന് വഴി തുറന്നു കൊടുത്തത് മുഅ്തസിലികൾ തന്നെയാണ്. യുക്തിയെ വിധികർത്താവാക്കാം എന്നു പറഞ്ഞു കൊണ്ടാണല്ലോ അവർ തുടങ്ങിയത്. ഹിജ്റ ആദ്യനൂറ്റാണ്ടിൽതന്നെ, ഖദ്റിന്റെ വിഷയത്തിൽ പരസ്പരവിരുദ്ധമായ രണ്ടു ആശയഗതിക്കാർ രംഗത്തെത്തിയിരുന്നു. മനുഷ്യന് യാതൊന്നിനും യാതൊരുവിധ സ്വാതന്ത്ര്യമോ കഴിവോ ഇല്ലെന്നും കേവലം കാറ്റിൽപ്പെട്ട ഇലപോലെ അല്ലാഹുവിന്റെ ഉദ്ദേശ്യത്തിനും കഴിവിനും മുമ്പിൽ അവൻ ഒരു പാവ മാത്രമാണെന്നും വാദിക്കുന്ന ‘ജബ്രിയ്യാക്കൾ’ ആയിരുന്നു അവരിൽ ഒരു വിഭാഗം. മനുഷ്യൻ വെറും നിർബന്ധിതനാണ് എന്ന വാദക്കാരാണ് ഈ വിഭാഗം. പിന്നീട് അവർ ക്രമേണ ക്ഷയിച്ച് ദുർബലമായിപ്പോയി. മനുഷ്യൻ അവന്റെ ഉദ്ദേശ്യത്തിലും പ്രവർത്തനത്തിലും പരിപൂർണ്ണ സ്വതന്ത്രനാണ്; എല്ലാം അവന്റെ ഹിതമനുസരിച്ചു നടക്കുന്നുവെന്നും; അവന്റെ പ്രവർത്തനം അവന്റെ സൃഷ്ടി തന്നെയാണെന്നും; അതിൽ അല്ലാഹുവിന്റെ ഉദ്ദേശ്യത്തിനോ, പ്രവർത്തനത്തിനോ പങ്കില്ലെന്നുമൊക്കെ വാദിച്ച ‘ഖദ്രിയ്യാക്കൾ’ ആയിരുന്നു മറ്റൊരു വിഭാഗം. മനുഷ്യന്റെ പ്രവർത്തനം അവന്റെ കഴിവുകൊണ്ടാണെന്നു വാദിക്കുന്നവരാണ് ഇവർ. മുഅ്തസില വിഭാഗത്തിൽ നിന്നാണ് ഖദ്രിയ്യാക്കൾ ജന്മമെടുത്തിരിക്കുന്നത്. ഈ സമയത്ത് തന്നെ മഅ്ബദനിൽ ജുഹൈനിയുടെ ശിഷ്യൻ ഗയലാനുദ്ദിമശ്ഖി മുഅ്തസിലിയായ വാസ്വിലിന്റെ ആദർശത്തിന് വിരുദ്ധമായ ഇർജാഅ് എന്ന ആശയം പ്രചരിപ്പിച്ച് രംഗത്തു വന്നു. ഹൃദയത്തിൽ ഉറച്ച വിശ്വാസം ഉണ്ടെങ്കിൽ വൻദോഷം ചെയ്യുന്നത് പ്രശ്‌നമല്ലെന്നതാണ് ഇർജാഅ് എന്ന വാദത്തിന്റെ അകത്തുക. ഈ വിശ്വാസക്കാർ മുർജിഅത്തുകൾ എന്നറിയപ്പെടുന്നു. ഇങ്ങനെ വിവിധ വിശ്വാസ സംബന്ധികളായ വാദങ്ങൾ അവിടെയും ഇവിടെയുമായി ഉയർന്നുവരുന്നത് അഹ്ലുസ്സുന്നയുടെ ഉലമാക്കൾ വളരെ ഗൗരവത്തോടെയാണ് കണ്ടിരുന്നത്. പ്രത്യക്ഷത്തിൽ ശരിയല്ലേ എന്ന് തോന്നിപ്പോകുന്ന ഇത്തരം ഇസ്ലാമിക യുക്തി വാദങ്ങളെ പ്രതിരോധിച്ചില്ലെങ്കിൽ അത് സമുദായത്തിൽ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കും എന്നവർ ഭയപ്പെട്ടു. ശരിയായ വിശ്വാസ സരണിയെ കൃത്യമായി രേഖപ്പെടുത്തി വെക്കുക എന്നതുതന്നെയാണ് അതിന് ആദ്യമായി ചെയ്യേണ്ടത് എന്ന് അവർ തിരിച്ചറിഞ്ഞു.
ഈ കാലത്താണ് അബൂമൻസൂരിനിൽ മാതുരീദി(റ), ഇമാം അബുൽ ഹസനുൽ അശ്അരി(റ) എന്നിവർക്കാണ് ഈ ദൗത്യത്തിന് വേണ്ടിയുള്ള നിയോഗം ഉണ്ടായത്. ഹിജ്‌റ മൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ രൂപപ്പെട്ട നാല് മദ്ഹബുകളുടെ ഇമാമുകളുടെ ശിഷ്യപരമ്പരയിലെ പ്രമുഖരായിരുന്നു ഈ അഹ്‌ലുസ്സുന്നയുടെ വിശ്വാസ സരണിയുടെ നായകൻമാർ. ഇമാം അബൂഹനീഫ(റ)ന്റെ നാലാം തലമുറയിലെ ശിഷ്യനായ അബൂമൻസൂരിനിൽ മാതുരീദി(റ) ആയിരുന്നു ആദ്യമായി ഈ രംഗത്തിറങ്ങിയത്. മുഅ്തസിലികൾ, ജബരിയ്യാക്കൾ, ഖദ്‌രിയ്യാക്കൾ തുടങ്ങിയ ബിദ്അത്തുകാരെ ഖണ്ഡിക്കാനായി പത്തോളം ഗ്രന്ഥങ്ങൾ അദ്ദേഹം രചിക്കുകയുണ്ടായി. ഇമാം ശാഫിഈ(റ)വിന്റെ രണ്ടാം തലമുറയിലെ ശിഷ്യനായ ഇമാം അബുൽ ഹസനിൽ അശ്അരീ(റ) ഹിജ്‌റ നാലാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ അഹ്‌ലുസ്സുന്നയുടെ വിശ്വാസ സരണിക്ക് വേണ്ടി നിസ്തുലമായ സംഭാവനകൾ നൽകുകയുണ്ടായി. സമർഖന്തായിരുന്നു ഇമാം മാതുരീതി(റ)യുടെ പ്രവർത്തന കേന്ദ്രം. ഇമാം അശ്അരി(റ)യാവട്ടെ ഇറാഖിൽ കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ നടത്തിയത്. ഇറാഖിൽ ശാഫിഈ മദ്ഹബുകാരും സമർഖന്തിലും പരിസര പട്ടണങ്ങളിലും ഹനഫി മദ്ഹബുകാരുമായിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്. അതിനാൽ ഇമാം അശ്അരി(റ)വിന്റെ പിൻതലമുറക്കാർ പൊതുവെ ശാഫിഈ മദ്ഹബുകാരും ഇമാം മാതുരീദി(റ)വിന്റേത് ഹനഫി മദ്ഹബുകാരുമായി. സ്വഹാബികൾ, താബിഉകൾ, തബഉത്താബിഉകൾ എന്നിവർ അവരുടെ കാലങ്ങളിൽ പ്രത്യക്ഷപ്പെട്ട ബിദ്അത്തുകാരെ ചെറുത്ത് തോൽപിച്ച് സത്യപാത പിന്തുടരുകയും സ്വഹാബികൾ തിരുനബി(സ്വ)യിൽ നിന്ന് പഠിച്ച് പിൻതലമുറക്ക് കൈമാറിയ വിശ്വാസങ്ങൾക്കെതിരിൽ നിലവിലുള്ളതോ ഉണ്ടാകാൻ സാധ്യതയുള്ളതോ ആയ കുഫ്‌റ്, ബിദ്അത്ത് തുടങ്ങിയ വികലവിശ്വാസങ്ങളെ വിശദീകരിക്കുകയും ശരിയായ വിശ്വാസം ക്രോഡീകരിക്കുകയുമായിരുന്നു അവർ ചെയ്തത്.
ഇസ്ലാമിക ലോകത്ത് ചിന്താ കുഴപ്പങ്ങള്‍ക്ക് വിത്ത് പാകുകയും സമൂഹത്തെ വിശ്വാസ പരമായ വ്യതിയാനങ്ങള്‍ക്ക് ഇരയാകുകയും ചെയ്ത വിവിധ ചിന്താഗതികള്‍ക്ക് കടിഞ്ഞാണിടാന്‍ അഖീദയുടെ സംസ്ഥാപനം വഴി സാധിച്ചു. ഇതോടെ ശരിയായ ഫിഖ്ഹും അഖീദയും സംരക്ഷിക്കപ്പെട്ടു. ഇനി അവ സംരക്ഷിക്കപ്പെട്ട അതേ അർത്ഥത്തിൽ നിലനിൽക്കുകയും പിന്തുടരുകയും ചെയ്യുമ്പോൾ ഉമ്മത്തിന്റെ ആദർശത്തിന് ഒരു പരിക്കും പറ്റുകയില്ല. ഈ വിധത്തിൽ ദീൻ സംരക്ഷിതമായതിന്റെ നാൾവഴികൾ കൂടി പരിശോധിക്കുമ്പോൾ കാലക്രമത്തിൽ അല്ലാഹു തന്നെ അവ സംരക്ഷിക്കുവാൻ വേണ്ട സംവിധാനങ്ങൾ ചെയ്യുകയായിരുന്നു എന്ന് അനായാസം മനസ്സിലാക്കാം. കാരണം ഹിജ്റ ഒന്ന് രണ്ട് മൂന്ന് നൂറ്റാണ്ടുകൾ സ്വഹാബത്തിന്റെയും താബിഉകളുടെയും കാലവും കർമ്മശാസ്ത്രം സമ്പൂർണ്ണമായി രേഖപ്പെടുത്തപ്പെട്ട് സ്ഥാപിക്കപ്പെട്ട നൂറ്റാണ്ടുകളും ആയിരുന്നു. ഹിജ്റ നാലാം നൂറ്റാണ്ടാവട്ടെ വിവിധ തർക്ക വിതർക്കങ്ങളിൽ പെട്ട് അഖീദക്ക് പരിക്കുകൾ പറ്റിയ കാലവും അവ ഇമാം അശ്അരി(റ) ഇമാം മാതുരീതി(റ) എന്നിവർ ശരിപ്പെടുത്തി എടുത്ത നൂറ്റാണ്ടുമായിരുന്നു. ഈ രണ്ടു ഇമാമുമാർക്കും ശേഷം നാലാം നൂറ്റാണ്ടിൻറെ അവസാനകാലത്ത് തന്നെ വീണ്ടും ആദർശപരമായ പല വെല്ലുവിളികളും ഉടലെടുക്കുകയുണ്ടായി. പക്ഷേ അപ്പോഴേക്കും കരുത്തുറ്റ പണ്ഡിതന്മാരെ നൽകി അല്ലാഹു ഉമ്മത്തിനെ സംരക്ഷിച്ചു.
ഹിജ്റ നാലാം നൂറ്റാണ്ടിന്റെ അവസാന പകുതി മുതൽ അഞ്ചാം നൂറ്റാണ്ടിന്റെ ആദ്യം വരെ ഇത്തരത്തിൽ ആദർശ സംരക്ഷണത്തിനു വേണ്ടി പട നയിച്ച രണ്ടു മഹാ പണ്ഡിത പ്രതിഭകളായിരുന്നു ഇമാം ബാഖില്ലാനിയും ഇമാം ഇസ്ഫറായീനിയും. ഹിജ്റ 338 മുതൽ 403 വരെയായിരുന്നു ഇമാം അബൂബക്കർ ബാഖില്ലാനിയുടെ ജീവിതകാലം. ആഴമുള്ള അറിവും തീഷ്ണമായ ബുദ്ധിവൈഭവവും അദ്ദേഹത്തിൻ്റെ സവിശേഷതയായിരുന്നു. ദൈവശാസ്ത്ര വിഷയത്തിൽ റോമിനോട് വരെ അദ്ദേഹം നടത്തിയ സംവാദങ്ങൾ എക്കാലത്തും വലിയ അക്കാദമിക ചിന്തയാണ്. അദ്ദേഹത്തിൻ്റെ സമർത്ഥണ മിടുക്കിൽ റോമൻ ചക്രവർത്തിയും അദ്ദേഹത്തിൻ്റെ കീഴിലുള്ള പുരോഹിതന്മാരും അന്തിച്ചു നിന്നുപോയ ചരിത്രങ്ങളുണ്ട്. ഒരു മാലിന്യവും കലരാത്ത ഇസ്ലാമിക ആശയ ആദർശങ്ങളെ അതേപടി നിലനിർത്തുന്നതിൽ ഏറെ ത്യാഗം സഹിച്ച പണ്ഡിതനായിരുന്നു അദ്ദേഹം. ഇമാം അബൂ ഇസ്ഹാഖുൽ ഇസ്ഫറായീനി ഹിജ്റ 337 മുതൽ 418 വരെയാണ് ജീവിച്ചത്. ശാഫിഈ കർമ്മ ശാസ്ത്രത്തെ പിന്തുടർന്നിരുന്ന അദ്ദേഹം നൈസാപൂരിലെയും ഖുറാസാനിലെയും ഇറാഖിലെയും ഇസ്ലാമിക ആദർശ സംരക്ഷണ പ്രക്രിയകളിൽ സജീവമായി ഇടപെട്ടു. അന്നത്തെ ഇസ്ലാമിക സാമൂഹ്യ ചിത്രം അങ്ങിങ്ങായി പണ്ഡിതന്മാരുടെ കേന്ദ്രങ്ങളും മജ്ലിസുകളും നിറഞ്ഞു നിൽക്കുന്നതായിരുന്നു. അവിടങ്ങളിൽ വിവിധ വിഷയങ്ങൾ മുടിനാരിഴ കീറിപ്പറിച്ചു കൊണ്ടെന്നോണമുള്ള ചർച്ചകളും വാഗ്വാദങ്ങളും സദാ നടക്കുമായിരുന്നു. ഖുർആനും ഹദീസും ചർച്ച ചെയ്യുവാൻ അവർ മൻത്വിഖിൻ്റെയും ഇൽമുൽ കലാമിൻ്റെയും അഗാധമായ ആഴങ്ങളിലൂടെ സഞ്ചരിച്ച് ദിവസങ്ങൾ തുലക്കുമായിരുന്നു. ഇത്തരം വട്ടങ്ങളിൽ നിന്നാണ് പലപ്പോഴും തെറ്റായ ചിന്തകൾ മുളക്കാറുണ്ടായിരുന്നത്. അതോടൊപ്പം മറ്റു മതക്കാരുമായുള്ള ഇത്തരം വിഷയങ്ങളിൽ തന്നെയുള്ള ചർച്ചകളും സംവാദങ്ങളും നടക്കുമായിരുന്നു. ഇത്തരം ഒരു സാഹചര്യത്തിലാണ് മേൽപ്പറഞ്ഞ പണ്ഡിതന്മാർ വാദിച്ചും പഠിപ്പിച്ചും ഗ്രന്ഥങ്ങൾ രചിച്ചും ആദർശത്തിന് കാവൽ നിന്നത്.
ഹിജ്റ അഞ്ചും ആറും നൂറ്റാണ്ടുകളിൽ വീണ്ടും പ്രതിഭാശാലികളായ പണ്ഡിതന്മാരെ അല്ലാഹു ഉമ്മത്തിനു വേണ്ടി നൽകി. അപ്പോഴേക്കും സമുദായത്തിന്റെ ചിന്താധാരയിൽ ചില ചെറിയ മാറ്റങ്ങൾ സംഭവിച്ചിരുന്നു. നേരെ ചൊവ്വേ കർമശാസ്ത്രപരമോ വിശ്വാസശാസ്ത്രപരമോ ആയ തർക്ക വിതർക്കങ്ങളിലേക്ക് കടക്കുന്നതിന് പകരം മൊത്തത്തിൽ എല്ലാ മേഖലകളിലും ശ്രദ്ധിക്കേണ്ട വിധം വിവിധ ചിന്താധാരകൾ സജീവമായി വന്നിരുന്നു. അതേസമയം തന്നെ രാഷ്ട്രീയ രംഗത്ത് വൈയക്തിക വികാരങ്ങൾ നന്നായി വേരൂന്നിയ കാലവുമായിരുന്നു. ഇസ്ലാമിക ഖിലാഫത്ത് എന്നത് വെറും ഒരു മുദ്രയായി കൊണ്ടുനടക്കുകയായിരുന്നു ഭരണാധികാരികൾ. ഇസ്ലാമിക സംസ്കൃതിയിൽ നിന്ന് ഏറെ അകന്നായിരുന്നു അവരുടെ ഭരണമെല്ലാം. അത് ജനങ്ങളെ മൊത്തത്തിലുള്ള ആത്മീയ വിചാരത്തിൽ നിന്ന് അകറ്റിയ ഒരു പ്രധാന ഘടകമായിരുന്നു. ഇതെല്ലാം പരിഹരിക്കേണ്ട അനിവാര്യത ഉണ്ടായിരുന്നതിനാൽ ആയിരിക്കണം അല്ലാഹു അതിനു പറ്റിയ പണ്ഡിത പ്രതിഭകളെ ആ കാലത്ത് നൽകി. ഈ കാലത്ത് വന്ന ഏറ്റവും പ്രധാനപ്പെട്ട പണ്ഡിതന്മാർ ഇമാമുൽ ഹറമൈനിയും ഇമാം ഗസ്സാലിയുമായിരുന്നു. ഹിജ്റ 419 മുതൽ 478 വരെയാണ് ഇമാമുൽ ഹറമൈനിയുടെ കാലം. തൻ്റെ കാലം കണ്ട അതുല്യ പ്രതിഭയായിരുന്നു ഇമാമുൽ ഹറമൈനി. രണ്ട് ഹറമുകളിലും മത വിജ്ഞാനവുമായി ബന്ധപ്പെട്ട സേവനങ്ങൾ നടത്തിയതിന്റെ പേരിലാണ് അബുൽ മആലി അബ്ദുൽ മലിക്ക് അൽ ജുവൈനി എന്ന അദ്ദേഹം ഹറമൈനിയുടെ ഇമാം എന്ന് അറിയപ്പെടുന്നത്. ഫിഖ്ഹ് മുതൽ ഇൽമുൽ കലാം വരെയുള്ള വിഷയങ്ങളിൽ ആധികാരികമായ അവഗാഹം ഉണ്ടായിരുന്ന അദ്ദേഹം ഏതു വിഷയങ്ങളിലും ആരോടും സംവാദത്തിൽ ഏർപ്പെടാൻ കഴിയുന്ന ഒരു അത്യപൂർവ്വ വ്യക്തിത്വമായിരുന്നു. അദ്ദേഹത്തിൻ്റെ അധ്യാപനവും സംവാദവും രചനകളും യഥാർത്ഥ ആദർശ വീഥിയെ സംരക്ഷിച്ചു നിർത്തി.
തൊട്ടടുത്ത് എന്നപോലെ വന്ന ആദർശപ്രതിഭ ഇമാം ഗസ്സാലി(റ) ആയിരുന്നു. ഹിജ്റ 450 മുതൽ 505 വരെയായിരുന്നു ഇമാം ഗസ്സാലിയുടെ ജീവിത കാലം. ഇസ്ലാമിക ആദർശധാരയുടെ അടിസ്ഥാനമായ വിജ്ഞാനീയങ്ങളിൽ എല്ലാ വിഭാഗങ്ങളിലെയും ആധികാരികത അവകാശപ്പെടാൻ കഴിയുന്ന ലോകം അംഗീകരിച്ച ഒരു പ്രതിഭയായിരുന്നു മഹാനായ ഇമാം ഗസ്സാലി. ബാഗ്ദാദിലെ വൈജ്ഞാനിക സദസ്സുകളെയും സ്ഥാപനങ്ങളെയും ലോകത്തിൻ്റെ ശ്രദ്ധകളിലേക്ക് കൊണ്ടുവന്ന മഹാപ്രതിഭ അദ്ദേഹമായിരുന്നു.
ഇറാനിലെ ഖുറാസാൻ പ്രവിശ്യയിലെ ത്വൂസിലായിരുന്നു മഹാൻ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഒരു പരുത്തി വ്യാപാരിയായിരുന്നു, അതിനാൽ അദ്ദേഹത്തെ ഗസ്സാലി എന്ന് വിളിക്കുന്നു. ചെറുപ്പത്തിലേ ഗസ്സാലി ഒരു മിടുക്കനായ വിദ്യാർത്ഥിയായിരുന്നു. അക്കാലത്ത് എല്ലാ പ്രധാന പട്ടണങ്ങളിലും നഗരങ്ങളിലും നിരവധി പാഠശാലകളും കോളേജുകളും ഉണ്ടായിരുന്നു. എന്നിരുന്നാലും, നൈസാബൂരും ബാഗ്ദാദും ആയിരുന്നു ഏറ്റവും പ്രശസ്തമായ രണ്ട് സ്ഥലങ്ങൾ. നൈസാബൂർ സ്വന്തം നാടിനോട് അടുത്തായതിനാൽ, ഇമാം ഗസ്സാലി അവിടെ പോകാൻ തീരുമാനിച്ചു. തന്റെ കാലത്തെ ഏറ്റവും വലിയ പ്രതിഭയായ ഇമാം അൽ-ഹറമൈൻ ഇവിടെയാണ് വിദ്യാർത്ഥികൾക്ക് ഇസ്ലാമിക ശാസ്ത്രങ്ങൾ പഠിപ്പിച്ചിരുന്നത്. അദ്ദേഹത്തിന് സൂക്ഷ്മമായ നർമ്മബോധവും മൂർച്ചയുള്ള ബുദ്ധിശക്തിയും ഉണ്ടായിരുന്നു. ഇമാം അൽ-ഹറമൈൻ 475 ൽ മരണമടഞ്ഞപ്പോൾ, ഇമാം ഗസ്സാലി നിഷാപൂർ വിട്ട് ബാഗ്ദാദിലേക്ക് പോകാൻ തീരുമാനിച്ചു. നിസാമിയ എന്ന, നിസാമുൽ മുൽക്കിന്റെ രക്ഷാകർതൃത്വത്തിൽ സ്ഥിതി ചെയ്യുന്ന മഹത്തായ സർവകലാശാലയിൽ ചേർന്നു പഠിക്കുകയായിരുന്നു ലക്ഷ്യം. 34 വയസ്സുള്ളപ്പോൾ ഇമാം ഗസ്സാലി നിസാമിയ്യയുടെ തലവനായി നിയമിതനായി. മുസ്ലീം സാമ്രാജ്യത്തിന്റെ ഏറ്റവും ഉയർന്ന സിവിൽ പദവികളിൽ ഒന്നായിരുന്നു ഇത്. അടിസ്ഥാന ഇസ്ലാമിക വിജ്ഞാനീയങ്ങൾക്ക് പുറമേ ഫൽസഫ, ഇൽമുൽ കലാം തുടങ്ങിയവയിലും അഗാധമായ അറിവ് നേടിയ അദ്ദേഹത്തിൻ്റെ ജീവിത സപര്യ അവസാനം ആത്മീയതയിൽ വിലയം പ്രാപിക്കുന്നതാണ് നാം കാണുന്നത്. ഉള്ളിലെ ആ ആത്മീയതയെ തെളിയിച്ചെടുക്കുവാൻ ദീർഘമായ സഞ്ചാരത്തിലൂടെ ഒരു റിയാളയിലേക്ക് പ്രവേശിച്ച അദ്ദേഹം തെളിയിച്ചെടുത്ത ആത്മീയ അറിവുകളും അനുഭവങ്ങളുമാണ് ഇഹ് യാ ഉലൂമുദീൻ എന്ന ഗ്രന്ഥം. ഇത് അടക്കം നാനൂറ്റി അൻപതോളം ഗ്രന്ഥങ്ങൾ മഹാനവർകൾ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ 40 വാള്യങ്ങളുള്ള ബൃഹത്തായ തഫ്സീര്‍ കിട്ടാതെ പോയത് മുസ്ലിം ലോകത്തിൻ്റെ കനത്ത നഷ്ടമാണ്. ഹിജ്റ അഞ്ചാം നൂറ്റാണ്ടിൻ്റെ മുജദ്ദിദാണ് മഹാനവർകൾ എന്നതിൽ തർക്കമില്ല.
ഇമാം ഗസ്സാലിയെ പോലുള്ള മഹാ ചിന്തകന്മാരും ആത്മീയ നായകരും ഇസ്ലാമിൻ്റെ ആദർശ ലോകത്തെ എല്ലാവിധ മാലിന്യങ്ങളിൽ നിന്നും ശുദ്ധീകരിക്കുകയും ആ ശുദ്ധി കാത്തുസൂക്ഷിക്കുവാൻ വേണ്ട മാർഗങ്ങൾ ഉപദേശിക്കുകയും വരും തലമുറകൾക്ക് വേണ്ടി രേഖപ്പെടുത്തിവെക്കുകയും ചെയ്തു എന്നു ചുരുക്കം. അവർ സ്ഥാപിച്ചതും കടന്നുപോയതും കൈമാറിയതുമായ വഴി യഥാർത്ഥ അൽഫിർഖത്തുന്നാജിയ എന്ന് നബി(സ്വ) തങ്ങൾ മുതൽ മഹാന്മാരെല്ലാം വിവരിച്ച വിഭാഗമാണ്. ആ ശ്രേണിയിൽ നിന്ന് ആരെങ്കിലും മാറുകയോ പുതിയതെങ്കിലും ചമയ്ക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അവരാണ് സത്യത്തിൽ ശരിയായ വഴിയിൽനിന്ന് പിഴച്ചവർ. ഇമാം ഗസ്സാലി(റ) വരെയുള്ള ഈ നവോത്ഥാന നായകന്മാർ രൂപപ്പെടുത്തിയതും സംരക്ഷിച്ചതുമായ വഴി ലോകമെമ്പാടും വികസിച്ചത് സത്യത്തിൽ അശാഇറത്ത് വഴിയാണ്. വിശ്വാസപരമായ അശ്അരി സരണിയും ഒപ്പം നാലിൽ ഒരു കർമ്മ ശാസ്ത്ര സരണിയും ചേരുന്നതോടെ ശരിയായ വഴി രൂപപ്പെടുകയായി. ആ വഴിയാണ് അങ്ങേ തലക്കൽ നബി തിരുമേനി(സ്വ) വരെ എത്തുന്നതും തുടർന്ന് സച്ചരിതരായ സ്വാലിഹീങ്ങളിലൂടെ മാത്രം കടന്നുവരുന്നതും. ഈ വഴിയാണ് വിവിധ ഇസ്ലാമിക സമൂഹങ്ങളിലേക്ക് നീണ്ടത്. അത് കേരളത്തിലേക്കും ഇതേ രൂപത്തിൽ നീണ്ടു. അങ്ങനെയാണ് കേരളം മുസ്ലിങ്ങൾക്ക് ശരിയായ അഹ്ലുസ്സുന്നയുടെ വഴി തന്നെ കിട്ടിയതും അവർക്കിടയിൽ അത് ജീവിതരേഖയായി മാറിയതും.
അതോടൊപ്പം ഹിജ്റ അഞ്ചാം നൂറ്റാണ്ട് മുതൽ ഏഴാം നൂറ്റാണ്ട് വരെയുള്ള ഒരു പ്രത്യേക കാലം ഇസ്ലാമിക സമുദായത്തിന് വന്നു ഭവിച്ചിട്ടുണ്ടായിരുന്നു. അധികാരത്തിലും ഭൗതികതയിലും ആർത്തി പൂണ്ട, ആത്മീയമായ വികാരവിചാരങ്ങളിൽ നിന്നും ഏറെ അകന്നുപോയ ഒരു തലമുറ അക്കാലത്ത് ഉണ്ടായി. അറിവും ബോധവുമുള്ള മതപണ്ഡിതന്മാർക്ക് പോലും ഇടപെടാനോ മറ്റോ കഴിയാത്ത വിധം പരിമിതികൾ വലിഞ്ഞുമുറുകിയ ഒരു കാലവുമായിരുന്നു അത്. ഈ കാലത്ത് അല്ലാഹുവിൻ്റെ അനുഗ്രഹത്താൽ ആത്മീയതയെ പരിപോഷിപ്പിച്ച് സംരക്ഷിച്ചുനിർത്തുവാനും പരിപോഷിപ്പിക്കുവാനും വേണ്ടിയെന്നോണം അല്ലാഹുവിൻ്റെ കടാക്ഷമായി ആത്മീയതയുടെ ലോകത്ത് ഏതാനും താരകങ്ങൾ ഉദയം ചെയ്തു. ആത്മീയ ലോകത്തെ നാലു ഖുത്തുബുകളുടെ വരവായിരുന്നു അത്. ഹി. 470 മുതൽ 561 വരെ ജീവിച്ച ഗൗസുൽ അഅ്ളം മുഹിയുദ്ദീൻ അബ്ദുൽ ഖാദിർ അൽ ജിലാനി(റ), ഹിജ്റ 512 മുതൽ 578 വരെ ജീവിച്ച ശൈഖുനാ അഹമ്മദ് അൽ കബീർ രിഫാഈ(റ), ഹിജ്റ 596 മുതൽ 675 വരെ ജീവിച്ച ശൈഖ് അഹമ്മദ് അൽബദവി(റ), ഹിജ്റ 653 മുതൽ 696 വരെ ജീവിച്ച ശൈഖ് ഇബ്രാഹിം അദ്ദസൂഖി എന്നീ നാല് പേരായിരുന്നു ആ താരകങ്ങൾ. ലോകമെമ്പാടും പരന്നു കിടക്കുന്ന ഇവരുടെ ഖലീഫമാരുടെയും മുരീദുമാരുടെയും നേതൃത്വത്തിൽ ശുഭദ്രവും സുശക്തവുമായ ഒരു ആത്മീയ ലോകം തന്നെ ഈ കാലത്ത് സ്ഥാപിക്കപ്പെട്ടു. ആ ആത്മീയ സരണികൾ നാം മേൽ പറഞ്ഞുവരുന്ന അഹ്ലുസ്സുന്നത്തി വൽ ജമാഅഅത്തിൻ്റെ അവിഭാജ്യ ഭാഗമായി തീർന്നു. അതങ്ങനെ തന്നെ ഇപ്പോഴും നിലകൊള്ളുന്നു. ഈ ആത്മീയ സരണികളിൽ ഒന്നിൽ നിൽക്കുന്നവരും നേരത്തെ പറഞ്ഞ ശരിയായ അഹ്ലുസ്സുന്നത്തിന്റെ വഴിയിൽ നിലകൊള്ളുന്ന വരാണ്.
സ്ഥാപിതമായ കർമ്മശാസ്ത്രം, ശരിയായ വിശ്വാസ ശാസ്ത്രം, തെളിച്ചമുള്ള ആത്മീയ വഴികൾ എന്നിവ മൂന്നും ചേർന്ന ശരിയും സത്യസന്ധവുമായ ആദർശ വഴിയിൽ തന്നെയാണ് കേരളവും വളർന്നതും ഗമിച്ചതും. ഇതിന് നിരവധി അനുകൂലമായ സാധ്യതാ തെളിവുകൾ ഉണ്ട്. അത് കേരളത്തിലേക്ക് ഇസ്ലാം വന്ന സാഹചര്യത്തെക്കുറിച്ചും വളർന്നു വികസിച്ച രീതിയെക്കുറിച്ചും പഠിക്കുമ്പോൾ നമ്മുടെ മനസ്സ് തന്നെ പറഞ്ഞുപോകുന്ന ഒരു സത്യവുമാണ്. ചരിത്രരചന, ചരിത്ര സംരക്ഷണ മാർഗ്ഗങ്ങൾ എന്നിവ ഒട്ടും വികാസം പ്രാപിച്ചിട്ടില്ലാത്ത ഒരു കാലമായിരുന്നു അത്. അതുകൊണ്ടാണ് അവ കൃത്യമായും രേഖപ്പെടുത്തപ്പെടാതിരുന്നത്. പക്ഷേ, കൃത്യമായ ലിഖിത ഭാഷ്യങ്ങൾ ഇല്ലെങ്കിലും സാഹചര്യ തെളിവുകൾ വ്യക്തമായി നൽകുന്ന അനുമാനങ്ങൾ ഉണ്ടായിരിക്കും എന്നത് ഉറപ്പാണ്. ആ അനുമാനങ്ങൾ തന്നെയാണ് കേരളത്തിലെ ഇസ്ലാമിൻ്റെ ആഗമനത്തെക്കുറിച്ചും വളർച്ചയെക്കുറിച്ചും പ്രധാനമായും പറയാനുള്ളത്. അവയിൽ നമ്മുടെ ഈ പഠനം പ്രധാനമായും ആശ്രയിക്കുന്നത് പള്ളികളുടെയും പള്ളി ദർസുകളുടെയും ചരിത്രമാണ്. ഇതിൻ്റെ ആമുഖം അറേബ്യയും കേരളവും തമ്മിലുള്ള കച്ചവട ബന്ധമാണ്. ചരിത്രകാരൻ പി കെ മുഹമ്മദ് കുഞ്ഞി തൻ്റെ 'മുസ്ലിംകളും കേരള സംസ്കാരവും' എന്ന കൃതിയിൽ ആ ബന്ധം ഇങ്ങനെയാണ് അനാവരണം ചെയ്യുന്നത്. 'ഇന്ത്യയിലേക്ക് കൊണ്ടുപോകാനുള്ള ചരക്കുകള്‍ കോപ്പ്ടസ്സിലേക്ക് കടത്തുന്നു. കോപ്പ്ടസ്സില്‍നിന്നു അറേബ്യന്‍ ഉള്‍ക്കടല്‍ തുറമുഖമായ ബര്‍ണിക്കയിലേക്ക് 12 ദിവസത്തെ യാത്രയുണ്ട്. മധ്യവേനലാവുമ്പോഴേക്ക് കപ്പലുകള്‍ ബെര്‍ണിക്കയില്‍നിന്ന് യാത്ര തുടരും. ഓക്കിലെസ്സില്‍ (ഗെല്ലാ) എത്താന്‍ 30 ദിവസം വേണം. ഫെലിക്‌സ് തീരത്തുള്ള കാനെ (റാസഫര്‍തക്) അഴിമുഖത്തെത്താന്‍ അത്രതന്നെ ദൂരമുണ്ട്. അവിടെനിന്ന് 40 ദിവസത്തെ യാത്രകൊണ്ട് ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ കേന്ദ്രമായ മുസിരിസ്സിലേക്ക് പോകുന്നു.' മുസിരിസ്സ് കൊടുങ്ങല്ലൂരാണ്. കേരളത്തിലെ നഗരങ്ങളില്‍ അക്കാലത്ത് അറബികളുടെ കപ്പലുകള്‍ വന്നിരുന്നതായി മാര്‍ക്കോപോളോയും വിവരിക്കുന്നുണ്ട്. മാത്രമല്ല ചൈനയിലേക്കും സമീപ രാജ്യങ്ങളിലേക്കും സിൽക്ക് റൂട്ട് വഴി കച്ചവട യാത്രകൾ നടത്തുന്ന അറബികൾ അറബിക്കടൽ മുറിച്ചു കടക്കുമ്പോൾ വിശ്രമത്തിന് വേണ്ടി തെരഞ്ഞെടുത്തിരുന്നത് മലബാർ തീരങ്ങളെ ആയിരുന്നു എന്ന ചരിത്ര അനുമാനവും ശക്തമാണ്.
ഈ ബന്ധത്തോട് ചേർത്ത് വായിക്കുമ്പോൾ തന്നെയാണ് ചേരമാൻ പെരുമാളിന്റെ കഥക്ക് ആധികാരികത കിട്ടുന്നത്. ഏതു വഴിയാണെങ്കിലും ഹിജ്റ ആദ്യ നൂറ്റാണ്ടുകളിൽ തന്നെ ഇസ്ലാം കേരളത്തിലെത്തി എന്നതിന് ധാരാളം തെളിവുകളുണ്ട്. ക്രി. 847-ലെ സിറിയന്‍-ക്രിസ്ത്യന്‍ ചേപ്പേടില്‍ കാണുന്ന സാക്ഷിപ്പട്ടികയിലെ കൂഫീലിപിയും ഇബ്‌റാഹിം മകന്‍ മൈമൂന്‍, മാനി മകന്‍ മഹ്മൂദ്, ആലി മകന്‍ സ്വുല്‍ഹ് തുടങ്ങിയ പേരുകളും ഇതിനുദാഹരണമാണ് എന്ന് പി.കെ മുഹമ്മദ് കുഞ്ഞി- തൻ്റെ കൃതിയിൽ ഇസ്ലാം അതിന്റെ ആദ്യ നൂറ്റാണ്ടുകളിൽ തന്നെ കേരളത്തിൽ എത്തുകയും ഒരു സമൂഹമായി വളർച്ച പ്രാപിക്കുകയും ചെയ്തിട്ടുണ്ട് എന്നതിന് തെളിവാണ് എന്ന് വാദിക്കുന്നുണ്ട്. ഇതിനേക്കാൾ ശക്തമായ തെളിവാണ് കേരളത്തിലെ പുരാതന പള്ളികൾ. ഇസ്ലാമിക സാന്നിധ്യത്തിന്റെ സ്മാരകങ്ങളും തെളിവുകളുമായി ഈ പള്ളികൾ നിലകൊള്ളുന്നു. ഒരു പ്രദേശത്ത് കുറെ മുസ്ലിമീങ്ങൾ കേന്ദ്രീകൃതമായി ജീവിക്കുന്ന സാഹചര്യം ഉണ്ടാകുമ്പോൾ മാത്രമാണ് പള്ളി എന്ന സംവിധാനം ഉണ്ടാകുന്നത്. അതിനാൽ പള്ളി ഉണ്ടായ കാലത്ത് ഒരു സമുദായം അതിനെ ചുറ്റിപ്പറ്റി ഉണ്ടായിരുന്നു എന്ന് പറയുക പ്രയാസമുള്ള കാര്യമല്ല. കേരളത്തിൽ എത്തിയ ആദ്യ പ്രബോധക സംഘം പള്ളികൾ നിർമ്മിച്ച കാര്യം തുഹ്ഫത്തുൽ മുജാഹിദീനിൽ ഇങ്ങനെയാണ് വിവരിക്കുന്നത്: കേരളത്തിൽ എത്തിയ മാലികുബ്‌നു ദീനാര്‍ കൊടുങ്ങല്ലൂരില്‍ താമസമുറപ്പിച്ചു. മറ്റു സ്ഥലങ്ങളില്‍ മതപ്രചാരണം നടത്താനും പള്ളികള്‍ നിര്‍മിക്കാനും മാലികുബ്‌നു ഹബീബിനെ നിയോഗിച്ചു. ഹബീബുബ്‌നു മാലികും ഭാര്യ ഖുമരിയ്യഃയും മക്കളില്‍ ചിലരും തെക്കന്‍ കൊല്ലത്തേക്ക് പോയി. കൊല്ലം(തെക്കന്‍), കൊടുങ്ങല്ലൂര്‍, ചാലിയം, പന്തലായിനി, ധര്‍മടം, ശ്രീകണ്ഠാപുരം, ഏഴിമല, കാസര്‍കോട്, മംഗലാപുരം എന്നിവിടങ്ങളിലെ പള്ളികള്‍ ഇവര്‍ പണിയിച്ചതാണ്.
ഇനി നമുക്ക് അറിയേണ്ടത് ഈ പള്ളികൾ നേരത്തെ നാം വിവരിച്ച ആദർശത്തെ പിന്തുടർന്നവ ആയിരുന്നുവോ എന്നാണ്. അത് തെളിയിക്കാൻ കഴിഞ്ഞാൽ തീർച്ചയായും നമുക്ക് കേരളത്തിലെ ഈ പള്ളികൾ വഴി വളർന്നുവന്ന ഇസ്ലാമിക സംസ്കാരം 100% വും നേരത്തെ പറഞ്ഞ സത്യവും ശരിയും ആയ ആദർശത്തിൽ ഉള്ളതായിരുന്നു എന്ന് ഉറപ്പിക്കാം. അത് അങ്ങനെ തന്നെയായിരുന്നു എന്നാണ് ചരിത്രം. അതിൻ്റെ ഏറ്റവും വലിയ തെളിവ്, ഈ പള്ളികളിൽ സ്ഥാപിതമായ പള്ളി ദർസുകൾ തന്നെയാണ്. നമ്മുടെ വർത്തമാനകാലം വരെ നീണ്ടുനിൽക്കുന്ന ഈ ദറസുകൾ യഥാർത്ഥ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ പാഠശാലകൾ മാത്രമാണ്. അഹ്ലുസ്സുന്നയുടെ അടിസ്ഥാന പ്രമാണങ്ങൾ, കർമ്മ സംഹിതകൾ, വിശ്വാസ സരണി, അവ കൃത്യമായി പഠിച്ചെടുക്കാൻ ആവശ്യമായ സഹായക വിജ്ഞാനീയങ്ങൾ എന്നിവയാണ് അന്നും ഇന്നും ദർസുകളുടെ പാഠക്രമം. പുതിയ കാലത്ത് എല്ലാ മത വിദ്യാഭ്യാസ പദ്ധതികളിലും ഭൗതിക വിദ്യാഭ്യാസം ഉൾ ചേർന്നിട്ടുണ്ട് എങ്കിൽ തന്നെയും പ്രധാനം നേരത്തെ പറഞ്ഞ വിജ്ഞാനീയങ്ങൾക്കാണ്. അങ്ങനെ പറയുമ്പോൾ ദർസുകൾ അഹ്ലുസ്സുന്നയുടെ ആദർശ സ്രോതസ്സ് കൂടിയാണ്. കൊടുങ്ങല്ലൂര്‍, കൊല്ലം, കോഴിക്കോട്, ചാലിയം, താനൂര്‍, പൊന്നാനി എന്നീ സ്ഥലങ്ങളില്‍ ഇസ്‌ലാമിന്റെ ആഗമന കാലത്തുതന്നെ പള്ളി ദര്‍സുകള്‍ നിലവില്‍വന്നിട്ടുണ്ട് എന്ന് ചരിത്രങ്ങൾ അനുമാനിക്കുന്നുണ്ട്. അറേബ്യയില്‍ നിന്നു വന്ന സമുന്നതരായ പണ്ഡിതരായിരുന്നു ഇത്തരം ദര്‍സുകളില്‍ ഉസ്താദുമാർ. ഏകദേശം 800 വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ താനൂരിലെ മസ്ജിദ് ബിര്‍ക്കത്തുസ്സാലിഹ് അല്‍ കുബ്‌റല്‍ എന്ന ദര്‍സാണ് ഇപ്പോള്‍ അറിയപ്പെടുന്ന ദര്‍സുകളില്‍ ആദ്യത്തേത്. യമന്‍, ഹദ്‌റമൗത്, ഹിജാസ് തുടങ്ങിയ പ്രദേശങ്ങളില്‍നിന്നുള്ള പണ്ഡിതര്‍ ഇവിടെ പഠിപ്പിച്ചിരുന്നു. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ കീഴില്‍ നടന്നിരുന്ന പൊന്നാനിയിലെ ദര്‍സാണ് കേരളത്തിലെ പതിനാലാം നൂറ്റാണ്ട് മുതല്‍ ഇരുപതാം നൂറ്റാണ്ട് വരെയുള്ള ഇസ്‌ലാമിക വൈജ്ഞാനിക കേന്ദ്രമായറിയപ്പെടുന്നത്. വിദേശരാജ്യങ്ങളില്‍ നിന്നുവരെ ഇവിടെ വിദ്യാര്‍ത്ഥികള്‍ പഠിക്കാനെത്തിയിരുന്നു. വിദ്യാഭ്യാസ ചെലവിന്റെ കാര്യത്തിലും ഫലങ്ങളുടെ കാര്യത്തിലും മെച്ചപ്പെട്ട ഒരു വിദ്യാഭ്യാസ സംവിധാനമായിരുന്നു പള്ളി ദര്‍സുകള്‍.
പള്ളികൾ സ്ഥാപിച്ച് അവയിൽ ആരാധനകൾക്കൊപ്പം അറിവ് കൂടി വ്യയം ചെയ്ത് സമുദായത്തെ ആദർശ ബന്ധിതമായി വളർത്തിയെടുത്തതോടൊപ്പം ഈ ആദർശത്തിന്റെയും ആത്മീയതയുടെയും നിലനിൽപ്പിനെ സഹായിക്കുവാനും പരിപോഷിപ്പിക്കുവാനും രണ്ട് അനുഗ്രഹങ്ങൾ കൂടി കേരളത്തിന് ലഭിച്ചു. അവയിൽ പ്രധാനപ്പെട്ട ഒന്ന് കേരളത്തിൻ്റെ മണ്ണിലെത്തിയ സാദാത്തുക്കളുടെ സാന്നിധ്യമായിരുന്നു. കേരളത്തിലെത്തിയ നബി കുടുംബങ്ങള്‍ രണ്ട് വിഭാഗങ്ങളാണ്. പഴയ സോവിയറ്റ് റഷ്യയിലെ, നിലവില്‍ ഉസ്ബക്കിസ്ഥാനിന്‍റെ ഭാഗമായ ബുഖാറയില്‍ നിന്ന് വന്നവരും യമനിലെ ഹളര്‍മൗത്തില്‍ വന്നവരും. ബുഖാറയില്‍ നിന്ന് വന്നവരുടെ പിന്‍മുറക്കാര്‍ ബുഖാരി എന്ന പേരില്‍ അറിയപ്പെടുമ്പോള്‍ ഹളര്‍മൗത്തില്‍ നിന്ന് വന്നവരെ ഹള്റമികള്‍ എന്നാണ് വിശേഷിപ്പിക്കാറുളളത്. കേരളത്തിലെത്തിയ ഹള്റമികളില്‍ വ്യത്യസ്ത ഖബീലകളില്‍ നിന്നുളളവരുണ്ട്. ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കാണ് അവരെല്ലാം മലയാളക്കരയിലെത്തിയത് എന്നു കാണാം. ലഭ്യമായ രേഖകള്‍ പ്രകാരം കേരളത്തിലെത്തിയ ആദ്യത്തെ ബുഖാരീ ഖബീലാംഗം സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരിലാണ്. ഹി.928, (എ.ഡി 1521) ലാണ് കേരള തീരമാണിയുന്നത്. സോവിയറ്റ് റഷ്യയിലെ ബുഖാറയില്‍ നിന്നു തന്നെയാണ് അദ്ദേഹം കേരളത്തിലേക്ക് പുറപ്പെട്ടത്. ഹി.977 ല്‍ വഫാത്തായ അദ്ദേഹത്തിന്‍റെ ഖബ്ര്‍ സ്ഥിതി ചെയ്യുന്നത് കണ്ണൂര്‍ ജില്ലിയിലെ വളപ്പട്ടണത്ത് കക്കുളങ്ങര പളളിയോട് ചേര്‍ന്നാണ്.
അദ്ദേഹത്തിന്‍റെ പുത്രന്‍ സയ്യിദ് ഇസ്മാഈല്‍ ബുഖാരി (ഇസ്മാഈല്‍ അക്ബര്‍) വളപട്ടണത്ത് നിന്ന് കൊച്ചിയിലേക്ക് പോയി. ലോകഹെറിറ്റേജ് ഭൂപടത്തില്‍ സ്ഥാനം പിടിച്ച മട്ടാഞ്ചേരിയിലെ ചെമ്പിട്ടപളളി അദ്ദേഹത്തില്‍ ആകൃഷ്ടനായി ഇസ്ലാം സ്വീകരിച്ച ഒരു ജൂത കച്ചവടക്കാരന്‍റെ സഹായത്താല്‍ നിര്‍മ്മിച്ചതാണ്. കൊച്ചിയില്‍, അദ്ദേഹത്തിന്‍റെ പ്രബോധന പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് നിരവധിയാളുകള്‍ ഇസ്ലാം സ്വീകരിക്കുകയുണ്ടായി. ഹിജ്റ 1021-ലാണ് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞത്.
യമനിലെ ഹളര്‍മനത്തില്‍ വേരുകളുളള സയ്യിദ് കുടുംബങ്ങളാണ് ഹള്റമികള്‍ എന്നറിയപ്പെടുന്നത്. കേരളത്തിലെത്തിയ ഹള്റമികള്‍ വ്യത്യസ്ത ഖബീലക്കാരായതിനാല്‍ ഹള്റമികള്‍ എന്ന് പറയാതെ അതാത് ഖബീലകളിലേക്ക് ചേര്‍ത്താണ് അവരെ വിളിക്കപ്പെടുന്നത്. ഹള്റമികളായ സയ്യിദന്‍മാരില്‍ നിന്ന് കേരളത്തില്‍ വ്യാപിച്ച ഖബീലകള്‍ നിരവധിയുണ്ട്. ഹി.887ല്‍ ഹളര്‍മൗത്തില്‍ ജനിച്ച സയ്യിദ് അഹമ്മദ് ശിഹാബുദ്ദീന്‍ എന്നവരുടെ സന്താനപരമ്പരയായ ശിഹാബുദ്ദീന്‍ തങ്ങൻമാർ, ഹി.1183 ല്‍ കേരളത്തിലെത്തിയ മമ്പുറം സയ്യിദ് അലവി തങ്ങളിലൂടെ എത്തിയ ഹളര്‍മൗത്തിലെ സയ്യിദ് മുഹമ്മദ് മൗലദ്ദവീല എന്നവരുടെ സന്താനപരമ്പരയായ മൗലദ്ദവില ഖബിലയിലെ സയ്യിദന്‍മാര്‍, ഹി 1159 ല്‍ കോഴിക്കോടെത്തിയ സയ്യിദ് ശൈഖ് ജിഫ്രി എന്നവരിലൂടെ എത്തിയ ജിഫ്രീ സാദാത്തുക്കള്‍, ഹളര്‍മൗത്തിലെ തരീമില്‍ നിന്ന് ഹി.1157 ല്‍ കോഴിക്കോട്ടെത്തിയ സയ്യിദ് അബ്ദുര്‍ റഹ്മാന്‍ ഐദറൂസിലിലൂടെയും ഹി.1180 ല്‍ സൂറത്തില്‍ നിന്ന് കേരളത്തിലെത്തിയ സയ്യിദ് അലിയ്യുൽ ഐദറൂസിലൂടെയും കേരളത്തിൽ എത്തിയ ഐദറൂസി തങ്ങൻമാർ, എ.ഡി.1770 ല്‍ ഹളര്‍മൗത്തില്‍ നിന്ന് കേരളത്തിലെത്തിയ സയ്യിദ് അഹ്മദ് ബാഫഖീ എന്നവരിലൂടെ എത്തിയ ബാഫഖി തങ്ങന്മാർ, ഇന്തോനേഷ്യയിലെ ദ്വീപ് സമൂഹമായ അയ്യയില്‍ നിന്ന് ഹി. 1185 ല്‍ കേരളത്തിലെത്തിയ സയ്യിദ് ഖുതുബ് ജമലുല്ലൈല്‍ എന്നവരിലൂടെ എത്തിയ ജമലുല്ലൈലി തങ്ങൻമാർ തുടങ്ങിയവർ അതിൻ്റെ ഉദാഹരണമാണ്. മഹാനായ നബി തിരുമേനി(സ്വ)യുടെ പ്രത്യേക സ്വഭാവ വൈശ്യങ്ങൾ ജൈവികമായി ലഭ്യമാവുകയും അത് തിരിച്ചറിയുകയും ആ അവബോധത്തിൽ മാത്രം പരമാവധി ജീവിക്കുകയും ചെയ്തവരും ചെയ്യുന്നവരും ആണ് സാദാത്തുക്കൾ അധികവും. അതിനാൽ അവർ അഹ്ലുസ്സുന്നയുടെ ആദർശ ക്രമണികയുടെ ഒരു പ്രധാന നട്ടെല്ല് തന്നെയാണ്. അഹ്ലുബൈത്ത് എക്കാലവും എല്ലായിടത്തും യഥാർത്ഥ അഹ്ലുസ്സുന്നത്തിന്റെ പാതയിൽ ഉറച്ചുനിന്നിട്ടുള്ളതാണ്. ശിഥില - യുക്തി ചിന്തകൾക്കൊന്നും അവർ പൊതുവേ വിധേയരാവാറില്ല. അതിനാൽ അവർ കടന്നുവന്ന, നടന്നുവന്ന വഴിയിൽ ഉറച്ചു നിൽക്കുന്നവർ ആദർശപരമായി വിശുദ്ധരാണ് എന്ന് തീർത്തു പറയാം.
മറ്റൊന്ന് ആദ്യകാലത്ത് തന്നെ കേരള മുസ്ലിംകളുടെ ജീവിതത്തിൽ ഇടംപിടിച്ച ത്വരീഖത്ത് ആത്മീയ വഴികളാണ്. ഇസ്‌ലാമിക ശരീഅത്തിനെ സൂക്ഷ്മതയോടെ സമീപിക്കുകയും നിർവഹണം നടത്തുകയും ചെയ്യുന്ന ജീവിത സരണിയാണ് ത്വരീഖത്ത്. ശരീഅത്തിന്റെ സൂക്ഷ്മമായ പൂർത്തീകരണമായി ത്വരീഖത്തിനെ വ്യാഖ്യാനിക്കാം. മനസ്സിന്റെ ശുദ്ധിയും ആത്മാർത്ഥയും പൂർണ സാന്നിധ്യവും സമ്മേളിച്ച കർമങ്ങളെയാണ് ത്വരീഖത്ത് പ്രതിനിധാനം ചെയ്യുന്നത്. ഈ ആന്തരിക സരണിയിൽ മഹനീയ മാതൃകകൾ അടയാളപ്പെടുത്തിയ നിരവധി ആത്മീയ മഹത്തുക്കളും അവരുടെ ധന്യമാർഗങ്ങളും ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട്. അക്കൂട്ടത്തിൽ പ്രചുരപ്രചാരവും പ്രസിദ്ധിയും നേടിയിട്ടുള്ള ആത്മീയ സരണിയാണ് ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(റ)യുടെ ഖാദിരിയ്യ ത്വരീഖത്ത്. നേരത്തെ നാം പറഞ്ഞുവന്ന ഇമാം ഗസ്സാലി വരെയുള്ളവരുടെ കാലങ്ങളിൽ ഉണ്ടായ ഇസ്ലാമിക നവോത്ഥാനത്തെ സ്വാധീനിച്ച ഒരു പ്രധാന ഘടകം കൂടിയാണ് ഈ ത്വരീഖത്ത്. കാരണം ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(റ) (ഹി. 470-561) യുടെ ജീവിതകാലവും അതുതന്നെയായിരുന്നു. വൈകാരികതകളിലും ഇച്ഛകളിലും വിശ്വാസികൾ മുഖം പൂഴ്ത്തിയ കാലത്തായിരുന്നു ഹിജ്റ 5, 6 നൂറ്റാണ്ടുകളിൽ സമ്പൂർണ്ണമായ ഈ നവോത്ഥാനം സാധ്യമായത്. ഖാദിരിയ്യ ത്വരീഖത്ത് പ്രചുര പ്രചാരം നേടുവാൻ ഒരുപാട് കാരണങ്ങൾ ഉണ്ട്. ഗൗസുൽ അഅ്ളമിൻ്റെ ജീവിത മഹത്വം, ആ നൂറ്റാണ്ടുകൾ ആ ജീവിതത്തിന് നൽകിയ സംതൃപ്തമായ അംഗീകാരം, മഹാനവർകളുടെ രീതികളിലെ സാരള്യം, ഏതു സാധാരണക്കാരനും ജീവിതത്തിൽ പുലർത്താൻ കഴിയുന്ന വിധത്തിലുള്ള കർമ്മങ്ങളും നിഷ്ഠകളും തുടങ്ങിയവയെല്ലാം ഈ ത്വരീഖത്തിന്റെ പ്രത്യേകതയാണ്. ഇത് ഈ ത്വരീഖത്തുകളിലേക്ക് മാത്രമല്ല, ത്വരീഖത്ത് എന്ന ജീവിത സരണിയിലേക്കും ശൈലിയിലേക്കും തന്നെ വിശ്വാസികളുടെ ലോകത്തെ തിരിച്ചുവിടുകയുണ്ടായി. കേരളത്തിലും ഖാദിരിയ്യ ത്വരീഖത്തിന് നൂറ്റാണ്ടുകളുടെ പ്രായമുണ്ട്. ലിഖിത രേഖകൾ പറയുന്നത് വളപട്ടണം സയ്യിദ് അഹ്‌മദ് ജലാലുദ്ദീൻ ബുഖാരിയുടെ സന്താന പരമ്പരയിലൂടെയാണ് ഖാദിരിയ്യത്തിന്റെ വൻപ്രചാരം ഉണ്ടായത് എന്നാണ്. സയ്യിദ് അഹ്‌മദ് ജലാലുദ്ദീൻ ബുഖാരിയുടെ ആത്മീയഗുരു സ്വലാഹുദ്ദീനുബ്‌നു ജുമുഅ(റ)ന്റെ മശാഇഖുമാരുടെ പരമ്പര ശൈഖ് ജീലാനി(റ)യുടെ പുത്രൻ അബ്ദുറസാഖി(റ)ൽ സന്ധിക്കുന്നു. എന്നാൽ അലിഖിതവും എന്നാൽ അവഗണിക്കാനാവാത്തതുമായ അനുഭവങ്ങൾ പറയുന്നത് ഹിജ്റ ആറാം നൂറ്റാണ്ടിന്റെ അവസാന പാദങ്ങളിൽ തന്നെ ഈ ത്വരീഖത്ത് കേരളീയ മുസ്ലിം ജീവിതത്തിൻ്റെ താളമായി മാറിയിട്ടുണ്ട് എന്നാണ്. ഇതിനെ തുടർന്ന് മറ്റുള്ള എല്ലാ ത്വരീഖത്തുകളും കേരളത്തിൽ എത്തുകയും അഹലുസ്സുന്നത്തി വൽ ജമാഅത്തിന്റെ ആശയ ലോകത്തെ ആത്മീയതയിൽ നിലനിർത്തുകയും ചെയ്തു.
ഇതോടെ, കേരളത്തിലെ ഇസ്ലാമിക ആദർശത്തെ അതിൻ്റെ ശരിയായ രൂപത്തിലും ഭാവത്തിലും നിലനിർത്തുവാനും നയിക്കുവാനും നാല് സഹായങ്ങൾ രൂപപ്പെട്ടുവന്നു എന്ന് നമുക്ക് കാണാൻ കഴിയും. സച്ചരിതമായ ആദ്യ നൂറ്റാണ്ടുകളിൽ തന്നെ രൂപപ്പെട്ട കർമ്മശാസ്ത്രം, വിഭിന്നവും നവീനവും നിർമ്മിതവുമായ ചിന്തകൾ കയറിക്കൂടുന്നതിനു മുമ്പേ ഇസ്ലാമിക ലോകത്ത് സ്ഥാപിതമായ അഖീദയുടെ വഴി, അഹ്ലുബൈത്തിന്റെ മഹത്തായ സാന്നിധ്യം, ആത്മീയതയുടെ ത്വരീഖത്ത് വഴികൾ എന്നിവയാണ്. ഈ നാലു ഘടകങ്ങൾ പിന്നെ അതേപടി കേരളീയ മുസ്ലിം സമാജത്തിൽ നിലനിന്നു പോന്നു എന്നാണ് ചരിത്രങ്ങൾ പറയുന്നത്. ഈ നാലു കാര്യങ്ങളിലും ഒരു വീഴ്ചയും വരുത്താതെ മുസ്ലിം സമൂഹം കേരളത്തിൽ ജീവിച്ചുവന്നു. ഒപ്പം ഈ ജീവിതധാരക്ക് നേതൃത്വവും കാവലും എന്ന നിലക്ക് ഓരോ സമയത്തും പ്രധാനപ്പെട്ട പണ്ഡിതന്മാരുടെയും സാദാത്തുക്കളുടെയും സാന്നിധ്യം കൂടി ഉണ്ടായതോടെ വഴി പിഴക്കാതെ ഇരുപതാം നൂറ്റാണ്ടിൽ എത്തിച്ചേരുവാൻ ഈ ജനതക്ക് കഴിഞ്ഞു. ഇരുപതാം നൂറ്റാണ്ടിൻ്റെ മുമ്പ് കേരളത്തിൽ ഉണ്ടായിരുന്നത് അഹ്ലുസ്സുന്നയുടെ വഴിയിലുള്ള പണ്ഡിതന്മാരുടെയും സാദാത്തുക്കളുടെയും മേൽനോട്ടം മാത്രമായിരുന്നു. അതിനു പല കാരണങ്ങളുമുണ്ട്. ഏറ്റവും പ്രധാനപ്പെട്ടത് സാമൂഹ്യ വളർച്ച അത്ര മാത്രമേ പ്രാപിച്ചിട്ടുണ്ടായിരുന്നു എന്നതാണ്. ജനങ്ങളും അവരുടെ ജീവിത സാഹചര്യങ്ങളുമെല്ലാം താരതമ്യേന കുറവായിരുന്നു. അതുകൊണ്ട് ഏതെങ്കിലും ഒരു പ്രദേശത്ത് ജീവിക്കുന്ന ഒരു മഹൽ വ്യക്തിത്വത്തിന്റെ സ്വാധീനം തന്നെ സമുദായത്തിൽ മുഴുവനും അനുഭവപ്പെടുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. മറ്റൊന്ന് സാങ്കേതിക വളർച്ച വളരെ പരിമിതമായിരുന്നു. ഏതെങ്കിലും ഒരാളുടെ മനസ്സിൽ ഒരു തെറ്റായ ചിന്ത ഉണ്ടായാൽ തന്നെ അത് മുസ്ലിം ലോകവുമായി മുഴുവനും പങ്കുവെക്കാനുള്ള സംവിധാനങ്ങളും സാധ്യതകളും വളരെ പരിമിതമായിരുന്നു. അത്തരം ഒരാൾക്ക് പരമാവധി തൻ്റെ ആശയങ്ങൾ തൻ്റെ തൊട്ടുമുമ്പിലിരിക്കുന്ന മജ്‌ലിസുമായി മാത്രമേ പങ്കുവെക്കാൻ കഴിയുമായിരുന്നുള്ളു. അതോടൊപ്പം, ആ കാലങ്ങളിൽ ജീവിച്ചിരുന്ന മുസ്‌ലിംകൾ മതപരമായ നിഷ്കർഷയും അച്ചടക്കവും അവബോധവും കണിശമായി കാത്തുസൂക്ഷിക്കുന്നവരും ആയിരുന്നു. അതുകൊണ്ട് എല്ലാം കേരളത്തിലെ അടിസ്ഥാന ആദർശ സമൂഹത്തിന് പിഴവ് പറ്റിയില്ല, പറ്റാനുള്ള സാധ്യതയുണ്ടായില്ല.
ഓരോ കാലത്തും ഓരോ പ്രദേശത്തും ആദർശത്തിന് കാവൽ നിന്ന പണ്ഡിതന്മാർ, സാദാത്തുക്കൾ, പള്ളികൾ, ഓത്തുപള്ളികൾ, ദർസുകൾ എന്നിവയെക്കുറിച്ചെല്ലാം വളരെ വിശദമായ അക്കാദമിക പഠനങ്ങൾ കാര്യമായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. അതും ആ കാലങ്ങളുടെ സാങ്കേതിക വളർച്ചക്കുറവ് കാരണമായിരിക്കും എന്ന് അനുമാനിക്കാം. ഉന്നതമായ ആത്മീയ നിഷ്ഠകൾ പാലിച്ചിരുന്ന അത്തരം പണ്ഡിതന്മാർ തങ്ങളെ തന്നെ വിനയത്തിന്റെ പേരിൽ മറച്ചു പിടിക്കാൻ ശ്രമിച്ചതും ഒരു കാരണമാണ്. എന്നിരുന്നാലും ഇത്തരം ചില പ്രധാന അധ്യായങ്ങളെ കുറിച്ച് കേരളം അഭിമാനത്തോടെ ഓർക്കുന്നുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു സ്വാധീനശക്തി യമനിൽ നിന്ന് വന്ന സദാത്തുക്കളായിരുന്നു. ഇരുപതോളം കുടുംബങ്ങളാണ് യമനിൽ നിന്ന് കേരളത്തിൽ വന്നതും വളർന്നതും. അവരിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കുടുംബമാണ് ജിഫ്രി കുടുംബം. യമനിലെ ഹദര്‍ മൗത്തില്‍ നിന്ന് വന്ന സയ്യിദ് ശൈഖ് ജിഫ്രി തങ്ങളാണ് ഈ വംശത്തിന്‍റെ സ്ഥാപകന്‍.അദ്ദേഹം ക്രിസ്ഥാപ്തം 1755-ല്‍ മലബാറിലെത്തി. കോഴിക്കോട് നഗരത്തില്‍ തന്നെ താമസമാക്കുകയും ചെയ്തു. അന്നത്തെ ഭരണ തലവന്‍ സാമൂതിരിപ്പാട് അദ്ദേഹത്തിന് ഭൂനികുതി ഒഴിവാക്കിനല്‍കി. 50 വര്‍ഷം കേരളത്തില്‍ ഇസ്ലാമിക പ്രചാരണത്തിന് ശേഷം 1805-ല്‍ അദ്ദേഹം പരലോക വാസം പുല്‍കി. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ അനുജന്‍ സയ്യിദ് ഹസന്‍ ജിഫ്രി തങ്ങള്‍ കോഴിക്കോട് ആഗതമായി. അദ്ദേഹം ഒരു ധര്‍മ്മ പ്രബോധകനായിരുന്നു. തിരൂരങ്ങാടിക്കടുത്ത മമ്പുറമാണ് അദ്ദേഹം തന്‍റെ പ്രധാന പ്രചാരണ പ്രബോധന കേന്ദ്രമായി തിരഞ്ഞടുത്തത്. നിരവധി അനവധി ശിശ്യ ഗണങ്ങള്‍ അദ്ധേഹത്തിനുണ്ടായിരുന്നു. അവര്‍ നാടിന്‍റെ നാനാഭാഗങ്ങളിലും വ്യാപിച്ച് ഇസ്ലാമിക പ്രബോധന മേഖലയില്‍ ചുക്കാന്‍ പിടിച്ചു. അതോടെ മമ്പുറം ഗ്രാമം ഒരു സാസ്കാരിക വൈജ്ഞാനിക കേന്ദ്രമായി മാറുകയും ചെയ്തു. സയ്യിദ് ഹബീബ് തങ്ങളുടെ മകളെ വിവാഹം കഴിക്കുകയും ആ ദാമ്പത്യ ജീവിതത്തില്‍ ഫാത്തിമ എന്ന പുത്രിക്ക് നല്‍കുകയും ചെയ്തു. എ ഡി 1766 (ഹിജ്റ 1180-ല്‍) സയ്യിദ് ഹസന്‍ ജിഫ്രി തങ്ങള്‍ വഫാത്തവുകയും മമ്പുറത്ത് തന്നെ മറമാടപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്‍റെ മരണം ഹിജറ1169-ലാണെന്നും അഭിപ്രായമുണ്ട്. അദ്ദേഹത്തിന്‍റെ മരുമകനായിരുന്നു മമ്പുറം സയ്യിദ് അലവി തങ്ങള്‍(ഖ. സി). അങ്ങനെ ജിഫ്രി കുടുംബത്തിൻ്റെ നേതൃത്വം മമ്പുറം തങ്ങളിലേക്ക് പടരുന്നു. സയ്യിദ് ഹസന്‍ ജിഫ്രിതങ്ങളുടെ മരുമകനായിരുന്നു മമ്പുറം സയ്യിദ് അലവിതങ്ങളുടെ കാലത്താണ് പറങ്കികളുടെ പടയോട്ടം ഉണ്ടാകുന്നത്. ഒരുപക്ഷേ കേരളത്തിലെ മുസ്ലിം സമുദായം ആദ്യമായി തങ്ങളുടെ ആദർശത്തിന്റെ പേരിലും സ്വന്തം മണ്ണിൻ്റെ പേരിലും ആശങ്കകളിലേക്ക് എടുത്തറിയപ്പെട്ട അധിനിവേശം ഇതായിരിക്കാം. ആത്മീയതയുടെയും ആദർശത്തിന്റെയും നേതൃത്വം വഹിച്ചിരുന്ന മമ്പുറം തങ്ങളിൽ ഇതോടെ രാഷ്ട്രീയമായ ഉത്തരവാദിത്വം കൂടി ചുമത്തപ്പെടുകയായിരുന്നു. പറങ്കികൾ മുതൽ ബ്രിട്ടീഷുകാർ വരെയുള്ള അധിനിവേശ ശക്തികൾക്കെതിരെ മമ്പുറം തങ്ങൾ ധീരമായി നിലകൊണ്ടു. എ ഡി 1752-ഹളര്‍മൗത്തില്‍ തരീം ഗ്രാമത്തിലാണ് മമ്പുറം സയ്യിദ് അലവി തങ്ങള്‍ ജനനം കൊണ്ടത്. പതിനേഴാം വയസ്സില്‍ കേരളത്തിലെ ഇസ്ലാമിക പ്രചാരണ പ്രബോധനാര്‍ത്തം മലബാറിലെത്തുകയും ഹിജ്റ 1183-ല്‍ (എ ഡി 1769-ല്‍) മമ്പുറം ഗ്രാമം തന്‍റെ കേന്ദ്രമായി തിരഞ്ഞെടുക്കുകയും ചെയ്തു. മലബാര്‍ മാപ്പിളമാരുടെ മതപരവും ആദ്ധ്യാത്മികവും ആത്മീയപരവുമായ നേതൃത്വത്തോടൊപ്പം രാഷ്ട്രീയവും സാമ്പത്തികവുമായ ഇടപാടുകള്‍ക്ക് ഉപദേശനിര്‍ദേശങ്ങളും അതോടൊപ്പം തന്നെ മാതൃകാപരമായ നേതൃത്വവും നല്‍കിയിരുന്നു. ഇസ്ലാമിക നവോത്ഥാനത്തിന് വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയത് മമ്പുറം തങ്ങള്‍ തന്നെയാണെന്നാണ് ഇന്നും കേരളീയ മുസ്ലിം ജനത വിശ്വസിച്ച് പോരുന്നത്. മേൽപ്പറഞ്ഞ ഘടകങ്ങൾ എല്ലാം സമജ്ജസമായി സമം ചേർന്ന യഥാർത്ഥ ആദർശത്തെയായിരുന്നു മമ്പുറം തങ്ങൾ പ്രതിനിധീകരിച്ചിരുന്നത്.
അവയിൽ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു സ്വാധീനം പൊന്നാനി കേന്ദ്രീകരിച്ചുള്ള മഖ്ദൂം കുടുംബത്തിൻ്റെ സാന്നിധ്യമാണ്. തലമുറകളായി കേരളീയ മുസ്ലിം സമാജത്തിന് അറിവും ആത്മീയതയും കൊണ്ട് നയിച്ചവരാണ് മഖ്ദൂം പണ്ഡിതന്മാർ. മഖ്ദൂം കുടുംബത്തിന്റെ പൂര്‍വികര്‍ യമനിലെ മഅ്ബര്‍ എന്ന പ്രദേശത്തുനിന്ന് ഇസ്‌ലാംമത പ്രചാരണാര്‍ഥം ദക്ഷിണേന്ത്യയുടെ തീരപ്രദേശങ്ങളില്‍ വന്നു താമസമാക്കിയവരാണ്. കായല്‍പട്ടണം എന്ന തമിഴ് കടലോര ഗ്രാമത്തില്‍നിന്ന് എ ഡി 15-ാം നൂറ്റാണ്ടില്‍ കൊച്ചിയിലെ കൊച്ചങ്ങാടിയില്‍ വന്നു താമസമാക്കിയ ശൈഖ് അലി ബിന്‍ അഹ്മദ് അല്‍ മഅ്ബരി, ശൈഖ് ഇബ്‌റാഹീം ബിന്‍ അഹ്മദ് അല്‍ മഅ്ബരി എന്നീ സഹോദരന്മാരാണ് പൊന്നാനിയിലെ മഖ്ദൂം കുടുംബത്തിന്റെ പൂര്‍വികര്‍. കേരളത്തില്‍ ഇസ്‌ലാമിക ആത്മീയ വൈജ്ഞാനിക നവോത്ഥാനത്തിന് തിരികൊളുത്തിയത് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം കബീര്‍ ആണ്. ഹിജ്റ 876 ശഅ്ബാന്‍ 12 (1467 മാര്‍ച്ച് 18)ന് കേരളത്തിലെ കൊച്ചിയിലെ കൊച്ചങ്ങാടിയില്‍ മഖ്ദൂം ഭവനത്തില്‍ ജനിച്ചു. അബൂ യഹ്യാ സൈനുദ്ദീന്‍ മഖ്ദൂം ബ്‌നു ശൈഖ് അലി അഹ്മദ് അല്‍ മഅ്ബരി എന്നാണ് മഹാനവര്‍കളുടെ പൂര്‍ണനാമം. അവരിൽനിന്ന് തുടങ്ങിയ ആ വൈജ്ഞാനികവും ആത്മീയവുമായ നേതൃത്വം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യംവരേക്കും കേരള മുസ്ലിം സമുദായത്തെ എല്ലാ അർത്ഥത്തിലും നയിച്ചു.
മറ്റൊരു സ്വാധീനം ഓരോ കാലത്തും ഓരോ നാട്ടിലും ഉണ്ടായിരുന്ന വലിയ പണ്ഡിതന്മാരുടേതാണ്. അത്തരം പണ്ഡിതന്മാരുടെ ചരിത്രങ്ങളും അപൂർവമായി മാത്രമേ ലഭ്യമായിട്ടുള്ളൂ എങ്കിലും അത്തരം പണ്ഡിതന്മാരുടെ ഉദാഹരണം ചോദിക്കുകയാണെങ്കിൽ ഏറ്റവും വേഗത്തിൽ പറയാനുള്ളത് വെളിയങ്കോട് ഉമർ ഖാളി(റ)യെ ആണ്. ചാലിയം കേന്ദ്രീകരിച്ച് ഇസ്‌ലാമിക പ്രബോധന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഹസനുത്താബിഇയുടെ പൗത്രൻ ഉമർ എന്നവരുടെ പൗത്രനാണ് വെളിയങ്കോട് ഉമർ ഖാളി(റ). പിതാവ് ആലി മുസ്‌ലിയാരും മാതാവ് കാക്കത്തറ മുഹമ്മദിന്റെ മകൾ ആമിനയുമാണ്. ആലി മുസ്‌ലിയാർ തന്റെ പിതാവിന് ശേഷം വെളിയങ്കോട് ഖാളിയായി. അവിടെ നിന്നു തന്നെയാണ് വിവാഹം കഴിച്ചതും. ആഴമുള്ള ആത്മീയതയും തീവ്രമായ ബുദ്ധിശക്തിയും കൊണ്ട് അനുഗ്രഹീതനായിരുന്നു ഉമർ ഖാളി. വരും തലമുറകൾക്ക് വേണ്ട വലിയ പണ്ഡിതന്മാരെ പഠിപ്പിച്ചെടുക്കുകയും അവർക്കും സമുദായത്തിനും വേണ്ട ഗ്രന്ഥങ്ങൾ രചിക്കുകയും അവരുടെ മതപരമായ വൈകാരികതയെ ഉത്തേജിപ്പിക്കുന്ന കാവ്യങ്ങൾ ചമയ്ക്കുകയും ചെയ്ത ഉമ്മർ ഖാളി വൈദേശിക ആധിപത്യത്തിനെതിരെയുള്ള നീക്കങ്ങളിലും സജീവമായിരുന്നു. മമ്പുറം തങ്ങളിൽ നിന്ന് പകർത്തിയെടുത്ത ആ വെളിച്ചത്തിലേക്ക് വികാരത്തിലേക്കും മഹാനവർകൾ ഒരുപാട് ശിഷ്യന്മാരെ ചേർക്കുകയും ചെയ്തു. പരപ്പനങ്ങാടി ഔകോയ മുസ്ലിയാർ, സൈനുദ്ദീൻ മഖ്ദൂം ആഖിർ, ഖാളി സഈദ് മുസ്ലിയാർ കാസർകോട്, ഫരീദ് മുസ്ലിയാർ പയ്യോളി, ശൈഖ് സൈനുദ്ദീൻ പറയങ്ങാട്, കാക്കത്തറ മുഹമ്മദ് മുസ്ലിയാർ, ശൈഖ് സൈനുദ്ദീൻ റംലി പെരുമ്പടപ്പ്, കമ്മുക്കുട്ടി മുസ്ലിയാർ പൊന്നാനി, മുഹമ്മദ് മഖ്ദൂം തുടങ്ങി നിരവധി പണ്ഡിതരും ഖാളിമാരും ഉമർ ഖാളിയുടെ ശിഷ്യഗണങ്ങളിൽപെടുന്ന പ്രമുഖരാണ്. നമ്മുടെ നാട്ടിൽ ആത്മീയ പ്രകാശം പരത്തിയ സാത്വിക നായകരായ ശൈഖ് മുഹമ്മദുൽ ജിഫ്‌രി കോഴിക്കോട് (1222), ശൈഖ് മുഹമ്മദ് മൗലൽ ബുഖാരി കണ്ണൂർ(1207), ശൈഖ് അലിയ്യുൽ ഐദറൂസി വെളിയങ്കോട്, ശൈഖ് മുഹമ്മദ് ജമലുല്ലൈലി കടലുണ്ടി(1230), ഖാളി മുഹ്‌യിദ്ദീൻ കോഴിക്കോട്(1265), ശൈഖ് ഉമറുൽ ഖാഹിരി കായൽപട്ടണം(1216), ശൈഖ് അബ്ദുൽ അസീസ് അദ്ദഹ്‌ലവി(1247) എന്നിവരുമായും അടുത്ത ബന്ധം മഹാൻ സ്ഥാപിച്ചു. ഈ ബന്ധങ്ങളെല്ലാം അഹ്ലുസ്സുന്നയുടെ അന്തസ്സാർന്ന നിലനിൽപ്പിനെ ഏറെ സഹായിച്ചു.
ചിന്താപരമായും സാങ്കേതികമായും ഏറെ വളർച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന 21 -ാം നൂറ്റാണ്ടിലേക്ക് ഈ വിശുദ്ധി കൈമാറ്റം ചെയ്യുവാൻ ധാരാളം സാദാതുക്കളും പണ്ഡിതന്മാരും വന്നു. അവരിൽ ചരിത്രപരമായ ചില പ്രത്യേക നിയോഗത്തിന് ഭാഗ്യം ലഭിച്ച വ്യക്തിത്വമായിരുന്നു വരക്കല്‍ മുല്ലക്കോയ തങ്ങള്‍. നാലു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് യമനില്‍ നിന്നും കോഴിക്കോടെത്തി പുതിയങ്ങാടിയില്‍ താമസമാക്കിയ സയ്യിദ് ഹാമിദ് അലി ബാഅലവി തങ്ങളുടെ ആറാം തലമുറക്കാരനാണ് വരക്കല്‍ മുല്ലക്കോയ തങ്ങള്‍. ബാഅലവി തറവാട്ടില്‍ എ ഡി 1840-ല്‍ ആയിരുന്നു വരക്കല്‍ മുല്ലക്കോയ തങ്ങള്‍ പിറവി കൊണ്ടത്. ബാല്യത്തിൽ തന്നെ അറിവും അദബും സ്വായത്തമാക്കിയ മഹാനവർകള്‍ ഏറെക്കുറേ ഭാഷകളും വശത്താക്കിയിരുന്നു. മതവിദ്യാഭ്യാസത്തിനോടപ്പം തന്നെ ഭൗതികപരമായ വിദ്യാഭ്യാസത്തിലും അദ്ദേഹം അവഗാഹം നേടിയിരുന്നു എന്നത് ആ ജീവിതത്തിൻ്റെ ഏറ്റവും കൗതുകകരമായ ഒരു സത്യമാണ്. കാരണം, അദ്ദേഹത്തിൻ്റെ നിയോഗം ഭൗതിക വിദ്യാഭ്യാസത്തെ കൂടി പിന്നീട് ഒരുകാലത്ത് ഉൾക്കൊള്ളാനിരിക്കുന്നു എന്നതിൻ്റെ സൂചന അതിലുണ്ട്. വൈദേശികശക്തികളോട് മുസ്ലിമീങ്ങളുടെ പ്രശ്നപരിഹാരങ്ങള്‍ക്കു വേണ്ടി ഇംഗ്ലീഷ് ഭാഷയില്‍ യാതൊരുവിധ പ്രയാസങ്ങളും കൂടാതെ ചര്‍ച്ചക്ക് തയ്യാറായിരുന്നു. അറക്കൽ അടക്കം രാജകുടുംബങ്ങൾക്ക് മറ്റു ഭാഷക്കാരുമായി ആശയവിനിമയം നടത്തുവാൻ ഇതിനാൽ തന്നെ തങ്ങൾ അവർകളെ ആവശ്യമായിരുന്നു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് എത്തിയതോടെ പുതിയ ചില പ്രശ്നങ്ങൾ രംഗത്തുവന്നു. ഒന്നാമതായി, സമുദായം ഒരു നേതാവിന് നിയന്ത്രിക്കാൻ കഴിയാത്ത അത്ര ഒരുപാട് ജനസംഖ്യയിൽ വളർന്നു. രണ്ടാമതായി, മഖ്ദൂമുമാരെ പോലെ, മമ്പുറം തങ്ങളെ പോലെ ശക്തമായ സ്വാധീനം ചെലുത്താൻ കഴിയുന്ന ഉലമാക്കളുടെയും നേതാക്കളുടെയും അംഗസംഖ്യ ഗണ്യമായി കുറഞ്ഞു. മൂന്നാമതായി, മറുവശത്ത് പഴയ കാലം വിശ്വാസത്തിന്റെയും കർമ്മത്തിന്റെയും കാര്യത്തിൽ അഭിമുഖീകരിച്ചതിന് സമാനമായ പുതിയ ലിബറൽ ചിന്താഗതികൾ വളർന്നു വളർന്ന് മതത്തിൻ്റെ ഉള്ളിലേക്ക് വരെ കടക്കാൻ തുടങ്ങി. ഒപ്പം സാങ്കേതിക വിദ്യയുടെ വളർച്ചയിലൂടെ ലോകത്തിൻ്റെ ഏതെങ്കിലും ഒരു കോണിലുള്ള നല്ലതോ അല്ലാത്തതോ ആയ ചിന്തകൾ താരതമ്യേന വേഗതയിൽ കൈമാറ്റം ചെയ്യാനുള്ള സംവിധാനങ്ങൾ ഉണ്ടായി. ഇത്തരം സാഹചര്യത്തിലാണ് നജ്ദ്, ഈജിപ്ത് തുടങ്ങിയ പ്രദേശങ്ങളിൽ ചില മത-യുക്തി വാദങ്ങൾ തലപൊക്കിയത്. അതുവരേക്കും സമുദായം അംഗീകരിച്ചു വന്ന കാര്യങ്ങളെ അവ യുക്തിസഹമല്ല എന്നും പറഞ്ഞ് പരസ്യമായി നിരാകരിക്കുന്ന സാഹചര്യം സംജാതമായി. പാരമ്പര്യത്തിൽ ഉറച്ചുനിൽക്കാൻ ആവശ്യമായ ആത്മീയ അവബോധം ഉള്ളിലില്ലാത്ത, പരിഷ്കാര ചിന്തകൾ തലക്കുപിടിച്ച ചിലർ അത് ഏറ്റെടുക്കാനും പ്രചരിപ്പിക്കാനും വരെ തയ്യാറായി. അത് കാലമിത്രയും പാരമ്പര്യത്തിൽ ശക്തമായി പിടിച്ചുനിന്ന മുസ്ലിം കേരളത്തിൻ്റെ മുമ്പിൽ ഒരു അനിവാര്യത സൃഷ്ടിക്കുകയായിരുന്നു. ഇനിമുതൽ ഒരാളല്ല, ഒരേ ചിന്തയും ആശയവും ഉള്ള ഒരുപാട് പേർ ചേർന്നുനിന്നു കൊണ്ടുള്ള ഒരു സ്വത്വം സമുദായത്തിന്റെ മുമ്പിൽ നിൽക്കുവാൻ ഉണ്ടായിരിക്കണം എന്ന് അനിവാര്യത. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൻ്റെ തുടക്കം മുതൽ തന്നെ കണ്ടു തുടങ്ങിയ ഈ അനിവാര്യതയുടെ സൂചനകൾ രണ്ട് ദശകങ്ങൾ പിന്നിട്ടപ്പോഴേക്കും എല്ലാം മറയും നീക്കി പുറത്തുവന്നു. പരമ്പരാഗത വിശ്വാസങ്ങളെയും ആചാര അനുഷ്ഠാനങ്ങളെയും ചോദ്യം ചെയ്ത് രംഗത്ത് വരുന്നവരുടെ ഉള്ളിലിരിപ്പ് എന്താണ് എന്നത് എല്ലാവർക്കും കാണാവുന്ന അത്ര പ്രകടമായപ്പോൾ അഹ്ലുസ്സുന്നയുടെ ഉലമാക്കൾ രംഗത്തിറങ്ങി. ആദർശത്തിനു വേണ്ടി മാത്രമുള്ള ആ പടയണിയെയും പുറപ്പാടിനെയും അവരും ലോകവും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന് വിളിച്ചു. പിന്നീട് അത് കാലത്തോടൊപ്പവും സമുദായത്തോടൊപ്പം കൃത്യമായി ചേർന്ന് നിന്ന് നടന്ന് നടന്ന് നൂറാണ്ടുകൾ അഭിമാനകരമായി പൂർത്തീകരിച്ചിരിക്കുകയാണ്. അഭിമാനകരമായ ഈ നൂറ് ആണ്ടുകളുടെ വിശദമായ അനുഭവങ്ങൾ അടുത്ത പേജുകളിൽ നാം വായിക്കാൻ ഇരിക്കുകയാണ്. അത് വായിച്ചു തീരുമ്പോൾ നമ്മോട് നമ്മുടെ മനസ്സ് തന്നെ പറയും, ദീനിനെ ഈ നാട്ടിൽ തനിമയോടെ നിലനിറുത്തുവാൻ അല്ലാഹു ചെയ്ത മഹാ കാരുണ്യമാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന പണ്ഡിത സഭ എന്ന്. 'ആദർശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ എന്ന പ്രമേയം' നൂറാം വാർഷികത്തെ അടയാളപ്പെടുത്തുവാൻ അഭിവന്ദ്യരായ ഉലമാക്കൾ തെരഞ്ഞെടുത്തതും ആ അർത്ഥത്തിലാണ്. നൂറാം വാർഷികം പതിനാല് നൂറ്റാണ്ടുകളുടെ നൂറാണ് എന്ന് ചുരുക്കം.
0
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso