Thoughts & Arts
Image

കലണ്ടറുകൾക്കും ഉണ്ട് കഥ പറയാൻ

2025-09-11

Web Design

15 Comments

ഇഅ്ജാസ്
ടി എച്ച് ദാരിമി





സൂറത്തുൽ കഹ്ഫിന്റെ 25-ാം സൂക്തത്തിൽ അല്ലാഹു പറയുന്നു: 'അവര്‍ അവരുടെ ഗുഹയില്‍ മുന്നൂറ് വര്‍ഷം താമസിച്ചു. അവര്‍ ഒമ്പതു വര്‍ഷം കൂടുതലാക്കുകയും ചെയ്തു' ഗുഹാവാസികളുടെ ചരിത്രം പറയുന്നതിനിടയിലാണ് ഈ പരാമർശം അല്ലാഹു നടത്തിയിരിക്കുന്നത്. ആ കഥ ഇങ്ങനെയാണ്: ഈസാനബി(അ)ക്കു ശേഷം ഒരു കാലത്ത് ക്രിസ്ത്യാനികള്‍ ദുര്‍മാര്‍ഗത്തില്‍ മുഴുകുകയും അവര്‍ക്കിടയില്‍ ബിംബാരാധന പ്രചരിക്കുകയും ചെയ്തു. അക്കാലത്ത് 'ദിഖ്‌യാനൂസ്' എന്ന് പേരായ ഒരു രാജാവുണ്ടായിരുന്നു. അയാള്‍ ജനങ്ങളെ ബിംബാരാധനക്ക് നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. അതിന് വഴങ്ങാത്ത കുറച്ചു യുവാക്കള്‍ രാജാവ് നാട്ടിലില്ലാത്ത ഒരു സന്ദര്‍ഭത്തില്‍ സ്ഥലംവിട്ടു. അവരുടെ നാട്ടിന്റെ നാമം 'ഉഫ്‌സൂസ്' എന്നോ 'ഥറസൂസ്' എന്നോ ആയിരുന്നു. തുർക്കിയുടെ അതിർത്തിക്കുള്ളിലാണ് ഈ രണ്ടുപേരിലുമുള്ള പട്ടണങ്ങൾ ഉള്ളത്. അങ്ങനെ അവര്‍ നാട്ടിനടുത്തുള്ള യന്‍ജലൂസ് എന്ന മലയിലെ ഒരു ഗുഹയില്‍ അഭയം പ്രാപിച്ചു. ഏഴു പേരുണ്ടായിരുന്ന ആ യുവാക്കളുടെ കൂട്ടത്തില്‍ ഒരു നായയും വന്നു ചേര്‍ന്നു. അതിനെ ആട്ടിക്കളയാന്‍ വളരെ പണിപ്പെട്ടുവെങ്കിലും അതവരെ പിന്തുടരുക തന്നെയായിരുന്നു. സംഘത്തിന് രഹസ്യമായി ഭക്ഷണവും മറ്റും കൊണ്ടുവന്നിരുന്നത് തങ്ങളുടെ പാര്‍ട്ടിയില്‍ പെട്ട തംലീഖാ ആയിരുന്നു. ഒരിക്കല്‍ അദ്ദേഹം പട്ടണത്തില്‍ പോയി തിരിച്ചു വന്നപ്പോള്‍ രാജാവ് സ്ഥലത്തെത്തിയിട്ടുണ്ടെന്നും തങ്ങളെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നുമുള്ള വിവരം കിട്ടി. അവര്‍ വലിയ ദുഃഖത്തിലും പരിഭ്രമത്തിലുമായി. അങ്ങനെ എല്ലാവരും പരസ്പരം വസ്വിയ്യത്ത് ചെയ്തും അല്ലാഹുവിനോടുള്ള പ്രാര്‍ഥനയില്‍ നിരതരായും ഇരിക്കെ അവരെയും നായയെയും അല്ലാഹു ദീർഘമായി ഉറക്കിക്കളഞ്ഞു. അവരെ എത്ര വർഷമാണ് ഉറക്കി കളഞ്ഞത് എന്നതാണ് ഈ സൂക്തത്തിൽ അല്ലാഹു പറയുന്നത്.


ഈ കാലം പറയുന്നതിൽ ഒരു വിചിത്രമായ ശൈലിയുണ്ട്. അവർ 309 വർഷം ഉറങ്ങി എന്നല്ല അല്ലാഹു പറയുന്നത്. മറിച്ച്, 300 വർഷവും, പിന്നെ 9 വർഷം അധികവും ഉറങ്ങി എന്നാണ്. 309 എന്ന് പറയുന്നതിന് പകരം 300 ഉം 9 അധികവും എന്നാണ് പറഞ്ഞിട്ടുള്ളത് എന്നു ചുരുക്കം. ഇതെന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത് എന്നതിൻറെ ഉത്തരത്തിലേക്ക് എത്തുവാൻ നാം കാലഗണനയെ കുറിച്ച് ഒരു ആമുഖം മനസ്സിലാക്കേണ്ടിയിരിക്കുന്നു. നമ്മുടെ പ്രപഞ്ചത്തിൽ കാലഗണന രണ്ട് അടിസ്ഥാനങ്ങളെ ആധാരമാക്കി നടത്താം. ഒന്നാമതായി നമ്മുടെ സൗരയൂഥത്തിന്റെ കേന്ദ്രമായ സൂര്യൻ്റെ കറക്കത്തിന് വിധേയമായി. സൂര്യന്റെ ചലനങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു വർഷത്തെ സൗരവർഷം എന്ന് നിർവചിക്കുന്നു. രണ്ടാമത്തേത് നമ്മുടെ ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രൻ്റെ ചലനത്തെയും ഭ്രമണത്തെയും ആധാരമാക്കിക്കൊണ്ട്. ഇതിന് ചാന്ദ്ര വർഷം എന്നു പറയുന്നു. ഈ ഗണനയെ ആധാരമാക്കി സോളാർ, ലൂണാർ എന്നിങ്ങനെ രണ്ട് തരം കലണ്ടറുകൾ നമുക്കുണ്ട്. നമ്മുടെ ഭൂമി സൂര്യനെ വലം വെക്കുകയാണല്ലോ ഇത് ഒരു ചക്രം പൂർത്തിയാകുവാൻ വേണ്ടിവരുന്ന കാലത്തെയാണ് സൂര്യവർഷം എന്നു പറയുന്നത്. ഒരു സൂര്യവർഷം 365 ദിവസവും 5 മണിക്കൂറും 55 മിനുട്ടും 12 സെക്കൻഡുമാണ്. അതേ സമയം ഒരു ചന്ദ്രവർഷം 354 ദിവസവും 8 മണിക്കൂറും 48 മിനുട്ടും മാത്രമായിരിക്കും. അതനുസരിച്ച് രണ്ട് കലണ്ടറിന്റെയും ഇടയിലുള്ള കൃത്യമായി വ്യത്യാസം 10 ദിവസവും 12 മണിക്കൂറും 7 മിനുട്ടും 12 സെക്കൻഡുമായിരിക്കും. പൊതുവേ ഈ വ്യത്യാസത്തെ നാം 11 ദിവസം എന്ന് പറയും.


അതനുസരിച്ച് ഓരോ വർഷത്തിലും ചന്ദ്ര കലണ്ടറിൽ 11 ദിവസം കുറയുകയാണെങ്കിൽ നാം ഓരോ 33 വർഷം പിന്നിടുന്ന സന്ദർഭത്തിൽ ചന്ദ്രകലണ്ടറിൽ ഒരു വർഷം അധികമായി വന്നുചേരും. അതായത് 33 സൂര്യവർഷം 34 ചന്ദ്ര വർഷമായിരിക്കും എന്ന് ചുരുക്കം. ഇതനുസരിച്ച് നാം 33 സൂര്യവർഷങ്ങൾ പിന്നിടുന്ന സന്ദർഭത്തിൽ ഒരു ചന്ദ്രവർഷമാണ് അധികരിക്കുന്നത് എങ്കിൽ 100 സൂര്യവർഷം പിന്നിടുമ്പോൾ 3 ചന്ദ്രവർഷവും 200 സൂര്യവർഷം പിന്നിടുമ്പോൾ 6 ചന്ദ്രവർഷവും 300 സൂര്യവർഷം പിന്നിടുമ്പോൾ 9 ചന്ദ്രവർഷവും അധികരിക്കും എന്നത് മനസ്സിലാക്കുക പ്രയാസമുള്ള കാര്യമല്ല. അസ്ഹാബുൽ കഹ്ഫിന്റെ കാര്യത്തിൽ ഇത്തരമൊരു പരാമർശം നടത്തിയത് ഈ രണ്ട് കലണ്ടറുകളെയും ഒരേപോലെ ഉൾക്കൊള്ളുവാൻ വേണ്ടിയാണ് എന്നതാണ് ഇതിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം. മറ്റു ചില അനുബന്ധ ചിന്തകൾ കൂടി ഈ ചർച്ചയിൽ സ്വാഭാവികമായും കടന്നു വരും. അത് ഏതു കലണ്ടറാണ് ശ്രേഷ്ഠം എന്ന് വിലയിരുത്തുന്ന ചർച്ചകളാണ്. ചന്ദ്രനെ ആധാരമാക്കുന്നതിനാലും അത് ഇസ്ലാമിക സംസ്കൃതിയിൽ അംഗീകരിക്കപ്പെട്ട കലണ്ടർ വ്യവസ്ഥിതിയാണ് എന്നതിനാലും അതാണ് ശരി എന്ന് വാദിക്കുന്നവർ ഉണ്ടാകും. അങ്ങനെ വാദിക്കേണ്ട ആവശ്യമില്ല. എന്ന് മാത്രമല്ല, സൂര്യനും ചന്ദ്രനും അല്ലാഹുവിൻ്റെ ആയത്തുകൾ ആണ്, രണ്ടും അല്ലാഹുവിൻ്റെ പരാമർശത്തിൽ വന്നിട്ടുള്ളതാണ് എന്നെല്ലാമാണ് നാം ഉൾകൊള്ളേണ്ടത്. അതോടൊപ്പം നാം മനസ്സിലാക്കേണ്ടുന്നത് വിശുദ്ധ ഖുർആൻ ഉദ്ധരിക്കുന്ന ഈ കഥ നടക്കുന്ന കാലത്ത് ഇത്തരം കലണ്ടർ വ്യവസ്ഥിതികളൊന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും, അല്ലാഹു കലണ്ടർ വ്യവസ്ഥിതിയെ ആധാരമാക്കിക്കൊണ്ടാണ് കാലഗണന നടത്തിയിരിക്കുന്നത് എന്നതാണ്.


കാലവും കലണ്ടറും സമയവും എല്ലാം അതിശക്തമായ ഒരു കൃത്യത പുലർത്തുന്നത് കാണാം. അതും ഈ ചർച്ചയിലെ ഒരു ചിന്താവിഷയമാണ്. ഇവയെ എല്ലാം അല്ലാഹു ബന്ധിപ്പിച്ചു നിർത്തിയിരിക്കുന്നത് ഇതേ സൂര്യനെയും ചന്ദ്രനെയും കൊണ്ടാണ്. സൂര്യനെയും ചന്ദ്രനെയും സംവിധാനിച്ചിരിക്കുന്നത് അതിനുവേണ്ടിയാണ് എന്ന് അല്ലാഹു വിശുദ്ധ ഖുർആനിൽ തുറന്നു പറഞ്ഞിട്ടുണ്ട്. അല്ലാഹു പറയുന്നു: 'സൂര്യനെ ജ്വലിക്കുന്ന വെളിച്ചവും ചന്ദ്രനെ പ്രഭയുമാക്കിയത് അവനാണ്. വര്‍ഷങ്ങളുടെ എണ്ണവും കണക്കും നിങ്ങള്‍ക്കു ഗ്രഹിക്കാനായി അതിനവന്‍ വിവിധ സഞ്ചാര പഥങ്ങള്‍ നിര്‍ണയിച്ചു. ന്യായമായ ആവശ്യാര്‍ത്ഥം മാത്രമേ അല്ലാഹു അവ സൃഷ്ടിച്ചിട്ടുള്ളൂ. വസ്തുതകള്‍ ഗ്രഹിക്കുന്നവര്‍ക്കായി അവന്‍ ദൃഷ്ടാന്തങ്ങള്‍ പ്രതിപാദിക്കുന്നു. രാപ്പകലുകള്‍ മാറി വരുന്നതിലും ഭുവന-വാനങ്ങളില്‍ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളവയിലും സൂക്ഷ്മാലുക്കളായ ജനങ്ങള്‍ക്കു ദൃഷ്ടാന്തങ്ങളുണ്ട്' (യൂനുസ്: 5, 6) സ്വയം പ്രകാശിക്കുന്ന ജോതിര്‍ഗോളമാണു സൂര്യന്‍; അതിന്റെ പ്രഭ കടമെടുക്കുകയാണ് ചന്ദ്രന്‍ ചെയ്യുന്നത്. ഈ വ്യത്യസ്തതയിലേക്ക് പതിനാല് നൂറ്റാണ്ട് മുമ്പ് ഖുര്‍ആന്‍ വിരല്‍ ചൂണ്ടിയത് ഈ ആയത്തിൽ ഏറെ ശ്രദ്ധേയമാണ്. 'ആകാശത്ത് അവന്‍ ചന്ദ്രനെ ഒരു പ്രഭയും സൂര്യനെ ഒരു വിളക്കും ആക്കിയിരിക്കുന്നു' എന്നാണ് (നൂഹ്:16) ൽ പറയുന്നത് മറ്റൊരു ഉദാഹരണം. അൽഫുർഖാൻ അധ്യായത്തിന്റെ 61 -ാം സൂക്തത്തിലും ഇതേ പരാമർശം ആവർത്തിക്കപ്പെടുന്നു. അതിൽ അല്ലാഹു പറയുന്നു: 'ആകാശത്ത് നക്ഷത്രമണ്ഡലങ്ങള്‍ ഉണ്ടാക്കിയവന്‍ അനുഗ്രഹപൂര്‍ണനാകുന്നു. അവിടെ അവന്‍ ഒരു വിളക്കും (സൂര്യന്‍) വെളിച്ചം നല്‍കുന്ന ചന്ദ്രനും ഉണ്ടാക്കിയിരിക്കുന്നു' ഈ സൂക്തങ്ങളെല്ലാം പറയുന്നത് സൂര്യനാണ് പ്രകാശത്തിന്റെ സ്രോതസ്സ് എന്നും ചന്ദ്രനില്‍ നിന്ന് ലഭിക്കുന്നത് സൂര്യനില്‍ നിര്‍മിക്കപ്പെടുന്ന പ്രകാശമാണെന്നും സ്വയം പ്രകാശിക്കാത്ത ചന്ദ്രനില്‍ സൂര്യപ്രകാശം പ്രതിഫലിക്കുന്നതുകൊണ്ടാണ് അതില്‍നിന്ന് നമുക്ക് വെളിച്ചം ലഭിക്കുന്നത് എന്നും ആണ്. ഖുര്‍ആന്‍ അവതരിപ്പിക്കപ്പെടുന്ന കാലത്ത് മനുഷ്യര്‍ക്ക് ഇല്ലാതിരുന്ന അറിവാണിത്. മാത്രമല്ല ചന്ദ്രനെ നാം പലപ്പോഴും അനുഭവിക്കുന്നത് രാത്രികാലങ്ങളിൽ ആണ് രാത്രിയിൽ മനുഷ്യനെ വെളിച്ചമാണ് വേണ്ടത് എന്നിട്ടും രാത്രിക്ക് വേണ്ടി നീക്കിവെച്ചിരിക്കുന്നത് സ്വയം വെളിച്ചമില്ലാത്ത ചന്ദ്രനെയാണ് എന്ന് പറയുമ്പോൾ ഭൂമിയിലെ മനുഷ്യന് വെളിച്ചം നൽകുക എന്നതിലപ്പുറം മറ്റു ചില കാര്യങ്ങളാണ് സൂര്യനും ചന്ദ്രനും ഒക്കെ ചെയ്യാനുള്ളത് എന്നുകൂടി മനസ്സിലാക്കാം.


മറ്റൊരു സൂക്തത്തിൽ അള്ളാഹു 'സൂര്യനെയും ചന്ദ്രനെയും കണക്കുകള്‍ക്ക് അടിസ്ഥാനവുമാക്കിയിരിക്കുന്നു' എന്നാണ് പറഞ്ഞിരിക്കുന്നത്. (അന്‍ആം: 96). ഗോള ശാസ്ത്രകണക്കുകളുടെ കൃത്യതയെ സൂചിപ്പിക്കുന്ന വചനങ്ങളാണിത്. ഗോള ശാസ്ത്രകണക്കുകള്‍ ദൈവീക നിശ്ചയമാണ്. അത് ഗ്രഹിച്ചെടുക്കുക മാത്രമാണ് മനുഷ്യന്‍ ചെയ്യുന്നത്. ഭൂമി സ്വന്തം അച്ചുതണ്ടില്‍ ഒരു പ്രാവശ്യം ഭ്രമണം ചെയ്യാന്‍ എടുക്കുന്ന സമയമാണ് ഒരു ദിവസം. അത് കൃത്യമായി പറഞ്ഞാല്‍ 23 മണിക്കൂര്‍ 56 മിനുട്ട് 4.09 സെക്കന്‍റ്റ് ആണ്. ഭൂമി സൂര്യനെ പരിക്രമണം ചെയ്യുമ്പോള്‍ ഒരു ഡിഗ്രി വീതം ഒരു ദിവസം മുന്നോട്ട് നീങ്ങുമ്പോള്‍ വര്‍ദ്ധിക്കുന്ന 4 മിനുട്ട് കൂടി ഇതിലേക്ക് കൂട്ടുമ്പോള്‍ ഒരു ദിവസം 24 മണിക്കൂറാണ് എന്ന് കിട്ടുന്നു. 40075 കിലോമീറ്റര്‍ ചുറ്റളവുളള ഭൂമി 24 മണിക്കൂര്‍ കൊണ്ട് ഒരു പ്രാവശ്യം പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് തിരിയുമ്പോള്‍ 1669.79 കിലോമീറ്ററാണ് ഭൂമധ്യരേഖ പ്രദേശത്ത് ഒരു മണിക്കൂര്‍ സമയവ്യത്യാസത്തിനാവശ്യമായ ദൂരം എന്ന് കിട്ടുന്നു. ഭൂമിയുടെ ചുറ്റളവായ 40075നെ 24കൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന സംഖ്യയാണ് ഇത്. ഭൂമി 360 ഡിഗ്രി ഭ്രമണം ചെയ്യുമ്പോഴാണല്ലോ ഒരു പ്രാവശ്യം ഭ്രമണം പൂര്‍ത്തിയാവുന്നത്. 111.31 കിലോമീറ്ററാണ് ഭൂമധ്യരേഖയില്‍ ഒരു ഡിഗ്രി എന്ന് മനസ്സിലാക്കാം. പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് തിരിയുമ്പോള്‍ കിഴക്ക് ഭാഗത്തുളള രാഷ്ട്രങ്ങളാണ് ആദ്യം സൂര്യന്റെ ഭാഗത്തേക്ക് വരുന്നത്. പടിഞ്ഞാറ് ഭാഗത്തുളള രാഷ്ട്രങ്ങള്‍ പിന്നീട് മാത്രമേ എത്തുകയുള്ളൂ. വടക്കും തെക്കും തമ്മില്‍ സമയത്തില്‍ വ്യത്യാസം വരില്ല, കാരണം ഭൂമി പടിഞ്ഞാറ് നിന്ന് കിഴക്കോട്ടാണ്, തെക്ക് വടക്കല്ല തിരിയുന്നത്. ഉദാഹരണമായി കേരളവും ഖസാക്കിസ്ഥാനും തമ്മില്‍ കാര്യമായ സമയവ്യത്യാസമില്ല. കാരണം അത് കേരളത്തിന്റെ അതേ രേഖാംശ രേഖയില്‍ നേരെ വടക്കാണ് സ്ഥിതിചെയ്യുന്നത്.


ഭൂമിയുടെ സ്വന്തം അച്ചുതണ്ടിലുളള ഒരു ഡിഗ്രി കറക്കത്തിന് 4 മിനുട്ട് എടുക്കുന്നു. അപ്പോള്‍ 360 ഡിഗ്രി കറങ്ങാന്‍ 24 മണിക്കൂര്‍ എടുക്കുന്നു. ഒരു ഡിഗ്രിക്ക് 4 മിനുട്ട് പ്രകാരം 360 ഡിഗ്രിക്ക് 24 മണിക്കൂറാണല്ലോ സമയവ്യത്യാസം. കേരളത്തിന്റെ 1600 കി.മീ കിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന ആന്തമാനിലെ പ്രാദേശിക സമയം കേരളത്തേക്കാള്‍ ഒരു മണിക്കൂര്‍ മുന്നിലാണ്. സമയത്തിന്റെ മധ്യരേഖയായ ഗ്രീനിച്ചില്‍ നിന്ന് ഓരോ ഡിഗ്രിക്ക് 4 മിനുട്ട് വീതം വര്‍ദ്ധിക്കുന്നതായി കിഴക്കോട്ടും 4 മിനുട്ട് വീതം കുറയുന്നതായി പടിഞ്ഞാറോട്ടും കണക്കുകൂട്ടിയാല്‍ ഭൂമിയില്‍ ഏറ്റവും കൂടിയ സമയവും ഏറ്റവും കുറഞ്ഞ സമയവും തമ്മില്‍ നേരെ മറുഭാഗത്ത് കൂട്ടിമുട്ടും. ആ മുട്ടുന്ന സ്ഥലത്ത് കൂടെ ഉത്തരധ്രുവം മുതല്‍ ദക്ഷിണധ്രവും വരെ വരച്ച സാങ്കല്‍പ്പിക രേഖയാണ് അന്തര്‍ദേശീയ ദിനമാറ്റരേഖ എന്ന് പറയുന്നത്. 1884ല്‍ വാഷിംഗ്ടണ്‍ ഡി.സിയില്‍ 26 രാഷ്ട്രങ്ങള്‍ യോഗം ചേര്‍ന്നാണ് ഈ രേഖ അംഗീകരിച്ചത്. ഈ രേഖയുടെ രണ്ട് ഭാഗത്തും എല്ലായ്പോഴും 24 മണിക്കൂര്‍ സമയവ്യത്യാസം ഉണ്ടാകും. ഉദാഹരണമായി ദനിരേഖയുടെ തൊട്ട് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഫിജിദ്വീപില്‍ വെള്ളിയാഴ്ച ലോകത്തില്‍ ആദ്യത്തെ ജുമുഅ നടക്കുമ്പോള്‍ ഈ രേഖയുടെ തൊട്ട് കിഴക്ക് ഭാഗത്തെ വെസ്റ്റേണ്‍ സമോവ ദ്വീപില്‍ അതേ സമയത്ത് വ്യാഴാഴ്ച ഉച്ചക്ക് ളുഹര്‍ നമസ്കരിക്കുകയായിരിക്കും. ഒരേ രാഷ്ട്രത്തിനുളളില്‍ രണ്ട് ദിവസം ആവാതിരിക്കാന്‍ ദിനരേഖയില്‍ പടിഞ്ഞാറോട്ട് വളച്ച ഭാഗത്തിന് അലൂഷ്യന്‍ അഡ്ജസ്റ്റ്മെന്റ് എന്നും കിഴക്കോട്ട വളച്ച ഭാഗത്തിന് കിരിബാറ്റി അഡ്ജസ്റ്റ്മെന്റ് എന്നും പറയുന്നു.


ശാസ്ത്രം കണ്ടെത്തിയ ഈ കൃത്യതകളെല്ലാം വിശുദ്ധ ഖുർആനിൽ മാത്രമേ സൂചിപ്പിക്കപ്പെടുന്നുള്ളൂ എന്നത് മറ്റൊരു കൗതുകമാണ്. ദൈവവചനമാണ് എന്ന് അവകാശപ്പെടുന്ന വേദപുസ്തകത്തിന്റെ ആൾക്കാരുടെ കൈവശമുള്ള പഴയ നിയമം സൂര്യചന്ദ്രന്മാരെ കുറിച്ച് പ്രയോഗിച്ചിട്ടുള്ള പ്രയോഗം കണ്ടാൽ അത് വളരെ പെട്ടെന്ന് മനസ്സിലാക്കാൻ കഴിയും. അതിൽ സൂര്യചന്ദ്രന്മാരുടെ ഉല്പത്തിയെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: 'ദൈവം മഹാദീപങ്ങള്‍ സൃഷ്ടിച്ചു; പകലിനെ നയിക്കാന്‍ വലുത്, രാത്രിയെ നയിക്കാന്‍ ചെറുത്” (ഉല്‍പത്തി 1:16). വെളിച്ചത്തിന്റെ സ്രോതസ്സ് ഇവയിൽ ഏതാണ് എന്ന് ഖുർആനിലേതു പോലെ ഈ ബൈബിൾ വചനം സൂചിപ്പിക്കുന്നില്ല. ബൈബിൾ വചനത്തിന്റെ വെളിച്ചത്തിൽ സൂര്യനും ചന്ദ്രനും വലുപ്പത്തിൽ മാത്രമേ വ്യത്യാസമുള്ളൂ. അതുതന്നെ രാത്രിക്കും പകലിനും വേണ്ടി എന്നോണം വലിപ്പം ക്രമീകരിച്ചിരിക്കുന്നു എന്ന് തരത്തിൽ.
O

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso