Thoughts & Arts
Image

പ്രവാചകൻ: നെഹ്റുവിൻ്റെ വരികൾക്കിടയിൽ

2025-09-11

Web Design

15 Comments

വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി





പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ജയിലിൽ നിന്ന് മകൾക്കയച്ച കത്തുകളുടെ സമാഹാരമായ Glimpses ot world History യിൽ 1932 മെയ് 21 ന് അയച്ച കത്ത് The coming of Islam എന്ന ശീർഷകത്തോടെ 48-ാം അദ്ധ്യായമായി ചേർത്തിട്ടുണ്ട്. നബി തിരുമേനി(സ്വ)യുടെ വരവും സ്വാധീനവും അവലോകനം ചെയ്യുന്ന ഈ കത്തിന്റെ ഉള്ളടക്കം നബി പഠനങ്ങളിൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. കാരണം, ലോക ചരിത്രത്തിലെ നിംനോന്നതികളെ ആശയത്തിൽ പുലർത്തുന്ന തീവ്രതയോടൊപ്പം ഭാഷയിലും ചിന്തയിലും തികഞ്ഞ സാരള്യം പുലർത്തി നിരൂപണ ധ്വനിയിൽ അവതരിപ്പിക്കുകയാണ് അദ്ദേഹം ചെയ്യുക. അത്തരം ഒരു വൈപുല്യം തന്നെയാണ് അദ്ദേഹത്തെ പണ്ഡിറ്റ് ആക്കി മാറ്റുന്നത്. ഈ കത്തിന്റെ ആദ്യത്തെ ഭാഗങ്ങളിൽ അദ്ദേഹം പരിഭവിക്കുന്നത് നമ്മുടെ ശ്രദ്ധ അറേബ്യയിലേക്ക് എത്തിയില്ല എന്ന് പറഞ്ഞു കൊണ്ടാണ്. അതിൻ്റെ കാരണം അദ്ദേഹം പറയുന്നുണ്ട്. പടിഞ്ഞാറ് ഈജിപ്ത്, വടക്ക് സിറിയയും ഇറാഖും, അല്പം കിഴക്കോട്ട് മാറിയാൽ പേർഷ്യ എന്ന ഇറാൻ, അല്പം വടക്കു പടിഞ്ഞാറായി ഏഷ്യാ മൈനറും കോൺസ്റ്റാന്റിനോപ്പിളും, ഒപ്പം ഗ്രീസും ഇന്ത്യയും ഒട്ടും അകലെയല്ല, അങ്ങനെ ചൈന തുടങ്ങിയ പൗരസ്ത്യ രാജ്യങ്ങളെ ഒഴിച്ചുനിർത്തിയാൽ പഴയ ലോക നാഗരികതയിൽ പരിഗണിക്കപ്പെട്ടിരുന്ന പ്രദേശങ്ങളുടെ മധ്യഭാഗത്താണ് അറേബ്യ സ്ഥിതി ചെയ്യുന്നത്. ഇറാഖിൽ ടൈഗ്രീസിന്റെയും യൂഫ്രട്ടീസിന്റെയും തീരങ്ങളിൽ വൻ നഗരങ്ങൾ ഉയർന്നുവന്നു. ഈജിപ്തിൽ അലക്സാണ്ടറിയയും സിറിയയിൽ ഡമാസ്കസും ഏഷ്യാ മൈനറിൽ അന്ത്യോക്യയും മറ്റും ഉയർന്നുവന്നു. ഈ നാഗരിക വളർച്ചയുടെ അടയാളങ്ങൾക്കു മുമ്പിലൂടെ അറേബ്യയിലെ ജനങ്ങൾ പലപ്പോഴും കടന്നു പോയിട്ടുണ്ടാകും. എന്നിട്ടും അറേബ്യയിലെ ജനത ശ്രദ്ധേയമായ ഒരു റോളും വഹിക്കുകയുണ്ടായില്ല. നാഗരികതയിലോ സംസ്കൃതിയിലോ ഒരു പുരോഗതിയും അവിടെ ഉണ്ടായില്ല. ആരെയെങ്കിലും ആകർഷിക്കുന്ന ഒന്നും ഉണ്ടായിരുന്നില്ല അതുകൊണ്ട് ആരും അങ്ങോട്ട് അധിനിവേശം ചെയ്യുവാനോ കീഴ്പ്പെടുത്തുവാനോ ശ്രമിച്ചതുമില്ല. അതുകൊണ്ടെല്ലാം ഈ പ്രദേശത്തേക്ക് നമ്മുടെ ചിന്തകൾ വന്നില്ല. പരിതാപത്തിന്റെ ന്യായം പറയുന്നതോടൊപ്പം പ്രവാചകന് വഴി വിരിച്ച അറേബ്യയെ പരിചയപ്പെടുത്തുക കൂടി ചെയ്യുകയാണ് ജവഹർലാൽ നെഹ്റു. അടുത്ത പാരഗ്രാഫിൽ അറബികളുടെ പ്രകൃതം അദ്ദേഹം വരച്ചുവെക്കുന്നു. മലകളും പർവ്വതങ്ങളും വലയം ചെയ്തുനിൽക്കുന്ന ഈ പ്രദേശത്തിലെ നിവാസികൾ സ്വാർത്ഥരും കീഴടങ്ങാത്ത പ്രകൃതക്കാരുമായിരുന്നു. മക്ക, യത് രിബ് എന്നീ രണ്ടു ചെറു തീര നഗരങ്ങൾ മാത്രമായിരുന്നു അവർക്കുണ്ടായിരുന്നത്. ബദുക്കൾ ആയിരുന്നു അവിടുത്തെ താമസക്കാർ. അവർക്ക് അവരുടെ കന്നുകാലികൾക്ക് പുറത്ത് മറ്റൊരു ചിന്തയും ലോകവും ഉണ്ടായിരുന്നില്ല. അത് അവർക്ക് കരുത്തും സഹനശേഷിയും പ്രത്യേകമായി പ്രദാനം ചെയ്തു.


അവർ അഭിമാനികളും വികാര ജീവികളും പരസ്പരം തർക്കിക്കുകയും കലഹത്തിൽ ഏർപ്പെടുകയും ചെയ്യുന്നവരും ആയിരുന്നു. എങ്കിലും കൊല്ലത്തിലൊരിക്കൽ അവർ സമാധാനപരമായി മക്കായിലേക്ക് തീർഥാടനത്തിന് പോകുമായിരുന്നു. അവർ നാടോടികളിയിരുന്നു. അവരുടെ ജീവിതചക്രം പുരുഷ കേന്ദ്രീകൃതമായിരുന്നു. അറേബ്യയുടെ ചുറ്റുഭാഗവും ഉയർന്ന വലിയ സാമ്രാജ്യങ്ങൾ പലപ്പോഴും അറേബ്യ തങ്ങളുടെ അധികാരപരിധിക്കുള്ളിലാണ് എന്ന് കരുതിയിരുന്നു. പക്ഷേ, അത് വെറും ഒരു അവകാശവാദം മാത്രമായിരുന്നു. ഈ ജനങ്ങളെ മെരുക്കിയെടുക്കുന്നതും ഭരിക്കുന്നതും അത്ര എളുപ്പമായിരുന്നില്ല. സിറിയയിൽ പാൽമിറ എന്ന പേരിൽ ഒരു അറബ് സ്റ്റേറ്റ് ഉയർന്നുവന്നത് നമ്മൾ ഓർക്കുന്നുണ്ടാവും. എ ഡി മൂന്നാം നൂറ്റാണ്ടിൽ അത് അതിൻ്റേതായ എല്ലാ പ്രതാപവും പ്രാപിച്ചിരുന്നതാണ്. പക്ഷേ അത് നിലനിന്നില്ല. ബദുവിൻ ജനതയ്ക്ക് അവരുടെ അപരിഷ്കൃത മരുഭൂ ജീവിതമായിരുന്നു പത്ഥ്യം. അവർ കച്ചവടങ്ങൾക്ക് വേണ്ടി പുറത്തേക്ക് പോവുകയും തിരിച്ചുവരികയും ചെയ്തുവന്നു. പക്ഷേ അവരിൽ ഒരു മാറ്റങ്ങളും കാര്യമായി ഉണ്ടായില്ല. അവസാനം ചിലർ ക്രിസ്ത്യാനിറ്റിയെയും മറ്റു ചിലർ ജൂദായിസത്തെയും പുണർന്നു. എന്നാൽ അവരിലെ മഹാഭൂരിപക്ഷവും വിഗ്രഹങ്ങളെയും മക്കയിലെ കറുത്ത ശിലയെയും ആരാധിക്കുന്നവരായി തന്നെ തുടർന്നു. അറേബ്യയുടെ അവികസിതമായ ഈ പിന്നോക്കാവസ്ഥകളെ വിവരിക്കുന്ന ആമുഖം ചമയ്ച്ചതിനുശേഷം അദ്ദേഹം തന്റെയും ലോകത്തിന്റെയും അത്ഭുതം പങ്കുവെക്കുകയാണ്. അത്, ലോകത്തിൻ്റെ ശ്രദ്ധയിൽ വരാത്ത, സാംസ്കാരിക - നാഗരിക വളർച്ചകൾ ഒന്നും ഒട്ടും ഉണ്ടാവാത്ത, അവ ഉണ്ടാവണമെന്നില്ലാത്ത ഇത്തരമൊരു ജനത സടകുടഞ്ഞെഴുന്നേൽക്കുകയും വലിയ ഊർജ്ജം സ്വായത്തമാക്കുകയും ലോകത്തെ ഞെട്ടിക്കുകയും ചെയ്യുകയായിരുന്നു എന്ന അൽഭുതമാണത്. അതിനാൽ തന്നെ അറബികളുടെ കഥ, അവർ എങ്ങനെയാണ് ഏഷ്യയിലും യൂറോപ്പിലും ആഫ്രിക്കയിലും വ്യാപിക്കുകയും ഒരു ഉന്നതമായ സംസ്കാരവും നാഗരികതയും സ്ഥാപിക്കുകയും ചെയ്തത് എന്നത് ചരിത്രത്തിലെ ഒരു അത്ഭുതം തന്നെയാണ്.


തുടർന്ന് ഈ അത്ഭുതത്തിന്റെ പ്രഭവ കേന്ദ്രം ഇസ്ലാമായിരുന്നു എന്ന് നെഹ്റു നിരീക്ഷിക്കുന്നു. നബി(സ്വ) തങ്ങളുടെ വരവിനെ സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം വിലയിരുത്തുന്നത്, മുഹമ്മദ് തികച്ചും ശാസ്ത്രീയമായ സമീപനമാണ് പുതിയ സംസ്കാരത്തിൻ്റെ സംസ്ഥാപനത്തിന് പുലർത്തിയത് എന്നാണ്. കാരണം, ആദ്യം അദ്ദേഹം ശ്രമിച്ചത് തൻ്റെ നാട്ടുകാരുടെ വിശ്വാസം നേടിയെടുക്കാനായിരുന്നു. ഇതിനുവേണ്ടി അദ്ദേഹം ജീവിതത്തിൻ്റെ ദീർഘമായ ആദ്യകാലം ഉപയോഗപ്പെടുത്തി. അത് സാധ്യമാവുകയും ചെയ്തു. അദ്ദേഹത്തിൻ്റെ നാട്ടുകാർ അദ്ദേഹത്തെ അൽ അമീൻ - വിശ്വസ്തൻ - എന്ന് വിളിക്കുമായിരുന്നു. ഈ വിശ്വാസ്യത ആർജ്ജിച്ചതിനുശേഷം പ്രവാചകൻ തൻ്റെ പ്രബോധനം ആരംഭിച്ചു. അതിനിടയിൽ മക്കയിലെ ദൈവങ്ങളെ തള്ളിപ്പറഞ്ഞപ്പോൾ അവയെ ആരാധിക്കുന്ന സമൂഹം പ്രവാചകനെതിരെ വലിയ ബഹളങ്ങൾ ഉണ്ടാക്കി. ഈ ബഹളങ്ങൾ അദ്ദേഹത്തെ താൽക്കാലികമായി സ്വന്തം നാട് ഉപേക്ഷിക്കുവാനും യത് രിബിലേക് പലായനം ചെയ്യുവാനും നിർബന്ധിച്ചു. ആ പലായനവും ഈ പ്രവാചകൻ പകർന്ന സംസ്കാരത്തിൻ്റെ ഭാഗമായി മാറി എന്നത് ഏറെ കൗതുകകരമാണ്. കാരണം ഈ പലായനത്തെ ആധാരമാക്കിയാണ് ചാന്ദ്ര വർഷ കലണ്ടർ രൂപപ്പെട്ടത്. യതിരിബിൽ എത്തിയതോടെ പ്രവാചകൻ ഹാർദ്ദവമായി സ്വാഗതം ചെയ്യപ്പെട്ടു. അതിൻ്റെ ഭാഗമായി ആ നാടിൻ്റെ പേര് തന്നെ 'പ്രവാചകന്റെ നഗരം' എന്ന് പുനർനിർണയിക്കപ്പെട്ടു. അതോടെ അതും പുതിയ സംസ്കാരത്തിൻ്റെ ഒരു വികാരമായി മാറി. ഇവിടുത്തെ ജനങ്ങൾ അദ്ദേഹത്തെ എല്ലാ അർത്ഥത്തിലും സഹായിക്കുമായിരുന്നു. അതുകൊണ്ട് അവർ ചരിത്രത്തിൽ അൻസാറുകൾ - സഹായികൾ - എന്ന പേരിൽ അറിയപ്പെട്ടു. ഇപ്പോഴും അവർ അങ്ങനെയാണ് അറിയപ്പെടുന്നത്.


ഇസ്ലാമിന്റെയും അറബികളുടെയും ദിഗ് വിജയങ്ങൾ പരിശോധിക്കുന്നതിന് മുമ്പ് നമുക്ക് അന്നത്തെ ചുറ്റുപാടുകളിൽ ഒന്നു കണ്ണോടിക്കാം. റോം തകരുകയും ഗ്രീക്ക് - റോമൻ സംസ്കാരം അവസാനിക്കുകയും അവ ഉണ്ടാക്കിയ എല്ലാ സാമൂഹ്യ സത്വങ്ങളും നശിക്കുകയും ചെയ്തിരുന്നു അപ്പോഴേക്കും. റോമാസാമ്രാജ്യത്തിന്റെ മറ പിടിച്ച് വടക്കൻ യൂറോപ്പിലെ ചില വംശങ്ങൾ അധികാരത്തിലേക്ക് വരാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ അത് ആരംഭ ദശയിൽ മാത്രമായിരുന്നു. കാണപ്പെടാൻ മാത്രം പ്രകടമായിരുന്നില്ല. ഇതെല്ലാം കാരണത്താൽ പഴയത് പോവുകയും പുതിയത് സ്ഥാനം പിടിക്കാതിരിക്കുകയും ചെയ്തതോടെ യൂറോപ്പ് ഇരുട്ടിലേക്ക് നീങ്ങിക്കഴിഞ്ഞിരുന്നു. കിഴക്ക് കിഴക്കൻ റോമാസാമ്രാജ്യത്തിലാവട്ടെ നവംനവങ്ങളായ പലതും വികാസങ്ങളും പുതിയ നഗരങ്ങളും ആവേശപൂർവ്വം വളർന്നുവരുന്നുണ്ടായിരുന്നു എങ്കിലും ഭരണകൂടം നാൾക്കുനാൾ ക്ഷയിച്ചു വരികയായിരുന്നു. പേർഷ്യയിലെ സാസാനി ഭരണകൂടത്തിനെതിരെ അവർ നിരന്തര യുദ്ധങ്ങളിലുമായിരുന്നു. അവസാനം പേർഷ്യൻ രണ്ടാം ഭരണാധികാരി ഖുസ്റു കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കുക പോലും ചെയ്തു. മൊത്തത്തിൽ പടിഞ്ഞാറ് യൂറോപ്പും കിഴക്ക് പേർഷ്യയും തങ്ങളുടെ വളരെ മോശം കാലത്തെ അഭിമുഖീകരിക്കുകയായിരുന്നു. അതോടൊപ്പം ക്രിസ്ത്യാനികൾ ശക്തമായ തർക്ക വിതർക്കങ്ങളിലും ആഭ്യന്തര അഭിപ്രായ വ്യത്യാസങ്ങളിലുമായിരുന്നു. പേർഷ്യയിൽ സൗരാഷ്ട്ര മതം രാഷ്ട്രത്തിൻ്റെ ഔദ്യോഗിക മതമായി മാറ്റുകയും ജനങ്ങളെ നിർബന്ധിതമായി പരിവർത്തിപ്പിക്കുകയും ചെയ്തു വരികയായിരുന്നു. ആഫ്രിക്കയിൽ ക്രിസ്ത്യാനിസം വളരുന്നുണ്ടായിരുന്നു എങ്കിലും ആദർശത്തേക്കാളേറെ തർക്കങ്ങളും പക്ഷപാതിത്വങ്ങളും ആയിരുന്നു വളർന്നിരുന്നത്. ചുരുക്കത്തിൽ യൂറോപ്പിലും ആഫ്രിക്കയിലും പേർഷ്യയിലും നിലവിലുള്ള മതവിശ്വാസങ്ങൾക്ക് മംഗലേറ്റ ഒരു കാലമായിരുന്നു അത്. അതിനിടയിൽ ഏഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ യൂറോപ്പിലെ ലക്ഷക്കണക്കിന് ജനങ്ങളെ കൊന്നൊടുക്കിയ വലിയ പ്ലേഗ് ദുരന്തവും വന്നു.


ഇന്ത്യയിൽ ഹർഷവർദ്ധന്റെ ഭരണമായിരുന്നു. പക്ഷേ ഇടക്ക് വടക്കേ ഇന്ത്യ വിഭജിക്കപ്പെടുകയും ഭരണം ദുർബലമാവുകയും ചെയ്തു. കിഴക്ക് ചൈനയിൽ താങ്ങ് ഭരണകൂടം ഭരണം തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ചുരുക്കത്തിൽ ഇസ്ലാം കടന്നുവരുമ്പോൾ യൂറോപ്പിലെയും ഏഷ്യയിലെയും അവസ്ഥ ഇതൊക്കെയായിരുന്നു. എന്നും ദൗർബല്യങ്ങൾ മാത്രം. ചൈന ശക്തമായിരുന്നു, പക്ഷേ വളരെ ദൂരത്തായിരുന്നു. ഇന്ത്യ ശക്തമായിരുന്നു, പക്ഷേ ക്ഷയം വന്നു തുടങ്ങിയിരുന്നു. ആഫ്രിക്കയും യൂറോപ്പും എല്ലാ അർത്ഥത്തിലും ക്ഷയത്തിന്റെ പിടിയിലായിരുന്നു. ഇത്തരം ഒരു സാഹചര്യമായിരുന്നു ഇസ്ലാമിനെ സ്വീകരിച്ചത്. ഈ സാഹചര്യങ്ങൾ ഇസ്ലാമിൻ്റെ വരവിനെയും വളർച്ചയെയും ശ്രദ്ധേയമാക്കി എന്നാണ് നെഹ്റു പറയാതെ പറയുന്നത്. ആത്മവിശ്വാസം, സാഹോദര്യം, പ്രതീക്ഷ, തുല്യത, ജന താൽപര്യങ്ങൾ പ്രതിഫലിക്കുന്ന ഭരണ സംവിധാനം തുടങ്ങിയവയെല്ലാം ഇസ്ലാമിനെ കൂടുതൽ സ്വീകാര്യവും സവിശേഷവും ആക്കി എന്നെല്ലാം നെഹ്റുവിൻ്റെ വരികൾക്കിടയിൽ വ്യക്തമാണ്.
0






0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso