Thoughts & Arts
Image

പാഴിൽ കരയായ്ക കുഞ്ഞേ !

2025-09-11

Web Design

15 Comments

വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി





അന്ത്യപ്രവാചകനെ അല്ലാഹു പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്: 'നിങ്ങളിൽ നിന്നു തന്നെയുള്ള ഒരു ദൂതൻ നിങ്ങള്‍ക്കിതാ വന്നിരിക്കുന്നു. നിങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നത് അവിടത്തേക്ക് അസഹനീയമാണ്. നിങ്ങളുടെ സന്മാര്‍ഗ പ്രാപ്തിയില്‍ അതീവ തൽപരനും സത്യവിശ്വാസികളോട് ഏറെ ആര്‍ദ്രനും ദയാലുവുമാണ് അവിടന്ന്' (അത്തൗബ: 128). ഈ പരിചയപ്പെടുത്തലിലെ 'നിങ്ങളിൽ നിന്നു തന്നെയുള്ള' എന്ന പ്രയോഗം വലിയ അർത്ഥങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. നിങ്ങളെയോ നിങ്ങളുടെ ജീവിത സാഹചര്യങ്ങളെയോ സംസ്കാരങ്ങളെയോ അറിയാത്ത, ഏതോ കെട്ടിയിറക്കിയ ഒരാളല്ല നിങ്ങളെ നയിക്കുവാനും നിങ്ങളെ സമുദ്ധരിക്കുവാനും വരുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് ഈ പരിചയപ്പെടുത്തൽ ആരംഭിക്കുന്നത്. അവരുടെ പ്രകൃതത്തിന്റെ പുറത്തുനിന്നുള്ള ഒരു ദൂതൻ വന്നാൽ അവർ സ്വാഭാവികമായും ആ ദൂതനെ അനുസരിക്കുകയല്ല നിരൂപണം ചെയ്യുകയാണ് ചെയ്യുക. തങ്ങളുടെ സാഹചര്യങ്ങൾ വെച്ച് ഈ പ്രവാചകന്‍ പറയുന്നത് അപ്രായോഗികമാണ് എന്നവർ സ്ഥാപിക്കാനും അതുവഴി രക്ഷപ്പെടാനും ആയിരിക്കും ശ്രമിക്കുക. അവരിൽ നിന്നു തന്നെയുള്ള പ്രവാചകനെ നിയോഗിക്കുക വഴി അത്തരം അപ്രയോഗികതാ ചിന്തകളിൽ നിന്ന് മുക്തരാവാൻ അവർക്ക് അല്ലാഹു സാഹചര്യം ഒരുക്കിയിരിക്കുകയാണ്. ഇങ്ങനെ ഒരു ആമുഖം കുറിച്ചതിനുശേഷം അല്ലാഹു അവതരിപ്പിക്കുന്നത് ഈ പ്രവാചകൻ്റെ ഹൃദയ ആർദ്രതയേയും വിശാലതയേയും ആണ്. ഇവ അളക്കുവാനുള്ള ഏറ്റവും ശരിയായ മാർഗ്ഗവും മാനദണ്ഡവും ആണ് മറ്റുള്ളവർക്ക് വേണ്ടി വേദനിക്കുവാൻ കഴിയുക എന്നത്. ഒരാൾക്ക് മറ്റൊരാളുടെ വേദനയെ തൻ്റെ വേദനയായി കാണാൻ കഴിയുമെങ്കിലും അനുഭവപ്പെടുമെങ്കിലും അയാൾ അത്രയും നിഷ്കളങ്കനും വിശാലഹൃദയനുമാണ് എന്നാണ് അതിൻ്റെ അർത്ഥം. നബി തിരുമേനി(സ്വ) അങ്ങനെയായിരുന്നു. ഒരിക്കൽ ഒരു സദസ്സിൽ വച്ച് പരസ്യമായി അബൂ ദർ അൽ ഗിഫാരി(റ) ബിലാൽ(റ)വെ 'കറുത്തവളുടെ മകനെ' എന്ന് ആക്ഷേപ സ്വരത്തിൽ വിളിക്കുകയുണ്ടായി. അതിൻ്റെ പേരിൽ ആ സദസ്സിൽ ഒരു ആക്ഷേപമോ പൊട്ടിത്തെറിയോ ഒന്നും ഉണ്ടായതായി റിപ്പോർട്ടുകളിൽ ഇല്ല. അതിനർത്ഥം ഈ പ്രയോഗം ബിലാൽ എന്ന നീഗ്രോ അടിമയുടെ മനസ്സിൻ്റെ ഏതോ ഒരു കോണിലല്ലാതെ മറ്റെങ്ങും ഒരു വേദനയും ഉണ്ടാക്കിയിട്ടില്ല എന്നാണ്. പക്ഷേ നബിയുടെ മനസ്സിൽ അത് വലിയ വേദനയാണ് ഉണ്ടാക്കിയത്. അതിൻ്റെ പേരിൽ അബൂദർറിനെ നബി(സ്വ) തങ്ങൾ എടുത്തുകുടഞ്ഞത് 'ഇപ്പോഴും താങ്കളിൽ ജാഹിലിയ്യത്തിന്റെ ഇരുട്ട് അവശേഷിക്കുന്നു' എന്ന് പറഞ്ഞുകൊണ്ടായിരുന്നു. ആ സ്വഹാബിയെ അക്ഷരാർത്ഥത്തിൽ നബിയുടെ ആ അധിക്ഷേപം തളർത്തി കളയുക തന്നെ ചെയ്തു എന്ന് ചരിത്രം. മറ്റുള്ളവരുടെ വേദനകളെ സ്വാംശീകരിക്കുന്ന ഒരു നബി ചിത്രമാണ് ഇത്.


നബി(സ്വ) തിരുമേനിയുടെ ഭൃത്യൻ അനസ് ബിൻ മാലിക്കിന് അബൂ ഉമൈർ എന്ന ഒരു അനുജൻ ഉണ്ടായിരുന്നു. തൻ്റെ ഉമ്മാക്ക് അബൂത്വൽഹ(റ)യിൽ ജനിച്ച കൊച്ചനുജൻ. അവന് ഒരു അടയ്ക്കാക്കിളി ഉണ്ടായിരുന്നു. ഇടക്ക് നബി(സ്വ) അവരുടെ വീട്ടിലേക്ക് വരുമ്പോൾ അബൂ ഉമൈറിനോട് നുഗൈറിന്റെ വിശേഷം തിരക്കുമായിരുന്നു. (കൊച്ചു അടയ്ക്കാക്കിളിക്ക് അറബിയിൽ നുഗൈർ എന്നാണ് പറയുക) ഒരിക്കൽ അബു ഉമൈർ സങ്കടപ്പെട്ട് ഇരിക്കുന്നതാണ് നബി തങ്ങൾ കണ്ടത്. നുഗൈർ ചത്തുപോയതിലുള്ള സങ്കടമായിരുന്നു ആ കൊച്ചു കുട്ടിയുടെ കണ്ണുകളിൽ. അതുകണ്ട അബൂ ഉമൈറിനെ ചേർത്തുപിടിച്ച് സമാശ്വസിപ്പിക്കുന്ന രംഗം ഒരു കൊച്ചുകുട്ടിയുടെ നിഷ്കളങ്കമായ സങ്കടത്തെ പോലും സ്വയം ഏറ്റെടുക്കുന്ന നബി മനസ്സിൻ്റെ മറ്റൊരു ചിത്രമാണ്. തുടർന്ന് അല്ലാഹു പറയുന്ന വിശേഷണം, മനുഷ്യ കുലത്തിന്റെ സന്മാർഗ്ഗ പ്രാപ്തിയിൽ ഈ പ്രവാചകനുള്ള ഉൾക്കടമായ താൽപര്യമാണ്. ആ പ്രബോധന ജീവിതം കണ്ട കൈപ്പേറിയ അനുഭവങ്ങൾ അസംഖ്യമാണല്ലോ. അധിക്ഷേപം, പരിഹാസം, ഉപരോധം, ശാരീരിക പീഡനം, പലായനം, യുദ്ധം തുടങ്ങി ആ തിരുജീവിതം നേരിട്ട വിഷമതകൾക്ക് കയ്യും കണക്കുമില്ല. ഇവയെല്ലാം കുടിച്ചിറക്കുന്നതിലൂടെ നബി (സ്വ) തങ്ങൾ കണ്ട സ്വപ്നങ്ങൾ എന്തായിരുന്നു എന്നു ചിന്തിച്ചാൽ തന്നെ ആ താൽപര്യം ബോധ്യപ്പെടാവുന്നതേയുള്ളൂ. മദീനയിൽ മഹാനായ നബി തങ്ങൾ അക്ഷരാർത്ഥത്തിൽ രാജാവും സുൽത്താനും തന്നെയായിരുന്നു. പക്ഷേ, അങ്ങനെയാകുവാനോ അറിയപ്പെടുവാനോ ഒട്ടും അവർ ആഗ്രഹിച്ചില്ല. മക്കാ വിജയം പോലുള്ള ഐതിഹാസികമായ വിജയങ്ങൾ മാറുവിരിച്ച് സ്വീകരിക്കേണ്ട സന്ദർഭങ്ങളിൽ പോലും തലതാഴ്ത്തിപ്പിടിച്ച് കൂടുതൽ വിനയാന്വിതനാവുകയായിരുന്നു മഹാനായ നബി തങ്ങൾ. കണക്കില്ലാത്ത പൊന്നും പണവും കയ്യിൽ വന്നപ്പോൾ പോലും ആ പ്രവാചകൻ അടുത്ത ഒരു നേരം വയറിൻ്റെ മടക്ക് നിവർത്തുവാൻ അതിൽ നിന്ന് എന്തെങ്കിലും എടുത്തു വെച്ചില്ല. ആധിപത്യത്തിൻ്റെ അലങ്കാര ചിഹ്നങ്ങൾ വേണോ എന്ന് അല്ലാഹു ചോദിച്ചപ്പോൾ പോലും എനിക്ക് നിൻ്റെ അടിമയായാൽ മാത്രം മതി എന്നായിരുന്നു അവർ പറഞ്ഞത്. ഇതെല്ലാം സൂചിപ്പിക്കുന്നത് ആ ജീവിതത്തിൻ്റെ നിഷ്കളങ്കമായ ലക്ഷ്യം മനുഷ്യകുലത്തിൽ നിന്ന് പരമാവധി രക്ഷപ്പെടുത്താൻ കഴിയുന്നവരെയെല്ലാം രക്ഷപ്പെടുത്തുക എന്നത് മാത്രമായിരുന്നു. നരകത്തിൽ നിപതിക്കാതിരിക്കാൻ വേണ്ടി ഞാൻ നിങ്ങളുടെ അരക്കെട്ടുകളിൽ ബലമായി പിടിച്ചിരിക്കുകയാണ് എന്നാണല്ലോ ഈ പ്രവാചകൻ പറഞ്ഞത്. ഐകവും പാരത്രികവുമായ ക്ലേശങ്ങളിൽ നിന്നും നമ്മെ രക്ഷിക്കുവാനും കരകയറ്റുവാനും വേണ്ടി ആയിരുന്നു ആ മഹാനിയോഗം.


'സത്യവിശ്വാസികളോട് ഏറെ ആര്‍ദ്രനും ദയാലുവുമാണ്' എന്നാണ് ഈ ആയത്ത് നബി തിരുമേനിയെ അടുത്തായി വിശേഷിപ്പിക്കുന്നത്. ഇതും തിരുമനസ്സിന്റെ ആഴമുള്ള അനുകമ്പയാണ് കുറിക്കുന്നത്. ഇവിടെ പ്രത്യേകമായി ശ്രദ്ധിക്കേണ്ട ഒരു കാര്യം, നബി തങ്ങൾ തൻ്റെ ആർദ്രതയും ദയയും പ്രകടിപ്പിക്കുന്നത് തൻ്റെ ആദർശം സമ്പൂർണ്ണമായും സ്വീകരിക്കുകയും ഉൾക്കൊള്ളുകയും ചെയ്യാത്ത, ഒരു അർത്ഥത്തിൽ പറഞ്ഞാൽ അവഗണിച്ചവരോടാണ് എന്നതാണ്. അല്ലാത്തവരെ സംബന്ധിച്ചിടത്തോളം അവർക്ക് പ്രത്യേകമായ ഇത്തരം ദയയോ മറ്റോ കാര്യമായി ആവശ്യമില്ല. കാരണം അവർ പ്രവാചകനിലൂടെ സമ്പൂർണ്ണമായി അല്ലാഹുവിൽ വിലയം പ്രാപിച്ച സച്ചരിതരാണ്. ഇങ്ങനെ പറയുമ്പോഴാണ് ഈ ആർദ്രതയും കാരുണ്യവും വലിയ അർത്ഥങ്ങളിൽ എത്തിച്ചേരുന്നത്. താൻ ഏറെ ക്ലേശപ്പെട്ടു എത്തിച്ചു കൊടുത്ത സന്ദേശം പൂർണമായി സ്വീകരിക്കുന്നതിൽ വീഴ്ചവരുത്തിയവരായിട്ടും ഈ മനസ്സ് ഒരു പ്രതികാരചിന്തയുമില്ലാതെ അവർക്ക് വേണ്ടി നിലകൊള്ളുകയാണ്. ഈ ആർദ്രതയുടെ ഭാഗമായി നബി തങ്ങൾ കരളലിഞ്ഞു പ്രാർത്ഥിച്ച പല രംഗങ്ങളും ഉണ്ട്. ആ പ്രാർത്ഥനകളെല്ലാം തന്നെ കണ്ടിട്ടില്ലാത്ത അന്ത്യനാളോളം വരാനിരിക്കുന്ന തന്റെ ഉമ്മത്തിന്റെ മോക്ഷത്തിനു വേണ്ടിയായിരുന്നു. ഒരിക്കൽ അദ്ധ്യായം ഇബ്രാഹിമിലെ 36-ാം വചനവും അൽ മാഇദയിലെ 112-ാം വചനവും നബി തങ്ങൾ പാരായണം ചെയ്യുകയുണ്ടായി. ഇബ്രാഹിം നബിയും ഈസാ നബിയും തങ്ങളുടെ ജനതയ്ക്ക് വേണ്ടി നടത്തുന്ന ഇരവുകളാണ് യഥാക്രമം ആ ആയത്തുകളുടെ ആശയം. അപ്പോൾ നബിക്ക് തന്റെ ഉമ്മത്തിനെ കുറിച്ച് ഓർമ്മ വന്നു. തുടർന്നു നബി തങ്ങൾ തന്റെ ഉമ്മത്തിന് വേണ്ടി ഹൃദയപൂർവ്വം അല്ലാഹുവിൻ്റെ കാരുണ്യത്തിനായി പ്രാർത്ഥിച്ചു. ആ പ്രാർത്ഥന കേട്ട അല്ലാഹു ജിബ്‌രീൽ മാലാഖയെ പറഞ്ഞയച്ചു എന്താണ് താങ്കളുടെ ഉമ്മത്തിന്റെ കാര്യത്തിൽ താങ്കൾക്കുള്ള വിഷമം എന്ന് ആരാഞ്ഞു. തന്റെ ഉമ്മത്തിനെ കുറിച്ചുള്ള തൻ്റെ ആശങ്കകൾ നബി തങ്ങൾ അറിയിച്ചു. താങ്കളെ ഉമ്മത്തിന്റെ കാര്യത്തിൽ നാം തൃപ്തിപ്പെടുത്തിത്തരാം എന്ന് അള്ളാഹു വാക്കു കൊടുക്കുകയും ചെയ്തു (മുസ്ലിം). തൻ്റെ വരാനിരിക്കുന്ന ഉമ്മത്തിലെ ജനങ്ങൾക്ക് പ്രയാസമായേക്കുമോ എന്നു കരുതി ചില ഐച്ഛിക കർമ്മങ്ങൾ വേണ്ട എന്ന് നബി വെക്കാറുണ്ടായിരുന്നു എന്ന് ആയിഷാ ബീവി പറയുമ്പോഴും, ഉറപ്പായും ഉത്തരം ലഭിക്കുന്ന, ഓരോ പ്രവാചകനുമായി അല്ലാഹു പ്രത്യേകമായി കൽപ്പിച്ചു നൽകിയ പ്രാർത്ഥനാ അവസരം ഉമ്മത്തിലെ ദോഷികളായവർക്ക് വേണ്ടി മാറ്റിവെച്ചു എന്നു അവർ തന്നെ പറയുമ്പോഴും ആ മനസ്സിലെ ആർദ്രതയുടെ ആഴം കാണുകയാണ് നാം.


മഹത്വമുള്ള ഗുണങ്ങളാണെങ്കിലും ആർദ്രതയും ഹൃദയവിശാലതയുമെല്ലാം പലരെയും ചിലപ്പോഴെങ്കിലും നിരാശയിലേക്കും മടുപ്പിലേക്കും കൊണ്ടെത്തിക്കും. നിരന്തരമായ വേട്ടകളുടെ ഇരയാവേണ്ടിവന്ന നബി തങ്ങൾക്കു പക്ഷെ അതുണ്ടായില്ല. കാരണം, തൻ്റെ ലക്ഷ്യത്തെ കുറിച്ചുള്ള അടിയുറച്ച ആത്മവിശ്വാസം നബി തങ്ങളുടെ ഏറ്റവും വലിയ കൈമുതലായിരുന്നു. അതുകൊണ്ടാണ് പരീക്ഷണങ്ങളുടെ കനൽപഥങ്ങളിലൂടെ കടന്നുപോകുമ്പോഴും നബി തങ്ങൾ ഊർജ്ജവും ആവേശവും കൈവിടാതെ അടുത്ത വഴിയിലേക്ക് പ്രവേശിക്കുന്നത്. ത്വാഇഫിലേക്ക് പോയ നബി തങ്ങളെ വളരെ പ്രതികൂലമായ പ്രതികരണങ്ങളായിരുന്നു മടക്കിയയച്ചത്. പക്ഷേ അതിൽ തളരാതെ നബി(സ്വ) അതേ ലക്ഷ്യത്തിനുവേണ്ടി രണ്ടുവർഷം കൃത്യമായ ചുവടുകളിലൂടെ മുന്നേറുകയും മദീനയിലേക്ക് പോയി അവിടെ ഇസ്ലാമിക സമൂഹത്തെ വളർത്തിയെടുക്കുകയും ചെയ്തത് ഉദാഹരണം. പ്രതീക്ഷ കൈവിടാത്ത ഈ പരിശ്രമങ്ങളുടെ ഊർജ്ജസ്രോതസ്സ് തൻ്റെ ആത്മവിശ്വാസം തന്നെയായിരുന്നു. ശത്രുക്കൾ മണ്ണും മാലിന്യവും വലിച്ചെറിഞ്ഞ് പരസ്യമായി പരിഹസിച്ച് വിടുന്ന അനുഭവങ്ങൾ ആ ജീവിതത്തിൽ ഉണ്ടായി. മണ്ണിൽ കുളിച്ച പോലെ വീട്ടിലേക്ക് ദുഃഖഭാരവുമായി കടന്നുവരുന്ന പിതാവിനെ മകൾ സങ്കടത്തോടെ കാണുന്ന ഒരു ചിത്രം മലയാളത്തിൻ്റെ മഹാകവി വള്ളത്തോൾ ആവിഷ്കരിക്കുന്നുണ്ട്. പിതാവിൻ്റെ തലയിൽ വെള്ളം ഒഴിച്ച് കുളിപ്പിക്കുമ്പോൾ മകളുടെ സങ്കടങ്ങൾ കണ്ണുനീർ തുള്ളികളായി അടർന്നു വീഴുകയായിരുന്നു എന്നും കവി പറയുന്നു. തുടർന്ന് കവി ഇങ്ങനെയാണ് അത് ഉപസംഹരിക്കുന്നത്:


പിടിച്ചിരുത്തി, ചളി പോക്കുവാനായ്-
പ്പകര്‍ന്ന കുംഭോദകമോടുകൂടീ,
താതന്റെ ഗാത്രങ്ങളിലാപതിച്ചൂ,
കുമാരിയാള്‍ തന്‍ ചുടുകണ്ണീരും.


മാലാര്‍ന്നു കേഴും മകളെത്തലോടി-
ക്കൊണ്ടാശ്വസിപ്പിച്ചു സുശാന്തശീലന്‍:
'നിന്നഛനെക്കാത്തരുളാതിരിക്കി-
ല്ലള്ളാഹു; പാഴില്‍ കരയായ്ക കുഞ്ഞേ!'


0

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso