Thoughts & Arts
Image

സാഹസപ്പെട്ടല്ല, സമരസപ്പെട്ടായിരിക്കണം പരസ്പര സ്റ്റേഹം.

2025-09-11

Web Design

15 Comments

ടി എച്ച് ദാരിമി
ഖുർആൻ പഠനം
സൂറത്തുത്തഹ് രീം 1 - 5





1. നബിയേ, താങ്കളെന്തിന് പത്‌നിമാരുടെ സംതൃപ്തി കാംക്ഷിച്ച് അല്ലാഹു അനുവദിച്ചത് നിഷിദ്ധമാക്കുന്നു? അവന്‍ ഏറെ പൊറുക്കുന്നവനും കരുണാമയനുമത്രേ.


വിശുദ്ധ ഖുർആനിലെ അറുപ്പത്തി ആറാമത്തെ അധ്യായമായ സൂറത്ത് തഹ്‌രീം തുടങ്ങുന്നത് മഹാനായ നബി തിരുമേനി(സ്വ)യോട് അള്ളാഹു നടത്തുന്ന ഒരു നിരൂപണത്തോടെയാണ്. നബി തങ്ങളെ നിരൂപിക്കുവാൻ ഉണ്ടായ സാഹചര്യം എന്തായിരുന്നു എന്നതിനെ കുറിച്ച് തഫ്സീറുകളിൽ ഒന്നിനധികം ചരിത്ര സാഹചര്യങ്ങൾ പറയുന്നുണ്ട്. അവയിൽ ഒന്ന് ഇതാണ്. ഒരു ദിവസം നബി(സ്വ) തങ്ങൾ ഹഫ്സ ബീവി(റ)യുടെ വീട്ടിൽ കഴിയുകയായിരുന്നു. അന്ന് അവിടെ കഴിയേണ്ട ദിവസവും ആയിരുന്നു. ആ സമയത്ത് വീട്ടിൽ ഹഫ്സാ ബീവി ഉണ്ടായിരുന്നില്ല. പുറത്തെങ്ങോ എന്തിനോ വേണ്ടി പോയതായിരിക്കാം. ആ സമയത്താണ് തൊട്ടടുത്ത കാലത്തായി നബി തങ്ങൾ വിവാഹം ചെയ്ത മാരിയ(റ) അങ്ങോട്ട് കടന്നുവന്നത്. ഈജിപ്തിലെ രാജാവായിരുന്ന മുഖൗഖിസ് രാജാവ് നബി തങ്ങൾക്ക് സമ്മാനമായി കൊടുത്തയച്ചതായിരുന്നു മാരിയ(റ)യെ. അവരിലായിരുന്നു നബി തങ്ങൾക്ക് ഏറ്റവും അവസാനമായി ഒരു ആൺകുഞ്ഞ് ജനിച്ചത്. ഇബ്രാഹിം എന്ന കുഞ്ഞ്. വീട്ടിൽ മറ്റാരുമില്ലാത്ത സമയം, തൊട്ടടുത്ത് ഈ അടുത്ത് ജീവിതത്തിലേക്ക് കൂടെ കൂട്ടിയ ഈജിപ്ഷ്യൻ ഭാര്യ.. എന്നീ സാഹചര്യങ്ങൾ കൈവന്നപ്പോൾ മഹാനായ നബി തങ്ങളുടെ ലൈംഗിക താൽപര്യം ഉണരുകയും അവർ ആ വീട്ടിൽ വച്ച് ഇണ ചേരുകയും ചെയ്യുകയുണ്ടായി. അതു കണ്ടു കൊണ്ടാണ് ഹഫ്സാ ബീവി വന്നു കയറിയത്. അത് അവർക്ക് എന്നല്ല ഒരു ഭാര്യക്കും സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. അവർ നബിയോട് തൻ്റെ കടുത്ത സങ്കടവും പ്രതിഷേധവും പരസ്യമായി പറഞ്ഞു. എൻ്റെ വീട്ടിൽ വച്ച് എൻ്റെ വീട്ടിൽ കഴിയേണ്ട ദിവസം എൻറെ വിരുപ്പിൽ വെച്ച് ഇങ്ങനെയുണ്ടായത് അസഹ്യമാണ് എന്ന് പറയുകയും വിതുമ്പുകയും ചെയ്തു അവർ. നബി(സ്വ) തങ്ങൾ എല്ലാവരുടെയും എല്ലാ വികാരങ്ങളെയും അതിൻ്റേതായ നിലവാരത്തോടെ പരിഗണിക്കുന്ന ആളായിരുന്നു. ഹഫ്സാ ബീവിയുടെ സങ്കടം പ്രതിഷേധവും നബിയെ മാനസികമായി പിടിച്ചുലച്ചു. നബി തങ്ങൾ ഹഫ്സാ ബീവിയുടെ വിഷമങ്ങൾ സ്വീകരിക്കുകയും അവരെ ആശ്വസിപ്പിക്കുകയും മാത്രമല്ല, 'ഇനി ഒരിക്കലും മാരിയ(റ)യുമായി ഞാൻ ലൈംഗികബന്ധത്തിൽ ഏർപ്പെടുകയില്ല' എന്ന് ആണയിടുകയും ചെയ്തു. ഭാര്യമാരിൽ ചിലരുടെ പ്രീതി പ്രതീക്ഷിച്ചുകൊണ്ട് അങ്ങ് എന്തിനാണ് അങ്ങേക്ക് അല്ലാഹു അനുവദനീയമാക്കി തന്ന കാര്യത്തെ ഹറാമാക്കുന്നത് എന്ന് അല്ലാഹു നിരൂപിക്കുന്നതാണ് അവയിൽ ഒന്നാമത്തെ ചരിത്ര സാഹചര്യം.


രണ്ടാമത്തെ ചരിത്ര സാഹചര്യം മഹാനായ നബി തങ്ങൾ പത്നി സൈനബ് ബിൻത് ജഹ്ശ്(റ) യുടെ വീട്ടിൽ നിന്ന് അൽപം തേൻ കുടിച്ചതിനെത്തുടർന്ന് ഉണ്ടായതാണ്. നബി(സ)യുടെ പിതൃസഹോദരി ഉമൈമ ബിന്‍ത് അബ്ദില്‍ മുത്വലിബിന്റെയും ബനൂ അസദ്‌ ഗോത്രക്കാരനായ ജഹ്‌ശിന്റെയും മകളായിരുന്ന സൈനബ് (റ). മക്കയില്‍ വെച്ചുതന്നെ ഇസ്‌ലാം സ്വീകരിച്ച സ്വഹാബിയ്യ വനിതകളില്‍ പ്രമുഖയാണ് അവർ. നബി(സ)യെ പിന്തുടര്‍ന്ന് മദീനയിലേക്ക് പോയ ആദ്യ മുസ്‌ലിം സംഘങ്ങളിലൊന്നില്‍ തന്നെ ഉണ്ടായിരുന്ന സൈനബിനെ (റ) ഹിജ്‌റ അഞ്ചാം വര്‍ഷമാണ് നബി (സ) വിവാഹം ചെയ്യുന്നത്. ഭര്‍ത്താവായിരുന്ന സൈദ് ബ്‌നു ഹാരിഥ(റ) വിവാഹമോചനം ചെയ്തതിനെത്തുടര്‍ന്നാണ് സൈനബ് (റ) നബി(സ)യുടെ ജീവിതത്തിലേക്ക് സ്വീകരിക്കപ്പെട്ടത്. നബി തങ്ങളുടെ വളർത്തു പുത്രനായി അറിയപ്പെട്ട ആളായിരുന്നു സൈദ് ബ്‌നു ഹാരിഥ(റ). സെയ്ദും സൈനബയും തമ്മിലുള്ള വിവാഹബന്ധം നീണ്ടുപോയില്ല. അങ്ങനെയിരിക്കെയാണ് ഈ വിവാഹം ഉണ്ടായത്. ഈ കാര്യങ്ങൾ സൂറത്തുൽ അഹ്സാബിലൂടെ അല്ലാഹു തന്നെ വിവരിക്കുന്നുണ്ട്. അതിന്റെ പേരിൽ എല്ലാകാലത്തും ചില വർത്തമാനങ്ങളൊക്കെ ഉണ്ടായിട്ടുള്ളതാണ്. സവിശേഷമായ ഗുണങ്ങൾ ഉണ്ടായിരുന്ന ഒരു വ്യക്തിത്വമായിരുന്നു സൈനബ് ബിൻതു ജഹ്ശ്(റ). അത് ആയിശ ബീവി തന്നെ ഒരുപാട് തവണ പറഞ്ഞിട്ടുള്ളതാണ്. ആഇശ(റ) പറയുന്നു: ‘ആരാണ് കേമന്‍ എന്നതില്‍ സൈനബ് ബിന്‍ത് ജഹ്ശ് എന്നോട് മല്‍സരിക്കാറുണ്ടായിരുന്നു. സൈനബിനേക്കാള്‍ മതബോധമുള്ള വനിതയെ ഞാന്‍ കണ്ടിട്ടേയില്ല. അല്ലാഹുവിനെ ഏറ്റവും ഭയക്കുന്നവള്‍, ഏറെ സത്യം പറയുന്നവള്‍, നല്ല നിലയില്‍ കുടുംബ ബന്ധം പുലര്‍ത്തുന്നവള്‍, ഒത്തിരി ധര്‍മം ചെയ്യുന്നവള്‍. അല്ലാഹു അവരില്‍ തൃപ്തിപ്പെടട്ടെ.’ മറ്റൊരു നിവേദനത്തിൽ ആഇശ(റ) പറയുന്നു: ‘അല്ലാഹു സൈനബിന് കരുണ ചെയ്യട്ടെ. ആര്‍ക്കും എത്തിപ്പിടിക്കാനാവാത്ത മഹത്വം അവര്‍ നേടിയെടുത്തു. അല്ലാഹു അവരുടെ വിവാഹം നടത്തിക്കൊടുത്തു. ഖുര്‍ആന്‍ അത് പ്രഖ്യാപിച്ചു. തിരുദൂതര്‍ ഞങ്ങളോട് പറഞ്ഞു: നിങ്ങളില്‍ ആദ്യം എന്നോട് ചേരുന്നത് കൈ നീളം കൂടിയവളാണ്. അങ്ങിനെ അവിടുന്നിന്റെ വിയോഗത്തിനു ശേഷം ഏറ്റവും വേഗത്തില്‍ സൈനബ് തിരുദൂതരോട് ചേരുന്നതാണെന്ന് സന്തോഷ വാര്‍ത്ത അറിയിച്ചു. തിരുനബിയുടെ സ്വര്‍ഗത്തിലെ ഇണയാണവര്‍.’ അവരുടെ ദാന ധർമ്മത്തെക്കുറിച്ച് ആഇശ(റ) പറയുന്നു: ‘നബി(സ) പത്‌നിമാരോട് പറഞ്ഞു: നിങ്ങളുടെ കൂട്ടത്തില്‍ കൈ നീളം കൂടിയ വ്യക്തി മരണത്തില്‍ എന്നെ തുടരും’ അതിനു ശേഷം ഞങ്ങള്‍ ഒരുമിച്ചു കൂടുമ്പോള്‍ ചുവരില്‍ കൈ അളന്ന് നോക്കാറുണ്ടായിരുന്നു. സൈനബ് മരണപ്പെടുന്നതു വരെ ഞങ്ങള്‍ അങ്ങിനെ ചെയ്യാറുണ്ടായിരുന്നു. സൈനബ് കുറിയവളായിരുന്നു. അല്ലാഹു അവരെ അനുഗ്രഹിക്കട്ടെ, ഞങ്ങളുടെ കൂട്ടത്തില്‍ ഉയരം കുറഞ്ഞവളായിരുന്നു. ദാനധര്‍മത്തെയാണ് നബിതിരുമേനി ഉദ്ദേശിച്ചതെന്ന് അങ്ങിനെയാണ് ഞങ്ങള്‍ മനസ്സിലാക്കിയത്.’


നബി(സ) തങ്ങൾക്ക് തേൻ ഇഷ്ടമാണ് എന്നു കണ്ട സൈനബ്(റ) നബിക്ക് ഇടക്കിടെ തേൻ നൽകുമായിരുന്നു. തേൻ കഴിക്കാൻ വേണ്ടി അവരുടെ വീട്ടിൽ നബി തങ്ങൾ ഇടയ്ക്കിടെ കയറിയിറങ്ങുമായിരുന്നു. ഇതു കണ്ട ആയിഷ ബീവിയും ഹഫ്സാ ബീവിയും ഒരു സൂത്രമൊപ്പിച്ചു. തേൻ കഴിച്ചു വന്നു കയറുമ്പോൾ 'നബിയേ, ആണ് മാഗാഫീർ (ഏതോ ഒരു വൃക്ഷത്തിന്റെ കറ. അതിന്റെ വാസന സുഖകരമല്ല. രുചിയാകട്ടെ മധുരവുമാണ്) കഴിച്ചിട്ടുണ്ടോ' എന്ന് ചോദിക്കുക എന്നതായിരുന്നു സൂത്രം. ആദ്യം ഒരാൾ പിന്നെ ഒരാൾ എന്നെ ക്രമത്തിൽ ആയിരുന്നു അവരുടെ ചോദ്യം. ഇപ്പോൾ നബി(സ്വ) പറഞ്ഞു: 'ഞാൻ ഇനി മേലാൽ തേൻ കഴിക്കുകയില്ല എന്നിതാ ശപഥം ചെയ്യുന്നു' എന്ന്. ഭാര്യമാരിൽ ചിലരുടെ പ്രീതി പ്രതീക്ഷിച്ചുകൊണ്ട് അങ്ങ് എന്തിനാണ് അങ്ങേക്ക് അല്ലാഹു അനുവദനീയമാക്കി തന്ന തേനിനെ ഹറാമാക്കുന്നത് എന്ന് അല്ലാഹു നിരൂപിക്കുന്നതാണ് രണ്ടാമത്തെ ചരിത്ര സാഹചര്യം. ഇസ്‌ലാമില്‍ അനുവദനീയമായൊരു കാര്യം ചില ഭാര്യമാരുടെ താല്‍പര്യം മാനിച്ച് നബി(സ്വ) സ്വന്തത്തിന് നിഷിദ്ധമാക്കി എന്നതാണ് വിഷയം. സംഭവമെന്താണെങ്കിലും ഭാര്യമാരുടെ പ്രീതി താങ്കളങ്ങോട്ട് തേടുകയല്ല, അവര്‍ അങ്ങയുടെ പ്രീതി തേടി ഇങ്ങോട്ടു വരികയാണ് വേണ്ടത് എന്ന് താല്‍പര്യം.


2 നിങ്ങള്‍ ചെയ്തുപോകുന്ന ശപഥങ്ങള്‍ക്കുള്ള പ്രായശ്ചിത്തം അല്ലാഹു നിശ്ചയിച്ചു തന്നിട്ടുണ്ട്; അവന്‍ നിങ്ങളുടെ സംരക്ഷകനും സര്‍വജ്ഞനും യുക്തിമാനുമാകുന്നു.


ചെയ്ത സത്യത്തില്‍ നിന്ന് മടങ്ങുമ്പോള്‍ അതിനു പ്രായശ്ചിത്തം നല്‍കേണ്ടതുണ്ടെന്ന നിയമം ഓര്‍മ്മിപ്പിക്കുകയാണ് ഈ വചനം ചെയ്യുന്നത്. നബി അരുള്‍ ചെയ്തതായി അബൂ ഹുറൈറ (റ) ഇങ്ങനെ നിവേദനം ചെയ്തിരിക്കുന്നു: “ഒരാള്‍ ഒരു കാര്യം സത്യം ചെയ്തിട്ട്‌ അതിനേക്കാള്‍ ഉത്തമം മറ്റൊന്നാണെന്ന് കണ്ടാല്‍, അവന്‍ തന്‍റെ സത്യത്തിനു പ്രായശ്ചിത്തം നല്‍കുകയും, ഉത്തമമായത് ഏതോ അത് ചെയ്യുകയും ചെയ്തു കൊള്ളട്ടെ” (മുസ്ലിം). ഏതെങ്കിലും നല്ല കാര്യത്തിനു തടസ്സം ആയേക്കുന്നതോ, നല്ലതല്ലാത്ത കാര്യത്തിനു കാരണമായേക്കുന്നതോ ആയ വല്ല ശപഥവും ചെയ്തു പോയാല്‍ അതിനു പ്രായശ്ചിത്തം നല്‍കികൊണ്ട് അതില്‍ നിന്ന് മടങ്ങേണ്ടതാണെന്നു സാരം. ജീവിതത്തിൻ്റെ സകല കാര്യങ്ങളിലും ദൃഢതയും ഉറപ്പും പുലർത്തേണ്ടവനാണ് വിശ്വാസി. അവൻറെ ജീവിതത്തെ മുന്നോട്ടു നയിക്കേണ്ടത് സൃഷ്ടാവായ അല്ലാഹുവിൻറെ താൽപര്യങ്ങൾ ആയിരിക്കണം. അതിനാൽ തന്നെ അവൻ ഒരു കാര്യം പറഞ്ഞു പോയാൽ അതിൽ നിന്ന് അല്ലാഹുവിന് വേണ്ടി തിരിച്ചുവരേണ്ട സമയത്ത് തിരിച്ചുവരാൻ അവൻ തയ്യാറായിരിക്കണം. അതിൽ ദുരഭിമാനമോ മറ്റോ അവൻ കരുതാൻ പാടില്ല. കാരണം ഭാവിയെക്കുറിച്ചും തനിക്ക് ഏറ്റവും നല്ലത് ഏതായിരിക്കും എന്നതിനെക്കുറിച്ചും എല്ലാം അല്ലാഹുവിന് മാത്രമേ അറിയൂ.


ഈ ആയത്തിൽ പറയുന്നത് അങ്ങനെ ഒരു ആവശ്യമില്ലാത്ത ശപഥമെന്തെങ്കിലും സമ്മർദ്ദങ്ങൾക്ക് വിധേയമായി ചെയ്തുപോയാൽ അതിൽ തന്നെ പിടിച്ചു നിൽക്കേണ്ട യാതൊരു ആവശ്യവുമില്ല മറിച്ച് അതിന് പ്രായശ്ചിത്തം ചെയ്തു ഏറ്റവും നല്ലതിലേക്ക് മടങ്ങി എത്തുകയാണ് വേണ്ടത് എന്നാണ്. ഇതേ കാര്യം തന്നെ പ്രായശ്ചിത്തങ്ങളിലേക്ക് വ്യക്തമായ സൂചന നൽകിക്കൊണ്ട് അൽമാഇദ അധ്യായത്തിൽ അല്ലാഹു ഇങ്ങനെ പറയുന്നു:
'സത്യവിശ്വാസികളേ, അല്ലാഹു അനുവദിച്ചു തന്ന ഉത്തമ വസ്തുക്കള്‍ നിങ്ങള്‍ നിഷിദ്ധമാക്കരുത്; പരിധിലംഘിക്കുകയുമരുത്. അതിരുവിടുന്നവരെ അല്ലാഹു സ്‌നേഹിക്കുകയേ ഇല്ല. അല്ലാഹു തന്നതില്‍ അനുവദനീയവും ഉത്തമവുമായത് നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുക; നിങ്ങള്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്ന അല്ലാഹുവിനെ സൂക്ഷിക്കുക. ബോധപൂര്‍വമല്ലാതെ ചെയ്യുന്ന ശപഥങ്ങളുടെ പേരില്‍ അല്ലാഹു നിങ്ങളെ ശിക്ഷിക്കുകയില്ല; പ്രത്യുത ദൃഢീകരിച്ചു ചെയ്ത ശപഥങ്ങളുടെ പേരില്‍ നിങ്ങളെയവന്‍ ശിക്ഷിക്കും (49) അപ്പോള്‍, അതു ലംഘിക്കുമ്പോഴുള്ള പ്രായശ്ചിത്തം ഇതാണ്: സ്വഗൃഹക്കാര്‍ക്കു നല്‍കാറുള്ള മധ്യമ ആഹാരം പത്തു സാധുക്കള്‍ക്ക് ഭക്ഷിക്കാന്‍ കൊടുക്കുക; അല്ലെങ്കിലവര്‍ക്ക് വസ്ത്രം; അതുമല്ലെങ്കില്‍ ഒരടിമയെ വിമോചിപ്പിക്കുക. ഒരാള്‍ക്ക് ഇവയൊന്നും ലഭിച്ചില്ലെങ്കില്‍ മൂന്നുനാള്‍ നോമ്പനുഷ്ഠിക്കണം.-നിങ്ങള്‍ ശപഥം ചെയ്തിട്ട് ലംഘിക്കുന്നതിന്റെ പ്രായശ്ചിത്തമാണിത്. ചെയ്ത ശപഥങ്ങള്‍ നിറവേറ്റണം. നിങ്ങള്‍ കൃതജ്ഞരാകാന്‍ വേണ്ടി അല്ലാഹു തന്റെ ദൃഷ്ടാന്തങ്ങള്‍ വിവരിച്ചു തരുന്നു'. (അല്‍മാഇദ: 87-89)


3. പ്രവാചകന്‍ സ്വപത്‌നിമാരിലൊരാളോട് (ഹഫ്‌സ്വ) ഒരു രഹസ്യവിവരം കൈമാറിയ സന്ദര്‍ഭം സ്മരണീയമത്രേ. എന്നിട്ട് ആ പത്‌നി മറ്റൊരുത്തി(ആഇശ)യെ അതറിയിക്കുകയും അല്ലാഹു നബിക്കത് വെളിപ്പെടുത്തിക്കൊടുക്കുകയുമുണ്ടായി. അപ്പോള്‍, അതില്‍ ചിലത് പ്രവാചകന്‍ ആ പത്‌നി(ഹഫ്‌സ്വ)യോട് പറയുകയും മറ്റുചിലത് വിട്ടുകളയുകയും ചെയ്തു. നബി ഇക്കാര്യമറിയിച്ചപ്പോള്‍ അങ്ങേയ്ക്ക് ആരാണിതറിയിച്ചുതന്നത് എന്ന് അവർ ചോദിച്ചു; എല്ലാം അറിയുന്നവനും സൂക്ഷ്മജ്ഞാനിയുമാണ് വിവരം തന്നത് എന്ന് അവിടന്ന് മറുപടി നല്‍കി.


ഹഫ്‌സ്വ ബീവിയോട് നബി(സ്വ) പറഞ്ഞ രഹസ്യം അവര്‍ ആഇശ ബീവി(റ)ക്ക് കൈമാറി. അക്കാര്യം വഹ്‌യിലൂടെ നബി(സ്വ) അറിയുകയും ആഇശ ബീവിയോടത് സൂചിപ്പിക്കുകയും ചെയ്തു. തിരുമേനി(സ്വ)ക്ക് ഇത് ഗുരുതരമായ മനഃപ്രയാസമുണ്ടാക്കി. സവിശേഷമായ വ്യക്തിത്വ ഗുണങ്ങൾ നബി(സ) തങ്ങളുടെ ഭാര്യമാർക്ക് ഉണ്ടാകേണ്ടതുണ്ട്. അതിന്റെ ഒരു പ്രധാന കാരണം അവർ വിശ്വാസികളുടെ ലോകത്തിന് മാതാക്കളാണ് എന്നതാണ്. അത് അല്ലാഹു വിശുദ്ധ ഖുർആനിൽ ഇങ്ങനെ പ്രഖ്യാപിക്കുന്നു: 'നബി(സ) വിശ്വാസികള്‍ക്ക് സ്വന്തത്തേക്കാള്‍ കടപ്പെട്ടവരാണ്, നബി(സ)യുടെ ഭാര്യമാര്‍ അവര്‍ക്ക് ഉമ്മമാരും' (അഹ്‌സാബ്: 6) മാതാവ് എന്ന് പറഞ്ഞാൽ മക്കളുടെ വ്യക്തിത്വത്തിന്റെ അമൂർത്ത ഭാവവും അഭിമാന ബോധവും സ്നേഹ കേന്ദ്രവും എല്ലാം ആണ്, ആയിരിക്കേണ്ടതാണ്. അതിനാൽ തന്നെ അല്ലാഹു വിശുദ്ധ ഖുർആനിൽ അവരെ അഭിസംബോധന ചെയ്തു കൊണ്ട് തന്നെ പ്രത്യേകമായ ഉപദേശങ്ങൾ നൽകുന്നത് കാണാം. സൂറത്തുൽ അഹ്സാബിന്റെ 27 മുതൽ 34 വരെയുള്ള സൂക്തങ്ങൾ അത്തരത്തിൽ അവരോട് മാത്രം പ്രത്യേക ഉപദേശങ്ങൾ നൽകുന്നതാണ്. അവയിൽ ഒന്നിൽ അല്ലാഹു അങ്ങനെ അവർക്കു മാത്രമായി ഒരു ഉപദേശം നൽകുന്നതിന്റെ യുക്തി പറയുന്നുണ്ട്. അത് നിങ്ങൾ മറ്റുള്ള സ്ത്രീകളെ പോലെയല്ല എന്നതാണ്. അല്ലാഹു പറയുന്നു: 'നബിയുടെ പത്നിമാരേ! നിങ്ങള്‍ ഭയഭക്തി (അഥവാ സൂക്ഷ്മത) കാണിക്കുന്നപക്ഷം നിങ്ങള്‍ സ്ത്രീകളില്‍പെട്ട (മറ്റ്) ഒരാളെപ്പോലെയുമല്ല; അതിനാല്‍, നിങ്ങള്‍ വാക്കില്‍ [സംസാരത്തില്‍] താഴ്മ കാണിക്കരുത്. (കാരണം:) അപ്പോള്‍ ഹൃദയത്തില്‍ വല്ല രോഗവുമുള്ളവനു മോഹം തോന്നിയേക്കും. നിങ്ങള്‍ മര്യാദപെട്ട വാക്കു പറഞ്ഞു കൊള്ളുകയും ചെയ്യണം. (അഹ്സാബ്: 32) അതിനാൽ പരസ്പരം നബി(സ്വ)യുടെ രഹസ്യങ്ങൾ കൈമാറുക, തിരു രഹസ്യങ്ങൾ പ്രചരിപ്പിക്കുക തുടങ്ങിയതെല്ലാം അതിൻ്റെ അനന്തരഫലം എത്ര ചെറുതായാലും വലുതായാലും ഏറെ ഗുരുതരമാണ്. ഇക്കാര്യത്തിലുള്ള അല്ലാഹുവിൻ്റെ താക്കീതാണ് ഈ ആയത്തിന്റെ ആദ്യഭാഗം.


അവസാനഭാഗത്ത് കൂട്ടത്തിൽ ഒരു പത്നി ഈ രഹസ്യം എങ്ങനെയാണ് താങ്കൾ അറിഞ്ഞത് എന്ന് ചോദിച്ചു അത്ഭുതപ്പെടുന്നുണ്ട്. മറുപടിയായി നബി (സ്വ) തങ്ങൾ ഇത് സൂക്ഷ്മ ജ്ഞാനിയായ അല്ലാഹു അറിയിച്ചു തരുന്നതാണ് എന്നു പറഞ്ഞു. ഇത് ആ ഭാര്യക്ക് അറിയാവുന്നത് തന്നെയാണ്. എന്നാലും സ്ത്രീ സഹജമായ ഒരു സന്ദേഹം അവിടെ തലകാട്ടുന്നുണ്ട്. മറ്റേതെങ്കിലും ഭാര്യമാർ പറഞ്ഞതാണോ എന്ന സന്ദേഹമായിരിക്കാം അത്. ഇതിനു മറുപടി ലഭിച്ചതോടെ കൂടെ അല്ലാഹുവിൻ്റെ റസൂലിന്റെയും ഇടപെടലും കണ്ടുപിടിത്തവും ആണ് വിഷയത്തിന്റെ അടിസ്ഥാനം എന്നത് വ്യക്തമായി തെളിയുകയായിരുന്നു. അത് ഒന്നുകൂടി ഉറപ്പിക്കാനെന്നോണം അല്ലാഹു അവരോട് തൗബ ചെയ്തു പശ്ചാത്തപിക്കുവാൻ അടുത്ത ആയത്തിലൂടെ ആവശ്യപ്പെടുന്നു.


4. പ്രവാചകപത്‌നിമാരേ, അല്ലാഹുവിങ്കലേക്കു നിങ്ങള്‍ ഖേദിച്ചു മടങ്ങുന്നുവെങ്കില്‍ നല്ലത്; നിങ്ങളുടെ ഹൃദയങ്ങള്‍ക്ക് വ്യതിചലനം സംഭവിച്ചിരിക്കുന്നു. ഇനി, നബിക്ക് പ്രതികൂലമായ പരസ്പര സഹകരണമാണ് നിങ്ങളില്‍ നിന്നുണ്ടാകുന്നതെങ്കില്‍, അല്ലാഹുവാണ് അവിടത്തെ രക്ഷകന്‍; ജിബ്‌രീലും സച്ചരിതരായ സത്യവിശ്വാസികളും കൂടാതെ മറ്റു മലക്കുകളും സഹായികളുമായിരിക്കും.


നബി തനിക്ക് ഇഷ്ടപ്പെട്ടത് നിഷിദ്ധമാക്കാന്‍ കാരണക്കാരായ വിശുദ്ധ പത്‌നിമാരായ ആഇശ(റ)യോടും ഹഫ്‌സ(റ)യോടും അല്ലാഹു പശ്ചാത്തപിക്കാന്‍ നിര്‍ദേശിക്കുകയും അവരെ ആക്ഷേപിക്കുകയുമാണിവിടെ. അവരുടെ ഹൃദയങ്ങള്‍ തെറ്റിപ്പോയിട്ടുണ്ടെന്ന് അവരെ അറിയിക്കുകയും ചെയ്യുന്നു. അതായത്, അവര്‍ കാണിക്കേണ്ടിയിരുന്ന സൂക്ഷ്മതയില്‍ കുറവ് വന്നെന്നും നബി(സ)യോട് കാണിക്കേണ്ട ആദരവിലും മര്യാദയിലും അപാകത സംഭവിച്ചിരിക്കുന്നു എന്നും മേലിൽ അദ്ദേഹത്തെ പ്രയാസപ്പെടുത്തരുതെന്നും നിര്‍ദേശിക്കുന്നു. ഈ നിലപാട് തുടരുകയാണെങ്കില്‍ നബി(സ)യോടൊപ്പം സഹായത്തിന് അല്ലാഹുവും ജിബ്‌രീലും സത്യവിശ്വാസികളും അതിനു പുറമെ മലക്കുകളും ഉണ്ടായിരിക്കുമെന്ന് അറിയിക്കുന്നു. പിന്നീട് അവരെ രണ്ടുപേരെയും ഭയപ്പെടുത്തുന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രയാസമുള്ള കാര്യത്തെക്കൊണ്ടാണ്. അത് വിവാഹമോചനമാണ്. അതാവട്ടെ, അവര്‍ക്ക് ഏറെ വിഷമമുള്ളതാണ്. ആ വിഷയം ഒരു ഭീഷണിയുടെ സ്വരത്തിൽ അല്ല അല്ലാഹു അവതരിപ്പിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. മാനസികമായ പ്രയാസം വർദ്ധിച്ചു വർദ്ധിച്ചു നബി തങ്ങൾ അവസാനം നിങ്ങളെ ഉപേക്ഷിക്കാൻ തയ്യാറാവുകയാണ് എങ്കിൽ, അപ്പോൾ അല്ലാഹു പ്രവാചകന്റെ ഒപ്പമാണ് നിൽക്കുക എന്നും പ്രവാചകന് നിങ്ങൾക്കു പകരമായി സച്ചരിതകളായ പത്നിമാരെ നൽകുമെന്നും പറയുന്നു.


5. പ്രവാചകപത്‌നിമാരേ, അവിടന്ന് നിങ്ങളെ വിവാഹമോചനം നടത്തുകയാണെങ്കില്‍ നിങ്ങളെക്കാള്‍ ശ്രേഷ്ഠരായ, മുസ്‌ലിംകളും വിശ്വാസിനികളും ഭക്തരും പശ്ചാത്താപികളും ആരാധനാനിമഗ്നരും വ്രതാനുഷ്ഠാനികളും വിധവകളോ കന്യകമാരോ ആയവരുമായ സഹധര്‍മിണിമാരെ നാഥന്‍ അവിടത്തേക്കു പകരം കൊടുത്തേക്കാം.


മേല്‍ കഴിഞ്ഞ തിരുവചനങ്ങളില്‍ പല തത്വങ്ങളും പാഠങ്ങളും ഉൾക്കൊള്ളുന്നുണ്ട്. അല്ലാഹു അനുവദനീയമാക്കിയ വസ്തുക്കളെ ഉപയോഗിക്കുകയില്ലെന്നു ആരും ദൃഢനിശ്ചയം ചെയ്തു കൂടാത്തതാണ് എന്നതാണ് അവയിലൊന്ന്. നല്ലതല്ലാത്ത വിഷയങ്ങളില്‍ സത്യം ചെയ്യരുത്, അഥവാ, അങ്ങിനെ സത്യം ചെയ്തുപോയാല്‍ അതിനു പ്രായശ്ചിത്തം (കഫ്ഫാറത്ത്‌) നല്‍കി അതില്‍ നിന്ന് വിരമിക്കേണ്ടതാണ് എന്നത് മറ്റൊന്ന്. നബി(സ്വ)യുടെ സ്ഥാനപദവികള്‍ക്ക് അനുയോജ്യമല്ലാത്ത വല്ല നിസ്സാരകാര്യം പോലും തിരുമേനിയില്‍ നിന്ന് ഉണ്ടായേക്കുന്നപക്ഷം അല്ലാഹു അത് തിരുത്തിക്കൊടുക്കുന്നതാണ് എന്നത് ഈ ആയത്തുകളിലെ മറ്റൊരു പാഠമാണ്. ഒപ്പം, സ്‌ത്രീകള്‍ എത്ര ഉന്നത പദവിയുള്ളവരായാലും അവരുടേതായ ചില സ്വഭാവങ്ങള്‍ അവരില്‍ നിന്ന് പ്രകടമായേക്കുക സ്വാഭാവികമാണ് തുടങ്ങിയ കാര്യങ്ങളും ഈ ആയത്തുകളുടെ സാരാംശത്തിൽ ഉണ്ട്.
0

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso