

വസന്തം വിശ്വാസത്തെ സ്വാധീനിക്കുന്ന വിധം
2025-09-11
Web Design
15 Comments
വെള്ളിപ്രഭാതം
മുഹമ്മദ് നിസാമി തയ്യിൽ
വിശുദ്ധ ഖുർആനിലെ ഏറ്റവും പ്രധാനപ്പെട്ട പ്രമേയങ്ങളിൽ ഒന്നാണ് ചരിത്രം. മുൻ കഴിഞ്ഞ പ്രവാചകന്മാർ, ജനതകൾ, സംഭവങ്ങൾ എന്നിവ പലപ്പോഴും ആവർത്തിച്ച് വിശുദ്ധ ഖുർആൻ പറയുന്നുണ്ട്. അന്ത്യനാളോളം വരാനിരിക്കുന്ന ജനങ്ങൾക്ക് സന്മാർഗം കാണിച്ചുകൊടുക്കുകയാണ് വിശുദ്ധ ഖുർആനിൻ്റെ പരമമായ ലക്ഷ്യം എന്നത് സുവിദമാണ്. കാണിച്ചു കൊടുക്കേണ്ടത് മുന്നോട്ടുഗമിക്കേണ്ട ശരിയായ വഴിയാണല്ലോ. ചരിത്രം പിന്നിൽ കിടക്കുന്ന സംഭവങ്ങളുമാണ്. മുന്നിലുള്ള വഴി കാണിച്ചു കൊടുക്കുവാൻ പിന്നിലുള്ള വഴിയെ കുറിച്ച് പറയേണ്ടിവരുന്നത് എന്തുകൊണ്ടാണ് എന്നത് എല്ലാ വിശ്വാസികളും ചിന്തിക്കേണ്ടതുണ്ട്. ഈ ചോദ്യത്തിന് ഉത്തരം വിശുദ്ധ ഖുർആൻ തന്നെ പറഞ്ഞുതരുന്നുണ്ട്. ഹൂദ് അധ്യായത്തിലെ നൂറ്റി ഇരുപതാം സൂക്തത്തിൽ അല്ലാഹു പറയുന്നു: 'എല്ലാ മുര്‍സലുകളുടെ വൃത്താന്തങ്ങളില്‍ നിന്നു താങ്കളുടെ ഹൃദയത്തെ ഉറപ്പിച്ചു നിറുത്തുന്ന ചരിത്ര ആഖ്യാനമാണ് നാം നിര്‍വഹിക്കുന്നത്' (ഹൂദ്: 120) മുൻകഴിഞ്ഞ പ്രവാചകൻമാരുടെ ചരിത്രങ്ങൾ ഖുർആനിലൂടെ അല്ലാഹു നബി തങ്ങൾക്ക് പറഞ്ഞുകൊടുക്കുന്നത് നബി തങ്ങളുടെ മനസ്സിനെ അഥവാ വിശ്വാസത്തെ ഉറപ്പിച്ചു നിറുത്തുവാൻ ആണ് എന്ന് വ്യക്തം. മറ്റു ജനതകളിലേക്ക് വന്ന പ്രവാചകന്മാരുടെ ചരിത്രം തന്നെ മഹാനായ നബി(സ്വ)യുടെ മനസ്സിന് ദൃഢതയും ഉറപ്പും നൽകുമെങ്കിൽ നമ്മുടെ സ്വന്തം പ്രവാചകനും ലോകത്തിൻ്റെ അന്ത്യപ്രവാചകനും പ്രവാചകന്മാരുടെ നേതാവും എല്ലാ അർത്ഥത്തിലും ഗുണ സമ്പന്നമായ ഒരു ജീവിതത്തിൻ്റെ ഉടമയുമായ നബി തിരുമേനി(സ്വ)യുടെ ചരിത്രപ്രകീർത്തനങ്ങൾ വിശ്വാസികളുടെ മനസ്സിന് എത്രമാത്രം ഈമാനുറപ്പ് നൽകും എന്നത് ചെറിയ ചിന്ത കൊണ്ട് തന്നെ കണ്ടെത്താവുന്ന കാര്യമാണ്. ഇത് കണ്ടെത്താനുള്ള ചിന്താപരമായ സങ്കീർണതയല്ല ചിലരുടെ പ്രശ്നം. മറിച്ച് അന്ധമായ വിരോധം കൊണ്ടുള്ള വികാരവിക്ഷോഭം ചിന്തിക്കാനുള്ള അവരുടെ കഴിവിനെ ക്ഷയിപ്പിക്കുന്നതാണ്. ഒരു ഭാഗത്ത് നബി(സ്വ) തങ്ങൾ ചെയ്തിട്ടില്ലെങ്കിലും ചെയ്യാൻ താല്പര്യപ്പെട്ടതായി തെളിവൊന്നും ഇല്ലെങ്കിലും സ്വന്തം യുക്തി വെച്ച് പ്രാദേശിക ഭാഷയിൽ ഖുതുബ നിർവഹിക്കാം എന്നുവരെ കണ്ടെത്താൻ കഴിയുന്നവർ ഇത്രയും വ്യക്തമായ കാര്യത്തെക്കുറിച്ച് ചിന്തിക്കാൻ ശ്രമിക്കുക പോലും ചെയ്യാത്തതിലെ വൈപരീതം ആരെയും അന്ധിപ്പിക്കുന്നതാണ്.
അന്ധമായ ഒരു വിരോധം പരമ്പരാഗതമായി കിട്ടിയതൊക്കെ പൊളിച്ചുമാറ്റി ശുദ്ധീകരിച്ച് നവോത്ഥാന നായകരാകാനുള്ള വാജ്ഞ തുടങ്ങിയതൊക്കെ ഇത്തരം നിലപാടുകാർക്ക് ഉണ്ട്. പക്ഷേ അതിനേക്കാൾ മറ്റൊന്നാണ് അവരുടെ പ്രശ്നം എന്നാണ് കരുതേണ്ടത്. അതു മറ്റൊന്നുമല്ല, നബി തിരുമേനി(സ്വ)യെ കുറിച്ച് അവർ ലോകത്ത് വന്ന ഒരുപാട് നേതാക്കന്മാരിൽ ഒരാൾ എന്ന് മാത്രമേ മനസ്സിലാക്കിയിട്ടുള്ളു എന്നതാണത്. ലോകത്ത് വന്നിട്ടുള്ള നേതാക്കന്മാരെ കുറിച്ച് നമ്മുടെ അറിവിന് ഒരു പരിധിയുണ്ട്. ഉദാഹരണമായി എബ്രഹാം ലിങ്കണെ എടുക്കാം. അമേരിക്കൻ ഐക്യനാടുകളിൽ അടിമത്വം നിരോധിക്കാനുള്ള ധീരമായ നടപടി സ്വീകരിച്ചു എന്നതാണ് അദ്ദേഹത്തെ ചരിത്രത്തിൽ ശ്രദ്ധേയനാക്കുന്ന ഘടകം. അതാണ് എല്ലാവരും ശ്രദ്ധിച്ചിട്ടുള്ളത്. അദ്ദേഹത്തിൻ്റെ ജീവിതം, സ്വഭാവം, സമീപനം, കാഴ്ചപ്പാടുകൾ തുടങ്ങിയ വിഷയങ്ങളിൽ നേരത്തെ പറഞ്ഞ വിഷയവുമായി ബന്ധപ്പെട്ട് ചിലതൊക്കെ നമുക്കറിയാം എന്നല്ലാതെ ജീവിതത്തിൻ്റെ ഓരോ ചലനത്തിന്റെയും ആഴങ്ങൾ പൊതുചരിത്രലോകം പഠിക്കുന്നില്ല, പഠിക്കേണ്ടതുമില്ല. അതിനുമാത്രം പാഠങ്ങൾ അവിടെയൊന്നും ഇല്ലാത്തതാണ് കാരണം. അപ്പോൾ ആ ഗണത്തിൽ മഹാനായ നബി(സ്വ)യെയും കാണുന്നവരെ ഇത്രമാത്രമേ നബി ജീവിതം ആകർഷിക്കൂ. ആ കുറവ് പക്ഷേ സമ്മതിച്ചു തരാൻ അത്തരക്കാർക്ക് മാനസിക വികാസം ഉണ്ടാവില്ല. അതിനാൽ അവർ, എന്തിനാണ് പ്രവാചകൻ്റെ അപദാനങ്ങൾ ആഘോഷപൂർവ്വം പറയുന്നതും കേൾക്കുന്നതും എന്നൊക്കെ പറയും. തങ്ങൾ അങ്ങനെ പറയുന്നത് ആത്മീയ വികാരം കൊണ്ടാണ് എന്ന് വരുത്തിത്തീർക്കുവാൻ നബി ആഘോഷിച്ചിട്ടുണ്ടോ, സഹാബിമാർ ആഘോഷിച്ചിട്ടുണ്ടോ എന്നൊക്കെ ചോദിക്കുകയും ചെയ്യും. അത്തരക്കാരോട് പ്രാഥമികമായി പറയാനുള്ളത് ആരാധനകൾ നബി ചെയ്തതും ചെയ്യാൻ പറഞ്ഞതും മാത്രമേ ആകാവൂ. അതേ സമയം, വിശ്വാസത്തെയും സംസ്കാരത്തെയും ഊർജ്ജപ്പെടുത്തുന്ന കാര്യങ്ങൾ, സ്വാഭാവിക ജീവിതത്തിൻ്റെ വസ്ത്രം, ഭക്ഷണം പോലുള്ള സാംസ്കാരിക തലങ്ങൾ തുടങ്ങിയവയിൽ അങ്ങനെ ഒരു അതിര് നോക്കേണ്ടതില്ല എന്നാണ്. ചെയ്തില്ല എന്നത് ചെയ്യരുത് എന്നതിന് തെളിവല്ല. ചെയ്യരുത് എന്ന് വ്യക്തമായി അവർ ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ മാത്രമേ ഒരു കാര്യം ചെയ്യാതിരിക്കേണ്ടതുള്ളൂ. അത്തരം വിലക്കിന്റെ പരിധിയിൽ വരാത്ത കാര്യങ്ങൾ എല്ലാം പൊതുവേ ഹലാലായി കരുതാം എന്നാണ് അടിസ്ഥാന കർമശാസ്ത്രം.
ഏറ്റവും പ്രധാനപ്പെട്ട വിഷയം അതൊന്നുമല്ല. നബി തിരുമേനി(സ്വ)യെ വേണ്ട വിധത്തിൽ പഠിച്ചില്ല, പഠിക്കുന്നില്ല എന്നതാണ്. ആ ജീവിതത്തിൻ്റെ ക്രമണികയും കഥയും കേവലം പഠിച്ചു വെക്കുന്നതിന്റെ കാര്യമല്ല പറയുന്നത്. മറിച്ച് ആ തിരുജീവിതത്തിൻ്റെ ഓരോ ചലനങ്ങളുടെയും പിന്നിലുള്ള ആശയവും ആദർശവുമാണ് പഠിക്കേണ്ടത്. സൂക്ഷ്മമായി അങ്ങനെ പഠിച്ചിട്ടുള്ളവർ പറയുന്നത്, നബി(സ്വ) തങ്ങളുടെ ജീവിതത്തിലെ ഏതെങ്കിലും ഒരു രംഗം മാത്രം ഈ വിധത്തിൽ പഠിച്ചാൽ അതുമതി, ആ നബിയിൽ സ്നേഹം കൊണ്ട് ലയിച്ചലിഞ്ഞുചേരാൻ എന്നാണ്. ഇമാം നവവി(റ) മഹാനായ നബി(സ്വ)യിലേക്ക് മനസ്സുകളെ വലിച്ചടുപ്പിക്കുന്ന മൂന്ന് കാര്യങ്ങൾ വിവരിക്കുന്നുണ്ട്. അവയിൽ ഏതെങ്കിലും ഒന്നിലേക്ക് മേൽപ്പറഞ്ഞ വിധത്തിൽ ആത്മാർത്ഥമായും ആഴത്തിലും നോക്കുന്നവർക്ക് നബി(സ്വ)യോടുള്ള അനുരാഗവും സ്നേഹവും വരാതിരിക്കില്ല. അഴക്, സ്വഭാവ-സമീപന ഗുണങ്ങൾ, ഉപകാരം എന്നിവയാണ് ആ മൂന്നു കാര്യങ്ങൾ. ഇവ മൂന്നിൽ ഏതെങ്കിലും ഒന്നിലൂടെ തന്നെ ആ അനുരാഗത്തിലേക്ക് എത്താം. ഹസ്സാൻ ബിൻ താബിത്(റ) എന്ന അൻസ്വാരി സഹാബി അതിനൊരു മികച്ച ഉദാഹരണമാണ്. അറേബ്യയിലെ മികച്ച കവികളിൽ ഒരാളായിരുന്ന അദ്ദേഹത്തെ സ്വാധീനിച്ചത് നബിയുടെ അഴകായിരുന്നു. 'ഒരിക്കൽ നബി(സ്വ) തങ്ങൾ ഒരു സദസ്സിലേക്ക് കടന്നുവന്നു. താൻ കടന്നു വരുമ്പോൾ ആരും എഴുന്നേൽക്കരുത് എന്ന് നബി(സ്വ) അവരെ പഠിപ്പിച്ചിരുന്നു. സദസ്സിൽ ഉണ്ടായിരുന്നവർ അപ്രകാരം തന്നെ എഴുന്നേൽക്കാതെ ബഹുമാനങ്ങൾ പ്രകടിപ്പിച്ചു. പക്ഷേ കൂട്ടത്തിൽ ഒരാൾ അയാൾ പോലും അറിയാതെ എഴുന്നേറ്റു നിന്നു. അതുകണ്ട നബി 'ഇതു ഞാൻ വിലക്കിയതായിരുന്നില്ലേ!' എന്ന് തെല്ലു ഗൗരവത്തോടെ ആരാഞ്ഞു. എഴുന്നേറ്റു നിന്നത് ഹസ്സാൻ ബിൻ താബിത്(റ) ആയിരുന്നു. രണ്ടു വരി കവിതകൾ കൊണ്ടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. 'എൻ്റെ പ്രിയപ്പെട്ട പ്രവാചകനെ കാണുമ്പോൾ എഴുന്നേൽക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് നിർബന്ധമാണ്. നിർബന്ധങ്ങൾ ഉപേക്ഷിക്കുക എന്നത് ശരിയാവില്ല'. തുടർന്ന് അദ്ദേഹം ചോദിച്ചു: 'പിന്നെ.., ഇത്രയും വലിയ ഒരു പ്രഭാവം കാണുന്ന ബുദ്ധിയും വിവേകതയുമുള്ള ഒരാൾ എങ്ങനെ എഴുന്നേൽക്കാതിരിക്കാനാണ് !'
ഒരുപക്ഷേ, ഇതിനേക്കാളധികം ചിന്തിക്കുന്നവരെ സ്വാധീനിക്കുന്ന കാര്യങ്ങളാണ്, നബി(സ്വ)യുടെ സ്വഭാവ- സമീപനങ്ങളുടെ സൗന്ദര്യം. ബിലാൽ(റ)വിനെ അബൂദർ (റ) കറുത്തവൻ എന്ന് പരസ്യമായി വിളിച്ച് അധിക്ഷേപിച്ചപ്പോൾ 'താങ്കളുടെ ഉള്ളിൽ ഇപ്പോഴും ജാഹിലിയ്യത്തുണ്ട്' എന്നു പറഞ്ഞ നബി(സ്വ)യുടെ കർക്കശമായ നിരൂപണം ഒരു ഉദാഹരണമാണ്. മക്കാ വിജയത്തിന്റെ അന്ന്
'ഇന്ന് യുദ്ധത്തിന്റെ ദിനമാണ്, ഇന്ന് അല്ലാഹു ഖുറൈശികളെ നിന്ദ്യരാക്കും' എന്നു പ്രഖ്യാപിച്ച് മക്കക്കാരോടുള്ള എല്ലാ പ്രതികാരവും ഇന്ന് ചെയ്യണമെന്ന് പരസ്യമായി പ്രതിജ്ഞ എടുത്ത സഅ്ദ്ബ്‌നു ഉബാദ(റ)യെ 'അല്ല, ഇന്ന് കാരുണ്യത്തിന്റെ ദിനമാണ്, ഈ ദിവസം അല്ലാഹു ഖുറൈശികളെ അന്തസ്സിലാക്കുന്നതാണ്' എന്നു പറഞ്ഞു തിരുത്തുകയും തൻ്റെ ജന്മശത്രുക്കൾക്ക് പരസ്യമായി മനസ്സ് തുറന്ന് മാപ്പു കൊടുക്കുകയും ചെയ്ത കാഴ്ച സന്മനസ്സുള്ള ലോകത്തിൻ്റെ മനസ്സിലെ ഒരിക്കലും മായാത്ത രംഗങ്ങളാണ്. അരണ്ട വെളിച്ചത്തിൽ ഒരു സ്ത്രീയുമായി സംസാരിച്ചു നിൽക്കുന്നത് കാണാനിടയായ ഒരാളെ തിരിച്ചുവിളിച്ച് 'ഞാൻ സംസാരിച്ചു നിൽക്കുന്നത് എൻ്റെ ഭാര്യ സഫിയയോടാണ്' എന്ന് പറഞ്ഞ് അയാളുടെ മനസ്സിലോ ഭാവിയുടെ ചുവരിലോ ഉണ്ടായേക്കാവുന്ന ഒരു തെറ്റിദ്ധാരണയെ മുൻകൂട്ടി പ്രതിരോധിക്കുന്ന നബി(സ്വ) അല്ലാഹുവിൻ്റെ ദർശനം അവതരിപ്പിക്കുവാൻ വിശുദ്ധമായ വ്യക്തിത്വം അനിവാര്യമാണ് എന്ന് പഠിപ്പിക്കുകയായിരുന്നു. അനാഥയുടെ മുമ്പിൽ വെച്ച് സനാഥയെ ഓമനക്കരുത് എന്നു പറയുമ്പോഴും, വാഹനപ്പുറത്ത് ഇരുന്ന് നീണ്ട നേരം സംസാരിച്ചു സമയം കളയുന്ന അറബികളുടെ പതിവിനു നേരെ വിരൽ ചൂണ്ടി 'നിങ്ങൾ നാൽക്കാലിപ്പുറങ്ങൾ സ്റ്റേജുകൾ ആക്കരുത്' എന്ന് പറയുമ്പോഴും കുഞ്ഞുങ്ങളോട് സ്നേഹം കാണിക്കുകയും പ്രകടിപ്പിക്കുകയും ചെയ്യാത്തവൻ ഹൃദയകാരുണ്യം വറ്റിയവനാണ് എന്ന് സിദ്ധാന്തിക്കുമ്പോഴുമെല്ലാം ആ സമീപനങ്ങളുടെ സൗന്ദര്യം നാം ആസ്വദിക്കുകയാണ്.
ഇനി, നബി(സ്വ) തങ്ങൾ നമുക്ക് ചെയ്തു തന്ന ഗുണങ്ങളുടെ ശ്രേണിയിലേക്ക് കടന്നാൽ അത് നമ്മുടെ ഐഹികവും പാരത്രികവുമായ രണ്ടു ജീവിതത്തെയും സ്വാധീനിക്കുന്നു എന്ന് കാണാം. മാനസികമായ പിരിമുറുക്കങ്ങളിൽ നിന്ന് രക്ഷപ്പെടാൻ നമുക്ക് വിശുദ്ധ ഖുർആൻ പാരായണവും ദിക്റുകളും ആരാധനകളും അവർ പഠിപ്പിച്ചു തന്നു. ശാരീരികമായ അപചയങ്ങൾ തടയുവാൻ വിലപ്പെട്ട ആരോഗ്യ ഉപദേശങ്ങൾ തന്നു. കച്ചവടത്തിനും ജീവിതസന്ധാരണ മാർഗ്ഗങ്ങളിലും മനസ്സാക്ഷിക്കുത്ത് അനുഭവിക്കാതിരിക്കാൻ കള്ളവും ചതിയും വരാത്ത ഇടപാട് രീതികൾ പഠിപ്പിച്ചു തന്നു. തർക്ക വിതർക്കങ്ങളും യുദ്ധങ്ങളും ഉണ്ടാവാതിരിക്കുവാൻ സമാധാനത്തിന്റെ എല്ലാ വഴികളും ചൂണ്ടിക്കാണിച്ചു തന്നു. നാട് ഭരിക്കാനും വീടു ഭരിക്കാനും കോടതി ഭരിക്കാനും കുടുംബം നയിക്കാനും എല്ലാം വേണ്ട പരിശീലനങ്ങൾ തന്നു. അന്യ ലിംഗങ്ങളോടും അന്യ വർഗ്ഗങ്ങളോടും ഉള്ള ബന്ധങ്ങളെ ഊഷ്മളമാക്കുവാൻ വേണ്ട സമീപന രീതികൾ കാണിച്ചുതന്നു. മാത്രമല്ല, സ്വർഗ്ഗത്തിനു മുമ്പിൽ കൗസർ പാനപ്പാത്രവുമായി കാത്തുനിൽക്കാൻ മാത്രം ഉറപ്പുള്ള പാരത്രിക മോക്ഷത്തിന്റെയും മോചനത്തിന്റെയും എല്ലാ വഴികളും വിവരിച്ചു തരികയും ചെയ്തു. ഈ അർത്ഥത്തിലെല്ലാം പ്രവാചകനെ പഠിക്കുകയാണ് വേണ്ടത്. അപ്പോൾ നമ്മുടെ വിശ്വാസവും വിധേയത്വം ശക്തി പ്രാപിക്കുന്നത് കാണാം.
0
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso