

അനുരാഗത്തിൻ്റെ അർത്ഥതലങ്ങൾ
2025-09-11
Web Design
15 Comments
വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി
ഞാൻ കടന്നുവരുമ്പോൾ ആരും ബഹുമാനപൂർവ്വം എഴുന്നേറ്റു നിൽക്കരുത് എന്ന് നബി(സ്വ) തിരുമേനി അനുയായികളെ പഠിപ്പിച്ചിട്ടുള്ളതാണ്. അറബികളുടെ സംസ്കാരത്തിൽ അത്തരം ഒരു ആദരവിന്റെ പ്രകടനം ഇല്ലാത്തത് കൊണ്ടായിരിക്കാം, നബി തങ്ങൾ ഒപ്പം തന്നെ പറഞ്ഞു 'അത് അനറബികളുടെ സമ്പ്രദായങ്ങളിൽ പെട്ടതാണ്' എന്ന്. അല്ലെങ്കിൽ അത്തരം ഒരു ബഹുമാന പ്രകടനം തനിക്കു വേണ്ട എന്ന് നബി(സ്വ) തങ്ങൾ തൻ്റെ വിനയം കൊണ്ട് താൽപര്യപ്പെടുന്നതുമാവാം. ഏതായാലും ഒരിക്കൽ നബി തങ്ങൾ ഒരു സദസ്സിലേക്ക് കടന്നുവന്നു. സദസ്സിൽ ഇരിക്കുന്നവർ തങ്ങൾ പറഞ്ഞതു പോലെ എഴുന്നേൽക്കാതെ തന്നെ ബഹുമാനങ്ങൾ പ്രകടിപ്പിച്ചു. പക്ഷേ കൂട്ടത്തിൽ അയാൾ പോലും അറിയാതെയെന്ന മട്ടിൽ ഒരാൾ എഴുന്നേറ്റു നിന്നു. 'ഇതു ഞാൻ വിലക്കിയതായിരുന്നില്ലേ!' എന്ന് നബി(സ്വ) തങ്ങൾ തെല്ലു ഗൗരവത്തോടെ ആരാഞ്ഞു. എഴുന്നേറ്റു നിന്നത് ഹസ്സാൻ ബിൻ താബിത്(റ) ആയിരുന്നു. അറേബ്യ കണ്ട മികച്ച കവികളിൽ ഒരാൾ. അവസാനം നബി തിരുമേനിയുടെ സ്വന്തം കവി ആകുവാനുള്ള ഭാഗ്യം കിട്ടിയ മഹാനായ സ്വഹാബിവര്യൻ. അദ്ദേഹത്തിൻ്റെ സാധാരണ സംസാരങ്ങൾ പോലും പലപ്പോഴും കാവ്യത്തിലേക്ക് തെന്നിമാറുന്നതായി കാണാം. അത്രയും സമ്പന്നനായ കവി. രണ്ടു വരി കവിതകൾ കൊണ്ടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. 'എൻ്റെ പ്രിയപ്പെട്ട പ്രവാചകനെ കാണുമ്പോൾ എഴുന്നേൽക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് നിർബന്ധമാണ്. നിർബന്ധങ്ങൾ ഉപേക്ഷിക്കുക എന്നത് ശരിയാവില്ല'. തുടർന്ന് അദ്ദേഹം ചോദിച്ചു: 'പിന്നെ.., ഇത്രയും വലിയ ഒരു പ്രഭാവം കാണുന്ന ബുദ്ധിയും വിവേകതയുമുള്ള ഒരാൾ എങ്ങനെ എഴുന്നേൽക്കാതിരിക്കാനാണ് !'
മഹാനായ നബി തിരുമേനി(സ്വ)യോടുള്ള അനുരാഗത്തിന്റെ ഒരു രംഗമാണ് ഇവിടെ നാം കാണുന്നത്. ഇങ്ങനെ രംഗങ്ങൾ ഇങ്ങനെ കാണുകയല്ലാതെ ഈ അനുരാഗത്തെയും പ്രണയത്തെയുമൊന്നും നിർവചിക്കുവാൻ നമുക്ക് കഴിയില്ല എന്നതാണ് വാസ്തവം. കാരണം അത് ഒരു അനുഭവവും അനുഭൂതിയുമാണ്. അത് ഒരു ഉൾക്കൊള്ളലും ആവാഹിക്കലുമാണ്. അതുകൊണ്ടാണ് മഹാനായ ഇബ്നുൽ ഖയ്യിം(റ) അനുരാഗം നിർവചനത്തിന് അതീതമാണ് എന്ന് തൻ്റെ ഒരു കൃതിയിൽ പറയുന്നത്. പ്രവാചകനോടുള്ള അനുരാഗത്തെക്കുറിച്ചും അത് വിശ്വാസിയുടെ വിശ്വാസത്തെ ഏതു വിധമെല്ലാം സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചുമുള്ള ചിന്തകൾ സജീവമാകുന്ന ഈ കാലത്ത് അനുരാഗത്തെ കുറച്ചുകൂടി അടുത്തുനിന്ന് അറിയുന്നത് നന്നായിരിക്കും. അത് ഹ്രസ്വമായി ഒരിടത്ത് വിവരിച്ചു തരുന്നുണ്ട്, മഹാനായ ഇമാം നവവി(റ). അനുരാഗത്തിന്റെ ന്യായവും കാരണവും മൂന്നാണ് എന്നും അതിനാൽ അത് മൂന്നു വിധമാണ് എന്നും അദ്ദേഹം പറയുന്നു. അഴകിനെ ആധാരമാക്കി ഉണ്ടാകുന്ന അനുരാഗമാണ് അവയിൽ ഒന്ന്. അഴകുള്ള ഒരു വ്യക്തിയെയോ ഒരു ദൃശ്യത്തെയോ ഒരു സംഭവത്തെയോ കാണുമ്പോൾ മനസ്സിൻ്റെ ഉള്ളിൽനിന്ന് ഉയർന്നുവരുന്ന സ്നേഹ വായ്പാണ് അത്. അത് ഇഷ്ടം എന്നും വ്യവഹരിക്കപ്പെടും. ഇത്തരം ഒരു അനുരാഗത്തിന്റെ ഉദാഹരണമാണ് നാം പറഞ്ഞ രംഗത്ത് ഹസ്സാൻ ബിൻ താബിത്(റ)വിനുണ്ടായത്. അദ്ദേഹത്തിന് പ്രവാചകൻ്റെ അഴകിനെ വർണ്ണിക്കുകയും വിവരിക്കുകയും ചെയ്യുന്ന നിരവധി സുപ്രസിദ്ധമായ വരികൾ ഉണ്ട്. അവർണനീയമായ അനുരാഗത്തിന്റെ വൃഷ്ടി അവയിലെ ഓരോ വാക്കിലും അനുഭവിക്കും. അവയിലൊന്നിൽ അദ്ദേഹം ഇങ്ങനെ പറയുന്നുണ്ട്: 'അങ്ങയെക്കാൾ അഴകുള്ള ഒരാളെയും എൻ്റെ കണ്ണുകൾ കണ്ടിട്ടില്ല. അങ്ങയോളം സൗകുമാര്യമുള്ള ഒരാളെയും ഒരു സ്ത്രീയും പ്രസവിച്ചിട്ടില്ല. അങ്ങ് ആവശ്യപ്പെട്ടതുപോലെയെന്നോണം ഒരു ന്യൂനതയും ഇല്ലാതെ അങ്ങ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നു'. കണ്ടുനിൽക്കുന്നവരിൽ അനുരാഗം നിറക്കുന്ന സൗന്ദര്യധാമമായിരുന്നു നബി(സ്വ) തിരുമേനി എന്നത് ചരിത്രമാണ്. നിലാവ് തൂകുന്ന ചന്ദ്രനോടാണ് നഗ്‌ന നേത്രങ്ങൾ കൊണ്ട് നബി(സ്വ)യെ കാണുവാൻ ഭാഗ്യമുണ്ടായ പല സഹാബിമാരും ആ സൗന്ദര്യത്തെ ഉപമിച്ചത്.
സ്വഭാവത്തെ ആധാരമാക്കിയുള്ള അനുരാഗമാണ് രണ്ടാമത്തേത്. അഥവാ, തിരു സ്വഭാവത്തെയും സമീപനത്തെയും കാണുമ്പോൾ അവയുടെ മനോഹാരിതയാൽ ആകർഷിക്കപ്പെട്ട മനസ്സുകളിൽ നിന്ന് നുരഞ്ഞുയരുന്ന അനുരാഗം. നൂറു ശതമാനവും അത്തരം ഒരു അനുരാഗം അർഹിക്കുന്ന സവിശേഷമായ ജീവിതമായിരുന്നു മഹാനായ നബി(സ്വ)യുടേത് എന്നത് ചരിത്രം സമ്മതിച്ച് അടയാളപ്പെടുത്തിവെച്ചതാണ്. ആ സ്വഭാവത്തിന്റെ സമ്പന്നത ശത്രുവിനു പോലും സമ്മതിക്കേണ്ടി വന്നു. ആ സമീപനങ്ങളുടെ മനോഹാരിതയുടെ മുമ്പിൽ തർക്കങ്ങൾ കെട്ടറ്റു വീണു. ജീവിതകാലം മുഴുവനും വിടാതെ വേട്ടയാടിയവർ ആ മനസ്സിൻ്റെ വിട്ടുവീഴ്ചയുടെ മുമ്പിൽ അന്തിച്ചു നിന്നുപോയി. മരണം കുന്തിരിക്കം പുകച്ച് അടുത്തുവന്നു നിൽക്കുമ്പോൾ പോലും സമ്പാദ്യങ്ങൾ മുഴുവൻ പാവപ്പെട്ടവർക്ക് എടുത്തു കൊടുക്കുന്ന ആ ദാനശീലം സമാനതകൾ ഇല്ലാത്തതാണ്. ബിലാലിന്റെ തൊലിക്കറുപ്പിനു വേണ്ടി അബുദർറിനോട് കയർക്കുന്ന ആ സൻമനസ്സ് അനുപമമാണ്. ജീവിതപാതിയോട് ഏറ്റവും മാന്യത കാണിക്കുന്നവനാണ് നിങ്ങളിൽ യഥാർഥ മാന്യൻ എന്നു പറയുമ്പോൾ ആ മഹോന്നതനായ കുടുംബനാഥൻ എല്ലാവരുടെയും ബഹുമാനപാത്രമാവുകയാണ്. അനാഥയുടെ മുമ്പിൽവെച്ച് സനാഥയെ ഓമനിക്കരുതെന്ന് പറയുമ്പോൾ ആ മനസ്സിൻ്റെ നൈർമല്യം എല്ലാ അതിരുകളെയും ഭേദിക്കുകയാണ്. കുട്ടികളുടെയും യുവജനങ്ങളുടെയും അടിമകളുടെയും സ്ത്രീകളുടെയും കർഷകരുടെയും കച്ചവടക്കാരുടെയും നയതന്ത്രജ്ഞരുടെയും ഭരണാധികാരികളുടെയുമെല്ലാം ലോകത്തേക്ക് മന്ദം മന്ദം കടന്നുചെല്ലുന്ന ആ പ്രവാചക മാരുതൻ ലോകത്തിൻ്റെ ഏത് ഇഷ്ടത്തിനും സ്നേഹത്തിനും തികച്ചും അർഹനാണ്.
മൂന്നാമത്തേത്, ഉപകാരത്തെ ആധാരമാക്കിയുള്ള സ്നേഹമാണ്. ഒരാൾ നമുക്ക് വേണ്ടി എന്തെങ്കിലും ഒരു ഉപകാരം ചെയ്തുതരുമ്പോൾ അയാളോട് നമുക്ക് സ്നേഹമുണ്ടാവുക സ്വാഭാവികമാണ്. കാരണം അത് അയാൾ തൻ്റെ മനസ്സിൻ്റെ നന്മ കൊണ്ട് കാണിക്കുന്ന സ്നേഹവും ചെയ്യുന്ന ദാനവുമാണ്. മഹാനായ പ്രവാചകൻ ആ അർത്ഥത്തിലും ലോകത്തിൻ്റെ എല്ലാ സ്നേഹത്തിനും അർഹനാണ്. കാരണം, ലോകത്തിന് അത്രമേൽ ഉപകാരങ്ങളാണ് നബി(സ്വ) തങ്ങൾ ചെയ്തത്. അതുതന്നെ അചിന്തനീയമായ എതിർപ്പുകളെയും അസഹനീയമായ പ്രതിബന്ധങ്ങളെയും സഹിച്ചും മറികടന്നും കൊണ്ട്. ആ ജീവിതത്തിന് അവഗണന നേരിടേണ്ടിവന്നു. ശ്വാസം അടക്കിപ്പിടിച്ച് ഒളിച്ചിരിക്കേണ്ടിവന്നു. ഊരിപ്പിടിച്ച വാളുകൾക്കു മുമ്പിലൂടെ തലകുനിച്ച് മറേണ്ടിവന്നു. വിശപ്പും ദാഹവും സഹിക്കേണ്ടിവന്നു. യുദ്ധങ്ങൾ നേരിടേണ്ടിവന്നു. അപ്പോഴെല്ലാം മഹാനുഭവൻ അതെല്ലാം ധീരമായി നേരിട്ടതും മുന്നോട്ട് ഗമിച്ചതും അറേബ്യയിലെ രാജാവാകുവാൻ വേണ്ടിയായിരുന്നില്ല. അറേബ്യയുടെ നിധി കുംഭങ്ങൾ സ്വന്തമാക്കുവാനായിരുന്നില്ല. നേതാവിൻ്റെ മേലങ്കി അണിയുവാനായിരുന്നില്ല. അവയെല്ലാം കയ്യെത്താവുന്ന ദൂരത്ത് വരെ വന്നു നിന്നപ്പോഴും അതൊന്നും വേണ്ടാ എന്ന് വെച്ചത് ആ ജീവിതത്തിൽ നാം ഒരുപാട് കണ്ടതും കേട്ടതുമാണല്ലോ. ജനങ്ങളുടെ ജീവിതം രണ്ടു വീട്ടിലും സുരക്ഷിതമാകുക എന്നതിലപ്പുറം മറ്റൊന്നും അവർ ചിന്തിച്ചില്ല എന്നു പറയുമ്പോൾ ആ ഉപകാരങ്ങൾ എത്രമാത്രം നിഷ്കളങ്കമായിരുന്നു എന്നത് നമുക്ക് മനസ്സിലാക്കാം. സ്വന്തം ജീവനേക്കാൾ നബി(സ്വ) തങ്ങൾ ഈ വിമോചനത്തെ മഹത്തരമായി കണ്ടു. ഉഹദ് രണാങ്കണത്തിൽ സ്വന്തം ജീവൻ അപകടപ്പെട്ട സാഹചര്യത്തെക്കുറിച്ച് 'അതായിരുന്നില്ലേ അങ്ങയുടെ ജീവിതം കണ്ട ഏറ്റവും വലിയ വേദന?' എന്ന് ആയിഷാ ബീവി ചോദിക്കുമ്പോൾ, 'അല്ല, അന്ന് ത്വാഇഫുകാർക്ക് വിമോചനത്തിന്റെ ആദർശം എത്തിക്കാൻ കഴിയാതെ പോയതാണ് ഏറ്റവും വേദനയുളവാക്കിയ സംഭവം' എന്ന് പ്രസ്താവിക്കുമ്പോൾ ആ താൽപര്യങ്ങൾ എത്രമാത്രം പവിത്രവും മഹത്തരവും ആയിരുന്നു എന്ന് നാം തിരിച്ചറിയുന്നു. അങ്ങനെ അതും അന്ത്യ പ്രവാചകനോടുള്ള അനുരാഗത്തിന്റെ മറ്റൊരു ഇനവും കാരണവുമായി മാറുന്നു.
ഇവയെല്ലാം അനുരാഗത്തിന്റെ ന്യായങ്ങളാണ്. ഇനി ചിന്തിക്കാനുള്ളത് അതിൻ്റെ പ്രായോഗികതയെ കുറിച്ചാണ്. അതായത് ആ സ്നേഹം പ്രവർത്തി പഥത്തിലേക്ക് മാറ്റുന്ന പ്രക്രിയകൾ ഏതെല്ലാമാണ് എന്നതിനെക്കുറിച്ച്. അത് ഒറ്റവാക്കിൽ പറഞ്ഞാൽ നാലു വിധേനയാണ്. നാലിൽ ഒന്നല്ല, നാലും ചേർന്ന വിധം. ഒന്ന്, ആ പ്രവാചകൻ കൊണ്ടുവന്ന എല്ലാം സത്യമാണ് എന്ന് വിശ്വസിക്കുക. തൻ്റെ ബുദ്ധിക്കും യുക്തിക്കും വിലയിരുത്തലിനും വിധേയപ്പെടുന്നവ മാത്രം സ്വീകരിക്കുകയും അല്ലാത്തതെല്ലാം അവഗണിക്കുകയും ചെയ്യുന്ന പുതിയ പ്രവണത സത്യത്തിൽ ന്യായീകരിക്കാൻ കഴിയുന്നതല്ല. രണ്ട്, ആ പ്രവാചകൻ കല്പിച്ചതെല്ലാം അനുസരിക്കുക. 'അതെല്ലാം ഐച്ഛികങ്ങൾ മാത്രമല്ലേ !' എന്നു ചോദിക്കുകയും പറ്റിയതുമാത്രം എടുത്ത് മുസ്ലിം ചമയുകയും ചെയ്യുന്ന പുതിയ കാലത്തിൻ്റെ പ്രവാചക സ്നേഹം സത്യത്തിൽ കാപട്യമാണ്. മൂന്ന്, ആ പ്രവാചകൻ കൊണ്ടുവന്നു തന്നതല്ലാത്തതൊന്നും ആരാധനയായി ചെയ്യാതിരിക്കുക. ആരാധനകൾ വിവരിച്ചുതരാനും കാണിച്ചുതരാനും പഠിപ്പിക്കുവാനും അല്ലാഹു നിയോഗിച്ച പ്രവാചകനാണ് മഹാനായ നബി(സ്വ) തങ്ങൾ. എന്നിരിക്കെ ആരാധന എന്ന അർത്ഥത്തിൽ വിശ്വാസികൾ സ്വന്തമായി ഒന്നും ആവിഷ്കരിക്കേണ്ടതില്ല. അതേസമയം ആരാധനയുടെയും അതിൻ്റെ അടിസ്ഥാനമായ വിശ്വാസത്തിന്റെയും മാറ്റുകൂട്ടിയെടുക്കുവാൻ വേണ്ടി ചെയ്യുന്നതും പ്രമാണങ്ങളിൽ വ്യക്തമായ വിലക്ക് വന്നിട്ടില്ലാത്തതുമായ നബിയെ പുകഴ്ത്തുകയൊക്കെ ചെയ്യുന്നതു പോലെയുള്ള അനുബന്ധങ്ങൾ ഈ ഗണത്തിൽ ഉൾപ്പെടുകയില്ല. അവ വിശ്വാസികൾക്ക് പ്രത്യേക ഉന്മേഷത്തിൻ്റെയും ഊർജ്ജത്തിൻ്റെയും സ്രോതസ്സുകളാണ്. നാല്, ആ പ്രവാചകനെ നാം എന്തിനേക്കാളും ആരേക്കാളും ആത്മാർത്ഥമായി സ്നേഹിക്കുക. ഈ നാലാമത്തെ ബാധ്യതയാണ് നാം പറഞ്ഞുതുടങ്ങിയത്. ഈ സ്നേഹമാണ് നമ്മുടെ വിശ്വാസ സംഹിതയുടെ അർദ്ധാംശമായ 'മുഹമ്മദുൻ റസൂലുല്ലാഹി' എന്ന എന്ന തിരിച്ചറിവിലേക്ക് മനുഷ്യൻ്റെ മനസ്സുകളെ എത്തിക്കുന്നത്. ആ സ്നേഹം മനസ്സിൽ അങ്കുരിക്കുവാൻ പ്രവാചകനെ പറ്റി ഇനിയും ഒരുപാട് പറഞ്ഞും കേട്ടും പഠിച്ചും പഠിപ്പിച്ചും പങ്കുവെച്ചും നാം നടക്കേണ്ടതുണ്ട്.
0
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso