

അകത്തും അടുക്കളയിലും ഉണ്ടാവാം അപകടങ്ങൾ
2025-09-30
Web Design
15 Comments
ഖുർആൻ പഠനം
ടി എച്ച് ദാരിമി
സൂറത്തുത്തഹ് രീം 5-10
അകത്തും അടുക്കളയിലും ഉണ്ടാവാം അപകടങ്ങൾ
6. സത്യവിശ്വാസികളേ, സ്വന്തം ശരീരങ്ങളെയും കുടുംബത്തെയും മനുഷ്യരും ശിലകളും വിറകായ നരകത്തില്‍ നിന്നു നിങ്ങള്‍ കാത്തുസംരക്ഷിക്കുക. കഠിനമനസ്‌കരും അതിശക്തരുമായ മലക്കുകളായിരിക്കും അതിന്റെ പാറാവുകാര്‍. അല്ലാഹുവിന്റെ കല്‍പനകളില്‍ ഒരെതിര്‍പ്പുമവര്‍ കാണിക്കില്ല; അനുശാസിക്കപ്പെടുന്നതെന്തും അവര്‍ പ്രവര്‍ത്തിക്കുന്നതാണ്.
അവിശ്വാസികളെയും ദുർമാർഗികളെയും കാത്തിരിക്കുന്ന നരകത്തെ വിവരിക്കുന്നതാണ് ഈ സൂക്തം. അത്തരക്കാർക്ക് നരകം ഉണ്ട് എന്ന് പ്രസ്താവിക്കുന്നതോടൊപ്പം ആ നരകം വളരെ കഠിനമാണ് എന്ന സന്ദേശം കൂടി ഈ ആയത്ത് നൽകുകയാണ്. ആ ഗൗരവം സൂചിപ്പിച്ചു തുടങ്ങുന്നത് നരകത്തിലെ അഗ്നിയുടെ ഇന്ധനം മനുഷ്യരും കല്ലുകളും ആണ് എന്ന് പറഞ്ഞു കൊണ്ടാണ്. അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് സ്വയം രക്ഷിക്കാൻ പരിശ്രമിക്കുന്നതിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല ഒരു വ്യക്തിയുടെ ഉത്തരവാദിത്തമെന്നും മറിച്ച് തന്റെ കുടുംബത്തിലെ അംഗങ്ങളെ അല്ലാഹുവിൻ്റെ പ്രിയപ്പെട്ട ദാസന്മാരായി മാറാൻ പഠിപ്പിക്കുകയും പരിശീലിപ്പിക്കുക കൂടി ചെയ്യേണ്ടത് കുടുംബനാഥന്റെ ഉത്തരവാദിത്തമാണ്, അവർ സ്വാഭാവിക ജീവിത പ്രക്രിയയിൽ അവന്റെ സംരക്ഷണയിൽ ഏൽപ്പിക്കപ്പെട്ടവരാണ്; അവർ നരകത്തിലേക്കുള്ള പാത പിന്തുടരുകയാണെങ്കിൽ അവരെ ശരിയാക്കാൻ അവൻ പരമാവധി ശ്രമിക്കണം എന്നെല്ലാം ഈ ആയത്ത് ഉൾക്കൊള്ളുന്നു. തന്റെ മക്കൾ ലോകത്ത് സന്തോഷകരവും സമൃദ്ധവുമായ ജീവിതം നയിക്കണമെന്ന് താല്പര്യപ്പെടുമ്പോൾ തന്നെ അവർ പരലോകത്ത് നരകത്തിന്റെ ഇന്ധനമായി മാറുന്നില്ലെന്ന് അവൻ ഉറപ്പ് വരുത്തുക കൂടി വേണം. അബ്ദുല്ലാഹി ബിൻ ഉമർ(റ) റിപ്പോർട്ട് ചെയ്ത ഒരു ഹദീസനുസരിച്ച്, പ്രവാചകൻ(സ) പറഞ്ഞു: 'നിങ്ങളിൽ ഓരോരുത്തരും ഒരു ഇടയനാണ്, അവന്റെ ആശ്രിതരോട് അവന് ഉത്തരവാദിത്തമുണ്ട്. ഭരണാധികാരി ഒരു ഇടയനാണ്, അദ്ദേഹത്തിൻ്റെ പ്രജകളോട് അദ്ദേഹത്തിന് ഉത്തരവാദിത്തമുണ്ട്. പുരുഷൻ തന്റെ കുടുംബത്തിൻ്റെ ഇടയനാണ്, അവരോട് അവന് ഉത്തരവാദിത്തമുണ്ട്. സ്ത്രീ തന്റെ ഭർത്താവിന്റെ വീട്ടിലെയും കുട്ടികളുടെയും ഇടയയാണ്, അവരുടെ കാര്യത്തിൽ അവൾക്ക് ഉത്തരവാദിത്തമുണ്ട്'. ഈ ഉത്തരവാദിത്വങ്ങൾ തന്നെയാണ് മേൽ സൂക്തത്തിൽ സൂചിപ്പിക്കുന്നത്. നരകത്തിലെ വിറക് മനുഷ്യനും കല്ലുകളും ആണ് എന്ന് പറയുമ്പോൾ അത് ഏതു കല്ലാണ് എന്നത് ഒരു ചിന്തയും ചോദ്യവും തന്നെയാണ്. അത് കൽക്കരിയെയാണ് സൂചിപ്പിക്കുന്നത് എന്ന് ആധുനിക ഖുർആൻ വ്യാഖ്യാതാക്കൾ പറയുന്നുണ്ട്. ഇബ്‌നു മസൂദ്, ഇബ്‌നു അബ്ബാസ്, മുജാഹിദ്, ഇമാം മുഹമ്മദ് അൽ-ബാഖിർ, സുദ്ദി തുടങ്ങിയ പൗരാണിക മുഫസ്സിറുകൾ പറയുന്നത് ഇത് ഗന്ധകമായിരിക്കും എന്നാണ്.
7. നിഷേധികളേ, ഈ പരലോകത്ത് ഒരുവിധ ഒഴികഴിവും നിങ്ങള്‍ സമര്‍പ്പിക്കേണ്ട; സ്വകര്‍മങ്ങള്‍ക്കുള്ള പ്രതിഫലം മാത്രമാണ് നിങ്ങള്‍ക്കു നല്‍കപ്പെടുന്നത്.
ന്യായീകരിക്കുക എന്നത് മനുഷ്യൻ്റെ അടിസ്ഥാന ത്വരകളിൽ ഒന്നാണ്. താൻ ചെയ്യുന്നതെന്തും ശരിയും ഏറ്റവും ശരിയും ആണ് എന്ന് സമർഥിക്കുവാനുള്ള ഒരു വ്യഗ്രത എല്ലാ മനുഷ്യരിലും വ്യത്യസ്ത അളവുകളിൽ ആണെങ്കിലും ഉണ്ടാകും. അത് ജീവിതത്തിൻ്റെ ഒരു താളമായി സ്വീകരിച്ചിട്ടുള്ള മനുഷ്യൻ ഇതേ രൂപത്തിൽ പരലോക വിചാരണയിലും തന്റേതായ ന്യായങ്ങൾ കൊണ്ട് രക്ഷപ്പെടാൻ കഴിയുമെന്ന് വിചാരിച്ചു പോയേക്കാം. അത്തരം ഒരു ധാരണയെ തിരുത്തുകയാണ് ഈ സൂക്തം ചെയ്യുന്നത്. പരലോകത്ത് തൻ്റെ പ്രവർത്തനങ്ങളെ ന്യായീകരിക്കുവാൻ കഴിയുമെന്ന് ഒട്ടും പ്രതീക്ഷ വക്കാതിരിക്കാൻ വേണ്ടിയാണ് ആ വിചാരണയിൽ നാവിനെ തന്നെ രംഗത്തുനിന്ന് ഒഴിവാക്കുന്നത്. അവിടെ പാപത്തിന് ഉപയോഗപ്പെടുത്തപ്പെട്ട അവയവങ്ങൾ നേരിട്ട് അല്ലാഹുവിൻ്റെ കോടതിയിൽ സാക്ഷ്യപ്പെടുത്തുകയായിരിക്കും ചെയ്യുക. ആ വിചാരണയും കോടതിയും വിധികർത്താവും അതിൻ്റെ രീതിയും എല്ലാം തികച്ചും പാരത്രികമായതിനാൽ ഐഹിക ലോകത്തിരുന്ന് കൊണ്ട് മനുഷ്യനെ അതെല്ലാം ഇത്രമാത്രം പറഞ്ഞുവെക്കുവാൻ മാത്രമേ കഴിയൂ. മേൽപ്പറഞ്ഞ 6, 7 എന്നീ ഈ രണ്ട് ആയത്തുകളും പരസ്പര പൂരകങ്ങളാണ്. ഈ രണ്ടു സൂക്തങ്ങളുടെയും ശൈലിയിൽ ശക്തമായ ഒരു മുന്നറിയിപ്പ് തന്നെ അടങ്ങിയിരിക്കുന്നു. ആദ്യ സൂക്തത്തിൽ മുസ്ലീങ്ങൾ സ്വയം രക്ഷിക്കണമെന്നും അവരുടെ കുടുംബങ്ങളെ ഭയാനകമായ ശിക്ഷയിൽ നിന്ന് രക്ഷിക്കണമെന്നും പറയുന്നു. രണ്ടാമത്തേതിൽ, നരക ശിക്ഷയിൽനിന്ന് ന്യായീകരണം വഴി രക്ഷപ്പെടാൻ കഴിയുമെന്ന് വ്യാമോഹം വേണ്ട എന്ന് തീർത്തു പറയുന്നു.
8. സത്യവിശ്വാസികളേ, നിങ്ങള്‍ ആത്മാര്‍ത്ഥമായി അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. നാഥന്‍ നിങ്ങളുടെ കുറ്റകൃത്യങ്ങള്‍ മാപ്പാക്കുകയും അടിയിലൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്‌തേക്കാം- നബിയെയും കൂടെ വിശ്വാസം വരിച്ചവരെയും അവന്‍ നിന്ദ്യരാക്കാത്ത ആ ദിനം. അവരുടെ തേജഃപുഞ്ജം മുന്നിലൂടെയും വലതുഭാഗങ്ങളിലൂടെയും തത്തിക്കളിക്കുന്നുണ്ടാകും. നാഥാ, ഞങ്ങളുടെ പ്രകാശം നിരന്തരമാക്കിത്തരികയും മാപ്പരുളുകയും ചെയ്യേണമേ, നീ എല്ലാറ്റിനും കഴിവുറ്റവനാണ് എന്ന് അവരപേക്ഷിക്കും.
തെറ്റുകളെ ന്യായീകരിക്കാൻ കഴിയില്ല എന്നും എല്ലാ തെറ്റുകൾക്കും ശക്തവും ജാഗ്രവുമായ ശിക്ഷ അള്ളാഹു ഒരുക്കി വെച്ചിട്ടുണ്ട് എന്നും പറയുമ്പോൾ അള്ളാഹു അവൻ്റെ കാരുണ്യമെന്ന നിലക്ക് വീണ്ടുവിചാരം നടത്തണം എന്ന തിരിച്ചറിയുന്നവരോട് അതിൻ്റെ മാർഗ്ഗം വിവരിക്കുകയാണ് ഈ സൂക്തത്തിൽ. അത് ചെയ്തു പോയ എല്ലാ പാപങ്ങളിൽ നിന്നും തൗബ ചെയ്തു പശ്ചാത്തപിച്ച് നന്മയുടെ വഴിയിലേക്ക് തിരിച്ചുവരിക എന്നതാണ്. പാപത്തിൽ നിന്ന് മോചനം തേടുന്നവർ പാപമേ ചെയ്യാത്തവരെ പോലെ വിശുദ്ധരാണ് എന്ന് നബി തങ്ങൾ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് പാപങ്ങളുടെ വഴിയിൽനിന്ന് തിരിഞ്ഞ് നടക്കുന്നവർ സത്യവിശ്വാസികൾക്ക് ലഭിക്കുന്ന വലിയ പ്രതിഫലങ്ങൾക്ക് ഒരു കുറവും വരാത്ത വിധം അർഹരാകും എന്ന് സൂചിപ്പിക്കുകയാണ് ഇവിടെ. സത്യവിശ്വാസികൾ അവിടെ മൂന്ന് സൗഭാഗ്യങ്ങൾ അനുഭവിക്കുന്നവർ ആയിരിക്കും എന്ന് ആയത്ത് പറയുന്നു. ഒന്നാമതായി സ്വർഗ്ഗീയ ആരാമങ്ങളിൽ അവർക്ക് പ്രവേശനം നൽകപ്പെടും. രണ്ടാമതായി, അവിശ്വാസികൾ അന്ന് നേരിടുന്ന നിരാശ അവരെ കാണിക്കുകയും അങ്ങനെ, തങ്ങൾ തങ്ങളുടെ അതേ ശൈലിയിൽ തന്നെ മുന്നോട്ടു പോവുകയായിരുന്നുവെങ്കിൽ എന്തായിരിക്കും നേരിടേണ്ടിവരുന്ന നിരാശ എന്ന് അവർക്ക് കാണിച്ചുകൊടുക്കുക കൂടി ചെയ്യും. മൂന്നാമതായി വിശ്വാസികൾ എല്ലാവർക്കും ഒരു പ്രത്യേക വെളിച്ചവും തെളിച്ചവും അവൻ നൽകും. ആ വെളിച്ചം അവരെ തന്നെ സ്വയം ഉന്മാദിപ്പിക്കുന്നതായിരിക്കും. അതുകൊണ്ടാണ് അവർ ഈ വെളിച്ചം എന്നും തങ്ങളിൽ നിലനിർത്തണം എന്ന് അവർ പ്രാർത്ഥിക്കുമെന്ന് പറയുന്നത്.
9. നബിയേ, സത്യനിഷേധികളോടും കപടന്മാരോടും താങ്കള്‍ പുണ്യസമരമനുഷ്ഠിക്കുകയും പരുഷസമീപനം പുലര്‍ത്തുകയും ചെയ്യുക; നരകമാണ് അവരുടെ അഭയകേന്ദ്രം; ആ മടക്കസ്ഥലം എത്ര ഹീനം!
സത്യനിഷേധികൾക്കും കപട വിശ്വാസികൾക്കും എതിരെ ജാഗ്രതയോടെ മുന്നേറുവാൻ മഹാനായ നബിയോട് അല്ലാഹു ഈ ആയത്തിലൂടെ ആവശ്യപ്പെടുകയാണ്.
10. നൂഹ്‌നബിയുടെയും ലൂഥ്‌നബിയുടെയും പത്‌നിമാരെ അല്ലാഹു ഇതാ, നിഷേധികള്‍ക്ക് ഉപമയായി കാണിക്കുന്നു. അവരിരുവരും നമ്മുടെ രണ്ട് സച്ചരിത ദാസന്മാരുടെ കീഴിലായിരുന്നു; എന്നിട്ട് അവരിരുവരെയും ഇവര്‍ ചതിച്ചു. അപ്പോള്‍, അവന്റെ ശിക്ഷയില്‍ നിന്നു ഇരുവനിതകളെയും യാതൊരു നിലയ്ക്കും പ്രതിരോധിക്കാന്‍ ആ സച്ചരിതര്‍ക്കായില്ല. നരകപ്രവേശകരോടൊപ്പം നിങ്ങളിരുവരും കടന്നുകൊള്ളുക എന്നു വിളംബരമുണ്ടായി.
സത്യവിശ്വാസികള്‍ക്കും സത്യനിഷേധികള്‍ക്കും വെവ്വേറെ ഉപമകള്‍ വിവരിക്കയാണിവിടെ. സത്യവിശ്വാസത്തിന്റെയും നേര്‍മാര്‍ഗത്തിന്റെയും ഈറ്റില്ലവും പോറ്റില്ലവുമായ പ്രവാചക ഗൃഹങ്ങളില്‍ നിഷേധം കുടികൊണ്ട ചിത്രമാണ് ഒന്ന്: നൂഹ് നബിയുടെയും ലൂഥ് നബി(അ)യുടെയും ഗൃഹങ്ങളില്‍ ശിര്‍ക്കും കുഫ്‌റും വഞ്ചനയും ചതിയും. ഇരുവരുടെയും പത്‌നിമാര്‍ ശത്രുക്കളുടെ കൈയിലെ പാവകളായിരുന്നു. സ്വഗൃഹങ്ങളിലെ ഈമാനിക ചലനങ്ങളും ഇസ്‌ലാമിക സംരംഭങ്ങളുമൊക്കെ അപ്പപ്പോള്‍ ഇവര്‍ ശത്രുക്കള്‍ക്ക് എത്തിച്ചുകൊടുത്തു. ചതിച്ചു എന്നതിന്റെ വിവക്ഷ അതാണ്. എന്നിട്ട് ഇവര്‍ക്ക് സുരക്ഷയൊരുക്കാന്‍ ആ ഭര്‍ത്താക്കള്‍ക്കായില്ല. ഈ പത്‌നിമാര്‍ പരലോകത്ത് നരകത്തില്‍ പ്രവേശിപ്പിക്കപ്പെടും. എന്നാൽ ഈ വഞ്ചന അവർ ഒരു നീചകൃത്യം ചെയ്തു എന്ന അർത്ഥത്തിലല്ല, മറിച്ച് അവർ നൂഹ് നബിയെയും ലൂത്വ് നബിയെയും വിശ്വാസത്തിന്റെ പാതയിൽ പിന്തുടരാതെ അവരുടെ ശത്രുക്കളുടെ പക്ഷം ചേർന്നു എന്ന അർത്ഥത്തിലാണ്. ഇബ്നു അബ്ബാസ് പറയുന്നു: 'ഒരു പ്രവാചകന്റെയും ഭാര്യ ഒരിക്കലും ദുഷ്ടയും തിൻമ ചെയ്യുന്നവരും ആയിരുന്നിട്ടില്ല'. നൂഹ് നബിയുടെ നൂഹ് നബിയുടെ ഭാര്യമാരിൽ ഒരാളെ കുറിച്ച് മാത്രമാണ് ഈ പറയുന്നത് അദ്ദേഹത്തിൻ്റെ മറ്റൊരു ഭാര്യ അദ്ദേഹത്തോടൊപ്പം കപ്പലിൽ കയറിയ ആൾ തന്നെയായിരുന്നു. നൂഹ് നബിയെ അദ്ദേഹത്തിൻ്റെ ജനത ക്രൂരമായി പരിഹസിച്ചു കൊണ്ടാണ് ഇടങ്ങേറാക്കിയത്. അദ്ദേഹം അവരെ ഏകദൈവ വിശ്വാസത്തിലേക്ക് ക്ഷണിക്കുകയും അല്ലാഹുവിനെ പരിചയപ്പെടുത്തുകയും ചെയ്യുമ്പോൾ ആ ജനത കേൾക്കുന്നത് തികച്ചും അവിശ്വസനീയമായ ഒരു കാര്യമായിരുന്നു. കാരണം, അവരുടെ ചിന്തകൾ യഥാർത്ഥ ദൈവത്തിൽ നിന്ന് അത്രമേൽ അകന്നിരുന്നു. അതിനെ തുടർന്ന് അദ്ദേഹം അല്ലാഹുവിൻ്റെ കല്പനപ്രകാരം കപ്പൽ നിർമ്മിക്കാൻ തുടങ്ങുമ്പോൾ വരെ അവർ ക്രൂരമായി പരിഹസിച്ചു. കാരണം കടലിലോ ജലാശയത്തിലോ ആയിരുന്നില്ല അദ്ദേഹം കപ്പൽ നിർമ്മാണം നടത്തിയിരുന്നത്. മറിച്ച്, ഒരു കുന്നിൻ മുകളിലായിരുന്നു. വെള്ളം അവിടേക്ക് കൊണ്ടുവരുമെന്നത് അല്ലാഹുവിൻ്റെ തീരുമാനവും ആയിരുന്നു. ആ ജനതയുടെ പരിഹാസം പരിഹാസം എന്ന നിലക്ക് നൂഹ് നബിയെ വല്ലാതെ വേദനിപ്പിച്ചു എന്ന് പറയാതെ വയ്യ. അതേസമയം സ്വന്തം വീട്ടിന്റെ ഉള്ളിൽ നിന്ന് സ്വന്തം ജീവിതപങ്കാളി ആ പരിഹാസത്തിൽ ചേരുക കൂടി ചെയ്യുമ്പോൾ ആ പരിഹാസം എത്രമേൽ വേദനാജനകമാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
പ്രവാചകൻ ലൂത്ത് നബി (അ) ചരിത്രത്തിൽ വിശ്രുതനായി ഇടം പിടിക്കുന്നത് നീചമായ ഒരു സാമൂഹ്യ ദുരാചാരത്തിനെതിരെ നില കൊണ്ടതിന്റെ പേരിലാണ്. ഏക ദൈവ പരമ സത്യ സന്ദേശത്തിലേക്ക് ജനങ്ങളെ കൈപ്പിടിച്ചാനയിക്കുന്നതോടൊപ്പം അതാതു കാലങ്ങളിൽ ഓരോ സമൂഹത്തിലും വേര് പിടിച്ചിരുന്ന തിന്മകൾക്കെതിരെ അവരുടെ പ്രവാചകന്മാർ ശബ്ദിച്ച പോലെ സദൂം ഗോത്രത്തിൽ നടമാടിയിരുന്ന സ്വവർഗ്ഗഭോഗം എന്ന ലൈംഗികരാചകത്വത്തിനെതിരെ ലൂത്ത് നബിയും നില കൊണ്ടു. വൈവാഹിക രതി പോലും മനുഷ്യ പ്രകൃതിയിൽ രഹസ്യമായി അനുഷ്ഠിക്കേണ്ടതായിരിക്കെ, വ്യഭിചാരത്തേക്കാൾ മോശമായ ഈ വിവാഹേതര രതി പോലും അഭിമാനപുരസ്സരം പരസ്യമായി കൊണ്ടാടുന്നവരായിരുന്നു അവർ. ഇതിനെതിരെ ആദ്യന്തം പോരാടുവുകയും സജീവമായി പ്രബോധനം നിർവ്വഹിക്കുകയും ചെയ്തു പ്രവാചകൻ.
ഇബ്‌റാഹീം നബി(അ)യുടെ സമകാലികനും സഹോദര പുത്രനുമാണ് ലൂത്ത് നബി (അ). ഇബ്രാഹീം നബിയുടെ അനുയായിയും ഹിജ്‌റയിൽ തന്റെ സഹയാത്രികനുമാണെന്നതിന് പുറമെ അദ്ദേഹത്തിന്റെ കാലത്തേ പ്രവാചകത്വം ലഭിച്ചയാളുമായിരുന്നു ലൂത്ത് നബി (അ). ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാന്‍റെ തെക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന സദൂം എന്ന സ്ഥലത്തായിരുന്നു ലൂത്വ് നബി(അ)യും ജനതയും വസിച്ചിരുന്നത്. നിയമാനുസൃതമായ സ്ത്രീ സംസർഗ്ഗത്തിന് ഒട്ടും താത്പര്യം കാണിക്കാതിരുന്ന അവർ സ്വവർഗ്ഗഭോഗത്തിൽ ആനന്ദം കണ്ടെത്തി. ഇതിനെതിരെ യുക്തിയുടെ ഭാഷയിലാണ് പ്രവാചകൻ സംസാരിച്ച് തുടങ്ങിയത്. പ്രവാചകൻ പറഞ്ഞു: "നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ ഒരു ദൂതനാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍. ഇതിന്റെ പേരില്‍ നിങ്ങളോട് ഞാന്‍ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കല്‍ നിന്ന് മാത്രമാകുന്നു. നിങ്ങള്‍ ലോകരില്‍ നിന്ന് ആണുങ്ങളുടെ അടുക്കല്‍ ചെല്ലുകയാണോ? നിങ്ങളുടെ രക്ഷിതാവ് നിങ്ങള്‍ക്ക് വേണ്ടി സൃഷ്ടിച്ചു തന്നിട്ടുള്ള നിങ്ങളുടെ ഇണകളെ വിട്ടുകളയുകയുമാണോ? അല്ല, നിങ്ങള്‍ അതിക്രമകാരികളായ ഒരു ജനത തന്നെ" (ശുഅറാ: 61- 66). എന്നാൽ തീർത്തും നിർല്ലജ്ജമായ പ്രതികരണമായിരുന്നു അവരുടേത്. "ലൂത്തേ, നീ (ഇതില്‍നിന്ന്) വിരമിച്ചില്ലെങ്കില്‍ തീര്‍ച്ചയായും നീ (നാട്ടില്‍നിന്ന്) പുറത്താക്കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും" (ശുഅറാ: 67). എന്നാൽ അവരുടെ ഭീഷണിയിൽ തളരാൻ പ്രവാചകന്റെ മനസ്സ് അനുവദിച്ചില്ല.
ആ സമൂഹത്തിന്റെ നാശത്തിലാണത് കലാശിച്ചത്. ഇബ്രാഹിം നബിയെ സന്ദർശിച്ചതിനു ശേഷം ലൂഥ് നബിയുടെ അടുത്തെത്തിയ പുരുഷ രൂപം പൂണ്ട മാലാഖമാരെ കണ്ട ആ സമൂഹം തങ്ങളുടെ ലൈംഗിക താത്പര്യത്തിനായി അവരെയും സമീപിച്ചതാണ് പ്രവാചകരെ വേദനിപ്പിച്ചത്. അവിശ്വാസിനിയായിരുന്ന പ്രവാചകന്റെ ഭാര്യയാണ് സുന്ദരന്മാരായ ചിലർ പ്രവാചകന്റെ അടുത്തെത്തിയ കാര്യം അവരെ അറിയിച്ചത്. കാമാസക്തി കയറിയ അവർ പ്രവാചകന്റെ വീട്ടിലേക്ക് ഇരച്ചെത്തി. തന്റെ അതിഥികളെ നീചവൃത്തിക്ക് വിധേയരാക്കി തന്നെ അവഹേളിക്കരുതെന്ന് പ്രവാചകൻ അവരോട് കെഞ്ചി. വേണമെങ്കിൽ തന്റെ പെണ്മക്കളെ നിങ്ങളെടുത്തേക്കൂ എന്ന് വരെ പറയേണ്ടി വന്നു അദ്ദേഹത്തിന്. എന്നാൽ അവർക്കാവശ്യം ആണുങ്ങളെയായിരുന്നു ( ഹൂദ്: 78-80). പിറ്റേന്ന്, നിഷേധികളായ ഈ സമൂഹത്തെ തേടി ദൈവ ശിക്ഷയെത്തി. സൂര്യോദയ സമയത്ത് ഘോരമായ ഒരു അട്ടഹാസം അവരെ പിടികൂടുകയും ആ നാട് ഒന്നടങ്കം കീഴ്മേല്‍ മറിയുകയും ചെയ്തു. ചുട്ടുപഴുത്ത കല്ലുകള്‍ അവര്‍ക്കുമേല്‍ വര്‍ഷിപ്പിച്ച് അല്ലാഹു അവരെ നാമാവശേഷമാക്കി. ലൂത്വ് നബി(അ)യുടെ ഭാര്യയും നിഷേധിയായിരുന്നുവെന്ന് പറഞ്ഞല്ലോ. അവരും ശിക്ഷക്ക് പാത്രമായി. ശിക്ഷയിറങ്ങിയപ്പോള്‍ അവർ ശിലയായി പരിണമിച്ചുവെന്ന് ചില ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഫലസ്ത്വീനിലെ ചാവുകടലില്‍ നിന്ന് ഈജിപ്തിലെ ഥാബാ അതിര്‍ത്തിയിലേക്കുള്ള പാതയുടെ വലതുഭാഗത്ത് ഒരു മലയില്‍ അവരുടെയെന്ന് പറയപ്പെടുന്ന ഒരു മനുഷ്യ ശിലാരൂപം കാണാം.
0
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso