Thoughts & Arts
Image

ശംസുൽ ഉലമയുടെ മൂന്ന് വ്യതിരിക്തതകൾ

2025-09-30

Web Design

15 Comments

മുഹമ്മദ് നിസാമി തയ്യിൽ





മഹാനായ ശംസുൽ ഉലമ ഇ കെ അബൂബക്കർ മുസ്‌ലിയാർ ആലിമീങ്ങളുടെ ലോകത്തും സംഘടനാ നായകന്മാരുടെ ലോകത്തും തീർത്തും വ്യതിരിക്തനായി അടയാളപ്പെടുത്തപ്പെട്ട ഒരു വ്യക്തിത്വമായിരുന്നു എന്നതിൽ പ്രക്ഷാന്തരങ്ങൾ ഇല്ല. അനുഭവങ്ങൾ ഈ പറഞ്ഞതിനെ സാധൂകരിക്കുന്നത് കൊണ്ടാണ് അത്. അവയിൽ ഒന്നാമത്തേത്, അദ്ദേഹത്തെ അദ്ദേഹമാക്കുന്നതിൽ ഏറ്റവും പ്രധാന സ്വാധീനം ചെലുത്തിയ അദ്ദേഹത്തിന്റെ അഴമുള്ള അറിവാണ്. അറിവ് സ്വായത്തമാക്കുന്ന കാര്യത്തിൽ മഹാനവർകളുടെ രീതി തികച്ചും വേറിട്ടതായിരുന്നു. കുട്ടിക്കാലത്ത് തന്നെ സ്വന്തം പിതാവിൽ നിന്ന് പഠിക്കുമ്പോൾ പോലും പാഠങ്ങളിൽ ജാഗ്രവത്തായ ശ്രദ്ധ പുലർത്തുമായിരുന്നു. ആ കാലത്തെ ഏറ്റവും വലിയ പണ്ഡിതന്മാരുടെയും സൂഫിവര്യന്മാരുടെയും അടുത്ത് പഠിക്കാൻ താല്പര്യം ഉണ്ടായത് അതിൻ്റെ ഭാഗം തന്നെയാണ്. ആ പഠനകാലത്തെ ഇത്തരം പൊതുവായ മഹാത്മ്യങ്ങൾ മാത്രമല്ല അടയാളപ്പെടുത്തുന്നത്. മറിച്ച് അവയിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നായിരുന്നു ഓരോ വിജ്ഞാനീയങ്ങളിലും അവഗാഹം തേടി ആ കാലഘട്ടത്തിലെ ഏറ്റവും പ്രഗൽഭരായ ഗുരുവര്യന്മാരുടെ പാഠശാലകളിൽ എത്തിച്ചേർന്നു എന്നത്. ഒരു വിജ്ഞാനീയം നേടിയെടുക്കുവാൻ അതിൽ അവഗാഹം ഉള്ള ഒരു ഉസ്താദിൻ്റെ ഗുരുകുലം തേടി അന്വേഷിച്ചു പോവുക എന്നത് പണ്ടത്തെ പണ്ഡിതന്മാരുടെ പതിവായിരുന്നു എങ്കിലും നമ്മുടെ കഴിഞ്ഞ രണ്ടോളം നൂറ്റാണ്ടുകളിൽ അത്തരം സമ്പ്രദായം അപൂർവ്വമാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ശംസുൽ ഉലമ ഇങ്ങനെ ഓരോ പണ്ഡിതന്മാരുടെയും സമീപത്ത് എത്തിച്ചേരുന്നത്. ഫിഖ്ഹിൽ മഹാനവർകൾ ഈ വിധത്തിൽ അവഗാഹം നേടിയത് ആ കാലഘട്ടത്തിലെ ഏറ്റവും വലിയ ഫിഖ്ഹ് പണ്ഡിതന്മാരിൽ ഒരാളായിരുന്ന പുതിയാപ്പിള അബ്ദുറഹ്മാൻ മുസ്ലിയാർ അവർകളിൽ നിന്നായിരുന്നു.


പ്രമുഖ പണ്ഡിതനും സമസ്ത കേരള കേന്ദ്രമുശാവറ അംഗവുമായിരുന്ന പുതിയാപ്പിള അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പാനായിക്കുളം അബ്ദുറഹ്മാന്‍ മുസ്‌ലിയാരുടെ ജനനം ഹിജ്‌റ വര്‍ഷം 1271 (ക്രിസ്തു വര്‍ഷം 1874) ലായിരുന്നു. സമസ്തയിലെ നിരവധി പണ്ഡിത പ്രമുഖരുടെ ഉസ്താദ് ആയിരുന്നു അദ്ധേഹം. ആലുവക്ക് സമീപം പാനായിക്കുളത്തെ കരുവേലിപ്പറമ്പില്‍ വീട്ടില്‍ ജനിച്ച അദ്ദേഹം, സ്വദേശത്തെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഉപരിഠനത്തിനായി എത്തിയത്, പൊന്നാനി വലിയ ജുമുഅത്ത് പള്ളിയില്‍ നടന്നിരുന്ന പണ്ഡിതപ്രഭയായ വെളിയങ്കോട് തട്ടാങ്ങര കുട്ട്യാമു മുസ്‌ലിയാരുടെ അടുത്തായിരുന്നു. സൂക്ഷ്മതയും അറിവും ഭക്തിയും ഒത്തിണങ്ങിയ ആ ശിഷ്യന് ബുദ്ധിമതിയും പണ്ഡിതയുമായ ഏകമകള്‍ ഖദീജയെ അവര്‍ വിവാഹം ചെയ്തുകൊടുക്കുകയും ചെയ്തു. തുടര്‍ന്നാണ് സ്മര്യപുരുഷന്‍ 'പുതിയാപ്ല' എന്ന പേരില്‍ അറിയപ്പെട്ടത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 1934ല്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നാല്‍പത് മുശാവറാംഗങ്ങളില്‍ പതിനാലാമത്തെ മെമ്പറായിരുന്നു അദ്ദേഹം. തിരൂരങ്ങാടിയിലെ സമസ്ത സമ്മേളനമടക്കം മഹാസഭകളില്‍ നേതൃത്വമലങ്കരിച്ച അദ്ദേഹത്തില്‍നിന്ന് ഒട്ടേറെ ശിഷ്യന്മാരും മുരീദുമാരും തരീഖത്തിന്റെയും വിജ്ഞാനത്തിന്റെയും ദിവ്യപ്രഭ നുകര്‍ന്നിട്ടുണ്ട്. അറിവ് പകരുന്നതോടൊപ്പം ജനങ്ങളുടെ വിഷമങ്ങള്‍ക്ക് പരിഹാരം കാണാനും അദ്ദേഹം സമയം കണ്ടെത്തി. 1921 കാലത്ത് ബ്രിട്ടീഷ് സർക്കാരിനെതിരെ നിശിതമായ ഭാഷയിൽ വിമർശിക്കുകയും ഉസ്മാനിയ ഖലീഫയെ അംഗീകരിച്ച് ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ പടപൊരുതുവാൻ ആവശ്യപ്പെടുകയും ഇംഗ്ലീഷ് ഭരണത്തെ അനുകൂലിക്കുന്ന മുസ്‌ലിംകളുണ്ടെങ്കില്‍ അവരെ എതിര്‍ക്കുകയും ചെയ്യുന്ന അക്കാലത്തെ പല കൃതികളുടെയും പിന്നിലെ ധീരത ഈ പണ്ഡിതൻ്റേതായിരുന്നു. ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍, ആയഞ്ചേരി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ തുടങ്ങിയ വലിയ സുഹൃദ് വലയമുള്ള പുതിയാപ്പിള അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍, സദഖത്തുള്ള മുസ്‌ലിയാര്‍ എന്നിങ്ങനെ അനേകം ഉന്നതരുടെയും ഗുരുവുമാണ്. വിശ്രുതനായ അദ്ദേഹം ഹിജ്‌റ 1373 (ക്രി.വ. 1953)ന് നിര്യാതനായി. പുറങ്ങ് ജുമുഅത്ത് പള്ളിയുടെ തെക്ക് ഭാഗത്താണ് ഖബറ് സ്ഥിതി ചെയ്യുന്നത്. ഫിഖ്ഹിൽ ശംസുൽ ഉലമയുടെ അവഗാഹം ഈ മഹാനായ ഗുരുവിൽ നിന്നും വന്നുചേർന്നതാണ്.


ഹദീസ് വിജ്ഞാനീയത്തിൽ ഏറെ നിപുണനായിരുന്നു ശംസുൽ ഉലമാ. ഇമാം ബുഖാരി തങ്ങളുടെ സഹീഹ് ശംസുൽ ഉലമ പഠിപ്പിക്കുന്നത് കേൾക്കുമ്പോൾ പഠിതാക്കൾ ഏതോ ഒരു ലോകത്ത് എത്തിച്ചേരുന്നതായി കാണാൻ കഴിയും. ഓരോ ഹദീസുകളും അറിവാഴങ്ങളിലൂടെ കടന്നുവരുമ്പോൾ ഒരുപാട് വിവരങ്ങൾ വിദ്യാർത്ഥികൾക്ക് സ്വായത്തമാകും. ഈ നിപുണതയും അവഗാഹവും വന്നുചേർന്നത് മഹാനായ അഹ്മദ് കോയ ശാലിയാത്തി അവർകളിൽ നിന്നാണ് ഹദീസിലെ ആഴങ്ങൾ കണ്ടെത്തുവാൻ ശംസുൽ ഉലമ ഈ ഗുരുനാഥന്റെ ഗുരുകുലത്തിൽ എത്തിച്ചേരുകയായിരുന്നു. കേരള മുസ്‌ലിം നവോത്ഥാന നായകരില്‍ പ്രമുഖരാണ് മര്‍ഹൂം ശിഹാബുദ്ദീന്‍ അബുസ്സആദത്ത് അഹ്മദ് കോയ ശാലിയാത്തി(റ). ഇരുപതാം നൂറ്റാണ്ടിലെ വലിയ പ്രതിഭയായിരുന്നു ശിഹാബുദ്ദീന്‍ അഹ്മദ്‌കോയ ശാലിയാത്തി (നഃമഃ). കേഴിക്കോട്ടെ കോയമരക്കാരകം തറവാട്ടിലെ മുഹ്‌യിദ്ദീന്‍കുട്ടി ഹാജിയാണ് പിതാവ്. ചാലിയം പുതാമ്പറത്ത് വീട്ടില്‍ ഹിജ്‌റ 1302 ജമാദുല്‍ ആഖിര്‍ മാസത്തില്‍ ശാലിയാത്തി ജനിച്ചു. മഹാപണ്ഡിതനും, സൂഫി വര്യനുമായ പിതാവിന്റേയും, സച്ചരിതയായ മാതാവിന്റേയും ശിക്ഷണത്തില്‍ വളര്‍ന്ന അദ്ദേഹം ഭക്തിയുടെയും വിജ്ഞാനത്തിന്റെയും നിറകുടമായിത്തീര്‍ന്നു. പിതാവില്‍ നിന്നു തന്നെ പ്രാഥമിക വിദ്യയും ഖുര്‍ആനും നുകര്‍ന്നതിനു ശേഷം സുപ്രസിദ്ധ പണ്ഡിതനും ഖിലാഫത്ത് നായകനുമായിരുന്ന ആലി മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. ശേഷം ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടേയും, മദ്രാസിലെ പണ്ഡിതനും മുഫ്തിയുമായിരുന്ന ശംസുദ്ദീന്‍ ഉലമാ മൗലാനാ മുഫ്തി മഹ്മൂദ് അവര്‍കളുടെയും പാഠശാലകളില്‍ ചേര്‍ന്ന് പഠനം തുടര്‍ന്നു. ഹദീസിന് പുറമേ അഖീദ, ബയാന്‍, മആനി, ബദീഅ്, ഖവാഫി, മന്‍ത്വിഖ്, തസവ്വുഫ് തുടങ്ങിയ വിവിധ വിജ്ഞാനശാഖകളില്‍ അവഗാഹം നേടി.


ശേഷം പിതാവിന്റെ നിര്‍ദ്ദേശ പ്രകാരം വെല്ലൂര്‍ ലത്വീഫിയ കോളേജില്‍ ചേര്‍ന്നു നിസാമിയ്യ സിലബസ് പൂര്‍ത്തിയാക്കി. ലത്വീഫിയ്യയില്‍ വിദ്യാര്‍ത്ഥിയായിരിക്കേ തന്നെ ദാറുല്‍ ഇഫ്ത (ഫത്‌വ ബോര്‍ഡ്) യില്‍ അംഗമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. അതോടൊപ്പം ചില വിഷയങ്ങള്‍ ക്ലാസ്സെടുക്കാന്‍ ഏല്‍പ്പിക്കപ്പെടുകയും ചെയ്തു. പഠിതാവ് തന്നെ മുദര്‍റിസും, മുഫ്തയുമായി നിയമിതനാവുന്നത് അത്യപൂര്‍വ്വ സംഭവമാണ്. ദീർഘകാലം തമിഴ്നാട്ടിലെ വിവിധ സ്ഥാപനങ്ങളിലും പള്ളികളിലും ജോലി ചെയ്ത അദ്ദേഹം പ്രമേഹ രോഗം ബാധിച്ചതിനെ തുടര്‍ന്ന് പിന്നീട് സ്വദേശത്തേക്ക് തിരിക്കുകയും വീട്ടില്‍ വിശ്രമജീവിതം നയിക്കുകയും ചെയ്തു. വിജ്ഞാനത്തിന്റെ വൈവിധ്യ മോഖലകളില്‍ അവഗാഹം നേടിയ ശാലിയാത്തിയെ ഹിജ്‌റ 1245-ല്‍ ഹൈദരാബാദിലെ നൈസാം രാജാവിന്റെ മുഫ്തിയായി നിയമിക്കപ്പെട്ടു. നാലു മദ്ഹബുകളിലും ഫത്‌വ നല്‍കാന്‍ പാണ്ഡിത്യവും ശേഷിയമുണ്ടായിരുന്ന അദ്ദേഹത്തിന് മാസം തോറും 100 രൂപ ശമ്പളമായി അന്ന് നൈസാം നല്‍കിയിരുന്നു. സമസ്ത കേരള ജംയ്യത്തുല്‍ ഉലമായുടെ അജയ്യനായ നേതാവായിരുന്നു അഹ്മദ്‌കോയ ശാലിയത്തി. നവീന വാദികളുടെ വിതണ്ഡ വാദങ്ങള്‍ക്ക് പ്രമാണങ്ങളുദ്ധരിച്ചു മറുപടി നല്‍കുന്നതില്‍ അദ്ദേഹം സമര്‍ത്ഥനായിരുന്നു. 1933 ല്‍ ഫറോക്കില്‍ നടന്ന സമസ്തയുടെ സമ്മേളനത്തില്‍ അധ്യക്ഷം വഹിച്ച അദ്ദേഹം സമസ്തയുടെ സന്ദേശം ജന മനസ്സുകളിലെത്തിക്കുന്നതില്‍ അശ്രാന്തപരിശ്രമം നടത്തിയിരുന്നു. അനേകം ഗ്രന്ഥങ്ങളുടെ കര്‍ത്താവായ മഹാനുഭാവാന്‍ ഗ്രന്ഥശേഖരത്തില്‍ അതുല്യമായ സംഭാവനയാണ് അര്‍പ്പിച്ചത്. തന്റെ വീടിന്നടുത്ത് നിര്‍മ്മിച്ച പള്ളിയോടനുബന്ധിച്ചുള്ള അസ്ഹരിയ്യ ഖുതുബ്ഖാനയില്‍ അനേകം അമൂല്യ ഗ്രന്ഥങ്ങളുടെ കയ്യെഴുത്ത് പ്രതികളും അപൂര്‍വ്വ രചനകളുമുണ്ട്. വിജ്ഞാനപ്രദമായ മുപ്പത്തി ഏഴ് ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ഹിജ്‌റ വര്‍ഷം 1374 മുഹര്‍റം 27 ന് ആജ്ഞാമവര്യന്‍ ഇഹലോകവാസം വെടിഞ്ഞു. അസ്ഹരിയ്യ ഖുതുബ്ഖാനയുടെ കിഴക്കു വശത്ത് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നു.


ശംസുൽ ഉലമയുടെ അവഗാഹം വേറിട്ടടയാളപ്പെടുത്തപ്പെട്ട മറ്റൊരു വിഷയം മന്തിഖും മഅ്ഖൂലാത്തുമായിരുന്നു. ഗഗോള ശാസ്ത്രത്തിൽ അദ്ദേഹത്തിന് വ്യാഖ്യാന കൃതി കൂടിയുണ്ട്. ഈ അവഗാഹം അദ്ദേഹം നേടിയത് അബ്ദുൽ ഖാദർ ഫള്ഫരി എന്നവരിൽ നിന്നായിരുന്നു. അബ്ദുല്‍ ഖാദിര്‍ ഫള്ഫരി ഹി.1313/ എ. ഡി. 1895 ല്‍ മലപ്പുറം ജില്ലയിലെ മങ്കടക്കടുത്ത് മടത്തൊടിയില്‍ ജനിച്ചു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അറേബ്യയില്‍ നിന്ന് ചാലിയത്ത് കുടിയേറി പാര്‍ത്തവരാണ് അദ്ദേഹത്തിന്റെ പൂര്‍വ്വീകര്‍. ഇവര്‍ പിന്നീട് യറമക്കത്തറവാട്ടുകാര്‍ എന്ന പേരിലറിയപ്പട്ടു. പിതാവ് പള്ളിപ്പുറം യൂസുഫ് മുസ്‌ലിയാരിൽ നിന്ന് തന്നെയാണ് പ്രാഥമിക വിദ്യാഭ്യാസം വീട്ടില്‍ വെച്ച് തന്നെ നേടിയത്. പിന്നീട് പിതാവിന്റെ കീഴില്‍ തന്നെ പെരിന്തല്‍മണ്ണക്കടുത്ത് മുള്ള്യാകുര്‍ശി, മലപ്പുറം, വാഴക്കാട് എന്നിവിടങ്ങളിലെ പള്ളി ദര്‍സുകളില്‍ പഠിച്ച് ഖുര്‍ആന്‍, അറബി ഭാഷ, ഫിഖ്ഹ് എന്നിവയില്‍ പ്രാവീണ്യം നേടി. അല്ലാമാ മുഹമ്മദ് ബ്‌നു മുഹ്‌യുദ്ദീന്‍ മൗലവി കാപ്പാട്, പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ എന്നിവരുടെ ശിഷ്യത്വം സ്വീകരിച്ചു. വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്തില്‍ നാല് വര്‍ഷം പഠിച്ചു. അഹ്മദ് ആലിം സാഹിബില്‍ നിന്നാണ് രിസാലത്തുല്‍ മാറദീന്‍ അഭ്യസിച്ചത്. മാതൃഭാഷക്ക് പുറമെ അറബി, ഉര്‍ദു, പേര്‍ഷ്യന്‍, തമിഴ് എന്നീ ഭാഷകളില്‍ പരിജ്ഞാനമുണ്ടായിരുന്നു. വിദ്യാര്‍ത്ഥിയായിരിക്കെത്തന്നെ കവി, എഴുത്തുകാരന്‍, വാഗ്മി എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു. തഞ്ചാവൂരിനടുത്ത രാജഗിരിയിലെ ഖാസിമിയ്യ മദ്രസ, പള്ളിപ്പുറം ജുമുഅത്ത് പള്ളി, തമിഴ്‌നാട് മഹ്മൂദ് ബന്ദറിലെ അല്‍-മദ്‌റസത്തുല്‍ ഖാദിരിയ്യ, തിരൂരങ്ങാടി, മണ്ണാര്‍ക്കാട് മഅ്ദിനുല്‍ ഉലൂം, വാഴക്കാട് ദാറുല്‍ ഉലൂം എന്നിവിടങ്ങളില്‍ മുദരിസായി ജോലി ചെയ്തു. നിരവധി കൃതികളുടെ കർത്താവായ അദ്ദേഹം 1363 റജബ് 17 ന് വഫാത്തായി. പടിഞ്ഞാറ്റുമ്മുറി പെരിമ്പലം ജുമുഅത്ത് പള്ളി മഖ്ബറയിലാണ് ഖബർ. വാഴക്കാട്‌ ദാറുല്‍ ഉലൂമില്‍ നിന്നായിരുന്നു അവിടെ പ്രിന്‍സിപ്പളായിരുന്ന പള്ളിപ്പുറം അബ്‌ദുല്‍ ഖാദിര്‍ ഫള്‌ഫരിയുടെ ശിഷ്യത്വം ശംസുൽ ഉലമ നേടിയത്. ഇങ്ങനെ സ്പെഷ്യലൈസ് ചെയ്യേണ്ട വിഷയങ്ങളിൽ തന്റെ കാലം കണ്ട ഏറ്റവും പ്രധാനപ്പെട്ട പണ്ഡിതന്മാരുടെ അടുത്ത് ചെന്ന് അവഗാഹം നേടി എന്നതാണ് ഒന്നാമത്തേത്. മൗലാന ഖുത്ബി തങ്ങൾ മുതൽ കണ്ണിയത്ത് ഉസ്താദ് വരെയുള്ളവരൊക്കെ ശംസുൽ ഉലമയുടെ ഗുരുനാഥന്മാരായിരുന്നു. ഇതെല്ലാം കൂടിച്ചേർന്നപ്പോൾ ഉണ്ടായതാണ് ശംസുൽ ഉലമയുടെ വൈജ്ഞാനികമായ പ്രതിഭാ വിലാസം.


രണ്ടാമത്തെ കാര്യം, തന്റെ കാലത്തിനു വേണ്ട ഭൗതികമായ ഒരുക്കങ്ങൾ നേടി എന്നതാണ്. പരമ്പരാഗത കിതാബുകളും വിഷയങ്ങളും അവഗാഹത്തോടെ പഠിച്ചെടുക്കുകയും അത് പഠിപ്പിച്ചും ജീവിതത്തിൽ പുലർത്തിയും ജീവിക്കുക എന്നതായിരുന്നു ശംസുൽ ഉലമായുടെ തലമുറയിൽ പെട്ട പണ്ഡിതന്മാരുടെ പൊതുവായ രീതി. അതിനപ്പുറത്ത് തന്റെ സമൂഹം ആവശ്യപ്പെടുന്ന വിഷയങ്ങളോ ശേഷികളോ പരിഗണിക്കുന്നത് വളരെ അപൂർവമായിരുന്നു. എന്നാൽ ശംസുൽ ഉലമ അങ്ങനെയായിരുന്നില്ല. അദ്ദേഹം വിവിധ പ്രാവീണ്യങ്ങൾ നേരത്തെ തന്നെ സ്വായത്തമാക്കി. കുട്ടിക്കാലത്ത് തന്നെ അദ്ദേഹത്തിന് ഇംഗ്ലീഷ് ഭാഷ വശമായിരുന്നു. ബ്രിട്ടീഷുകാരുടെ ഭരണകാലം ആയിരുന്നതിനാൽ മറ്റൊരാളെ ആശ്രയിക്കാതെ ഒരുപക്ഷേ ഇംഗ്ലീഷ് ഭാഷയിൽ വ്യവഹാരങ്ങൾ ചെയ്യേണ്ട സാഹചര്യം വന്നാൽ താൻ ആ വിഷയത്തിൽ മറ്റൊരാളെ ആശ്രയിക്കേണ്ടി വരരുത് എന്ന താൽപര്യമായിരിക്കണം കുട്ടിക്കാലത്ത് തന്നെ ഇംഗ്ലീഷ് നന്നായി പഠിക്കാൻ ഉണ്ടായ പ്രചോദനം. പിന്നീട് വെല്ലൂരിൽ എത്തുന്നത് വരെയും കിതാബുകളും കിത്താബിയായ വിഷയങ്ങളും തന്നെയായിരുന്നു പ്രധാനം. പക്ഷേ വെല്ലൂരിൽ വച്ച് മഹാനവർകൾ ഉറുദു, തമിഴ്, പേർഷ്യൻ, സുറിയാനി എന്നീ ഭാഷകൾ പഠിക്കാൻ സമയം കണ്ടെത്തി. ഇവയെല്ലാം ഔപചാരികമായി പഠിക്കാനുള്ള സാഹചര്യം അവിടെ ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ അദ്ദേഹം പ്രധാനമായും ആശ്രയിച്ചത് തൻ്റെ സ്വന്തം ശ്രമങ്ങളെ തന്നെയായിരുന്നു. ഈ ഭാഷകളിൽ പലതും അറിയുന്ന സഹപാഠികളും വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്തു. ആദ്യത്തെ അധ്യാപനം വെല്ലൂർ ബാഖിയാത്തിൽ തന്നെയായിരുന്നു. അവിടെ ഈ ഭാഷകൾ എല്ലാം മഹാനവർകൾക്ക് ഉപകാരപ്പെട്ടു. പിന്നെ കാലാവസ്ഥ പ്രതികൂലതകളെ തുടർന്ന് ശാരീരികമായ പ്രയാസങ്ങൾ ഉണ്ടായപ്പോൾ മഹാനവർകൾ നാട്ടിലേക്ക് മടങ്ങി. അവിടെ പ്രതീക്ഷിച്ചത് പോലെ തന്നെ ഈ ഭാഷാ പഠനങ്ങൾ അദ്ദേഹത്തിന് തുണയായി. നാട്ടിൽ അദ്ദേഹത്തെ പൊതുസമൂഹം കൃത്യമായി പരിചയപ്പെടുന്നതിന് മുമ്പ് അദ്ദേഹം ജോലി ചെയ്തത് ഉറുദു അധ്യാപകനായി ആയിരുന്നു എന്നാണ് ചരിത്രം. പിന്നീട് സമസ്തയുടെ ഗോദയിലേക്ക് എത്തിയപ്പോഴും അദ്ദേഹത്തെ ഈ ഭാഷ സഹായിച്ചു. സുപ്രസിദ്ധമായ സമസ്തയുടെ വളാഞ്ചേരി സമ്മേളനത്തിൽ മൗലാനാ മൗദൂദിയുടെ ഉറുദുവിലുള്ള കൃതികൾ വായിച്ച് അതിലെ കള്ളത്തരങ്ങളും തെറ്റുകളും പരസ്യമായി സ്റ്റേജിൽ നിന്ന് മഹാനവർകൾ വിളിച്ചുപറഞ്ഞു. വളാഞ്ചേരിയിലെ ജമാഅത്ത് സാന്നിദ്ധ്യം കാലിടറി വീണത് ഈ പ്രസംഗത്തോടുകൂടിയാണ് എന്നാണ് ചരിത്രം. പിന്നീട് ക്രിസ്ത്യൻ മിഷനറിമാർക്കെതിരെ പടനയിക്കുമ്പോഴാണ് പണ്ട് പഠിച്ചെടുത്ത സുറിയാനി ഭാഷ ഉപയോഗപ്പെട്ടത്. പാതിരിമാരുടെ മുമ്പിൽവെച്ച് സുറിയാനി ഭാഷയിലുള്ള ബൈബിൾ സരളമായി വായിച്ച് അർത്ഥം പറയുകയും ആ അർത്ഥം മലയാളത്തിലും മറ്റു ഭാഷയിലും ഉള്ള ബൈബിൾ പാഠങ്ങളോട് വൈരുദ്ധ്യം പുലർത്തുന്നത് തുറന്നു കാട്ടുകയും ചെയ്തത് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട കാര്യമാണ്. മഞ്ചേരിയിലും എടക്കരയിലും തുറന്ന സദസ്സിൽ വച്ചായിരുന്നു ധീരതയോടെയുള്ള ഈ പൊളിച്ചടുക്കലുകൾ.


മൂന്നാമത്തെ കാര്യം, തൻ്റെ കാലഘട്ടം നേരിട്ട എല്ലാ വെല്ലുവിളികളെയും സധൈര്യം നേരിട്ടു എന്നത് തന്നെയാണ്. ശംസുൽ ഉലമയുടെ അരങ്ങേറ്റം നടക്കുമ്പോൾ മൗദൂദിസം തലപൊക്കുന്ന സമയമായിരുന്നു. അതോടൊപ്പം വഹാബിസം വളർന്നുവരുന്നുമുണ്ടായിരുന്നു. ഇതേ കാലത്ത് തന്നെ ഖാദിയാനിസം ജീവൻ വെക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഇതിനൊപ്പമാണ് ക്രിസ്ത്യൻ മിഷനറിമാരുടെ ശല്യം മലപ്പുറത്ത് ശക്തമായതും. അഭിനവ വാദവുമായി ഖാദിയാനികള്‍ കേരളത്തില്‍ വിത്തിറക്കാന്‍ കഠിനപരിശ്രമം നടത്തിയപ്പോള്‍ ശക്തമായി പ്രതിരോധിക്കുന്നതില്‍ മുന്നണിപ്പോരാളിയായി വര്‍ത്തിച്ചത് ശംസുല്‍ ഉലമയായിരുന്നുവെന്നതാണ് ശരി. ഖാദിയാനി മതക്കാര്‍ ഖുര്‍ആന്‍, ഹദീസ്‌ തുണ്ടുകള്‍ക്ക്‌ വികല വ്യാഖ്യാനം നല്‍കി ഇസ്‌ലാമിക സമൂഹത്തെ ഭിന്നിപ്പിക്കാനും മുസ്‌ലിം സാധാരണക്കാരുടെ ഈമാന്‍ പിഴപ്പിക്കുവാനും ശ്രമിച്ചപ്പോള്‍ മഹാനവർകൾ അതിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പു നടത്തി. ഖാദിയാനി കുഞ്ഞഹമ്മദ്‌ എന്ന പേരിലറിയപ്പെട്ടിരുന്ന ഖാദിയാനി നേതാവിന്റെ വാദങ്ങള്‍ ഖണ്‌ഡിച്ചു കൊണ്ട്‌ ശംസുല്‍ ഉലമ അന്നൊരു ഗ്രന്ഥം തന്നെ എഴുതി. ഖാദിയാനികളുടെ നട്ടെല്ലൊടിച്ച ഗ്രന്ഥമാണത്‌. ദൗര്‍ഭാഗ്യമെന്നു പറയട്ടെ അതിന്റെ ഒരു കോപ്പി മഹാന്റെ കൈവശം പോലും അവസാനം ഉണ്ടായിരുന്നില്ല. ഫറോക്കില്‍ ഖാദിയാനികള്‍ക്കെതിരെ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗം ഇതിന് തെളിവ് നല്‍കുന്നുണ്ട്. കുറ്റിച്ചിറയില്‍ ഇസ്‌ലാമിനെ പരിഹസിച്ച് എട്ട് ദിവസം നീണ്ടുനിന്ന ഖാദിയാനികളുടെ പ്രസംഗത്തിന് 9-ാം ദിവസം ശംസുല്‍ ഉലമയുടെ മറുപടി പ്രസംഗം, അത്‌വരെ അവര്‍ കെട്ടിപ്പടുത്ത മുഴുവന്‍ ആശയങ്ങളെയും തകര്‍ത്തെറിയാന്‍ മാത്രം പര്യാപ്തമായിരുന്നു. ഖാദിയാനികള്‍ അമുസ്‌ലിങ്ങളാണ് ലോകത്ത് ആദ്യമായി പ്രഖ്യപിക്കാന്‍ സമസ്തക്ക് ഊര്‍ജ്ജം നല്‍കിയത് ശംസുല്‍ ഉലമയാരുന്നു. പൂനൂരില്‍ നടന്ന സുന്നി-മുജാഹിദ്‌ സംവാദത്തോടെയാണ്‌ മഹാന്‍ പൊതു ജനങ്ങള്‍ക്കിടയില്‍ അറിയപ്പെടാന്‍ തുടങ്ങിയത്‌. അതിനുശേഷം എടവണ്ണ, ഒതായി തുടങ്ങി ഒട്ടേറെ സംവാദങ്ങളില്‍ സുന്നി വിഭാഗത്തിന്റെ വാക്താവായി എതിര്‍ കക്ഷികളെ നേരിട്ടത്‌ അദ്ദേഹമാണ്‌. വഹാബി മുത്തപ്പന്‍മാര്‍ക്കെതിരെ പൂനൂരില്‍ അദ്ദേഹം തനിച്ച്‌ നടത്തിയ വാദപ്രതിവാദമാണ്‌ മതനവീകരണ പ്രസ്ഥാനത്തിന്റെ ആക്രമണത്തില്‍ നിന്നു മലബാറിനെ തടഞ്ഞു നിര്‍ത്തിയതെന്നു പറഞ്ഞാല്‍ അതിശയോക്തിയില്ല.


1945ല്‍ സമസ്ത പ്രസിഡന്‍റ് പാങ്ങില്‍ അഹ്മദ്കുട്ടി മുസ്ലിയാര്‍ വഫാതായപ്പോഴാണ് റശീദുദ്ദീന്‍ മൂസ മുസ്ലിയാര്‍ മലബാറില്‍ സുന്നത്ത് ജമാഅത്തിന്‍റെ പടനായകനായി ഉയര്‍ന്നത്. 1948ല്‍ അദ്ദേഹം വഫാത്തായി. റശീദുദ്ദീന്‍ മൂസ മുസ്ലിയാരുടെ വിയോഗത്തോടെ മുജാഹിദുകള്‍ മലബാറില്‍ തലപൊക്കാന്‍ ചില ശ്രമങ്ങള്‍ നടത്തുകയുണ്ടായി. ലോകമുസ്ലിം പാരമ്പര്യത്തില്‍ നിന്ന് ജനങ്ങളെ അടര്‍ത്തിമാറ്റി അവരില്‍ ബിദ്അത്ത് വളര്‍ത്താന്‍ ശ്രമിക്കുകയും എവിടെയും സംവാദ വെല്ലുവിളികളുയര്‍ത്തുകയും കലുഷരംഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. കൂട്ടായി അബ്ദുല്ല ഹാജി, പറപ്പൂര്‍ അബ്ദുറഹ്മാന്‍ മൗലവി, എ അലവി മൗലവി തുടങ്ങിയ മുജാഹിദ് പ്രഭാഷകര്‍ നിറഞ്ഞാടി. മൂസ മുസ്ലിയാരുടെ തന്മയത്വത്തോടെ തങ്ങള്‍ക്കു മുഖാമുഖം നില്‍ക്കാന്‍ മറ്റൊരു സുന്നി പണ്ഡിതനില്ലെന്ന മൂഢവിശ്വാസമാണവരെ ധ്യൈപ്പെടുത്തിയത്. ഈ ശൂന്യതക്ക് പൂരണം നല്‍കിക്കൊണ്ടാണ് പതി മലബാറില്‍ വരുന്നത്. ഇതിന് നിമിത്തമായത് ഒരു കമ്പി സന്ദേശമായിരുന്നു. ഓച്ചിറ വടക്കേ പള്ളിയില്‍ ദര്‍സ് നടത്തുകയായിരുന്ന സാത്വികനായ വാഴക്കാട് മുഹമ്മദ് മുസ്ലിയാര്‍ (വിളയില്‍ പറപ്പൂര്‍ സ്വദേശി)ക്ക് പറവണ്ണ മുഹ്യിദ്ദീന്‍ കുട്ടി മുസ്ലിയാരയച്ച ആ സന്ദേശത്തില്‍ മലബാറില്‍ സുന്നത്ത് ജമാഅത്ത് നിലനിര്‍ത്താന്‍ പ്രാപ്തനായ ഒരാളെ അയച്ചുതരണമെന്ന ആവശ്യമാണുന്നയിച്ചിരുന്നത്. തന്‍റെ ഇഷ്ട ശിഷ്യനായ പതിയാരകത്ത് അബ്ദുല്‍ ഖാദിര്‍ മുസ്ലിയാർ പതി മുസ്ലിയാരെയാണ് മഹാന്‍ അതിനു നിയോഗിച്ചയച്ചത്. 1959ല്‍ മരണപ്പെടുന്നതുവരെ പത്തുവര്‍ഷം മലബാറില്‍ അദ്ദേഹം ബിദഇകള്‍ക്കെതിരെ പോര്‍മുഖം തീര്‍ത്തു. അദ്ദേഹത്തിൻ്റെ സംവാദ വേദികളിൽ ഒരു അസിസ്റ്റൻറ് തസ്തികയിലേക്ക് ആയിരുന്നു ശംസുൽ ഉലമായുടെ അരങ്ങേറ്റം. സംവാദങ്ങളുടെ മുന്നോടിയായി ചില വിഷയാവതരണങ്ങൾ എതിർകക്ഷികളുടെ ചില ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ എന്നിവയെല്ലാം ശംസുൽ ഉലമയാണ് നൽകിയിരുന്നത്. ആകർഷകമായ ഭാഷയും യുക്തിസഹമായ വാദവും ശംസുൽ ഉലമായിലേക്ക് മനസ്സുകളെ തിരിച്ചുവിട്ടു. ചിലപ്പോൾ പതി ഉസ്താദ് എത്തിച്ചേരാത്ത സാഹചര്യങ്ങളിൽ ശംസുൽ ഉലമ സംവാദം സ്വന്തമായി തന്നെ കൈകാര്യം ചെയ്യാൻ വളർന്നുവന്നു. പതി വഫാത്തായതോടെ കൂടെ ബിദഈ കക്ഷികളുടെ പേടിസ്വപ്നമായി ശംസുൽ ഉലമ മാറുകയായിരുന്നു.


മഞ്ചേരിയിലും എടക്കരയും വെച്ച്‌ ക്രിസ്‌ത്യാനികള്‍ക്കെതിരെ നടന്ന പ്രസംഗങ്ങൾ ഏറ്റവും ശ്രദ്ധേയമായ ഒന്നായിരുന്നു. ക്രൈസ്‌തവ മിഷനറിമാരുടെ ഭാഗത്തു നിന്നുള്ള ആക്രമണം നേരിട്ടു തോല്‍പിക്കുകവാനും മഹാനവര്‍കളുടെ ഉജ്ജ്വലമായ വാഗ്‌ധോരണിക്കു കഴിഞ്ഞു. ഈ പ്രസംഗങ്ങളെ സംവാദങ്ങൾ എന്ന് വ്യവഹരിക്കപ്പെടുന്നുണ്ട്. അങ്ങനെ പറയാൻ ഉണ്ടായ കാരണം ഈ രണ്ടു പ്രസംഗങ്ങളും പ്രദേശത്തെ പ്രധാനപ്പെട്ട ക്രിസ്ത്യൻ പാതിരിമാരെ മുഴുവനും വിളിച്ചുവരുത്തി വേദിയുടെ മുമ്പിൽ പ്രത്യേക ബ്ലോക്ക് ആയി ഇരുത്തി കൊണ്ടുള്ളതായിരുന്നു. ശംസുൽ ഉലമ വിഷയം അവതരിപ്പിക്കുകയാണ് ആദ്യം ചെയ്തത്. വിഷയാവതരണം അത്രമേൽ പഴുതടച്ചതായിരുന്നതിനാൽ പാതിരിമാർക്ക് ഒന്നും ചോദിക്കാൻ കഴിഞ്ഞില്ല എന്നതായിരുന്നു ശരി. ചോദ്യവും ഉത്തരവും എന്ന ശൈലിയിലേക്ക് എത്തിയില്ല എന്നതുകൊണ്ട് മാത്രമാണ് അവയെ ഒരു സമ്പൂർണ്ണ സംവാദം എന്ന് ആ വിഷയത്തെക്കുറിച്ച് പഠിച്ചിട്ടുള്ളവർ പറയാത്തത്. അതേസമയം ഇത്തരം ഒരു പണ്ഡിതന്റെ സാന്നിധ്യം മിഷനറികളെ നന്നായി ഭയപ്പെടുത്തി. പിന്നീട് അവർ തങ്ങളുടെ കുൽസിത ശ്രമങ്ങൾ തുടരാതെ ചർച്ചുകളിലേക്ക് ഒതുങ്ങുകയായിരുന്നു എന്നതാണ് ചരിത്രം. ക്രൈസ്‌തവതയുടെ നിരര്‍ത്ഥകത പുതിയ തലമുറയിലെ പണ്‌ഡിതന്മാര്‍ക്കു ബോധ്യപ്പെടുത്തുവാനും ക്രിസ്‌ത്യാനികളെ ആശയപരമായി നേരിടാന്‍ കെല്‍പുള്ള ഒരു പണ്‌ഡിത വ്യൂഹത്തെ വളര്‍ത്തിയെടുക്കുവാനും ഇവയോട് അനുബന്ധിച്ച് സംഘടിപ്പിച്ച മഹാനവര്‍കളുടെ ക്ലാസ്സുകള്‍ ഏറെ സഹായിച്ചു.
O




0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso