Thoughts & Arts
Image

ഖുർആനും ജലസാക്ഷരതയും

2025-09-30

Web Design

15 Comments

ഇഅ്ജാസ്
ടി എച്ച് ദാരിമി





അൽ അമ്പിയാഅ് അധ്യായത്തിലെ മുപ്പതാം സൂക്തത്തില്‍ അല്ലാഹു പറയുന്നു: 'സത്യനിഷേധികള്‍ അറിഞ്ഞിട്ടില്ലേ: നിശ്ചയമായും ആകാശങ്ങളും ഭൂമിയും അടഞ്ഞുനില്‍ക്കുന്നതായിരുന്നു. എന്നിട്ട് അവ രണ്ടിനെയും നാം പിളര്‍ത്തി. എല്ലാ ജീവനുള്ള വസ്തുക്കളെയും നാം വെള്ളത്തില്‍ നിന്ന് ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ?!' നാം നിവസിക്കുന്ന പ്രപഞ്ചത്തിന്റെ രൂപീകരണത്തിന് വിശുദ്ധ ഖുർആനും ആധുനിക ശാസ്ത്രവും ഒരേപോലെ പറയുന്ന നിമിത്തം ബിഗ് ബാംഗ് എന്ന മഹാവിസ്ഫോടനം ആയിരുന്നു എന്ന് നമുക്കറിയാം. മനുഷ്യന് അധിവസിക്കാനുള്ള ഭൂമി എങ്ങനെയാണ് രൂപപ്പെട്ടത് എന്ന് ഇങ്ങനെ പറയുന്നതോടൊപ്പം ഈ ഭൂമിയിൽ ജീവൻ എന്ന മഹാപ്രതിഭാസത്തിന് നിലനിൽക്കുവാൻ ഉള്ള അടിസ്ഥാന നിമിത്തമായി വർത്തിക്കുന്നത് ജലമാണ് എന്നതിലേക്കും ഈ സൂക്തം വിരൽ ചൂണ്ടുന്നു. ഇത് കുടിക്കാനുള്ള ശുദ്ധജലത്തെ കുറിച്ചും വൃത്തിയാക്കാനുള്ള ജലത്തെ കുറിച്ചും മാത്രമുള്ള ഒരു പ്രയോഗമല്ല. മനുഷ്യനും മൃഗങ്ങളും ജീവന്‍ നിലനിര്‍ത്തുവാന്‍ വേണ്ടി ഭക്ഷിക്കുന്ന സസ്യങ്ങളും പഴവര്‍ഗങ്ങളും വെള്ളം കൊണ്ട് സൃഷ്ടിക്കപ്പെട്ടവയാണ്. സ്രഷ്ടാവിന്റെ ഏറ്റവും വലിയ അനുഗ്രഹമാണ് ജലം. ജീവന്റെ അടിസ്ഥാനവും അതു നിലനിര്‍ത്തുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്ന ഘടകവും ജീവികളുടെ നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാനാവത്ത വസ്തുവും ജലമാണ്. ഇതുകൊണ്ട് തന്നെയാവാം ഖുര്‍ആനില്‍ ഇടക്കിടെ വെള്ളമെന്ന അനുഗ്രഹത്തെ കുറിച്ച് അല്ലാഹു മനുഷ്യരെ ഉണര്‍ത്തിക്കൊണ്ടിരിക്കുന്നത്. ഖുര്‍ആനില്‍ ഏറെ സ്ഥലങ്ങളില്‍ അല്ലാഹു തന്നെത്തന്നെ പരിചയപ്പെടുത്തുവാൻ 'വെള്ളത്തെ പടച്ചവൻ' എന്ന ആശയം ഉപയോഗിക്കുന്നുണ്ട്. അതിനർത്ഥം ഒരു വെള്ളത്തിൻ്റെ കണികയിൽ നിന്ന് ശരിയായ ചിന്ത വഴി പ്രപഞ്ചത്തിന്റെ സൃഷ്ടാവായ അല്ലാഹുവിലേക്ക് എത്തിച്ചേരാൻ മനുഷ്യന് കഴിയും എന്നതാണ്. അവന്റെ ജീവിത ആവശ്യങ്ങൾക്ക് വേണ്ടി വെള്ളത്തെ പടച്ചു എന്നിടത്ത് അത് നിൽക്കുന്നില്ല. മറിച്ച് മനുഷ്യനെ തന്നെയും പടച്ചത് ഇങ്ങനെ വെള്ളത്തിൽ നിന്നാണ് എന്ന് പറയുന്നു. അൽ ഫുര്‍ഖാനില്‍ അല്ലാഹു പറയുന്നു: 'വെള്ളത്തില്‍നിന്ന് മനുഷ്യനെ സൃഷ്ടിച്ചത് അവനാണ്. അങ്ങനെ അവന്‍ മനുഷ്യനെ വംശബന്ധവും വൈവാഹിക ബന്ധവുമുള്ളവനാക്കി. താങ്കളുടെ രക്ഷിതാവ് സര്‍വശക്തനാണ്.' (അല്‍ഫുര്‍ഖാന്‍: 54). മറ്റൊരു ഇടത്ത് ഇതേ ആശയം ഒരല്പം ഗൗരവത്തോടെ ഇങ്ങനെ പറയുന്നുണ്ട്: 'മനുഷ്യന്‍ ശപിക്കപ്പെടട്ടെ! എന്താണവനെ ഇത്ര നന്ദികെട്ടവനാക്കിയത്? എന്ത് വസ്തുവില്‍നിന്നാണവനെ അല്ലാഹു സൃഷ്ടിച്ചത്? ഒരു ഇന്ദ്രിയ തുള്ളിയില്‍നിന്ന് അല്ലാഹു അവനെ സൃഷ്ടിച്ചു. എന്നിട്ട് അവനെ വേണ്ട വിധം വ്യവസ്ഥപ്പെടുത്തി.' (സൂറത്തു അബസ: 17-19). മനുഷ്യന്‍ മാത്രമല്ല, ജീവനുള്ള സര്‍വ  വസ്തുക്കളും വെള്ളത്തില്‍നിന്നാണ് ജന്മമെടുത്തതെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നുണ്ട്.


വെള്ളത്തെ മനുഷ്യൻ്റെ ചിന്തയുടെയും ശ്രദ്ധയുടെയും പരിധിയിൽ സജീവമായി നിലനിർത്തുവാൻ അവൻ ചില പ്രത്യേക മാർഗ്ഗങ്ങൾ തന്നെ ഉപയോഗിക്കുന്നുണ്ട്. അവയിൽ ഒന്നാണ് വെള്ളവും വഹിച്ചുകൊണ്ടുള്ള മഴയുടെ വരവറിയിക്കുന്ന സുവിശേഷ ദായകമായ മാരുതൻ. അല്ലാഹു പറയുന്നു: 'തന്റെ അനുഗ്രഹമാകുന്ന മഴക്കു മുമ്പില്‍ സന്തോഷവാര്‍ത്ത അറിയിച്ചുകൊണ്ട് കാറ്റിനെ അയച്ചവനാണവന്‍. അങ്ങനെ അതു ഭാരിച്ച മേഘത്തെ വഹിച്ചുകഴിഞ്ഞാല്‍ നിര്‍ജീവമായി ക്കിടക്കുന്ന ഭൂമിയിലേക്ക് നാമതിനെ നീക്കിക്കൊണ്ടുപോവുന്നു. എന്നിട്ട് നാം അവിടെ മഴ വര്‍ഷിപ്പിക്കുകയും അതു മുഖേന നാനാവിധ പഴങ്ങളെ ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നു' (അഅ്‌റാഫ്: 57). വെള്ളത്തിൻ്റെ അപ്പുറവും ഇപ്പുറവും സൂചിപ്പിക്കുകയാണ് ഈ സൂക്തം. വരവറിയിച്ചുകൊണ്ടുള്ള മാരുതനാണ് ഇപ്പുറം. അപ്പുറമാവട്ടെ, മനുഷ്യന്റെ കാഴ്ചയെയും മനസ്സിനെയും ജീവിതത്തെയും ഏറെ സ്വാധീനിക്കുന്ന ഫലവർഗങ്ങളും ഭക്ഷ്യവസ്തുക്കളും. ഇതേ കാര്യം പറയുന്ന സൂറത്തുല്‍ അന്‍ആമിലെ 99ാം സൂക്തത്തിൽ ആ ഭക്ഷ്യവസ്തുക്കളിൽ ചിലതിനെയെല്ലാം എടുത്തുപറയുന്നുണ്ട്. അത് ഇങ്ങനെയാണ് അവതരിപ്പിക്കുന്നത്: 'പിന്നീട് അവയില്‍ നിന്ന് തിങ്ങിക്കൂടി നില്‍ക്കുന്ന ധാന്യമണികളെ അവൻ പുറത്തേക്ക് കൊണ്ടുവരുന്നു. ഈത്തപ്പന മരത്തില്‍ നിന്ന് -അഥവാ അതിന്റെ കൊതുമ്പില്‍ നിന്ന്- തൂങ്ങി നില്‍ക്കുന്ന കതിരുകള്‍ ഉണ്ടാകുന്നു. മുന്തിരിത്തോട്ടങ്ങളെയും ഒലീവ് വൃക്ഷത്തെയും റുമ്മാന്‍ വൃക്ഷത്തെയും നാം ഉല്‍പാദിപ്പിച്ചു -അവ പരസ്പരം സാദൃശ്യമുള്ളവയും അല്ലാത്തവയുമുണ്ട്- . കായ്ക്കുന്ന ഘട്ടത്തില്‍ അതിന്റെ പഴത്തിലേക്കൊന്ന് നോക്കുക. അത് പഴുത്ത് പാകമാകുമ്പോഴും ഒന്ന് നോക്കുക! സത്യത്തില്‍ വിശ്വസിക്കുന്ന ജനതയ്ക്ക് ഇതില്‍ നിശ്ചയമായും ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്'


വെള്ളം മനുഷ്യ ജീവിതത്തെ ഇത്രമേൽ സ്വാധീനിക്കുന്നു, സ്വാധീനിക്കേണ്ടിയിരിക്കുന്നു എന്നതുകൊണ്ടാണ് മനുഷ്യൻ അവൻ്റെ ഭൂമിയിലേക്ക് കടന്നുവരുന്നതിന് മുമ്പ് തന്നെ വെള്ളത്തെ അല്ലാഹു ഒരുക്കി വെച്ചത്. അതിന്റെ പ്രാധാന്യം കൂടി മറ്റൊരിടത്ത് പറയുന്നുണ്ട്. അത് അല്ലാഹുവിൻ്റെ മഹാ സിംഹാസനം വെള്ളത്തിനുമുകളിൽ ആയിരുന്നു എന്ന പ്രയോഗത്തിനുള്ളിലാണ്. അല്ലാഹു പറയുന്നു: 'ആറു ദിനങ്ങളിലായി ആകാശഭൂമികളെ സൃഷ്ടിച്ചവനാണവന്‍. അവന്റെ സിംഹാസനം വെള്ളത്തിന്‍ മേലായിരുന്നു'(വി.ഖു: 11: 7). ആകാശ ഭൂമികളുടെ മുമ്പ് സൃഷ്ടിക്കപ്പെട്ട ആ പദാര്‍ത്ഥം ഭൂമിയുടെ സൃഷ്ടിപ്പിനു ശേഷവും അതിന്റെയും അതിലെ സര്‍വ വസ്തുക്കളുടെയും നിലനില്‍പ്പിനു തന്നെ അവിഭാജ്യ ഘടകമായി തുടര്‍ന്നുകൊണ്ടിരിക്കുന്നു എന്നു പറയുമ്പോൾ അതു കുറിക്കുന്നതും ആ പ്രാധാന്യം തന്നെയാണ്. നമ്മുടെ ശ്വസനവായുപോലും നിലനിൽക്കുന്നത് ജലാംശത്തിന്റെ ബലത്തിലാണ്. മണ്ണിൻ്റെ കാര്യവും മറിച്ചല്ല. സകല ജീവകോശങ്ങളുടെയും അവിഭാജ്യ ഘടകമാണ് ജലം. കര സസ്യങ്ങളുടെ 60 ശതമാനവും മത്സ്യങ്ങളുടെ 80 ശതമാനവും മനുഷ്യന്‍ ഉള്‍പ്പടെ കരജന്തുക്കളുടെ 60 ശതമാനവും മൊത്തം ഭൗമോപരിതലത്തിന്റെ ഏതാണ്ട് 75 ശതമാനവും ജലമാണെന്ന് കണക്കാക്കപ്പെടുന്നു. (ഇസ്‌ലാമിക വിജ്ഞാനകോശം, വാള്യം: 11). ഇതിനർത്ഥം ഖരമായും ദ്രവമായും വായുവായും വെള്ളം നിലനിൽക്കാൻ കഴിവുള്ളതും അങ്ങനെ നിലനിൽക്കുന്നതുമാണ് വെള്ളം എന്നാണ്.


ഫ്രഞ്ച് ശാസ്ത്രജ്ഞനായ ലാവോസിയന്‍ (1743-1794) ആണ് ജലത്തിലെ ഹൈഡ്രജന്‍-ഓക്‌സിജന്‍ അനുപാതം കണ്ടെത്തിയത്. ഇറ്റാലിയന്‍ ശാസ്ത്രജ്ഞനായ കാനിസാറോ (1826-1910) ആണ് ജലത്തിന് H2O എന്ന ഫോര്‍മുല ആവിഷ്‌കരിച്ചത്. കത്തുന്ന വാതകമായ ഹൈഡ്രജനും കത്താന്‍ സഹായിക്കുന്ന വാതകമായ ഓക്‌സിജനും സംയോജിച്ചുണ്ടാകുന്ന ജലം സാധാരണഗതിയില്‍ കത്തുകയോ കത്താന്‍ സഹായിക്കുകയോ ചെയ്യാത്തതും തീ കെടുത്താന്‍ ഉപയോഗിക്കുന്നതുമായ ഒന്നാണ് എന്നത് വെള്ളത്തെ കുറിച്ചുള്ള ചിന്തകളെക്കാൾ മൂർച്ചയുള്ള വെള്ളത്തിനകത്തെ മറ്റൊരു ദൈവ സ്പർശമാണ്. രണ്ട് ഹൈഡ്രജൻ ആറ്റവും ഒരു ഓക്‌സിജൻ ആറ്റവും ചേര്‍ന്നാണ് വെള്ളത്തിന്റെ ഒരു തന്‍മാത്ര രൂപപ്പെടുന്നതെന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ടെങ്കിലും രണ്ട് ഹൈഡ്രജനും ഒരു ഓക്‌സിജനും ശേഖരിച്ച് സംയോജിപ്പിച്ചു കൊണ്ട് ജലത്തിന്റെ ഒരു തന്‍മാത്രയെങ്കിലും സൃഷ്ടിക്കാന്‍ ഇന്നുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. മാത്രമല്ല ആറ്റത്തിന്റെ ഈ അളവിൽ എന്തു മാറ്റം വന്നാലും വരുത്തിയാലും വെള്ളം ഉപകാരത്തിൽ നിന്ന് ഉപദ്രവത്തിലേക്ക് കിടക്കുന്നതായി കാണാം. ഇത്തരം കണിശമായ ഒരു കൃത്യത വെള്ളത്തിന് അല്ലാഹു കൽപ്പിച്ചത് അത് എപ്പോഴും മനുഷ്യ ചിന്തയുടെയും മനനത്തിന്റെയും പര്യവേഷണത്തിന്റെയും വിഷയമായി നിലനിൽക്കണം, എന്നാൽ അതിൻ്റെ ആന്തരിക രഹസ്യസൃഷ്ടിപ്പിനു മേല്‍ അല്ലാഹുവിന്റെ കൈയൊപ്പ് ചാര്‍ത്തപ്പെട്ടിട്ടുണ്ടെന്നതിന്റെ മകുടോദാഹരണമാണ് ജലം എന്ന പദാര്‍ത്ഥം. അപ്രകാരം തന്നെ മനുഷ്യജീവിതത്തില്‍ വെള്ളത്തിന്റെ ആവശ്യമില്ലാത്ത കാര്യം തന്നെയില്ലെന്നതും ഈ ചിന്ത ജീവിതത്തിൽ സജീവമാകുവാൻ ഒരു കാരണമാണ്.


ഉദ്ധൃത സൂക്തങ്ങളെല്ലാം അല്ലാഹു തന്ന വലിയ അനുഗ്രഹമാണ് ജലം എന്നതിലേക്ക് മനുഷ്യമനസ്സുകളെ കൂട്ടിക്കൊണ്ടു പോകുന്നു. അനുഗ്രഹമാണ് എന്ന് സ്ഥാപിക്കുന്നത് പ്രധാനമായും രണ്ടു കാര്യങ്ങൾക്കു വേണ്ടിയാണ്. ഒന്നാമതായി അതിനെക്കുറിച്ച് ചിന്തിച്ച് അല്ലാഹുവിനെ കണ്ടെത്തുവാൻ വേണ്ടി ഉപയോഗപ്പെടുത്തുക. രണ്ടാമത്തേത് അതിനു പകരം എന്നോണം നന്ദി ചെയ്യുക. ഇവ പഠിപ്പിക്കുന്നത് നബി തങ്ങളാണ്. അല്ലാഹു തൻ്റെ ദിവ്യ ബോധനത്തിലൂടെ നൽകുന്ന ആശയങ്ങളെ വ്യാഖ്യാനിച്ചും വിവരിച്ചു കൊടുത്തും മനുഷ്യ ജീവിതത്തിലേക്ക് എത്തിക്കേണ്ടത് നബി(സ) തങ്ങളാണ്. ദാഹിക്കുന്ന അവസരങ്ങളിൽ വെള്ളം കുടിച്ചുകഴിഞ്ഞാല്‍ നബി(സ) പ്രത്യേകമായി വെള്ളം എന്ന് അനുഗ്രഹത്തിന്റെ മേൽ സ്തുതി നേരുമായിരുന്നു (ത്വബ്‌റാനി). വെള്ളത്തോടുള്ള നിന്ദ പ്രധാനമായും പ്രകടമാകുന്നത് വെള്ളം അനാവശ്യമായി ധൂർത്തടിക്കുമ്പോഴാണ്. അനാവശ്യമായി വെള്ളം ചെലവഴിക്കരുതെന്ന് ആ മഹത്ജീവിതം സമൂഹത്തെ ബോധ്യപ്പെടുത്തി. ഒരു മുദ്ദ് വെള്ളം കൊണ്ട് വുളൂഅ് ചെയ്യാമെന്നും ഒരു സ്വാഅ് വെള്ളം കൊണ്ട് കുളിക്കാമെന്നും അവിടന്ന് കാണിച്ചുതന്നു (നസാഇ). അശുദ്ധിയുണ്ടായാൽ ശുദ്ധിയാക്കണമെന്ന് പഠിപ്പിക്കുന്ന മതത്തിന്റെ പ്രവാചകന്‍ തന്നെയാണ് വെള്ളം എത്രമാത്രം മിതമായി ഉപയോഗിക്കണമെന്നും കാണിച്ചുതരുന്നത് എന്നത് ഇവിടെ ശ്രദ്ധേയമാണ്. അവരുടെ പിന്‍ഗാമികളും ഇതേ നിലപാടുകാരായിരുന്നു. അബുദ്ദര്‍ദാഅ്(റ) പറയുന്നു: 'നദിക്കരയില്‍ വച്ച് നീ വുളൂഅ് എടുക്കുകയാണെങ്കിലും നീ മിതത്വം പാലിക്കുക' (അഹ്മദ്). വെള്ളമെന്ന അനുഗ്രഹം ലഭിച്ചവര്‍ തങ്ങളുടെ അത്യാവശ്യ കാര്യങ്ങള്‍ കഴിഞ്ഞ് മിച്ചമുള്ള ജലം അയല്‍വാസികള്‍ക്കും മറ്റു ആവശ്യക്കാര്‍ക്കും നല്‍കി സഹായിക്കലാണ് നന്ദിപ്രകടനത്തിന്റെ മറ്റൊരു രൂപം. ഹദീസുകളും ഖുര്‍ആന്‍ വ്യാഖ്യാനങ്ങളും ആ കാര്യം സമൂഹത്തെ ഉത്‌ബോധിപ്പിക്കുന്നുണ്ട്. ഏതു ദാനമാണ് ഏറ്റവും ഉത്തമമെന്ന് ചോദിക്കപ്പെട്ടപ്പോള്‍ ഇബ്‌നു അബ്ബാസ്(റ) പറഞ്ഞത് വെള്ളം സ്വദഖ ചെയ്യലെന്നാണ്. തുടര്‍ന്നദ്ദേഹം പറയുന്നു: 'നരകാവകാശികള്‍ സ്വര്‍ഗാവകാശികളോട് സഹായം ചോദിക്കുന്ന വേളയില്‍, 'നിങ്ങള്‍ ഞങ്ങള്‍ക്ക് അല്‍പം വെള്ളം ഒഴിച്ചുതരികയോ, നിങ്ങള്‍ക്ക് അല്ലാഹു നല്‍കിയതില്‍ നിന്ന് എന്തെങ്കിലും ചില വസ്തുക്കള്‍ നല്‍കുകയോ ചെയ്യുക' എന്ന് പറയുന്ന സന്ദര്‍ഭം വരാനുണ്ടെന്ന് നിനയ്ക്കറിയില്ലേ'.


വളരെയധികം ധര്‍മങ്ങള്‍ നല്‍കിയിരുന്ന തന്റെ മാതാവ് വഫാത്തായപ്പോള്‍ സഅദ്(റ) റസൂല്‍(സ്വ)യോട് വന്നു ചോദിച്ചു: 'പ്രിയപ്പെട്ട നബിയേ, എന്റെ ഉമ്മ ധര്‍മ്മം ഇഷ്ടപ്പെടുന്നവരായിരുന്നു. അവരുടെ മരണശേഷം അവര്‍ക്കു വേണ്ടി ഞാന്‍ ധര്‍മം ചെയ്താല്‍ ഉപകരിക്കുമോ?' നബി(സ) പ്രതികരിച്ചു: 'അതെ, അവര്‍ക്ക് വേണ്ടി നീ ഒരു കിണര്‍ കുഴിക്കൂ...'' ജലധാനം മഹാദാനമാണ് എന്ന ആശയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട രംഗമാണല്ലോ ബിഅ്റു റൂമാ. പ്രവാചകൻ (സ) മദീനയിലെത്തിയ കാലത്ത് റൂമൽ ഗിഫാരി എന്ന ജൂതന്റെതായിരുന്നു ഈ കിണർ. വരൾച്ച കാലത്ത് ഈ കിണറ്റിലെ വെള്ളം വില്പന നടത്തി ആളുകളെ വഞ്ചിക്കുന്ന പതിവുണ്ടായിരുന്നു അയാൾക്ക്. ഇതിനാൽ ജനങ്ങൾ ഏറെ കഷ്ടപ്പാടുകൾ നേരിടേണ്ടി വന്നു. ഇതറിഞ്ഞ നബി(സ്വ) പറഞ്ഞു: 'ആരെങ്കിലും റൂമ കിണർ വാങ്ങി മുഴുവൻ പേർക്കും വെള്ളമെടുക്കാൻ സൗകര്യപ്പെടുത്തിയാൽ അവർക്ക് സ്വർഗത്തിൽ പ്രത്യേക പാനീയം ലഭിക്കുന്നതാണ്, മാത്രമല്ല, അതുപോലൊന്ന് സ്വർഗ്ഗത്തിൽ ലഭിക്കുകയും ചെയ്യും' ഈ വിവരമറിഞ്ഞ ഉസ്മാനുബ്നു അഫ്ഫാൻ(റ) അത് വിലക്ക് വാങ്ങി വെള്ളം എല്ലാവർക്കും ദാനമായി നല്കി. അതറിഞ്ഞ പ്രവാചകൻ പറഞ്ഞു: 'ഉസ്മാന്റെ ദാനം എത്ര സുന്ദരമാകുന്നു'. അതിനു ശേഷം ഇന്നും ഈ കിണർ ബിഅറു ഉസ്മാൻ എന്നറിയപ്പെടുന്നു.


അതിബൃഹത്തായ ജലസമ്പത്താണ് ഭൂമുഖത്തുള്ളത്. ഭൂമിയുടെ നാലില്‍ മൂന്നു ഭാഗവും ജലമാണല്ലോ. ഭൂമുഖത്തുള്ള 97 ശതമാനം ജലനിക്ഷേപം കടലുകളിലെയും  മഹാസമുദ്രങ്ങളിലെയും ഉപ്പുവെള്ളമാണ്. എന്നാല്‍, മൂന്ന് ശതമാനത്തോളം മാത്രമാണ് ശുദ്ധജലം ഉള്ളത്. അതിന്റെ തന്നെ 70 ശതമാനവും ധ്രുവ പ്രദേശങ്ങളിലും മറ്റും മഞ്ഞും മഞ്ഞുപടലങ്ങളുമായുമാണ് സ്ഥിതിചെയ്യുന്നത്. ശുദ്ധ ജലത്തിന്റെ രണ്ടാമത്തെ ഏറ്റവും വലിയ ഉറവിടം ഭൂഗര്‍ഭ ജലസംഭരണികളാണ്. ഇത് ഏകദേശം പത്തര ദശലക്ഷം ക്യൂബിക് കിലോമീറ്റര്‍ വരുമെന്ന് കണക്കാക്കപ്പെടുന്നു. 2100 ക്യൂബിക് കിലോമീറ്റര്‍ മാത്രമാണ് തടാകങ്ങളിലെയും അരുവികളിലെയും വെള്ളമുള്ളത്. (ഇസ്‌ലാമിക വിജ്ഞാനകോശം, ഭാഗം: 11). ഇങ്ങനെയൊക്കെയായിട്ടും ലോകം ഏറെ ഭീതിയോടു കൂടെ കാണുന്നത് ശുദ്ധജലത്തിന്റെ അഭാവമാണ്. ശുദ്ധജലത്തിനു വേണ്ടിയുള്ള കലാപങ്ങൾ വിവിധ പ്രദേശങ്ങളിൽ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത സാമൂഹ്യ ശാസ്ത്രജ്ഞന്മാർ കാണുന്നുണ്ട്. ഇതിനെക്കുറിച്ച് ശാസ്ത്രജ്ഞന്മാർ പല അനുമാനങ്ങളും പഠനങ്ങളും മുന്നോട്ടുവെക്കുന്നുണ്ടെങ്കിലും എല്ലാം അവരുടെ നിഗമനങ്ങൾ മാത്രമായി ചുരുങ്ങുകയാണ്. ഒരു വശത്ത് ഭീഷണി അനുദിനം വലുതായി വരികയാണ്. ഇതിന് രണ്ടു കാരണങ്ങൾ നമുക്ക് പറയാം. ഒന്നാമതായി മഹാനായ നബി(സ) പഠിപ്പിച്ച ജല സാക്ഷരതയെ അവഗണിക്കുന്നു എന്നതാണ്. ആനന്ദങ്ങൾക്ക് വേണ്ടി അനാവശ്യമായി വെള്ളം നിർലോഭം ഉപയോഗിച്ചുവരുന്നു. അത്തരം അഹങ്കാര പ്രവർത്തനങ്ങൾ അനുദിനം വർദ്ധിച്ചു വരികയും ചെയ്യുന്നുണ്ട്. രണ്ടാമത്തേത്, ജലം അല്ലാഹുവിൻ്റെ അനുഗ്രഹമായതിനാൽ അതിനെ ഒരു ചിന്താവിഷയമായി എടുത്ത് അവന് വിധേയരായി ജീവിക്കുന്നതിൽ മനുഷ്യന് ഗുരുതരമായ പിഴവുകൾ പറ്റിക്കൊണ്ടിരിക്കുന്നു എന്നതാണ്. അതിനാൽ അവൻ തന്റെ അനുഗ്രഹത്തെ തടഞ്ഞുവെച്ചു കൊണ്ട് മനുഷ്യരെ പരീക്ഷിക്കുന്നു. ഇത്തരമൊരു പരീക്ഷണം കൂടി മഹാനായ നബി(സ) തങ്ങൾ പഠിപ്പിച്ചിട്ടുണ്ട്. നബി(സ) പറയുന്നു: 'അളവ്തൂക്കങ്ങളില്‍ കൃത്രിമം കാണിച്ചാല്‍ മഴ തടഞ്ഞുവയ്ക്കപ്പെടും, വ്യഭിചാരം അധികരിച്ചാല്‍ കൊലപാതകം വര്‍ധിക്കും; കളവ് അധികരിച്ചാല്‍ കോലാഹലങ്ങള്‍ അധികരിക്കും' മറ്റൊരു ഹദീസില്‍ ഇങ്ങനെ കാണാം: 'പലിശ തിന്നുന്ന കാലമായാല്‍ കോലം മറിയലും ഭൂമികുലുക്കവും അധികരിക്കും. അധികാരികള്‍ അനീതി കാണിച്ചാല്‍ മഴ ക്ഷാമമുണ്ടാകും. വ്യഭിചാരം അധികരിച്ചാല്‍ മരണം അധികരിക്കും, സകാത്ത് നല്‍കാതിരുന്നാല്‍ കന്നുകാലികള്‍ ചത്തൊടുങ്ങും'. സകാത്ത് കൊടുക്കാതിരുന്നാല്‍ മഴ തടഞ്ഞുവക്കപ്പെടുമെന്ന് മൂന്നാമതൊരു ഹദീസില്‍ കാണാം. (റൂഹുല്‍ബയാന്‍- സൂറത്തുതൗബ). മൂന്നു ഹദീസുകളിലും വ്യത്യസ്തമായ മൂന്നു കാര്യങ്ങളാണ് ജലക്ഷാമത്തിനു കാരണമായി പറഞ്ഞത്. അഥവാ, അളവ് തൂക്കങ്ങളില്‍ കൃത്രിമം കാണിക്കുക, ഭരണാധികാരികള്‍ അനീതി കാണിക്കുക, സകാത്ത് നല്‍കാതിരിക്കുക. ഇന്നത്തെ കാലിക സാഹചര്യത്തില്‍ ഈ മൂന്നു കാര്യങ്ങളും സാര്‍വത്രികമാണെന്നതില്‍ തര്‍ക്കമേതുമില്ല. നൂഹ് നബി(അ) തന്റെ സമുദായത്തെ സത്യദീനിലേക്ക് ക്ഷണിച്ച് നടത്തിയ ഉപദേശം വിവരിച്ച് അല്ലാഹു പറയുന്നു: ''എന്നിട്ടവരോട് ഞാന്‍ പറഞ്ഞു: നിങ്ങളുടെ റബ്ബിനോട് നിങ്ങള്‍ പാപമോചനം തേടുക. നിശ്ചയമായും അവന്‍ വളരെയധികം പൊറുക്കുന്നവനായിട്ടുണ്ട്. എന്നാല്‍ നിങ്ങള്‍ക്കവന്‍ ധാരാളം മഴ വര്‍ഷിപ്പിച്ചുതരികയും സ്വത്തുക്കള്‍ കൊണ്ടും സന്താനങ്ങള്‍ കൊണ്ടും അവന്‍ നിങ്ങളെ പോഷിപ്പിക്കുകയും ചെയ്യും. നിങ്ങള്‍ക്കവന്‍ തോട്ടങ്ങളും അരുവികളും ഉണ്ടാക്കിത്തരുന്നതുമാണ്.' (സൂറത്തു നൂഹ്: 10-12)''. ഈ സൂക്തത്തിലുണ്ട് എങ്ങനെയാണ് ഈ ഭീഷണിയെ മറികടക്കാൻ കഴിയുക എന്നത്. മഹാനായ ഹസനുല്‍ബസ്വരി(റ)യോട് വന്ന് നാട്ടില്‍ വറുതിയാണെന്ന പറഞ്ഞ ദരിദ്രനോടും, സന്താനസൗഭാഗ്യമുണ്ടായിട്ടില്ലെന്ന് വിഷമം അറിയിച്ച സഹോദരനോടും, കടം കൊണ്ട് പ്രയാസപ്പെടുന്നവനാണെന്ന് സങ്കടം ബോധിപ്പിച്ച പഥികരണം ഇസ്തിഗ്ഫാര്‍ (പാപമോചന പ്രാർത്ഥന) വധിപ്പിക്കാന്‍ അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി (തഫ്‌സീറുര്‍റാസി). തെറ്റുകള്‍ അധികരിക്കുകയും പാപമോചനം തേടുന്നത് കുറയുകയും ചെയ്യുന്ന ഒരു സമൂഹത്തില്‍ ജലക്ഷാമം കൊണ്ട് അല്ലാഹു പരീക്ഷിക്കുമെന്നതില്‍ യാതൊരു സന്ദേഹവുമില്ല. ''മനുഷ്യകരങ്ങള്‍ ചെയ്ത പ്രവര്‍ത്തനങ്ങളുടെ ഫലമായി കരയിലും കടലിലും നാശം പ്രകടമായിട്ടുണ്ടെ'ന്ന (സൂറത്തുര്‍റൂം 41) ഖുര്‍ആനിക പ്രഖ്യാപനം ആധുനികന്റെ കണ്ണ് തുറപ്പിക്കേണ്ടതാണ്.
0

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso